Wednesday 30 October 2013

ഫ്രോഗ് - മരണത്തിലേക്ക് എത്തിനോക്കുന്ന ക്യാമറ

                   

                     ഇന്ന് FROG  എന്ന ഹൃസ്വ ചിത്രം കണ്ടു . ഒന്നല്ല രണ്ടു പ്രാവശ്യം . ഈ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ചടങ്ങില്‍ മികച്ച ടെലിഫിലിംനു അടക്കം മൂന്ന് അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് ഫ്രോഗ് . കാഴ്ച ചലച്ചിത്ര വേദിയുടെ മൂന്നാമത്തെ ചിത്രമായ (എണ്ണം ശരിയാണോ എന്നറിയില്ല ) ഫ്രോഗ് ഒരല്പം വ്യത്യസ്തമായ  സിനിമാ അനുഭവം ആണ് . സനല്‍ കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ഇരുപതു മിനിറ്റ് ചിത്രം യുടുബിലെ സ്ഥിരം ഷോര്‍ട്ട് ഫിലിം കോപ്രായങ്ങളെ അപേക്ഷിച്ച് ഒരല്പം വ്യത്യസ്തത പുലര്‍ത്തുന്നു  . അത്കൊണ്ട് തന്നെ ചുമ്മാ ഒരു ഷോര്‍ട്ട്ഫിലിം എന്ന് എഴുതിത്തള്ളാതെ ഒരല്പം പരിഗണന അര്‍ഹിക്കുന്നു എന്നതിനാലാണ് ഈ കുറിപ്പെഴുതാന്‍ തീരുമാനിച്ചത് .

                      ഫ്രോഗ്  മരണത്തിലേക്ക് യാത്ര ചെയ്യുന്ന ജീവിതത്തിന്റെ കഥയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത് . അല്ലെങ്കില്‍ ജീവിതത്തില്‍ നിന്ന് അടര്‍ന്നു മാറുന്ന മരണത്തിന്റെ കഥയാവാം . എന്തായാലും മരണവും ജീവിതവും എവിടെ മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നു . ഒരുമിച്ചു യാത്രചെയ്യുന്നു . മരണം വിഷാദം മൂടിയ ഒരു മുഖമാണെങ്കില്‍  ജീവിതം ആഘോഷത്തിന്‍റെ , ആര്‍മാദത്തിന്‍റെ ഉന്മാദത്തിലാണ് .   ലൌകികമായ എല്ലാ  ബന്ധനങ്ങളില്‍ നിന്നും വിടുതല്‍ നേടിയപോലെ രണ്ടു കഥാപാത്രങ്ങള്‍ . പേരുപോലും ഇല്ലാത്തവര്‍ . അല്ലെങ്കില്‍ അവരുടെ പേരിനു എന്ത് പ്രസക്തി . വ്യക്തികള്‍ എന്നതില്‍ ഉപരി അവര്‍ പ്രതീകങ്ങള്‍ ആണ് .  രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചു പരാജയപെട്ട് മൂന്നാമത്  അതും തേടി ഇറങ്ങുന്ന ഒരാള്‍ , അയാള്‍ക്ക് ഗ്യാരണ്ടി മരണത്തിലേക്ക് വഴിതെളിക്കുന്ന മറ്റൊരാള്‍ ...  വഴിയില്‍ വച്ച്  മരണത്തിന്‍റെ സഞ്ചിയില്‍ കെട്ടിയ, അവരോടൊപ്പം യാത്ര ചെയ്യുന്ന ഒരു തവള . യാത്രാ എവിടേക്ക് എന്ന് തോന്നുനിടത്ത് , മരണത്തിനും ജീവിതത്തിനും ഇടക്ക് മറ്റൊന്ന് കൂടി . മനുഷ്യന്‍റെ ലൈംഗികതൃഷ്ണ ( അതോ വൈകല്യമോ ) .   ഒടുവില്‍ മരണവും ജീവിതവും  പരസ്പരം  അവരുടെ വേഷങ്ങള്‍ വച്ച്മാറുന്നു .മരണത്തിനും ജീവിതത്തിനും ഇടയ്ക്കു പെട്ടെന്ന് പരസപരംകൈമാറാന്‍ കഴിയുന്ന വിധം ഒരു നേര്‍ത്ത അതിര് മാത്രമേ ഉള്ളു എന്ന് പറയുന്നു സിനിമ . ജീവിതമാഘോഷിച്ച്കൊണ്ട്  മരണത്തിലേക്കും മരണത്തിന്‍റെ മണവും പേറി ജീവിതത്തിലേക്കും അവരറിയാതെ സഞ്ചരിക്കുകയാണ് കഥാപാത്രങ്ങള്‍ .

                    രണ്ടു നിറങ്ങള്‍ക്ക് ആണ് സിനിമയില്‍ മിഴിച്ചു നില്‍ക്കുന്നത് . ജീവിതത്തിന്‍റെ പച്ചയും ചോരയുടെ ചുവപ്പും . മരണത്തിലേക്കുള്ള യാത്ര ജീവിതത്തിന്‍റെ പച്ചപ്പിലൂടെ ആകുന്നു . ജീവിതത്തിലേക്ക് തിരിച്ചു കയറുന്നത് മരണത്തിന്റെ ചോര നിറം പുരണ്ടും .സിനിമ നല്‍കുന്ന  ഹൃസ്വകാഴ്ചകളില്‍ മരണത്തിന്‍റെയും ജീവിതത്തിന്റെയും അടയാളമായി ഈ നിറങ്ങള്‍ കൂടി കട്ട പിടിച്ചു കിടക്കുന്നു . "ജിവിതത്തിലെ ഏറ്റവും വലിയ തമാശ , മരിക്കാന്‍ അത് തന്നെ വിചാരിക്കണം എന്നതാണ് " എന്ന് വിളിച്ചു പറയുന്ന സിനിമ തമാശക്കും അപ്പുറം പച്ചയായ ചില ശാശ്വത സത്യങ്ങളിലേക്ക്‌ കൂടി വിരല്‍ചൂണ്ടുന്നു .

                  ഫ്രോഗ് ഒരു ബുദ്ധിജീവി സിനിമയായി  മുദ്രകുത്തപ്പെടാന്‍ സാധ്യത ഉണ്ട് . പക്ഷെ ഒരല്പം സിംബോളിക് ആയി പറയുന്നു എങ്കിലും ഒരു കപട ബുദ്ധിജീവി സ്വഭാവം ഫ്രോഗിനില്ല . പ്രമേയത്തിലും അവതരണത്തിലും വളരെ ലാളിത്യം ഉണ്ട് താനും . ആസ്വാദനത്തിനു ഒരല്പം ചിന്ത ആവശ്യപ്പെടുംപോലും ഫ്രോഗ്  ജീവിത സത്യങ്ങളെ പച്ചയായി തന്നെ നോക്കിക്കാണുന്ന സിനിമയാണ് .   പിന്നെ വിഷ്വല്‍ റിച്ച്നെസ്സ്  എടുത്തു പറയേണ്ട ഒരു ഘടകം ആണ് . ഫ്രോഗ് നു മികച്ച ഒരു വിഷ്വല്‍ ട്രീറ്റ്മെന്റ് നല്കാന്‍ സംവിധായകന്‍ സനാതനനു കഴിഞ്ഞിട്ടുണ്ട് . മലയാളസിനിമയുടെ മുഖ്യധാരയിലേക്ക് ഉടനെ തന്നെ അദ്ദേഹത്തെപോലെ ആത്മാവുള്ള സിനിമാക്കാര്‍ കടന്നു വരട്ടെ എന്ന് ആശംസിക്കുന്നു .

 ഇരുപതു മിനിറ്റ് മാത്രം ദൈര്‍ഘ്യം ഉള്ള ഫ്രോഗിന്റെ യുട്യൂബ് ലിങ്ക് താഴെ ചേര്‍ക്കുന്നു . നിങ്ങള്‍ക്കും ഇഷ്ടമാകും എന്ന് തന്നെ കരുതുന്നു .  
http://www.youtube.com/watch?v=MxRpLZGBQSE

(ഇഷ്ടമായില്ലെങ്കില്‍ വഴിപോക്കനെ പഴി പറയരുത് . എന്തായാലും തിയേറ്റര്‍ കാഴ്ച പോലെ കാശു പോയില്ല എന്ന് ഓര്‍ത്തെങ്കിലും എന്നോട് നിങ്ങള്‍ പൊറുക്കും എന്ന് കരുതുന്നു )
                                                        (വഴിപോക്കന്‍)

No comments:

Post a Comment