Tuesday 8 October 2013

LUNCH BOX തുറന്നപ്പോള്‍ ........

        

    ഈയിടെ അരങ്ങേറിയ ചില വിവാദങ്ങളും  പ്രസ്താവനകളും ആണ്  റിതേഷ് മിശ്ര യുടെ  THE LUNCH BOX- 2013 എന്ന സിനിമ കാണാന്‍ ഉണ്ടായ പ്രേരണ . ലോക സിനിമയോടു കിടപിടിക്കുന്ന ഇന്ത്യന്‍ സിനിമ എന്ന് പറഞ്ഞു കേട്ടപ്പോള്‍ ഉണ്ടായ ജിജ്ഞാസയും ഇര്‍ഫാന്‍ ഖാന്‍ എന്ന നടനില്‍ എനിക്കുള്ള പ്രതീക്ഷയും കൂടി   ആയപ്പോള്‍ കണ്ടു .  ആദ്യമേ പറയട്ടെ ലഞ്ച് ബോക്സ്‌ ഒരുപാടു ഇഷ്ടമായ നല്ല ഒരു സിനിമയാണ് . എങ്കിലും ചില ചിന്തകള്‍ അവശേഷിപ്പിക്കുന്നു .

    ഈ അടുത്ത് കണ്ട ഇന്ത്യന്‍ സിനിമകളില്‍ വളരെ ഇഷ്ടമായ ഒന്നാണ്  THE LUNCH  BOX.  അതിവാച്ചലതയോ ആലങ്കാരിക ഭാഷയോ ഇല്ലാതെ  മസാല പുരട്ടി എരുവും പുളിയും കൂടാതെ സിനിമ എന്ന കലാരൂപത്തിന്റെ എല്ലാ കാല്‍പനിക സാധ്യതകളും ഭംഗിയായി ഉപയോഗപ്പെടുത്തിയ ഒരു സിനിമയാണ് ഇത് . പ്രമേയത്തിലെ വേറിട്ട സ്വഭാവം , ആഖ്യാനത്തിലെ പുതുമ  എന്നിവ തന്നെയാണ് ഈ സിനിമയുടെ ശക്തി .  വിഭാര്യനും മദ്ധ്യ വയസ്കനും അയ ഫെര്‍ണാണ്ടസും  ഈല എന്ന വീട്ടമ്മയും തമ്മില്‍ പരിചയപ്പെടുന്നു - ഡബ്ബവാല കളുടെ ഒരു അബദ്ധത്തിലൂടെ . തന്‍റെ ഭര്‍ത്താവിന്‍റെ ശ്രദ്ധയും പരിഗണനയും വീണ്ടെടുക്കാന്‍ വേണ്ടി അയാളെ പാചകത്തിലൂടെ കീഴടക്കാന്‍ ശ്രമിക്കുന്ന ഒരു പാവം വീട്ടമ്മ ആണ് അവര്‍ . പക്ഷെ ഡബ്ബാവാല ശ്രിംഖലയിലെ ഒരു ചെറിയ പിഴ കൊണ്ട് ആ ഭക്ഷണ സഞ്ചികള്‍ എത്തുന്നത്‌ ഫെര്‍ണാണ്ടസ്ന്‍റെ അടുത്താണ് . ( മുംബയിലെ ലോക പ്രസിദ്ധമായ ഡബ്ബവാലകകള്‍ക്ക് ഇങ്ങനെ ഒരു കൈപിഴ പറ്റില്ല , പറ്റിയ ചരിത്രമില്ല എന്നൊന്നും വാദിക്കരുത് ) . ഭക്ഷണം വഴിതെറ്റി വേറെയാള്‍ക്ക്ആണ് കിട്ടുന്നത് എന്ന് അറിഞ്ഞു അവര്‍ അതില്‍ ഒരു കത്ത് വയ്ക്കുന്നു .  ലഞ്ച് ബോക്സില്‍ വയ്ക്കുന്ന കത്തുകളിലൂടെ അവര്‍ തമ്മില്‍ ഉടലെടുക്കുന്ന ഒരു ബന്ധത്തിന്‍റെ കഥയാണ് സിനിമ പറയുന്നത് . വിഭാര്യനായ ആയാളും  അസംതൃപ്തായ അയ ആ വീട്ടമ്മയും തമ്മില്‍ ഉണ്ടാകുന്ന  ആ ബന്ധം അവരെ എവിടെ എത്തിക്കുന്നു ?  കത്തുകളില്‍ കൂടെ മാത്രം സംവദിക്കുന്ന  അവരെ കാത്തിരിക്കുന്നതെന്തു ?

             സിനിമയില്‍ എടുത്തു പറയേണ്ടത് രണ്ടു പേരുടെ അഭിനയങ്ങള്‍ കൂടി ആണ് . ഇര്‍ഫാന്‍ ഖാനും നിമ്രത് കൌറും . ഓം പുരി , നസ്രുദീന്‍ ഷാ , നാന പടേക്കര്‍ , അജയ് ദേവ്ഗന്‍   ഇപ്പൊ ഇതാ ഇര്‍ഫാന്‍ ഖാനും .  പാന്‍സിംഗ്നും ലൈഫ് ഓഫ് പൈക്കും ശേഷം ഇപ്പൊ ഇതാ ലഞ്ച് ബോക്സ്‌ഉം . ഇര്‍ഫാന്‍ അഭിനയിക്കുന്നത് കാണാന്‍ തന്നെ ഒരു അരങ്ങാണ് .  കൂടുതല്‍ അംഗീകാരങ്ങള്‍ ആ നല്ല നടനെ തേടി വരാന്‍ ഇരിക്കുന്നതേ ഉള്ളു .  വളരെ മികച്ച പ്രകടനം ആണ് നിമ്രത് കൌറും നടത്തിയിട്ടുള്ളത് . മുഖത്ത് CADBURY  SILK ഉം പറ്റിച്ചു പരസ്യത്തില്‍ കണ്ട ആ സുന്ദരി ആണ് ഇത് വിശ്വസിക്കാനേ കഴിഞ്ഞില്ല .   ഇര്‍ഫാന്‍ന്‍റെ സഹപ്രവര്‍ത്തകന്‍ ആയി അഭിനയിച്ച ആ നടനും  ( മുന്‍പ് തലാഷില്‍ കണ്ടിട്ടുണ്ട് ആ മുഖം ) വളരെ മികച്ചു നിന്നു.

          സിനിമയെ വേറിട്ട്‌ നിര്‍ത്തുന്നത് ഇതിന്‍റെ പ്ലോട്ട് ആണ് .ഒരിക്കലും കാണാത്തവര്‍ തമ്മില്‍  ഉള്ള  തൂലിക  സൌഹൃദവും  ഫോണ്‍ ബന്ധങ്ങളും ഒക്കെ സിനിമയില്‍ പലപ്പോഴും വിഷയമാകാറുണ്ട് എങ്കിലും ചോറ്റുപാത്രത്തിലേക്ക് ആരും കടന്നു ചെന്നിരുന്നില്ല .  വായിക്കുന്ന അക്ഷരങ്ങളിലൂടെ ഇത്രയും ബന്ധം  ഉണ്ടാകുമോ എന്നൊക്കെ  ചില പുതുതലമുറക്കാര് ചോദിച്ചു കേട്ടു . ഒരിക്കലും കത്തെഴുതിയിട്ടില്ലാത്ത  പ്രേമലേഖനം വരെ ഫോര്‍വേഡ് മെസേജ് അയക്കുന്ന അവര്‍ ഇതിലപ്പുറവും ചോദിക്കും . പുറം കാഴ്ചകളുടെ മായാലോകമായ ഇന്റര്‍നെറ്റ്‌ , ഫേസ്ബുക്ക്‌ എന്നിവയിലേക്ക് പിറന്നു വീണവര്‍ക്ക്  കത്ത് , എഴുത്ത് , എന്നൊക്കെ കേട്ടാല്‍ അത്ര തന്നെ .
             സിനിമ പറഞ്ഞതും പറയാതെ വച്ചതും അയ കഥയെക്കാള്‍ ഏറെ  അതുണ്ടാക്കിയ വിവാദങ്ങളിലേക്കും കൂടി  ഒന്ന് എത്തി നോക്കേണ്ടിയിരുക്കുന്നു . റിലീസ്‌ ചെയുന്നതിന് മുന്‍പ് ഈ സിനിമക്ക് വളരെ വലിയ പ്രചാരണവും പരസ്യവും നല്‍കിയിരുന്നു . അതിന്‍റെ ഫലം തിയേറ്ററുകളില്‍ കാണാനും കഴിഞ്ഞു . നല്ല സിനിമക്ക് തിയേറ്ററില്‍ ആളുണ്ടാകുന്നത് എന്നും സന്തോഷമാണ് .   ചിലര്‍ ഇതിനു സ്തുതി പാടി പ്രകീര്‍ത്തിച്ചു .  ബുദ്ധിജീവി ജാട ഉള്ള എല്ലാ സിനിമാ നിരൂപകരും മുന്‍വിധികളോടെ സിനിമ കാണാന്‍ പോകുന്നവര്‍ ആണല്ലോ . അവര്‍ക്ക് ഒന്നുകില്‍ എഴുതി തറ പറ്റിക്കണം അല്ലെങ്കില്‍ പ്രകീര്‍ത്തിച്ചു സ്വര്‍ഗത്തില്‍ എത്തിക്കണം . അങ്ങനെ ചിലര്‍ ഈ സിനിമയെ 5/5 , 10/10  എന്നും ഒക്കെ റേറ്റ് ചെയ്തിരുന്നു .  സ്തുതിപാടകരുടെ വക  അസ്സല്‍ സാഹിത്യത്തില്‍ ഒന്നര പേജ് റിവ്യൂ പലയിടത്തും കണ്ടു . ചില ചാനലുകളിലും ഇതുതന്നെ ആവര്‍ത്തിച്ചു . പക്ഷെ അത് ഒരു അതിശയോക്തി ആയിട്ടാണ് തോന്നിയത് . ANURAG KASHYAP , KARAN JOHAR  പിന്നെ ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ വലിയ പേരുകാര്‍ നേരിട്ട് ഇടപെട്ട് പ്രചരിപിച്ചതിന്റെ ഫലം ആയിരിക്കണം ആ OVERRATING  . മികച്ച സിനിമ , ഈ അടുത്തെയിടക്ക് ഇറങ്ങിയ ഏറ്റവും മികച്ച സിനിമ എന്നതിലുപരി ഈ പറഞ്ഞുകേട്ട  അഭിപ്രായങ്ങളില്‍ മുഴുവന്‍ സത്യം ഇല്ല എന്നാണ് വഴിപോക്കന്‍ നേരിട്ട് കണ്ടു ബോധ്യപ്പെട്ടത് .
      മറ്റൊരു കാര്യം കൂടി പറയേണ്ടിവരുന്നു . ഓസ്കാര്‍ നാമനിര്‍ദ്ദേശത്തിനുള്ള ഇന്ത്യന്‍ എന്‍ട്രി തീരുമാനിക്കുന്ന ഇന്ത്യന്‍ ഫിലിം ഫെഡറെഷന്‍ ഒരുപാടു വിമര്‍ശിക്കപെട്ടിരുന്നു . 22 സിനിമകള്‍ കണ്ടു അവര്‍ തിരഞ്ഞെടുത്തതു ദി ഗുഡ് റോഡ്‌ എന്ന ഗുജറാത്തി ചിത്രം ആയിരുന്നു . കഷ്യപും ജോഹറും പരസ്യ പ്രസ്താവന ഇറക്കി പ്രതിഷേധം അറിയിച്ചു ( അതോ കൊതി കുത്താലോ ?? ) . ഇത്തരം വിവാദങ്ങള്‍ എന്തിന്‍റെ പേരില്‍ ആണെന്നത്  പൂര്‍ണമായും മനസിലാകാന്‍ THE GOOD ROAD  കാണേണ്ടിയിരിക്കുന്നു . ഏതായാലും കണ്ടാല്‍ മോശം എന്ന് ആരും പറയാത്ത ഒന്നാംതരം സിനിമ തന്നെയാണ്  THE LUNCH BOX .   വിവാദങ്ങള്‍ക്ക് അപ്പുറം അതിനു ചില മാനങ്ങളും ഉണ്ട് , ഓസ്കാറിനു പോകാന്‍ ആരാണ് യോഗ്യന്‍ എന്നൊക്കെ ഉള്ളത്  ചോദ്യമാണ് എങ്കിലും . അമിതമായ പ്രതീക്ഷ ആവാം അവരെകൊണ്ട്  പൊതുവേദിയില്‍ വിഴുപ്പലക്കിച്ചത് ( അതോ നൂതന വിപണന തന്ത്രമോ ?)!!

ടെയില്‍ പീസ്‌ :- നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്ന പലഹാരം പോലെ ആണ് മിക്കവാറും അവരുടെ സിനിമയും . പല നിറത്തിലും പല രൂപത്തിലും കമനീയമായി അലങ്കരിച്ചതും ഒക്കെ ആയിരിക്കും . പക്ഷെ എടുത്തു വായില്‍ വച്ചാല്‍ എല്ലാത്തിനും ഒരേ രുചി .. ഒന്നുകില്‍ ഷുഗര്‍ സിറപ്പിന്റെ  അല്ലെങ്കില്‍ പാലിന്റെയും പഞ്ഞസാരയുടെയും ...   ഇത് ഏതായാലും വേറിട്ട രുചി ആണ് തന്നത് .
                                                
                                                         (വഴിപോക്കന്‍ )

No comments:

Post a Comment