Saturday 25 January 2014

MY LEFT FOOT : THE STORY OF CHRISTY BROWN

 

                  കഴിഞ്ഞ ദിവസം സംസാരത്തിനിടെ ആണ് ഒരു സുഹൃത്ത്‌  ഡാനിയല്‍ ഡേ ലെവിസിന്‍റെ ( Daniel Day Lewis ) ന്‍റെ കാര്യം എടുത്തിട്ടത് . പിന്നെ സംസാരം അദ്ദേഹത്തിന്‍റെ സിനിമകളെപ്പറ്റിയായി .     There Will Be Blood , In the name of father തുടങ്ങി Lincoln വരെ ചര്‍ച്ചയില്‍ വന്നു . പക്ഷേ വഴിപോക്കനെ ഏറ്റവും സ്പര്‍ശിച്ച ചിത്രം My Left Foot: The Story of Christy Brown (1989) തന്നെയായിരുന്നു . ഈ സിനിമ ആദ്യമായി കാണുന്നത് ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആണ്  .  പിന്നീടു പലവട്ടം കണ്ടിട്ടുണ്ട് . ഡേ ലെവിസിന്‍റെ പല സിനിമകളും പലവട്ടം കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ഏറ്റവും അത്ഭുതപ്പെടുത്തിയ പ്രകടനം   My Left Foot തന്നെയായിരുന്നു . സെറിബ്രല്‍ പാള്‍സി  എന്ന രോഗം ബാധിച്ച് ശരീരത്തില്‍ ഇടതുകാല്‍ ഒഴികെ മറ്റൊന്നും സ്വന്തം നിയന്ത്രണത്തില്‍ അല്ലാതെ ജീവിച്ച് , കാലുകൊണ്ട്‌ വരച്ചും ടൈപ്പ് ചെയ്തും  ഒരു ചിത്രകാരനും എഴുത്തുകാരനും ഒക്കെയായിതീര്‍ന്ന ക്രിസ്റ്റി ബ്രൌണ്‍  എന്ന ഐറിഷ്കാരന്‍റെ  അതേ പേരിലുള്ള ആത്മകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് My Left Foot: The Story of Christy Brown (1989). 
  

                       ക്രിസ്റ്റി ബ്രൌണ്‍(Daniel Day Lewis) അയര്‍ലണ്ടിലെ ഒരു സാധാരണ കുടുംബത്തില്‍ ആണ് ജനിക്കുന്നത് . ജന്മനാ തന്നെ സെറിബ്രല്‍ പാള്‍സി രോഗബാധിതന്‍ ആയിരുന്ന ക്രിസ്റ്റിയുടെ ഇടതുകാല്‍ ഒഴികെ മറ്റുശരീരഭാഗങ്ങള്‍ എല്ലാം നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു . തന്‍റെ വൈകല്യങ്ങളോട്  കുറെയൊക്കെ പോരുത്തപെട്ടും  ഇടക്കൊക്കെ കലഹിച്ചും ജീവിച്ചു വരികയാണ് ക്രിസ്റ്റി . അയാളുടെ മനോവ്യാപാരങ്ങളിലൂടെയും  വ്യക്തി ബന്ധങ്ങളിലൂടെയുമാണ്‌ കഥ പുരോഗമിക്കുന്നത് . ക്രിസ്റ്റി യുടെ അമ്മയുമായുള്ള അഗാധമായ അടുപ്പം , സഹോദരങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധനം , ഇടക്കൊക്കെ പൊട്ടിത്തെറിക്കുന്ന അവരുടെ പിതാവ്  എന്നിങ്ങനെ പൂര്‍ണമായും ആ കുടുംബത്തെ ചുറ്റിപറ്റിതന്നെയാണ് കഥ വികസിക്കുന്നത് .  ക്രിസ്റ്റി ബ്രൌണ്‍ന്‍റെ ആത്മകഥാംശമം ചോര്‍ന്നുപോകാതെ, ആ കുടുംബത്തിലെ  വ്യക്തികളുടെ വൈകാരിക അടുപ്പം  വരച്ചുകാണിക്കുന്ന രീതിയില്‍ കൂടുതല്‍ ഇന്‍ഡോര്‍ ഷോട്ടുകള്‍ കൊണ്ടുള്ള കഥപറച്ചില്‍ ആണ് സിനിമയിലുടനീളം കാണുക . ഇടക്ക് ക്രിസ്റ്റിക്ക് സെറിബ്രല്‍ പാര്‍സി രോഗികളെ ശ്രുശ്രൂഷിക്കുന്ന ഒരു ലേഡി ഡോക്ടറോട്   പ്രണയം തോന്നുന്നുണ്ട് . അതില്‍ മാനസികമായി തളര്‍ന്നുപോയി ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിക്കുന്ന അയാള്‍ പിന്നീടു  സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുവന്നു . അങ്ങനെ അയാള്‍ ഇടതുകാല്‍ കൊണ്ട് മാത്രം ടൈപ്പ് റൈറ്റര്‍ ചലിപ്പിച്ച് ആത്മകഥ എഴുതുന്നു .. തുടര്‍ന്ന് ക്രിസ്റ്റി ബ്രൌണ്‍ ന്‍റെ ജീവിതം പെട്ടെന്ന് മാറിമറയുന്ന ഒരു സംഭവം കൂടി പറഞ്ഞവസാനിപ്പിക്കുന്നു .

ഡാനിയേല്‍ ഡേ ലെവിസ് എന്ന നടന്‍റെ  അന്യാദ്രിശ്യമായ അഭിനയപ്രകടനം ഒന്ന് മതി ഈ ചിത്രം ഒരിക്കലും മറക്കാതിരിക്കാന്‍ .  ക്രിസ്റ്റിബ്രൌണ്‍ ആയി ഡേ ലെവിസ് നിറഞ്ഞാടി എന്ന് പറയാതെ വയ്യ . ലോകസിനിമയെ ഞെട്ടിപ്പിച്ച അഭിനയപ്രകടനങ്ങളില്‍ ഒന്നുതന്നെയായിരുന്നു ഇത് എന്ന് നിസ്സംശയം പറയാം . മൂന്ന് അകാദമി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഏക നടനായ അദ്ദേഹത്തിന്‍റെ ആദ്യ ഓസ്കാര്‍ പ്രകടനവും ഇതായിരുന്നു . ഈ സിനിമയെക്കുറിച്ച് പറയുമ്പോള്‍ മറ്റെന്തും അതിനുപിന്നിലെ വരൂ . ക്രിസ്റ്റി യുടെ അമ്മയായി വേഷമിട്ട Brenda Fricker  എടുത്തുപറയേണ്ട പ്രകടനമാണ് ഈ ചിത്രത്തില്‍ നടത്തിയിരിക്കുന്നത് . മികച്ച സഹനടിക്കുള്ള അകാദമി പുരസ്‌കാരം അവരെ തേടിയെത്തുക തന്നെ ചെയ്തു .  ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ കഥ , അതും അദ്ദേഹത്തിന്‍റെ ആത്മകഥയെ ആസ്പദമാക്കി സിനിമയില്‍ പറയുമ്പോള്‍ ഉണ്ടാകാവുന്ന എല്ലാ വെല്ലുവിളികളും  ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ഇതിന്‍റെ സംവിധായകന് സാധിച്ചു എന്നത് എടുത്തുപറയേണ്ട മറ്റൊരുകാര്യമാണ് .

    ശരീരത്തില്‍ ഇടതുകാല്‍ ഒഴികെ മറ്റൊന്നും കൃത്യമായി ചലിപ്പിക്കാന്‍ സാധിക്കാതെ , വ്യക്തമായി സംസാരിക്കാന്‍ പോലും സാധിക്കാതെ ജീവിക്കേണ്ടിവരുന്ന ഒരാള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാവും ?  തനിക്കു ചുറ്റുമുള്ള  ലോകത്തോടും മനുഷ്യരോടും  കൃത്യമായി സംവദിക്കാന്‍ കഴിയുന്നില്ല എന്ന ചിന്ത അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും അവര്‍ തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്ന് ഉള്‍വലിഞ്ഞു അങ്ങേയറ്റം ഏകാന്തവും സംഘര്‍ഷഭരിതവുമായ ഒരു ജീവിതത്തിലേക്ക് എത്തിപ്പെടുകയും ആണ് പതിവ് . സമാനമായ രീതിയിലേക്ക് തന്നെ സഞ്ചരിച്ചിരുന്ന ക്രിസ്റ്റി പക്ഷെ തനിക്കുച്ചുറ്റുമുള്ള പലരുടെയും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ഭാഗമായി തന്‍റെ സാഹചര്യങ്ങളോട് അങ്ങേയറ്റം പോരുത്തപെട്ട്‌, തന്‍റെ വൈകല്യങ്ങളോട് താതാത്മ്യം പ്രാപിച്ച് ഒരു ചിത്രകാരനും എഴുത്തുകാരനും ഒക്കെ ആയിതീരുകയയിരുന്നു . ഹെലന്‍ കെല്ലറെ പോലെ , സ്റ്റീവന്‍ ഹോക്കിന്‍സിനെ പ്പോലെ , ജോണ്‍ നാഷിനെ പോലെ  ക്രിസ്റ്റി ബ്രൌണും സ്വജീവിതം കൊണ്ട് പൊരുതി ഒരുപാടുപേര്‍ക്ക്  തങ്ങളുടെ വൈകല്യങ്ങളോട് പൊരുതിജീവിക്കാന്‍ മാതൃകയായ മഹാനാണ് . ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ഉള്ള രോഗികളുടെ മാനസികമായ അവസ്ഥയെപ്പറ്റിയും അവരോടു നാം സ്വീകരിക്കേണ്ടുന്ന സമീപനതെപറ്റിയും ഒക്കെ ഗൌരവമായ കുറെ ചിന്തകള്‍ ഉണര്‍ത്തുന്നുകൂടിയും ഉണ്ട് ഈ ചിത്രം .

        ഡാനിയേല്‍ ഡേ ലെവിസിന്‍റെ  അഭിനയപ്രകടനം കൊണ്ട് ഗംഭീരമായ ഈ ചിത്രം ലോകമെമ്പാടും സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളില്‍ ഒന്നാണ് . വഴിപോക്കന് ഏറെ ഇഷ്ടമുള്ള ഈ സിനിമ ഇനിയും കണ്ടിട്ടില്ലാത്ത എല്ലാ സുഹൃത്തുക്കളെയും കാണാന്‍ നിര്‍ബന്ധിക്കുന്നു .
                                               (വഴിപോക്കന്‍ )

Thursday 23 January 2014

രണ്ട് എസ്കോബാറുമാര്‍

   

































             


  ESPN  ന്‍റെ 30 FOR 30  സീരീസില്‍ പെട്ട  ഒരു ഡോകുമെന്ററി ചിത്രമാണ്‌ The Two Escobars (2010). അത്യന്തം സംഭവബഹുലവും പ്രചണ്ഡവുമായ തൊണ്ണൂറുകളിലെ കൊളംബിയയുടെ രാഷ്ട്രീയ - കായിക മേഖലയുടെ നേര്‍ചിത്രം ആണ് ഈ ഡോകുമെന്ററി വരച്ചിടുന്നത് . രണ്ടു വ്യക്തികള്‍ - പബ്ലോ എസ്കോബാറും ( PABLO ESCOBAR ) അന്ദ്രേസ് എസ്കോബാറും ( ANDRES ESCOBAR ) . ഒരുമിച്ചു കേള്‍ക്കുമ്പോള്‍ കുറെ  സമാനതകള്‍ ഉണ്ട് എന്ന് തോന്നുമെങ്കിലും അവര്‍ തമ്മില്‍ പേരിലും മരണത്തിലും മാത്രമേ ഉള്ളു സമാനത . ( രണ്ടുപേരും വെടിയേറ്റ്‌ മരിക്കുകയായിരുന്നു ) . അന്ദ്രേസ് എസ്കോബാര്‍ കൊളംബിയയുടെ ചരിത്രത്തിലെ മികച്ച ഫുട്ബോളര്‍മാരില്‍ ഒരാള്‍ ; പബ്ലോ എസ്കോബാര്‍ രാജ്യത്തെ ഏറ്റവും കുപ്രസിദ്ധനായ സന്തതി  - അധോലോക രാജാവ്‌ , മയക്കുമരുന്ന് കച്ചവടക്കാരന്‍ . ഒരു നാടിന്‍റെ ഏറ്റവും കലുഷിതമായ ഒരു കാലഘട്ടത്തെ രണ്ടു വ്യക്തികളുടെ ജീവിതത്തോടൊപ്പം നിന്ന് വരച്ചുകാണിക്കുകയാണ് സംവിധായകര്‍ Jeff Zimbalist and Michael Zimbalist) ഇതിലൂടെ  . രണ്ടു എസ്കോബാര്‍ മാരുടെ കഥ - ഒപ്പം ഇതള്‍വിരിയുന്നത് കൊളംബിയ എന്ന രാജ്യത്തിന്‍റെ , അവിടുത്തെ  അരാജകത്വത്തിന്‍റെ , ഫുട്ബോള്‍ എന്ന കളിയും അതിന്‍റെ അത്യന്തം വൈകരിയമായി ഹൃദയത്തോടു ചേര്‍ത്ത് ജീവിക്കുന്ന ജനങ്ങളുടെ ഒക്കെ കഥകൂടിയാണ്‌ . കാല്‍പ്പന്തുകളിയും മയക്കുമരുന്ന് കച്ചവടക്കാരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്‍റെ  സത്യസന്ധവും ചരിത്രത്തോട് നീതി പുലര്‍ത്തി കൊണ്ടുകൂടിയുള്ളതുമായ ഒരു അവിഷ്ക്കാരമായി ഇതിന്‍റെ അവതരിപ്പിക്കുന്നതില്‍ സംവിധായകര്‍ നന്നായി വിജയിക്കുക തന്നെ ചെയ്തു .  

                കൊളംബിയ - മയക്കുമരുന്ന് കച്ചവടക്കാരുടെയും അധോലോക തമ്പുരാന്‍മ്മാരുടെയും  നാട് എന്ന് കുപ്രസിദ്ധി നേടിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം . തെരുവ് യുദ്ധങ്ങളും  പിടിച്ചുപറിയും കൊലപാതകവും കൊണ്ട് ജനതയുടെ സ്വൈര്യ  ജീവിതം താറുമാറായ നാട് . പക്ഷെ മറ്റേതു തെക്കേ അമേരിക്കന്‍ ദരിദ്ര രാജ്യങ്ങളെയും പോലെ അവര്‍ക്കും ഉണ്ടായിരുന്നു ഒരു വികാരം , പണ്ഡിതനെന്നോ പാമരനെന്നോ , കള്ളനെന്നോ ഭേദമില്ലാതെ ജനങ്ങളുടെ മനസ്സുകളില്‍ ഒന്നായി നിറഞ്ഞിരുന്ന ഒരു വികാരം - ഫുട്ബോള്‍. കൊളംബിയന്‍ ഫുട്ബോള്‍ന്‍റെ സുവര്‍ണ്ണകാലം തന്നെയായിരുന്നു തൊണ്ണൂറുകള്‍. എത്രഎത്ര പേരുകള്‍ നമ്മള്‍ ലോകത്തിന്‍റെ ഇങ്ങേ ചെരുവിലിരുന്നുവരെ കെട്ടു , വാള്‍ഡര്‍റാമ, ആസ്പ്രില്ല, എസ്കോബാര്‍ , ഹിഗ്വിറ്റ ....   സ്വര്‍ണ്ണ തലമുടിയും കുലുക്കി പന്തുമായി നൃത്തം ചവിടിയിരുന്ന
വാള്‍ഡര്‍റാമയെ , ഗോള്‍പോസ്റ്റിനുമുന്നില്‍ നിന്ന്  അത്ഭുതങ്ങള്‍ കാട്ടിയിരുന്ന വട്ടന്‍ ഹിഗിറ്റയെ - ഇവരെയൊക്കെ എങ്ങനെയാണു നമുക്ക് മറക്കാന്‍ കഴിയുക .  ആ ഓര്‍മകളില്‍ ഏറ്റവും വേദിനിപ്പിക്കുന്ന ഒന്ന് അറിയാതെ പറ്റിപോയ അബദ്ധത്തിനു സ്വജീവന്‍കൊണ്ട് വിലനല്‍കേണ്ടിവന്ന എസ്കോബാരിന്റെ  മുഖം തന്നെയാണ് . 

              കളിക്കളത്തിനു അകത്തും പുറത്തും തികഞ്ഞ മാന്യന്‍ ആയിരുന്നു എസ്കോബാര്‍ . വൈകരികായി പന്തുകളിക്കുന്ന തന്‍റെ സഹകളിക്കാര്‍ക്ക് നിയന്ത്രണം നഷ്ടപെട്ടപ്പോലോക്കെ ആത്മസംയമനം പാലിച്ചു അവരെ നിയന്ത്രിച്ചുനിന്ന എസ്കോബാര്‍ എന്നും ഒരു മാതൃകയായിരുന്നു . എന്നിട്ടും രാജ്യത്തിന്‍റെ അഭിമാനം കാല്‍പന്തുമൈതാനിയില്‍ പിച്ചിചെന്തപെട്ടപ്പോള്‍ എസ്കോബാറിന് സ്വന്തം ജീവന്‍ കൊണ്ട് വിലനല്കേണ്ടി വന്നു . ആര്‍ക്കും പറ്റാവുന്ന ഒരു കൈയ്യബദ്ധം , സ്വന്തം പോസ്റ്റിലേക്ക് അറിയാതെ അടിച്ചു കയറ്റിയ ആ ഗോളില്‍ എസ്കോബാറിന്‍റെ ജാതകം തന്നെ തിരുത്തിഎഴുതപെട്ടു . 

 1994 ജൂണ്‍ 22 നു കാലിഫോര്‍ണിയയിലെ റോസ് ബൌള്‍ സ്റ്റേഡിയത്തില്‍ സംഭവിച്ചത് ഒരു രാജ്യത്തിന്‍റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയായിരുന്നു . എസ്കോബാര്‍ന്‍റെ ആ ഗോളിന്‍റെ യുട്യൂബ് ലിങ്ക് താഴെ ചേര്‍ക്കുന്നു .
http://www.youtube.com/watch?v=MUW8wFOytiY

 
     ആ ലോകകപ്പ്‌ന്‍റെ തന്നെ ഏറ്റവും ദുഃഖകാഴ്ച  ബാജിയോ പാഴാക്കിയ ആ പെനാല്‍റ്റിയായിരുന്നു . പക്ഷെ അതിനും മുന്‍പേ ജൂലൈ 2 രാത്രി ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് എസ്കോബാറിന്റെ മരണവാര്‍ത്ത എത്തി . ഒരു നിശാക്ലബ്ബില്‍ വച്ച് അദ്ദേഹം വെടിയേറ്റ് മരണപ്പെട്ടു . രാജ്യത്തു നിലനിന്നിരുന്ന  രാഷ്ട്രീയ സംഭവവികാസങ്ങളും ഫുട്ബോള്‍-അധോലോക ബന്ധവും പിന്നെ കൊളംബിയയുടെ ലോകകപ്പിലെ പുറത്താകല്‍ എല്ലാം കൂടി എസ്കബാറിന്റെ മരണത്തിലേക്ക് വഴിവക്കുകയായിരുന്നു .  രാജ്യത്തെ ഒരു മഹാനായ പുത്രന് തെരുവില്‍ വെടിയേറ്റ്‌വീഴാന്‍ ആയിരുന്നു വിധി . 





         കള്ളപ്പണം വെളുപ്പിക്കാന്‍ അധോലോകവും മയക്കുമരുന്ന് മാഫിയയും ഫുട്ബോളില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങിയതോടെയാണ്  കൊളംബിയന്‍ ഫുട്ബാള്‍ന്‍റെ  ഗതി മാറിയത് . പന്തുകളി അധോലോക രാജാക്കന്മ്മാര്‍ തമ്മിലുള്ള വടംവലിആയിമാറി  കളിക്കാര്‍ക്ക് മാന്യമായ വേതനം കിട്ടിതുടങ്ങിത് പുത്തന്‍ ഒരു ഉണര്‍വ് നല്‍ക്കി . അതിന്‍റെ ഫലമായി തൊണ്ണൂറുകളില്‍ കൊളംബിയന്‍ ഫുട്ബാള്‍ അതിന്‍റെ കൊടുമുടിയില്‍ എത്തി . അത്തരത്തില്‍ ഫുട്ബാളിലേക്ക് പണമിറക്കിയ ആദ്യ കള്ളപ്പണക്കാരില്‍ ഒരാള്‍ പബ്ലോ എസ്കോബാര്‍ ആയിരുന്നു . പബ്ലോ ഒരു തികഞ്ഞ ഫുട്ബാള്‍ ആരാധകനും ആയിരുന്നു എന്നുള്ളത് മറ്റൊരു വസ്തുത . അയാള്‍ കള്ളനോ മയക്കുമരുന്നു വ്യാപാരിയോ ഒക്കെ ആയിരുന്നിരിക്കാം , പക്ഷെ അയാള്‍ കുറെയേറെ പേരെ സഹായിച്ചിരുന്നു . തെരുവുകളില്‍ നിര്‍ധനര്‍ക്ക് വീടുകള്‍ വച്ചുനല്കി , പന്തുകളികാന്‍ ഗ്രൌണ്ട് ഉണ്ടാക്കി ,അങ്ങനെ പലതും ചെയ്തു . കുറെ വര്‍ഷങ്ങള്‍ അടക്കിവാണത്തിനു ശേഷം മറ്റേതു തിന്മയുടെ സാമ്രാജ്യത്തെയുംപോലെ പബ്ലോയും വീണു . ലോകത്തിനു മുന്നില്‍ അഭിമാനം നഷ്ടപെട്ടു എന്നതിരിച്ചരിവില്‍ ഗവണ്മെന്റ്  മാഫിയകള്‍ക്കെതിരെ ആഞ്ഞടിച്ചു . പബ്ലോ കൊല്ലപെട്ടു . പക്ഷെ അയാള്‍ അടക്കിവാണിരുന്ന ഒരു വല്യ സാമ്രാജ്യവും അതിലെ പിശാചിന്റെ സന്തതികളും ബാക്കിയായി . തല പോയപ്പോള്‍ എല്ലാവരും തമ്മിലടിയായി . അങ്ങനെ അത്യന്തം രക്തരൂഷിതമായ ഒരു കാലത്താണ് എസ്കോബാറും കൂട്ടരും അമേരിക്കക്കു പറക്കുന്നത് - ലോകകപ്പ് കളിക്കാന്‍ .  വീട്ടില്‍ കയറി ആക്രമിക്കുകയും കുടുംബാഗങ്ങളെ കൊലപ്പെടുത്തുകയും വിളിച്ചു ഭീഷണിപ്പെടുത്തിയും ഒക്കെ മാഫിയക്കാര്‍ ടീംന്‍റെ ആത്മവീര്യം ചോര്‍ത്തി . പലകളിക്കാരെയും കളിപ്പിക്കാതിരിക്കാന്‍ കോച്ച് നിര്‍ബന്ധിതനായി . അതിന്‍റെയൊക്കെ ഫലമായി താളംതെറ്റിയ പതിനൊന്നുപേരെയാണ് ലോകകപ്പില്‍ കണ്ടത് .

കൊളംബിയയുടെ ഒരു കാലഘട്ടത്തിന്‍റെ മാലിന്യങ്ങളുടെ നേര്‍കാഴ്ച , അതാണ് ഈ ഡോക്യുമെന്ററി . മയക്കുമരുന്ന് മാഫിയ എസ്കോബാര്‍ന്‍റെ കേസ് അട്ടിമാറിച്ച്   യഥാര്‍ത്ഥ പ്രതികള്‍ക്ക് പകരം നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപെടാന്‍ അവസരം നല്‍കി . " വെടി വച്ചയാള്‍ക്ക്‌ മറ്റേതു രാജ്യത്തായാലും വധശിക്ഷ ഉറപ്പാണ്‌ . ഇവിടെയവര്‍ 43 വര്‍ഷത്തേക്ക് ശിക്ഷിച്ചു . എന്നിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ നല്ലനടപ്പിന്റെ പേരില്‍ വെറുതെ വിട്ടു . കൊലപാതകം ചെയ്തിട്ട് എന്ത് നല്ലനടപ്പ് " -  എസ്കോബറിന്‍റെ കാമുകി പമീലയുടെ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു ഇത് ചോദിക്കുമ്പോള്‍ . പിന്നീടു കൊളംബിയന്‍ ജീവിത സാഹചര്യങ്ങളും രാഷ്ട്രീയവും ഏറെ മാറി . അവര്‍ പുതിയ ഒരു രാഷ്ട്രമായി മാറുകയാണ് . എസ്കോബറിന്‍റെ മരണത്തോടെ ആ നാട്ടിലെ ഫുട്ബോള്‍ ഏറെക്കുറെ മരിച്ചു . അന്നത്തെ പല കളിക്കാരും ഇനി കളിക്കുന്നില്ല എന്ന് തീരുമാനിച്ചു . ലോകഫുട്ബാള്‍ ഭൂപടത്തില്‍ നിന്ന് കൊളംബിയ പതിക്കെ മാഞ്ഞു . ഒപ്പം വാള്‍ഡര്‍രാമയെയും

ആസ്പ്രില്ലയെയും ഒക്കെപോലെ കുറെ നല്ല കളിക്കാരും ഓര്‍മകളില്‍ മറഞ്ഞു .  ഫുട്ബോള്‍ ലോകത്തോട്‌ അവരുടെ കാലുകള്‍ക്ക് പറയാന്‍ഉണ്ടായിരുന്ന പലതും പാതിവഴിക്ക് ഉപേക്ഷിച്ച്...

ഇന്ന് കൊളംബിയന്‍ ഫുട്ബോള്‍ പുതിയ ഉണര്‍വിലാണ് . പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഈ വര്‍ഷം വീണ്ടും വരുന്നു . ലോകകപ്പ്‌ കളിക്കാന്‍ . ഒരുപിടി ചുണകുട്ടികളുമായി ... മൈതാനങ്ങളും ആരാധകമനസ്സുകളും കീഴടക്കി പുതിയൊരു വിജയചരിത്രം കുറിക്കാന്‍ അവര്‍ക്കാവട്ടെ എന്ന് ആശംസിക്കാം ... അതിനുള്ള ശക്തിയായി എസ്കോബാറിന്റെ ആത്മാവ് ഉണ്ടാകും അവരോടൊപ്പം ..
                             (വഴിപോക്കന്‍)