Sunday 27 October 2013

ജയകൃഷ്ണനും തൂവാനത്തുമ്പികളും

     
     
              തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ ക്ലാസ്സിക്‌ന്‍റെ  ആരാധകര്‍ അല്ലാത്ത മലയാളികള്‍ ഉണ്ടോ ? എത്ര തലമുറയെയാണ്  തൂവാനത്തുമ്പികളും പത്മരാജനും മണ്ണാറതൊടി  ജയകൃഷ്ണനും ക്ലാരയും  കൂടി വശീകരിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്തത് ? പപ്പേട്ടന്‍ മലയാള ത്തിനു നല്‍കിയ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായ തൂവാനത്തുമ്പികള്‍ കാലാതിവര്‍ത്തിയായി എന്നും ഒരു കള്‍ട്ട് ആയി നിലനില്‍ക്കുന്നത് ആ സിനിമയുടെ ലളിതവും എന്നാല്‍ മനുഷ്യനെ ആഴത്തില്‍ സ്പര്‍ശിക്കുന്നതുമായ അതിന്‍റെ പ്രമേയ ശക്തിയാണ് .

                 വീട്ടുമുറ്റത്തെ ഒരു തേങ്ങാകച്ചവടത്തില്‍ നിന്നാണ്  തൂവാനത്തുമ്പികള്‍ തുടങ്ങുന്നത് . ജയകൃഷ്ണന്‍ എന്ന കഥാപാത്രം പിന്നെ നമുക്കൊപ്പം ഒരു പ്രയാണം നടത്തുന്നു . മനുഷ്യനിലെ  എല്ലാ നല്ലതിനെയും ചീത്തയും ഒരു കഥാപാത്രത്തില്‍ കണ്ടുകൊണ്ടു അയാള്‍ക്കൊപ്പം നമ്മളും .  തികഞ്ഞ അരാജകത്വം ആണ് ജയകൃഷണന്‍റെ മുഖമുദ്ര . "കുറെ കൊച്ചു വാശികളും , കൊച്ചു അന്ധവിശ്വാസങ്ങളും  കൊച്ചു ദുശീലങ്ങളും , അതാണ് ഞാന്‍ "  എത്ര ഭംഗിയായിട്ടാണ് പപ്പേട്ടന്‍ ജയകൃഷ്ണനെ നിര്‍വചിച്ചത്‌ . ഇതിലും കൂടുതല്‍ ഒരു വിശദീകരണം ആ കഥാപാത്രം ആവശ്യപെടുന്നില്ല . തന്‍റെ നിര്‍വചനത്തില്‍ , അതിന്‍റെ ഫ്രെമില്‍ ഒതുക്കി നിര്‍ത്തികൊണ്ട്‌ തന്നെയാണ് ആ കഥാപാത്രത്തെ അദ്ദേഹം എഴുതിയുണ്ടാക്കിയതും . സിനിമകണ്ട്‌ തീരുമ്പോള്‍ ഒരു കഥാപാത്രം എന്നതില്‍ഉപരി നാം പരിചയപെട്ട ഒരാളായി ജയകൃഷ്ണന്‍ നമ്മുടെ കൂടെ ഉണ്ടാകുന്നു എന്നത്  പത്മരാജന്‍റെ ക്രാഫ്റ്റ്ന്‍റെ പ്രത്യേകത ആണ് .

              തൂവാനത്തുമ്പികള്‍ ഒരു പൊളിച്ചെഴുത്ത് കൂടി ആയിരുന്നു . നമ്മുടെ അന്നുവരെയുള്ള നായകസങ്കല്പങ്ങളെ പാടേ നിഷേധിച്ചുകൊണ്ട് പുതിയൊരു ബിബം തീര്‍ക്കുകതന്നെ ചെയ്തു ഈ സിനിമ . നമ്മള്‍ കണ്ടു പരിചയിച്ച സദാചാരപക്ഷത് നില്ല്കുന്ന നന്മയില്‍ മുങ്ങി നീരാടിയ നായകന്മ്മാരോടു പമിച്ചാല്‍ ജയകൃഷ്ണനു ഒരല്പം പ്രതിനായക സ്വഭാവം തന്നെ ആണെന്ന് പറയേണ്ടിവരും . എങ്കിലും ആ സിനിമയും കഥാപാത്രവും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നിലനില്‍കുന്നത്‌ രചയിതാവിന്റെ എടുത്തുപറയേണ്ട മേന്മതന്നെയാണ് . ജയകൃഷ്ണനെ പ്പോലെ ഇത്രയും പൂര്‍ണമായി വികാസം പ്രാപിച്ച സിനിമാകഥാപാത്രങ്ങള്‍ മലയാളത്തില്‍ അധികം കാണാറുമില്ല. മലയാളത്തില്‍ പിന്നീട് വന്ന ഒട്ടുമിക്ക  HERO ORIENTED  സിനിമകളെയും  ഫ്യൂഡല്‍ നായകന്മ്മര്‍ക്ക്  ഒരു പരിതി വരെ ജയകൃഷണന്‍റെ സ്വാധീനവും സ്വഭാവവും ഒക്കെ ഉണ്ടായിരുന്നു എന്ന് ഒന്ന് സൂക്ഷിച്ചു നോകിയാല്‍ മനസിലാകും . തൂവാനത്തുമ്പികളും പത്മരാജനും പിന്നീടു വന്ന സിനിമാക്കാരില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ അടയാളം കൂടിയാണ് ഈ അനുകരണങ്ങള്‍.

          ലാളിത്യമാണ് തൂവാനത്തുമ്പികളുടെ മുഖമുദ്ര .  വളരെ ലളിതവും എന്നാല്‍ ജീവന്‍ തുടിക്കുന്നതും അയ ഇതിലെ കഥാപാത്രങ്ങളും അതിവാചാലതയോ   നാടകീയതയോ ഇല്ലാത്ത ഇതിലെ പ്ലോട്ടും ഒരു സിനിമ എന്നനിലയില്‍ ഇതിനെ മനോഹരമാക്കാന്‍ ഏറെ സഹായിച്ചു . ചില സദാചാര വാദികളുടെ വിമര്‍ശനപീരങ്കികള്‍ ഇതിനുനേരെ തൊടുക്കപെട്ടു എങ്കിലും അതൊന്നും വിലപോകാഞ്ഞത് ഇതിന്‍റെ ജീവിതഗന്ധിയായ പ്രമേയംകൊണ്ട് തന്നെയാകണം . ലളിതമായി കഥപറയുമ്പോള്‍തന്നെയും അതിസങ്കീര്‍ണമായ ജീവിതത്തിലൂടെ ആണ് ഇതിലെ നായകനും നായികയും കടന്നുപോകുന്നതും .ജോണ്‍സന്‍ മാഷിന്റെ  പശ്ചാത്തല സംഗീതം ഇല്ലെങ്കില്‍ തൂവാനത്തുമ്പികള്‍ ഇത്രമനോഹരമാകുമോ എന്ന് സംശയം തോന്നി . പെരുമ്പാവൂര്‍ ജി യുടെ രണ്ടു പാട്ടുകളും കൂടിയായപ്പോള്‍ ഒരു കവിതപോലെ മനോഹരമായി ഈ സിനിമ .

                 ജയകൃഷ്ണനെ ജീവനോടെ ഓരോ സീനിലും നിറയ്ക്കുന്നതില്‍ മോഹന്‍ലാല്‍ എന്ന മഹാനടന്റെ കഴിവ് എടുത്തുപറഞ്ഞേ മതിയാകൂ . "ഉദകപ്പോള"യില്‍ നിന്ന് തൂവാനത്തുമ്പികളിലേക്ക് എത്തുമ്പോള്‍ ക്ലാരയെയും മറികടന്നു ജയകൃഷണന്‍ സ്ഥിരപ്രതിഷ്ഠ നേടിയത് മോഹന്‍ലാലിന്റെ നടനവിസ്മയം കൊണ്ടുകൂടി ആണ് . ലാലേട്ടനെ അല്ലാതെ മറ്റൊരു നടനെയും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തവിധം ആ കഥാപാത്രത്തെ തന്റെതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു . ക്ലാര യായി ജീവിച്ചു ഒരുപാടു തലമുറയിലെ ചെറുപ്പക്കാരുടെ ആവേശമായ സുമലതയും മികച്ച പ്രകടനം തന്നെ നടത്തി ഈ സിനിമയില്‍ .  ചുമ്മാ തുണിയഴിച്ചിട്ടും സെക്സ്ഉം പച്ചതെറിയും പറഞ്ഞിട്ടും ഒന്നും ആത്മാവുള്ള സിനിമയുണ്ടാക്കാന്‍ സാധിക്കാത്ത  നമ്മുടെ ന്യൂ ജെനെരെഷന്‍ ക്കാര്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ് ഈ സിനിമ .

           ഇപ്പോളും തൃശ്ശൂര്‍ പട്ടണത്തിലൂടെ നടക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ ജയകൃഷണനെ പരത്തും. ഏതെങ്കിലും പെട്ടികടയില്‍ നാരങ്ങവെള്ളം വാങ്ങിയിട്ട് തര്‍ക്കിച്ചു നില്‍ക്കുന്നുണ്ടാകും അയാള്‍ എന്ന് മനസ്സ് പറയും . ബാറില്‍ കേറിയാല്‍ ആദ്യം കൌണ്ടര്‍ ലേക്ക് ഒന്ന് നോക്കും . ബിയര്‍ അടിച്ചു നില്‍ക്കുന്ന ഋഷിയും ജയകൃഷണനും അവിടെ ഉണ്ടെങ്കിലോ ? ശക്തന്‍ മാര്‍ക്കറ്റില്‍ ചെന്നാല്‍ ആട്ടിന്‍തലക്ക് വിലപേശി നില്‍ക്കുന്ന ജയകൃഷണന്‍ സങ്കല്പത്തില്‍ വരും  . വടക്കുംനാഥനെ തൊഴാന്‍ ചെന്നാല്‍ കല്ലുപാകിയ നടവഴിയിലൂടെ രാധയുടെ കയ്യുംപിടിച്ചു നടന്നുവരുന്ന , ആല് തണലില്‍ അവളോട്‌ സൊറപറഞ്ഞിരിക്കുന്ന ജയകൃഷ്ണനെ  കാണാം .

          ജയകൃഷ്ണന്‍ ഇപ്പോളും എവിടെയോ ജീവിച്ചിരിക്കുന്നു എന്നും കൊച്ചു കൊച്ചു തമാശകള്‍ കാണിക്കാന്‍ എപ്പോളും അയാള്‍ തൃശൂര്‍ ടൌണില്‍ ഇറങ്ങാറണ്ടെന്നും ഒക്കെ തോന്നിപോകുന്നത് അത്രമാത്രം ആ സിനിമയും ജയകൃഷണനും നമ്മുടെ മനസ്സില്‍ കയറിപ്പോയത്കൊണ്ടാണ് . എവിടെയോ വച്ച് എപ്പോളോ പരിചയപെട്ട ഒരു സുഹൃത്തിനെപ്പോലെ അയാള്‍ എന്നും നമ്മുടെ ഓര്‍മകളില്‍ ഉള്ളതുകൊണ്ടാണ് .

കുറുപ്പ് :- ഫേസ്ബുക്കും ബ്ലോഗും ഇ - എഴുത്തും ഒക്കെ തുടങ്ങുന്നതിനു  മുന്‍പ് എഴുതിയതാണിത്. പഴയ ഡയറിയില്‍  നിന്നു  കണ്ടപ്പോള്‍ തൂവാനത്തുമ്പികള്‍ വീണ്ടും കാണാന്‍ തോന്നി . കണ്ടുകഴിഞ്ഞപ്പോള്‍ ഇത് പോസ്റ്റ്‌ ചെയ്യണമെന്നും .
                                            -(വഴിപോക്കന്‍ )

No comments:

Post a Comment