Monday 17 February 2014

ഓം ശാന്തി ഓശാന

    
             മിഥുന്‍ മാനുവല്‍ എഴുതി ജൂഡ് ആന്റണി സംവിധാനം ചെയ്ത സിനിമ ഓം ശാന്തി ഓശാന കണ്ടു .  കണ്ടിട്ട് കുറച്ചു ദിവസം കഴിഞ്ഞു എങ്കിലും ഇപ്പോളാണ് ഒന്ന് എഴുതാന്‍ സമയം കിട്ടിയത് . മലയാളസിനിമയില്‍ ഒരുപാടു തവണ കണ്ടുമടുത്ത ഒരു ക്ലീഷെ  പ്രമേയത്തെ അവതരണം കൊണ്ട്  പുതുമ തോന്നിപ്പിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചു എന്നത് മാത്രമാണ് ഈ സിനിമയെ പറ്റി പറയാന്‍ തോന്നുന്ന നല്ല കാര്യം . ഒരു വിമര്‍ശനം എന്ന രീതിയില്ലാതെ തികച്ചും വ്യക്തിപരമായി എനിക്കനുഭവപ്പെട്ടപോലെ സിനിമയെ നോക്കിക്കാണാന്‍ ആണ് എല്ലായിപ്പോഴെയും പോലെ ഈ കുറിപ്പിലും ശ്രമിക്കുന്നത് .

പൂജ മാത്യു ( നസ്രിയ ) എന്ന പെണ്‍കുട്ടിയുടെ കൌമാര യവ്വന മനസ്സിലൂടെ , അവളുടെ  വികാര വിചാരങ്ങളിലൂടെ , സഹാസങ്ങളിലൂടെ പ്രണയത്തിലൂടെ ഒക്കെ സഞ്ചരിച്ചു പ്രണയസാഫല്യത്തിന്‍റെ സ്ഥിരം ക്ലൈമാക്സില്‍ അവസാനിക്കുന്ന  ഓം ശാന്തി ഓശാന മലയാളത്തിലെ സ്ഥിരം പ്രണയ സിനിമാ വഴികളിലൂടെതന്നെയാണ് സഞ്ചരിക്കുന്നത് .  ഒരുപാടു കേട്ടും കണ്ടും പറഞ്ഞും ഒക്കെ പഴകിയ കഥയും കഥാഗതിയും ഒക്കെ ആണെങ്കിലും അങ്ങേയറ്റം സൂക്ഷ്മായ രചനകൊണ്ടും അവതരണ ശൈലികൊണ്ടും സിനിമയെ ഒരു പുതുമയുള്ള മികച്ച അനുഭവമാക്കി മാറ്റാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട് അല്ലെങ്കില്‍ അതിനു ആത്മാര്‍ഥമായി തന്നെ ശ്രമിച്ചിട്ടുണ്ട് .  ചില പഴയ വീഞ്ഞുകള്‍ പുതിയ കുപ്പിയില്‍ നിറച്ചാലും മതി . നല്ല കമനീയമായ , ആകര്‍ഷണീയമായ പുത്തന്‍ സ്ഫടികകുപ്പികളില്‍ ലഭിക്കുമ്പോള്‍ പഴയതാണോ പുതിയതാണോ എന്നുപോലും ചിന്തിക്കാന്‍ ശ്രമിക്കില്ല .
സിനിമ കഥപറയുന്ന കാലഘട്ടവുമായി കഥയും കഥാപാത്രങ്ങളും എന്തിന് സംഭാഷണശൈലി , ജീവിതരീതി ഒക്കെ  ഇഴുകിചേരാതെ വേറിട്ട്‌ നില്‍ക്കുന്നതായി കാണപ്പെട്ടു . എത്രയും സാഹസികയാവാന്‍ തൊണ്ണൂറുകളുടെ അവസാനം  കേരളത്തിലെ ഗ്രാമങ്ങളില്‍ ഒരു പെണ്‍കുട്ടിക്ക് സാധിക്കുമായിരുന്നു എന്ന് പറഞ്ഞാല്‍ അവിശ്വസനീയം എന്നേ പറയാനുള്ളൂ . മരം കേറിയും മാവില്‍ എറിഞ്ഞും നടക്കാന്‍ മാത്രം ഉള്ള  സ്വാത്രന്ത്ര്യം വീട്ടില്‍ ഉണ്ടെങ്കില്‍ പോലും നമ്മുടെ നാട്ടുകാര്‍ സമ്മതിക്കുമായിരുന്നോ എന്നും കണ്ടറിയണം .  സര്‍വ്വസമ്മതനും നാട്ടുകാരുടെ കണ്ണിലുണ്ണിയും ഒക്കെയായ നായകനും അവനെക്കണ്ട്  മൂക്കുംകുത്തി വീഴുന്ന നായികയും ഒക്കെ എത്ര പുതുമയുടെ ആവരണംകൊണ്ട് മുഖം മിനുക്കിയാലും  കണ്ടുമടുത്ത സ്ഥിരം കാഴ്ച്ചകള്‍ തന്നെയാണ് അവശേഷിപ്പിക്കുക . വെറും കാഴ്ചകള്‍ക്കപുറം തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കൂടെ കൊണ്ടുപോകാന്‍ ഒരു മുഹൂര്‍ത്തമോ  രംഗമോ  ഒന്നും വഴിപോക്കന് മനസ്സില്‍ ബാക്കിയുണ്ടായിരുന്നുമില്ല .
അഭിനയത്തിന്‍റെ കാര്യമെടുത്താല്‍ നസ്രിയയെ വെറുതെ കയറൂരി വിട്ടിരിക്കുകയാണ് . ചിലപ്പോള്‍ അഭിനയിക്കും , ചിലപ്പോള്‍ തോന്നിയതുപോലെ കാണിക്കും ,  അതാണ് ഈ സിനിമയിലെ രീതി . അധികമൊന്നും ചെയ്യാന്‍ ഇല്ലായിരുന്നു എങ്കിലും നിവിന്‍ കഥാപാത്രത്തോട് നീതിപുലര്‍ത്തി . മറ്റഭിനേതാക്കള്‍ ആരും തന്നെ     മോശമാക്കിയിട്ടില്ല .  അഭിനയിച്ചു തകര്‍ക്കാന്‍ മാത്രം   വല്യ കഥാപാത്രങ്ങളെ  ഒന്നും രചയതാവ് സൃഷ്ടിച്ചു വച്ചിട്ടില്ല എന്നതുകൊണ്ട്‌ വലിയൊരു സൂക്ഷ നിരീക്ഷണം ഒന്നും ഇവിടെ നടത്തേണ്ട ആവശ്യവും ഇല്ല .
എടുത്തുപറയാന്‍ ചിലത്:-
1.  NARRATION രീതി അവലംബിക്കുമ്പോള്‍ സാധാര സംഭവിക്കാറുള്ളതുപോലെ  കഥപറയുന്ന  ആള് സീനുകളില്‍ ഇല്ലാതിരിക്കുന്ന അബദ്ധം ഈ ചിത്രത്തില്‍ തീരെ സംഭവിച്ചിട്ടില്ല .
2. മുന്നേ പറഞ്ഞതുപോലെ അവതരത്തിലെ പുതുമയും  ചടുലതയും .
3. അധികം ടി . വി. യില്‍ ഒന്നും പ്രത്യക്ഷപ്പെടാറില്ലാത്ത  മലയാളത്തിലെ സൂപ്പര്‍ ഹിറ്റ്‌ തിരക്കഥാകൃത്തു രണ്‍ജി പണിക്കരെ ഒരു മുഴുനീള കഥാപാത്രമായി കണ്ടത്തില്‍ സന്തോഷം തോന്നി .
4.. വ്യക്തമായി  കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതില്‍ വന്ന അപാകത . കുറഞ്ഞ പക്ഷം നായികാനായകന്മ്മാര്‍ എങ്കിലും  കുറച്ചുകൂടി  രചയിതാവിന്‍റെ   ശ്രദ്ധയും പരിചരണവും ഒക്കെ അര്‍ഹിച്ചിരുന്നു . ശില്‍പ്പിയുടെ ഉളിക്ക് നല്ല മൂര്‍ച്ചയും വേണ്ടത് വേണ്ടതുപോലെ കൊത്തിക്കളയാനുള്ള  വിവേചന ബുദ്ധിയും ഉണ്ടാകുമ്പോളെ നല്ല ശില്‍പ്പങ്ങള്‍ ഉണ്ടാകൂ.

പൊതുവേ മികച്ച അഭിപ്രായം നേടിയ സിനിമയെ ക്കുറിച്ച് ഭൂരിപക്ഷത്തില്‍ നിന്ന് വിഭിന്നമായ ഒരു അഭിപ്രായം പറയേണ്ടി വരുന്നു എന്നതുകൊണ്ടുതന്നെ ഇതു എഴുതേണ്ട എന്നാണ് ആദ്യം കരുതിയത്‌ . പക്ഷെ എഴുതുമ്പോള്‍ സ്വന്തം അഭിപ്രായം പറയാന്‍ ഞാന്‍ മടികാണിക്കാറില്ല , ആര്‍ക്കു എന്ത് തോന്നിയാലും .  യുവജനങ്ങളെ ഉന്നവച്ചു ചെയ്ത സിനിമ എന്നത് കൊണ്ട് തന്നെ പ്രണയവും അതിന്‍റെ അനുബന്ധകാഴ്ചകളും ഒക്കെ  നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്  . പക്ഷെ ഒരു  സിനിമയെന്ന നിലയില്‍ ഒരു ചെറു ആകര്‍ഷണം അല്ലാതെ ഉള്ളം നിറഞ്ഞൊരു ഇഷ്ടം  ഈ സിനിമയോട്  വഴിപോക്കന് തോന്നിയില്ല എന്നത് തന്നെയാണ് സത്യം .
                               -വഴിപോക്കന്‍

1 comment:

  1. നല്ലൊരു എന്റെർടെയ്നറായിരുന്നു ഈ പടം

    ReplyDelete