Sunday 15 September 2013

മലയാളത്തിന്‍റെ ഒരു അഭിമാന ചിത്രം




            മലയാളത്തില്‍ ലോക നിലവാരത്തില്‍ ഉള്ള ചലച്ചിത്രങ്ങള്‍ ഇല്ല എന്ന് പരിഭവം പറയുന്നവരോട് ഒന്ന് കണ്ടു നോക്കാന്‍ വഴിപോക്കന്‍ നിര്‍ദേശിക്കാറുള്ള ചിത്രങ്ങളില്‍ ഒന്നാണ് ‘രാജീവ് അഞ്ചലിന്‍റെ’ ഗുരു (1997). ഗഹനമായ ചലച്ചിത്ര സങ്കേതങ്ങളിലേക്ക് ചുവടു മാറി മലയാള സിനിമ ലോകനിലവാരത്തിലേക്ക് ഉയരുന്നതിന്‍റെ ഒരു ചൂണ്ടുപലക തന്നെ ആയിരുന്നു ഈ ചിത്രം .

            “അഞ്ജതയുടെ തിമിരം കൊണ്ട് അന്ധരാകുന്നവരെ അറിവിന്‍റെ അഞ്ജനത്താല്‍ കണ്ണുതുറപ്പിക്കുന്നവനാണ് ഗുരു” 
എന്ന് പറഞ്ഞുകൊണ്ടാണ് ഈ ചിത്രം തുടങ്ങുന്നത് . രഘുരാമന്‍ എന്ന വ്യക്തിയിലൂടെ , അയാളെ മനുഷ്യരാശിയുടെ തന്നെ പ്രതീകമാക്കി ബിംബകല്‍പന ചെയ്തു അന്ജതയുടെ അന്ധതയെ മാറ്റാന്‍ അറിവിന്‍റെ കാഴ്ചകൊണ്ട് മാത്രമേ കഴിയു എന്ന് കാണിച്ചു തരുന്നു ഈ സിനിമ . മതവെറിയും സാമൂഹിക വലുപ്പ ചെറുപ്പങ്ങളും മനുഷ്യനെ മനുഷ്യനായി തന്നെ കണ്ടു സഹജീവികളോട് സ്നേഹത്തോടെ പെരുമാറാന്‍ കെല്പില്ലാത്തവരായി നമ്മെ മാറ്റിക്കോണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരുപാടു പ്രസക്തി ഉള്ള പ്രമേയമാണ് രാജീവ്‌ അഞ്ചല്‍ 16 പതിനാല് വര്‍ഷം മുന്‍പ് എടുത്ത ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. 

              ഒറ്റ നോട്ടത്തില്‍ കഥാഗതിയെ കൃത്യമായി രണ്ടായി മുറിച്ചിടുന്ന ഒരു DICHOTOMY ഉണ്ട് ഈ സിനിമക്ക് എന്ന് തോന്നിപ്പിക്കും . പക്ഷെ സൂക്ഷമമായി പരിശോധിച്ചാല്‍ കഥയുടെ ഒരു കാതല്‍ ഭാഗവും അതിലേക്കു നയിക്കുന്ന ഒരു പ്രവേശകവും (PRELUDE) ആണെന്ന് വ്യക്തമാകും . അതിലെ PRELUDE ഇല്‍ രഘുരാമന്‍ ഒരു വ്യക്തി മാത്രമാണ് . സമൂഹത്തിലെ ജീര്‍ണിച്ച ചിലതിനോട് പ്രതികരിക്കുകയും അര്‍പ്പുകൊണ്ട് മാറി സഞ്ചരിക്കുകയും ചെയുന്ന ഒരു വ്യക്തി . പൂണൂല്‍ പൊട്ടിച്ച ബ്രാഹ്മണന്‍ . ക്രിസ്ത്യനിയുടെയും മുസ്ലിമിന്‍റെയും എണ്ണയും വഴിപാടും വാങ്ങാമെങ്കില്‍ അവര്‍ തൊട്ടാല്‍ ദേവന് അയ്തം ഉണ്ടാകില്ല എന്ന് വാദിക്കുന്ന റിബല്‍ . സ്വജനങ്ങളുടെ ചോരക്കു ചോരകൊണ്ട് കണക്ക് ചോദിക്കാന്‍ ഇറങ്ങി പുറപ്പെട്ടുപോകുന്ന സാധാരണ മനുഷ്യന്‍ .

             രണ്ടാം ഭാഗത്തില്‍ രഘുരാമന്‍ സാക്ഷി ആണ് . കാണാന്‍ കഴിയാത്ത മനുഷ്യരുടെ ലോകത്തു കാഴ്ചയുള്ള ഏക സാക്ഷി ആയി അയാള്‍ നില്‍കുന്നു . ഞാന്‍ കാണുന്നു എന്ന് പറയുന്നത് അന്ധന്മാരോട് ആണെന്നു അയാള്‍ ഓര്‍ക്കുന്നില്ല .അവര്‍ അതിനെ ഒരു വല്യ നുണയായി കാണുന്നിടത്ത് പരമമായ സത്യം എന്ന കാഴ്ചയെ അറിവില്ലായ്മയുടെ ലോകം അതിന്റെ അന്ധത കൊണ്ട് നിരാകരിക്കുന്നു എന്ന മഹത്തായ ദര്‍ശനം ഇവിടെ ഏറ്റവും മനോഹരമായി കാണിച്ചു തരുന്നു . എലാമ പഴം പോലെ മധുരമായ അസത്യങ്ങള്‍ ചോദ്യം ചെയ്യാതെ ശീലിച്ചു അന്ധരായ നമ്മളെ തന്നെ ഒരുനിമിഷം കാണും , ആ താഴ്വരയിലെ പ്രാകൃതരായ മനുഷ്യ കോലങ്ങളില്‍ നമ്മള്‍ . അത്തരം കണ്ണുകള്‍ തുറപ്പിക്കാന്‍, കൊടിയ വിഷമെന്നു പറഞ്ഞു തലമുറകളെക്കൊണ്ട് നിരകരിപ്പിച്ചു വലിച്ചെറിയിപ്പിച്ച എലാമ പഴത്തിന്‍റെ വിത്തുകള്‍ ചതച്ചു , അതിന്‍റെ സത്തുകൊണ്ട് നമ്മുടെ അന്ധത മാറ്റാന്‍ രഘുരാമന്‍മ്മാര്‍ ഇനിയും ഉണ്ടാകണേ എന്ന് പ്രാര്‍ഥിച്ചു പോയിട്ടുണ്ട് ഓരോ വട്ടവും ഈ ചിത്രം കാണുമ്പോള്‍ . 

            തിരശീലയ്ക്കു മുന്നിലും പിന്നിലും അനുഗ്രഹീത കലാകാരന്മമാര്‍ അണിനിരന്ന ഒരു സിനിമ ആയിരുന്നു ഗുരു . കാലാസംവിധായകന്‍ എന്ന നിലയില്‍ നേരത്തെ പത്മരാജന്‍റെ ഞാന്‍ ഗന്ധര്‍വന്‍ പോലുള്ള ചിത്രങ്ങളില്‍ കഴിവ് തെളിയിച്ച ആളാണ് രാജീവ്‌ അഞ്ചല്‍ . ബട്ടര്‍ഫ്ലൈസും കാശ്മീരവും ഒക്കെ എടുത്ത് നടന്ന സംവിധയകന്റെ നല്ല സിനിമയിലേക്കുള്ള ചുവടുമാറ്റം എന്ന പ്രതീക്ഷ (വെറും പ്രതീക്ഷ ആയിരുന്നു എങ്കിലും) തന്ന ചിത്രമാണ് ഗുരു . തിരക്കഥ എഴുതിയത് സി. ജി. രാജേന്ദ്രബാബു ആണ് .കഥ പക്ഷെ രാജീവ്ന്‍റെ തന്നെ . പോതകോട് കരുണാകരഗുരുവിന്‍റെ അനുയായി അയ സംവിധായകന്‍റെ ആ ബന്ധം തന്നെ ആകണം ഈ കഥയുടെ ആദ്യ ചിന്തകള്‍ക്ക് ആധാരം എന്ന് വേണം കരുതാന്‍ . 

           മോഹന്‍ലാല്‍ എന്ന നടന്‍ അല്ലായിരുന്നെങ്കില്‍ രഘുരാമന്‍ എത്രയും പൂര്‍ണത കൈവരിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ . ലാല്‍ ഇത്ര സ്വാഭാവികമായി അഭിനയിച്ച കഥാപാത്രങ്ങള്‍ ഇന്ന് അധികം കാണാറില്ല എന്നത് ഒരു ദുഖമാണ് .സുരേഷ് ഗോപിയുടെ അഭിനയം എടുത്തു പറയണം . ഇന്നലെ , പപ്പയുടെ സ്വന്തം അപ്പൂസ്‌ തുടങ്ങിയ ചിത്രങ്ങളില്‍ കണ്ട അഭിനയ മികവ് വീണ്ടും കാട്ടി തരും ഗുരു . മധുപാല്‍ , നെടുമുടിവേണു , ശ്രീനിവാസന്‍ , മുരളി , സിതാര എല്ലാവരും തങ്ങളുടെ ഭാഗം വൃത്തിയാക്കി . 

            ഓസ്കാര്‍ നോമിനേഷന്‍ കിട്ടിയ ആദ്യ മലയാള സിനിമ ആണ് ഗുരു . 2011 വരെ ഏക മലയാള സിനിമ . മലയാളത്തിലെ പൂര്‍ണമായ അര്‍ഥത്തില്‍ സിനിമാറ്റിക് എന്ന് വിളിക്കാവുന്ന ചില ചിത്രങ്ങളില്‍ ഒന്നാണ് ഗുരു .

             ഒരല്പം നിരൂപണം . ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമ ആകുമായിരുന്നു ഗുരു . സിനിമയുടെ ഏതാണ്ട് ആദ്യ പകുതിഭാഗം മുന്‍പ് സൂചിപ്പിച്ചപോലെ അതിന്‍റെ ആശയത്തിലേക്ക് അല്ലെങ്കില്‍ കാതലിലേക്ക് ഉള്ള ഒരു PRELUDE ആണ് . ആ പൂര്‍വ്വഭാഗങ്ങള്‍ വല്ലാതെ വേഗത കുറഞ്ഞവ ആണെന്നുതോന്നി .
ആദ്യഭാഗത്ത്‌ കാണിക്കുന്ന ‘മിന്നാരം മാനത്ത്’ എന്ന് തുടങ്ങുന്ന ഗാനം അനാവശ്യമായി തോന്നി . ശ്രീലക്ഷമിക്ക് ഡാന്‍സ് കളിയ്ക്കാന്‍ അറിയാം എന്നും കേരളത്തിന് നല്ല പ്രകൃതിമനോഹാരിത ഉണ്ടെന്നും കാണിക്കാന്‍ മാത്രം ഒരു പാട്ട് . കഥഗതിയുമായി എഴുകിചേരാതെ എഴച്ചു കേട്ടിയതുപോലെ മുഴച്ചിരിക്കുന്നതായി തോന്നി അത് . ഈ സിനിമയുടെ എഡിറ്റര്‍മായ ബി . ലെനിന്‍ - വി.ടി.വിജയന്‍ എന്നിവരുടെ കത്രിക ഈ ഗാനം വെട്ടികളയാനുള്ള വകതിരിവ് കാണിച്ചിരുന്നെങ്കില്‍ കൂടുതല്‍ മനോഹരം ആയേനെ ഈ ചിത്രം . ഉന്നത ചിന്താഗതികള്‍ വച്ചുപുലര്‍ത്തി എങ്ങനെ ഒരു സിനിമ എടുക്കുമ്പോളും നമ്മുടെ സംവിധായകര്‍ ചില ക്ലിഷേകള്‍ പിന്തുടരുന്നത് കഷ്ടമാണ് .

             ഓസ്കാര്‍ നോമിനേഷന്‍ പോലെയുള്ള വലിയ reputations ഈ ചിത്രത്തെ തേടി വരും എന്ന് രാജീവ് അഞ്ചല്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചുകാണില്ല . അല്ലെങ്കില്‍ ഒരല്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാമായിരുന്ന മേലെ സൂചിപ്പിച്ചപോലെ ഉള്ള ചിലതു ഉണ്ടാകുമായിരുന്നില്ല ഇതില്‍ . അതുപോലെ സാങ്കേതിക മേന്മയും അരല്പ്പം കൂട്ടാമായിരുന്നു എന്ന് തോന്നി . 

            ഗുരു പോലെയുള്ള ഒരു സിനിമ എടുത്ത രാജീവ് അഞ്ചലിന് പിന്നീട് എന്ത് സംഭവിച്ചു എന്നത് ഒരു ചോദ്യം തന്നെ ആണ് . പൈലറ്റ്സും ഋഷിവംശവും ഒക്കെ എടുത്തു ഒടുവില്‍ പാട്ടിന്റെ പലാഴിയില്‍ ആണ് എത്തിനില്‍ക്കുന്നതു . 14 വര്‍ഷത്തിനു ശേഷം ആദമിന്റെ മകന്‍ അബു എന്ന സിനിമ വീണ്ടും മലയാളത്തില്‍ നിന്ന് ഓസ്കാറിന് നിര്‍ദേശിക്കപ്പെട്ടപ്പോള്‍, രാജിവ് അഞ്ചല്‍ സ്വയം ഒന്ന് ഞെട്ടി കാണണം. ചുറ്റും പുറവും ഒന്ന് നോക്കി കാണും . സ്വയം പുച്ഛം തോന്നിക്കാണും... തന്‍റെ കഴിവിനോടോ സിനിമാലോകത്തിനു അദ്ദേഹത്തിന്റെ മേല്‍ ഉണ്ടായിരുന്ന പ്രതീക്ഷയോടോ നീതി പുലര്‍ത്താന്‍ കഴിഞ്ഞോ രാജീവ്‌ അഞ്ചലിന് പിന്നീട് എന്നത് സംശയമാണ് .

            സ്ഥാപിത സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും അപ്പുറം മലയാള സിനിമയുടെ ചരിത്രം എഴുതുമ്പോള്‍ സ്വര്‍ണ ലിപികളില്‍ തന്നെ എഴുതി രണ്ടു അടിവര ഇട്ടു രേഖപ്പെടുത്തേണ്ട ഒരു പേരാണ് ‘ഗുരു’. മലയാള സിനിമ യെ ഓര്‍ത്തു അല്പമെങ്കിലും അഭിമാനിക്കാന്‍ ഈ ചിത്രം ഒന്ന് കണ്ടാല്‍ മതി . ഒപ്പം ഇതുപോലെയുള്ള സിനിമകള്‍ കൂടുതല്‍ ഉണ്ടായിട്ടില്ല എന്നത് നമ്മെ അല്ഭുതപെടുത്തുകയും വിഷമിപ്പിക്കുകയും ഒക്കെ ചെയ്യും .

ഗുരു (1997)
സംവിധാനം – രാജീവ്‌ അഞ്ചല്‍
                                                             -വഴിപോക്കന്‍

No comments:

Post a Comment