Thursday 3 October 2013

THE SECRET IN THEIR EYES - ഒരു അര്‍ജെന്‍റെയിന്‍ ചലച്ചിത്ര വിസ്മയം

        

                  THE SECRET IN THEIR EYES (2009)  ഒരു അര്‍ജെന്‍റെയിന്‍ സിനിമ ആണ് . ലോക സിനിമക്ക് അര്‍ജെന്റീന നല്‍കിയ മികച്ച സംഭാവനകളില്‍ ഒന്നാണ് ഈ ചിത്രം .  ഇതിനു  മുന്‍പ് ഞാന്‍ ഒരൊറ്റ അര്‍ജെന്റീന സിനിമയെ ക്കുറിച്ച് മാത്രമേ കേട്ടിരുന്നുള്ളു, OFFICIAL STORY (സിനിമ ഞാന്‍ ഇനിയും കണ്ടിട്ടില്ല ) എന്ന ലാറ്റിന്‍ അമേരിക്കയുടെ ആദ്യ ഓസ്കാര്‍ ചിത്രത്തെ ക്കുറിച്ച് . ഒരു ക്രൈം ത്രില്ലര്‍  വിഭാഗത്തില്‍ ആണ് THE SECRET IN THEIR EYES എല്ലായിടത്തും പറഞ്ഞു കേട്ടത് .  എന്നാല്‍ പ്രേക്ഷകരെ അത്രമാത്രം ത്രില്‍ അടിപ്പിക്കുമോ എന്നത് സംശയമാണെങ്കിലും മറ്റു ചില  ഉന്നത മാനങ്ങള്‍ ഈ സിനിമക്ക് ഉള്ളതായിട്ടാണ് വഴിപോക്കന് അനുഭവപ്പെട്ടത്‌ .

                ത്രില്ലെര്‍സിനിമകളുടെ  അവിഭാജ്യഘടകമായ ഒരു  മരണം  , അതിനെ  ചുറ്റിപറ്റി  ഉള്ള ചില സമസ്യകള്‍ , അന്വേഷണം എന്നിവയൊക്കെ തന്നെ  ആണ് ഇതിലും  ഉള്ളത് എങ്കിലും  വ്യത്യസ്തമായ അവതരണ  ശൈലിയും  നമുക്ക് അധികം കണ്ടു പരിചയമില്ലാത്ത  ലാറ്റിനമേരിക്കന്‍ സിനിമയുടെ  വേറിട്ട പരിചരണവും സിനിമയ്ക്ക്  ഗുണം ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ്  മനസിലാക്കേണ്ടത് .  പൂര്‍ണമായും ഒരു കുറ്റാന്വേഷണമോ , ഒരു ത്രില്ലറോ അല്ല ഈ സിനിമ എന്ന് പറയേണ്ടി വരുന്നതും അതുകൊണ്ടാണ് . മനുഷ്യ ബന്ധങ്ങള്‍ , പരിശുദ്ധമായ പ്രണയം , ഒരല്പം രാഷ്ട്രീയം  അങ്ങനെ പലതിനെയും കൂടി വിഷയമാക്കുന്നുണ്ട് ഈ സിനിമ . കണ്ണുകളില്‍ രഹസ്യങ്ങള്‍ ഒളിപ്പിക്കുന്ന മനുഷ്യര്‍ , അത് വായിച്ചെടുക്കുന്ന മറ്റുചിലര്‍ . "No one can lie, no one can hide anything, when he looks directly into someones eyes". എന്ന പൌലോ കോയിലോ യുടെ വാചകം ഓര്‍മിപ്പിച്ചു സിനിമ  .

                  Benjamín Espósito എന്ന വിരമിച്ച  ഒരു ഫെഡറല്‍ എജന്റ്റ്  ഒരു നോവല്‍ എഴുതുകയാണ് . 25 വര്ഷം മുന്‍പ് താന്‍ കയ്കാര്യം ചെയിത ഒരു ബലാത്സംഗ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ തന്‍റെ തന്നെ കഥയും കൂടി ചേര്‍ന്ന് വരുന്ന ഒരു പ്രമേയം ആണ് നോവലിന് . അതിനു വേണ്ടി അയാള്‍ പഴയ സഹപ്രവര്‍ത്തകയും  തന്‍റെ കഴിഞ്ഞകാല ജിവിതത്തില്‍ ആരെല്ലാമോ ഒക്കെയും  ആയിരുന്ന ഐറിനെ കാണാന്‍ പോകുന്നു . ഇന്നവര്‍ ജഡ്ജ് ആണ് . കഥ ഫ്ലാഷ് ബാക്കിലേക്ക്‌ .. അവിടെ  ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലപെട്ട ലിലിയാന ഉണ്ട് .  അവളുടെ ഭര്‍ത്താവ് മൊറാലിസ് , അയാളുടെ സഹപ്രവര്‍ത്തകര്‍ , കുറ്റവാളിയായ , ലിളിയനാ യുടെ ബാല്യകാല സുഹൃത്ത്‌  ഗോമെസ് .. 

               അങ്ങനെ വര്‍ത്തമാനവും കഴിഞ്ഞകാലവും ഇടകലര്‍ന്ന ദ്രിശ്യങ്ങലിലൂടെ നാം കഥക്കൊപ്പം സഞ്ചരിക്കുന്നു .  അറ്റസ്റ്റ് ചെയിതെങ്കിലും  ഗോമെസ് വൈകാതെ പുറത്തിറങ്ങുന്നു . അയാള്‍ എസ്പോസിറ്റോ യുടെ സഹപ്രവര്‍ത്തകനെ കൊല്ലുന്നു. മരണഭയത്തില്‍ നാട് വിട്ടു ഓടിപോയ അയാള്‍ പിന്നീടു 25 വര്‍ഷത്തിനു ശേഷം തന്നെ ഒരുപാടു വെട്ടയാടികൊണ്ടിരുന്ന  ഈ കേസിനെ ക്കുറിച്ച് എഴുതാന്‍ വേണ്ടിയാണ് തിരിച്ചെത്തിയത്‌ . നോവല്‍ അയാള്‍ പൂര്‍ത്തിയാക്കുന്നു .  പക്ഷെ ചില ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു ... പൂരിപ്പിക്കാത്ത ചില സമസ്യകള്‍ ... അതിന്‍റെ ഉത്തരം തേടി അയാള്‍ എത്തുന്നത്‌  നഗരം വിട്ടു ഒരു ഗ്രാമപ്രദേശത്ത് ഒറ്റയ്ക്ക് ജീവിക്കുന്ന ലിലിയാനയുടെ ഭര്‍ത്താവു  മൊറാലിസിന്‍റെ അടുത്താണ് ..    

             മൊറാലിസ്ന്‍റെ കണ്ണുകളില്‍ നിന്ന്  Espósito എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം വായിച്ചെടുക്കുന്നു ...അത് തേടിയാണ് അയാള്‍ ഇത്രയും കാലം നടന്നത് . നമ്മള്‍ പ്രേക്ഷരും തേടിയത് അതായിരുന്നു ....ആ   രഹസ്യം  അവരുടെ കണ്ണുകളില്‍ ഒളിഞ്ഞിരുന്ന ആ രഹസ്യം അത് പറഞ്ഞു ഏതായാലും രസച്ചരട് പൊട്ടിക്കുന്നില്ല ..

              സാധാരണ ത്രില്ലെര്‍ സിനിമകളില്‍ കാണുന്ന അത്രെയും ആകാംഷയോ ചടുലമായ ഒരു സിനിമ ഭാഷയോ  ഇതില്‍ ഇല്ല . ഒരല്‍പം ഇഴയുന്നു എന്ന ആക്ഷേപവും ഉണ്ടായേക്കാം . മനുഷ്യ ബന്ധങ്ങളുടെ തീവ്രത , പ്രണയം ഇതൊക്കെ ഉള്‍പ്പെടുത്തിയുള്ള വേറിട്ട പരിചരണം സിനിമക്ക് ഗുണം ചെയ്തതായി ആണ് അനുഭവപെട്ടത്‌ . മറിച്ചു അഭിപ്രായം ഉള്ളവരും കാണും .  കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ലാറ്റിന്‍അമേരിക്കന്‍ രാഷ്ട്രീയത്തെക്കൂടി സിനിമയില്‍ കാണാം . അഭ്യന്തര പ്രശ്നങ്ങളും റിബല്‍ മൂവ്മെന്റ്കളും , ചുവപ്പന്‍ വിപ്ലവങ്ങളും  കൊടികുത്തി വാണ സമയത്ത് നിയമ വ്യവസ്ഥിതിക്കു പോലും എത്രത്തോളം അപജയം സംഭവിച്ചിരുന്നു  ആ രാജ്യത്തു എന്നതിലേക്കും കൂടി വിരല്‍ ചൂണ്ടുന്നു  ഈ സിനിമ .

            പിടിച്ചിരുത്തി നമ്മളെ പുളകം കൊള്ളിക്കാനും ഈ സിനിമക്ക് അധികം കഴിയില്ല . പക്ഷെ സിനിമ കണ്ടു തീരുമ്പോള്‍ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തി എന്നും തോന്നില്ല . സിനിമയുടെ ക്ലൈമാക്സ്‌ വല്ലാതെ പിടിച്ചുലച്ചു എന്ന് പറയേണ്ടി വരും . മരണശിക്ഷക്കും അപ്പുറം വലിയ ശിക്ഷകള്‍ ലോകത്തുണ്ടെന്ന് മനസിലാക്കി തരുകയും ചെയ്യും .  ഗോമസിന്‍റെ കണ്ണുകള്‍ ഒളിപ്പിച്ചത് ഒരു കുറ്റവാളിയുടെ രഹസ്യം ആയിരുന്നെങ്കില്‍ മോരാലിസ് കണ്ണുകളില്‍ ഒളിപ്പിച്ചത് മറൊരു സത്യം ആയിരുന്നു .  

              മികച്ച അന്യഭാഷാ ചിത്രത്തിനുള്ള അക്കാദമി  അവാര്‍ഡ് വാങ്ങിയ സിനിമയാണ് THE SECRET IN THEIR EYES.  ലോകമെമ്പാടും ഉള്ള സിനിമാ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസക്ക് പാത്രീഭൂതമായ ഈ ചിത്രം വേറിട്ട ഒരു സിനിമാ അനുഭവം ആണെന്ന് നിസംശയം പറയാം. വെറുതെ കഥപറഞ്ഞു പോകല്‍ എന്നതിനപ്പുറം അനുവാചകരെ അനുഭവിപ്പിക്കല്‍ ആണ് സിനിമയുടെ ലക്ഷ്യം എന്ന്  വിശ്വസിക്കുന്നവര്‍ക്ക് ഒരുപാടു നല്‍കുന്നുമുണ്ട്   ഈ സിനിമ . ഈ സിനിമ കണ്ടിട്ടില്ലാത്തവര്‍ ഒന്ന് കണ്ടു നോക്കുക്ക . നിങ്ങള്‍ കണ്ട മനോഹര സിനിമകളുടെ കൂട്ടത്തിലേക്ക് എഴുതിചേര്‍ക്കാന്‍ ഒരു പേരുകൂടി കിട്ടും .

THE SECRET IN THEIR EYES -2009

DIRECTION . JUAN JOSE CAMPANELLA
                                                      
                                                         (വഴിപോക്കന്‍ )

No comments:

Post a Comment