Monday 14 October 2013

ഇടുക്കി ഗോള്‍ഡ്‌ - തലയ്ക്കു പിടിക്കുമ്പോള്‍


               ഇന്നലെ ആഷിക് അബുവിന്‍റെ പുതിയ ചിത്രം ഇടുക്കി ഗോള്‍ഡ്‌ കണ്ടു . വിവാദങ്ങളെയും വിമര്‍ശങ്ങളെയും ഒക്കെ മാറ്റി നിര്‍ത്തിയാല്‍ നല്ല  ചങ്കൂറ്റം ഉള്ള സിനിമ എന്ന് തന്നെ വിളിക്കണം ഇടുക്കി ഗോള്‍ഡ്‌നെ .   സാറ്റലൈറ്റ് വിപണനത്തിന്‍റെ അടിസ്ഥാനത്തില്‍ സിനിമയെ അളക്കുന്ന ഈ കാലത്ത് ഒരു രണ്ടാംനിര നായകന്മ്മാര്‍ പോലുമില്ലാതെ ,  സ്റ്റാര്‍വാല്യൂ തീരെ ഇല്ലാത്ത ചിലരെ വച്ച്,  മര്യാദക്ക് ഒരു കഥയോ , തിരക്കഥയോ ഇല്ലാതെ , ഒരു നായികയുടെപോലും സാന്നിധ്യം ഇല്ലാതെ ഇങ്ങനെയൊരു ചിത്രം ചെയ്യാന്‍ ഉള്ള പരിശ്രമം ചങ്കൂറ്റം അല്ലാതെ പിന്നെ എന്താണ് . ?  പക്ഷെ  ചങ്കൂറ്റം കൊണ്ട് മാത്രം സിനിമ നന്നാവില്ലല്ലോ . വിവാദങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും ഒക്കെ അപ്പുറം ഇടുക്കി ഗോള്‍ഡ്‌ ഒരു സിനിമ എന്ന നിലയില്‍ അര്‍ഹിക്കുന്ന സ്ഥാനവും ചില ഇഷ്ടക്കേടുകളും   ഒന്ന് വിലയിരുത്താന്‍ ശ്രമിക്കുകയാണ് .

             വിവാദം പൊട്ടിപുറപെട്ടപ്പോള്‍ ഫേസ്ബുക്ക്‌ നിരൂപകരും നമ്മുടെ സദാചാര പട്ടാളക്കാരും ഒക്കെ ആരോപിച്ചപ്പോലെ കഞ്ചാവ് , കള്ളുകുടി, തുടങ്ങിയവയെ മഹത്വവല്‍ക്കരിക്കുന്ന ഒരു STONER സിനിമ ആയി എനിക്ക് അനുഭവപ്പെട്ടില്ല . സമീപകാലത്ത് "കിളിപോയി " ആയിരുന്നു ഞാന്‍ കണ്ട ഒരു ഒത്ത കഞ്ചാവ് സിനിമ . അതുപോലെയൊന്നും അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുകയോ കഞ്ചാവ് വലിയും കള്ളുകുടിയും കാണിക്കാന്‍ വേണ്ടി മാത്രം ഉണ്ടാകുകയോ ചെയ്ത ഒരു സിനിമ അല്ല ഇടുക്കി ഗോള്‍ഡ്‌ . സിനിമ പറയുന്ന കഥയ്ക്ക് ആവശ്യമായ ഇടതു അല്ലാതെ അനാവശ്യമായി ഒരു മഹത്വവല്‍ക്കരണം തോന്നിയതും ഇല്ല .

            വളരെ ലളിതമായ  ഒരു പ്ലോട്ട് ആണ് ഈ സിനിമയുടേതു . വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തുന്ന മൈക്കിള്‍( പ്രതാപ്‌ പോത്തന്‍ ) തന്‍റെ പഴയ സ്കൂള്‍ ചെങ്ങാതിമാരെ പത്രപരസ്യം കൊടുത്തു കണ്ടു പിടിക്കുന്നു . അങ്ങനെ അവര്‍ ഒന്നിക്കുന്നു . അവര്‍ക്ക് കുറച്ചു ദിവസങ്ങള്‍ഒത്തുക്കൂടി ആ നല്ലകാലം ആഘോഷിക്കണം . പോയ്‌പ്പോയ ബാല്യത്തെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കണം  ഒപ്പം അവരുടെ കൌമാര കാലത്തിലേക്കുള്ള തിരിച്ചുപോക്ക് പൂര്‍ണമാക്കാന്‍ അന്ന് അവര്‍ വലിച്ചിരുന്ന ഇടുക്കി ഗോള്‍ഡ്‌ എന്ന കഞ്ചാവ് വീണ്ടും ഒന്ന് വലിക്കണം . അതിനായി അവര്‍ യാത്ര പോകുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും ആണ് പിന്നെ സിനിമയില്‍ ഉള്ളത് .  വലിയ ആകാംഷയോ ത്രില്ലെര്‍ സ്വഭാവമോ ഇല്ലാത്ത ഒരു സാധാരണ കഥയെ ആവും വിധം ലളിതമായി എന്നാല്‍ മനോഹരമായി തന്നെ അവതരിപ്പിക്കുക മാത്രമേ ഈ സിനിമയിലൂടെ ആഷിക് അബു ശ്രമിച്ചിട്ടുള്ളൂ. പക്ഷെ അത് ഒരു ആത്മാര്‍ഥശ്രമം ആയിരുന്നു എന്നു പറയാതെ വയ്യ .

                ഈ സിനിമയുടെ ആത്മാവ് ഷൈജു ഖാലിദിന്‍റെ  ക്യാമറ തന്നെ ആണ് . ഇടുക്കിയുടെ മനോഹാരിത കോടമഞ്ഞിന്റെ കുളിരിനൊപ്പം മനോഹരമായി നല്ല ക്ലോസ് റേഞ്ചില്‍ ഒപ്പിയെടുത്ത് ഷൈജു ഈ സിനിമയുടെ സീനുകള്‍ എല്ലാം മനോഹരമാക്കി . മടുപ്പിക്കാതെ പിടിച്ചിരുത്താന്‍ ഇതിലെ VISUAL RICHNESS നു സാധിച്ചിട്ടുണ്ടെങ്കില്‍ അത് ഷൈജുവിന്‍റെ മികവു തന്നെ ആണ് . രണ്ടാമതായി  ആ സന്തോഷക്കൂട്ടം , ബാബു ആന്റണി , രവീന്ദ്രന്‍ , മണിയന്‍പിള്ള , വിജയരാഘവന്‍ , പ്രതാപ്‌ പോത്തന്‍ . അവരുടെ സന്തോഷങ്ങള്‍ക്കൊപ്പം  അവരുടെ യാത്രയില്‍ നമ്മളെയും കൂട്ടികൊണ്ട്പോകുന്നു . വല്ലാത്ത ഒരു energetic ഫീല്‍ സിനിമക്ക് ഉണ്ടാകുന്നതില്‍ ഈ വയസന്‍ സംഘം നല്ല പങ്കു വഹിച്ചിട്ടുണ്ട്‌. ബാലതാരങ്ങള്‍ നടത്തിയ മികച്ച പ്രകടനവും വിസ്മരിച്ചു കൂടാ .  ഭൂതവും വര്‍ത്തമാനവും മാറി മാറി കണ്ടു കൊണ്ട്  കഥക്കൊപ്പം നമ്മള്‍ സഞ്ചരിക്കുന്ന ഒരു അനുഭൂതി ഉണ്ടാകുന്നുമുണ്ട് . ക്ലൈമാക്സ്‌ ലെ ആ സസ്പെന്‍സ് സാന്നിധ്യം വഴിപോക്കനായിട്ടു പൊളിക്കുന്നില്ല .  തിയേറ്റര്‍ തടവറയും ടിക്കറ്റിന്റെ കാശു പിഴയും ആയി അനുഭവപ്പെടാത്ത സിനിമകളുടെ കൂടെ എന്നും മനസുകൊണ്ട് നിന്നിട്ടുണ്ട് വഴിപോക്കന്‍ . കൂടുതല്‍ ഗഹനമായ ചിന്തയോ ആശയങ്ങളോ ഒന്നും മുന്നോട്ട് വയ്ക്കുന്നില്ലെങ്കില്‍കൂടിയും  നന്നായിട്ട് ആനന്ദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇടുക്കി ഗോള്‍ഡ്‌ . മാരകമായ കഥ വേണമെന്നു വാശിഉള്ളവര്‍ ആ വഴിക്ക് പോകാതിരുന്നാല്‍ നന്ന് .


             ഈ സിനിമ റിലീസിന് മുന്‍പ് ഉണ്ടാക്കിയ പോസ്റ്റര്‍ വിവാദങ്ങളും മറ്റും ഇനി ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന് തോന്നുന്നു . ആ വഴിക്ക് സിനിമക്ക് പ്രൊമോഷന്‍ കിടിയിരുന്നോ എന്ന് സംശയമാണ് . പക്ഷെ സിനിമ നേരിട്ട മറ്റൊരു വല്യ വെല്ലുവിളി ഇതൊരു സ്റ്റോണര്‍ സിനിമ ആണെന്ന് ആയിരുന്നു . പക്ഷെ അങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായില്ല .കഥയില്‍ കഞ്ചാവ് ഒരു കഥാപാത്രമായി വരുന്നതുകൊണ്ട് ഒഴിവാക്കാന്‍ ആവാത്ത രംഗങ്ങളില്‍   മാത്രമേ  അത്  ഉപയോഗിച്ചിട്ടും  ഉള്ളു .  മുപ്പത്തിയഞ്ചു വര്‍ഷങ്ങളുടെ അപ്പുറം തേടി പിടിച്ചു ഒന്നിക്കാന്‍ മാത്രം ആ സുഹൃത്തുക്കളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന ഘടകങ്ങളില്‍  നീല ചടയന്‍ കഞ്ചാവിന്റെ പുകയും ഉണ്ടായിരുന്നു . ആ പുകച്ചുരുളുകളുടെ നൊസ്റ്റാള്‍ജിയയിലേക്ക് ഉള്ള ആ സുഹൃത്തുക്കളുടെ  പ്രതിലോമഗതി അവരെ എത്തികുന്നത് മറ്റു ചില ഓര്‍മകളിലേക്ക് ആണ് . മറവിയുടെ കോട മൂടിപോയ കഴിഞ്ഞ കാലത്തിന്‍റെ ചില മോശം ഓര്‍മകളിലേക്ക് . നമ്മുടെ  യുവ തലമുറ  ഇതില്‍ നിന്നൊക്കെ എന്ത് പ്രചോദനം ആണ് ഉള്‍ക്കൊള്ളുക എന്നത് കണ്ടറിയണം .

            പരീക്ഷണങ്ങള്‍ നടത്തുകയും ഇടക്ക് സ്വയം വിവാദങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നത്കൊണ്ട് ആയിരിക്കും ആഷിക് അബുവിനു ചില  വട്ടപെരുകള്‍ ഒക്കെ വീണു തുടങ്ങി. മട്ടാഞ്ചേരി നോലന്‍, സ്പില്‍ബെര്‍ഗ് , കൊച്ചിന്‍ ടോറാന്റിനൊ  എന്നൊക്കെ കെട്ടു .  അദ്ധ്യായം തിരിച്ചു  ചില തലകെട്ടുകള്‍ നല്‍കി നടത്തിയ ചില ഹോളിവൂഡ്‌ പരീക്ഷണം ഈ ചീത്തപ്പേരുകള്‍ കൂട്ടാന്‍ മാത്രമേ ഉപകരിക്കു .  സാധാരണ MULTI LINEAR സിനിമകളിലും ( PULP FICTION പോലെ ) മറ്റും ഒക്കെ ഉപയോഗിച്ച് കാണാറുള്ള പഴയ ഹോളിവൂഡ്‌ ട്രിക്ക്  ഇതില്‍ ഒരു കല്ലുകടി ആയിട്ടാണ് അനുഭവപെട്ടതും .  പിന്നെ കാര്യമായ കഥ ഇല്ലാത്തതും ചിലര്‍ക്ക് അരോചകമായി തോന്നാം . ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ ആയിട്ടെ അക്കൂട്ടര്‍ക്ക്‌ ഈ സിനിമ അനുഭവപ്പെടൂ. വിമര്‍ശനത്തിന്റെ മൂര്‍ച്ചകൊണ്ട് കുത്തി പൊട്ടിക്കാന്‍ കഴിയുന്ന ഒരു ബലൂണ്‍ . എങ്കിലും  പച്ചതെറി , ശരീര പ്രദര്‍ശനം , വ്യഭിചാരം , ആഭിചാരം , ഗര്‍ഭം തുടങ്ങിയ   പുതിയ പ്രവണതകളെ പരമാവധി അക്കറ്റിനിര്‍ത്താന്‍ ശ്രമിച്ചിട്ടും ഉണ്ട് .  പക്ഷെ പകരം പരക്കുന്ന കഞ്ചാവ് പുകയും ആരോച്ചകമാകുന്നുണ്ട് എങ്കിലും .

             ഒരു നായിക ഇല്ലാത്ത സിനിമയാണ് ഇടുക്കി ഗോള്‍ഡ്‌ . അതൊരു കുറവായിട്ട് അനുഭപെട്ട സൗന്ദര്യ ആരാധകര്‍ കാണും പക്ഷെ അങ്ങനെ ഒരു നൂനത വഴിപോക്കന് തോന്നിയില്ല . പക്ഷെ നമ്മുടെ വൈവാഹിക ബന്ധങ്ങളിലെക്കും അതിന്‍റെ കെട്ടുറപ്പിലേക്കും ഒക്കെ എയ്യുന്ന അമ്പുകള്‍ തിരകഥാകൃതിന്റെ അല്ല മറിച്ചു സംവിധായകന്റെത് തന്നെ അവന്‍ ആണ് സാധ്യത . LIVING TOGETHER  എന്ന ആശയത്തില്‍ വിശ്വസിച്ചു ജീവിക്കുന്ന സംവിധായകന് എന്ത് കുടുംബം , എന്ത് ബന്ധം എന്ത് ഭദ്രത ? അത് പക്ഷെ പറയസ്യമായി വിളിച്ചു പറയുമ്പോള്‍ അന്തസായ കുടുംബജീവിതം നയിക്കുന്ന ബഹുപൂരിപക്ഷം പേരുള്ള ഒരു സമൂഹത്തിന്‍റെ അകത്താണ്  താന്‍ നില്‍ക്കുന്നത് എന്നത്  മറന്നതുപോലെ തോന്നി .

                കഥകൊണ്ട് പ്രേക്ഷകനെ കൊല്ലാതെ , ഉള്ള കഥ  സിനിമക്ക് മാത്രം സാധിക്കുന്ന രീതിയില്‍ ആസ്വാദ്യകരമായ ഒരു അനുഭവമാക്കി മാറ്റുന്ന വിദേശ സിനിമാ സാങ്കേതങ്ങളോടാണ് ഇടുക്കി ഗോള്‍ഡ്‌നു കൂടുതല്‍ അടുപ്പം .  ഇത് ഒരു വിദേശ സിനിമ ആയിരുന്നെങ്കില്‍ കുറ്റം പറയുന്നവര്‍ ഒക്കെ superb, awesome, തുടങ്ങിയ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയേനെ . അധികം ചിന്തകള്‍ ഇല്ലാതെ , തിയേറ്ററില്‍  ഇരുന്നു ബുദ്ധിജീവി വിശകലനം നടത്താതെ  , മുന്‍വിധികളില്ലാതെ സിനിമ ആസ്വദിക്കാന്‍ വേണ്ടി പോകുന്നവരെ നിരാശപ്പെടുത്താത്ത ഒരു സിനിമ ആണ് ഇടുക്കി ഗോള്‍ഡ്‌ എന്നാണ് വഴിപോക്കന്റെ അഭിപ്രായം .  നമ്മുടെ പുതു തലമുറ  ഇതിനെ ഒരു സിനിമ ആയി മാത്രം കണ്ടു , ഇതില്‍നിന്നൊരു മോശം പ്രചോദനവും ഉള്കൊള്ളാതിരിക്കട്ടെ .


TAIL PIECE :-   പ്രതാപ്‌ പോത്തനും പി സി ജോര്‍ജ്ജ്ഉം തമ്മില്‍ ഒരു തെറി മത്സരം നടത്തിയാല്‍ ആരു ജയിക്കും ?  ഏതായാലും ഇത്രയും നന്നായി അസഭ്യം പറയാന്‍ അറിയാവുന്ന അദ്ദേഹത്തെ നമ്മുടെ ന്യൂ ജെനറേഷന്‍ സിനിമാക്കാര്‍ വേണ്ട വിധത്തില്‍ അറിയാതെ പോയി ...

                                               (വഴിപോക്കന്‍ )

2 comments:

  1. വായിച്ചതില്‍ ഇഷ്ടായ ഒരു റിവ്യൂ :) .കൊള്ളാം

    ReplyDelete
  2. സിനിമ ഇത് വരെ കണ്ടില്ലാ.,
    വായിച്ചപ്പോള്‍ കാണണമെന്ന് തോന്നുന്നു..

    നന്നായി എഴുതി...

    ആശംസകള്‍..

    ReplyDelete