Wednesday 2 October 2013

PSYCHO - സമാനതകള്‍ ഇല്ലാത്ത ത്രില്ലെര്‍ അനുഭവം

        

           ലോക സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായാണ് ഹിച്ച്കൊക്കിന്‍റെ PSYCHO -1960 കരുതി പോരുന്നത്. അന്ന് വരെ നിലവില്‍ ഉണ്ടായിരുന്ന ത്രില്ലെര്‍ സിനിമാ സങ്കല്പങ്ങളെ  പൊളിച്ചെഴുത്തിയ ഈ ചിത്രം ഒരു അളവുകോല്‍ ആണ് . ലോകമെമ്പാടും ഈ ശ്രേണിയിലുള്ള സിനിമകളെ പിന്നീടു വിലയിരുത്തിയിരുന്നത് PSYCHO യുമായി താരതമ്യം ചെയ്തായിരുന്നു . ഓരോ ഷോട്ടിലും ഇത്രയേറെ ആകാംഷ നിറച്ചു വച്ച് , നമ്മളെ പിടിച്ചിരുത്തി കാണിക്കുന്ന , ഭയപ്പെടുത്തുന്ന  മറ്റൊരു സിനിമയും പെട്ടെന്ന് ഓര്‍മ്മവരുന്നില്ല . സൈക്കോ  ആദ്യമായി കണ്ട ആ ദിവസം , ആ സിനിമ നല്‍കിയ  ഒരു ഞെട്ടല്‍ . ഒരു തവണ കാണുമ്പോളും ആ ദിവസം ഓര്‍ക്കും .

          അന്താരാഷ്ട്ര സിനിമ അടുത്തറിയാന്‍ എന്നും ശ്രമിച്ചിട്ടുള്ള  സിനിമ പ്രേമികള്‍ക്ക്  ഒരു ആസ്വാദനം എഴുതി വഴിപോക്കന്‍ പരിചയപ്പെടുതേണ്ടതില്ലാത്ത പേരാണ് SIR ALFRED HITCHCOCK ഉം അദേഹത്തിന്റെ PSYCHO എന്ന ലോക ക്ലാസ്സിക്‌ സിനിമയും . മനശാസ്ത്രത്തിന്‍റെ പിതാവായ ഫ്രോയിഡ്‌( SIGMUND FREUD) , പിന്നീടു വന്ന നവ-ഫ്രോയിഡിയന്‍(NEO - FREUDIAN)   ചിന്തകള്‍ ഇവയെല്ലാം  മനുഷ്യ മനസിന്‍റെ ആഴത്തിലെ വ്യക്തി ബോധത്തെയും  അതിസങ്കീര്‍ണതകളെയും  നിര്‍വചിക്കാന്‍ തുടങ്ങിയ കഴിഞ്ഞ നൂറ്റാണ്ടില്‍ അവയുടെ സ്വാധീനം സിനിമയിലും പ്രകടമായിരുന്നു . അത്തരത്തില്‍ പ്രേതം , പിശാചു , തുടങ്ങിയ നമ്മുടെ ഹൊറര്‍ ബിംബങ്ങളെ ശാസ്ത്രീയമായി സമീപിച്ച ആദ്യ സിനിമ PSYCHO തന്നെ ആയിരിക്കണം . 1960 ല്‍ ഇറങ്ങിയ ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രത്തെ വെല്ലുന്ന ഒരു ത്രില്ലെര്‍ സിനിമ എടുക്കാന്‍ ലോക സിനിമക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നതും ഈ സിനിമയുടെ മഹത്വം കൂട്ടുന്നു.

    ഫീനക്സ് നഗരത്തില്‍ നിന്ന് 40000 ഡോളര്‍ മോഷ്ടിച്ച് കാമുകന്‍റെ അടുത്തേക്ക് ഒളിച്ചു യാത്ര ചെയുന്ന  മരിയന്‍ ക്രയിന്‍ (JANET LEIGH) രാത്രി വഴിയിലെ ഒരൊറ്റപെട്ട സ്ഥലത്ത്  ബേയ്റ്റ്സ്മോട്ടല്‍ (  BATES MOTEL ) എന്ന സത്രത്തില്‍ തങ്ങുന്നു .അതിന്‍റെഉടമസ്ഥനും നടത്തിപ്പുകാരനും ആണ് നോര്‍മന്‍ ബേയ്റ്റ്സ്  (ANTONY PERKINS  ). ക്രയിന്‍ ആ രാത്രി  ദുരൂഹമായ  സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു . അവളെ തേടി അവിടെ  എത്തുന്ന  ഒരു  കുറ്റാന്വേഷകനും  ദുരൂഹമായി  കൊലചെയ്യപ്പെടുന്നു  , മരിയന്‍റെ കാമുകന്‍ , സഹോദരി  എന്നിവര്‍ നടത്തുന്ന  അന്വേഷണത്തില്‍ രഹസ്യങ്ങളുടെ  ചുരുളഴിയുന്നു .  കൊലപാതങ്ങളുടെ പിന്നില്‍  മനുഷ്യനോ പ്രേതമോ  ???  ഒരൊറ്റ നിമിഷം പോലും നിങ്ങളെ മടുപ്പിക്കാതെ കഥയോടൊപ്പം സഞ്ചരിപ്പിക്കും ഈചിത്രം .

എടുത്തു പറയേണ്ട ചില ഘടകങ്ങള്‍ :-  

തിരകഥ :- ജോസഫ്‌ സ്റെഫാനോ എന്ന തിരകഥാകൃത്തിനെ എടുത്തു പറയണം .  PSYCHO എന്ന പേരിലുള്ള ഒരു നോവലിനെ അടിസ്ഥാനമാക്കി ചില മാറ്റങ്ങളോടെ ആണ് തിരകഥ രൂപപ്പെടുത്തിയത് .  സിനിമയുടെ ഭാഷ നിര്‍ണയിക്കുന്നത് എഡിറ്ററുടെ കത്രിക ആണെന്ന്  കപ്പോള പറഞ്ഞിട്ടുണ്ട് . പക്ഷെ സിനിമയുടെ ആദ്യ എഡിറ്റിംഗ്  നടക്കുന്നത് , അല്ലെങ്കില്‍ നടക്കേണ്ടത്‌  തിരകഥ രചിക്കുന്ന ആളിന്‍റെ തലച്ചോറില്‍ ആണ് . അതില്‍ സ്റെഫാനോ വിജയിക്കുകയും ചെയ്തു .  ( മരിയന്‍ കാറില്‍ പോകുന്ന ഒരു സീന്‍ ഉണ്ട് . അപ്പോള്‍ നമ്മള്‍ കേള്‍ക്കുന്നതു  കുറെ ഡയലോഗ്കള്‍ ആണ് . ഓഫീസില്‍ അവളുടെ ബോസ്, പിന്നെ സഹോദരി , സഹപ്രവര്‍ത്തകര്‍ , ഒരു കാര്‍ മെക്കാനിക്കും പോലീസുകാരനും .. അങ്ങനെ കുറെ ആളുകള്‍ സംസാരിക്കുന്ന സംഭാഷണങ്ങള്‍.   സിനിമയുടെ ദൈര്‍ഘ്യം ഒരു 10 മിനിറ്റ് എങ്കിലും കുറയ്ക്കാനും സഹായിച്ചു ഇത് .. അതുപോലെ ഒരുപാടു ഉദാഹരണങ്ങള്‍ ഉണ്ട് )

HITCHCOCK :-  സിനിമയുടെ ആദ്യ ഷോട്ട് മുതല്‍ അവസാനം വരെ ആകാംഷ ഒട്ടും ചോര്‍ന്നുപോകാതെ, അനാവശ്യമായ ഒരു രംഗം പോലും ഇല്ലാതെ , സൈക്കോ ഒരു സംവിധായകന്‍റെ ഏറ്റവും മികച്ച സൃഷ്ടി ആയി മാറിയിട്ടുണ്ട് എങ്കില്‍ അതിന്‍റെ  മുഴുവന്‍ കയ്യടിയും ആല്‍ഫ്രഡ്‌ ഹിച്കോക്ക് എന്ന വിഖ്യാത ചലച്ചിത്രകാരന് ഉള്ളതാണ് ."For me, the cinema is not a slice of life, but a piece of cake. " എന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ സിനിമകള്‍ എല്ലാം അത്തരത്തില്‍ നല്ല THRILLER അല്ലെങ്കില്‍ ENTERTAINER ആയിരുന്നു . ഒരു കഷണം കേക്ക് പോലെ .

       ഫീനിക്സ് നഗരത്തിന്‍റെ ഒരു ദൃശ്യം .  ക്യാമറ ഒരു വലിയ  കെട്ടിടത്തിലെ ഒരു  ജനല്പാളികളിലേക്ക് സൂം ചെയുന്നു . സൈക്കോ ഇവിടെ തുടങ്ങുകയാണ് .  പിന്നീടുള്ള ഒരു രംഗത്തിലും അമ്പരപ്പും ആകാംഷയും മാത്രമേ ഉള്ളു . സിനിമയോടൊപ്പം നമ്മള്‍ സഞ്ചരിക്കും . അടുത്ത നിമിഷം എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നു എന്ന ഒരു ആകാംഷ ചിത്രത്തിലുടനീളം നമ്മള്‍ അനുഭവിക്കും . 1960 ലെ പരിമിതമായ ചലച്ചിത്ര സാങ്കേതികതകള്‍ വച്ച് നോക്കിയാല്‍ PSYCHO  അന്നത്തെ ഏറവും നൂതന സിനിമ ആയിരുന്നു എന്ന് വേണം കരുതാന്‍ .  ഒപ്പം മനുഷ്യ മനസ്സിന്‍റെ ആഴങ്ങളിലെ അതി വിചിത്രവും നിഗൂഡവുമായ  ഉള്ളറകള്‍ തേടി ഒരു അന്വേഷണവും ചിത്രം അവശേഷിപ്പിക്കുന്നു . FREUD നോളം മനുഷ്യ മനസ്സിനെ അടുത്തറിഞ്ഞ വര്‍ക്ക്  പോലും അത്  പരിധിക്കപ്പുറം ഒരു പ്രഹേളിക ആയിരുന്നു എന്ന സത്യം  ഒന്നുകൂടി  വിളിച്ചു പറയുന്നപോലെ .

       PSYCHO യുടെ പൂര്‍ണമോ ഭാഗികമോ  അയ അനുകരണങ്ങളോ , ശക്തമായ സ്വാധീനമോ പ്രകടമായ ഒരുപാടു സിനിമകള്‍ കഴിഞ്ഞ അമ്പത് വര്ഷം കൊണ്ട് ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള സിനിമകളില്‍ വന്നിട്ടുണ്ട് . എത്രയെത്ര  ചലച്ചിത്ര പ്രവര്‍ത്തകര്‍ ആണ് ഹിച്കോക്ക് ന്‍റെ പാതയില്‍ സഞ്ചരിച്ചത്!! .. ദ്വന്ദ വ്യക്തിത്വം , അപര വ്യക്തിത്വം എന്നൊക്കെ വിളിക്കുന്ന   DISSOCIATIVE IDENTITY DISORDER എന്ന  മനോരോഗത്തെയും  നമ്മുടെ പ്രേത സങ്കല്പങ്ങളെയും ഒക്കെ പരാമര്‍ശിക്കുന്ന ചലച്ചിത്ര ഉദാഹരണങ്ങള്‍ ഏറെ ആണ് .അത്തരം  ചിത്രങ്ങളിലെ   പൊതുഘടകം  അയ ഒരു മനശാസ്ത്രജ്ഞനും കാണും . ലോക സിനിമയില്‍ പിന്നീടു വന്ന ഒരു ത്രില്ലെര്‍ സിനിമക്കും PSYCHOയ്ക്ക് കഴിഞ്ഞതുപോലെ ഒരു സ്വാധീനം അവാനും കഴിഞ്ഞിട്ടില്ല . PSYCHOയെ പ്രണയിക്കാത്ത സിനിമാപ്രേമികള്‍ ഉണ്ടോ ?

      PSYCHO യുടെ  പിന്നീടു ഇറങ്ങിയ രണ്ടും മൂന്നും ഭാഗങ്ങള്‍ ഈ സിനിമയുടെ വാലില്‍ കെട്ടാന്‍ പോലും കൊള്ളില്ല എന്നാണ് അനുഭവപെട്ടത്.  അതില്‍ മൂന്നാം ഭാഗം സംവിധാനം ചെയ്തത് നായകനായ ANTONY PERKINS  തന്നെ ആയിരുന്നു എന്നത്  ശ്രദ്ധേയമാണ് .   PSYCHO ഒരു പാഠപുസ്തകം കൂടി ആണ് . സിനിമാ പ്രവര്‍ത്തകര്‍ക്കും സംവിധായകര്‍ക്കും .  സംവിധാനം , തിരകഥ , എഡിറ്റിംഗ് തുടങ്ങിയ ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയ പുസ്തകം . ഞാന്‍ കണ്ട മറ്റൊരു ത്രില്ലെര്‍ സിനിമയും ഈ ചിത്രത്തിന്റെ മുന്നില്‍ ഒന്നുമല്ലാതായി പോകുന്നു എങ്കില്‍ മുമ്പേ പറഞ്ഞ ആ പ്രണയം കൊണ്ടാകാം . അത്രമാത്രം ഒരു OBSESSION  തോന്നിയിട്ടുള്ള  ചലച്ചിത്രങ്ങള്‍ നന്നേ  കുറവാണു .
            PSYCHO -1960  കണ്ടിട്ട് അതൊരു മഹാസിനിമ ആണെന്ന് സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടുള്ളവര്‍ ആ സിനിമയുടെ 1998 ലെ REMAKE ഒന്ന് കാണണം . ഹിച്കോക്ക് ന്‍റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമ  അതിന്‍റെ അനുകരണങ്ങളെക്കാളും  , REMAKE കുക്കളെക്കാളും , SEQUEL ലുകളെ ക്കാളും ഒരുപാടു മികച്ചു നില്‍ക്കുന്നു , ഇന്ന് അമ്പത് വര്‍ഷത്തിനു ശേഷവും എങ്കില്‍ അത്  ഒരു ചെറിയ കാര്യമല്ല . എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായി
PSYCHO കരുതിപ്പോരുന്നതിന്റെ  കാരണവും മറ്റൊന്നല്ല .  ഒരു MUST WATCH MOVIE എന്ന് പറഞ്ഞുകൊണ്ട് തന്നെ കാണാത്തവരെ കാണാന്‍ നിര്‍ബന്ധിക്കുന്നു .

THE  PSYCHO - 1960
DIRECTOR :- SIR ALFRED HITCHCOCK 

                                                               (വഴിപോക്കന്‍ )

No comments:

Post a Comment