Friday 27 December 2013

ക്രിസ്ത്മസ് ചിത്രങ്ങള്‍ - ഒപ്പം 2013 ഒരു തിരിഞ്ഞുനോട്ടം

         
      വലിയ ആവേശത്തോടെയാണ് ഇന്നലെ തിയേറ്ററിലേക്ക് യാത്രതിരിച്ചത് . കാണാന്‍ കൊതിച്ചിരുന്ന സിനിമകള്‍ ആദ്യ ദിവസങ്ങളില്‍ കാണാന്‍ സാധിക്കാതെ പോയതിന്‍റെ നിരാശ മാറ്റാന്‍ ഇന്നലെയും ഇന്നുമായി മൂന്ന് സിനിമകള്‍ കണ്ടുതീര്‍ത്തു .  തിരക്കും യാത്രയും ഒക്കെക്കൊണ്ട് ക്ഷീണിതനായിരുന്നിട്ടും  തിയേറ്ററുകളിലേക്ക് പോകാതിരിക്കാന്‍ കഴിഞ്ഞില്ല . ജിത്തു ജോസഫ്‌ ന്‍റെ മോഹന്‍ലാല്‍ ചിത്രം "ദൃശ്യം " , സത്യന്‍ അന്തിക്കാടിന്‍റെ ഫഹദ് ഫാസില്‍ ചിത്രം " ഒരു ഇന്ത്യന്‍ പ്രണയകഥ " , ലാല്‍ ജോസിന്‍റെ ദിലീപ് ചിത്രം " ഏഴ് സുന്ദര രാത്രികള്‍ " ഇവ മൂന്നും കണ്ടു തീര്‍ത്തു . ഇതിനോടകം ഒരുപാടു കുറിപ്പുകള്‍ വന്നിട്ടുള്ളതുകൊണ്ട്  വിശദമായി എഴുതുന്നതിനു പ്രസക്തി ഇല്ല എന്ന് കരുതുന്നു . മൂന്നു ക്രിസ്ത്മസ് സിനിമകളുടെ ഒരു അവലോകനത്തോടൊപ്പം 2013 ലെ സിനിമാകാഴ്ചകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം കൂടി നടത്താന്‍ ഉള്ള ശ്രമമാണ് ഈ കുറിപ്പ് .

      എല്ലാരുടെയും നല്ല അഭിപ്രായവും പിന്നെലാലേട്ടന്‍റെ സിനിമയായത് കൊണ്ടും ആദ്യം കണ്ടത്  "ദൃശ്യം " ആയിരുന്നു .  2013 അവസാനം മലയാള സിനിമക്കും ലാലേട്ടനും ഒരു സൂപ്പര്‍ഹിറ്റ്‌ നല്‍കിക്കൊണ്ട് ജിത്തു വേണ്ടും വരുമ്പോള്‍ മെമ്മറീസിനുമപ്പുറം ഒരു സിനിമ ആരും തന്നെ പ്രതീക്ഷിച്ചിരുന്നതല്ല .  ഒരു കുടുബ സിനിമയുടെ സ്വഭാവമുള്ള ത്രില്ലെര്‍ ആണ് ദൃശ്യം . സിനിമയുടെ   മികവിന്‍റെ പ്രധാന ഘടകം  തിരക്കഥതന്നെയാണ് എന്ന് നിസംശയം പറയാം . ഒരല്‍പം ഒന്ന് പാളിയാല്‍ കൈവിട്ടുപോകുമായിരുന്നു. ജിത്തുവിന്റെ വളരെ സൂക്ഷമവും പക്വതയുള്ളതുമായ രചന സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് .  മറ്റെന്തും അതിനു പിന്നിലെ വരൂ എന്ന് തോന്നി . പിന്നെ മോഹന്‍ലാല്‍ വളരെ നാളുകള്‍ക്കുശേഷം ഒരു നാട്ടിന്‍പുറത്ത്കാരനെ എല്ലാ സ്വാഭാവികതയോടും തിരശീലയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതും എടുത്തു പറയണം . ഈ ക്രിസ്ത്മസ് ചിത്രങ്ങളില്‍ ഏറ്റവും മികച്ചതും ദൃശ്യം തന്നെ .
     സത്യന്‍ അന്തിക്കാടിന്‍റെ ഇന്ത്യന്‍ പ്രണയകഥ  അദ്ദേഹത്തിന്‍റെ മുന്‍സിനിമകളുടെ  ( ഈ കഴിഞ്ഞ സിനിമകള്‍ അല്ല ഉദ്ദേശിച്ചത്  ) ഏഴയലത്തുപോലും വന്നില്ല എന്നതാണ് സത്യം .  സത്യന്‍ അന്തിക്കാടിന് വേണ്ടി എഴുതിയതുകൊണ്ടാവും ഇക്ബാല്‍ കുറ്റിപുറത്തിന്‍റെ തിരക്കഥക്ക് ഒരു മടുപ്പന്‍ സ്വഭാവമായിരുന്നു . പ്രമേയപരമായി ചിന്തിച്ചാല്‍ ഇതിനെക്കാള്‍ ഏറെ മനോഹരമാക്കാന്‍ സാധിക്കുമായിരുന്ന ഒന്നാണ് എന്ന് തോന്നി . ഒറ്റനോട്ടത്തില്‍ രാഷ്ട്രീയം തൊഴിലാക്കിയ അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന യുവ രാഷ്ട്രീയക്കാരന്റെ സിനിമ ആണ് എങ്കിലും ഒന്നുകൂടി നോക്കുമ്പോള്‍ ഐറിന്‍ ഗാര്‍ഡനര്‍ എന്ന  കേരളത്തില്‍ വേരുകളുള്ള കനേഡിയന്‍ പെണ്‍കുട്ടിയുടെ  അനാഥത്വത്തിന്‍റെ വേദനകളിലെക്കും  സ്വന്തം വേരുകള്‍ തേടി പോക്കാന്‍ അവളെ പ്രേരിപ്പിക്കുന്ന ഏകാന്തതയിലേക്കും ഒക്കെ വിരല്‍ ചൂണ്ടുന്നു സിനിമ . പക്ഷെ അതിലേക്കൊക്കെ ഒക്ക  വെറുതെ  ഒരു ക്യാമറ കൊണ്ട് ഒളിഞ്ഞുനോക്കുക മാത്രമേ  സംവിധായകന്‍ ചെയ്തിട്ടുള്ളൂ . അഭിനത്തില്‍ ഫഹദ് , അമല എന്നിവര്‍ വളരെ നന്നായി . അമല യെ വളരെയേറെ സുന്ദരിയായി കാണപ്പെട്ടു .

        ഏഴ്  സുന്ദര രാത്രികള്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സിനിമയായിരുന്നു . ലാല്‍ ജോസില്‍ നിന്ന് ഇതിലും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു .  പ്രത്യേകിച്ച്  യാതൊന്നും തോന്നിയില്ല സിനിമ കണ്ടപ്പോള്‍ . ഇടക്ക് ഞാന്‍ ഉറങ്ങിപോയോ എന്നുപോലും തോന്നി . തോന്നിയത് അല്ല , ഞാന്‍ ശരിക്കും ഉറങ്ങിപോയിരുന്നു . വെറുതെ ഒരു വികാരവുമില്ലാതെ സ്ക്രീനിലേക്ക് നോക്കിയിരുന്നിട്ടും ഒരു നിരാശയും തോന്നിയില്ല . ലാല്‍ ജോസ് സിനിമകളില്‍ സാധാരണ നല്ല ഗാനങ്ങള്‍ എങ്കിലും പതിവുണ്ട് . ഇത് അതും എനിക്ക് ഇഷ്ടമായില്ല . കൂടുതല്‍ ഒന്നും എഴുതേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു .

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2013 ഒരു നല്ല വര്‍ഷം തന്നെയായിരുന്നു . തിയേറ്ററിലേക്ക്  കൂടുതല്‍ പ്രേക്ഷകരെ  ആകര്‍ഷിക്കാന്‍ സിനിമകള്‍ക്കായി . ഒരുപാടു പുതിയ സംവിധായകരും പരീക്ഷണ ചിത്രങ്ങളും വന്നു . കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി നമ്മുടെ സിനിമയില്‍ കാണുന്ന  മാറ്റത്തിന്റെ അടയാളം ഈ വര്‍ഷം വളരെ പ്രകടമായിരുന്നു . നല്ല കുറെ സിനിമകള്‍ ഇവിടെ ഇറങ്ങുകയും നല്ല അഭിപ്രായങ്ങള്‍ നേടുകയും ചെയ്തു . വലിയ പേരുള്ള പലരും പരാജയമായപ്പോള്‍ പുതിയ തലമുറക്കാരും നവാഗതരും ഒക്കെ കൂടുതല്‍ മികച്ചു നിന്നു. 
ചില പോരയ്മ്മകള്‍
1.  മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ നമ്മുടെ  വാരാന്ത്യങ്ങള്‍ക്ക് താങ്ങാവുന്നതില്‍ അധികം സിനിമകള്‍ ഇവിടെ ഇറങ്ങുന്നു . ആഴ്ചതോറും ഇത്രയേറെ സിനിമകള്‍ ഇറങ്ങുന്നത്  ചിലപ്പോഴൊക്കെ നല്ല സിനിമകളെ പ്രതികൂലമായി ബാധിക്കാറുമുണ്ട്.
2. സിനിമയെ വെറും കച്ചവടമായി മാത്രം കണ്ടു പ്രേക്ഷകരുടെ കാശു കൊള്ളയടിക്കാന്‍ വരുന്ന ചില സിനിമാകാര്‍ .  ഒപ്പം  തെറിയും അശ്ലീലവും  പുകയും മദ്യവും  പിന്നെ പത്തുപേരുടെ മുന്നില്‍ കാണിക്കാനും പറയാനും പാടില്ലാത്തതോക്കെ  സ്ക്രീനില്‍ നിറച്ചു  സമൂഹത്തിനു മോശം സന്ദേശങ്ങള്‍ നല്‍ക്കി ചിലരെയെങ്കിലും വഴിതെറ്റിക്കാന്‍ സാധ്യതയുള്ള  സിനിമകള്‍ . സിനിമയും സമൂഹവും മനുഷ്യനും തമ്മിലുള്ള ബന്ധവും സിനിമയുടെ സാമൂഹിക പ്രതിബദ്ധതയും  ഒക്കെ അറിയാതെപോകുന്ന  അല്ലെങ്കില്‍ അറിയില്ല എന്ന് നടിക്കുന്ന  സിനിമാക്കാര്‍ .
3. നമ്മുടെ തദ്ദേശിയ സിനിമകളെ പ്രോത്സാഹിപ്പിക്കാത്ത ഇവിടുത്തെ സിനിമാ വിതരണ സമ്പ്രദായം .  നമ്മുടെ കൊച്ചു ചിത്രങ്ങള്‍ തിയേറ്റര്‍ കിട്ടാതെ വിഷമിച്ചും  പെട്ടെന്ന് എടുത്തുമാറ്റപ്പെട്ടും ഊര്‍ദ്വന്‍ വലിക്കുമ്പോള്‍ സര്‍ക്കാര്‍ വക തിയേറ്ററുകളില്‍ അടക്കം അന്യഭാഷ ചിത്രങ്ങള്‍ കളിക്കുന്നത് കാണുമ്പോള്‍  വിഷമം തോന്നിയിട്ടുണ്ട് പലപ്പോഴും . 

ഈ വര്‍ഷം സിനിമയ്ക്ക് ഉണ്ടായ  മറ്റൊരു പ്രധാന മാറ്റം ഇന്റര്‍നെറ്റ്‌ , സോഷ്യല്‍ മീഡിയ എന്നിവയുടെ സ്വാധീനമാണ് .  സൂപ്പര്‍ ഹിറ്റ്‌ ,ബമ്പര്‍ ഹിറ്റ്‌  എന്നൊക്കെ നോട്ടീസ് അടിച്ചു ജനങ്ങളെ പറ്റിക്കുന്ന പരിപാടി  ഇപ്പോള്‍ നടക്കില്ല . സിനിമ ഇറങ്ങി അന്ന്തന്നെ ഫേസ്ബുക്കിലും മറ്റു സൈറ്റ്കളിലും അതിന്‍റെ പോസ്റ്റ്‌മാര്‍ട്ടം തന്നെ നടക്കും . നല്ല സിനിമകള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും  മോശം ചിത്രങ്ങള്‍ അര്‍ഹിക്കുന്ന വിമര്‍ശനം നേരിടുകയും ചെയ്യുന്നു  .  സിനിമയെ മനപ്പൂര്‍വ്വം തരം താഴ്ത്താനും   ഉയര്‍ത്തിക്കാട്ടാനും ശ്രമിക്കുന്ന ചിലര്‍ ഉണ്ട് എന്നുള്ളത് ഇതിന്‍റെ മോശം വശമാണ് എങ്കിലും .എങ്കിലും പല ചാനലുകളിലും സൈറ്റ്കളിലും വരുന്ന പല റിവ്യൂകളും മുന്‍വിധിയോടെയോ അല്ലെങ്കില്‍ നിഗൂഢമായ മറ്റുപല ഉദ്ദേശതോടെയും ഉള്ളവയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . സിനിമ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ബുദ്ധിജീവി നിരീക്ഷണം അതിനു എല്ലായിപ്പോഴും നേരിടേണ്ടി വരുന്നു എന്നത്  വല്യ കഷ്ടമാണ് .

സിനിമകള്‍ പലതും മികച്ച  വിജയം നേടുകയും പലതും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോകുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വല്യ സത്യമാണ് .  നല്ല സിനിമകള്‍ ഇല്ല ,   നല്ല കഥകള്‍ ഇല്ല  എനൂകെ പരാതിപറയുന്ന പ്രേക്ഷകര്‍ തന്നെ തിയേറ്ററില്‍ കണ്ട കോപ്രായങ്ങളെയും പേക്കൂത്ത് കളെയും പ്രോത്സാഹിപ്പിക്കുകയും നല്ല സിനിമാ ശ്രമങ്ങളെ തിരിഞ്ഞുനോക്കാതെ ഇരിക്കുകയും ചെയ്യുന്നത്   പ്രതികൂലമായ ഒരു സ്ഥിതിവിശേഷമാണ് . നമുക്കുമേല്‍ മോശം സിനിമകള്‍ അടിച്ചേല്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നതിനു വലിയ കാരണം നമ്മള്‍തന്നെയാണ് എന്നത്  ഒരു വല്യ സത്യമാണ് . പണ്ടാരോ പറഞ്ഞത്പോലെ
 " WE GET THE CINEMA WE DESERVES " ..
 
 എല്ലാ സിനിമാപ്രേമികള്‍ക്കും  നല്ലൊരു വര്‍ഷം നേരുന്നു .

                                             (വഴിപോക്കന്‍)

Saturday 14 December 2013

റാഷമണ്‍ - തീര്‍ച്ചയായും കണ്ടിരികേണ്ട സിനിമ

           
   ലോക സിനിമയെ അടുത്തറിയാന്‍ ശ്രമിച്ചിട്ടെങ്കിലും ഉള്ള ഒരാള്‍ക്കും വഴിപോക്കന്‍ പരിചയപ്പെടുത്തേണ്ടതില്ലാത്ത പേരാണ് അകിര കുറസോവയുടെത്.  ആഗോള സിനിമയിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു അദേഹത്തിന്‍റെ റാഷമണ്‍ ( RASHOMON -1950) . അറുപതുവര്‍ഷം മുമ്പത്തെ പരിമിതമായ  സാങ്കേതികതയും സിനിമയുടെ ശൈശവ ദിശയും ഒക്കെ വച്ച്നോക്കുമ്പോളാണ് റാഷമണ്‍ എന്ന ചലച്ചിത്രം എവിടെ നില്‍ക്കുന്നു എന്ന് ശരിക്കും ബോധ്യമാകുക. ആ കാലഘട്ടത്തിലെ പല സിനിമകളോടും താരതമ്യം പോലും സാധ്യമാകാത്ത സിനിമകളെ ഇന്ന് നമുക്കുള്ളൂ എന്ന സത്യം അംഗീകരിച്ചാല്‍ നാം എവിടെയെത്തി എന്ന സത്യം ഒരല്‍പം ഞെട്ടലോടെ നാം തിരിച്ചറിയുകയും ചെയ്യും . കറുപ്പിലും വെളുപ്പിലും എഴുതിയ ആ സിനിമാകാവ്യം  ലോകമെമ്പാടും ആവര്‍ത്തിച്ചു പ്രദര്‍ശിപ്പിച്ചിട്ടുള്ളതും ഇന്നും സിനിമാ പ്രേമികള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ഒരു പാഠപുസ്തകമോ അളവുകോലോ ഒക്കെയും യാണ് . കുറസോവയെപ്പറ്റിയോ ഈ ചിത്രത്തെ ക്കുറിച്ചോ കേള്‍ക്കാത്ത സിനിമാപ്രേമികള്‍ നന്നേ കുറവാവാകാന്‍ ആണ് സാധ്യത . വരും തലമുറയുടെ ചലച്ചിത്രകാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്തിപോരുന്ന അപൂര്‍വ്വം സിനിമകള്‍ ഒന്നാണ്  റാഷമണ്‍ എന്നത് തിരസ്കരിക്കാനാവാത്ത ഒരു സത്യമാണ് .

        പ്രാചീന ജപ്പാനിലെ നഗര കവാടങ്ങളെ ആണ് റാഷമണ്‍ എന്ന് വിളിച്ചിരുന്നത്‌.  ഒരു തകര്‍ന്ന  റാഷമണ്‍ കവടത്തിലാണ് സിനിമ തുടങ്ങുന്നത് . കനത്ത മഴയില്‍ അവിടെ അഭയം തേടുന്ന രണ്ടു പേര്‍ - ഒരു മരം വെട്ടുകാരനും ഒരു പുരോഹിതനും . അവിടേക്ക് വന്നുകയരുന്ന മറ്റൊരു വഴിപോക്കന്‍ . മരം വെട്ടുകാരന്‍ അവര്‍ കണ്ട ഒരു അവിശ്വസനീയ സംഭവത്തെ ക്കുറിച്ച്  പറഞ്ഞു തുടങ്ങുകയാണ് .കുറച്ചു ദിവസം മുന്‍പ് മരംവെട്ടാന്‍ കാട്ടില്‍ പോയ അയാള്‍  കൊല്ലപ്പെട്ടുകിടക്കുന്ന ഒരാളെ കാണുന്നു . അത് പോലീസില്‍ അറിയിക്കുന്നു . തുടര്‍ന്ന് നടക്കുന്ന വിചാരയുടെ  അതിനാടകീയവും അവിശ്വസനീയവും എന്നാല്‍ ആകാംഷഭരിതവുമായ രംഗങ്ങളിലൂടെയാണ് റാഷമണ്‍ പുരോഗമിക്കുന്നത് . സംഭവത്തിന്റെ ദൃക്സാക്ഷികളും കുറ്റാരോപിതരും , പിന്നെ മരിച്ച മനുഷ്യനും എല്ലാം അവരവരുടെ  കഥ പറയുകയാണ് . ഒരു ക്രൈം ത്രില്ലെര്‍ന്‍റെ തീരെ കണ്ടുപരിചയമില്ലാത്ത കഥപറച്ചില്‍ രീതിയാണ്‌  നമ്മുക്ക് സിനിമയില്‍ കാണാനാവുക .

           പരസ്പര വിരുദ്ധങ്ങളായ  നാലു കഥകള്‍ ആണ്  നാലുപേര്‍ പറയുന്നത് . അവരുടെ കഥകളിലൂടെ ഒരു കൊലപതകത്തിന്‍റെ ചുരുളുകള്‍ പയ്യെ പയ്യെ അഴിഞ്ഞു വീഴുന്നു . എന്നാല്‍ തീരെ വ്യക്തത യില്ലാതെ പരസ്പരവിരുദ്ധ സ്വഭാവമാണ് നാലു കഥകള്‍ക്കും .  കൊലക്കുറ്റം ആരോപിക്കപ്പെട്ട ഒരു കൊള്ളക്കാരന്‍ , മരിച്ച ആളിന്‍റെ ഭാര്യ , മരിച്ച ആള്‍ ( ആത്മാക്കളോട് സംസാരിക്കുന്ന ഇടനിലക്കാര്‍ വഴിയാണ് അയാള്‍ കഥ പറയുന്നത് ) , പിന്നെ അവസാനം ആ മരം വെട്ടുകാരനും . എങ്ങനെ  പരസ്പരം കലഹിക്കുന്ന നാലുകഥകളെ ബന്ധിപ്പിക്കുമ്പോള്‍ കിട്ടുന്നത് ഒരു കൊലപാതകത്തിന്‍റെ ഉത്തരമാണ് . അവിശ്വസനീയമായ മൂന്നു കഥകള്‍  പറഞ്ഞതിന് ശേഷം കേട്ടുനിന്ന ആ വഴിപോക്കന്റെ നിര്‍ബന്ധപ്രകാരമാണ് മരം വെട്ടുകാരന്‍ സത്യമെന്ന് പറയുന്ന അവസാന കഥ പറയുന്നത് . പക്ഷെ അതിനും തീരെ വിശ്വാസ്യത കുറവായിട്ടെ നമുക്ക് തോന്നു . സിനിമ അവസാനിക്കുന്നത്‌ കുറച്ചുകൂടി ഗൌരവപൂര്‍ണ്ണമായ ചിന്തകള്‍ നല്‍കിക്കൊണ്ട് കൂടെയാണ് . ആ കവാടത്തില്‍ ആരോ ഉപേക്ഷിച്ചു പോയ കുഞ്ഞിന്‍റെ വിലപിടിപ്പുള്ള ഏലസ്സും ഉടുപ്പും കവര്‍ന്നുകൊണ്ട് ആ വഴിപോക്കന്‍ ഓടി മറയുമ്പോള്‍ മരംവെട്ടുകാരന്‍ ചില കുറ്റബോധത്താല്‍ ഉള്‍കണ്ണ് തുറന്ന് ആ കുട്ടിയെ ഏറ്റെടുക്കുന്നു . "മനുഷ്യനിലുള്ള എന്‍റെ പ്രതീക്ഷ തുടരാന്‍ ഒരു കാരണം കിട്ടി" എന്ന് ആ പുരോഹിതന്‍ അയാളോട് പറയുമ്പോള്‍ വെറും ഒരു കൊലപാതക കഥയ്ക്കുമപ്പുറം  റാഷമണ്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകകൂടി ചെയ്തു കുറസോവ എന്ന ഇതിഹാസ ചലച്ചിത്രകാരന്‍ .

                     കുറസോവയുടെ ഏറവും മികച്ച സിനിമയേതു എന്ന ചോദ്യത്തിന് രണ്ടാമതോന്നാലോചിക്കാതെ റാഷമണ്‍ എന്നെ വഴിപോക്കന്‍ പറയു . അദ്ദേഹത്തിലെ പ്രതിഭാശാലിയായ ചലച്ചിത്രകാരന്‍റെ അടയാളംഅത്രമേല്‍ മിഴിവോടെ പതിഞ്ഞു കിടപ്പുണ്ട് സിനിമയുടെ ഓരോ രംഗത്തിലും . വളരെ റിയലിസ്റ്റിക് അയ ക്യാമറാ പരിചരണം സിനിമയുടെ എടുത്തുപറയേണ്ട പ്രത്യേകതകളില്‍ ഒന്നാണ് . 1950 ലെ പരിമിതമായ ചായഗ്രാഹണസങ്കേതങ്ങള്‍ വച്ചുകൊണ്ട് കുറസോവയുടെ സ്വന്തം ക്യാമറമാന്‍ Kazuo Miyagawa അഭ്രപാളിയില്‍ വിസ്മയം തീര്‍ത്തുവച്ചിരിക്കുന്നത് തെല്ലത്ഭുതത്തോടെ മാത്രമേ നമ്മള്‍ക്ക് കണ്ടിരിക്കാന്‍ സാധിക്കു .  വളരെ പരിമതമായ സെറ്റിംഗ്  ആണ് സിനിമയുടേത് . ആ നഗരകവാടം (റാഷമണ്‍) ,കാട് , പിന്നെ വിചാരണ നടക്കുന്ന  ആമൈതാനം എന്നിങ്ങനെ മൂന്നിടങ്ങളില്‍  റാഷമണ്‍ പൂര്‍ത്തിയാകുന്നു .എന്നിട്ടും വളരെ സ്വാഭാവികതയുള്ള ഇതിന്‍റെ രംഗങ്ങളില്‍ കറുപ്പും വെളുപ്പും ഇടകര്‍ത്തി ഒരു ചിത്രകാരന്‍റെ പാടവത്തോടെ കവിത രചിക്കാന്‍  Kazuo Miyagawa ക്ക് സാധിച്ചത് ചെറിയ കാര്യമല്ല .  സൂര്യപ്രകാശത്തിലേക്ക് നേരിട്ട് ക്യാമറ പിടിച്ച ആദ്യ സിനിമയാണ്  റാഷമണ്‍ എന്ന് കേട്ടിടുണ്ട്  . അതുപോലെ കാട്ടിലെ രംഗങ്ങളില്‍ വെളിച്ചകുറവ് പരിഹരിക്കാന്‍ വലിയകണ്ണാടികള്‍ കൊണ്ട് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുക എന്നതന്ത്രമാണ്  Kazuo Miyagawa ഉപയോഗിച്ചതത്രേ  . സാധാരണ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമകള്‍ കാണുമ്പോളുള്ള ആലോസരമോ അക്കാലത്തെ മിക്ക സിനിമാകളിലുമുള്ള നൂനതകളോ ഒന്നും അധികം ഈ സിനിമയില്‍ ഇല്ല എന്നത് അതിന്‍റെ അണിയറയ പ്രവര്‍ത്തകരുടെ കഴിവിന്റെയും പരിശ്രമത്തിന്റെയും തെളിവാണ് .

              വളരെ കുറച്ചു കഥാപത്രങ്ങളെയും  പരിമിത മായ സെറ്റിങ്ങും ആണ് ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത് . അതിനു ചേരുന്ന രീതില്‍ വളരെ  ശ്രദ്ധയോടെ എഴുതിയതാണ് ഇതിന്‍റെ തിരക്കഥ എന്നത് വ്യക്തമാണ്‌ . സംവിധായകനും ഷിനോബു ഹാഷിമൊട്ടു  വും ചേര്‍ന്നെഴുതിയ തിരക്കഥ സിനിമയെ കാലാതിവര്‍ത്തിയാക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് .  ആദ്യം പറഞ്ഞതുപോലെ തന്നെ പരസ്പര വിരുദ്ധങ്ങളായ കഥകളിലൂടെ ആണ് സിനിമ സംവേദിക്കുന്നത് . അതില്‍ കള്ളമായ മൂന്ന് കഥകള്‍ ആദ്യം പറയുന്നു .  ഒടുവില്‍ പറയുന്ന സത്യമായ കഥയും ഒരല്‍പം അവിശ്വസനീയത നിറഞ്ഞതാണ്‌ . സിനിമകാണുന്ന പ്രേക്ഷകന് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന വിധത്തില്‍  അവ്യക്തത അതില്‍ നിറഞ്ഞു നില്ല്കുന്നു.
 അതിന്‍റെ മറുപിടിയായി  കുറസോവ തന്നെ തന്‍റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്  ഇങ്ങനെയാണ് - "  റാഷമണ്‍ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാണ്‌ ;ജീവിതത്തിന്എല്ലായിപ്പോഴും വ്യക്തമായ അര്‍ത്ഥങ്ങളില്ല"

                    കുറസോവ പറഞ്ഞതുപോലെ   ഒരല്‍പം വ്യക്ത കുറഞ്ഞതെങ്കിലും ജീവിതത്തിന്‍റെ നേര്‍ പ്രതിഫലനമാണ്  റാഷമണ്‍. മനുഷ്യന്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ സത്യത്തിനു നിരക്കാത്താവനായി പരിണമിക്കുന്ന കാഴ്ചയാണ് നമ്മള്‍ നിറഞ്ഞു കാണുന്നത് . സ്ത്രീയും പുരുഷനും സാഹചര്യങ്ങള്‍ക്കും സ്വാര്‍ഥ ലാഭത്തിനു മപ്പുറം സത്യം വളച്ചൊടിക്കുന്നു . ഭൂതത്തിന്‍റെ  പുണ്ണ് കിള്ളി പഴുപ്പിക്കാനെ ചില സത്യങ്ങള്‍ ഉപകരിക്കു എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് സ്വന്തം തെറ്റുകളെയും ബലഹീനതകളെയും മറയ്ക്കാന്‍ അവര്‍ അസത്യം കൊണ്ട് കഥകള്‍ പറയുന്നു . മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു .  മനുഷ്യന്റെ ഉല്‍പ്രേരണകളെയും ബലഹീനതകളെയും നന്നായി  വിശകലം ചെയ്യുന്നുകൂടി ഉണ്ട് റാഷമണ്‍. ഒപ്പം അവനിലെ ചില നന്മകളുടെ സ്ഫുരണം കൂടി കാണിച്ചു തന്നുകൊണ്ട്  മനുഷ്യനില്‍ ഇനിയും അവശേഷിക്കുന്ന പ്രതീക്ഷകള്‍ ചിലത് ഉണ്ടെന്നുകൂടി  പറഞ്ഞുതരുന്നു .

               ലോക സിനിമക്ക് നടക്കാന്‍ പുതിയൊരു വഴിവെട്ടിത്തെളിച്ചിടുകകൂടി  ചെയ്യുനുണ്ട്  കുറസോവ . റാഷമണ്‍ ലോകമെമ്പാടും അക്കാലത്തെ നവതരംഗ സിനിമാക്കാര്‍ നടക്കാന്‍ ശ്രമിക്കുകയോ  നടക്കുകയോ ഒക്കെ ചെയ്ത  നല്ല സിനിമയുടെ വസന്തം നിറഞ്ഞ വഴികൂടിയായിരുന്നു . പരസ്പര വിരുദ്ധങ്ങളായ കഥകളിലൂടെ പോയി ഒടുവില്‍ സത്യം പറയുന്ന ഈ ആഖ്യാന രീതിയെ  പിന്നീടുള്ളവര്‍  RASHOMON EFFECT  എന്നുവിളിച്ചു.  റാഷമണ്‍ന്‍റെ  പ്രകടമായ സ്വാധീനത്തിന്റെ  അടയാളങ്ങള്‍ പിന്നീടുള്ള എല്ലാകാലത്തെയും  സിനിമകളില്‍ വ്യക്തമായി തന്നെ കാണാം .  നമ്മുടെ മലയാളത്തില്‍ തന്നെ കെ.ജി. ജോര്‍ജ്ജ്ന്‍റെ  യവനികയും  ടി. വി . ചന്ദ്രന്‍റെ കഥവശേഷനും പോലെ  എത്രയെത്ര ഉദാഹരണങ്ങള്‍ .

      കുറസോവക്ക്  പ്രത്യേക  ഓസ്കാര്‍ അവാര്‍ഡ്  ലഭിച്ചു  ഈ ചിത്രത്തിന് . കൂടാതെ ലോകമെമ്പാടും ഒട്ടനവധി  സിനിമാ മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും  ഒരുപാടു പുരസ്കാരങ്ങളും പ്രശംസയും വാരിക്കൂട്ടുകയും ചെയ്തു റാഷമണ്‍. ഇന്നും ലോകസിനിമയിലെ ഒരുക്ലാസ്സിക്‌ചിത്രമായി തന്നെയാണ്  റാഷമണ്‍ കരുതിപോരുന്നത് . അകാദമി അവാര്‍ഡുകളില്‍  BEST FOREIGN LANGUAGE FILM എന്നൊരു വിഭാഗം ഉണ്ടാക്കിയതിന്‍റെ കാരണമായി പലരും കരുതുന്നത് റാഷമണ്‍ ആണ് . മറ്റുനാടുകളില്‍ മികച്ച സിനിമകള്‍ ഉണ്ടാകുന്നുണ്ട് എന്ന ബോധം ഓസ്കാര്‍ അകാദമിക്ക്  ഉണ്ടായതും  അതിനെ അന്ഗീകരിക്കാന്‍  തീരുമാനിക്കുകയും  ചെയ്യാന്‍  റാഷമണ്‍ ആണ് കാരണമായത് .

സിനിമയെ സ്നേഹിക്കുന്ന അടുത്തറിയാന്‍ കൊതിക്കുന്ന സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകള്‍ ഒന്നാണ് റാഷമണ്‍. അറുപതു വര്‍ഷത്തിനു ശേഷവും ഒളിമങ്ങാതെ നില്ല്കുന്ന ഈ സിനിമ കാണാത്തത് ഒരു വല്യ നഷ്ടംതന്നെയാണെന്ന് പറയാതെ വയ്യ . കാണാത്തവര്‍ തീര്‍ച്ചയായും കാണുക .
                                                     
                                                             (വഴിപോക്കന്‍ )

Thursday 12 December 2013

വെടിവഴിപാട്‌ - ഒരു വിമര്‍ശനം

             
    മലയാള സിനിമ സമീപകാലത്ത് നേരിടുന്ന  ഏറ്റവും ഭീകരമായ  പ്രതിസന്ധിയേത്  എന്നത് സത്യത്തില്‍ ഒരു സമസ്യയാണ് .തിരക്കഥാദാരിദ്ര്യം, പ്രതിഭയുള്ള സിനിമാക്കാരുടെ  അഭാവം , ചോദ്യം ചെയ്യപ്പെടുന്ന മൌലികതയും ചോരണ ആക്ഷേപങ്ങളും  അങ്ങനെ പറയാനാണെങ്കില്‍ ഒരുപാട് അഭിപ്രായങ്ങള്‍ കാണും . പക്ഷെ അവയെക്കാള്‍ ഉപരിയായി  മറ്റൊന്ന് കൂടിയുണ്ട് . ശരാശരി മലയാളിയുടെ വാരാന്ത്യങ്ങള്‍ക്ക് താങ്ങാവുന്നതില്‍ കൂടുതല്‍ സിനിമകള്‍ ഇവിടെ വെള്ളിയാഴിച്ചതോറും ഇറങ്ങുന്നു  . നിങ്ങള്‍ ഒരു തീവ്ര സിനിമാപ്രേമിയാണെങ്കില്‍ കൂടി  തിയേറ്ററില്‍ കണ്ടു തീര്‍ക്കാന്‍ സാധിക്കാത്ത അത്ര സിനിമകള്‍ ആണ് ഇപ്പോള്‍ റിലീസ് ആകുന്നത്‌ . ഇതിനിടയില്‍ ഏതു സിനിമ കാണണം അല്ലെങ്കില്‍ ഏതു കാണണ്ട , ഏതിനോപ്പം നില്‍ക്കണം ഏതിനെ തള്ളിപ്പറയണം എന്നൊക്കെ ചിന്തിച്ചാല്‍  കുഴഞ്ഞു പോകും .  അരുണ്‍ കുമാര്‍ അരവിന്ദും മുരളി ഗോപിയും ചേര്‍ന്ന് നിര്‍മിച്ചു ശംഭു പുരുരോഷത്തമന്‍ സംവിധാനം ചെയ്ത "വെടി വഴിപാട്‌" കണ്ടു .   റിലീസ് ചെയ്യുന്നതിന് മുന്‍പേ ഉണ്ടാക്കിയ വിവാദങ്ങളും അതില്‍ നിന്നുമുണ്ടായ ആകാംഷയും ആണ് ഇന്ന് സിനിമ കാണാന്‍ വഴിപോക്കനെ തിയേറ്ററിലേക്ക് നയിച്ചത് .

                    അറ്റുകാല്‍ പൊങ്കാല നടക്കുന്ന ദിവസം തിരുവനന്തപുരം നഗരത്തില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം  അന്നത്തെ അവസ്ഥ . ജന സാഗരത്തില്‍ മുങ്ങി ,  സ്തംഭിച്ച് മഹാനഗരം അങ്ങനെ ഭക്തിയില്‍ ലയിച്ചുനില്‍ക്കും . അങ്ങനെ ഒരു പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന ഒരു കഥയാണ് ഇത്. നഗരത്തില്‍ എന്ന് പറഞ്ഞാല്‍ റോഡില്‍ അല്ല , രണ്ടു വീട്ടില്‍ .   ഭാര്യമാര്‍ ഇല്ലാത്ത തക്കംനോക്കി പരസ്ത്രീഗമനത്തിനിറങ്ങിപുറപ്പെടുന്ന മൂന്ന് ചെറുപ്പക്കാര്‍, അവര്‍ അതിനുവേണ്ടി വിളിച്ചുകൊണ്ടുവരുന്ന ഒരു അഭിസാരിക, അതിലൊരാളുടെ ഭാര്യയും അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തും  ഇവരൊക്കെയാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ .  ഇവരെ യഥാക്രമം  മുരളി ഗോപി , സൈജു കുറുപ്പ് , ശ്രീജിത്ത്‌ രവി , അനുമോള്‍, മൈഥിലി , ഇന്ദ്രജിത്ത്  എന്നിവര്‍ അവതരിപ്പിക്കുന്നു . പൊങ്കാലയുടെ തല്‍സമയ ദൃശ്യം ഭക്തരില്‍ എന്തിക്കുന്ന റിപ്പോര്‍ട്ടര്‍ ആയി അനുശ്രീ ( സൈജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭാര്യ ) വേഷമിടുന്നു .  ഇടയ്ക്കു ഒന്നുരണ്ടു രംഗങ്ങളില്‍ സുനില്‍ സുഗദ വന്നുപോകുന്നുണ്ട് . കഥാപാത്രങ്ങളുടെ പേരുപോലും പ്രേക്ഷകരില്‍ അവശേഷിപ്പിക്കാതെ സിനിമ തീരുന്നു എങ്കില്‍ അത് തിരകഥാകൃത്തിന്‍റെ കഴിവോ പരാജയമോ എന്തൊക്കെയോ ആണ് . നോണ്‍ ലീനിയര്‍ രീതിയില്‍ കഥ പറയാന്‍ ശ്രമിക്കുമ്പോള്‍ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും കൃത്യമായി ബന്ധിപ്പിക്കാന്‍ കഴിയാതെപോകുന്നത്  പറയുന്ന കഥയുടെയോ അതിന്‍റെ തിരകഥാഭാഷ്യത്തിന്റെയോ കാമ്പില്ലായിമ്മ തന്നെയാണ് .

                       ഒരു വിധത്തിലും ആനന്ദിപ്പിക്കാത്ത ഊഷരമായ ഒരു വെറും സിനിമാകാഴ്ച മാത്രമേ വെടിവഴിപാടിന് നല്‍ക്കാന്‍ ഉണ്ടായിരുന്നുള്ളു.  adult comedy എന്നൊക്കെ വിശേഷിപ്പിച്ച്‌ വേണമെങ്കില്‍ ഒന്ന് മുഖം മിനുക്കാം എന്നല്ലാതെ ആഴത്തില്‍ ചിന്തിച്ചാല്‍ വേറെ പലതുമാണ് സിനിമ . ഒരു മുഴുത്ത തെറി കേട്ടാലെന്നപോലെ മുഖം ചുളിച്ചു അറപ്പോടെ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ ആണ് പ്രേക്ഷകന്‍റെ വിധി . ന്യൂജെനറെഷനയാലും  ഇനി ഓള്‍ഡ്‌ ആയാലും തെറി തെറിതന്നെ . പറയുമ്പോള്‍ കിട്ടുന്ന ഒരു സുഖം കേള്‍ക്കുമ്പോള്‍ കിട്ടില്ലല്ലോ .. സംവിധായകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആ  സുഖം കിട്ടിയോ എന്നറിയില്ല പക്ഷെ പ്രേക്ഷകന് സുഖിക്കാന്‍ തരമില്ല . വെടി വഴിപാട്‌   നമ്മുടെ ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളിലേക്ക് സാമൂഹിക വിമര്‍ശനമോ നേര്‍ക്കാഴിച്ചയോ ഒക്കെയായി വായിക്കപ്പെടും എന്നൊരു അബദ്ധ ധാരണ ഇതിന്‍റെ ശില്‍പ്പികള്‍ക്ക്എങ്ങനെയോ വന്നു ഭവിച്ചുകാണും . പക്ഷെ അങ്ങനെ ഒരു ഗൌരവ ചിന്തയോ ആഴത്തിലുള്ള ഒരു ദര്‍ശനമോ സിനിമ അവശേഷിപ്പിക്കുന്നതായി അനുഭപ്പെട്ടില്ല . ആഴത്തില്‍ എന്നല്ല  ഉപരിപ്ലവമായി ചിന്തിച്ചാല്‍ പോലും വെറും കെട്ടുകാഴ്ചകള്‍ക്കപ്പുറം ഒന്നിലേക്കും സിനിമ വിരല്‍ചൂണ്ടുന്നതായി തോന്നിയില്ല . ഒരു പക്ഷെ വഴിപോക്കന്‍റെ ആസ്വാദന രീതിയുടെയോ ചിന്തയുടെയോ കുഴപ്പമാകാം , എങ്കിലും .

                   കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയോ വിവാഹേതര സ്ത്രീ-പുരുഷ ബന്ധങ്ങളോ ഒന്നും ഒരു പുതിയ കേള്‍വി അല്ല . സാമൂഹിക പ്രസക്തി ഉണ്ടെന്നിരിക്കെ അതിന്‍റെ മറവില്‍ കുറെ കോപ്രായങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ അവയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും . സ്ത്രീയും പുരുഷനും ഉണ്ടായ കാലം മുതല്‍ ലൈംഗികതയും ഉണ്ട് . വിവാഹത്തില്‍ അധിഷ്ഠിതമായ കുടുംബ ജീവിതം എന്ന സാമൂഹിക വ്യവസ്ഥിതി നിലവില്‍ വന്നതുമുതല്‍ വിവാഹേതര ബന്ധങ്ങളും ഉണ്ട് . പലതവണ വലിച്ചിട്ടു ചര്‍ച്ച ചെയ്ത് വഷളാക്കുകയും മുഴുനീള ചാരിത്ര്യപ്രസംഗങ്ങള്‍ നടത്തി സദാചാര മാന്യന്‍ ചമഞ്ഞതുമല്ലാതെ ഈ വിഷയത്തെ ഗൌരവമായി ദര്‍ശിച്ചു കാരണങ്ങളിലൂന്നി ചിന്തിച്ചു ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നത് തന്നെ വീണ്ടും വീണ്ടും നടത്തുന്ന ഇത്തരം പുനര്‍ചിന്തകളുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നു.  അങ്ങനെയില്ലെങ്കില്‍ കൂടി ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പാലിക്കേണ്ട കയ്യടക്കം , സഭ്യത  എന്നിവയെക്കുറിച്ച് പോലും ചിന്തിക്കാതെയുള്ള ഇത്തരം കൊപ്രയങ്ങളെ  ആവിഷ്കാരസ്വാതന്ത്ര്യം എന്ന ഒറ്റ ന്യായം പറഞ്ഞു  മഹത്വവല്ക്കരിക്കാന്‍കൂടി ശ്രമിക്കുമ്പോള്‍ അവിടെ ദുഷിക്കുന്നത്‌ കലാകരനോപ്പം കലകൂടിയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

വെറുതെ കുറ്റം പറഞ്ഞു താഴ്ത്തികെട്ടാന്‍ എഴുതിയ ഒരു കുറിപ്പായി പലര്‍ക്കും തോന്നാം . ഇത്ര ബുദ്ധിമുട്ടി പടം കണ്ടത്  ഇങ്ങനെ വിമര്‍ശിച്ചു സ്വയം ആനന്ദിക്കാന്‍ ആണോ ? എന്നൊരു ചോദ്യം പലരും ചോദിക്കാം . പക്ഷെ ഈ സിനിമ  മൊത്തത്തില്‍ അവശേഷിപ്പിച്ച ചിന്തകള്‍ ആണ് ഇവിടെ എഴുതിയത് . അത് വെറും കുറ്റം പറച്ചില്‍ ആയിട്ടു തരംതാഴ്ന്നു എന്ന് തോന്നുന്നുണ്ടെങ്കില്‍ അതിലും തരംതാഴ്ന്ന ഒരു ചിത്രം അവശേഷിപ്പിച്ച  ചിന്തകള്‍ ആയതുകൊണ്ട്തന്നെ ആണ് .  സിനിമയെപ്പറ്റി ഒറ്റവാക്കില്‍ പോലും ഒരു നല്ലത് പറയാന്‍ ഒന്നും തന്നെ ആലോചിച്ചിട്ട് കിട്ടിയതുമില്ല . അരുണ്‍ കുമാര്‍ അരവിന്ദ് , മുരളി ഗോപി തുടങ്ങിയവരുടെ മുന്‍കാല സിനിമകള്‍ നല്‍കിയ നല്ല  അനുഭവം തന്നെയായിരുന്നു സിനിമ കാണാന്‍ ഉണ്ടായ പ്രധാന കാരണം . പിന്നെ വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ അതെന്താണ് എന്നൊന്ന് കണ്ടറിയാന്‍ തോന്നുന്ന സ്ഥിരം ജിജ്ഞാസയും .   ഒരു സിനിമയെ  സാധാരണ പലരും പറയുന്നപോലെ 'കുറെ ആളുകളുടെ വിയര്‍പ്പും അധ്വാനവും  കാശു മുടക്കലും' മാത്രമായി കാണാന്‍ പലപ്പഴും കഴിയാറില്ല .സിനിമയില്‍ കാശു മുടക്കുമ്പോള്‍ അതില്‍ വിയര്‍പ്പൊഴുക്കി  ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ മാധ്യമത്തിന്‍റെ ശക്തിയും ദുര്‍ബല്യവും സ്വാധീനവും  അതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വേണ്ട പ്രതിബദ്ധതയും ആത്മാര്‍ഥതയും സമര്‍പ്പണവും ഒക്കെ എല്ലായിപ്പോഴും സിനിമാ പ്രവര്‍ത്തകരില്‍ വേണം . അതില്ലാതെ പോകുമ്പോള്‍ ഇതുപോലെ രണ്ടാംതരാമോ മൂന്നാം തരാമോ അല്ലെങ്കില്‍ തരംതിരിക്കാന്‍ തന്നെ അര്‍ഹതയില്ലാത്തതോ അയ സിനിമകളെ നമുക്കുണ്ടാകൂ . അവ അവശേഷിപ്പിക്കുന്ന  കാഴ്ചകളെ  സമൂഹം എങ്ങനെ വായിച്ചെടുക്കും എന്നതുകൂടി വീണ്ടും വീണ്ടും ആവര്‍ത്തിച്ച്‌ പറയേണ്ടിവരുന്നു .
                    മനുഷ്യനിലെ വൈയക്തികമായ പല ഭാവങ്ങളും വികാരങ്ങളും  വരച്ചുകാട്ടാന്‍ ഒരു ശ്രമം സിനിമയിലുടനീളം കണ്ടു . അത് എഴുത്തുകാരന്‍ കൂടിയായ സംവിധായകന് വേണ്ട വിധത്തില്‍ പ്രേക്ഷകനോട് പറയാന്‍ എങ്ങും സാധിച്ചിട്ടില്ല .  ഏതാണ്ട് മുഴുവനായി തന്നെ ഇന്‍ഡോര്‍ ഷോട്ടുകള്‍ ഉപയോഗിച്ച്  കഥാപാത്രങ്ങളിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചു എങ്കിലും തിരക്കഥയുടെ ദൌര്‍ബല്യം കൊണ്ട് ഒന്നും എങ്ങുമെത്തിയില്ല . ഫലം കെട്ടുപൊട്ടിയ പട്ടം പോലെ കഥാപാത്രങ്ങള്‍ സീനുകളില്‍ വെറുതെ അലക്ഷ്യമായി എന്തൊക്കെയോ ചെയ്യുകയും പറയുകയും ചെയ്യുന്നതായി മാത്രമേ പ്രേക്ഷകന് അനുഭവപ്പെടുന്നുള്ളൂ. സ്ത്രീ-പുരുഷ ബന്ധങ്ങളെ അപഗ്രഥിച്ചു എന്തോ വലിയൊരു വിപത്തില്‍ നിന്ന് ജനങ്ങളെ അല്ലെങ്കില്‍ മനുഷ്യരാശിയെ തന്നെ രക്ഷിക്കാന്‍ ഒരു ശ്രമം നടത്തി എന്ന് വേണമെങ്കില്‍ അണിയറക്കാര്‍ക്ക് പ്രസംഗിക്കാം , വാദിക്കാം , സിനിമ കാണാത്ത ആരോടും. ... പുകവലി പാടില്ല എന്ന ബോര്‍ഡ്‌ന്‍റെ മുന്നില്‍ നിന്ന് സിഗരറ്റ് വലിച്ചു ഊതി വിടുന്ന ഒരു പോലിസ് കാരനെ കണ്ടു കഴിഞ്ഞ ദിവസം ടൌണില്‍ . മുഖത്ത് ഒരു ചിരി . അതുപോലെ പുറമ്പോക്ക് മതിലുകളില്‍ മൈദപശയുടെ ബലത്തിലിരുന്നു  "വെടി വഴിപാടിന്‍റെ " പോസ്റ്റര്‍  നമ്മളെ നോക്കി ചിരിക്കുന്നു . അല്ല ഇനിവെറും ചിരിയും entertainmentഉം മാത്രമേ ഉദ്ദേശിചിട്ടുള്ളൂ എങ്കില്‍ അവിടെയും എത്തിയില്ല . കോപ്രായം കണ്ടു ചിരിക്കാനോ കരയാനോ അല്ല  വെറും അറപ്പ് മാത്രമേ തോന്നിയുള്ളൂ .   (സിനിമ ആസ്വദിച്ചവര്‍ പൊറുക്കുക )

                  ചുമ്മാ ഈ വഴിക്ക്പോയപ്പോള്‍ കേറി എന്നമട്ടില്‍ തിയേറ്ററില്‍ കയറിയിരുന്നു  സിനിമ ഇഷ്ടപെട്ടില്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയോ , ഉറങ്ങുകയോ അല്ലെങ്കില്‍ ഇറങ്ങിപോകുകയോ ഒക്കെ ചെയ്യുന്ന , പരാതിയോ പരിഭവമോ ഇല്ലാത്ത കുറെ സിനിമാ പ്രേമികളുണ്ട്.  അവര്‍ക്ക് വേണമെങ്കില്‍ ഒന്ന് കയറി  എന്താ സംഭവം എന്നൊന്ന് നോക്കാം . അല്ലാത്ത ആരും ആ വഴിക്ക് പോകതിരിക്കുക .  പിന്നെ സെന്‍സര്‍ഷിപ്പ് വിവാദം കണ്ടു ആ പ്രതീക്ഷയില്‍ പോയാലും നിങ്ങള്‍ നിരാശരാകും . ബസ്‌ സ്റ്റാന്‍ഡിലെ ചെറിയ പെട്ടിക്കടകളില്‍ ഇതിലും നല്ല കഥാപുസ്തകങ്ങള്‍ കിട്ടും . ഇതിലും കുറഞ്ഞ വിലക്ക് .

പിന്‍കുറിപ്പ് : സിനിമ കണ്ടിറങ്ങിവരുമ്പോള്‍ അടുത്ത ഷോയ്ക്ക് നില്‍ക്കുന്നവരുടെ ഒരു സ്ഥിരം ചോദ്യം ഉണ്ട് . "സിനിമ എങ്ങനെ , കൊള്ളാവോ" ? . പുറകെ വന്ന ഒരു പയ്യനാണ് മറുപിടി പറഞ്ഞത് ...
"കൊള്ളാം ചേട്ടാ , ഒരു വെടിയും  പിന്നെ കുറെ വഴിപാടും "... ഈ ന്യൂ ജെനറേഷന്‍കാരുടെ ഒരു ഹ്യൂമര്‍ സെന്‍സെ .....
                                                                         (വഴിപോക്കന്‍)

Saturday 7 December 2013

INVICTUS -

               

              കഴിഞ്ഞ ആഴ്ച സമാപിച്ച അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്‍റെ വിശേഷങ്ങള്‍ തിരയുന്നതിനിടെയാണ് സമാപന ചിത്രമായിരുന്ന മണ്ടേല - എ ലോങ്ങ്‌ വാക്ക് ടു ഫ്രീഡം  എന്ന സിനിമയെപ്പറ്റി കേട്ടത് . സിനിമ കാണാന്‍ ആഗ്രഹം തോന്നി അപ്പോള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇട്ടു . നെല്‍സണ്‍ മണ്ടേല രോഗബാധിതാനായി  മരണവും  കാത്തുകിടക്കുയയിരുന്നു . അന്ന് മുഴുവന്‍ ചിന്തിച്ചത് അദ്ദേഹത്തെപ്പറ്റിയായിരുന്നു . മണ്ടേലയുടെ ആത്മകഥതന്നെയായിരിക്കും അതെ പേരിലുള്ള  ആ ചിത്രം എന്ന് വേണം കരുതാന്‍ .  ഈസ്റ്റ്‌വുഡിന്‍റെ  INVICTUS-2009  എന്ന സിനിമ പെട്ടെന്നാണ് ഓര്‍മയില്‍ വന്നത് .  നെല്‍സണ്‍ മണ്ടെലയുടെയും 1995 ലെ റഗ്ബി ലോകകപ്പിന്‍റെയും പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമ ആഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന്‍റെ അന്ത്യനാളുകളുടെ നേര്‍ക്കര്‍ച്ചകൂടിയാണ് . ഒപ്പം നെല്‍സണ്‍ മണ്ടേല എന്ന മനുഷ്യനെ മറ്റൊരു തലത്തില്‍ നിന്നുകൊണ്ടുള്ള നോക്കിക്കാണലും

                        CLINT EASTWOOD  സംവിധാനം ചെയ്ത സിനിമകള്‍ തേടി പിടിച്ചു കാണുമായിരുന്നു ഒരു കാലത്ത് . അങ്ങനെയാണ് INVICTUSനെപ്പറ്റി ആദ്യമായി അറിയുന്നത് .  തൊണ്ണൂറുകളിലെ പ്രചണ്ഡമായ ആഫ്രിക്കന്‍  രാഷ്ട്രീയഭൂമികയില്‍ നിന്നാണ് ഈ സിനിമ നമ്മോടു സംവദിക്കുക . ജയില്‍ മോചിതനായി മഡിബ (MORGAN FREEMAN)  ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കുന്നു . മൂന്നു ദശാബ്കാലത്തേ അദ്ദേഹത്തിന്‍റെ ജയില്‍വാസവും ജീവിതം കൊണ്ട് തന്നെ നടത്തിയ പോരാട്ടവും ഒക്കെ താന്‍ കണ്ട വര്‍ണ്ണ വിവേചനമില്ലാത്ത നാടിന്‍റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍  ആയിരുന്നു . പക്ഷെ ജനമനസ്സുകളില്‍ ഇപ്പോളും തളം കെട്ടികിടക്കുന്ന ആ ദുഷിച്ചചിന്തയുടെ ആഴം മണ്ടേല തിരിച്ചറിയുന്നു . ഒരു റഗ്ബി മല്‍സരത്തില്‍ സ്വന്തം രാജ്യത്തെ ടീമിനെതിരെ നില്‍ക്കുന്ന ജനങ്ങളെ കണ്ടു മണ്ടേല അസ്വസ്ഥനാകുന്നു . ടീമിലെ വെളുത്തവരുടെ മേധാവിത്വം ആയിരുന്നു പ്രധാന കാരണം .  വര്‍ണ്ണവിവേചനത്തിന്റെ നാളുകളുടെ അടയാളമായ SPRINGBOKS   എന്ന ദേശിയ റഗ്ബി ടീം ഇല്ലാതാക്കാന്‍ റഗ്ബി അസോസിയേഷന്‍ തീരുമാനിക്കുന്നു . ആ പേരോ , ചിഹ്നങ്ങലോ , ഗാനമോ  അങ്ങനെ ഒന്നും ഇനി വേണ്ട എന്ന തീരുമാനിക്കുന്ന അസോസിയേഷന്‍ തീരുമാനത്തെ എതിര്‍ത്ത് കൊണ്ട് മണ്ടേല പറയുന്നു : " നമ്മളോട് അവര്‍ ചെയ്തതു തന്നെ നമ്മള്‍ തിരിച്ചു ചെയ്യുമെന്ന് ഭയപ്പെടുന്ന അവരോടു നാം വിവേചനം കാണിച്ചാല്‍ ആ ജനതയെ നമ്മുക്ക് നഷ്ടമാകും " . മണ്ടേലയുടെ ദീര്‍ഘ വീക്ഷണവും നയതന്ത്രവും എല്ലാം ആ വാക്കുകളില്‍ പ്രകടമാണ് . ഒപ്പം മഹാനായ ആ മനുഷ്യന്‍റെ സഹജീവികളോടുള്ള കരുതലും സ്നേഹവും എല്ലാം അതിലുണ്ട് .
                            വെളുത്തവരും കറുത്തവരും തമ്മിലുള്ള വിദ്വേഷം രാജ്യപുരോഗതിക്കും ജനതക്കും നല്ലതല്ലെന്നറിയാവുന്ന മണ്ടേല വരാനിരിക്കുന്ന റഗ്ബി ലോകകപ്പിന്‍റെ മുന്നോടി ചില തീരുമാനങ്ങള്‍ എടുക്കുന്നു . റഗ്ബി ദേശിയ ടീമിന്‍റെ ക്യാപ്റ്റന്‍ François Pienaar റെ (MATT DAMON) വിളിച്ചു വരുത്തി സംസാരിക്കുന്നു . രാജ്യം മുഴുവന്‍ കൂടെയുണ്ട് എന്ന തോന്നല്‍ നല്‍കിയ ആത്മവിശ്വാസവും  മണ്ടേല  എന്ന മനുഷ്യനോടും  അദ്ദേഹം അനുഭവിച്ചതിനോടും തോന്നിയ  ആദരവും സ്നേഹവും   Pienaarനു പ്രചോദനമായി . അങ്ങനെ റഗ്ബി ലോകകപ്പില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ദക്ഷിണാഫ്രിക്ക വിജയിക്കുന്നതും അത് രാജ്യത്തിന്‌ നല്‍കുന്ന പുത്തന്‍ ഉണര്‍വും ആണ് ഈ സിനിമയില്‍ നമ്മള്‍ കാണുക .

ജീവനോടെ ഇരുക്കുന്ന കഥാപാത്രങ്ങളും വീഡിയോ ടേപ്പ് അടക്കമുള്ള  തെളിവുകളും  ഉള്ളതുകൊണ്ട് തന്നെ  ചരിത്രം  തിരുത്താനോ വളച്ചോടിക്കാണോ   ഒട്ടും സാധിക്കാത്ത ഒരു പ്രേമയത്തെ സിനിമയാക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു വിജയിച്ച  സംവിധായകന്‍ CLINT EASTWOOD നു ഉള്ളതാണ് ഈ സിനിമയുടെ മുഴുവന്‍ അഭിനന്ദനങ്ങളും .  ചരിത്രത്തെ സസൂക്ഷ്മം വിലയിരുത്തി  ഏറെ കരുതലോടെ തിരക്കഥയോരുക്കിയ Anthony Peckham ന്‍റെ പങ്കു വിസ്മരിച്ചുകൊണ്ട്  INVICTUS  നെ ക്കുറിച്ച് എന്തെഴുതിയാലും അത് നന്ദികേടായിപോകും .  വളരെ സൂഷ്മനിരീഷണവും  ചരിത്ര പഠനവും വേണ്ടിവരുന്ന  ഈ സിനിമയുടെ തിരകഥാരചന എന്ന ദൌത്യം  അദ്ദേഹം വളരെ നന്നായി കൈകാര്യം ചെയ്തു . മണ്ടേലയെ സ്ക്രീനില്‍ ജീവനുള്ളതാക്കി മാറ്റിയത് MORGAN FREEMAN എന്ന നടനിലൂടെ ആയപ്പോള്‍ അത് സമാനതകളില്ലാത്ത വിധം ഗംഭീരമായി എന്ന് പറയാതെ വയ്യ . ഫ്രീമാനു സത്യത്തില്‍ മണ്ടേലയുടെ നല്ല മുഖച്ഛായ തോന്നി .  ഒരു നാടിന്‍റെ  കായിക സ്വപ്നങ്ങള്‍ക്ക്   യാഥാര്‍ഥ്യത്തിന്‍റെ നിറം നല്കാന്‍ ഏറെ പരിശ്രമിച്ച   François Pienaar നെ സ്ക്രീനില്‍ വളരെ മികച്ചതാക്കാന്‍ MATT DAMONനും സാധിച്ചു . രണ്ടു പേരുടെയും  അഭിനയ പ്രകടനങ്ങള്‍ കൂടി സിനിമയുടെ പ്രധാന ആകര്‍ഷണമാണെന്ന് പറയാതെ വയ്യ .

                  എന്തായിരിക്കും ഒടുവില്‍ സംഭവിക്കുക എന്ന് എല്ലാവര്ക്കും അറിയാവുന്നതുകൊണ്ട്‌തന്നെ അധികം സസ്പെന്‍സോ ഒന്നും ഈ സിനിമക്ക് അവകാശപ്പെടാന്‍ ഇല്ല . പ്രേക്ഷകരെ സീറ്റ്‌ന്‍റെ തുമ്പില്‍ ഇരുത്തുന്ന ആകാംഷയും അധികം തോന്നില്ല . പക്ഷെ INVICTUS ഒരു മികച്ച സിനിമാ അനുഭവം അല്ലെന്നു പറയാന്‍ സാധിക്കില്ല . ചരിത്രം ഒട്ടും വളചൊടിക്കാതെ എല്ലാവര്ക്കും അറിയാവുന്ന ചരിത്രം വളരെ ലിനീര്‍ ആയി പറയുക മാത്രമാണ് സിനിമ ചെയ്യുന്നത് . അങ്ങനെ പറഞ്ഞുപോകുമ്പോള്‍ തന്നെ ഒരു കായിക ഉത്സവത്തിന്‍റെയും ഒരു കാലഘട്ടത്തിന്‍റെയും  ഒക്കെ സത്യസന്ധവും ഹൃദയസ്പര്‍ശിയുമായ ഒരു ഓര്‍മ്മപ്പെടുത്തലായിട്ട് കൂടി ആയിരിക്കും ഈ സിനിമ വായിക്കപ്പെടുക  അല്ലെങ്കില്‍ വായിക്കപ്പെടെണ്ടത് . ഒരു രാഷ്ട്രത്തിന്‍റെ , ആ നാടിന്‍റെ ഏറ്റവും മഹാനായ പുത്രന്‍റെ ഒക്കെ അവിസ്മരണീയമായ ഒരു എട് ചരിത്രത്തോട് അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തികൊണ്ടുതന്നെ സിനിമയാക്കാന്‍ സാധിക്കുക എന്നത് ഒരു ചെറിയകാര്യമല്ലല്ലോ .

                    മണ്ടേലയുടെ ജയില്‍ മോചനത്തിനും തിരഞ്ഞെടുപ്പിനും ശേഷം ദക്ഷിണാഫ്രിക്ക കടന്നുപോയ ഏറെ പ്രശനഭരിതവും കലുഷിതവുമായ ഒരു രാഷ്ട്രീയ ചരിത്രത്തിലേക്ക് കൂടി വിരല്‍ചൂണ്ടി നില്ല്ക്കുന്നത്‌ അല്ലെങ്കില്‍ അതിന്‍റെ ഒരു നേര്‍കാഴ്ചയായിട്ടുകൂടിയാണ്  INVICTUS  ആസ്വദിക്കേണ്ടത് . ഒരു രാത്രി ഇരുട്ടിവെളുത്താല്‍ പോകാത്ത വിധത്തില്‍ ആ ജനതയുടെ മനസ്സില്‍ കറുപ്പിന്റെയും വെളുപ്പിന്റെയും ഒക്കെ അധീശത്വത്തിന്‍റെയോ അപകര്‍ഷതയുടെയോ ഒക്കെ കടുംചായങ്ങള്‍ വീണു കട്ടപിടിച്ചു പോയിരുന്നു .  മന്ത്രംചൊല്ലി ഉണക്കാന്‍ കഴിയാത്ത വിധത്തില്‍ അവരുടെ മനസ്സുകളില്‍ വിവേചനത്തിന്റെ മുറിവുകള്‍ വീണുപോയിരുന്നു . ആ തിരിച്ചറിവില്‍ നിന്നുകൊണ്ട് മണ്ടേല എന്ന മനുഷ്യന്‍ ജനനന്മയ്ക്ക് , രാജ്യത്തിന്‍റെ  പുനരുദ്ധാരണത്തിനു ഒക്കെവേണ്ടി തന്നാലാവും വിധം പ്രവര്‍ത്തിക്കുന്നത് സിനിമ നമുക്ക് കാണിച്ചു തരുന്നു .  ആധുനിക ഒളിമ്പിക്സ് ന്‍റെ ആചാര്യനായ പിയറി ഡി കുബെര്‍റ്റിന്‍ ഒക്കെ പണ്ടേ പറഞ്ഞു വച്ചതിലേക്ക് കൂടിയാണ് മണ്ടേല ചിന്തിച്ചത് എന്ന് തോന്നുന്നു . ജനങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ സ്പോര്‍ട്സ്നു എന്ത് സാധിക്കും എന്ന സന്ദേശം ആണ് സിനിമ അവശേഷിപ്പിക്കുന്നതും .
നല്ല സിനിമയെ സ്നേഹിക്കുന്ന ആഗോളസിനിമാ പ്രേക്ഷകര്‍ക്ക്‌ ഒരുപാടു നിര്‍ദേശിക്കപെട്ടിട്ടുള്ള സിനിമയാണ് INVICTUS . "INVICTUS" എന്ന ലാറ്റിന്‍ വാക്കിന്‍റെ അര്‍ഥം കീഴടക്കാന്‍ സാധിക്കാത്തത്  എന്നാണ് . അതിലും മികച്ച വേറെയെന്തു പേര് നല്‍ക്കാനാണ് ഈ സിനിമക്ക് .1995 ലെ റഗ്ബി ലോകകപ്പ്‌ ഫൈനല്‍ മത്സരത്തിന്‍റെ ലിങ്ക് താഴെ ചേര്‍ക്കുന്നു
http://www.youtube.com/watch?v=LmQHWex_UFo

ബാഷ്പാഞ്ജലി :- മഡിബ  ഉറങ്ങുകയാണ്‌ . ഇനി ഒരിക്കലും ഉണര്‍ന്നു ലോകനന്മ്മയ്ക്ക് വേണ്ടി  പോരാടാന്‍ തിരികെ  വരാത്ത , ശാന്തമായ ഉറക്കം .. മണ്ടേലയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ അശ്രുകൊണ്ട്  ഒരു പ്രണാമം .

                                                                                                       ( വഴിപോക്കന്‍)

Monday 2 December 2013

പുണ്യാളന്‍ അഗര്‍ബത്തീസ് - പടരുന്നത്‌ ശുദ്ധ ഹാസ്യത്തിന്‍റെ പരിമളം



      

      
         ജയസൂര്യ നിര്‍മിച്ചു രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസ് കണ്ടു . നല്ല ഹാസ്യത്തില്‍ പൊതിഞ്ഞ സാമൂഹിക വിമര്‍ശനത്തിലൂടെ വളരെ നേര്‍രേഖയില്‍ കഥപറയുന്ന ഒരു ലളിതമായ സിനിമയാണ് പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന് ഒറ്റവാക്കില്‍ പറയാം . ചോരണ ആരോപണങ്ങളിലും മലീമസമായ കെട്ടുകാഴ്ചകളിലും നട്ടംതിരിയുന്ന സമകാലിക മലയാളസിനിമാ ഭൂമികയില്‍ ശുദ്ധനര്‍മ്മവും ലാളിത്യവും കൊണ്ട് വേറിട്ടൊരു സിനിമയവാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ നല്ല അഭിനന്ദനം അര്‍ഹിക്കുന്നു . 

    തൃശൂര്‍ ശ്രീയില്‍ ടിക്കറ്റ്‌കൌണ്ടറിലെ തിരക്ക് തന്നെ 'ഗഡികള്‍' സിനിമ ഏറ്റെടുത്തതിന്റെ ലക്ഷണമായിരുന്നു . സിനിമ തുടങ്ങി അതിന്‍റെ ടൈറ്റില്‍ ഗാനവും രംഗങ്ങളും തൃശൂരിന്റെ മനസ്സിളക്കി . അവരുടെ ആവേശം കണ്ടപ്പോള്‍ സിനിമ കാണേണ്ടിരുന്നത് ഈ നഗരത്തില്‍ത്തന്നെ ആയിരുന്നു എന്ന് തോന്നി . ആനപ്പിണ്ടത്തില്‍ നിന്ന് ഉണ്ടാക്കിയതാണെങ്കിലും പുണ്യാളന്‍ അഗര്‍ബത്തിക്ക് മറയൂര്‍ കാട്ടിലെ നല്ല ചന്ദനത്തിന്റെ പരിമളം തോന്നി - നിര്‍ദ്ദോഷമായ ചിരിയുടെയും ലാളിത്യത്തിന്റെയും പരിമളം . പ്രായോഗിക ജീവിതത്തെ ഇത്ര അനായാസമായി  നര്‍മത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാന്‍ തൃശൂര്‍ക്കാര്‍ക്കെ സാധിക്കു എന്ന് അന്നാടിനെ അടുത്തറിഞ്ഞിട്ടുള്ള, അവരില്‍ ഒരാളായി കുറേക്കാലം ജീവിച്ചിട്ടുള്ള വഴിപോക്കന് നന്നായി അറിയാം . "മ്മടെ ഗഡിയോള്" ഒരു സങ്കടം പറഞ്ഞാല്‍ പോലും അതില്‍ ഒരു നര്‍മ്മം ഉണ്ടാകും . ആനയും പൂരവും പുലികളിയുമെല്ലാം ജീവശ്വാസം പോലെ അവരുടെ ജീവിതങ്ങളില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ സാധിക്കാത്തവിധം ലയിച്ചു ചേര്‍ന്നിട്ടുള്ളവയാണ് . അത്തരം നര്‍മ്മത്തിന്റെ ലാളിത്യത്തില്‍ നിറഞ്ഞു നിന്നുകൊണ്ടുള്ള സംവേദനം തന്നെയാണ് പുണ്യാളന്റെ ഏറ്റവും വല്യ ആകര്‍ഷണീയത . 

              ജീവിതത്തില്‍ ഒരുപാടു വല്യ സ്വപ്നങ്ങളുള്ള ഒരു ബിസനസ്സുകാരനാണ് ജോയ് താക്കോല്‍ക്കാരന്‍ (ജയസൂര്യ) .പലതും പരാജയപെട്ടു ഒടുവില്‍ അയാളെത്തിചേര്‍ന്ന പുതിയ ആശയമാണ് അനപിണ്ടത്തില്‍ നിന്ന് അഗര്‍ബത്തി ഉണ്ടാക്കുന്ന പുതിയ ബിസിനസ് . അയാളുടെ സഹചാരിയും സഹായിയും ഒക്കെയാണ് ഗ്രീനു ശര്‍മ (അജു) . തന്‍റെ ഫാക്ടറിയുടെ vital raw material അയ അനപിണ്ടത്തിന്‍റെ ലഭ്യതക്കുറവ് അയാള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശനമാണ് . ദേവസ്വത്തില്‍ നിന്ന് അനപിണ്ടം ശേഖരിക്കാന്‍ അനുമതിയുണ്ടായിട്ടും മാറിവരുന്ന ഭരണക്കാരുടെ പിടിവാശിയില്‍ പിണ്ടകേസ് കോടതിയില്‍ എത്തിനില്‍ക്കുന്നു . തന്‍റെ സ്വപ്നങ്ങളിലേക്ക് ജോയി തോക്കൊല്‍ക്കാരന്‍ നടത്തുന്ന യാത്രയും അതിനു തടസം നില്‍ക്കുന്ന കേരളത്തിലെ സാമൂഹിക രാഷ്ട്രീയ  വ്യവസ്ഥിതിയും,  അവതമ്മിലുള്ള സംഘര്‍ഷവും ആണ് സിനിമയില്‍ പിന്നീടു നാം കാണുക . ഒരു social satire ന്‍റെ രുചി ആണ് പ്രേക്ഷകന് അനുഭവപ്പെടുക എന്ന് തോന്നുന്നു . 

     തന്‍റെ മുന്‍സിനിമകളിലൂടെ മലയാള നവതരംഗ സിനിമയില്‍ തന്‍റെ സാന്നിധ്യം നല്ല മിഴിവോടെ അടയാളപ്പെടുത്തിയ സംവിധായകന്‍ ആണ് രഞ്ജിത്ത് ശങ്കര്‍ . ആ പ്രതീക്ഷയ്ക്ക് വല്യ കോട്ടം തട്ടാതെ പുണ്യാളന്‍ അഗര്‍ബത്തിസും തരക്കേടില്ലാതെ പ്രേക്ഷകരെ രസിപ്പിക്കുക തന്നെചെയ്യുന്നു എന്ന് പറയാതെ വയ്യ . സുജിത്ത് വാസുദേവിന്റെ ക്യാമറ തൃശൂരിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്‍റെ നിറക്കാഴ്ചകള്‍ നന്നായി പകര്‍ത്തി . വളരെ അനായാസമായി തന്നെ ജയസൂര്യ ജോയി തക്കൊല്‍ക്കാരനായി ഭാവപകര്‍ച്ച നടത്തി . എടുത്തു പറയേണ്ട പ്രകടനം നടത്തിയത് ശ്രീജിത്ത്‌ രവി ആയിരുന്നു . മുന്‍കാല സിനിമകള്‍ നല്‍കിയ 'കൊട്ടേഷന്‍ ഗുണ്ട' ഇമേജ് പൊളിച്ചുകൊണ്ട്‌ ശ്രീജിത്ത്‌ തന്നിലെ നടന്‍റെ സാന്നിധ്യം സിനിമയില്‍ ഭംഗിയായി അടയാളപ്പെടുത്തി . അത്രപെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ലാത്ത കഥാപാത്രം ആണ് അദ്ദേഹത്തിന്‍റെ അഭയകുമാര്‍  എന്ന ഡ്രൈവര്‍ . സിനിമയില്‍ വന്നുപോകുന്ന മറ്റു നടീനടന്മ്മാര്‍ ( ഇന്നസെന്റ് , സുനില്‍ സുഗത , മാള , രചന , ജയരാജ്‌ വാര്യര്‍ , ടി.ജി. രവി , ഇടവേള ബാബു , അജു , ) എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട് . നായികാ നൈല ഉഷയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു എങ്കിലും മോശമായില്ല . 

     ഒരു വിമര്‍ശകന്റെ ഭൂതകണ്ണാടി കൊണ്ട് സസൂക്ഷമം നിരീക്ഷിച്ചു തലനാരിഴ കീറി പരിശോധിച്ച് ചാനലില്‍ പ്രസംഗിക്കുന്ന ബുദ്ധിജീവി നിരൂപകര്‍ക്ക്‌ ആഘോഷിക്കാന്‍ കുറെയേറെ യുക്തിരാഹിത്യങ്ങളും വിയോജിപ്പുകളും ഒക്കെ കാണും . പക്ഷെ സിനിമ നല്‍കുന്ന ആനന്ദവും രസവും ഒക്കെ ചിന്തിച്ചാല്‍ അവയിലെക്കൊന്നും പോകേണ്ടതില്ല എന്നുതന്നെയാണ് വഴിപോക്കന്റെ അഭിപ്രായം . എല്ലാ സിനിമയും ഒരേ കോല്കൊണ്ടല്ലല്ലോ അളക്കേണ്ടത്‌ . അതുപോലെ ഓരോ സിനിമയും ഓരോവിധത്തില്‍ തന്നെയാണ് ആസ്വദിക്കേണ്ടതും . കുറ്റങ്ങള്‍ ഇല്ല എന്നല്ല അവയൊന്നും പൊലിപ്പിച്ചു പറഞ്ഞു താറടിച്ചു കളയാന്‍ മാത്രം മോശമല്ല ഈ സിനിമ എന്നതാണ് എന്‍റെ അഭിപ്രായം . ഊഹിച്ചെടുക്കാന്‍ സാധിക്കുന്ന കഥാഗതിയും ചില രംഗങ്ങളിലെ നാടകീയതയും ഒരല്‍പം വിരസമാകുന്നു എങ്കിലും അതിനെയെല്ലാം സംഭാഷണത്തിലെ നര്‍മ്മം കൊണ്ട് അതിജീവിക്കുന്നും ഉണ്ട് സിനിമ . മലയാള സിനിമയുടെ നര്‍മ്മത്തിന്‍റെ ക്വാളിറ്റി അങ്ങേയറ്റം മോശമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നല്ല ശുദ്ധിയും വെടിപ്പുമുള്ള ചിരി കുറെയെങ്കിലും സംഭാവന ചെയ്യാന്‍ ചിത്രത്തിനായി എന്നത് ചെറിയ കാര്യമൊന്നുമില്ല. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ സിനിമ ഒരുപാടു വര്‍ഷം പുറകോട്ടു ഒരു സഞ്ചാരം തന്നെ നടത്തുന്നു . സിനിമയെ NEW GENERATION  എന്ന് വിളിക്കുമ്പോളും  ഈ പ്രതിലോമത അതിനെ പഴയ തലമുറക്കാര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും കൂടി ആസ്വാദ്യകരമാക്കുന്നു . നവതരംഗത്തിനും അതിന്‍റെ ആസ്വാദകര്‍ക്കും ഉപാസകര്‍ക്കും ചിരി എന്നാല്‍ പച്ചതെറിയും അശ്ലീലവും ദ്വയാര്‍ഥപ്രയോഗങ്ങളും ഒക്കെ ആണല്ലോ . സിനിമയുടെ മേല്‍സൂചിപ്പിച്ച ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്  തന്നെയാണ് അതിന്‍റെ മേന്മ ...

                                    എങ്കിലും സിനിമ പറയുന്ന രാഷ്രീയം  വ്യക്തമായ  ദിശാബോധമില്ലാത്ത  ഒന്നായാണ് അനുഭവപ്പെട്ടത് . സിനിമയുടെ  പ്രമേയം  ഒരു  രാഷ്ട്രീയ  വീക്ഷണത്തില്‍ കൂടെ കടന്നുപോകുന്നു എന്നതുകൊണ്ട്‌  തന്നെ അതിന്‍റെ  അവ്യക്തത  ചോദ്യം ചെയ്യപ്പെടുന്നത്  സ്വാഭാവികമാണ്  .  "പുതിയ  തലമുറയുടെ  രാഷ്ട്രീയം എനിക്ക് മനസിലാകില്ല എന്ന് ടി .ജി . രവിയുടെ  കഥാപാത്രം പറയുമ്പോള്‍ അതുതന്നെയാണ്  പ്രേക്ഷകനും അനുഭവപ്പെടുക എന്നാണ് വഴിപോക്കനു തോന്നിയത് . രാഷ്ട്രീയ പോക്കിരിത്തരങ്ങള്‍ക്ക് ഒപ്പം സഞ്ചരിച്ച  രണ്ടാം പകുതിയിലെ  സിനിമ ഒരല്‍പം വ്യക്തത  കുറഞ്ഞതായി അനുഭവപെടുന്നു എങ്കില്‍ അതിന്‍റെ കാരണവും വേറൊന്നായി കരുതേണ്ടതില്ല എന്ന് തോന്നുന്നു .  എങ്കിലും മധ്യവര്‍ഗ്ഗ - ഉപരി മധ്യവര്‍ഗ്ഗ  സമൂഹത്തിന്‍റെ  പ്രതിനിധീകരിക്കുക കൂടി ചെയ്യാന്‍ സിനിമയിലെ നായകന് സാധിക്കുമ്പോള്‍ വെറും ചിരിക്കപ്പുറം ചില ചിന്തകള്‍ കൂടി സിനിമ  മുന്നോട്ടു വയ്ക്കുന്നുമുണ്ട് . 

                                 സിനിമയെന്നാല്‍ അടി , ഇടി , വെടി , തെറി മേനി പ്രദര്‍ശനം എന്നിവയല്ലെന്നും  അതിലെ ചിരി യെന്നാല്‍  അറപ്പിക്കുന്ന അശ്ലീല - ദ്വയാര്‍ഥ പ്രയോഗങ്ങള്‍ അല്ല എന്നും ഇനിയും മനസിലാവാത്ത നവതരംഗ  ബുദ്ധിജീവികള്‍ക്കും  അവരുടെ  ഉപാസകര്‍ക്കും   കുറഞ്ഞപക്ഷം ഒരു ഞെട്ടല്‍ എങ്കിലും ആവാന്‍ പുണ്യാളന്റെ നല്ല ഗന്ധമുള്ള പുകയ്ക്ക്  സാധിക്കും എന്ന് തോന്നുന്നു . കൂട്ടുകാരുടെ കൂടെയും , അച്ഛന്റെയും അമ്മയുടെയും പെങ്ങളുടെയും  ഭാര്യ യുടെയും കുട്ടികളുടെയും  അങ്ങനെ ആരുടെ കൂടെയും ധൈര്യമായി പോയി കാണാവുന്ന സിനിമയാണ് പുണ്യാളന്‍ അഗര്‍ബത്തീസ് .

വാല്‍ കഷ്ണം :- തേക്കിന്‍കാട്‌ മൈതാനത്  സിനിമയുടെ ഷൂട്ട്‌ നടക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ആ വഴിക്ക് പോകുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മരുമകന്‍ പയ്യന്‍ ഷൂട്ടിംഗ് കാണണം എന്ന് പറഞ്ഞതുകൊണ്ട് കുറച്ചു സമയം അന്നവിടെ ചിലവിടുകയും ചെയ്തു . സംവിധയാകന്റെയും ജയസൂര്യയുടെയും മുഖത്ത് കണ്ട ആ ആത്മവിശ്വാസത്തിന്‍റെ തിളക്കം  സിനിമയിലും നല്ലോണം പ്രതിഫലിച്ചിട്ടുണ്ട് .
                                                                                         
                                                                                     (വഴിപോക്കന്‍ )