Sunday 29 September 2013

ശ്രിങ്കാര വേലന്‍ - ഒരു വിയോജനക്കുറിപ്പ്

   


 "CINEMA IS THE  MOST BEAUTIFUL FRAUD IN THE WORLD "
                   സിനിമ ലോകത്തെ ഏറ്റവും മനോഹരമായ തട്ടിപ്പാണ് എന്ന് പറഞ്ഞത് സംവിധായകനും സിനിമ നിരൂപകനും ഫ്രഞ്ച് നവതരംഗ സിനിമയുടെ അമരക്കാരില്‍ ഒരാളുമായ JEAN LUC GODARD ആണ് . ഓരോ സിനിമ കാണാന്‍ തിയേറ്ററിലെ ഇരുട്ടിലേക്ക് കയറുംബോളും GODARDന്‍റെ ആ വാചകം ഓര്‍മ്മവരും . ഒന്നുകൂട് ഉരുവിട്ട് മനസ്സിനെ പാകപ്പെടുത്തും. ഇന്നലെ ശ്രിങ്കാരവേലന്‍ കണ്ടു ... കാണേണ്ടി വന്നു എന്നതാണ് സത്യം സുഹൃത്തുക്കളുടെ കൂടെ സിനിമക്ക് പോകുമ്പോള്‍ അവര്‍ നിര്‍ബന്ധിക്കുന്ന സിനിമ കാണെണ്ടി വരും . ഇതിനു മുന്‍പ് കണ്ട എല്ലാ ഉദയന്‍ - സിബി -ജോസ് തോമസ്‌ സിനിമകളെക്കുറിച്ചു ഓര്‍ത്തപ്പോള്‍ ഒരു പിന്‍വിളി . എങ്കിലും കയറി .
ആദ്യമായി തന്നെ പറയട്ടെ സിനിമ എന്നെ ഒരു രീതിയിലും തൃപ്തിപ്പെടുത്തിയില്ല . പേരും കഥയും ആയി  ഒരു ബന്ധവും ഇല്ല . എങ്കിലും കുറെ ചിന്തിപ്പിച്ചു . കുറെ ചോദ്യങ്ങള്‍ സിനിമ എന്നോടും ഞാന്‍ സ്വയവും ചോദിച്ചു . എന്‍റെ സിനിമാ സങ്കല്‍പ്പങ്ങളോട് കലഹിക്കുക തന്നെ ചെയ്തു . സിനിമയെ വിലയിരുത്തേണ്ട അളവുകോല്‍ ഏതു , അല്ലെങ്കില്‍ ഏതു തരം സിനിമകളുടെ കൂടെയാണ് മനസ്സുകൊണ്ട് നില്‍ക്കേണ്ടത് എന്നൊക്കെ ഉറക്കെ ചിന്തിപ്പിച്ചു .

                       പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ സിനിമാ പ്രദര്‍ശനം തുടങ്ങിയത് മുതല്‍ ഒരു നൂറ്റാണ്ടിലേറെ കാലം കൊണ്ട് സിനിമ  വല്ലാതെ വളര്‍ന്നു . ഈ കാലഘട്ടത്തില്‍ മനുഷ്യരാശിയെ സിനിമയോളം സ്വാധീനിച്ച മറ്റൊരു കലാരൂപമോ മാധ്യമമോ ഇല്ല എന്ന് തോന്നുന്നു .  ഓടുന്ന ഫിലിം റോളുകളില്‍ പതിക്കുന്ന വെളിച്ചം സ്ക്രീനില്‍ വീണു ചലച്ചിത്രരൂപം കൈക്കൊള്ളുമ്പോള്‍ അതിനു ജനതയെ വല്ലാതെ  ഭ്രമിപ്പിക്കാനും, കീഴടക്കാനും കഴിയും എന്ന് തിരിച്ചറിഞ്ഞ ചലച്ചിത്രക്കരന്മ്മാര്‍ അതിനു പുതിയ ഭാഷയും ഭാഷ്യവും ഒക്കെ എഴുതിച്ചേര്‍ത്തുകൊണ്ടേ ഇരുന്നു . സിനിമ എന്ന കലാരൂപത്തോടു അതിന്‍റെ മാധ്യമ - കച്ചവട സദ്യതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നീതിപുലര്‍ത്തിയ മഹാന്മ്മാര്‍ അവരുടെ സിനിമ കൊണ്ട് അഭ്രപാളികളില്‍ വിസ്മയം തീര്‍ത്തു. ഒരു മാധ്യമവും , കലാരൂപവും ഒക്കെ ആണെന്നിരിക്കെ കച്ചവട സാദ്ധ്യതകള്‍ മാത്രം ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന  ശ്രിങ്കാരവേലന്‍ പോലുള്ള സിനിമകള്‍ ഒരു ശരാശരി സിനിമാസ്നേഹിയെ എന്ത് പഠിപ്പിക്കുന്നു ?

                   യാതൊരു പുതുമയും ഇല്ലാത്ത, യുക്തി എന്നൊന്ന് തൊട്ടു തീണ്ടിയിട്ടിലാത്ത , ക്ലിഷേകള്‍ കൊണ്ട് നിറഞ്ഞ ഒരു സിനിമ ആണ് എന്ന് ഒറ്റവാക്കില്‍ പറയാം . ലാല്‍ , ദിലീപ് , ഷാജോണ്‍, ബാബുരാജ്  എല്ലാരും വെറുപ്പിച്ചു .പുതുമ എന്ന വാക്ക് തന്നെ ഒരു കള്ളനാണയം ആണ് സിനിമയില്‍ . അതുകൊണ്ട് അത്തരം ഒരു വിശകലനമോ അതിലൂന്നി തലപ്പൊക്കം നിര്‍ണയിക്കുന്ന ഉത്തരാധുനിക റേറ്റിങ്ങ് രീതികള്‍ ഉപയോഗിച്ച് പത്തിലോ അഞ്ചിലോ മാര്‍ക്കിടുന്ന സിനിമാ നിരൂപണമോ ഒന്നും ശ്രിങ്കാര വേലന്‍ ആവശ്യപ്പെടുന്നില്ല . ഇതൊരു പുത്തന്‍ വിപണന തന്ത്രവും അല്ല . ഉത്സവ പറമ്പുകളില്‍ കുട്ടികളുടെ മുന്നിലൂടെ കാറ്റാടിയും ബലൂണും കൊണ്ട്നടന്നു ബ്ലാക്ക്‌ മെയില്‍ ചെയുന്ന  കച്ചവടക്കാരുടെ ഒരു പരിഷ്കൃത രൂപം ആണ്  . ഒന്നുകില്‍ അവരുടെ കണ്ണുകള്‍ അകറ്റുക . അല്ലെങ്കില്‍ അവര്‍ക്ക് അത് വാങ്ങി കൊടുക്കുക . ഒരു ബലൂണ്‍ സ്വന്തമാക്കിയ സന്തോഷത്തോടെ സിനിമ കഴിഞ്ഞിറങ്ങിയ  കുഞ്ഞു കുട്ടികള്‍ക്ക്  BATTLESHIP POTAMKIN ഉം  CITIZEN KANEഉം ഒന്നും കാട്ടികൊടുക്കാന്‍ പറ്റില്ലല്ലോ .

                         വെറുപിക്കാത്ത ഒരൊറ്റ നിമിഷവും തിയേറ്ററില്‍ ഉണ്ടായിരുന്നില്ല എന്ന് പരാതി പറയാന്‍ ഉള്ള മണ്ടത്തരം വഴിപോക്കന്‍ കാണിക്കില്ല . ഇത് കാണാന്‍ ഞാന്‍ സ്വയം തീരുമാനിച്ചു കയറിയതാണ് . ഇതിലേറെ .. എന്തിനു ഇതുപോലും ഞാന്‍ പ്രതീക്ഷിച്ചത് അല്ല .. ഒന്നുകില്‍ ശീതീകരിച്ച ഹാളില്‍ ഒരുറക്കം അല്ലെങ്കില്‍ കടലകൊറിച്ചോണ്ട് ഒരു രണ്ടര മണിക്കൂര്‍ . അതില്‍ കൂടുതല്‍ തരാമെന്ന് ഉദയനോ സിബിയോ ജോസ് തോമസ്സോ ഒന്നും ബുദ്ധിജീവി കണ്ണട വച്ച ഒരു സിനിമ പ്രേക്ഷകനോടും പറയുന്നുമില്ല . വഴിതെറ്റിയും വച്ചിഴക്കപെട്ടും ഒക്കെ ആ വഴി ചെന്ന് കേറുന്ന വഴിപോക്കരെ പറഞ്ഞാല്‍ മതി .

                       സിനിമയില്‍ ഇഷ്ടപെട്ടതു ഇന്ദ്രനീലങ്ങളോ എന്ന പാട്ടാണ് .പിന്നെ ഗാനങ്ങളിലെ വിഷ്വല്‍സ് . ജോയ് മാത്യു , നെടുമുടി , ബാബു നമ്പൂതിരി  . പിന്നെ ചുറ്റും പുറവും ഇരുന്ന കുടുംബ പ്രേക്ഷകരുടെ ഇടയില്‍ നിന്ന് കേട്ട കുരുന്നുകളുടെ പൊട്ടിച്ചിരി . വളര്‍ന്നു വലുതായത് ഒരു തെറ്റായി , നഷടമായി ഒക്കെ തോന്നി ആ കുട്ടികള്‍ സിനിമ ആഘോഷിക്കുന്നത് കണ്ടപ്പോള്‍ . ടോം ആന്‍ഡ്‌ ജെറി ഇന്നു കണ്ടാലും ആസ്വദിക്കാന്‍ കഴിയും എന്ന് തര്‍ക്കമില്ലാതെ തന്നെ പറയാം . പക്ഷെ  മനുഷ്യര്‍ അഭിനയിക്കുനിടത്തു കാര്‍ട്ടൂണ്‍ നിലവാരം അല്ലാലോ പ്രതീക്ഷിക്കുക.   ഒരു കാര്‍ട്ടൂണിന്‍റെ എങ്കിലും നിലവാരം പുലര്‍ത്താന്‍ സിബി -ഉദയന്‍ എന്നീ അഭിനവ വാള്‍ട്ട് ഡിസ്നിമാര്‍ ശ്രമിച്ചേ ഇല്ല .

                   ഉറക്കത്തിന്‍റെ ഇടക്കുള്ള ദുസ്വപ്നം പോലെ കുറെ ചിന്തകള്‍ ഇരച്ചു കേറി തിയേറ്ററില്‍ വച്ച് .ഇടക്ക്  ഒരു ഗാങ്ങ് വാറും പകപോക്കലും ഒക്കെ കണ്ടപ്പോള്‍ ഞാന്‍ കണ്ട GODFATHER  മുതലുള്ള ഒരുപാടു നല്ല GANGSTER ചിത്രങ്ങള്‍ ഓര്‍മിച്ചു പോയി . എങ്കില്‍ അത് എന്‍റെ തെറ്റ് . അത്തരം ഒരു ഓര്‍മ്മപെടുത്തലിനോ ഒന്നും ഒരു പ്രസക്തിയും ഇല്ല എന്നത് തന്നെ .ഇത് ഒരു മോശം സിനിമ ആണെന്ന് വാദിക്കാനോ തര്‍ക്കിക്കണോ ഒന്നും ഞാന്‍ ഇല്ല . പക്ഷെ ഇതുപോലെ ഉള്ള ചിത്രങ്ങളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ എന്തോ മനസ്സ് സമ്മതിക്കുന്നില്ല .

                   നിര്‍മ്മാതാവിന് നഷ്ടം വരുത്താതെ അത്യാവശ്യം സാമ്പത്തിക വിജയം നേടുന്ന ഇത്തരം സിനിമകള്‍ സിനിമയുടെ വളര്‍ച്ചക്ക് അനിവാര്യമാണ് എന്ന് ചിന്തികുന്നവര്‍ ഉണ്ട് . സിനിമയെ ആശ്രയിച്ചു ഉപജീവിക്കുന്ന ഒരുപാടു പേരുടെ ജീവിതം  , നിര്‍മ്മാതാവിന്റെ കണ്ണീരു, കസേരകളെ നോക്കി വിതുമ്പി കരയുന്ന തിയേറ്റര്‍ ഉടമകള്‍ അങ്ങനെ വാദിക്കാനാണെങ്കില്‍ ഒരുപിടി സെന്റിമെന്‍സ്ഉം കാണും . പക്ഷെ സിനിമയെ ഒരു കച്ചവടം മാത്രമായി കാണുന്ന ഇത്തരം സിനിമ സംരംഭങ്ങള്‍ സിനിമയെന്ന കലാരൂപത്തെ ഒന്ന് പരിഗണിക്കുന്നു പോലും ഇല്ല എന്നത്  സത്യമാണ് . നിര്‍മാതാവിന്റെ പോകറ്റ് വീര്‍പിക്കാന്‍ മാത്രം ലക്ഷ്യമിടുന്ന അവ പ്രേക്ഷകനെയോ സിനിമയുടെ തന്നെ ആത്മാവിനെയോ തോട്ടറിയാതെ രണ്ടടി മാറി നിന്ന് ചില കോപ്രായങ്ങള്‍ കാണിക്കുന്നു .

                 നമുക്ക് കഴിച്ചിട്ട് ഇഷ്ടപെടാത്ത ഒരു പലഹാരം മറ്റുളവര്‍ക്ക് എടുത്തു നീട്ടുന്നതുപോലെ ഒരു കുറ്റബോധം തോന്നും ഇത് ആര്‍ക്കെങ്കിലും നിര്‍ദേശിച്ചാല്‍. ശ്രിങ്കാര വേലന്‍ എന്നൊരു സിനിമ കണ്ടേ തീരു എന്ന് നിര്‍ബന്ധ ബുദ്ധിയുള്ളവരോട് :- ഇതേ പേരില്‍ ഇറങ്ങിയ ഒരു പഴയ തമിഴ് സിനിമ ഉണ്ട് . കമലഹാസനും കുശ്ബു വും ഒക്കെ ഉള്ള ഒരു ചിത്രം . ഇടക്കിടക്ക് KTV ഇല്‍ വരും . ഇതൊക്കെ വച്ച് നോക്കുമ്പോള്‍ കമലഹാസന്റെ സിനിമ ക്ലാസ്സിക്‌ ആണ് .മലയാള സിനിമ നല്ല ദിശയിലുള്ള വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ കാലഘട്ടത്തില്‍ ശ്രിങ്കാര വേലന്‍ എന്ന സിനിമ എന്ത് അവശേഷിപ്പിക്കുന്നു ? സിനിമ വെറും കച്ചവടം ആകുന്നത്‌ GODARD പറഞ്ഞപോലെ സുന്ദരമായ ഒരു തട്ടിപ്പല്ലേ ?

ടെയില്‍ പീസ്‌ :- ഇടവേളയില്‍ ഇടനാഴിയുടെ ഒരു മൂലയില്‍ ഒരു സിഗരേറ്റ് പുകച്ചു നിന്നപ്പോള്‍ അടുത്ത് നിന്ന കുറച്ചു ന്യൂ generation പിള്ളേരുടെ കമന്റ്‌  :-"എടാ ഇനി ബാബുരാജും ഉണ്ട് ... അതിനെ കൂടി എങ്ങനെ സഹിക്കും , ഇറങ്ങി പോയാലോ" ? ആനന്ദവും ആഘോഷവും ഒക്കെ ആകേണ്ട സിനിമ സഹനവും പീഡനവും ഒക്കെ ആകുന്നു  എങ്കില്‍ അത് സിനിമ പ്രേക്ഷകനില്‍ നിന്നോ അവന്‍ സിനിമയില്‍ നിന്നോ അകന്നു പോകുന്നതിന്‍റെ ലക്ഷണമല്ലേ ??

                   (വഴിപോക്കന്‍ )

Saturday 28 September 2013

WAGES OF FEAR - മരണം , ഭീതി , ആകാംഷ




            ചില സിനിമകള്‍ നമ്മെ വല്ലാതെ പിടിച്ചു ഉലയ്ക്കും .. ചിലത് കണ്ടതിലും വേഗം മറക്കുകയോ കാണേണ്ടതില്ലായിരുന്നു എന്ന കുറ്റബോധം മാത്രം അവശേഷിപ്പിക്കുകയോ ചെയ്യും . WAGES OF FEAR (Le Salaire de la peurഒരു 1953 ഫ്രഞ്ച്  ചിത്രം ആണ് . പേര് സൂചിപ്പിക്കുന്നപോലെ പേടിയുടെ ശമ്പളം വാങ്ങാന്‍ ഇറങ്ങി തിരിക്കുന്ന ചില മനുഷ്യരുടെ കഥയാണ് ഇത് . ചില സുഹൃത്തുക്കളില്‍ നിന്ന് ഈ സിനിമയെ പറ്റി കേട്ട്  തേടിപ്പിടിച്ചു ഈ ചിത്രം കണ്ടത് കുറച്ചു നാളുകള്‍ക്ക് മുന്‍പാണ്‌ . വഴിപോക്കനെ ആകാംഷയുടെ മുള്‍മുനയില്‍ ഇരുത്തിയ സിനിമയാണിത് . 

               ദക്ഷിണഅമേരിക്കയിലെ ഒരു എണ്ണപ്പാടത്തില്‍ തീ പിടിക്കുന്നു , അത് നിയന്ത്രണാതീതമായി പടരുന്നു . തീ അണക്കാന്‍ NITROGLYCERINE  വേണം . തൊട്ടാല്‍ പൊട്ടിതെറിക്കുന്ന , അതി ഭയാനകമായ സ്ഫോടകവസ്തു ആണ് നൈട്രോ ഗ്ലിസറിന്‍ . ഒരുപാടു സുരക്ഷാ സംവിധാനങ്ങള്‍ക്ക് സമയമില്ല . SOTHERN OIL COMPANY യുടെ ആസ്ഥാനത് നിന്ന് മുന്നൂറു മൈല്‍ അകലെ എണ്ണപ്പാടത്തിലേക്ക് നൈട്രോ ഗ്ലിസറിന്‍ നിറച്ച ടക്ക് ഓടിക്കാന്‍ കമ്പനി ഭീമമായ തുക വാഗ്ദാനം നല്‍ക്കി ഡ്രൈവര്‍മ്മാരെ റിക്രൂട്ട് ചെയ്യുന്നു . അവര്‍ ആ ട്രക്കുമായി മരണഭീതിയോടെ  നടത്തുന്ന അതിസാഹസികമായ യാത്ര . അതാണ് ഈ ചുരുക്കത്തില്‍ ഈ സിനിമയുടെ ഇതിവൃത്തം . 

              മാരിയോ, ജോ , ബിമ , ലൂയിജി .... അവര്‍ നാലു പേര്‍ . രണ്ടു ട്രക്കുകള്‍ . വലുതില്‍ മാരിയോയും ജോയും . ചെറിയ ട്രക്കില്‍ ബിമയും ലൂയിജി യും . കൊടും പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചു ജീവിക്കുന്ന അവര്‍ മറ്റൊരു വഴിയും ഇല്ലാത്തകൊണ്ടാണ് ജീവന്‍ പണയം വച്ചുള്ള ഈ ജോലി ഏറ്റെടുക്കുന്നത് . ഒന്നുകില്‍ മരണം അല്ലെങ്കില്‍  2000 ഡോളര്‍ . ഒന്ന്‍ അനങ്ങിയാല്‍ ട്രക്കും അവരും തീഗോളമായി മാറും . മുന്നില്‍ വാപൊളിച്ചു വിഴുങ്ങാന്‍ നില്‍ക്കുന്ന മരണം ...... ഭീതി ....... ഏക പ്രതീക്ഷ 2000 ഡോളര്‍എന്ന മോഹിപ്പിക്കുന്ന പ്രതിഫലം . ട്രാക്ക് നീങ്ങി തുടങ്ങുമ്പോള്‍ മുതല്‍ അവര്ടൊപ്പം നാമും ആ ഭീതിയും ആകാംഷയും ഒക്കെ അനുവഭവിക്കാന്‍ തുടങ്ങും .

             പട്ടിണിയും ദാരിദ്രവും കൊണ്ട് പൊറുതിമുട്ടി ഒന്നുകില്‍ മരണം അല്ലെങ്കില്‍ പണം എന്ന ചിന്തയില്‍ സ്വയം പണയം വച്ച്  അപകടകരമായ സാഹസികത ഏറ്റെടുക്കുന്ന നാലു പേര്‍. വഴിയില്‍ അവര്‍ നേരിടുന്ന ഒരുപാടു തടസങ്ങള്‍ . അതി ദുര്‍ഘടമായ പാത .. മരണത്തെ ഭയമില്ല എന്ന് പറയുന്ന ധീരന്മ്മാര്‍ പോലും പതറി പോകുന്ന അവസ്ഥ . മരണത്തെ സൈഡ് സീറ്റില്‍ ഇരുത്തി ഒരു യാത്ര .  അവര്‍ ആ വാഹനങ്ങള്‍ ഓടിച്ചു തുടങ്ങുന്നിടത്ത് നിന്ന് പിന്നെ മൂന്ന് കാര്യങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്ളു .. മരണം , ഭീതി , സാഹസികത ...  . ആകാംഷയുടെ മുള്‍മുനയില്‍ ഇരുന്നുകൊണ്ട് നമ്മള്‍ അവരോടൊപ്പം മനസ്സുകൊണ്ട് സഞ്ചരിക്കും
                അവര്‍ ലക്ഷ്യത്തില്‍ എത്തുമോ ഇല്ലെയോ . ?തൊട്ടാല്‍ പൊട്ടുന്ന ഒരു ലോഡ് നിറച്ച ട്രക്കുമായി യുള്ള യാത്രയില്‍ അവരെ കാത്തിരിക്കുന്നതു എന്താണ് ? മരണമോ ?  ന്നിര്‍ഭാഗ്യമോ ? അതോ മോഹിപ്പിക്കുന്ന ആ പ്രതിഫലമോ ?കൂടുതല്‍ കഥയിലേക്ക്‌ കടന്നാല്‍ പിന്നെ കാണാന്‍ ഉള്ള ആവേശം നഷ്ടപ്പെടും എന്നുള്ളതുകൊണ്ട് അതിനു മുതിരുന്നില്ല .
പ്രേക്ഷകരെ ആവേശത്തിന്റെ പരകോടിയില്‍ എത്തിച്ചു കഥാപാത്രങ്ങളുടെ വികാരങ്ങള്‍ അവരുടേതായി തോന്നിപ്പിച്ചു കഥയോടൊപ്പം മനസ്സിനെയും കൊണ്ടുപോകുന്ന , പിടിച്ചിരുത്തുന്ന ഒരു സിനിമയാണ് WAGES OF FEAR.   മരണ ഭീതിയുടെ ശമ്പളം വാങ്ങാന്‍ ഇറങ്ങിതിരിക്കുന്ന നാലു സഹസികരുടെ കഥ .
            1953ഇറങ്ങിയ ഒരു സിനിമ എന്നതുകൊണ്ട്‌ തന്നെ  ഇന്ന് കാണുമ്പോള്‍ ചില പോരായ്മകള്‍ തോന്നി . ചായാഗ്രഹണത്തിലും ശബ്ധലേഖനത്തിലും ഉള്ള ചില കുഴപ്പങ്ങള്‍ , അന്നത്തെ വാതില്‍പ്പുറ ചിത്രീകരണത്തിലെ പരിമിതികള്‍ , പിന്നെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആണ് എന്നുള്ളത് . പക്ഷെ പരിമിതികള്‍ക്കപുറവും സിനിമ കഴിഞ്ഞ ആറുപതിറ്റാണ്ടിലെ പ്രേക്ഷകനോട് മനോഹരമായി സംവദിച്ചു എന്നത് ഒരു മഹാ കാര്യമാണ് .

          ആലങ്കാരികത്തകളും ആല ഭാരങ്ങളും ഇല്ലാതെ  ഏറ്റവും പച്ചയായി കഥ പറയുന്ന സിനിമകളില്‍ ഒന്നാണിത് . ജീവിത ഗന്ധിയായി(അതോ മരണത്തിന്‍റെ, പേടിയുടെ ഗന്ധമാണോ ??) പ്രേക്ഷകന് അനുഭവവേദ്യമാകുന്ന സിനിമ .
ത്രില്ലര്‍ എന്നാ GENRE ഇല്‍ പെട്ട മറ്റുസിനിമകളില്‍ നിന്ന് വ്യത്യതമായി ഈ ചിത്രം വഴിപോക്കന് അനുഭവപെട്ടു . ഇതിലെ കഥാപാത്രങ്ങള്‍ അത്രമാത്രം പിടിച്ചുലയ്ക്കുകയും പിന്തുടരുകയും ചെയ്തു ഓരോ തവണയും കണ്ടപ്പോള്‍ . കണ്ടിട്ടിലാത്തവര്‍ ഒന്ന് കണ്ടു നോക്കണം എന്ന് നിര്‍ദേശിക്കുന്നു .

N.B. :- ഇത് 1952 ലെ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമാണ് . അത്തരം സിനിമകള്‍ പൊതുവേ കണ്ടിരിക്കാന്‍ പ്രയസമുള്ളവര്‍ മാറി സഞ്ചരിക്കുക . വഴിപോക്കന്‍ സമയം മെനക്കെടുത്തി എന്ന് പരാതി പറയരുത് . 
FILM  : WAGES OF FEAR (Le Salaire de la peur) -1953
DIRECTOR :- Henri-Georges Clouzot
                                                                        (വഴിപോക്കന്‍ )

Tuesday 24 September 2013

A BEAUTIFUL MIND - A BEAUTIFUL FILM

       

                       കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് , 2004 ലോ 2005ലോ മറ്റോ ആണ് .  സാമ്പത്തിക ശാസ്ത്രത്തിനു നോബല്‍ സമ്മാനം ലഭിച്ചവരുടെ ഒരു സമ്മേളനത്തിന് വന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ശ്രീ ജോണ്‍ നാഷന്‍റെ ഒരു അഭിമുഖം മാതൃഭൂമി ആഴിച്ചപ്പതിപ്പിലോ കലാകൌമുദിയിലോ മറ്റോ വായിച്ചു .  PARANOID SCHIZOPHRENIA  എന്ന അതി ഭയാനകമായ മാനസിക രോഗം ബാധിച്ചു അതിനെ നിയന്ത്രിച്ചു ,അതുമായി ഇന്നും ജീവിക്കുന്ന ഒരു ജീനിയസ് ആണ് DR. JOHN NASH.   അങ്ങനെ ആണ് അദ്ദേഹത്തിന്‍റെ  കഥ പറയുന്ന  A BEAUTIFUL MIND (2001) എന്ന സിനിമ കാണാനിടയായത് . മനുഷ്യ മനസിന്‍റെ ആഴങ്ങളില്‍ നടക്കുന്ന  അതിസങ്കീര്‍ണ്ണമായ മാസസിക വ്യാപാരങ്ങളെ ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിച്ച ഈ ചിത്രം അന്നും പിന്നീടു പലവട്ടം കണ്ടപ്പോളും കുറച്ചൊന്നുമല്ല സ്വാധീനിച്ചതു .

                  GLADIATOR എന്ന വിഖ്യാത സിനിമയിലൂടെ ലോകമെമ്പാടും സിനിമ പ്രേക്ഷകരെ വശീകരിച്ച RUSSEL CROWE  ആണ് ഈ ചിത്രത്തില്‍ ജോണ്‍ നാഷ് ആയി അഭിനയിക്കുന്നത് (ജീവിക്കുന്നത് എന്ന് വേണം പറയാന്‍ ).  വളരെ തന്മയത്വത്തോടെ , തികഞ്ഞ കയ്യടക്കത്തോടെ,അങ്ങേയറ്റം സൂക്ഷ്മതയോടെ റസ്സല്‍ ജോണ്‍ നാഷ് ആയി മാറി . ജീവിച്ചിരിക്കുന്ന ഒരാളെ അവതരിപ്പിക്കേണ്ടി വരിമ്പോള്‍ ഉള്ള എല്ലാ വെല്ലുവിളിയും ഇതില്‍ ഉണ്ടായിരുന്നു . GLADIATORലെ MAXIMUS നെ ക്കാള്‍ മികച്ചതായി എന്നാണ് വഴിപോക്കന്റെ വിലയിരുത്തല്‍ . അങ്ങേയറ്റം ആത്മാര്‍ഥതയും സമര്‍പ്പണവും ഇല്ലാതെ ഇത്രയേറെ സങ്കീര്‍ണ്ണതകള്‍ ഉള്ള ഒരു കഥാപാത്രത്തെ അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ കഴിയില്ല . RUSSEL CROWEക്ക് അതിനു നൂറില്‍ നൂറു മാര്‍ക്കും കൊടുത്തേ മതിയാകൂ. നാഷിന്റെ ഭാര്യ അലിഷ ആയി അഭിനയിച്ച ജെനിഫെര്‍ കോണ്‍ലീ വളരെ മികച്ചു നിന്നു  എന്നും എടുത്തു പറയണം . മികച്ച സഹനടിക്കുള്ള  ഓസ്കാര്‍ മേടിച്ചു   ഇതിലെ അഭിനയത്തിന് അവര്‍ .

                        വളരെ സങ്കീര്‍ണ്ണമായ ഒരു പ്ലോട്ട് ആണ് ഈ സിനിമയുടേതു . PARANOID SCHIZOPHRENIA  എന്ന രോഗത്തെ സ്വന്തം മനസ്സ് കൊണ്ട് ജയിച്ച (ഒരു പരിധി വരെ ) ജോണ്‍ നാഷ്ന്‍റെ കഥയാണ് . ALGEBRAIC GEOMETRY  , GOVERNING DYNAMICS , NASH EQUILIBRIUM  തുടങ്ങി എനിക്കിനിയും പേര് മാത്രം അറിയാവുന്ന ഒരുപാടു കണ്ടുപിടുത്തങ്ങള്‍ സാമ്പത്തിക ശാസ്ത്രത്തിനും ഗണിതശാസ്ത്രത്തിനും നല്‍കിയ ഇന്നും ജീവിച്ചിരിക്കുന്ന ഒരു മഹന്‍ ആണ് ജോണ്‍ നാഷ് . അയാള്‍ ഈ സംഭാവനകള്‍ ഒക്കെ നടത്തിയപ്പോലും ഈ രോഗത്തിന് അടിമയായിരുന്നു ... സ്വയം ഒതുങ്ങി മാറി അന്തര്‍മുഖന്‍ ആയി ജീവിച്ചു ... ഇരട്ടതലച്ചോറും പാതി ഹൃദയവുമായി .

                 നമ്മള്‍ കാണുന്നതും  കേള്‍ക്കുന്നതും അനുഭവിക്കുന്നതും ആണ് നമ്മുടെ ലോകം . നമ്മുടെ മനസ്സുകളില്‍ ആഴത്തില്‍ പതിയുന്ന അത്തരം ഓര്‍മ്മകള്‍ ആണ് നമ്മുടെ വ്യക്തിത്വം അല്ലെങ്കില്‍ വ്യക്തി ബോധം നിര്‍ണയിക്കുനത്. ആ  കാഴ്ചകളില്‍ ചിലത് മിഥ്യ ആയിരുന്നു എന്ന് തിരിച്ചറിയുന്ന അവസ്ഥയെ എങ്ങനെ നേരിടും എന്നത് ഒരു ചോദ്യം തന്നെ ആണ് . അങ്ങനെ ഒരുപാടു മായകാഴ്ചകള്‍ കാണിച്ചു  വിശ്വസിപ്പിക്കുന്ന ഒരു മനോരോഗം ആണ് SCHIZOPHRENIA . അങ്ങനെ ആഴത്തില്‍ പതിഞ്ഞു പോയ ധാരണകളെ പെട്ടെന്ന് തിരുത്താന്‍ അയാള്‍ക്ക് കഴിയുന്നില്ല . തന്‍റെ മാത്രം കാഴ്ചകളില്‍ കാണുന്ന ഒരു കൊച്ചു പെണ്‍കുട്ടി കുറെ വര്‍ഷങ്ങള്‍ ആയിട്ടും വളരുന്നില്ല എന്ന് കണ്ടാണ്‌ അയാള്‍ സ്വയം രോഗം തിരിച്ചറിയുന്നത് . പിന്നീടു സ്വയം പൊരുതി അയാള്‍ അതിനോട് പൊരുത്തപെടാന്‍ ശ്രമിക്കുന്നു . തനിക്കു നോബല്‍ സമ്മാനം കിട്ടാന്‍ പോകുന്നു എന്ന വാര്‍ത്തയുമായി ഒരാള്‍ വന്നപ്പോള്‍ ഒരു വിദ്യാര്‍ഥിയെ ക്കൊണ്ട് അയാള്‍ ഉറപ്പു വരുത്തുന്നുണ്ട് അത് ഒരു മിഥ്യ അല്ല എന്ന് . നമ്മുടെ വ്യക്തിബോധതെയും അതിലെ സത്യങ്ങളെയും മിഥ്യ കൊണ്ട് മറയ്ക്കുന്ന രോഗത്തെ നാഷ്കീഴടക്കി. സ്വന്തം ഭാര്യയുടെ , സുഹൃത്തുക്കളുടെ ഒക്കെ സഹായത്താല്‍ .  കാണുന്നതിനെ രണ്ടാമതൊന്നു ആലോചിക്കാതെ വിശ്വസിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ ശരിക്കും വിഷമിപ്പിച്ചു .

                   ജോണ്‍ നാഷിന്റെ ആ പഴയ ഇന്റര്‍വ്യൂ വിന്‍റെ വീഡിയോ നെറ്റില്‍ നിന്ന് തപ്പി എടുത്തു കണ്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി .
http://www.nobelprize.org/mediaplayer/index.php?id=429
സ്വന്തം വ്യക്തി ബോധത്തെയും മനസ്സിനെയും രോഗം നിയന്ത്രിച്ചപ്പോളും  സ്വയം കീഴടങ്ങാതെ പിടിച്ചു നിന്ന് ലോകത്തിനു മികച്ച സംഭാവനകള്‍ നല്‍കിയ അദ്ദേഹം ഒരുപാടു വര്ഷം ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു .

            ഇഷ്ടത്തിന് പ്രവര്‍ത്തിക്കുന്ന , നമ്മുക്ക് വഴങ്ങി തരുന്ന മനസ്സും ശരീരവുമാണ് മനുഷ്യന്‍റെ ശക്തി . മനസ്സ് മായക്കാഴ്ചകള്‍ കാണിച്ചു ഭ്രമിപ്പിച്ചു തെറ്റിധരിപ്പിച്ചപ്പോഴും  പതറാതെ  അതിനെ കീഴ്പെടുത്തി മനുഷ്യരാശിക്ക് മഹത്തായ സംഭാവനകള്‍ നല്‍ക്കാന്‍ കഴിഞ്ഞു അദ്ദേഹത്തിന് . മഹാമാനോരോഗത്തിന് കീഴടങ്ങാതെ നോബല്‍ സമ്മാനതിലേക്കു വരെ ഉയരാന്‍ കഴിഞ്ഞ JOHN NASH ഉം ,  ഒരു വിരല്‍തുമ്പ് ഒഴികെ എല്ലാം തളര്‍ന്നുപോയ ശരീരത്തിന്റെ അനുസരണക്കേടിനു വഴങ്ങാതെ പ്രപഞ്ച ഉല്പത്തിയുടെ പുതിയ സിദ്ധാന്തങ്ങള്‍ രചിച്ച STEPHEN HAWKINSഉം കണ്ണും കാത്തും അടഞ്ഞുപോയ സംസാരിക്കാന്‍ കഴിയാത്ത HELLEN KELLERഉം ഒക്കെ നമുക്ക് ഒരു വലിയ പാഠമാകണം . അതിജീവനത്തിന്റെ മഹാ സന്ദേശം ആണ് അവര്‍ നമ്മുക്ക് പകര്‍ന്നു തരുന്നത് . ഒരു ജലദോഷം വന്നാല്‍ ലോകാവസാനം ആയി കാണുന്ന നമ്മളൊക്കെ അവരില്‍ നിന്ന് കുറെ പഠിക്കാന്‍ ഉണ്ടെന്നു തോന്നുന്നു

             A BEAUTIFUL MIND ഒരു സിനിമ എന്നതിലും അപ്പുറത്ത് കുറെ പഠിപ്പിക്കുന്നു , ചിന്തിപ്പിക്കുന്നു . നാം അറിയാതെ നമ്മോടു ഒരുപാടു സംവദിക്കുന്ന അതിവിരളമായ ഒരു ചലച്ചിത്ര ഭാഷ ആണ് അത് . ഓരോ തവണ കണ്ടപ്പോളും ഈ ചിത്രം എന്നെ കുറേക്കാലം വേട്ടയാടിയിട്ടുണ്ട് . കണ്ടിരിക്കേണ്ട നല്ല സിനിമ ആയി ഒരുപാടു പേര്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട് . വഴിപോക്കനെ ആഴത്തില്‍ സ്വാധീനിച്ച ഒരു ചലച്ചിത്രമാണിത് . സമയം കണ്ടെത്തി കണ്ടാല്‍ നിരാശപ്പെടില്ല എന്ന് ഉറപ്പു  തന്നുകൊണ്ട് തന്നെ കാണാത്തവരെ നിര്‍ബന്ധിക്കുന്നു .
                                               
                                          വഴിപോക്കന്‍


Sunday 22 September 2013

പെരുന്തച്ചന്‍

             


                  മലയാളത്തിലെ ലക്ഷണമൊത്ത ചലച്ചിത്ര കാവ്യങ്ങളുടെ നിരയില്‍ ഒന്നാമത് എന്ന് തന്നെ വിളിക്കാവുന്ന സിനിമയാണ് അജയന്‍റെ പെരുന്തച്ചന്‍ (1991).  ലോകനിലവാരത്തിലേക്ക് മലയാള സിനിമ ഇടക്കെങ്കിലും ഉയരുന്നതിന്‍റെ ഉദാഹരണം . അരങ്ങിലും കഥയിലും അണിയറയിലും എല്ലാം പെരുന്തച്ചന്‍മാരുടെ ഒരു അപൂര്‍വ്വ സമ്മേളനം . എം . ടി. , തിലകന്‍ , നെടുമുടി , സന്തോഷ്‌ ശിവന്‍ , ജോണ്‍സന്‍ . .....
By the time a man realizes that maybe his father was right, he usually has a son who thinks he's wrong.
             -CHARLES WADSWORTH
                         പെരുന്തച്ചന്റെ വെറും ജീവിത കഥയായിട്ടല്ല എം . ടി . ഇതിനെ ഒരുക്കിയിരിക്കുന്നത് . രണ്ടു തലമുറകള്‍ തമ്മിലുള്ള ആശയപരമായ അന്തരങ്ങളും സംഘര്‍ഷങ്ങളും പെരുന്തച്ചനിലൂടെയും മകനിലൂടെയും വരച്ചുകാട്ടുന്നു . പുതിയതിനെയും പഴയതിനെയും  ആ അച്ഛനിലൂടെയും മകനിലൂടെയും ഒന്ന് മാറ്റുരച്ചു നോക്കുന്നുണ്ട് കഥാകൃത്ത്‌ . മലയാള സാഹിത്യത്തിലെ പെരുന്തച്ചന്‍ അയ എം . ടി . വാസുദേവന്‍ നായര്‍ സിനിമയിലും "മിഡാസിന്‍റെ കൈ " ഉള്ള ആളായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ . ആ ക്രാഫ്റ്റ് അതിന്‍റെ എല്ലാ പൂര്‍ണതയൂടും കാണാന്‍ സാധിക്കും പെരുന്തച്ചന്‍റെ പാത്രസൃഷ്ടിയിലും  ഈ സിനിമയില്‍ ഉടനീളവും .


                         കാറ്റിന്റെ വികൃതിയില്‍ കെട്ടുപോകുന്ന ഒരു കല്‍വിളക്കിന്‍റെ ദ്രിശ്യത്തില്‍ നിന്നാണ് പെരുതച്ചന്റെ ആരംഭം . ഒരു കല്ല്‌ കുത്തി നിര്‍ത്തി കാറ്റിനെ മറയ്ക്കുന്നിടത്തു നിന്ന്  പിന്നെ സഞ്ചാരമാണ് . പെരുന്തച്ചനിലൂടെ ... മകനിലൂടെ .... ഫ്ലാഷ് ബാക്ക് ഉപയോഗിക്കാതെ സംഭാഷണങ്ങളിലൂടെ ആണ് ആ മഹാതച്ചന്റെ മഹത്വം വിളിച്ചു പറയുന്നത് . പെരുന്തച്ചന്റെ ചങ്ങാതി ഉണ്ണി തമ്പുരാന്‍റെ വാക്കുകളിലൂടെ അത് നമ്മള്‍ അറിയുന്നു ... "ഒരു കല്ല്‌ നാട്ടി കാറ്റ് മറയ്ക്കനമെങ്കില്‍ അത് പെരുന്തച്ചന്‍ തന്നെ എന്ന് ഉറപ്പിച്ചു " എന്നും "ആശാരിമാര് കൊത്തിയാല്‍ പരുന്താവും , ഗരുഡന്‍ അവണേല്‍ പെരുന്തച്ചന്‍ തന്നെ കൊത്തണം " എന്നും " പെരുന്തച്ചന്‍ ഒന്ന് നോക്കിയ സ്ഥലം ആണെങ്കില്‍ കൂടി പെരുന്തച്ചന്‍ പണിയെടുത്ത സ്ഥലമാണെന്ന് പറയും " എന്നൊക്കെ ഉള്ള ഉണ്ണി തമ്പുരാന്‍റെ വാക്കുകള്‍ പെരുന്തച്ചപെരുമ വിളിച്ചോതുന്നു. കല്ലില്‍ സപ്തസ്വരം തീര്‍ത്ത പെരുതച്ചന്‍ ഒരു മിത്ത് ആവാം . പക്ഷെ ചുമ്മാ വിശ്വസിക്കാന്‍ ആണ് വഴിപോക്കനിഷ്ടം .

                  തിലകന്‍ എന്ന നടന്‍റെ ഏറ്റവും മികച്ച  കഥാപാത്രം ഏതെന്നു ചോദിച്ചാല്‍ രണ്ടാമത് ആലോചിക്കാതെ വഴിപോക്കന്‍ പറയും പെരുന്തച്ചന്‍ എന്ന് . അത്രമാത്രം ആ കഥാപാത്രമായി ജീവിക്കുക ആയിരുന്നു തിലകന്‍ . ഒറിജിനല്‍ പെരുതച്ചന്‍ വന്നു നിന്നാലും മലയാളികള്‍ക്ക് തിലകനെ തന്നെ യാവും കൂടുതല്‍ ഇഷ്ടം . ഈ ചിത്രത്തിലെ തിലകന്‍റെ മൂന്ന് രംഗങ്ങള്‍ എനിക്കേറവും പ്രിയപ്പെട്ടതാണ് .
 1.  കാറ്റിനെ മറയ്ക്കുന്ന ആദ്യ സീന്‍
 2.  വൃക്ഷം മുറിക്കുന്നിടത് ഓടിയെത്തി വൃക്ഷപൂജ ചെയ്യാന്‍മകനെ  ഉപദേശിക്കുന്നത് .
 3. പിന്നെ ക്ലൈമാക്സ്‌ .
തിലകന്‍ ചേട്ടന്‍റെ വേര്‍പാട്‌ മലയാള സിനിമക്ക് നല്‍കിയ നികത്താനാവാത്ത ആ ശൂന്യത , അതിന്‍റെ ആഴം അറിയണമെങ്കില്‍ പെരുതച്ചന്‍ കാണണം . തിലകന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം .

 

 

രണ്ടു തലമുറകളുടെ ഒരു താരതമ്യം കൂടെ നടത്തുനുണ്ട് ഈ സിനിമയില്‍ .  മനുഷ്യ സഹജമായ സ്ത്രീ മോഹങ്ങള്‍ ഉണ്ടാകുമ്പോള്‍ പെരുന്തച്ചന്‍ കാണിക്കുന്ന സംയമനവും മകന് അതില്ലാതെ പോകുന്നതും ശ്രദ്ധേയമാണ് . പുതിയ തലമുറയുടെ ശീലങ്ങളും ശീലക്കേടുകളും  അവരുടെ നിഷേധാത്മക സമീപനം ധാര്‍ഷ്ട്യം ഒക്കെ കണ്ണനില്‍ നിറച്ചു വളരെ സിംബോളിക് യാണ് ആ കഥാപാത്രത്തെ എം. ടി . എഴുതിഉണ്ടാക്കിയിട്ടുള്ളത് . അതിന്‍റെ കഴുത്തിലേക്കു പെരുന്തച്ചനെ ക്കൊണ്ട് ഒരു ഉളി എടുത്തു ഇടീച്ചു കഥകഴിക്കുമ്പോള്‍ അത് അവന്‍റെ അഹന്തയിലേക് ആണ്  ചെന്ന് വീഴുന്നത് .എം . ടി. യുടെ സ്ത്രീ കഥാപാത്രങ്ങള്‍ക്കും പതിവില്‍ കവിഞ്ഞ ഒരു ശക്തി ഉള്ളതായി തോന്നി . "നിയമം തെറ്റിക്കണമെങ്കില്‍ അത് നേരത്തെ ആകാമായിരുന്നു. പതിനാറു കൊല്ലവും പന്തീരായിരം ചിലവാകും വരെയും കാത്തുനില്‍ക്കണമായിരുന്നില്ല. അനുഗ്രഹിച്ചവരുടെ ഒക്കെ ശാപം കിട്ടിയാലേ തൃപ്തിയാവൂ എന്നുണ്ടോ? എന്ന് ചോദിക്കുന്ന തമ്പുരാട്ടി അതിന്‍റെ പ്രതീകമാണ്‌ .  മകന്‍ വിചാരിച്ചിട്ട് കൂടാത്ത മോന്തായം കൂട്ടാന്‍ അച്ഛന്‍ തന്നെ വരേണ്ടി വരുന്നു . 

നെടുമുടി വേണുവിന്‍റെ അനായാസമായ അഭിനയം കൊണ്ട് ഏറെ ശ്രദ്ധേയമാണ് ഇതിലെ തമ്പുരാന്‍ വേഷം . തിലകനും നെടുമുടിയും തമ്മിലുള്ള ഇതിലെ ചില കോമ്പിനേഷന്‍ സീനുകള്‍ മലയാള സിനിമയുടെ തന്നെ മുതല്‍ക്കൂട്ടാണ് . അഭിനയത്തിന്‍റെ പാഠങ്ങള്‍ പുതുതലമുറ ഇവരെ കണ്ടു പഠിക്കണം . കണ്ടിട്ടും കേട്ടിട്ടും തന്നെയില്ലാത്ത കാലഘട്ടത്തില്‍ ജീവിച്ച ആളുകളായി എത്ര സുന്ദരമായാണ് ഇതിലെ അഭിനേതാക്കള്‍ ജീവിക്കുന്നത് . മോനിഷ എന്ന ദുഖം  വീണ്ടും ഓര്‍ക്കും ഈ ചിത്രം കാണുമ്പോള്‍ .  പ്രശാന്ത്‌ ഒരു പുതുമുഖമാണെന്ന് തോന്നുകയേ ഇല്ല .

സിനിമയിലെ കാലഘട്ടത്തിനു ചേര്‍ന്ന സംഗീതം ഒരുക്കി ജോണ്‍സന്‍ മാഷും ചായഗ്രാഹക വിരുതു കൊണ്ട് സന്തോഷ്‌ ശിവനും കൂടി ചേര്‍ന്നപ്പോള്‍ മലയാളത്തിലെ ഒരു ലക്ഷണമൊത്ത ക്ലാസ്സിക്‌ ചിത്രമായി പെരുന്തച്ചന്‍ മാറി . ദേശിയ തലത്തില്‍ എന്തുകൊണ്ടോ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല . തിലകന് എന്തുകൊണ്ടാണ് ദേശിയ പുരസ്‌കാരം നല്‍കാഞ്ഞത്‌ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

ഈ സിനിമയുടെ സംവിധായകന്‍ തോപ്പില്‍ ഭാസി യുടെ മകന്‍ അജയന്‍ ആണ് . ഒരൊറ്റ സിനിമ മാത്രമേ അദ്ദേഹം സംവിധാനം ചെയ്തോളു . എന്തുകൊണ്ടാണ് അജയന്‍ വേണ്ടും ഒരു സിനിമ ചെയ്യാതിരുന്നത് എന്നതു എന്നെ ഒരുപാടു അത്ഭുതപ്പെടുത്തി . പക്ഷെ ഒരു നൂറു സിനിമയുടെ ഗുണം ചെയ്യുന്ന ഒന് തന്നെയാണ് ഇതെന്ന് സംമ്മതിക്കാതെ വയ്യ .  പെരുന്തച്ചന്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ പോലെ അത് ഒളിമങ്ങാതെ നില്‍ക്കുന്നു . ഒപ്പം കണ്ണന്നോടെന്നപോലെ നമ്മുടെ NEW GENERATION ക്കാരോട് ഒരു ചോദ്യവും ചോദിപ്പിക്കുന്നു . "
“നീ കൊത്തുന്ന ശില്പങ്ങളെല്ലാം മങ്ങുന്നു എന്ന് പരാതിയുണ്ട്. അത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ കണ്ണാ“.....

                                                                     -(വഴിപോക്കന്‍)
പെരുന്തച്ചന്‍ (1991)
സംവിധാനം :- അജയന്‍
തിരക്കഥ :- എം.ടി.
ക്യാമറ :-സന്തോഷ്‌ ശിവന്‍ 
തിലകന്‍ , നെടുമുടി , പ്രശാന്ത്‌ , മോനിഷ , വിനയപ്രസാദ്‌

ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടം - അഥവാ ഭരതന്‍ ടച്ച്‌

    
       എന്‍റെ ആസ്വാദന രീതികൊണ്ട് തന്നെ ആവണം മലയാള സിനിമകളെക്കാള്‍ അധികം സ്വാധീനിക്കാറുള്ളതു വിദേശ സിനിമകള്‍ ആണ് . മികച്ച സിനിമകള്‍ മലയാളത്തില്‍ കുറവാണ് എന്നല്ല . നല്ല ഒരു മൂവ്മെന്റ് ഇപ്പോഴും നമ്മുടെ സിനിമകളില്‍ കാണാറുണ്ട് .  അത്തരത്തില്‍ മലയാളത്തിലെ ഏറവും സിനിമാറ്റിക് ചിത്രങ്ങള്‍ ചിലത് ശ്രീ ഭരതന്‍റെ വക ആയിരുന്നു .  ഒരു ഭരതന്‍ ടച്ച്‌ ഉള്ള ,വല്ലാതെ ഫീല്‍ ചെയ്ത ഒരു സിനിമ ആണ്  ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (1987) . 

       നഷ്ടങ്ങളുടെ വേദന എന്താണെന്നു അത് അനുഭിക്കാതെ തന്നെ നമ്മള്‍ അറിഞ്ഞു പോകും .  രാവുണ്ണി മാഷിന്റെയും സരസ്വതി ടീച്ചറുടെയും ഒറ്റപ്പെടലിന്‍റെ വാര്‍ധക്യ ജീവിതത്തിലേക്ക് ഒരു ആശ്വാസമായി മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ മായ എത്തുന്നു . സ്വന്തം മോളെ പോലെ വളര്‍ത്തിയ അവള്‍ അവരെ വേര്‍പിരിഞ്ഞു പോകുന്നു . മായയുടെ നഷ്ടം അവളുടെ കുഞ്ഞിലൂടെ നികത്തി  അതിനെയും ലാളിച്ചു  അവര്‍ നഷ്ടങ്ങളോട് പൊരുത്തപ്പെടുന്നു. അനിവാര്യമായ വിധി അച്ഛന്റെ രൂപത്തില്‍ വന്നു ആ കുഞ്ഞിനേയും അവരില്‍ നിന്ന്  പറിച്ചു എടുക്കുന്നു .  വളരെ ലളിതമായ പ്ലോട്ട് ആണ് ഇതിന്‍റെ . പക്ഷെ ഒരു സിനിമയായി വികസിപ്പിച്ചെടുത്തപ്പോള്‍ അത് അത് ഒരു കവിത പോലെ മനോഹരമാക്കാന്‍ തിരകഥാകൃത്തു ശ്രീ ജോണ്‍പോളിന് കഴിഞ്ഞു .. ഒരു ദുഃഖ കാവ്യം പോലെ

       എടുത്തു പറയേണ്ട വിധത്തില്‍ മികച്ച പ്രകടനം ആണ് നെടുമുടി വേണുവും ശാരദയും ഇതില്‍ ചെയ്തിരിക്കുന്നത് . തന്‍റെ പ്രായത്തെക്കാള്‍ കൂടിയ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ആണ് നെടുമുടി വേണു എന്ന നടന്‍ എല്ലാരേയും വിസ്മയിപ്പിക്കാറുള്ളത്. നെടുമുടിയുടെ അഭിനയ ജീവിതത്തിലെ മികച്ച അഞ്ചു കഥാപാത്രങ്ങളില്‍ ഉറപ്പായും രാവുണ്ണി മാഷും ഉണ്ടാകും. മൂന്ന് നാഷണല്‍ അവാര്‍ഡു  വീട്ടിലെ ഷോ കേസില്‍ ഇരിക്കുമ്പോള്‍ ആണ് ഉര്‍വശി ശാരദ ഈ സിനിമയില്‍ അഭിനയിക്കുന്നത് . ഇത്രയും സ്വാഭാവിക അഭിനയ ശേഷിയുള്ള മറ്റു നടിമാര്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വേറെ ഉണ്ടോ എന്ന് സംശയമാണ് . പാര്‍വതിയും ദേവനും നന്നായി തന്നെ കഥാപാത്രങ്ങളായി ജീവിച്ചു .

                ഏകാന്തത എന്ന അവസ്ഥയെ ഇത്രയും ഭംഗി ആയി അവതരിപ്പിക്കാന്‍ സാധിച്ചു എന്നത് സിനിമയുടെ മേന്മയാണ് . മിന്നാമിനുങ്ങിന്റെ വെട്ടം പോലെ ജീവിതത്തില്‍ ലഭിക്കുന്ന നല്ല നാളുകളും അതവസാനിക്കുമ്പോള്‍ മുന്‍പത്തെക്കാള്‍ വലിയ ഒരു അവസ്ഥയിലേക്ക് തിരിച്ചു പോകുകയും ചെയ്യുന്ന ജീവിത ഭീകരത അതിന്‍റെ എല്ലാ സിനിമാസാധ്യതയും ഉപയോഗിച്ച് ഇവിടെ ഒരു മനോഹര ചലച്ചിത്രമായി മാറുന്നത് കാണുബോള്‍ തീര്‍ച്ചയായും നമ്മള്‍ അത്ഭുതപ്പെടും . സിനിമ എന്ന കലരൂപത്തോട് ഇതിന്‍റെ പകുതി പോലും ആത്മാര്‍ഥത ഉള്ള സിനിമ ശ്രമങ്ങള്‍ അധികം കാണാറില്ല എന്നതാണ് സത്യം . ഇന്റര്‍വ്യൂ യിലൂടെയോ  പ്രോമോഷന്‍ പ്രോഗ്രാമുകളിലൂടെയോ  സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെയോ അല്ല  ഒരു സ്ക്രീനില്‍ നിന്ന് നേരിട്ട് പ്രേക്ഷകനോട്, അവന്റെ മനസ്സിനോട്  ആവണം സിനിമ സംവദിക്കേണ്ടത് .

                 ഇതിന്‍റെ അണിയറയിലെ രണ്ടുപേരുടെ  സംഭാവനകള്‍ കൂടി എടുത്തു പറഞ്ഞില്ലെങ്കില്‍ അത് ഒരു നന്ദികേട് ആകും . സംവിധായകന്‍ ഭരതനും  എഴുത്തുകാരന്‍ ജോണ്‍പോളും. എണ്പതുകളില്‍ ലോക സിനിമയിലെ തുടിപ്പുകള്‍ക്കൊപ്പം മലയാള സിനിമ പുതുമക്കൊപ്പം വഴിമാറ്റി സഞ്ചരിച്ച ഒരു ശക്തമായ മൂവ്മെന്റ് ഉണ്ടായിരുന്നു . യുവത്വവും സിനിമയോട് ഉള അങ്ങേയറ്റത്തെ ആത്മാര്‍ഥതയും ആയിരുന്നു അതിന്‍റെ ശക്തി . ഒരു ഉത്തരാധുനിക സിനിമാ സങ്കേതം ഉടലെടുത്തു തലയുയര്‍ത്തി നില്‍കുകതന്നെ ചെയ്തു . സത്യസന്ധമായി പറഞ്ഞാല്‍ മലയാള  സിനിമയിലെ ആദ്യ NEW GENERATION MOVEMENT അതായിരുന്നു . അത്തരം സിനിമാക്കാരില്‍ ഏറ്റവും തലയെടുപ്പുള്ള ആളായിരുന്നു ഭരതന്‍ . അങ്ങേയറ്റം സിനിമാറ്റ്ക് അയ ക്ലാസ്സിക്കുകള്‍ കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ഭരതന്‍ ടച്ച്‌ ഇതില്‍ പ്രകടമാണ്

                 ഒട്ടും അതിഭാവുകത്വമില്ലാത്ത , അലങ്കാരികത തൊട്ടു തീണ്ടിയിട്ടില്ലാത്ത  ലളിതമായ ഒരു ചിത്രമാണ്  മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം .  ജോണ്‍പോള്‍ എന്ന തിരക്കഥാകൃത്ത്‌ അഭിനന്ദനം അര്‍ഹിക്കുന്നത് അവിടെയാണ് . പത്മരാജന്‍റെ ഇന്നലെ അല്ലാതെ  കഥാപാത്രങ്ങളുടെ ദുഃഖം നമ്മുടേതായി അനുഭവിച്ച  മറ്റൊരു മലയാള  ചിത്രം ഇത് മാത്രമാണ് ( വഴിപോക്കന്റെ വ്യക്തിപരമായ അഭിപ്രായമാണ് ) . ഞെക്കി പഴുപ്പിച്ചു വച്ചപോലെ ഉള്ള മെലോഡ്രാമകളെ അപേക്ഷിച്ച് ഈ സിനിമ നമ്മളെ ആഴത്തില്‍ സ്പര്‍ശിക്കുന്നത് അതിന്റെ സ്വാഭാവികവും ലളിതവും മലയാളിത്തമുള്ളതും അയ കഥാഗതി കൊണ്ട് ആണ് . എങ്കിലും ഒരു വിദൂര  STEREOTYPING  ഫീല്‍ ചെയ്യുന്നുണ്ട്  കഥാപാത്ര സൃഷ്ടിയില്‍ എന്ന് പറയാതെ വയ്യ .

               ഓ എന്‍ വി കുറുപ്പും യശശരീരനായ ശ്രീ ജോണ്‍സന്‍ മാഷും ചേര്‍ന്നാണ് ഇതിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് . മെലേഡി കൊണ്ട് ജോണ്‍സനോളം മലയാളികളെ വശീകരിച്ച മറ്റൊരു സംഗീത സംവിധായകന്‍ ഉണ്ട് എന്ന് തോന്നുന്നില്ല . കവിതയുടെ മലയാളിത്തവും ലാളിത്യവും കലര്‍ന്ന കുറുപ്പ് സാറിന്റെ പാട്ടുകളെക്കുറിച്ച്  പ്രത്യേകിച്ച് പറയേണ്ടതുണ്ടോ . മെല്ലെ മെല്ലെ യും പൂ വേണം പൂപ്പട വേണം വും ഇഷ്ടമല്ലാത്ത മലയാളികള്‍ ഉണ്ടോ ?
" തണുപ്പിച്ച ബിയര്‍ ന്‍റെ ബോട്ടില്‍ആയി നിന്നെ ഞാന്‍
ഹൃദയത്തില്‍ ഫ്രീസറില്‍ എടുത്തു വച്ച്
ചുണ്ടോടടുപ്പിക്കാന്‍ വയ്കിയതെന്റെ തെറ്റ് "
എന്നൊക്കെ എഴുതി പാടുണ്ടാക്കി  വല്യ സംഭവമാക്കി കൊണ്ട് നടക്കുന്ന NEW GENERATION  കാര് പിള്ളേര്‍ക്ക് ചില്ലപ്പോ വേറെ അഭിപ്രായം കാണുമായിരിക്കും .


മലയാളത്തിലെ   മികച്ച സിനിമകളില്‍ ഒന്നാണ്  മിനമിനുങ്ങിന്റെ നുറുങ്ങു വെട്ടം . എത്ര വട്ടം കണ്ടിട്ടും മടുക്കാത്ത അപൂര്‍വ്വം ചില സിനിമാകളില്‍ ഒന്നാണിത് . ഇനിയും ഈ സിനിമ കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണണം . കണ്ടിട്ടുള്ളവര്‍ക്കും കാണാം . രാവുണ്ണി മാഷും ടീച്ചറും അവരുടെ ദുഖവും നമ്മെ കുറെ ദൂരം പിന്തുടരും .
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987)
സംവിധാനം :- ഭരതന്‍
തിരകഥ :- ജോണ്‍പോള്‍
അഭിനേതാക്കള്‍ :- നെടുമുടി വേണു , ശാരദ , പാര്‍വതി , ദേവന്‍

                                    (വഴിപോക്കന്‍)


Saturday 21 September 2013

PULP FICTION:- A MUST WATCH MOVIE



    


      ഹോളിവൂഡ്‌ സിനിമയുടെ  ചരിത്രം എഴുതുമ്പോള്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു സിനിമ ആണ് 1994  ലെ PULP FICTION  . MUST WATCH എന്ന് പറഞ്ഞു ചങ്കൂറ്റത്തോടെ ആര്‍ക്കും നിര്‍ദേശിക്കാവുന്ന സിനിമ .  സിനിമയെ അള്ളക്കുന്ന അളവ് കോലുകള്‍ കൊണ്ട് അളന്നു തരം തിരിച്ചു മാര്‍ക്ക്‌ ഇടുമ്പോള്‍ PULP FICTION നേക്കാള്‍ മികച്ചത് എന്ന് അഭിപ്രായം ഉള്ള സിനിമകള്‍ അതിനു മുന്‍പും പിന്‍പും ഉണ്ടായേക്കാം . പക്ഷെ ഈ ചിത്രം ഒഴിവാക്കാന്‍ കഴിയാത്ത വിധത്തില്‍ ചില പ്രത്യേകതകള്‍ ഉള്ളതാണ് എന്നാണ് വഴിപോക്കന്‍റെ കണ്ടെത്തല്‍ . പരസ്പരം സന്ധിക്കുന്ന സ്റ്റോറി ലൈനുകള്‍ കൊണ്ട് ഒരു മള്‍ടിലീനിയര്‍ കഥപറയല്‍ രീതി ഉപയോഗിച്ച് സിനിമ ചെയ്യാന്‍ പഠിക്കാന്‍ ഇതിലും നല്ലൊരു പാഠപുസ്തകം വേറെ ഉണ്ടെന്നു തോന്നുന്നില്ല . 

      മാരകമായ ഒരു കഥയും ഈ സിനിമയില്‍ ഇല്ല . അമേരിക്കന്‍ മാഫിയ ഗ്യാങ്ങ്, അടി , ഇടി, വെടി, പരത്തെറി , നന്മയുടെയും തിരിച്ചറിവിന്‍റെയും  ഒരു ഗുണപാഠം ഇതൊക്കെയെ ഉള്ളു . ഒന്നിന്‍റെയും ആഴത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ ശ്രമിക്കാതെ ഉപരിതലത്തില്‍ നിന്ന് മാത്രം കഥയെ സമീപിക്കുന്ന രീതിയാണ് ഇതില്‍ . നാലഞ്ചു ചെറിയ കഥകളെ പരസ്പരം  ചാക്രികമായി ബന്ധിപ്പിച്ചിരിക്കുന്നു . തിരകഥയുടെ ഈ CYCLIC  സ്വഭാവം തന്നെയാണ് PULP FICTION  ന്‍റെ ആകര്‍ഷണീയത .
 സിനിമയുടെ സംവിധായകന്‍ QUINTIN TRANTINO യും  ROGER AVARY യും ചേര്‍ന്നാണ് ഇതിന്റെ തിരക്കഥ എഴുതിയത് . മികച്ച തിരാകഥയ്ക്കു ഉള്ള ഒസ്കാറും ഗോള്‍ഡന്‍ ഗ്ലോബ്ഉം ലഭിച്ചതു വെറുതെയല്ല . ഇത്രെയും മനോഹരമായൊരു തിരകഥ അധികം കണ്ടിട്ടേ ഇല്ല എന്ന് തന്നെ പറയണം . മൂന്ന് ഓസ്കാര്‍ നോമിനേഷന്‍ നേടിയ അഭിനയങ്ങള്‍ പോലും ഈ തിരകഥയുടെ മുന്നില്‍ രണ്ടാമതേ വരൂ . അക്കാലത്തെ അമേരിക്കന്‍ ക്രൈം നോവലുകളുടെ വല്ലാത്ത സ്വാധീനം ഉണ്ട് ഇതിന്‍റെ പ്ലോട്ടില്‍. ഒരല്പം അരോചകമായ ഭാഷ പോലും അതിന്‍റെ ലക്ഷണമാണ് . എങ്കിലും ലോകത്ത് സിനിമ വിദ്യാര്‍ഥികള്‍ക്കും സിനിമ ഭ്രാന്തന്മാര്‍ക്കും ഒരുപാടു നിര്‍ദേശിക്കപെട്ടിട്ടുള്ള സിനിമ ആണ് . 

    ഇനി കഥയിലേക്ക്‌ . ഒരു ഭക്ഷണശാലയില്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന രീതിയില്‍ ആണ് ഇതിന്‍റെ കഥപറയുന്നത് . അതിനു മുന്‍പും പിന്‍പും ഉള്ള കാര്യങ്ങള്‍ പലപ്പോഴായി ചാക്രിക രൂപത്തില്‍ ഇടകലര്‍ത്തി  വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു . വളരെ മനോഹരമായി അതീവ ശ്രദ്ധയോടെ എഴുതിയ തിരകഥ നമ്മളെ വിസ്മയിപിക്കുകതന്നെ ചെയ്യും . MARSELLUS WALLACE എന്ന മാഫിയ തലവനു വേണ്ടി ഒരു പെട്ടി വീണ്ടെടുക്കാന്‍ പോകുന്ന രണ്ടു അനുചരന്മാര്‍,  MARSELLUS WALLACE ന്‍റെ ഭാര്യ , അയാളില്‍ നിന്ന് കോഴ വാങ്ങി പറ്റിച്ച ഒരു ബോക്ക്സര്‍ , ഇവരുടെ ജീവിതത്തില്‍ രണ്ടു മൂന്ന് ദിവസത്തില്‍ സംഭവിക്കുന്ന ചില സ്വാഭാവിക സംഭവങ്ങള്‍ ... അത്രേ ഉള്ളു ഈ സിനിമയില്‍ . പക്ഷെ അത് പറയുന്ന രീതി നമ്മെ അമ്പരിപ്പിക്കുക തന്നെ ചെയും . MARSELLUS WALLACE ന്‍റെ അനുചരന്മാര്‍ ആയി JOHN TRAVOLTA യും SAMUEL  JACKSON ഉം തകര്‍ത്തഭിനയിചിരിക്കുന്നു . അയാളുടെ ഭാര്യ ആയി UMA THURMAN . മൂന്ന് പേര്‍ക്കും അഭിനയത്തിന് ഓസ്കാര്‍ നോമിനേഷന്‍ കിട്ടുകയും ചെയ്തു . 

ചില പ്രകടനങ്ങള്‍ :- 

1.       SCREENPLAY  തന്നെയാണ് ഈ സിനിമയുടെ ഹീറോ. മറ്റെന്തും അതിന്‍റെ പിന്നിലെ വരൂ

2.       SAMUEL  JACKSON :- JULES WINNFIELD ആയി ജീവിച്ചു . ഒറ്റ സിനിമാകൊണ്ട് എന്നെ ഇത്രയും വശീകരിച്ച വേറൊരു നടനും ഇല്ല . 

3.       JOHN TRAVOLTA : വളരെ കൂള്‍ അയ അഭിനയം . ആ സുന്ദര മുഖം കണ്ടാല്‍ ഒരു gangster ആണെന്ന് തോന്നുകയേ ഇല്ല . പിന്നെ UMA THURMAN ന്‍റെ കൂടെ ഉള്ള ആ ഡാന്‍സ് . ഡയാന രാജകുമാരിയുടെ കൂടെയുള്ള ആ ചരിത്രപ്രസിദ്ധ ഡാന്‍സ് ഓര്‍മിപ്പിച്ചു . 

ഒരു തിരിച്ചറിവിന്‍റെ പാഠം കൂടി ഒരു ബൈബിള്‍ വാക്യത്തില്‍  CODE ചെയ്തു വച്ചിട്ടുണ്ട് ഈ സിനിമയില്‍ . മരണത്തില്‍ നിന്ന് മുടിനാരിഴക്ക് രക്ഷപെടുന്ന സാമുവേല്‍ ജാക്ക്സണ്‍ ന്‍റെ JULES WINNFIELD ന്‍റെ വായില്‍. അയാള്‍ അത് രണ്ടു തവണ പറയുന്നുണ്ട് സിനിമയില്‍ .  നമ്മള്‍ അത് മൂന്ന് തവണ കേള്‍ക്കുന്നുമുണ്ട് .

ബൈബിളിലെ എസെയ്കല്‍ 25:17
“The path of the righteous man is beset on all sides by the inequities of the selfish and the tyranny of evil men. Blessed is he who in the name of charity and goodwill shepherds the weak through the valley of darkness, for he is truly his brother's keeper and the finder of lost children. And I will strike down upon thee with great vengeance and furious anger those who attempt to poison and destroy my brothers. And you will know my name is the Lord when I lay my vengeance upon you.”

     
     ശരിക്കും ബൈബിളില്‍ ഉള്ളത് അവസാന വരികള്‍ മാത്രമാണ് . എന്തായാലും ആദ്യം ഇത് പറയുന്നത് താന്‍ കൊല്ലാന്‍ പോകുന്ന ആളോടാണ് . രണ്ടാമത് restaurant  ഇല്‍ വച്ച് ആ കൊള്ളക്കരനോട് പറയുമ്പോള്‍ അയ്യാള്‍ സ്വയം തിരിച്ചറിവിന്‍റെ പാതയില്‍ ആണ് . താന്‍ ഇത്രയും നാള്‍ അര്‍ഥം അറിയാതെ പറഞ്ഞതിന്‍റെ അര്‍ഥത്തെകുറിച്ച് അയാള്‍ ആഴത്തില്‍ ചിന്തിക്കുന്നത് കാണിച്ചു തരുന്നു നമ്മളെ .
സാധാരണ സിനിമയില്‍ കാണുന്നതില്‍ നിന്നും വളരെ വേറിട്ടതാണ് തിരക്കഥാ രീതി എന്ന് പറഞ്ഞല്ലോ .. ഈ സിനിമ തീരുമ്പോള്‍ ജീവനോടെ കാണുന്ന വിന്സിന്റ്റ് വേഗ (TRAVOLTA)മരിച്ചത് അതിനു മുന്‍പ് സിനിമയില്‍ കാണുന്നുണ്ട് നമ്മള്‍ .അങ്ങനെ ഭൂതകാലത്തില്‍ പറഞ്ഞവസാനിപ്പിച്ച മറ്റൊരു സിനിമയും ഓര്‍മയില്‍ വരുന്നില്ല .
ഒരല്പം കുറ്റം പറയാന്‍ ആണെങ്കില്‍ ചിലതുണ്ട് . ചില അരോചക സീനുകള്‍ ഉണ്ട് ഇതില്‍ .മയക്കു മരുന്നിന്‍റെ അതിപ്രസരം . പിന്നെ പുലഭ്യം .. അത് അക്കാലത്തെ അമേരിക്കന്‍ ക്രൈം സിനിമകളുടെ മുഖമുദ്ര ആണല്ലോ. “fuck” എന്നൊക്കെ മിനുട്ടില്‍ ഇരുപതുതവണ വച്ച് കേക്കുമ്പോള്‍ ഒരു ചൊറിച്ചില്‍ തോന്നും . തനിക്കു തലമുറയായി കിട്ടിയ ആ സ്വര്‍ണവാച്ചിനോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ “my fathers fucking watch “ എന്നൊക്കെ പറയുന്ന കേള്‍ക്കുമ്പോള്‍ ആ cultural gap വല്ലാതെ തോന്നും 

       ലോകസിനിമയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന സിനിമാപ്രേമികള്‍ കണ്ടിരിക്കേണ്ട സിനിമ ആണ് pulp fiction . കണ്ടിട്ടിലെങ്കില്‍ ഇന്ന് തന്നെ കാണണം .  എക്കാലത്തെയും മികച്ച സിനിമകളുടെ കൂട്ടത്തില്‍ ആണ് ഇതിന്‍റെ സ്ഥാനം എന്നത് എടുത്തു പറയേണ്ട കാര്യമില്ലല്ലോ . ഓരോ തവണ കാണുമ്പോളും ഈ തിരകഥ എന്നെ അല്ഭുതപെടുതും .  forest  gump , quiz show, shawshank redemption തുടങ്ങിയ എന്‍റെ തന്നെ ഇഷ്ട സിനിമാകലോടൊപ്പം  ആണ് ഓസ്കാറിനു മത്സരിച്ചത് .  ചുമ്മാ താരങ്ങളുടെ കട്ട്‌ ഔട്ട്‌ കളില്‍ പാലഭിഷേകം നടത്തി ജയ് വിളിച്ചു ഒടുങ്ങുന്ന താരഭ്രാന്തന്മ്മാരെ (സിനിമ ഭ്രാന്തന്മാര്‍ എന്ന് അവരെ വിളിക്കരുത് ..) വിളിച്ചു ഈ സിനിമ ഒന്ന് കാണിക്കണം . ഒരു വെളിപ്പടിനു സാധ്യതയുണ്ട് . 

 PULP FICTION (1994)

DIRECTION :- QUINTIN TRANTINO

VERDICT:-  MUST WATCH 

CAST:- JOHN TRAVOLTA , SAMEUL  JACKSON , UMA THURMAN

                                                                                           വഴിപോക്കന്‍

Friday 20 September 2013

ദി റോക്ക്

  

     കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് , (പഠിക്കുന്ന കാലത്താണ് ) ചാനല്‍ മാറ്റുന്നതിനിടെ ഒരു സിനിമയുടെ കുറെ സീനുകള്‍ കണ്ടു . പഴയ ബോണ്ട്‌ നായകന്‍ ഷോണ്‍ കോണറി (SEAN CONNERY )ഒരു ഹമ്മറില്‍ പറക്കുന്നു . കുറെ പോലീസുകാരും നികോളാസ് കേജും (NICKHOLAS CAGE )   ചേര്‍ന്ന് പിന്തുടരുന്നു . കുറച്ചു നേരമേ അന്ന് കണ്ടോളു. അപ്പോളേക്കും കറന്റ് പോയി . അന്ന് ഇന്നത്തെപോലെ സിനിമയുടെ പേര് മുകളില്‍ എഴുതുന്ന പരിപാടി ചാനലുകാര്‍ തുടങ്ങിയിട്ടില്ല . അതുകൊണ്ട് സിനിമ ഏതാണെന്ന് മനസ്സിലായില്ല . പിന്നെയും കുറെ കാലം കഴിഞ്ഞാണ് (THE ROCK -1996) കാണുന്നത് . ഇംഗ്ലീഷ് സിനിമ കണ്ടു തുടങ്ങുന്ന കാലത്ത് ഏറെ ഭ്രമിപ്പിച്ച സിനിമകളില്‍ ഒന്നായിരുന്നു ഇത് .

     ALCATEAZ  ദ്വീപില്‍ കുറെ ടൂറിസ്റ്റ് കളെ ബന്ധികളാക്കി വിലപേശുകയാണ്‌ കുറെ റിബല്‍ സൈനികര്‍ . അവര്‍ ഭീമമായ തുക ആവശ്യപ്പെടുന്നു . രഹസ്യ നീക്കങ്ങളില്‍ കൊല്ലപെട്ട , നഷ്ടപരിഹാരം കിട്ടിയിട്ടില്ലാത്ത സൈനികര്‍ക്ക് വേണ്ടി ആണ് ജനറല്‍ ഹമ്മലും ക്യാപ്റ്റന്‍ ഫ്രേ യും ഇത് ചെയുന്നത് . സാന്‍ഫ്രാന്‍സിസ്കോ പട്ടണത്തിലേക്ക് രാസായുധം നിറച്ച റോക്കറ്റ് ചൂണ്ടി നിര്‍ത്തിയാണ് ഭീഷണി . PENTAGON ഉം FBI ഉം ഉണരുന്നു . ആകാശമാര്‍ഗം ഉള്ള നീക്കം പന്തിയല്ല എന്ന് തിരിച്ചറിയുന്ന അവര്‍ മറ്റു വഴികള്‍ ആലോചിക്കുന്നു. ഒടുവില്‍ FBI  യുടെ രാസായുധ വിദഗ്ദ്ദന്‍ STANLEY GOODSPEED  ഉം അമേരിക്ക അനധികൃതമായി തടവില്‍ ഇട്ടിരുന്ന ബ്രിട്ടീഷ്‌ ഏജന്റ് PATRICK MASON ഉം അടങ്ങുന്ന ഒരു സംഘത്തെ നിയോഗിക്കുന്നു .
NICKHOLAS CAGE ഗുഡ്സ്പീഡ് ആയും ബോണ്ട്‌ ഹീറോ SEAN CONNERY  മാസണ്‍ ആയും എത്തുന്നു . പിന്നീടുള്ള ആവേശം നിറഞ്ഞ രംഗങ്ങള്‍ പ്രേക്ഷകനെ ആകാംഷയുടെ മുള്‍മുനയില്‍ ഇരുത്തും . അക്കാലത്തു കണ്ടിരുന്ന ആക്ഷന്‍ ചിത്രങ്ങളില്‍ ഏറെ ഇഷ്ടപെട്ടിടുള്ള ചിത്രം ആയിരുന്നു ദി റോക്ക് . അതിന്റെ പ്രധാന കാരണം ഷോണ്‍ കോണറിയുടെ സാനിധ്യം തന്നെ ആണ് . 

    കോണറി  ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം എനിക്ക് ഇഷ്ടമേ ആകുമായിരുന്നില്ല . DR. NO  എന്ന ആദ്യ  ബോണ്ട്‌ ചിത്രം  മുതല്‍ NEVER SAY NEVER AGAIN  വരെ യുള്ളവയും ഓസ്കാര്‍ കിട്ടിയ UNTOUCHABLES  ഉം ഇന്ത്യാന ജോണ്‍സും ഒക്കെ ഒരുപാടു തവണ കണ്ടു ഇഷ്ടപെട്ടുപോയതാണ് .  ഏറ്റവും  ക്രൂരന്‍ അയ ബോണ്ട്‌ എന്ന് പഴി കേട്ടിട്ടുള്ള ഷോണ്‍ കോണറിയുടെ ഏതാണ്ട് അതെ രീതിയില്‍ തന്നെ ഉള്ള പ്രകടനം കാണാം ഇതില്‍ . മാസണ്‍ എന്ന കഥാപാത്രവും അത്തരത്തില്‍ ഉള്ള ഒരാളാണ് . അനധികൃതമായി മുപ്പതു വര്‍ഷത്തോളം തടവില്‍ കഴിയുന്ന അമേരിക്കന്‍ സീക്രെട്ട് എജന്റ് ആണ് അയാള്‍ . പറക്കുംതളിക രഹസ്യം മുതല്‍ കെന്നഡി യുടെ കൊലപാതകം അടക്കം ഉള്ള അമേരിക്കന്‍ സൈനിക ഭരണ രഹസ്യങ്ങള്‍ അടങ്ങുന്ന മിക്രോഫിലിം മോഷ്ടിച്ചതിനാല്‍ ആണ് അയാള്‍ തടവില്‍ കഴിയുന്നത്‌ . റോക്ക് ജയിലില്‍ നിന്ന് രക്ഷപെട്ടിട്ടുള്ള ഏക ആള്‍ എന്ന നിലയില്‍ ആണ് അയാളെ ഈ ദൗത്യസംഘത്തില്‍ ഉള്പെടുത്തുന്നത്  . മറ്റൊരു ബോണ്ട് ചിത്രം പോലെ തന്നെ അനുഭവവേദ്യമായി ഷോണ്‍ കോണറിയും അദ്ദേഹത്തിന്‍റെ അഭിനയവും . 

    നികോളാസ് കേജിന് ഓസ്കാര്‍  ലഭിച്ച ശേഷം ഇറങ്ങിയ ആദ്യ ചിത്രമാണ് ഇത് . ഓസ്കാറിന്റെ നിറവില്‍ പ്രതീക്ഷാഭാരവുമായി നിന്ന കേജ് ഒട്ടും നിരാശപ്പെടുത്തിയില്ല . ഈ ചിത്രം കാണുന്നതിനു മുന്‍പേ leaving las vegas , face off, Conair  തുടങ്ങിയ സിനിമകള്‍ കണ്ടു കേജിനെ ഇഷ്ടപെട്ടിട്ടുള്ളതാണ് . 

     സിനിമയുടെ ക്ലൈമാക്സ്‌ രംഗങ്ങള്‍  ശരികും ആകാംഷ ഭരിതമാണ്‌  . രാസായുധ ROCKET  നിര്‍വീര്യമാക്കാനുള്ള ആ സംഘടനവും ഒടുവില്‍  സ്വയം രക്ഷിക്കാന്‍ ഗുഡ്സ്പീഡ് ഹൃദയത്തിലേക്ക് അട്രോപിന്‍ കുത്തിവച്ചു വിമാനത്തിലേക്ക് പച്ച ടോര്‍ച് വീശി കാണിക്കുന്ന രംഗം . ....ഹോ ..... NEEDLE OF SUSPICTION  എന്ന ഇംഗ്ലീഷ് പ്രയോഗം പോലെ നമ്മള്‍ ശരിക്കും മുള്‍മുനയില്‍ ഇരിക്കും. അഭിനയ മുഹൂര്‍ത്തങ്ങളോ ഒരു ക്ലാസ് എന്ന് വിളികാവുന്ന സ്റ്റോറി ലൈനോ ഒന്നും ഇതിലില്ല . നല്ല ഒരു entertainer ആണ് . 

    കേജിന്റെയും കോണറിയുടെയും കോമ്പിനേഷന്‍ തന്നെ ആണ് സിനിമയുടെ മനോഹര്യത കൂട്ടുന്നത്. രണ്ടു അകാദമി അവാര്‍ഡു ജേതാക്കള്‍ മാറ്റുരച്ച സിനിമ എന്ന നിലയിലും റോക്ക് സിനിമ പ്രേമികളുടെ ഇഷ്ടചിത്രം ആണ് . ഹോളിവൂഡ്‌ലെ ഒരു മികച്ച ആക്ഷന്‍ ചിത്രമാണ് THE ROCK  .  ഈ സിനിമ കണ്ടിട്ടുള്ള ആരെയും ഇത് നിരാശപ്പെടുത്തില്ല എന്ന് തന്നെയാണ് എന്‍റെ വിശ്വാസം . വഴിപോക്കന്‍ ആദ്യകാലത്ത് കണ്ടിട്ടുള്ള ആക്ഷന്‍ ചിത്രമാണിത് . ഇപ്പോളും ഹമ്മറും ആയി  സിറ്റി ട്രാഫിക്കില്‍ പറക്കുന്ന കോണറി യും പിന്തുടരുന്ന കേജും ഇടക്കൊക്കെ ഓര്‍മകളില്‍ എത്തും. അപ്പോളൊക്കെ ഹാര്‍ഡ് ഡിസ്ക് കുത്തി ഈ സിനിമ ഒന്നൂടെ അങ്ങ് കാണും .