Monday 7 October 2013

"BABAM VE OGLUM " - ഒരു തുര്‍ക്കി സിനിമാ പരിചയം

    


       "BABAM VE OGLUM "( My father and My Son )  -  2005 ഒരു തുര്‍ക്കി(Turkish) സിനിമ ആണ് . പേരുപോലെ തന്നെ മകന്‍, അച്ഛന്‍, കൊച്ചു മകന്‍ തുടങ്ങി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു മനോഹര സിനിമയാണ് ഇത് . ഹോളിവൂഡും ഫ്രെഞ്ചും  കൊറിയനും ഒക്കെ അപുറത്തുള്ള സിനിമാ ലോകം തേടി പോയിട്ടുള്ളപ്പോള്‍ ഒക്കെ ഇതുപോലുള്ള കുറെ സിനിമകള്‍ പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട് .

              വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന ഇടതു ചിന്താഗതിക്കാരനായ സാദിക്ക് എന്ന  വ്യക്തിയുടെ ജീവിതം , ആറു വയസുള്ള അയാളുടെ മകന്‍ ഡെനിസ്, പരുക്കന്‍ സ്വഭാവമുള്ള അച്ഛന്‍,  അവരുടെ ജീവിതം , കുടുംബ ബന്ധങ്ങള്‍ , ആശയ ഭിന്നതകള്‍ , സംഘര്‍ഷങ്ങള്‍ ഇവയെല്ലാം ആണ് സിനിമയിലൂടെ സംവിധായകന്‍ പറയുന്നത് . ഒപ്പം മനുഷ്യബന്ധങ്ങളുടെ തീക്ഷണത വിളിചോതുകയും   ഒപ്പം  ചിന്തഗതികളിലെ  വ്യക്ത്യാധിഷ്ഠിത വൈരുദ്ധ്യങ്ങള്‍ ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും വരച്ചു കാട്ടുന്നുന്നും ഉണ്ട് ചിത്രം .

              പ്രസവത്തെ തുടര്‍ന്ന് സാദിക്കിന്റെ ഭാര്യ മരിച്ചു പോയി . തുര്‍കിയിലെ ഭരണ അട്ടിമറിയുടെ ചരിത്ര നാളുകളില്‍ ഏതൊരു യുവ ഇടതുപക്ഷകാരനും അനുഭവിച്ചതൊക്കെ അയാള്‍ അനുഭവിക്കുന്നു . ജയില്‍ , പീഡനം .. അങ്ങനെ ഉള്ള നാളുകള്‍ കഴിഞ്ഞു തന്‍റെ മകനെയും കൊണ്ട് അയാള്‍ സ്വന്തം വീടിലേക്ക്‌ തിരിച്ചു വരികയാണ്‌ . അവിടെ ആ കുടുംബം വീണ്ടും ഉണരുന്നു . എല്ലാവര്ക്കും ഉത്സവ പ്രതീതി ആണ് . ആദ്യം പരുക്കന്‍ സ്വഭാവം കാണിച്ചു അകന്നു നിന്ന സാദിക്കിന്‍റെ പിതാവ് കൊച്ചുമകന്റെ മുന്നില്‍ തോല്‍ക്കുന്നു . എല്ലാരും സന്തോഷത്തിലും ആഘോഷത്തിലും ആണ്. പക്ഷെ സാദിക്കിനു എന്തോ ആരോടോ പറയാന്‍ ഉണ്ടായിരുന്നു .  അയാള്‍ സ്വന്തം പിതാവിനോട് മനസ്സ് തുറന്നു സംസാരിക്കുന്നു .  പതിനഞ്ചു വര്‍ഷത്തിനു ശേഷം സംസാരിക്കുന്ന ആ പിതാവിനും മകനും എന്താണ് പറയാന്‍ ഉണ്ടായിരുന്നത് ?
ഒരു വലിയ സസ്പെന്‍സ് ഒന്നും അല്ലെങ്കിലും  കഥ മുഴുവന്‍ പറയുന്നില്ല .ചിലത്കണ്ടുതന്നെ അറിയുന്നതാണ്ഭംഗി .
                ഒരച്ഛനും മകനും - സാദിക്കും അയാളുടെ പിതാവും , അവര്‍ തമ്മിലുള്ള അതിതീവ്രമായ എന്നാല്‍ അത്രകണ്ട് പ്രകടമാക്കാത്ത ആത്മബന്ധത്തിന്റെ കഥ അതിസുന്ദരമായാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത് . ഒപ്പം തുര്‍ക്കി ഗ്രാമ ജീവിതത്തിലേക്കും അന്നാടിന്‍റെ സംസ്കാരത്തിലേക്കും  കുടുംബ , വ്യക്തി ബന്ധങ്ങളുടെ അഴത്തിലേക്കും ഒക്കെ പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നു . അച്ഛനെ ധിക്കരിച്ചു ഇറങ്ങിപോയി  വിപ്ലവത്തിലും ജീവിതത്തിലും തോറ്റ് തിരിച്ചു വരുന്ന സാദിക് , ഒരു പ്രതീകാത്മക ബിംബം ആണെന്ന് തന്നെ പറയാം . രണ്ടാശയങ്ങളുടെ സംഘര്‍ഷം  - അതാണ് അവര്‍ തമ്മിലുള്ള അകലം . ഒടുവില്‍ ആ അകലം അലിഞ്ഞു ഇല്ലാതെയാകുന്ന നിമിഷത്തില്‍ ആ അച്ഛന്‍ പൊട്ടി കരഞ്ഞുപോകുന്നുണ്ട് . തകര്‍ന്നു പോകുന്നുണ്ട് .  ആ രംഗം ആരുടെയും മനസ്സലിയിക്കും.

            സാദിക്കിന്റെ ആറുവയസ്സുള്ള  ആ മകന്‍ , അവന്‍റെ കൂടി വീക്ഷണങ്ങളില്‍ കൂടി ആണ് സിനിമ പൂര്‍ണമാകുന്നത് . അമ്മ നഷ്ടപെട്ട ബാല്യത്തില്‍ അച്ഛനും ഒരകലത്തില്‍ ആകുമ്പോള്‍ അവന്‍ ഏകനാകുന്നു .
"I cannot think of any need in childhood as strong as the need for a father's protection." , പിതാവിന്‍റെ സംരക്ഷണം പോലെ ബാല്യത്തില്‍ ഒരുവനു ഏറ്റവും ആവശ്യമുള്ള മറ്റൊന്നില്ല എന്ന ഫ്രോയിഡിന്‍റെ വാചകം അനുസ്മരിപ്പിച്ചു സിനിമ .   അച്ഛനും അമ്മയും സ്നേഹിക്കാത്ത ബാല്യത്തില്‍ അവന്‍ കോമിക് പുസ്തകങ്ങളെ പ്രണയിക്കുന്നു . അവ അവന്‍റെ ഇളം മനസ്സില്‍ കടുംചായക്കൂട്ടുകള്‍ കൊണ്ടു വരച്ചിടുന്ന ചിത്രങ്ങള്‍ . ഫാന്റസിയുടെ മായാജാലം . അവന്‍റെ ആ കാഴ്ചകളില്‍ അവന്‍റെ സൂപ്പര്‍ഹീറോ അച്ഛനും  അവനും . ചെറുവല്യ ക്കാരുടെ മനസ്സിലൂടെ കാണുമ്പോള്‍  ഒരു ഫാന്റസി കഥയുടെ നിറമാണ്‌ എല്ലാത്തിനും എന്നും കൂടി പറയാന്‍ ശ്രമിക്കുക ആവാം സംവിധായകന്‍ .
           കഴിഞ്ഞ നൂറ്റാണ്ടിലെ കലുഷിതവും രക്തരൂഷിതവുമായ ടര്‍ക്കിരാഷ്ട്രീയത്തെ  ശരാശരി  മനുഷ്യരുടെ  വീക്ഷണത്തിലൂടെ സമീപിച്ചു വിമര്‍ശിക്കുകയോ ചോദ്യം ചെയുകയോ ഒക്കെ ചെയുന്നുമുണ്ട് ഇതില്‍. ഒരല്പം പരോക്ഷമായിട്ടാണെങ്കിലും.. നാടിനു വേണ്ടി വീട് ഉപേക്ഷിക്കുന്നവര്‍ക്ക്  അവരെ നാട് ഉപേക്ഷിക്കുമ്പോള്‍ വീട് മാത്രം ഏക അശ്രയമാകുന്നു . വെള്ളത്തെക്കാള്‍ മാത്രമല്ല മറ്റെന്തിനെക്കാളും കട്ടിയുള്ളതു തന്നെയാണ് രക്തം എന്ന് ആവര്‍ത്തിച്ച്‌ അടിവരയിടുകയും ചെയ്യുന്നപോലെ തോന്നി . വിപ്ലവത്തിനേക്കാള്‍ ചുവപ്പ് ചങ്കിലെ ചോരക്കുണ്ട് എന്ന് തിരിച്ചറിവ്  ഇതിലെ നായകന് നല്‍കി സംവിധായകന്‍ പറയാതെ പറയുന്നത് വലിയ  ഒരു തര്‍ക്കത്തിനും ഉറക്കെയുള്ള ചിന്തകള്‍ക്കും  ഉള്ള വിഷയങ്ങളിലേക്കാണ് .

              വളരെ വേഗത കുറഞ്ഞ ഒരു സിനിമ ആയിട്ടാണ് BABAM VE OGLUM അനുഭവപെട്ടത്‌ . എഡിറ്റര്‍ എന്ന കശാപ്പുകാരന്റെ കത്രികക്കു മൂര്‍ച്ച കുറവായിരുന്നു . ചിലയിടങ്ങളില്‍ ഒച്ചിഴയും വേഗമേ ഉള്ളു . എങ്കിലും പ്രമേയത്തിലെ തീവ്രതയും ലളിതമായ ഗ്രാമാന്തരീക്ഷത്തില്‍, മനുഷ്യപക്ഷത്ത് നിന്നുള്ള കഥപറയലിനും അത്മാവുള്ളതായി തോന്നി .  ഒരു നല്ല സിനിമ കണ്ട സന്തോഷത്തിനപ്പുറം നമ്മളെ ചിന്തിപ്പിക്കുകയും എവിടെയോ ഒന്ന് സ്പര്‍ശിച്ചു പോകുകയും ചെയുന്നുമുണ്ട് ഈ സിനിമ .  സാദിക് , അയാളുടെ അച്ഛന്‍ , മകന്‍  , മൂന്ന് പേരായും അഭിനയിച്ചവര്‍ വളരെ നിലവാരം പുലര്‍ത്തി .  മൂന്നു തലമുറകളെ പ്രതിനിധികരിക്കുന്ന ഇവരെ തിളക്കമ്മുള്ളതാക്കി നിലനിര്‍ത്താന്‍ അഭിനേതാക്കള്‍ മികച്ച പ്രകടനം തന്നെ നടത്തിയിട്ടുണ്ട് .

        സിനിമയുടെ ആസ്വാദനത്തിനു   ദേശ-ഭാഷാ വ്യത്യാസങ്ങള്‍   ഒരിക്കലും ഒരു തടസ്സമായി തോന്നാത്തവര്‍ക്ക്  ധൈര്യമായി സമീപിക്കാവുന്ന സിനിമആണ് BABAM VE OGLUM . Subtitle കൂടി വായിച്ചു കൊണ്ട് സിനിമ കാണുന്നതു ഇഷ്ടമല്ലാത്തവര്‍ക്ക് വഴിമാറി സഞ്ചരിക്കാം ..

NB:-   സിനിമാ പ്രേമികള്‍ സിനിമയുടെ  നിലവാരം  സാധാരണ ആദ്യം നോക്കുന്നത്  IMDB ഇല്‍ ആണല്ലോ .. ഈ സിനിമ  അവിടെ 8.6 കൊടുത്താണ് ഇട്ടിട്ടുള്ളത് . അത് ഒരല്‍പം OVERRATED  ആണെന്ന ശക്തമായ അഭിപ്രായം വഴിപോക്കനുണ്ട് . എന്നുവച്ച് ഇതൊരു രണ്ടാം തരം സിനിമയാണ്  എന്നല്ല .

BABAM VE OGLUM -2005
                                                                       (വഴിപോക്കന്‍) 

No comments:

Post a Comment