Thursday 20 August 2015

ഒരാള്‍പൊക്കം

         
                കഴിഞ്ഞ ദിവസം സനലിന്‍റെ ഒരാള്‍പൊക്കം കണ്ടു . പോയ വര്‍ഷത്തെ മകച്ച സംവിധായകന്‍റെ സിനിമ കാണാനുള്ള കാത്തിരിപ്പിനു ഒരുവര്‍ഷത്തെ പഴക്കം ഉണ്ട് . ഈ സിനിമ ഷൂട്ട്‌ ചെയ്യാന്‍ തുടങ്ങിയ അന്നുമുതല്‍ കാണാന്‍ കാത്തിരുന്നു എന്നതാണ് സത്യം . സനല്‍ കുമാര്‍ ശശിധരന്‍ എഴുതി സംവിധാനം ചെയ്ത ഒരാള്‍പൊക്കം ഒരു കൂട്ടം സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ സിനിമ എന്ന മാധ്യമത്തോടുള്ള ആത്മാര്‍ഥവും ഗൌരവപൂര്‍ണ്ണവുമായ സമീപനത്തിന്റെ അല്ലെങ്കില്‍ സമര്‍പ്പണത്തിന്റെ ഒക്കെ അടയാളമായി വായിക്കാനാണ്  വഴിപോക്കനിഷ്ടം . പ്രകാശ്‌ ബാരെയും മീന കന്ദസാമിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന  ഒരാള്‍പൊക്കം പുതിയതും പഴയതുമായ ഒരു ജെനറേഷന്‍  കീഴ്വഴക്കങ്ങളെയും കൂസക്കാത്ത നട്ടെല്ലുള്ള സിനിമാ ശ്രമമാണ് . ഷോര്‍ട്ട് ഫിലിം സംവിധായകനില്‍ നിന്ന്  മുഴുനീള സിനിമകളിലേക്കുള്ള സനലിന്‍റെ രൂപാന്തീകരണം ഒരു സ്റ്റേറ്റ് അവാര്‍ഡിന്‍റെ തിളക്കത്തോടെ ആകുമ്പോള്‍ അത്  ഇത്തരം സമാന്തര സിനിമാ മോഹങ്ങള്‍ നെഞ്ചിലേറ്റുന്ന ഇവിടുത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന  ഒരു പറ്റം കലാകാരന്‍മ്മാര്‍ക്ക്  മുന്നോട്ടുപോകാനുള്ള ശക്തിയായി  മാറുന്നു  എങ്കില്‍  ചെറിയകാര്യമല്ല . ഒരാള്‍പൊക്കം എന്ന സിനിമ യാഥാര്‍ഥ്യമായി എന്നത് തന്നെ കാഴ്ച ചലച്ചിത്ര വേദിയുടെ വലിയ വിജയമാകുന്നു എന്നുള്ളപ്പോള്‍ തന്നെ അവാര്‍ഡ്‌  തിളക്കം അതിന്‍റെ മാറ്റ് കൂട്ടുന്നു .
               ഒരു ലിവിംഗ് ടുഗേതര്‍ ബന്ധത്തിന്‍റെ  അവസാനം ആ വേര്‍പാടിന്‍റെ അനന്തരഫലമായ ശൂന്യതയില്‍ നിന്നു  മഹേന്ദ്രന്‍ ( പ്രകാശ്‌ ബാരെ) നടത്തുന്ന യാത്രയാണ്‌  ഒരാള്‍പൊക്കം . തിരുവനന്തപുരം മുതല്‍ ഹിമാലയത്തിലേക്ക് കേദാര്‍നാഥ് വരെ നീളുന്ന മായയെ(മീന കന്ദസാമി)തേടിയുള്ള  മഹേന്ദ്രന്റെ യാത്ര, അയാളുടെ കലുഷിതമായ മനസ്സ്‌, എല്ലാ മാണ് സിനിമയുടെ ഒരു കഥാസാരം(കൂടുതല്‍ കഥ പറയുന്നില്ല ) . ജന്തു പ്രകൃതിയുടെയും സസ്യപ്രകൃതിയുടെയും ലയനഭൂമിയായ ഹിമാലയത്തിലേക്കുള്ള മഹേന്ദ്രന്റെ യാത്ര അയാളെ കൊണ്ടുചെന്നു എത്തിക്കുന്നത്   നശ്വര ലൌകികതയുടെ  ചങ്ങലബന്ധനങ്ങളില്‍ നിന്ന്  മോചിപ്പിച്ചു ആത്മീയതയുടെ  പ്രകൃതിയിലേക്ക് ആണ് . ഒരു ട്രാവല്‍ മൂവിയുടെ സുഖമുള്ള  ഒരാള്‍പൊക്കം സിനിമയെന്ന മാധ്യമത്തിന്‍റെ എല്ലാ ശ്രവ്യ -ദ്രിശ്യ സാധ്യതകളെയും ഉപയോഗപ്പെടുത്തി ഒരു മികച്ച കാഴ്ചാനുഭവം ആയിതീരുന്നു എന്നത്  സംവിധായകന്‍ സനലിനെ ഹൃദയത്തിന്‍റെ ഭാഷയില്‍ അഭിനന്ദിക്കാന്‍ മതിയായ കാരണമാണ് .
               സിനിമ എന്നാല്‍ വാണിജ്യ സിനിമകളും അതിലെ സ്ഥിരം പരിചിത മിനുക്ക്‌ മുഖങ്ങളും  പ്രഹസനങ്ങളും  മാത്രമാണ് എന്ന് തെറ്റിദ്ധരിചിരിക്കുന്ന ഒരു ബഹുഭൂരിപക്ഷം  സിനിമ
 ആരാധകരും പ്രേമികളും ഭ്രാന്തന്‍മ്മരുമൊക്കെയുള്ള ഒരു നാട്ടില്‍ ഇവിടുത്തെ ഒരു നിശബ്ദനൂനപക്ഷത്തെ  ബുദ്ധിജീവിയെന്നോ അവാര്‍ഡ്‌ സിനിമാക്കാരന്‍ എന്നോ ഒക്കെ പരിഹസിച്ചു മാറ്റിനിര്‍ത്തുന്നതില്‍ അതിശയിക്കാന്‍ ഒന്നുമില്ല . എങ്കിലും അവരില്‍ ചിലര്‍ സന്ധി ചെയ്യാതെ സമരം ചെയ്തു അവനവനെ വഞ്ഞിക്കാതെ കലയോട് നീതിപുലര്‍ത്താന്‍ കഴിവുള്ള, ആത്മാവില്‍ ധൈര്യമുള്ളവര്‍ ആണ് . എത്ര വായ മൂടികെട്ടിയാലും അവര്‍ അവരുടെ ശബ്ദം കേള്‍പ്പിക്കുക തന്നെ ചെയും . സനല്‍ കുമാര്‍ ശശിധരനും അയാളുടെ കൂടെ ഈ സിനിമക്കുവേണ്ടി ജീവന്‍ കൊടുത്തു കൂടെനിന്നവരും അത്തരത്തില്‍ ഉള്ളവരായിരുന്നു എന്നത് എടുത്തുപറഞ്ഞു അഭിനന്ദിക്കേണ്ട കാര്യമാണ് .
                നിര്‍മാതാവ്  എന്ന്  പറയാന്‍ ആരുമില്ലാതെ, നല്ല സിനിമ ആഗ്രഹിക്കുന്ന ജനങ്ങളില്‍ നിന്ന്  പണം സമാഹരിച്ചുകൊണ്ടു ക്രൌഡ് ഫണ്ടിംഗ് ആശയത്തിന്റെ പിന്‍ബലത്തില്‍ വളരെ തുച്ഛമായ ചിലവില്‍ ഇങ്ങനെയൊരു സിനിമ സാധ്യമായി എന്നതുതന്നെ  എന്നെ അതിശയിപ്പിച്ചു എന്ന് പറയാതെ വയ്യ . എന്നാല്‍  നല്ല സിനിമക്ക് വേണ്ട എല്ലാ സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തി  ഒരാള്‍പൊക്കം ഒരു ഒന്ന് - രണ്ടു ആള്‍ പൊക്കമുള്ള സിനിമയായി അവതരിപ്പിക്കുന്നതില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കാണിച്ചിട്ടുള്ള കയ്യടക്കവും സമര്‍പ്പണവും  ലാഭേച്ഛകൂടാതെയുള്ള പ്രവര്‍ത്തനവും മറൊരു തലത്തില്‍ നിന്ന്  ഈ സിനിമശ്രമത്തെ നോക്കിക്കാണാന്‍ ചിലരെയെങ്ങിലും പ്രേരിപ്പിക്കാതിരിക്കില്ല . ഇരുപത്തഞ്ചു ലക്ഷം രൂപക്ക്  ഇങ്ങനെയൊരു സിനിമ ഉണ്ടാക്കി എന്നുപറയുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയുടെ ഡിസ്കഷന്‍റെ ചിലവേ ആകുന്നുള്ളൂ എന്ന് ചിന്തിക്കണം . ഇത്തരം സാമ്പത്തിക പരിമിതികള്‍ ഉണ്ടെന്നിരിക്കെ തന്നെ വളരെ സാങ്കേതിക തികവുള്ള മിഴിവാര്‍ന്ന ദ്രിശ്യങ്ങളും കാതിനു സുഖമുള്ള ശബ്ദവും ഒക്കെ ഈ സിനിമയുടെ പ്രത്യേകത ആണ് .
              സനല്‍ സംവിധായകന്റേതു എന്ന് പൂര്‍ണ്ണമായും പറയാവുന്ന സിനിമയായി ഒരാള്‍പൊക്കം മാറുന്നുണ്ട് എന്ന് പറയാതെ വയ്യ . മറ്റെന്തും അതിന്‍റെ പിന്നിലെ വരൂ . സിനിമ എന്ന മോഹത്തിന്  തന്‍റെ ജിവിതം കൊടുത്തു അയാള്‍ സ്വയം അര്‍പ്പിച്ചതിന്റെ  വിജയമാണ്  ഈ ചിത്രം . പരോളും അത്ഭുദലോകവും പോലുള്ള ഷോര്‍ട്ട് ഫിലിമുകളില്‍ തുടങ്ങി ഫ്രോഗ് പോലെയുള്ള കുറച്ചുകൂടി ഗൌരവമുള്ള ശ്രമങ്ങള്‍ നടത്തി ഒരാള്‍പൊക്കത്തില്‍ എത്തിനില്‍ക്കുമ്പോള്‍ സനലിനും ഒരൊന്നൊന്നരയാള്‍ പൊക്കം തോന്നുന്നു . സനലിന്റെ മുന്‍കാല സിനിമാശ്രങ്ങള്‍ എല്ലാം കണ്ടിട്ടുള്ള വഴിപോക്കനു അങ്ങനെയാണ്  ഈ സിനിമയെ വിലയിരുത്താന്‍ തോന്നുന്നത് . ഒരു സ്വതന്ത്ര സിനിമാസംവിധായകന്‍ എന്ന് വിളിക്കാനല്ല നട്ടെല്ലുള്ള സംവിധായകന്‍ എന്ന് വിശേഷിപ്പിക്കാന്‍ ആണ് തോന്നുന്നത് . സിനിമയുടെ പരമ്പരാഗത ചിട്ടകളെയും നിയമവലികളെയും ഒട്ടുവെല്ലുവിളിച്ചുകൊണ്ടു തന്നെ തന്‍റെ ഉള്ളിലെ സിനിമയെ മനോഹരമായി അവതരിപ്പിക്കാനുള്ള അയാളുടെ ആത്മാര്‍ഥവും അര്‍പ്പണപൂര്‍ണവുമായ സമീപനത്തെ വേറെയെന്താണ് വിളിക്കേണ്ടത് ? അര്‍ഹത ഉള്ളവുനും ഇല്ലാത്തവനും ഒക്കെ കേറി നിരങ്ങി ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്ന മലയാള സിനിമയുടെ പൂമുഖത്ത്, ആ തിണ്ണയില്‍ എങ്കിലും ഒരിടം ഇയാള്‍ക്കും ഉള്ളതാണ് , അവകാശമാണ് . സനല്‍ എന്ന മനുഷ്യനില്‍ നിന്ന് , സനാതനന്‍ എന്ന ബ്ലോഗറില്‍ നിന്നൊക്കെ  ഒരു  സിനിമാ സംവിധായകനിലേക്ക് അയാള്‍ ഓടിയ ഓട്ടം ദുര്‍ഘടമായ പാതയിലൂടെ ആയിരുന്നപ്പോളും  സിനിമയോടുള്ള അടങ്ങാത്ത മോഹം കനല്‍ കെടാതെ സൂക്ഷിച്ചുവച്ച്  അതില്‍ നിന്ന്  ശക്തി സംഭരിച്ചു മുന്നേറാന്‍ അയാള്‍ക്കായി .
             വിഷ്വല്‍ റിച്ച്നെസ്  ആണ്  ഒരാള്‍പൊക്കം എന്ന സിനിമയുടെ  ഒരു പ്രധാന ആകര്‍ഷണീയത . ഹിമാലയന്‍ പ്രകൃതിയുടെ അന്യദ്രിശ്യമായ ഭംഗി വെറുതെ ഒപ്പിഎടുക്കുക ഒരു നിസ്സാര കാര്യമല്ല . മരണം വിഴുങ്ങാന്‍ നില്‍ക്കുന്ന താഴ്വരയിലലൂടെയും  മലമ്പാതയിലൂടെയും  സിനിമ മാത്രം ശ്വസിച്ചു , സിനിമ മാത്രം ഭക്ഷിച്ചു കുറെ ആളുകള്‍  കഷടപെട്ടത്തിന്റെ  ഫലമാണ്  ആ ദ്രിശ്യ മിഴിവ് .  ഒരു വിരഹഗാനം തിരുകി കേറ്റാന്‍ ഏതു സംവിധായകനും തോന്നുനിടത്ത് എത്ര മനോഹരമായാണ്  സനല്‍ രണ്ടുവരി പൂതപ്പാട്ടുകൊണ്ട്  ഫില്‍ ചെയ്തത് . സിനിമയുടെ ഭാഷ നിര്‍ണ്ണയിക്കുന്നത് എഡിറ്റിംഗ്  ആണെന്ന്  ഹിച്കോക്കിനെ പോലുള്ള മഹാരഥന്മാര്‍ സ്വന്തം സിനിമയിലൂടെ കാണിച്ചു തന്നിട്ടുണ്ട് . ക്ഷമയും ചിന്തയും വിവേചനത്തോടെ  മുറിക്കാനും കൂടിചെര്‍ക്കാനും ഒക്കെയുള്ള സംയമനം വേണ്ട അതിസങ്കീര്‍ണമായ എന്നാല്‍ സിനിമാനിര്‍മിതിയുടെ പരമപ്രധനമായതും അയ ഒരു ഘട്ടം ആണ്  എഡിറ്റിംഗ് . ഒരാള്‍പോക്കത്തിന്റെ ദ്രിശ്യ ഭാഷക്ക്  ഒരു സംഗീതാത്മകമായ ഒഴുക്ക് ഉണ്ടെങ്കില്‍ അത് എഡിറ്റിംഗ് ഇല്‍ കാണിച്ച ശ്രദ്ധയുടെ ഫലമാണ് .
            സിനിമയെന്നാല്‍ ഇണ്ടസ്ര്ടിയുടെ  നിര്‍വചങ്ങളില്‍  ഒതുങ്ങിനില്‍ക്കണം എന്ന് വാശിയുള്ള നമ്മുടെ സിനിമാ പ്രേമികള്‍ക്ക് ഒരുപക്ഷേ ദഹിക്കാത്ത സിനിമയായിരിക്കും ഒരാള്‍പൊക്കം. ഒരു ബുദ്ധിജീവി അവാര്‍ഡ്‌ സിനിമ എന്ന് അവര്‍ അതിനെ പുച്ഛത്തോടെ തള്ളും. ആസ്വാദകന്‍  ആഗ്രഹിക്കുന്ന വിനോദ വില്പന ചേരുവകള്‍ തീരെയില്ലാത്ത , അത്തരക്കാര്‍ക്കു ഒരു വട്ടു സിനിമയായി തോന്നാവുന്ന ഒന്നാണ്  ഒരാള്‍പൊക്കം. ഈ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലത്ത്  രണ്ടു വര്ഷം മുന്‍പ്  ഫോണില്‍  സംസാരിച്ചപ്പോള്‍ സനല്‍  പറഞ്ഞത് എന്നും വഴിപോക്കന്‍ ഓര്‍മ്മിക്കുന്നു " ഞാന്‍ ഒരു സിനിമ ചെയ്യാന്‍ തുടങ്ങുകയാണ് , ഇത്  പുറത്തിറങ്ങുമ്പോള്‍  എന്നെ ബുദ്ധിജീവികളുടെ തൊഴുത്തില്‍ കെട്ടല്‍ പൂര്‍ത്തിയാകും " . ഒരു പക്ഷെ സനല്‍ പറഞ്ഞത് തന്നെ സംഭവിക്കാനുള്ള സാധ്യത ഇല്ലാതില്ല . അയാളെ എതു തരം സംവിധായകന്‍ ആയി വിലയിരുത്തുന്നു എന്നല്ല നമ്മള്‍ ഏതു തരം സിനിമകളെ ആണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് വീണ്ടും ചോദിച്ചു പോകുകയാണ് . മികച്ച സിനിമകള്‍ ഇല്ലെന്നു പരാതിപ്പെടുന്ന ഇവിടുത്തെ സജീവ സിനിമ പ്രേക്ഷകര്‍  നല്ല സിനിമാശ്രമങ്ങളെ  തിരിഞ്ഞു നോക്കാതിരിക്കുകയും ചെയുന്നു .
              ഒരാള്‍പൊക്കം റിലീസ് നു ഒരുങ്ങുകയാണ് . സിനിമാ വണ്ടി ഓടിച്ചു കാസര്‍ഗോഡ്‌ മുതല്‍ കന്യാകുമാരി വരെ സനലും കാഴ്ച ചലച്ചിത്ര വേദിയും നടന്നിടും എത്രപേര് ഈ സിനിമ കണ്ടു ? തിയേറ്ററില്‍ ഒരു വമ്പന്‍ സ്വീകാര്യത ഈ സിനിമക്കു കിട്ടുമോ എന്നറിയില്ല . പ്രദര്‍ശനത്തിനു തിയേറ്റര്‍ പോലും കിട്ടാന്‍ വിഷമമാണ് . നല്ല സിനിമയെ സ്നേഹിക്കുന്ന വേറിട്ട സിനിമ ശ്രമങ്ങളെ കണ്ടാസ്വദിക്കാന്‍ ഇഷ്ടപെടുന്ന സിനിമാ പ്രേമികള്‍ കാണേണ്ട സിനിമയാണ് ഒരാള്‍പൊക്കം. മലയാളത്തിലെ സമാന്തര സിനിമാ ശാഖയുടെ പുത്തനുണര്‍വിന്‍റെ അടയാളമാണ് ഒരാള്‍പൊക്കം .  ഇതിന്‍റെ പിന്നിലെ എല്ലാ പേര്‍ക്കും സംവിധയകന്‍ സനല്‍ കുമാറിനും വഴിപോകന്റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും  സ്നേഹത്തിന്‍റെ പൂച്ചെണ്ടുകള്‍ .
                                               (വഴിപോക്കന്‍)