Thursday 12 December 2013

വെടിവഴിപാട്‌ - ഒരു വിമര്‍ശനം

             
    മലയാള സിനിമ സമീപകാലത്ത് നേരിടുന്ന  ഏറ്റവും ഭീകരമായ  പ്രതിസന്ധിയേത്  എന്നത് സത്യത്തില്‍ ഒരു സമസ്യയാണ് .തിരക്കഥാദാരിദ്ര്യം, പ്രതിഭയുള്ള സിനിമാക്കാരുടെ  അഭാവം , ചോദ്യം ചെയ്യപ്പെടുന്ന മൌലികതയും ചോരണ ആക്ഷേപങ്ങളും  അങ്ങനെ പറയാനാണെങ്കില്‍ ഒരുപാട് അഭിപ്രായങ്ങള്‍ കാണും . പക്ഷെ അവയെക്കാള്‍ ഉപരിയായി  മറ്റൊന്ന് കൂടിയുണ്ട് . ശരാശരി മലയാളിയുടെ വാരാന്ത്യങ്ങള്‍ക്ക് താങ്ങാവുന്നതില്‍ കൂടുതല്‍ സിനിമകള്‍ ഇവിടെ വെള്ളിയാഴിച്ചതോറും ഇറങ്ങുന്നു  . നിങ്ങള്‍ ഒരു തീവ്ര സിനിമാപ്രേമിയാണെങ്കില്‍ കൂടി  തിയേറ്ററില്‍ കണ്ടു തീര്‍ക്കാന്‍ സാധിക്കാത്ത അത്ര സിനിമകള്‍ ആണ് ഇപ്പോള്‍ റിലീസ് ആകുന്നത്‌ . ഇതിനിടയില്‍ ഏതു സിനിമ കാണണം അല്ലെങ്കില്‍ ഏതു കാണണ്ട , ഏതിനോപ്പം നില്‍ക്കണം ഏതിനെ തള്ളിപ്പറയണം എന്നൊക്കെ ചിന്തിച്ചാല്‍  കുഴഞ്ഞു പോകും .  അരുണ്‍ കുമാര്‍ അരവിന്ദും മുരളി ഗോപിയും ചേര്‍ന്ന് നിര്‍മിച്ചു ശംഭു പുരുരോഷത്തമന്‍ സംവിധാനം ചെയ്ത "വെടി വഴിപാട്‌" കണ്ടു .   റിലീസ് ചെയ്യുന്നതിന് മുന്‍പേ ഉണ്ടാക്കിയ വിവാദങ്ങളും അതില്‍ നിന്നുമുണ്ടായ ആകാംഷയും ആണ് ഇന്ന് സിനിമ കാണാന്‍ വഴിപോക്കനെ തിയേറ്ററിലേക്ക് നയിച്ചത് .

                    അറ്റുകാല്‍ പൊങ്കാല നടക്കുന്ന ദിവസം തിരുവനന്തപുരം നഗരത്തില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം  അന്നത്തെ അവസ്ഥ . ജന സാഗരത്തില്‍ മുങ്ങി ,  സ്തംഭിച്ച് മഹാനഗരം അങ്ങനെ ഭക്തിയില്‍ ലയിച്ചുനില്‍ക്കും . അങ്ങനെ ഒരു പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന ഒരു കഥയാണ് ഇത്. നഗരത്തില്‍ എന്ന് പറഞ്ഞാല്‍ റോഡില്‍ അല്ല , രണ്ടു വീട്ടില്‍ .   ഭാര്യമാര്‍ ഇല്ലാത്ത തക്കംനോക്കി പരസ്ത്രീഗമനത്തിനിറങ്ങിപുറപ്പെടുന്ന മൂന്ന് ചെറുപ്പക്കാര്‍, അവര്‍ അതിനുവേണ്ടി വിളിച്ചുകൊണ്ടുവരുന്ന ഒരു അഭിസാരിക, അതിലൊരാളുടെ ഭാര്യയും അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തും  ഇവരൊക്കെയാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ .  ഇവരെ യഥാക്രമം  മുരളി ഗോപി , സൈജു കുറുപ്പ് , ശ്രീജിത്ത്‌ രവി , അനുമോള്‍, മൈഥിലി , ഇന്ദ്രജിത്ത്  എന്നിവര്‍ അവതരിപ്പിക്കുന്നു . പൊങ്കാലയുടെ തല്‍സമയ ദൃശ്യം ഭക്തരില്‍ എന്തിക്കുന്ന റിപ്പോര്‍ട്ടര്‍ ആയി അനുശ്രീ ( സൈജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭാര്യ ) വേഷമിടുന്നു .  ഇടയ്ക്കു ഒന്നുരണ്ടു രംഗങ്ങളില്‍ സുനില്‍ സുഗദ വന്നുപോകുന്നുണ്ട് . കഥാപാത്രങ്ങളുടെ പേരുപോലും പ്രേക്ഷകരില്‍ അവശേഷിപ്പിക്കാതെ സിനിമ തീരുന്നു എങ്കില്‍ അത് തിരകഥാകൃത്തിന്‍റെ കഴിവോ പരാജയമോ എന്തൊക്കെയോ ആണ് . നോണ്‍ ലീനിയര്‍ രീതിയില്‍ കഥ പറയാന്‍ ശ്രമിക്കുമ്പോള്‍ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും കൃത്യമായി ബന്ധിപ്പിക്കാന്‍ കഴിയാതെപോകുന്നത്  പറയുന്ന കഥയുടെയോ അതിന്‍റെ തിരകഥാഭാഷ്യത്തിന്റെയോ കാമ്പില്ലായിമ്മ തന്നെയാണ് .

                       ഒരു വിധത്തിലും ആനന്ദിപ്പിക്കാത്ത ഊഷരമായ ഒരു വെറും സിനിമാകാഴ്ച മാത്രമേ വെടിവഴിപാടിന് നല്‍ക്കാന്‍ ഉണ്ടായിരുന്നുള്ളു.  adult comedy എന്നൊക്കെ വിശേഷിപ്പിച്ച്‌ വേണമെങ്കില്‍ ഒന്ന് മുഖം മിനുക്കാം എന്നല്ലാതെ ആഴത്തില്‍ ചിന്തിച്ചാല്‍ വേറെ പലതുമാണ് സിനിമ . ഒരു മുഴുത്ത തെറി കേട്ടാലെന്നപോലെ മുഖം ചുളിച്ചു അറപ്പോടെ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ ആണ് പ്രേക്ഷകന്‍റെ വിധി . ന്യൂജെനറെഷനയാലും  ഇനി ഓള്‍ഡ്‌ ആയാലും തെറി തെറിതന്നെ . പറയുമ്പോള്‍ കിട്ടുന്ന ഒരു സുഖം കേള്‍ക്കുമ്പോള്‍ കിട്ടില്ലല്ലോ .. സംവിധായകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആ  സുഖം കിട്ടിയോ എന്നറിയില്ല പക്ഷെ പ്രേക്ഷകന് സുഖിക്കാന്‍ തരമില്ല . വെടി വഴിപാട്‌   നമ്മുടെ ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളിലേക്ക് സാമൂഹിക വിമര്‍ശനമോ നേര്‍ക്കാഴിച്ചയോ ഒക്കെയായി വായിക്കപ്പെടും എന്നൊരു അബദ്ധ ധാരണ ഇതിന്‍റെ ശില്‍പ്പികള്‍ക്ക്എങ്ങനെയോ വന്നു ഭവിച്ചുകാണും . പക്ഷെ അങ്ങനെ ഒരു ഗൌരവ ചിന്തയോ ആഴത്തിലുള്ള ഒരു ദര്‍ശനമോ സിനിമ അവശേഷിപ്പിക്കുന്നതായി അനുഭപ്പെട്ടില്ല . ആഴത്തില്‍ എന്നല്ല  ഉപരിപ്ലവമായി ചിന്തിച്ചാല്‍ പോലും വെറും കെട്ടുകാഴ്ചകള്‍ക്കപ്പുറം ഒന്നിലേക്കും സിനിമ വിരല്‍ചൂണ്ടുന്നതായി തോന്നിയില്ല . ഒരു പക്ഷെ വഴിപോക്കന്‍റെ ആസ്വാദന രീതിയുടെയോ ചിന്തയുടെയോ കുഴപ്പമാകാം , എങ്കിലും .

                   കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയോ വിവാഹേതര സ്ത്രീ-പുരുഷ ബന്ധങ്ങളോ ഒന്നും ഒരു പുതിയ കേള്‍വി അല്ല . സാമൂഹിക പ്രസക്തി ഉണ്ടെന്നിരിക്കെ അതിന്‍റെ മറവില്‍ കുറെ കോപ്രായങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ അവയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും . സ്ത്രീയും പുരുഷനും ഉണ്ടായ കാലം മുതല്‍ ലൈംഗികതയും ഉണ്ട് . വിവാഹത്തില്‍ അധിഷ്ഠിതമായ കുടുംബ ജീവിതം എന്ന സാമൂഹിക വ്യവസ്ഥിതി നിലവില്‍ വന്നതുമുതല്‍ വിവാഹേതര ബന്ധങ്ങളും ഉണ്ട് . പലതവണ വലിച്ചിട്ടു ചര്‍ച്ച ചെയ്ത് വഷളാക്കുകയും മുഴുനീള ചാരിത്ര്യപ്രസംഗങ്ങള്‍ നടത്തി സദാചാര മാന്യന്‍ ചമഞ്ഞതുമല്ലാതെ ഈ വിഷയത്തെ ഗൌരവമായി ദര്‍ശിച്ചു കാരണങ്ങളിലൂന്നി ചിന്തിച്ചു ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നത് തന്നെ വീണ്ടും വീണ്ടും നടത്തുന്ന ഇത്തരം പുനര്‍ചിന്തകളുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നു.  അങ്ങനെയില്ലെങ്കില്‍ കൂടി ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പാലിക്കേണ്ട കയ്യടക്കം , സഭ്യത  എന്നിവയെക്കുറിച്ച് പോലും ചിന്തിക്കാതെയുള്ള ഇത്തരം കൊപ്രയങ്ങളെ  ആവിഷ്കാരസ്വാതന്ത്ര്യം എന്ന ഒറ്റ ന്യായം പറഞ്ഞു  മഹത്വവല്ക്കരിക്കാന്‍കൂടി ശ്രമിക്കുമ്പോള്‍ അവിടെ ദുഷിക്കുന്നത്‌ കലാകരനോപ്പം കലകൂടിയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

വെറുതെ കുറ്റം പറഞ്ഞു താഴ്ത്തികെട്ടാന്‍ എഴുതിയ ഒരു കുറിപ്പായി പലര്‍ക്കും തോന്നാം . ഇത്ര ബുദ്ധിമുട്ടി പടം കണ്ടത്  ഇങ്ങനെ വിമര്‍ശിച്ചു സ്വയം ആനന്ദിക്കാന്‍ ആണോ ? എന്നൊരു ചോദ്യം പലരും ചോദിക്കാം . പക്ഷെ ഈ സിനിമ  മൊത്തത്തില്‍ അവശേഷിപ്പിച്ച ചിന്തകള്‍ ആണ് ഇവിടെ എഴുതിയത് . അത് വെറും കുറ്റം പറച്ചില്‍ ആയിട്ടു തരംതാഴ്ന്നു എന്ന് തോന്നുന്നുണ്ടെങ്കില്‍ അതിലും തരംതാഴ്ന്ന ഒരു ചിത്രം അവശേഷിപ്പിച്ച  ചിന്തകള്‍ ആയതുകൊണ്ട്തന്നെ ആണ് .  സിനിമയെപ്പറ്റി ഒറ്റവാക്കില്‍ പോലും ഒരു നല്ലത് പറയാന്‍ ഒന്നും തന്നെ ആലോചിച്ചിട്ട് കിട്ടിയതുമില്ല . അരുണ്‍ കുമാര്‍ അരവിന്ദ് , മുരളി ഗോപി തുടങ്ങിയവരുടെ മുന്‍കാല സിനിമകള്‍ നല്‍കിയ നല്ല  അനുഭവം തന്നെയായിരുന്നു സിനിമ കാണാന്‍ ഉണ്ടായ പ്രധാന കാരണം . പിന്നെ വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ അതെന്താണ് എന്നൊന്ന് കണ്ടറിയാന്‍ തോന്നുന്ന സ്ഥിരം ജിജ്ഞാസയും .   ഒരു സിനിമയെ  സാധാരണ പലരും പറയുന്നപോലെ 'കുറെ ആളുകളുടെ വിയര്‍പ്പും അധ്വാനവും  കാശു മുടക്കലും' മാത്രമായി കാണാന്‍ പലപ്പഴും കഴിയാറില്ല .സിനിമയില്‍ കാശു മുടക്കുമ്പോള്‍ അതില്‍ വിയര്‍പ്പൊഴുക്കി  ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ മാധ്യമത്തിന്‍റെ ശക്തിയും ദുര്‍ബല്യവും സ്വാധീനവും  അതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വേണ്ട പ്രതിബദ്ധതയും ആത്മാര്‍ഥതയും സമര്‍പ്പണവും ഒക്കെ എല്ലായിപ്പോഴും സിനിമാ പ്രവര്‍ത്തകരില്‍ വേണം . അതില്ലാതെ പോകുമ്പോള്‍ ഇതുപോലെ രണ്ടാംതരാമോ മൂന്നാം തരാമോ അല്ലെങ്കില്‍ തരംതിരിക്കാന്‍ തന്നെ അര്‍ഹതയില്ലാത്തതോ അയ സിനിമകളെ നമുക്കുണ്ടാകൂ . അവ അവശേഷിപ്പിക്കുന്ന  കാഴ്ചകളെ  സമൂഹം എങ്ങനെ വായിച്ചെടുക്കും എന്നതുകൂടി വീണ്ടും വീണ്ടും ആവര്‍ത്തിച്ച്‌ പറയേണ്ടിവരുന്നു .
                    മനുഷ്യനിലെ വൈയക്തികമായ പല ഭാവങ്ങളും വികാരങ്ങളും  വരച്ചുകാട്ടാന്‍ ഒരു ശ്രമം സിനിമയിലുടനീളം കണ്ടു . അത് എഴുത്തുകാരന്‍ കൂടിയായ സംവിധായകന് വേണ്ട വിധത്തില്‍ പ്രേക്ഷകനോട് പറയാന്‍ എങ്ങും സാധിച്ചിട്ടില്ല .  ഏതാണ്ട് മുഴുവനായി തന്നെ ഇന്‍ഡോര്‍ ഷോട്ടുകള്‍ ഉപയോഗിച്ച്  കഥാപാത്രങ്ങളിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചു എങ്കിലും തിരക്കഥയുടെ ദൌര്‍ബല്യം കൊണ്ട് ഒന്നും എങ്ങുമെത്തിയില്ല . ഫലം കെട്ടുപൊട്ടിയ പട്ടം പോലെ കഥാപാത്രങ്ങള്‍ സീനുകളില്‍ വെറുതെ അലക്ഷ്യമായി എന്തൊക്കെയോ ചെയ്യുകയും പറയുകയും ചെയ്യുന്നതായി മാത്രമേ പ്രേക്ഷകന് അനുഭവപ്പെടുന്നുള്ളൂ. സ്ത്രീ-പുരുഷ ബന്ധങ്ങളെ അപഗ്രഥിച്ചു എന്തോ വലിയൊരു വിപത്തില്‍ നിന്ന് ജനങ്ങളെ അല്ലെങ്കില്‍ മനുഷ്യരാശിയെ തന്നെ രക്ഷിക്കാന്‍ ഒരു ശ്രമം നടത്തി എന്ന് വേണമെങ്കില്‍ അണിയറക്കാര്‍ക്ക് പ്രസംഗിക്കാം , വാദിക്കാം , സിനിമ കാണാത്ത ആരോടും. ... പുകവലി പാടില്ല എന്ന ബോര്‍ഡ്‌ന്‍റെ മുന്നില്‍ നിന്ന് സിഗരറ്റ് വലിച്ചു ഊതി വിടുന്ന ഒരു പോലിസ് കാരനെ കണ്ടു കഴിഞ്ഞ ദിവസം ടൌണില്‍ . മുഖത്ത് ഒരു ചിരി . അതുപോലെ പുറമ്പോക്ക് മതിലുകളില്‍ മൈദപശയുടെ ബലത്തിലിരുന്നു  "വെടി വഴിപാടിന്‍റെ " പോസ്റ്റര്‍  നമ്മളെ നോക്കി ചിരിക്കുന്നു . അല്ല ഇനിവെറും ചിരിയും entertainmentഉം മാത്രമേ ഉദ്ദേശിചിട്ടുള്ളൂ എങ്കില്‍ അവിടെയും എത്തിയില്ല . കോപ്രായം കണ്ടു ചിരിക്കാനോ കരയാനോ അല്ല  വെറും അറപ്പ് മാത്രമേ തോന്നിയുള്ളൂ .   (സിനിമ ആസ്വദിച്ചവര്‍ പൊറുക്കുക )

                  ചുമ്മാ ഈ വഴിക്ക്പോയപ്പോള്‍ കേറി എന്നമട്ടില്‍ തിയേറ്ററില്‍ കയറിയിരുന്നു  സിനിമ ഇഷ്ടപെട്ടില്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയോ , ഉറങ്ങുകയോ അല്ലെങ്കില്‍ ഇറങ്ങിപോകുകയോ ഒക്കെ ചെയ്യുന്ന , പരാതിയോ പരിഭവമോ ഇല്ലാത്ത കുറെ സിനിമാ പ്രേമികളുണ്ട്.  അവര്‍ക്ക് വേണമെങ്കില്‍ ഒന്ന് കയറി  എന്താ സംഭവം എന്നൊന്ന് നോക്കാം . അല്ലാത്ത ആരും ആ വഴിക്ക് പോകതിരിക്കുക .  പിന്നെ സെന്‍സര്‍ഷിപ്പ് വിവാദം കണ്ടു ആ പ്രതീക്ഷയില്‍ പോയാലും നിങ്ങള്‍ നിരാശരാകും . ബസ്‌ സ്റ്റാന്‍ഡിലെ ചെറിയ പെട്ടിക്കടകളില്‍ ഇതിലും നല്ല കഥാപുസ്തകങ്ങള്‍ കിട്ടും . ഇതിലും കുറഞ്ഞ വിലക്ക് .

പിന്‍കുറിപ്പ് : സിനിമ കണ്ടിറങ്ങിവരുമ്പോള്‍ അടുത്ത ഷോയ്ക്ക് നില്‍ക്കുന്നവരുടെ ഒരു സ്ഥിരം ചോദ്യം ഉണ്ട് . "സിനിമ എങ്ങനെ , കൊള്ളാവോ" ? . പുറകെ വന്ന ഒരു പയ്യനാണ് മറുപിടി പറഞ്ഞത് ...
"കൊള്ളാം ചേട്ടാ , ഒരു വെടിയും  പിന്നെ കുറെ വഴിപാടും "... ഈ ന്യൂ ജെനറേഷന്‍കാരുടെ ഒരു ഹ്യൂമര്‍ സെന്‍സെ .....
                                                                         (വഴിപോക്കന്‍)

2 comments:

  1. ഇത് വായിച്ചപ്പോള്‍ 'past performance is not an indication of future results' എന്ന വാചകമാണ് ഓര്‍മ വന്നത്. ഇത്രയും കഴിവുറ്റ ആളുകള്‍ ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടും ഇതാണ് സ്ഥിതിയെങ്കില്‍ കഷ്ടം തന്നെ എന്നേ പറയാനുള്ളൂ...

    ReplyDelete
    Replies
    1. ഒരു സിനിമാക്കാരന്‍ വിലയിരുത്തപ്പെടുന്നത് അയാളുടെ ഏറ്റവും പുതിയ സിനിമാകൊണ്ടാണ് ... പണ്ട് ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് ആരും വിലക്കെടുക്കില്ല എന്നതാണ് സത്യം ..

      Delete