Saturday 26 October 2013

നാടോടി മന്നന്‍ - ഒരു വിമര്‍ശനം



     
      
        രണ്ടു മൂന്നു ദിവസം മുന്‍പ് ദിലീപിന്‍റെ നാടോടി മന്നന്‍ കണ്ടു . ഒരു ദീര്‍ഘയാത്രയുടെ ക്ഷീണവും വിട്ടുമാറാതെ തുടര്‍ന്ന പനിയും കൊണ്ട് ആണ് എഴുതാന്‍ അല്പം വൈകിയത് . ഈ ഇടയായി തിയേറ്ററില്‍ പോയി കാണേണ്ടി വരുന്നത് ഇത്തരം സിനിമകള്‍ ആകുന്നതില്‍ വല്ലാത്ത വിഷമം തോന്നി . ശ്രിങ്കാരവേലന്‍ പോലൊരു സിനിമ നല്‍കിയ ആഖാതം മാറുന്നതിനു മുന്‍പേ ഇങ്ങനെ ഒരു സിനിമയുമായി വീണ്ടും പ്രേക്ഷകരെ ദണ്ണിപ്പിക്കാന്‍ തീരുമാനിച്ച ദിലീപിന്‍റെയും വിജി തമ്പിയുടെയും  ഒരു ധൈര്യം .... ഹോ.. സമ്മതിച്ചു കൊടുക്കണം . ഇല്ലെങ്കില്‍ അവര്‍ സമ്മതിക്കില്ല . 

സിനിമയെക്കുറിച്ച്  രണ്ടു വാക്ക്:-

        സിനിമ കണ്ടിട്ട് മോശം പറയേണ്ടി വരുന്നത് വ്യക്തിപരമായി ഒരല്‍പം  വിഷമമുള്ള കാര്യമാണ് . നാടോടി മന്നന്‍ ഒന്നിലേക്കും നയിക്കാത്ത , ഒന്നും നല്‍കാത്ത ഊഷരമായ ഒരു സിനിമാകാഴ്ചയാണ് . ഇതിനെ വിമര്‍ശക്കാന്‍ പോലും അറയ്ക്കും എന്നതാണ് സത്യം . ദിലീപിന്‍റെ കഴിഞ്ഞ എല്ലാ സിനിമകളും എനിക്ക് തിയേറ്ററില്‍ പോയി കാണേണ്ടിവന്നിട്ടുണ്ട് . സ്ഥിരം ഫോര്‍മുലകളും ആവര്‍ത്തനവിരസമായ പ്ലോട്ടും കൊണ്ട് മടുപ്പിച്ച കഴിഞ്ഞ കുറേ ചിത്രങ്ങള്‍ നാടോടിമന്നനുമായി തട്ടിച്ചു നോക്കിയാല്‍ ക്ലാസിക് ആയിരുന്നു എന്ന് വേണം പറയാന്‍ . അത്രമാത്രം എല്ലാവിധത്തിലും ശൂന്യമായ ഒരു സിനിമയാണ് നാടോടിമന്നന്‍ . ചുമ്മാ കുറെ കോപ്രായങ്ങള്‍ കാണിച്ചു ദിലീപിനെ എല്ലാ സീനിലും കയറൂരി വിട്ടു gimmick കാട്ടി പ്രേക്ഷകരെ വീണ്ടും പറ്റിക്കാന്‍ ശ്രമിച്ച വിജി തമ്പി നല്ല കടുത്തഭാഷയില്‍ തന്നെ വിമര്‍ശനം അര്‍ഹിക്കുന്നു . ഏക ആശ്വാസം ദ്വയാര്‍ത്ഥപ്രയോഗവും തെറിയും ഇല്ല എന്നത് മാത്രമാണ് . അത് പക്ഷെ ഒരു സിനിമയുടെ മേന്മ അല്ലല്ലോ (തുണി ഉടുത്തിട്ടുണ്ട് എന്ന് പറയന്നപോലെ അല്ലെ ) . എന്ത് പ്രതീക്ഷിച്ചു പോയാലും നിങ്ങള്‍ക്ക് നിരാശയെ ലഭിക്കു . കണ്ടു മടുത്ത ഒരുപാടു സിനിമകളില്‍ നിന്ന് കടം കൊണ്ട് പ്ലോട്ട് . ഇക്കിളിയിട്ടാലും ചിരിക്കാത്ത  തമാശകള്‍, വെറുപ്പിക്കുന്ന പാട്ടുകള്‍ , ഒരാവശ്യവും ഇല്ലാത്ത സ്ക്രീനില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കഥാപാത്രങ്ങള്‍ , .... അകെ ഒരു സ്മശാനമൂകത ആയിരുന്നു തിയേറ്ററില്‍ . ഇതിലൊന്നും തെല്ലും കൂസാകാത്ത ചിലര്‍ മുന്നിലെ കസേരയിലേക്ക് കാലും കയറ്റിഇട്ടു സുഖമായി ഉറങ്ങുന്നു ... ചില മദ്യപ്പന്‍മ്മാരുടെ കൌണ്ടര്‍ തമാശകള്‍ സിനിമയില്‍ ഉള്ളതിനേക്കാള്‍ ചിരി ഉണര്‍ത്തി . ടിക്കറ്റ്‌ കാശു , കാപ്പി , കടല , സിഗേരറ്റ് അങ്ങനെ മൊത്തത്തില്‍ നോക്കിയാല്‍ ആഗോളസാമ്പത്തിക പ്രതിസന്ധിക്ക് അക്കം കൂട്ടുന്നു ഈ സിനിമ . 

ദിലീപ് സാറിനു ഒരു തുറന്ന കത്ത് :-

        സമകാലീന മലയാള സിനിമയുടെ അഭിമാനവും , മമ്മൂട്ടി , മോഹന്‍ലാല്‍ , സുരേഷ്ഗോപി എന്നിവര്‍  കഴിഞ്ഞാല്‍ ഏറവും കഴിവുള്ള മലയാള നടന്‍ എന്നും ഒക്കെ അങ്ങയെ കുറുച്ചു വളരെ അഭിമാനം കൊണ്ടിരുന്നു . ഒരുകാലത്ത് മോഹന്‍ലാലിനു സ്വന്തമായിരുന്ന അടുത്ത വീടിലെ പയ്യന്‍ ഇമേജ് പിന്നീടു താങ്കള്‍ക്ക് മാത്രം സ്വന്തവും ആയിരുന്നു . ഇപ്പോളും അത് ഏതാണ്ട് അങ്ങനെ തന്നെ നിലനില്‍ക്കുന്നും ഉണ്ട് . വളരെ സ്വാഭാവികമായി, അച്ചടക്കത്തോടെ  നര്‍മം കൈകാര്യം ചെയുന്ന , ഒരു സ്വാഭാവിക അഭിനയ ശൈലിയുള്ള , വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടിപോകുന്ന , നല്ല ഒരു നടന്‍ കൂടിയായ താങ്കള്‍ എന്തിനാണ് സ്വന്തം വില ഇങ്ങനെ കളയാന്‍ ശ്രമിക്കുന്നത് . വര്‍ഷങ്ങളോളം സഹസംവിധായകന്‍ ആയി ജോലി ചെയ്ത , വളരെ കഷ്ടപ്പെട്ട് മുഖ്യധാര സിനിമയിലേക്ക് വന്ന താങ്കള്‍ക്ക് ഇതെന്തു പറ്റി . വെറും കച്ചവടം മാത്രമായി സിനിമയെ കണ്ട് ഇത്രയേറെ താഴേക്ക്‌ പോകുമ്പോള്‍ താങ്കള്‍ ഇത് സ്വയം തിരിച്ചറിയുന്നില്ലേ എന്ന് വഴിപോക്കന് അത്ഭുതം തോന്നുന്നു . അതോ കളക്ഷന്‍ റെക്കോര്‍ഡിന്‍റെ ഭ്രമിപിക്കുന്ന കോടികണക്കുകള്‍ക്ക്‌ മുന്നില്‍ മറ്റൊന്നും ഇല്ല എന്നുതന്നെ താങ്കളും ചിന്തിക്കുന്നുവോ ?

      തൊണ്ണൂറുകളിലെ ആദ്യകാല സിനിമകള്‍ മുതല്‍ എനിക്ക് ഏറെ ഇഷ്ടപെട്ട മലയാളത്തിലെ ഒരുപാടു നല്ല ചിരി സിനിമകള്‍ താങ്കളുടെതായി ഉണ്ട് .  കഥാവശേഷനും , മലര്‍വാടിയും പോലുള്ള സിനിമകള്‍ നിര്‍മിക്കാന്‍ കാണിച്ച ധൈര്യവും ഏറെ എടുത്തു പറയണം. അവയൊക്കെ ഒരു നടന്‍ എന്നും മലയാള സിനിമാകുടുംബത്തിലെ അംഗം എന്നും ഒക്കെ ഉള്ള നിലയില്‍ താങ്കള്‍ക്ക് നല്ല ഒരു ഇരിപ്പിടം തരുന്നും ഉണ്ട് . പക്ഷെ ആ കസേരയുടെ കാല്‍ ചവിട്ടി ഓടിക്കാന്‍ ആണ് താങ്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നത് എന്ന് തോന്നി പോകും . ഒന്ന് രണ്ടു സിനിമകള്‍ വിജയിച്ച ഗര്‍വില്‍ വീണ്ടും വീണ്ടും പ്രേക്ഷകരെകൊണ്ട് അതുതന്നെ തീറ്റിക്കാം എന്ന് വിചാരിച്ചാല്‍ അത് അധികകാലം വിലപ്പോവില്ല എന്ന് മലയാളി പ്രേക്ഷകന്‍റെ പള്‍സ്‌ അറിയുന്ന താങ്കള്‍ക്ക് പറഞ്ഞു തരേണ്ടതില്ല എന്നറിയാം . ഇത് വിജയിച്ചിലെങ്കില്‍  മറ്റൊന്നുമായി വന്നു താങ്കള്‍ വീണ്ടും വിജയം കൊയ്യുമ്പോള്‍ ഞാന്‍ എഴുതിയ ഈ വാക്കുകള്‍ എന്നെ തന്നെനോക്കി കൊഞ്ഞനംകുത്തും എന്നും എനിക്കറിയാം . പക്ഷെ പറയേണ്ടത് തുറന്നു പറയാന്‍ ഞാന്‍ ആരെയും ഭയപ്പെടാറില്ല . ഈ നിലക്ക് തുടര്‍ന്ന് പോയാല്‍ കുടുംബസദസ്സുകളുടെ പ്രിയനായകന്‍ എന്ന വിശേഷണം താങ്കള്‍ക്ക് അന്യമാകുന്ന നാളുകള്‍ അധികം ദൂരെയല്ല .
--- ദൈവം മലയാളസിനിമയെ (ഒപ്പം താങ്കളെയും ) രക്ഷിക്കട്ടെ

ഇനി വിജി തമ്പി സാറിനോട് :-
 
    സൂര്യമാനസം പോലൊരു സിനിമ ഇനിയും താങ്കളുടെ കയ്യില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അത്യാഗ്രഹം ആണെന്നറിയാം , എങ്കിലും ഒന്ന് ശ്രമിച്ചാല്‍ നാടോടിമന്നനെക്കാള്‍ പത്തിരട്ടി മികച്ച സിനിമ ഉണ്ടാക്കാന്‍ താങ്കള്‍ക്ക് സാധിക്കും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് . അതിനുള്ള പരിചയവും അനുഭവവും താങ്കള്‍ക്ക് ഉണ്ടെന്നു തോന്നുന്നു .


         ആഴത്തില്‍ ചിന്തിച്ചാല്‍ എഴുതിയാലും എഴുതിയാലും തീരാത്ത ഒരുപാടു വിയോജിപ്പ് ഉണ്ട് . പക്ഷെ മൊത്തത്തില്‍ സിനിമയോട് തോന്നിയ ചില വികാരങ്ങളും അഭിപ്രായവും മാത്രമേ ഇതില്‍ എഴുതിയിട്ടുള്ളൂ . ഉപരിപ്ലവമായി അല്ലാതെ ഇതേക്കുറിച്ച് എഴുതാന്‍ മനസ്സ് അനുവദിക്കുന്നില്ല . ഇത് ഒരു കണ്ടിരിക്കാവുന്ന സിനിമആയിട്ടെങ്കിലും ആര്‍ക്കെങ്കിലും തോന്നിയാല്‍ ഭാഗ്യം .
മലയാള സിനിമാവ്യവസായം താങ്ങുന്നതിനേക്കാള്‍ അധികം സിനിമകള്‍ ഇപ്പോള്‍ വെള്ളിയാഴ്ച തോറും ഇറങ്ങുന്നുണ്ട് . അതിനിടയില്‍ ഒരു നാടോടി മന്നന്‍ കൂടി . അങ്ങനെ ചിന്തിച്ചു അശ്വസിച്ചാല്‍ വല്യ ഒരു നിരാശ ഒഴിവാകും . ഒരുവിധ സിനിമാഅനുഭൂതിയും ഇല്ലാതെ , വെറുതെ അന്തംവിട്ടു  സ്ക്രീനില്‍ നോക്കിയിരുന്നാല്‍ ഒരു നഷ്ടബോധവും തോന്നാത്ത ആര്‍ക്കും ധൈര്യമായി കാണാവുന്ന സിനിമ .

വാല്‍:- ഗ്രാവിറ്റി കാണാന്‍ ടിക്കറ്റ്‌ ബുക്ക്‌ചെയ്തിട്ടും കാണാന്‍ പോകാതെ കാശു പോയപ്പോള്‍ പോലും തോന്നാത്ത ഒരു വെറുപ്പ്‌ കൂട്ടുകാര്‍ ടിക്കറ്റ്‌എടുത്തു തന്നു നാടോടി മന്നന്‍ കണ്ടപ്പോള്‍ തോന്നി.  

                                                                                             (ഒരു വഴിപോക്കന്‍ )

No comments:

Post a Comment