Sunday 24 November 2013

വിശുദ്ധന്‍

         
             വൈശാഖ് എഴുതി സംവിധാനം ചെയ്ത പുതിയ സിനിമ "വിശുദ്ധന്‍" കണ്ടു . ചിത്രം എന്നില്‍ അവശേഷിപ്പിച്ച ചിന്തകള്‍ പങ്കുവയ്കുകയാണ് ഈ കുറിപ്പിലൂടെ , ഒപ്പം സിനിമയുടെ ഗുണദോഷങ്ങള്‍ തികച്ചും വ്യക്തിപരമായ ഒരു വീക്ഷണത്തിലൂടെ അവലോകനം ചെയ്യാനുള്ള ഒരു ചെറിയ ശ്രമവും .

         വൈശാഖിന്‍റെ  മുന്‍സിനിമകളില്‍ നിന്ന് വിഭിന്നമായി കുറേക്കൂടി സാമൂഹിക - സമകാലിക പ്രസക്തിയുള്ള ഒരു സിനിമയാണ് വിശുദ്ധന്‍ .  മലയോര പ്രദേശത്ത് പുതുതായി വരുന്ന ഒരു വൈദികന്‍ സണ്ണി (കുഞ്ചാക്കോ ബോബന്‍ ) , അവിടുത്തെ ഒരു കന്യാസ്ത്രി  സോഫി ( മിയ ) എന്നിവരാണ്‌ ഇതിലെ കേന്ദ്രകഥാപാത്രങ്ങള്‍ . വിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന ചില കൊടും ക്രൂരതകള്‍  നേരിട്ട് കാണുന്ന സിസ്റ്റര്‍ സോഫി ,  നാട്ടിലെ പ്രമാണിയും കച്ചവടക്കാരനുമായ വാവച്ചന്റെയും( ഹരീഷ് പെരടി )  മകന്റെയും   ( കൃഷണകുമാര്‍ ) പകയ്ക്ക് പാത്രീഭൂതയാവുകയും  വൈദികനുമായി രഹസ്യബന്ധം ആരോപിച്ചു സഭയില്‍നിന്നു പുറത്താക്കപ്പെടുകയും ചെയ്യുന്നു . അതിനോട് യോജിക്കാന്‍ സാധിക്കാതെ  തിരുവസ്ത്രം  ഊരി സണ്ണി അവള്‍ക്കു തുണയാകുന്നു . ദൈവ വഴി വെടിഞ്ഞു വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കുന്ന ഒരു വൈദികനെയും കന്യാസ്ത്രീയെയും കാത്തിരിക്കുന്ന സമൂഹത്തിന്‍റെ തിരസ്കാരവും ഒറ്റപെടുത്തലും ചില പകപോക്കലുകളും  തന്നെ അവരെയും കാത്തിരിക്കുന്നു . കൂട്ടത്തില്‍ സമൂഹത്തിലെ നീച്ചഹസ്തങ്ങള്‍ നീരൂറ്റി കുടിച്ചു മരണത്തിലേക്ക് തള്ളിവിടുന്ന ,  മതര്‍ തെരേസയാവാന്‍ സ്വപ്നം കണ്ട ഒരു പെണ്‍കുട്ടിയുടെ (ശാലിന്‍) അകാലത്തില്‍ പൊലിഞ്ഞുപോയ സ്വപനങ്ങളുടെ നൊമ്പരകഥയും  ...  ഇതൊക്കെയാണ്  വിശുദ്ധന്റെ ഒരു ഏകദേശ കഥാസാരം .

കുറച്ചു ഇഷ്ടങ്ങള്‍ :-

1. സിനിമ മുന്നോട്ടു വച്ച പ്രമേയം .

2. പൊട്ടി കരഞ്ഞുകൊണ്ട്  മകളുടെ കുഴിവെട്ടുന്ന ആ പിതാവ് . ആ രംഗങ്ങള്‍ വല്ലാതെ കണ്ണ്നനച്ചു .

3. രാത്രിയില്‍ ഒരു കാര്യം പറയാന്‍ കുഞ്ചാക്കോയുടെ വീട്ടിലേക്കു വരുന്ന നന്ദു . അടുത്ത സീനില്‍ ഓടുന്ന കുഞ്ചാക്കോയുടെ സംഭ്രമം കലര്‍ന്ന മുഖത്തേക്ക് ഒരു കട്ട്‌ . സിനിമക്ക് മാത്രം സാധിക്കുന്ന വിസ്മയം .

                    ഇതിനൊക്കെ പുറമേ മികച്ച ചായാഗ്രഹണവും എഡിറ്റിംങ്ങും സിനിമയുടെ മനോഹാരിത കൂട്ടാന്‍ വൈശാഖിന്റെ കൂടെത്തന്നെ നിന്ന് എന്നത് എടുത്തുപറയണം . മുന്‍ സിനിമകളില്‍ നിന്ന് വഴിമാറി കുറച്ചുകൂടെ പക്വതയുള്ള സിനിമകളിലേക്ക് ചുവടുമാറാനുള്ള സംവിധായകന്റെ ശ്രമം അഭിനന്ദനീയം തന്നെ. തന്‍റെ ഇമേജ് സ്വയം പൊളിച്ചുകൊണ്ട്‌ ടൈപ്പ്കാസറ്റ്‌ ചെയ്യപ്പെടുന്നതില്‍ നിന്ന് അദേഹത്തിന് ഒരു മോചനം ലഭികട്ടെ .  അഭിനയത്തിലും എടുത്തുപറയാന്‍ മാത്രം പാളിച്ചകള്‍ ഒന്നുംതന്നെ പ്രഥമദൃഷ്ട്യാ കണ്ടില്ല , ഭൂതക്കണ്ണാടിവച്ച് പരിശോധിച്ചതും ഇല്ല . ചാക്കോച്ചനും , ജിമിയും , ഹരീഷും മറ്റെല്ലാവരും അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട് .


                    സിനിമ ഉയര്‍ത്തുന്ന പ്രേമയം സമകാലിക പ്രസക്തവും അത്രമേല്‍ തീവ്രവും ആയിരുന്നിട്ടും വിശുദ്ധന്‍ ഒരു നല്ല സിനിമ അകാതിരുന്നത് , ക്ഷമിക്കണം നല്ലസിനിമയാണെന്ന് എനിക്ക് തോന്നാതിരുന്നത് എന്തുകൊണ്ടാണ് എന്ന് വളരെ ഗൌരവമായി തന്നെ ചിന്തിക്കണം എന്ന് തോന്നി . വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ എടുത്ത ഒരു സിനിമായി കാണപെട്ടു വിശുദ്ധന്‍ എന്ന് പറയാതെ വയ്യ . അതിന്‍റെ രചനയില്‍ വേണ്ടത്ര പുനര്‍ചിന്തയോ   തിരുത്തലുകളോ നടന്നിട്ടില്ലെന്ന് വ്യക്തം .  സിനിമാസാധ്യതയും ആശയം ഫലപ്രദമായി സംവേദിക്കാനുള്ള കഴിവും വച്ചുനോക്കിയാല്‍ അങ്ങേയറ്റം ദുര്‍ബലമായതും എന്നാല്‍ പ്രമേയം കൊണ്ട് അതിശക്തവും അയ ഒരു തിരകഥയില്‍ നിന്നാണ് വിശുദ്ധന്‍ ഉണ്ടായതു എന്ന് തോന്നി . മറ്റൊരര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ സിനിമയുടെ ആശയതിനുണ്ടായിരുന്ന തീവ്രത അതിന്‍റെ സിനിമാഭാഷ്യത്തിനില്ലാതെ പോയി   .

                    സമൂഹത്തില്‍ വിശ്വാസത്തിന്റെയും ആതുരസേവനത്തിന്റെയും മറവില്‍ നടക്കുന്ന മുതലെടുപ്പുകളും പകല്‍കൊള്ളകളും  ഒക്കെ സിനിമയില്‍ വന്നുപോകുന്നു . പക്ഷെ അവയിലേക്കു വച്ച ക്യാമറകണ്ണുകള്‍ ഒന്നും വിശദമാക്കാതെ ഒരുതരം വെറും കാഴ്ചകള്‍ മാത്രമായി അവശേഷിച്ചതുപോലെ തോന്നി . സമൂഹം പിച്ചിചീന്തി വലിച്ചെറിയുന്ന കുറച്ചു ജീവിതങ്ങളെ വരച്ചിടാന്‍ ഉള്ള ഒരു ശ്രമമല്ലാതെ അത്തരം ജീവിതാനുഭവങ്ങളുടെ തീക്ഷണതയോ നേര്‍കാഴ്ചയോ ഒന്നും സിനിമയില്‍ ഇല്ല , ഉണ്ടെങ്കില്‍ തന്നെ അവയൊക്കെ വ്യക്തതയില്ലാത്ത വിധം  ഓഫ്‌ ഫോക്കസ്ട്  ആയിരുന്നുതാനും. പിന്നെ ആശരണരായ പാവം പെണ്‍കുട്ടികളെ തിന്മയുടെ വഴിയിലേക്ക് ആകര്‍ഷിക്കുന്ന മഹാനഗരങ്ങളിലെ പ്രലോഭനങ്ങളുടെ ചിത്രം സിനിമയില്‍ കാണിച്ചതിനെക്കാള്‍ അതിഭീകരമാണ് എന്ന സത്യം വഴിപോക്കന് നേരിട്ട്  അനുഭവത്തില്‍ നിന്ന് അറിയാവുന്നതാണ് . പക്ഷെ അത്തരം സംവിധാനങ്ങള്‍ വെറും ഒരു ഹോട്ടല്‍ റെയിഡില്‍  പിടിക്കപ്പെടുന്നതിനെക്കാള്‍ ഒക്കെ സംരക്ഷണം നല്‍കുന്നുണ്ട് ആ പെണ്‍കുട്ടികള്‍ക്ക് . തിന്മയുടെ ആ സംരക്ഷണവലയം തന്നെയാണ് പണത്തോടൊപ്പം അവരെ ആ വഴിക്ക് നടക്കാന്‍ ആകര്‍ഷിക്കുന്ന പ്രധാന ഘടകവും . വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതോ കഥഗതിക്ക് വേണ്ടി വളച്ചൊടിച്ചതോ  എന്തോ . എന്തായാലും അവയ്ക്ക് സത്യത്തിന്‍റെ ചൂരും ചൂടും ഇല്ലായെന്ന് തോന്നി .

               സിനിമക്ക് ഇതില്‍ കൂടുതല്‍ സാധിക്കും എന്ന സത്യം സംവിധായകന്‍ അറിയാതെ പോയതോ അതോ അറിയില്ലെന്ന് നടിച്ചതോ എന്നറിയില്ല . പക്ഷെ സിനിമയ്ക്ക്  ഇതില്‍ കൂടുതല്‍ തീര്‍ച്ചയായും  സാധിക്കും . പ്രേക്ഷകമനസ്സിനെ പിടിച്ചുലയ്ക്കാനും   കഥാപാത്രങ്ങളുടെ വേദനഅവരുടേതായി അനുഭവിപ്പിക്കാനും സാധിക്കും . ഇതിന്‍റെ പത്തിലൊരംശം പോലും ശക്തിയില്ലാത്ത പ്രേമെയം കൊണ്ട് പലപ്പോഴും സാധിച്ചിട്ടുമുണ്ട് . അത് കഴിയാതെപോയത്  എഴുത്തുകാരന്‍ കൂടിയായ സംവിധായകന്‍റെ കുറവായിതന്നെ അടയാളപ്പെടുത്തപ്പെടും .

            മറിച്ചു ഒരുഅല്പം ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ സിനിമാകണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ ഒരുപാടുകാലം മായാതെ കിടക്കുമായിരുന്ന ഒരുരംഗം ഉണ്ടായേനെ . തിരുവസ്ത്രത്തില്‍ കാണുമ്പൊള്‍ സ്തുതി പറയാതിരുന്ന ആ കൊച്ചുബാലന്‍ ചോരപുരണ്ട കൈകളോടെ നില്‍കുമ്പോള്‍ നായകന് സ്തുതിപറയുകയും , അയാള്‍ അവനെ കെട്ടിപിടിച്ചു പൊട്ടി കരയുകയും ചെയുന്ന ആ അവസാന രംഗം . നിര്‍ഭാഗ്യവശാല്‍ എന്തോ കണ്ടമ്പരന്ന  ഒരുഭാവം മാത്രമേ വഴിപോക്കന് തിയേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കൂടെകൊണ്ടുപോകാന്‍ ഉണ്ടായിരുന്നുള്ളൂ.
                                                             (വഴിപോക്കന്‍ )

Friday 15 November 2013

"തിര"യടിക്കുമ്പോള്‍

 

                 "തിര" , വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചലച്ചിത്രമാണ് .  പ്രേക്ഷകരെ ഒരുനിമിഷം പോലും വിരസത അനുഭവിപ്പിക്കാത്ത നല്ല ഒരു ത്രില്ലെര്‍ സിനിമാ അനുഭവം ആണ് തിര .  പ്രത്യേകിച്ച് കുറ്റങ്ങളൊന്നും പറയാനില്ലാത്ത തിരക്കഥ , ചടുലമായ ആവിഷ്കാരം എന്നിവയൊക്കെയാണ് ഈ സിനിമയുടെ പ്രധാന സവിശേഷത . രണ്ടുമണിക്കൂര്‍ താഴെ സമയംകൊണ്ട് വളരെ ലീനിയര്‍ ആയി കഥപറയുന്ന സിനിമ ഒരു നിമിഷം പോലും മടുപ്പിക്കാതെ  പ്രേക്ഷകരെ സീറ്റില്‍ പിടിച്ചിരുത്താന്‍ കഴിവുള്ള ഒന്നാണ്  എന്ന് നിസംശയം പറയാം . ഒരു സിനിമയെന്ന നിലയില്‍ തിര എന്താണ് എന്നതിലേക്കുള്ള ഒരു ചിന്തയാണ് ഈ കുറിപ്പ് .

                        തുടക്കം മുതല്‍ ഒടുക്കം വരെ ആകാംഷ നിറയുന്ന ഒരു കഥയാണ് തിരയുടെത്.  ഒരു കാര്‍ഡിയാക് സര്‍ജെനും സാമൂഹിക പ്രവര്‍ത്തകയും അയ ഡോക്ടര്‍ രോഹിണി പ്രതാപ്‌ ,  നവീന്‍ എന്ന യുവാവ്‌ എന്നിവരെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത് . സമൂഹത്തിലെ തിന്മക്കെതിരെ തന്നാലാവുംവിധം പ്രതികരിക്കുന്ന ആളാണ് രോഹിണി .  സമൂഹത്തിലും ഭരണ നിയമ സംവിധാനത്തിലും ഒക്കെ ആഴത്തില്‍ വേരുകളുള്ള പെണ്‍വാണിഭക്കാര്‍ക്കെതിരെ  ശബ്ധമുയര്‍ത്തി അവരുടെ പകയില്‍ കൊല്ലപെട്ടതാണ് അവരുടെ ഭര്‍ത്താവു പ്രതാപ്‌ . രോഹിണി സമൂഹത്തിന്‍റെ നീച്ചഹസ്തങ്ങളില്‍ നിന്ന് രക്ഷിച്ചു പരിപാലിക്കുന്ന പെണ്‍കുട്ടികളെ എല്ലാം ഒരുദിവസം ആരോ തട്ടിക്കൊണ്ടുപോകുന്നു .  സ്വന്തം സഹോദരിയെ കണ്മുന്നില്‍ നിന്ന് തട്ടികൊണ്ടുപോകുന്നതു കണ്ടു നിസ്സഹായനായ  നവീനും  രോഹിണിയും  രോഹിണിയുടെ ചില വിശ്വസ്തരും ചേര്‍ന്ന് അവരെ  കണ്ടെത്തി രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിന്നും മനസാക്ഷിയെ ഞെട്ടിക്കുന്ന ചില മാംസ കച്ചവട സംഘത്തെ ക്കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങള്‍ ആണ് പുറത്തു വരുന്നത് .  ആകാംഷാഭരിതവും സാഹസികവും അയ തുടര്‍സംഭവങ്ങള്‍ ആണ് പിന്നീടു  ചിത്രത്തില്‍.

                        മുന്‍ സിനിമകളിലെ അപക്വമായ സമീപനം വെടിഞ്ഞു വിനീത് ശ്രീനിവാസന്‍ ഒരു സംവിധായകന്‍ എന്ന പൂര്‍ണ്ണതയിലേക്ക് കൂടുതല്‍ അടുക്കുന്നത്തിന്‍റെ അടയാളം ആണ് തിരയുടെ ഏറ്റവും വലിയ സവിശേഷത . ചലച്ചിത്രത്തിന്റെ ദ്രിശ്യഭാഷ , കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് , അവതരണം എന്നിവയില്‍ എല്ലാം വളരെ പ്രൊഫഷണല്‍ അയ ഒരു സമീപനം വിനീതിനുണ്ട് എന്ന് സിനിമ നമ്മോടു പറയുന്നു . മൂന്നു ഭാഗങ്ങള്‍ ഉള്ള ഒരു സിനിമയുടെ ആദ്യഭാഗം എന്ന് പ്രഖ്യാപിച്ചു ഒരു  സിനിമ  പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുമ്പോളുള്ള  വെല്ലുവിളികള്‍ കുറച്ചൊന്നുമല്ല . ഈ സിനിമയുടെ സ്വീകാര്യത ആണ് അടുത്ത സിനിമകള്‍ ഇറക്കണോ എന്നുപോലും തീരുമാനിക്കുക . ആ നിലക്ക് ചിന്തിച്ചാല്‍ വളരെ  ശ്രദ്ധയോടും കരുതലോടും രൂപപ്പെടുത്തിയ തിരകഥയും അതിനു ചേര്‍ന്ന് നില്‍ക്കുന്ന സിനിമാരീതി അവലബിച്ചുകൊണ്ടുള്ള സംവിധാനവും തന്നെയാണ്  തിരയെ ഭേദപെട്ട ഒരു സിനിമയാക്കി മാറ്റുന്നത് .


                                അഭിനയ മേഖലയിലേക്ക് ചിന്തിക്കുമ്പോള്‍ ഈ സിനിമ ശോഭനയുടേതാണ് എന്ന് പറയാതെ വയ്യ . മലയാള സിനിമക്ക് ഒട്ടനവധി നല്ല സ്തീകഥാപാത്രങ്ങളെ നല്‍കിയ അനുഗ്രഹീത നടിയുടെ മറ്റൊരു മികച്ച വേഷം തന്നെയാണ് തിരയിലെ രോഹിണി . പുതിമുഖമായ ധ്യാന്‍ തന്നാലാവുംവിധം കഥാപാത്രത്തോട് നീതിപുലര്‍ത്തി . ശോഭനയെ ഒരു മുഴുനീളകഥാപാത്രമായി ഇങ്ങനെ ആദ്യാവസാനം സിനിമയില്‍ നിറച്ചുനിര്‍ത്തിയിരിക്കുന്നതിനു തന്നെ ഒരു കയ്യടി കൊടുക്കണം . മലയാള സിനിമക്ക് അവരെ നഷ്ടമായി എന്നുതോന്നിയ സമയത്തെ ഈ തിരിച്ചുവരവ്‌ തന്നെ വല്ലാത്ത ഒരു ആനന്ദം പകരുന്നു .


                    അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിലെ ചില തിന്മകലിലേക്ക് ആണ് ചിത്രം വിരല്‍ചൂണ്ടുന്നത്.  തട്ടിക്കൊണ്ടു പോയി , കാണാതായി , പീഡിപ്പിക്കപ്പെട്ടു എന്നൊക്കെ നമ്മുടെ സഹോദരിമാരെക്കുറിച്ച് വാര്‍ത്ത‍ വരുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ച് അത്ഭുതപ്പെടുകയും ഏറിയാല്‍ ഒരു അഞ്ചുമിനുട്ട് ദുഖിക്കുകയും  മാത്രം ചെയ്യുന്ന നമ്മള്‍ അതിലേറെ ഒന്നും ചിന്തിക്കാറില്ലല്ലോ . അവരുടെ കുടുംബം , പ്രിയപെട്ടവര്‍.... അങ്ങനെ നഷ്ടപ്പെടാന്‍ വിധിക്കപെട്ട ഒരുകൂട്ടം ജനങ്ങളെക്കുറിച്ച് , ആരും അധികം ചിന്തിക്കാത്തവരെ ക്കുറിച്ച്  -   അവരെക്കുറിച്ച് ഉള്ളഒരു ചിന്തകൂടിയാണ് ഈ സിനിമ. "ഞാന്‍ എന്‍റെ അനിയത്തിക്ക് വേണ്ടിയാണു ഇതില്‍ ഇറങ്ങിയത്‌ , ഡോക്ടര്‍ പക്ഷെ എന്തുകൊണ്ട് ഇതിനിറങ്ങി തിരിച്ചു " ? എന്ന നവീന്റെ ചോദ്യം വും അതിനുള്ള ഡോക്ടര്‍ രോഹിണിയുടെ മറുപിടിയും  നമ്മളെ പലതും ചിന്തിപ്പിക്കാന്‍ പോന്നവയാണ് .  മനപ്പൂര്‍വ്വം നാം കണ്ടില്ലയെന്ന് നടിക്കുന്ന , നമ്മളെ ബാധിക്കാത്തത്‌ കൊണ്ടുമാത്രം ഇടപെടാത്ത  , നമ്മള്‍ നിത്യവും മുന്നില്‍ക്കാണുന്ന  ഒരുപാടു കാഴ്ചകളെ ഓര്‍മ്മിപ്പിക്കുന്നു  .
  
             സിനിമകണ്ട്‌ വരുന്നവഴി  സംസാരത്തിനിടയില്‍ ചില സുഹൃത്തുക്കള്‍ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ മുകളില്‍ പറഞ്ഞതിന്‍റെയൊക്കെ ഏതാണ്ടൊരു സാരം ആണ് അവരോടും പറഞ്ഞത് . അപ്പോള്‍ ചിലര്‍ക്ക് ഈ സിനിമയില്‍ കണ്ട കുറ്റങ്ങള്‍ കേള്‍ക്കണം .

ചില ഇഷ്ടക്കേടുകള്‍ :-

                     വളരെ അസഹ്യമായി തോന്നി ഇതിലെ ക്യാമറ . കുലുക്കാതെ പടം പിടിക്കാന്‍ ജോമോന് സാധിക്കുമായിരുന്നു എന്നാണ് മുന്‍സിനിമകളുടെ അനുഭവത്തില്‍ നിന്ന് തോന്നിയത് .  പ്രേക്ഷകനും സിനിമക്കുമിടയില്‍ താനും ഒരു ക്യാമറയും ഉണ്ടെന്നു അവര്‍ക്കു  മനസിലാക്കികൊടുക്കുന്നത്  ചായാഗ്രാഹകന്റെ പരാജയമാണെന്ന് ആരോ എവിടെയോ എഴുതി വായിച്ചതു ഓര്‍ത്തുപോയി . എല്ലാതരം  പ്രേക്ഷകര്‍ക്ക്‌ പെട്ടെന്ന് ചിന്തിച്ചെടുക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ ചടുലതയും വേഗതയും ഉണ്ടായത്  ചില വിഭാഗം പ്രേക്ഷകരുടെയെങ്കിലും ആസ്വാദനത്തിനു ഒരു തടസമാകുന്നുണ്ട് എന്ന് തോന്നി .  അവര്‍ക്ക് വേഗത്തില്‍ ബന്ധിപ്പിച്ചെടുക്കാന്‍ സാധിക്കുനതല്ല ഇതിലെ സന്ദര്‍ഭങ്ങള്‍ എന്നത് സിനിമയുടെ പോരായ്മ ആയി കാണേണ്ടതില്ല എങ്കിലും തിയേറ്ററില്‍ നിന്ന്  ചിലവിഭാഗങ്ങളെ അകറ്റിനിര്‍ത്താന്‍ അത് കാരണമായേക്കാം .  മൂന്ന് ഭാഗങ്ങള്‍ ആയി പ്ലാന്‍ ചെയ്തതുകൊണ്ടാവണം സിനിമക്ക് ഒരു പൂര്‍ണ്ണത തോന്നിയില്ല . എന്നാല്‍ പൂര്‍ണ്ണതയോട് നല്ലവണ്ണം അടുത്താണ് നില്‍ക്കുന്നതും .

                                     വളരെ പ്രതീക്ഷ ഉണ്ടായിരുന്ന ഇതിലെ ഗാനങ്ങള്‍ എന്നെ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ . എല്ലാവരും മികച്ച ഗാനങ്ങള്‍ എന്ന് പറഞ്ഞതിന്‍റെ പേരില്‍ ഇന്നലെ കേട്ട് നോക്കിയിരുന്നു . ഇന്ന് സിനിമയില്‍ കേട്ടപ്പോളും അവ മനസ്സില്‍ കയറാതെ മാറിനില്‍ക്കുക തന്നെചെയ്തു . എന്‍റെ ആസ്വാദനരീതി കൊണ്ടോ മനസ്സുകൊണ്ട് ഒരു പഴഞ്ചന്‍ ആയതുകൊണ്ടോ എല്ലാരും പറയുന്നപോലെ മികച്ച ഗാനങ്ങള്‍ ആണ് ഈ സിനിമയിലേത് എന്നൊരഭിപ്രായം വഴിപോക്കനില്ല - ഇല്ല എന്നുപറഞ്ഞാല്‍ തീരെ ഇല്ല .  ഇതിന്‍റെ പശ്ചാത്തലസംഗീതം ചിലയിടത്ത് വളരെ മനോഹരമായി സിനിമയുടെ മൊത്തത്തിലുള്ള മൂഡിനോട് ചേര്‍ന്ന്നില്‍ക്കുന്നുണ്ട് എങ്കിലും ഇടക്ക് അരോചകവും ആയിരുന്നു എന്ന് പറയാതെവയ്യ . ചിലയിടങ്ങളില്‍ സംഭാഷങ്ങള്‍ ബി ജി എമ്മില്‍ മുങ്ങിപോകുന്നുപോലും ഉണ്ട്.

                             ഒരു അതിഭയങ്കര സിനിമ എന്നൊന്നും പ്രതീക്ഷിക്കാതെ ശരാശരി ത്രില്ലര്‍ സിനിമ പ്രതീക്ഷിച്ചുപോകുന്നവരെ നിരാശപെടുത്തില്ല എന്ന് ഉറപ്പായും പറയാവുന്ന സിനിമയാണ് തിര . തിയേറ്ററിലെ ഇരുട്ടില്‍ ഈ സിനിമ നിങ്ങളെ കൊഞ്ഞനംകുത്തി കാണിക്കില്ല ...  ഉറപ്പ്.
                                   
                                                                 (വഴിപോക്കന്‍)

Thursday 14 November 2013

ഗീതാഞ്ജലി

         

                ഗീതാഞ്ജലി കണ്ടു . സെവെന്‍ ആര്‍ട്സിന്റെ ബാനറില്‍ അഭിലാഷ് നായര്‍ തിരകഥയും ഡെന്നിസ് ജോസഫ്‌ സംഭാഷണവും എഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമ . എവിടുന്ന് കട്ടു, എന്തോരും കട്ടു , എന്നൊന്നും നോക്കാതിരുന്നാല്‍ പ്രിയദര്‍ശന്‍ സിനിമകള്‍ അധികവും കണ്ടിരിക്കാവുന്ന ആണ് ( സമീപകാല സിനിമകളെ അല്ല ഉദ്ദേശിച്ചത് ) . ഇവിടെയും അതുതന്നെയാണ് സംഭവം . നല്ല ഒരു ഒഴുക്കുള്ള, അധികം ബോര്‍ അടിപ്പിക്കാത്ത , അത്യാവശ്യം ആകാംഷയും സസ്പെന്‍സ് ഉം ഒക്കെ ഉള്ള ഒരു സിനിമ എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഗീതാഞ്ജലി പക്ഷെ മറ്റു പലസിനിമകളിലൂടെ പലരും പറഞ്ഞ കഥതന്നെയാണ് പറയുന്നത് . എന്ത് ഓമനപ്പേര് ഇട്ടു വിളിച്ചാലും കളവു കളവു തന്നെ ... കട്ടവന്‍ എന്നും കള്ളന്‍ . ചോരണം പ്രിയദര്‍ശനില്‍ ആരോപിക്കപ്പെടുന്നത് ആദ്യമായിട്ട്‌ അല്ലാത്തതുകൊണ്ട് ഒരത്ഭുതവും ഇല്ല . അദ്ദേഹം  ഇത് നാളെ ഹിന്ദിയില്‍ സുനില്‍ ഷെട്ടിയെയോ അക്ഷയ് കുമാറിനെയോ വച്ച് ഇറക്കും .. 

                സിനിമയിലേക്ക് വന്നാല്‍ ഇത് ഒരു ഹൊറര്‍ കോമഡി അല്ലെങ്കില്‍ സൈക്കോ- ത്രില്ലര്‍ എന്നൊക്കെ വാത്സല്യത്തോടെ വിളിക്കാവുന്ന ഒരു സിനിമ ആണ് . പ്രേതം , പിശാചു , മനശാസ്ത്രജ്ഞ്ന്‍ ഇതിന്‍റെ ഇടയില്‍ പെട്ട മനുഷ്യര്‍ അങ്ങനെയൊക്കെ അത്യന്തം സങ്കീര്‍ണ്ണമായ ഒരു പ്ലോട്ട് ആണ് .  ഇരട്ടകളായ ഗീത, അഞ്ജലി എന്നിവരെ ചുറ്റിപ്പറ്റി ആണ് കഥ നടക്കുന്നത് . ദുരൂഹസാഹചര്യത്തില്‍ കൊല്ലപെട്ട ഗീതയുടെ ആത്മാവ്  പ്രതികാരദാഹിയായി  അഞ്ജലിയെയും അവളുടെ പ്രതിശ്രുത വരന്‍ അനൂപിനെയും പിന്തുടരുന്നു .  കിട്ടാകൊതി ആണ് കാരണം . ഇതിന്‍റെ സത്യം പുറത്തു കൊണ്ടുവരാന്‍ വരുന്ന മനശാസ്ത്രജ്ഞന്‍ സണ്ണി ജോസഫ്‌  നടത്തുന്ന അന്വേഷണത്തില്‍  തിരിച്ചറിയുന്ന  ഞെട്ടിക്കുന്ന സത്യങ്ങള്‍ .... ഇതൊക്കെ ആണ് സിനിമയുടെ പ്രമേയം .

                 ഇത്രെയും പറഞ്ഞിട്ടും ഒരു ചുക്കും മനസിലായില്ലെങ്കില്‍ കുറച്ചുകൂടി ലളിതമായി പറയാം . "ചാരുലത , നദിയ കൊല്ലപെട്ട രാത്രി . എന്നിവയിലേക്ക് ലോകത്ത് കണ്ടിട്ടുള്ള എല്ലാ ഹൊറര്‍ - സൈക്കോ ത്രില്ലര്‍ സിനിമകളുടെ എസ്സെന്സും ചേര്‍ത്ത് ചെറു തീയില്‍ വേവിച്ചു ഹിച്കൊക്ക്  സൈക്കോയുടെ സത്ത് പിഴിഞ്ഞോഴിച്ചു ഇളക്കി വാങ്ങിയാല്‍ പ്രിയദര്‍ശന്‍റെ ഗീതാഞ്ജലി ആകും " .   മൌലികത ചോദ്യം  ചെയ്യപ്പെടുമ്പോളും ഗീതാഞ്ജലി സ്വന്തമായി അസ്തിത്വമുള്ള  ഒരു സിനിമയായി തോന്നപ്പെടുന്നത് എന്തുകൊണ്ടാണ് എന്നതു അത്ഭുതത്തോടെ ചിന്തിച്ചുപോയ ഒരു കാര്യമാണ് . ഉത്തരം വളരെ ലളിതമാണ് -പ്രിയദര്‍ശന്‍ എന്ന ഇന്ത്യയിലെ തന്നെ മികച്ച സംവിധായകന്‍റെ സ്പര്‍ശം . സിനിമാ മോഷണത്തിന്റെ കുലഗുരു ആണെങ്കിലും അദ്ദേഹം ചെയ്യുമ്പോള്‍ മോഷണത്തിനും ഒരു ഭംഗി ഉണ്ട് . താളവട്ടം ഒക്കെ ഇന്നും മടുക്കാത്തത് അതുകൊണ്ടാണ് . അല്ലെങ്കില്‍ ONE FLEW OVER THE COCKOOS NEST കണ്ടത്തിനു ശേഷവും നമുക്ക് താളവട്ടം ആസ്വദിക്കാന്‍ സാധിക്കുമോ ?  ഈ പറഞ്ഞതിനര്‍ഥം  സിനിമാ  മോഷണം  മാന്യത ആണെന്നല്ല .

കളവു കുറ്റം പൊറുത്തുകൊണ്ട് ഗീതാഞ്ജലിയിലേക്ക് നോക്കുമ്പോള്‍ :-

ഇഷ്ടങ്ങള്‍ :-

1.  തിരു വിന്റെ ക്യാമറ .. പ്രിയദര്‍ശന്റെ ഫ്രെയിമുകള്‍ . മൊത്തത്തില്‍ സിനിമയിലെ മനോഹരമായ , വശീകരിക്കുന്ന ദ്രിശ്യാവിഷ്കാരം .

2. മോഹന്‍ലാല്‍ . മണിച്ചിത്രത്താഴിലെ സണ്ണിയുടെ ഒരു വിദൂര ചായപോലും ഇല്ലാത്ത ഈ സിനിമിയില്‍ തികച്ചും  പുതിയൊരു കഥാപാത്രമായി തന്നെ ലാല്‍ അഭിനയിച്ചു .   നല്ല ജീവനുള്ള കഥാപാത്രമായിരുന്നു ഡോക്ടര്‍ സണ്ണി .

3. ചുമ്മാ കഥാപാത്രങ്ങളെ ഇറക്കിവിട്ടു കോപ്രായം കാണിപ്പിക്കുന്ന പ്രിയദര്‍ശന്‍ രീതി എന്തായാലും ഇതില്‍ ഇല്ല . എങ്കിലും തിരകഥക്ക്ചിലയിടങ്ങളില്‍ ഒരു വ്യക്തത തന്നെയില്ല .

4.നായിക കീര്‍ത്തി . മേനകയുടെ തനി പകര്‍പ്പ്.  ഒരു തുടക്കക്കാരിയുടെതെന്നു  തോന്നിയതെ യില്ല  ആ കുട്ടിയുടെ  അഭിനയം  .

 അനിഷ്ടങ്ങള്‍ :-

1. വെട്ടി കളയാന്‍ ഉള്ളവ  സിനിമയില്‍ ബാകിവച്ച എഡിറ്റര്‍റുടെ മണ്ടത്തരം . ഹരീശ്രീ അശോകന്‍റെ  രംഗങ്ങള്‍, ചില ഇന്നസെന്റ്റ് കോമഡി  ഒക്കെ എന്തിനു ആയിരുന്നു  എന്ന് ആര്‍ക്കുക്കറിയാം .

2. പ്രേക്ഷകനോട് സംവദിക്കാന്‍ ശക്തമായ ഒരു ഭാഷ ഇല്ലതപോയത് .

3. പേടിക്കണോ , ആകാംഷാഭരിതരാകണോ , ഞെട്ടണോ , ചിരിക്കണോ എന്നൊക്കെ  പ്രേക്ഷകരെ ഒരുനിമിഷമെങ്കിലും ശങ്കിപ്പിക്കുന്ന ചില രംഗങ്ങള്‍ .
4.


                ചാരുലതയെയും നദിയെയും ഒരു വല്ലാത്ത രീതിയില്‍ ചേര്‍ത്ത് പിടിച്ചു സൈക്കോയുടെ വഴിയിലൂടെ നടക്കാന്‍ അഭിലാഷ് നായര്‍ എന്ന തിരകഥാകൃത്തിനു എങ്ങനെ ധൈര്യം വന്നു എന്നത് ഒരു ചോദ്യമാണ്. ലോകക്ലാസിക്കുക്കള്‍ സിനിമാക്കരെക്കാള്‍ കൂടുതല്‍ കാണുന്ന പ്രേക്ഷര്‍ ഉണ്ട് ഇവിടെ . ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഒക്കെ നല്‍കുന്ന സാധ്യതകളുടെ ആഴം അറിയാതെ പോകുന്നുണ്ടോ .....  എങ്കിലും സിനിമ എന്ന നിലയില്‍ മാത്രം ചിന്തിച്ചാല്‍  അത്ര മോശം സിനിമ അല്ല എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നുണ്ട് .  ഓ. എന്‍ . വി . കുറുപ്പ് സര്‍ എഴുതിയ പാട്ടുകളില്‍ ഇടക്കിടെ  കുയിലമ്മ  ,വാഴക്കൂമ്പ്  , തേന്‍ , അണ്ണാറകണ്ണന്‍  തുടങ്ങിയ  ഗൃഹാതുര  പ്രയോഗങ്ങള്‍  കേള്‍ക്കാം എങ്കിലും  മനസ്സിലേക്ക്  കേറാതെ  പാട്ടുകള്‍  തിയേറ്ററില്‍  തന്നെ ഒതുങ്ങി  നിന്നത്  എന്തുകൊണ്ടാണോ  എന്തോ  ?  വിദ്യസഗറില്‍  നിന്ന് കൂടുതല്‍  പ്രതീക്ഷിച്ചിരുന്നു  ..

               കഥാമോഷണം  ഒന്നും ഒരു വല്യ വിഷയമായി കാരുതാത്തവക്ക് ധൈര്യമായി പോകാവുന്ന സിനിമ . പിന്നെ പ്രിയദര്‍ശന്‍ പറയുന്ന കെട്ടു ഹൊറര്‍ സിനിമ ആണെന്ന് കരുതി പോകുന്നവരും സൂക്ഷിക്കുക .  ഏറിയാല്‍ ഒന്ന് ഞെട്ടും , അതും ചാരുലത , നദിയ കൊല്ലപ്പെട്ട രാത്രി  ഇവയൊക്കെ കണ്ടവര്‍ ആണെങ്കില്‍ .    പ്രിയദര്‍ശന്‍ സിനിമയുടെ മുഖമുദ്രയാണ് ചോരണം എന്ന് പണ്ടേ തിരിച്ചറിഞ്ഞതിനാലോ , പലവിധ ടെന്‍ഷനും , തിരക്കും കൊണ്ട് സിനിമയില്‍ അധികം ശ്രദ്ധിക്കാന്‍ സാധിക്കാത്തതു കൊണ്ടോ , ഉച്ചഭക്ഷണത്തിന്റെ സംതൃപ്തികൊണ്ടോ ,  തുടരെ റിങ്ങ് ചെയ്തുകൊണ്ടിരുന്ന ഫോണ്‍ കാരണമോ അധികം ചിന്തികാതെയും ശ്രദ്ധിക്കാതെയും കണ്ടതുകൊണ്ടു എനിക്ക് പരാതികള്‍ ഒന്നുമില്ല . എല്ലാവരുടെയും സ്ഥിതി പക്ഷെ അതല്ലല്ലോ .......

                                            (വഴിപോക്കന്‍)

Monday 11 November 2013

AS GOOD AS IT GETS

           
     
               JAMES L BROOKS  സംവിധാനം ചെയ്ത 1997 ലെ അമേരിക്കന്‍ ചിത്രമാണ്‌ AS GOOD AS IT GETS . വളരെ ലളിതമായ പ്രമേയത്തിലൂന്നി കഥപറയുന്ന ഈ സിനിമ  ഒന്നാന്തരം ഒരു FEEL GOOD  സിനിമ ആണ് . അതോടൊപ്പം തന്നെ ഹോളിവൂഡ്‌ സിനിമയുടെ ചരിത്രത്തിലെ തന്നെ മികച്ച അഭിനേതാക്കളില്‍ ഒരാളായ JACK NICHOLSON ന്‍റെ സാന്നിധ്യം ആണ് സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണമായി വഴിപോക്കന് അനുഭവപെട്ടത്‌ .
               വളരെ ലളിതമായ ഒരു പ്ലോട്ട് ആണ് ഈ സിനിമയുടേത് .  OBSESSIVE COMPULSIVE DISORDER എന്ന മാനസിക രോഗമുള്ള ഒരു നോവലിസ്റ്റ്‌ , അയാള്‍ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന RESTAURANT ലെ സ്ത്രീ , അയാളുടെ അയല്‍ക്കാരനായ സ്വവര്‍ഗ്ഗാനുരാഗി ആയി സിനിമയില്‍ പറയുന്ന ഒരു ചിത്രകാരന്‍ - ഇവര്‍ മൂന്നുപേര്‍ തമ്മില്‍ വളരെ അവിചാരിതമായി ഉണ്ടാകുന്ന ഒരു സൗഹൃദം , അത്   അവരുടെയൊക്കെ   ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റം എന്നിവയൊക്കെയാണ് ഈ സിനിമയുടെ  ഇതിവൃത്തം .
മനോരോഗിയായ നോവലിസ്റ്റ്‌ മെല്‍വിന്‍ ഉഡാല്‍ ( JACK NICHOLSON )  അധികം ആളുകളുമായി ഇടപഴകാതെ  , മറ്റുള്ളവരില്‍  വിട്ടുമാറി  തന്‍റെ രോഗത്തിന്‍റെതായ ശീലങ്ങളും നിര്‍ബന്ധപ്രേരണകളും( compulsions ) ഒക്കെ ആയി ഒതുങ്ങി കൂടുന്ന ആളാണ് . അയാള്‍ക്ക് ജിവിതത്തില്‍ തന്നെ ആകെ തോന്നുന്ന ഒരു ആകര്‍ഷണം ഒരു RESTAURANT ലെ വിളമ്പുകാരി അയ കാരള്‍ (HELEN HUNT ) എന്ന സ്ത്രീയോടാണ് .  അയല്‍ക്കാരനായ ചിത്രകാരന്‍ സൈമോന്‍ ( GREG KINNEAR ) , അവന്‍റെ പട്ടി ,  ഇവരണ്ടും മെല്‍വിന്‍റെ സ്ഥിരം ശല്യവും ശത്രുവും ഒക്കെയാണ് .

              അങ്ങനെയിരിക്കെ ഫ്ലാറ്റില്‍ നടന്ന ഒരു മോഷണശ്രമത്തിനിടെ സൈമോനു മോഷ്ടാക്കളില്‍ നിന്ന് കാര്യമായ പരിക്കേല്‍ക്കുന്നു . അങ്ങനെ അയല്‍ക്കാരന്റെ  പട്ടിയെ സംരക്ഷിക്കാന്‍ മെല്‍വിന്‍ നിര്‍ബന്ധിതനാകുന്നു . വൃത്തിരക്ഷസനായ അയാളെ അത് ആദ്യം ആലോസരപ്പെടുത്തുന്നുണ്ടെങ്കിലും പതിയെ ആ പട്ടിയുമായും അതുവഴി അയല്‍ക്കാരനുമായും അയാള്‍ പതിയെ അടുക്കുന്നു . ആ സമയത്ത് ആ ഹോട്ടല്‍ ജീവനക്കാരിയോടും മെല്‍വിന്‍ കൂടുതല്‍ അടുക്കുന്നു .   ആശുപത്രി ചിലവുകാരണം പാപ്പരാകുന്ന  സൈമോനെ  അയാളുടെ നാട്ടിലേക്കു എത്തിക്കാന്‍ മെല്‍വിനും കാരളും കൂടി ഒരു യാത്ര പോകുന്നു . ആ യാത്രയില്‍ ഉണ്ടാകുന്ന ചില സംഭവങ്ങളും അതിനെ തുടര്‍ന്ന് രണ്ടുമൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതവും എന്നാല്‍ നല്ല രീതിയിലുള്ളതുമായ മാറ്റങ്ങളും ഒക്കെ ആണ് പിന്നീടു സിനിമയില്‍ നമ്മള്‍ കാണുക .

               ഈ സിനിമ പണ്ട് കാണാന്‍ തന്നെ ഉണ്ടായിരുന്ന കാരണം  JACK NICHOLSON ന്‍റെ സാന്നിധ്യമായിരുന്നു . CHINA TOWN , ONE FLEW OVER THE COCKOOS NEST , REDS അങ്ങനെ പറഞ്ഞാല്‍ തീരാത്ത എത്രയോ സിനിമകളില്‍ കണ്ടു ഞാന്‍ വിസ്മയിച്ചിരുന്നിട്ടുണ്ട് -നിക്കോള്‍സണ്‍ എന്ന അഭിനയ പ്രതിഭയെ .മികച്ച നടനുള്ള അക്കാദമി പുരസ്‌കാരം നേടിയ പ്രകടനത്തിലൂടെ  AS GOOD AS IT GETS എന്ന സിനിമയുടെ ആത്മാവാകാന്‍ സാധിച്ചിട്ടുണ്ട് അദ്ദേഹത്തിന് .മനോവിഭ്രാന്തി സ്ക്രീനില്‍ അവതരിപ്പിച്ചപ്പോള്‍ ഒക്കെ അദ്ദേഹത്തിലെ  നടന്‍റെ മികച്ച പ്രകടനം ലോകം കണ്ടിട്ടുണ്ട് . വളരെ അനയാസമായി , എന്നാല്‍ അത്യന്തം ഹൃദ്യമായി ആ കഥാപാത്രത്തെ അവതാരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു .ഒരുപാടു  ജീവിതപ്രശ്നങ്ങളില്‍പെട്ട്  കഴിയുന്ന ആ ഹോട്ടല്‍ ജീവനക്കാരിയെ അങ്ങേയറ്റം തന്മയത്വത്തോടെ അഭിനയിപ്പിച്ചു ഹെലെന്‍ ഹണ്ട് മികച്ച  നടിക്കുള്ള ഓസ്കാര്‍ നേടി . രണ്ടുപേരുടെയും  മികച്ച  അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ്  ഈ സിനിമയുടെ പ്രധാന ആകര്‍ഷണം എന്നുവേണം പറയാന്‍ . TITANIC  പതിനൊന്നു ഓസ്കാര്‍ നേടിയ മേളയില്‍ മികച്ച നടനും നടിയും ഒരേ സിനിമയിലെ അഭിനയത്തിന്  അവാര്‍ഡ്‌ നേടി എന്ന അപൂര്‍വ്വത  കൊണ്ട് ഏറെ  ശ്രദ്ധിച്ചിരുന്നു ഈ സിനിമ .

                   വളരെ സന്തോഷം പകരുന്ന ഒരു മാനസികാവസ്ഥയില്‍ ഇരുന്നു കാണാന്‍ സാധിക്കുന്ന ഒരു സിനിമയാണ് ഇത് . ഒരു ഫീല്‍ ഗുഡ് സിനിമ എന്ന് പൂര്‍ണ്ണമായും വിളിക്കാവുന്ന സിനിമ . മനോരോഗം പ്രമേയമാകുമ്പോള്‍ മനശാസ്ത്ര സങ്കീര്‍ണതകളിലേക്കും മറ്റും ഒക്കെ പ്രേക്ഷകാരെ കൂടിക്കൊണ്ടു പോകുന്ന ഒരു സിനിമ എന്ന് തോന്നാം എങ്കിലും അതല്ല എന്നതാണ് വാസ്തവം . ഒരു രോഗിയുടെ രോഗാവസ്ഥ  എന്നതിലുപരി , സമൂഹവുമായുള്ള  ഇടപെടലുകള്‍  ,  ചില അപ്രതീക്ഷിത സംഭവങ്ങള്‍ ചിലരുടെ ജീവിതം മാറ്റിമറയ്ക്കുന്നതു ഇതൊക്കെയാണ് ഈ സിനിമയുടെ കാതല്‍ . വളരെ പ്രവചനീയമായ  ഒരന്ത്യം ആണെങ്കിലും അതിലേക്കു നാം കഥാപാത്രങ്ങള്‍ക്കൊപ്പം  സഞ്ചരികുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷം തന്നെയാണ് ഈ സിനിമക്ക് നിങ്ങള്ക്ക് തരാനുണ്ടാകുക .

               മികച്ച അഭിനയ പ്രതിഭകളുടെ സാന്നിധ്യം, അവരുടെ മികച്ച പ്രകടങ്ങള്‍ എന്നിവകൊണ്ട് സമ്പന്നമായ AS GOOD AS IT GETS  ലോകമെബാടുമുള്ള സിനിമപ്രേമികളുടെ ഇഷ്ടസിനിമകളില്‍ ഒന്നാണ് . ആകാംഷയോ , അതിച്ചടുലമായ ആക്ഷന്‍ രംഗങ്ങളോ ഒന്നും ഇല്ലെങ്കിലും നല്ലസിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഒരിക്കലും വെറുക്കാത്ത ഒരു സിനിമാഅനുഭവമാണ്‌ ഈ ചിത്രം .
                                                        (വഴിപോക്കന്‍)

Saturday 9 November 2013

മനസ്സുനിറച്ച് മങ്കിപെന്‍

                  
 

                   ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ കണ്ടു . നവാഗതരായ ROJIN PHILIP ഉം SHANIL MOHAMMED ഉം ചേര്‍ന്ന് സംവിധാനം ചെയ്ത മങ്കിപെന്‍ നല്ല ഒരു   ഫീല്‍ ഗുഡ് സിനിമ അനുഭവമാണ്‌ . അധികം ചിന്തിക്കാതെ , ബുദ്ധിജീവി കണ്ണടകള്‍ വയ്ക്കാതെ , മുന്‍വിധികള്‍ ഇല്ലാതെ സിനിമയെ സമീപിക്കുന്ന ആളുകള്‍ക്ക്  "കുട്ടികളുടെ ഷൂസ്" ഇടാതെതന്നെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഇതെന്ന് നിസംശയം പറയാം . 

                    ഒരു മുത്തശ്ശി കഥപോലെ രസകരമായ ഒരു ഫാന്റസി ലോകത്തിരുന്നു ആസ്വദിക്കേണ്ട സിനിമയാണ് മങ്കിപെന്‍ . മുത്തശ്ശിമാരേ ഗുരുവായൂരിലും മറ്റും നടയിരുത്തി  അത്തരം ഭാഗ്യങ്ങള്‍ അന്യമായ  നമ്മുടെ കുഞ്ഞുങ്ങളോട്  പറയാന്‍ ഇത്തരം രസകരമായ സിനിമകള്‍ എങ്കിലും ഉണ്ടാകുന്നത് നല്ലതാണെന്ന് തോന്നുന്നു .  കൊച്ചു കുട്ടികളോടൊപ്പം കഥപറയുമ്പോള്‍ ഉണ്ടാകുന്ന നിഷ്കളങ്കത കൊണ്ട് തന്നെ ഇതിനെ ഒരു ക്ലീന്‍ സിനിമ എന്ന് സധൈര്യം വിളിക്കാം . അടി , ഇടി , വെടി , LOVE , LUST, VENGEANCE, ഗര്‍ഭം , ദ്വയാര്‍ഥപ്രയോഗം , പച്ച തെറി  , മേനി പ്രദര്‍ശനം എന്നിവ ഒക്കെ സിനിമയില്‍ വേണമെന്ന്  നിര്‍ബന്ധമുള്ളവര്‍ ആ വഴിക്ക് പോകാതിരിക്കുക  - നിരാശ മാത്രമായിരിക്കും ഫലം .
                    സിനിമയിലേക്ക് വന്നാല്‍ ഇത് കുഞ്ഞു കുട്ടികളുടെ മനസ്സുമായി ആസ്വദിക്കേണ്ട ഒരു സിനിമയാണ് എന്ന് പറഞ്ഞുവല്ലോ  .  റയാന്‍ ഫിലിപ്പ് എന്ന അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ഥിയായ ബാലനെ ചുറ്റിപറ്റി ആണ് കഥ നടക്കുന്നത് . റയാന്‍  മിശ്രവിവാഹിതരായ ദമ്പതികളുടെ ( രമ്യ നമ്പീശന്‍ , ജയസൂര്യ ) മകന്‍ ആണ് . ക്ലാസ്സിലെ സ്ഥിരം പ്രശനക്കാര്‍ ആണ് റയാനും അവന്‍റെ മൂന്നു കൂട്ടുകാരും . കണക്കില്‍ വളരെ മോശമായ റയാന്‍ , ഹോം വര്‍ക്ക്‌ ചെയ്തു കിട്ടാന്‍ വേണ്ടി സഹപാഠിയായ ഒരു പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് വരെ പറയുന്നു . അങ്ങനെ ഇരിക്കെയാണ് റയാനെ തേടി ആ മങ്കി പെന്‍ എത്തുന്നത്‌ - അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ള ആ മാജിക്‌ പെന്‍ . പിന്നീടു റയാന്‍റെ ജീവിതത്തിലും സ്കൂളിലും , വീട്ടിലും ഒക്കെ സംഭവിക്കുന്ന സംഭവങ്ങള്‍ ആണ് സിനിമയുടെ പ്രമേയം .   പണ്ട് ബാലരമയിലും മറ്റും ഒക്കെ വായിക്കാറുള്ള കുഞ്ഞു കഥകള്‍ പോലെ കൌതുകവും ആനന്ദവും ഒക്കെ തന്ന ഒരു സിനിമ .

എടുത്തു പറയേണ്ട ചിലത് :-

1. കൊച്ചു കുട്ടികള്‍ . അവരുടെ കഥപറയുന്ന സിനിമകള്‍ തന്നെ എന്തൊരു രസമാണ് കണ്ടിരിക്കാന്‍ .  റയാന്‍ ആയി വേഷമിട്ട മാസ്റ്റര്‍ സനൂപ്  വളരെ മികച്ചു നിന്നു. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി വളര്‍ന്നു വരാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ . റയാന്‍ന്‍റെ മൂന്നു കൂട്ടുകാര്‍ , മറ്റു കുട്ടികള്‍ എല്ലാവരും മികച്ചു നിന്നു. ഒട്ടും കൃതൃമത്വം തോന്നാതെ സ്വാഭാവികമായിത്തന്നെ ആ കുട്ടികള്‍ കഥാപാത്രങ്ങള്‍ ആയി മാറി .

2. അധ്യാപകന്‍ ആയി വന്ന വിജയ്‌ ബാബു എന്ന നടന്‍ വളരെ മികവു പുലര്‍ത്തി . സിനിമയിലെ ഒരു പ്രധാന കഥാപാത്രം തന്നെയായ അദ്ദേഹത്തിന്‍റെ പപ്പന്‍ എന്ന അധ്യാപകനെ വളരെ അച്ചടക്കത്തോടും  മികച്ച അഭിനയം കൊണ്ടും മിഴുവുള്ളതാക്കി മാറ്റാന്‍ വിജയ്ക്ക് സാധിച്ചു . വരുംകാലങ്ങളില്‍ മലയാള സിനിമയില്‍ ഈ മുഖം കൂടുതല്‍ കാണാം എന്ന് പ്രതീക്ഷിക്കുന്നു .

3. മങ്കിപെന്‍. സിനിമയിലെ തന്നെ ഒരു പ്രധാന കഥാപാത്രം തന്നെ ആണ് അത് .
 വളരെ കൌതുകമുണര്‍ത്തുന്ന രീതിയില്‍ ആണ് അതിന്‍റെ ഡിസൈന്‍ . ഫാന്റസി കഥകളിലെ മന്ത്രവാദികളുടെ കയ്യിലെ  മന്ത്രവടി പോലെ....

                 അച്ഛന്‍ , മകന്‍ , പേരക്കുട്ടി ,  തുടങ്ങിയ നമ്മുടെ കുടുംബബന്ധങ്ങളെ കൂടി സിനിമ വീക്ഷിക്കുന്നുണ്ട് . മാറുന്ന മലയാളിയുടെ  മനസ്സുകൊണ്ട് തന്നെയാണ് അതിനെയൊക്കെ നോക്കിക്കാണാന്‍ ശ്രമിക്കുന്നതും . ഒരല്‍പം കൂടുതല്‍ ചിന്തിച്ചു നോക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മങ്കിപെന്‍ ഒരു കുട്ടികളുടെ സിനിമ എന്നതിലുപരി ചില മാനങ്ങള്‍ വച്ചുപുലര്‍ത്തുന്നു എന്നും കാണാന്‍ സാധിക്കും .   തിരിച്ചറിവ് വെറുതെ സംഭവിക്കുക ആവാം , ചിലപ്പോള്‍ നാം അതിലേക്കു കൈപിടിച്ച് നയിക്കപ്പെടുകയും ആവാറുണ്ട് . സിനിമ പറയാതെ പറഞ്ഞുവക്കുന്ന ചിലതു നമ്മുടെ മാതാപിതാക്കള്‍ക്ക്  കുഞ്ഞുങ്ങളെ നല്ലതിലേക്ക് കൈപിടിച്ച് നടത്താന്‍ ഉള്ള തിരിച്ചറിവ് ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം .

                   സിനിമയുടെ ദ്രിശ്യ ഭാഷ നിര്‍ണ്ണയിക്കുന്ന രണ്ടു പ്രധാനഘടകങ്ങള്‍ ആണ് ചായാഗ്രഹണവും എഡിറ്റിംഗ് ഉം .  വിദേശ സിനിമാക്കാര്‍ ഒക്കെ ഒരു ഇരുപതുവര്‍ഷം മുന്‍പെങ്കിലും തിരിച്ചറിഞ്ഞ ഫോട്ടോഗ്രഫിയുടെ  പ്രസക്തി  നമ്മുടെ പുതിയ സിനിമാക്കാര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു എന്നതിന്‍റെ അടയാളം സമീപകാല മലയാള സിനിമയില്‍ വ്യക്തമായി കാണാന്‍ ഉണ്ട് . വളരെ ജീവനുള്ള ഒരു  ക്യാമറ treatment ആണ്  ഈ സിനിമക്ക് ഉപയോഗിച്ചിട്ടുള്ളത് . കാണുന്നവന്റെ മനസ്സുനിറക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ കയ്യടി ക്യാമറമാനുകൂടി അവകാശപ്പെട്ടതാണ് . എങ്കിലും എഡിറ്റിംഗ്  സിനിമയ്ക്ക് എന്താണ് യഥാര്‍ഥത്തില്‍ ചെയ്യേണ്ടത് എന്ന്   സംവിധായകര്‍ക്കോ  എഡിറ്റര്‍ക്കോ ഒരു വ്യക്ത ഇല്ലായിരുന്നു എന്ന് തോന്നി . ആദ്യ പകുതിയില്‍ അധികം തോന്നാതിരുന്ന ആ പോരയ്മ്മ രണ്ടാം പകുതിയില്‍ മിഴിച്ചു നില്ല്ക്കുന്നു. വെട്ടികളയെണ്ടിയിരുന്ന പലതും ചേര്‍ന്ന് സിനിമയുടെ ദൈര്‍ഘ്യം ഒരു പത്തുപതിനഞ്ചു മിനുട്ട് കൂടി . എങ്കിലും ഒരു പുതുമുഖ സംവിധായകരുടെ സിനിമ എന്ന നിലയില്‍ ചിന്തിച്ചാല്‍ മങ്കിപെന്‍ വളരെ പക്വമായ ഒരു സിനിമ പരിശ്രമം ആണ് .
                   ഒരല്‍പം അതിശയോക്തി ഉണ്ട് എന്ന് ചിലര്‍ അഭിപ്രായപെടുന്നത്  കേട്ടു . അതിശയോക്തി എന്നതില്‍ ഉപരി നമ്മുടെ കുട്ടികളുടെ ബാല്യം പോലും എത്രത്തോളം മാറിപ്പോയി എന്ന ഞെട്ടല്‍ ആണ് എന്നില്‍ അവശേഷിപ്പിച്ചത് . റേഡിയോ സ്റേഷന്‍ ഉള്ള സ്കൂളില്‍ പഠിക്കുന്ന , കമ്പ്യൂട്ടറും മറ്റു സാങ്കേതികതയുടെയും ഒക്കെ നിറവില്‍ നില്‍ക്കുന്ന അവരേ  NEW GENERATION CHILDREN  എന്ന് തന്നെയാണ് വിളിക്കേണ്ടത് . സിനിമപറയുന്ന കഥയുടെ പ്രസക്തിയും അതിന്‍റെ ആസ്വാദ്യതയും ഒക്കെ  കണ്ടില്ല എന്ന് നടിച്ചു തലച്ചോറ്കൊണ്ട് പോസ്റ്റ്‌മാര്‍ട്ടം നടത്തുന്ന നിരൂപക സിംഹങ്ങള്‍ ഭൂതക്കണ്ണാടി വച്ച്നോക്കിയാല്‍ ഇനിയും  ഒരുപാടു കുറ്റവും കുറവും കണ്ടെന്നു വരാം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം മികച്ച അഭിനന്ദനം അര്‍ഹിക്കുന്നു . ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു അല്ലാതെയുള്ള മറ്റെന്തു നന്ദിപറച്ചിലും ഒരു ഭംഗി വാക്ക് മാത്രമായി പോകും . 

                നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് ധൈര്യമായി കാണാവുന്ന ഒരു സിനിമയാണ് PHILIPS AND THE MONKEYPEN .  അന്യഭാഷാ സിനിമകള്‍ എന്ത് കോപ്രായം കാണിച്ചാലും ഗ്രാഫിക്സ്, BRAINLESS ENTERTAINER , എന്നൊക്കെ വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ പ്രേക്ഷകര്‍ ഇത്തരം നല്ല സിനിമാപരിശ്രമങ്ങളെ   വിശാലമായ മനസ്സോടെ കാണാന്‍ ശ്രമിക്കണം .
                                                    (വഴിപോക്കന്‍ )




Tuesday 5 November 2013

THE GHOST WRITER

                

                    പ്രശസ്ത സംവിധായകന്‍ റോമന്‍ പോളന്‍സ്കി യുടെ  സിനിമയാണ് THE GHOST WRITER (2010) . വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ കണ്ടുവരുന്ന കൂലിയെഴുത്തും( GHOST WRITING ) കഴിഞ്ഞ പതിറ്റാണ്ടിലെ അന്താരാഷ്ട്ര രാഷ്ട്രീയവും ഒക്കെയാണ് ഇതിലെ പ്രമേയം . സാധാരണ  എഴുത്ത് അധികം വഴങ്ങാത്തവരും സമയക്കുറവ് ഉള്ളവരും അയ പ്രശസ്തര്‍ക്ക് വേണ്ടി ആത്മകഥ യും മറ്റും ഒക്കെ എഴുതല്‍ ആണ് GHOST WRITER മ്മാരുടെ പണി . അങ്ങനെ മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിക്ക് വേണ്ടി ആത്മകഥ എഴുതാന്‍ വരുന്ന എഴുത്തുകാരന്‍ , അയാള്‍ കണ്ടെത്തുന്ന ചില അപ്രതീക്ഷിത സത്യങ്ങള്‍ ഇതൊക്കെയാണ് ഒരു സസ്പെന്‍സ് ത്രില്ലെര്‍ എന്ന് വിളിക്കാവുന്ന ഈ സിനിമയുടെ കഥ .

                      ഒരു കൂലിയെഴുതുക്കാരന്‍ (EWAN MCGREGOR) ബ്രിട്ടീഷ്‌ മുന്‍ പ്രധാനമന്ത്രിയുടെ ആത്മകഥ എഴുതാന്‍ ഉള്ള ജോലിയില്‍ എത്തി ചേരുന്നു.  അയാള്‍ക്ക് മുന്‍പ് അത് എഴുതിയിരുന്ന ആള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതാണ് . എട്ടു വര്‍ഷം ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ആദം ലാങ്ങ് (PIERCE BROSNAN ) , ന്‍റെ കഥ അങ്ങനെ എഴുതി തുടങ്ങുകയാണ് . പക്ഷെ അതിനിടയില്‍ മുന്‍ സഹപ്രവര്‍ത്തകന്‍ നല്‍കിയ ചില വെളിപ്പെടുത്തലുകള്‍ പ്രധാനമന്ത്രിയെ   കഴിഞ്ഞുപോയ യുദ്ധത്തിലെ കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നു . അങ്ങെനെ  പ്രധാനമന്ത്രി  അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യുടെ  അന്വേഷണവും വിചാരണയും നേരിടാനും മറ്റും മടങ്ങുന്നു . പ്രസാധകരുടെ സമ്മര്‍ദ്ദം കൊണ്ട് എഴുത്തുകാരന്‍ എഴുത്ത് തുടരുന്നു . തനിക്കു മുന്‍പ് അത് എഴുതിയിരുന്ന  മൈക്ക് ന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ചില രഹസ്യ രേഖകളിലൂടെ എഴുത്തുകാരന്‍ ചില സംശയങ്ങളില്‍ എത്തിപ്പെടുന്നു . അത് പിന്തുടര്‍ന്ന് പോകുന്ന അയാള്‍ എത്തിപെടുന്നത് തന്‍റെ ജീവന്‍ പോലും അപകടത്തിലാകുന്ന അവസ്ഥകളില്‍ ആണ് . തന്‍റെ മുന്‍ഗാമി കൊല്ലപെട്ടത്‌ എങ്ങനെയെന്നും അയാള്‍ തിരിച്ചറിയുന്നു . 

                 അമേരിക്കയുടെ CIA യും ബ്രിട്ടീഷ്‌ മുന്‍ പ്രധാനമന്ത്രിയും തമ്മിലുള്ള ലോകം അറിയാത്ത ബന്ധവും തീവ്രവാദത്തിനെതിരെ യുള്ള യുദ്ധത്തില്‍ രാജ് താല്പര്യം വെടിഞ്ഞു അമേരിക്കക്കൊപ്പം നിന്നതുമായ  നിഗമനങ്ങളില്‍ ആണ്  എഴുത്തുകാരന്‍ എത്തുന്നത്‌ . അത് അയാള്‍ പ്രധാനമന്ത്രിയോട് തുറന്നു ചോദിക്കുന്നുണ്ടെങ്കിലും അധികം വയ്കാതെ യുദ്ധത്തില്‍ മരിച്ച ജവാന്‍റെ പിതാവിന്‍റെ വെടിയേറ്റ്‌ അദ്ദേഹം മരിക്കുന്നു . പൂരിപ്പിക്കപ്പെടാത്ത സമസ്യയായി സത്യം അവശേഷിക്കുന്നു .  ഒടുവില്‍ പ്രധാനമന്ത്രിയുടെ അത്മകഥ പ്രകാശന വേളയില്‍ അയാള്‍ ആ സത്യം തിരിച്ചറിയുന്നു . തന്‍റെ മുന്‍ഗാമി ആയിരുന്ന എഴുത്തുകാരന്‍ ആ  മാനുസ്ക്രിപ്റ്റ് ഇല്‍ കോഡ് ചയ്തു വച്ചിരുന്ന ആ സത്യം അയാള്‍ വായിച്ചെടുക്കുന്നു. സത്യം തിരിച്ചറിയുന്ന അയാള്‍ക്ക് എന്ത് സംഭവിക്കും ?? എന്താണ് അയാള്‍ കണ്ടെത്തുന്ന , അതീവ ഗുരുതരമായ, ലോകത്തെ ഞെട്ടികാന്‍ കഴിയുന്ന  ആ രഹസ്യം ?

                  ഒട്ടും മടുപ്പില്ലാതെ ആദ്യം മുതല്‍ അവസാനം വരെ കാണാന്‍ കഴിയുന്ന ഒരു സിനിമയാണ് THE GHOST WRITER .  മുന്‍പ് എങ്ങും പറഞ്ഞുകേട്ടിട്ടില്ലാത്ത ഇതിന്‍റെ POLTLINE തന്നെ ഒരു ആകര്‍ഷണം ആണ് . സിനിമക്ക് ഒരു ടോട്ടല്‍ സസ്പെന്‍സ് മൂഡ്‌ നിലനിര്‍ത്താന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട് . റോമന്‍ പോളന്‍സ്കി യുടെ മുന്‍ ചിത്രങ്ങളായ ടെസ്സും പിയാനിസ്റ്റും ഒക്കെ നല്‍കുന്ന പ്രതീക്ഷകള്‍വച്ച് നോക്കിയാല്‍ ഒരല്‍പം പിന്നില്‍ നില്ക്കുന്നുണ്ടോ എന്നതും ഒരു ചോദ്യമാണ് എങ്കിലും അനുവാചകരെ രസിപ്പിക്കുക എന്ന സിനിമാദൌത്യം ഇവിടെ പൂര്‍ണ്ണമായ അര്‍ഥത്തില്‍ തന്നെ നിര്‍വഹിക്കപ്പെടുന്നുണ്ട് . സിനിമയുടെ ദ്രിശ്യഭാഷയും വളരെ മികച്ചത് തന്നെ എന്ന് എടുത്തു പറയണം . സിനിമയുടെ മൊത്തത്തില്‍ ഉള്ള ഒരു ദുരൂഹ സ്വഭാവത്തിനെ സാധൂകരിക്കുന്നതാണ് അതിന്‍റെ കളര്‍ ടോണ്‍ വരെ . 

                   EWAN MCGREGOR വളരെ അനായാസമായി പേരുപോലും ഇല്ലാത്ത ആ കൂലി എഴുത്തുക്കാരനായി മാറി . അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇത് എന്ന് നിസ്സംശയം പറയാം . പിന്നെ പഴയ ബോണ്ട്‌ നായകന്‍ PIERCE BROSNAN , അധികം രംഗങ്ങളില്‍ ഒന്നും ഇല്ലെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം തന്നെ സിനിമക്ക് ഒരു അഴക്‌ പകരുന്നുണ്ട് . ഒരു മുന്‍ പ്രധാനമന്ത്രിയുടെ  ഗാംഭീര്യവും ഭാവപകര്‍ച്ചയും വളരെ അനായാസമായി അദ്ദേഹത്തിന് സാധിച്ചു എന്നും പറയണം . പിന്നെ ഒറ്റ രംഗം കൊണ്ട്  ഒരുപാടു ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ELI WALLACH . പഴയ THE GOOD, THE BAD AND THE UGLY യിലെ TUCO  (the ugly ) മുതല്‍ അദ്ദേഹം അഭിനയിച്ച ഒരുപാടു സിനിമകള്‍ ഓര്‍മ്മ വരും ഗോസ്റ്റ് റൈറ്റര്‍ ഓരോ പ്രാവശ്യം കാണുമ്പോളും . 

                പേരും രൂപവും ഭാവവും ഒക്കെ  വേറെയാണെങ്കിലും കഴിഞ്ഞ പതിറ്റാണ്ടിന്റെ കലുഷിത ലോക രാഷ്ട്രീയത്തിന്റെയും  അമേരിക്കയുടെ ഒരുപാടു വിമര്‍ശിക്കപ്പെട്ട യുദ്ധ വെറിയുടെയും ഒക്കെ കഥ കൂടിആയിട്ടു വേണം THE GHOST WRITER വായിക്കപ്പെടെണ്ടതു എന്നതാണ് സത്യം . സെപ്റ്റംബര്‍ 11 അക്രമണാനന്തര സംഭവങ്ങള്‍ ,  തീവ്രവാദ വിരുദ്ധ യുദ്ധ പ്രഖ്യാപനം, ഇറാക്ക് അധിനിവേശം  , അമേരിക്കക്കെതിരെ ഉരിത്തിരിഞ്ഞു  വന്ന വിമര്‍ശനങ്ങള്‍ ഇവയോക്കെ ഒരല്‍പം ഗോപ്യമയിട്ടാണെങ്കിലും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു . മുന്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ടോണി ബ്ലയര്‍ഉം അമേരിക്കയും തമ്മിലുണ്ടായിരുന്ന ഒരു  പ്രത്യേക  താല്പര്യം കൂടി ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട് . . വളരെ ലീനിയര്‍ ആയി പറഞ്ഞു പോകുന്ന ഒരു രാഷ്ടീയ വിമര്‍ശനം , ഒരു അമേരിക്കന്‍ വിരുദ്ധ വികാരം ഒക്കെ ഇതില്‍ മിഴിച്ചുനില്ല്ക്കുന്നു . തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ പലതും ചെയ്യുന്ന CIA യുടെ  പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന ഒരു സിനിമ എന്നനിലയില്‍ കൂടിവേണം ഇതിന ക്കാണാന്‍.

              ലോക സിനിമാപ്രേക്ഷകരുടെ പ്രശംസ ഏറെ നേടുകയും ഒരുപാടു ചലച്ചിത്രമേളകളില്‍ നിന്ന് പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയുംചെയ്ത ഈ സിനിമ വഴിപോക്കന്റെ ഇഷ്ട സിനിമകളില്‍ ഒന്ന് തന്നെയാണ് . കാണാത്തവര്‍ക്ക് കാണാനും കണ്ടവര്‍ക്ക് വേണ്ടും കാണാനും ഈ കുറിപ്പ് ഉപകാരമാകണം എന്നാണ് എന്‍റെ ആഗ്രഹം 

                                            (വഴിപോക്കന്‍)

Friday 1 November 2013

BACHEHA YE ASEMAN ( CHILDREN OF HEAVEN ) - ഒരു ഇറാനി ചലച്ചിത്രം

               
                
BACHEHA YE ASEMAN ( CHILDREN OF HEAVEN ) - 1998 ഒരു ഇറാന്‍ ചലച്ചിത്രമാണ് . ഇറാനി നവതരംഗ സിനിമാക്കാരില്‍ പ്രമുഖന്‍ അയ മജീദ്‌ മജീദി (MAJID MAJIDI ) യെ കുറിച്ച് ആദ്യം കേട്ടതും PEDAR എന്നൊരു സിനിമ കണ്ടതും കുറെ കാലം മുന്‍പ് ഒരു ഉത്തരേന്ത്യയില്‍ യാത്രയ്ക്കിടെ ആണ് . പിന്നീടു അദ്ദേഹത്തിന്‍റെ പല സിനിമകളും തേടി പിടിച്ചു കണ്ടിട്ടുണ്ട് . കൊച്ചു കുട്ടികളുടെ വീക്ഷണത്തിലൂടെ കഥപറയുന്ന ഒരു മനോഹര ചിത്രമാണ് BACHEHA YE ASEMAN.

                      തന്‍റെ സഹോദരി സൈറയുടെ ഷൂസ് നന്നാക്കി കൊണ്ട് തിരിച്ചു വരുന്നതിനിടയില്‍ അലി എന്ന ബാലന്‍ അത് നഷ്ടപ്പെടുത്തുന്നു . പക്ഷെ അച്ഛനും അമ്മയും അറിഞ്ഞാല്‍ തല്ലു കിട്ടും . മാത്രമല്ല പുതിയതൊന്നു വാങ്ങിത്തരാന്‍ തന്‍റെ പിതാവിന് കാശില്ല എന്നും അലിക്കറിയാം . അങ്ങനെ സൈറയും തമ്മില്‍ ഒരു ഉടമ്പടിയില്‍ എത്തിച്ചേരുന്നു .  സൈറ  രാവിലെ സ്കൂളില്‍ പോകുമ്പോള്‍ അലിയുടെ  ഷൂസ് ഇട്ടു പോകും . അവള്‍ ഉച്ചക്ക് വന്നതിനു ശേഷം അതുമായി അലി സ്കൂളില്‍ പോകും . അവന്‍ ഉച്ചക്ക് ശേഷമുള്ള സ്കൂളില്‍ ആണ് പോകുന്നത് . ടെഹറാന്‍ നഗരപ്രാന്തത്തില്‍ ആണ് അലിയും സൈറയും അവരുടെ കുടുംബവും ഉള്ളത് .  അവിടെ അവര്‍ ജീവിക്കുന്ന ചേരിയിലേക്കും അവരുടെ ഇടുങ്ങിയ ജീവിതത്തിലേക്കും കൂടി ക്യാമറ വച്ചാണ് സംവിധായകന്‍ സിനിമയുടെ ദ്രിശ്യഭാഷ ഒരുക്കിയിരിക്കുന്നത് . പരിമിതമായ തങ്ങളുടെ ജീവിതസാഹചര്യത്തില്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന രണ്ടു കുട്ടികളെ കാണിച്ചു തരുന്നു സംവിധയകന്‍ .

              തന്‍റെ നഷ്ടപെട്ടുപോയ ഷൂസ് കണ്ടെത്തി ആ വീട്ടിലേക്കു സൈറ അലിയെയും കൂട്ടി ചെല്ലുന്നു .  പക്ഷെ തങ്ങളേക്കാള്‍ പാവപെട്ട അവരുടെ സ്ഥിതി കണ്ടു ആ കുട്ടികളിലെ നന്മ അവരെ തിരിച്ചു നടത്തുന്നു .താന്‍ നഷ്ടപെടുത്തിയ സഹോദരിയുടെ ഷൂസ് എങ്ങനെയെങ്ങിലും പകരം നല്‍കണം എന്ന് അലിക്ക് ഉണ്ട് . അതുകൊണ്ടാണ് ഷൂസ് സമ്മാനം ഉണ്ട് എന്നറിഞ്ഞു അവന്‍ ഒരു ഓട്ടമല്‍സരത്തിനു ചേരുന്നത് , മൂന്നാം സമ്മാനം ആണ് ഷൂസ് എന്നതുകൊണ്ട്‌ അലി അതാണ് ലക്ഷ്യം വക്കുന്നത് . ആവശ്യങ്ങള്‍ ആണല്ലോ നമ്മുടെ ലക്ഷ്യത്തെ രൂപപ്പെടുത്തുന്നത് . വലിയ ഒരു ആകാംഷയൊന്നും സിനിമ അവശേഷിപ്പിക്കുന്നില്ല എങ്കിലും കഥ മൊത്തം വിശദീകരിക്കുന്നത് ഹിതമല്ലല്ലോ .

                 വ്യക്തമായ ഒരു രാഷ്രീയം കൂടി ഉണ്ട് മജീദ്‌ മജീദിയുടെ സിനിമകള്‍ക്ക്‌ ഉണ്ടാകാറുണ്ട് എന്നാണ് എന്‍റെ അഭിപ്രായം . ഇറാനിലെ രണ്ടു തട്ടിലെ ജീവിതവും ഇതില്‍ വരച്ചിടുന്നുണ്ട് . അലിയും പിതാവും കൂടി  ഉദ്യാനപാലനജോലി അന്വേഷിച്ചു നടക്കുന്ന രംഗങ്ങളില്‍ ഇറാനിലെ  പാവപ്പെട്ടവന്‍റെയും ആഡംബര ജീവിതത്തിന്‍റെയും ചിത്രം നമുക്ക് ഒരുമിച്ചു കാണിച്ചു തരുന്നു. ഗേറ്റ് അടച്ചിട്ടു INTERCOM വച്ച് ജീവിക്കുന്ന പണക്കാരും ചേരികളില്‍ കൂരപോലുമില്ലാതെ അന്തിയുറങ്ങുന്ന ദരിദ്രനാരായനന്മ്മാരും  മൂന്നാം ലോക രാഷ്ട്രങ്ങളിലെ സ്ഥിരം കാഴ്ച ആണ് . എങ്കിലും കൊച്ചു കുട്ടികളുടെ കണ്ണില്‍ അത്തരം അതിര്‍വരമ്പുകള്‍ ഇല്ലാത്തതും നമുക്ക് ഇവിടെ കാണാം . പോട്ടഷൂസും ഇട്ടു ഓട്ടമല്‍സരത്തിനു നില്‍ക്കുന്ന അലിയും  ബന്ധുക്കളുടെ പ്രോത്സാഹനങ്ങള്‍ ഏറ്റുവാങ്ങി എനര്‍ജി ഡ്രിങ്കും കുടിച്ചു നില്‍ക്കുന്ന ബാലന്മ്മരെയും നമ്മുക്ക് കാണിച്ചു തരുന്നു സംവിധായകന്‍ .  സമ്പത്തിന്‍റെ അളവില്‍ സമൂഹം രണ്ടു തട്ടായി തിരിക്കപ്പെടുന്ന കാഴ്ച വെറുതെ കാണിക്കുക്ക മാത്രമാണെങ്കിലും ഒരു നിശബ്ദപ്രതിഷേധം അതില്‍ എവിടെയോ ഉണ്ടെന്നു തോന്നി .  ചിലപ്പോള്‍ വഴിപോക്കന്റെ കാട്കേറുന്ന ചിന്തയുടെ കുഴപ്പം കൊണ്ടാകാം ഇങ്ങനെഒക്കെ ദര്‍ശിക്കുന്നത് .

                 BACHEHA YE ASEMAN എന്ന സിനിമയുടെ ഏറ്റവും വല്യ ആകര്‍ഷണം വളരെ നിഷ്കളങ്കരായ രണ്ടു കുട്ടികള്‍ തന്നെയാണ് . അവരുടെ ചിന്തകളിലൂടെയും മാനസികവ്യപരങ്ങളിലൂടെയും ആണ് കഥ മുന്നോട്ടുപോകുന്നതും .യാതൊരു വിധ പാളിച്ചയും തോന്നാത്തവിധം അങ്ങേയറ്റം പ്രൊഫഷണല്‍ ആയി തോന്നിയ ഇവരുടെ അഭിനയം പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു . അഭിനയ മുഹൂര്‍ത്തങ്ങളെക്കാളും സംഭാഷണങ്ങളെക്കാളും ദ്രിശ്യസമ്പന്നതകൊണ്ട് കഥപറയാന്‍ ആണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത് . വളരെ സ്വാഭാവിക ഒഴുക്കുള്ള ഒരു ദ്രിശ്യ ഭാഷ ഇതിന്‍റെ തിരകഥക്ക് ഉണ്ട് . അതിനു ഏറ്റവും മനോഹരമായ സിനിമാരൂപം നല്‍കുന്നതില്‍ സംവിധായകന്‍ അങ്ങേയറ്റം വിജയിച്ചു എന്ന് പറയാതെ വയ്യ.  സിനിമ കണ്ടറിയേണ്ട ഒരു അനുഭവം ആണ് അതുകൊണ്ട് തന്നെ കൂടുതല്‍ എഴുതാന്‍ ഇതില്‍ ഒന്നുമില്ല .

                     കുട്ടികള്‍ കഥാപാത്രങ്ങളായി വരുന്നത് കൊണ്ട് തന്നെ ആവണം വഴിപോക്കനെ ഈ ചിത്രം കൂടുതല്‍ ആകര്‍ഷിച്ചത് . എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ ആണോ എന്നതില്‍ സംശയം ഉണ്ട് . എങ്കിലും കണ്ടിട്ട് ഒരു മോശം അഭിപ്രായം ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന് തോന്നുന്നില്ല . കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണാന്‍ ശ്രമിക്കണം . ഇല്ലെങ്കില്‍ മറ്റൊരു വ്യത്യസ്ത സിനിമാ അനുഭവമാകും നിങ്ങള്ക്ക് നഷ്ടപ്പെടുക .
BACHEHA YE ASEMAN ( CHILDREN OF HEAVEN )
DIRECTOR - MAJID MAJIDI
                                             (വഴിപോക്കന്‍ )