Thursday 10 October 2013

THE GOOD ROAD - എവിടേക്ക് നയിക്കുന്നു ?

       
             THE GOOD ROAD (2013) - ഓസ്കര്‍ വേദിയിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക സിനിമ ആയി തിരഞ്ഞെടുക്കപെട്ടു വിവാദങ്ങളില്‍ നിറഞ്ഞു നിന്ന സിനിമ . LUNCH BOX നെ ക്കുറിച്ച് എഴുതി നിര്‍ത്തിയിടത്തു നിന്നാണ് ഗുഡ് റോഡിനെ പറ്റി ചിന്തിച്ചു തുടങ്ങേണ്ടത് .  ഒരു സാധാരണ സിനിമ ആസ്വാദകനായ എനിക്ക് THE GOOD ROAD എന്ന സിനിമ എങ്ങനെ അനുഭവവേദ്യമായി എന്നതിലേക്കു ഒരു ചിന്തനം മാത്രമാണ് മറിച്ചു  ഒരു വിമര്‍ശനമല്ല  ഇത് എന്ന് ആദ്യമേ പറയട്ടെ .

             GYAN CORREA എന്ന പുതുമുഖ സംവിധയകന്‍ ദേശിയ സിനിമാ വികസന കോര്‍പറേഷന്‍റെ സാമ്പത്തിക സഹകരണത്തോടെ ചെയ്ത സിനിമ ആണ് ദി ഗുഡ് റോഡ്‌(ഗുജറാത്തി ) . ഗുജറാത്തിലെ കച്ച് മേഘലയിലെ ഹൈ വേയില്‍ ആണ് കഥ അരങ്ങേറുന്നത്.  പരസ്പരം സന്ധിക്കുന്ന സ്റ്റോറി ലൈനുകള്‍ കൊണ്ട് കഥ പറയുന്ന ബഹുരേഖീയ സമീപനം (MULTILINEAR) ആണ് സിനിമക്ക് .  ഒരു വ്യാജ അപകടം സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിക്കാന്‍ പോകുന്ന ഒരു ട്രക്ക് ഡ്രൈവര്‍, പപ്പു  , അയാളുടെ സഹായി എന്നിവര്‍ ആണ്  ഒരു കഥയില്‍. ഒരു അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന ദമ്പതികള്‍ക്ക് ഇടക്ക് വഴിയില്‍ വച്ച് വളരെ നാടകീയമായി അവരുടെ കുട്ടിയെ നഷ്ടപ്പെടുന്നു . കുട്ടിയെ തേടി മാതാപിതാക്കളും പോലീസും . എന്നാല്‍ കുട്ടി എത്തിപ്പെടുന്നത് ആ ട്രക്ക് ഡ്രൈവരുടെ അടുത്താണ് , അവനെ മാതാപിതാക്കളുടെ അടുത്തെത്തിക്കാന്‍ വേണ്ടി അവനെ അയാള്‍ ഒപ്പം കൂട്ടുന്നു . അവരുടെ ജീവിതങ്ങളില്‍  ഒരു ദിവസം ആ ഹൈവേയില്‍ വച്ച്  അരങ്ങേറുന്ന  നാടകീയ സംഭവങ്ങള്‍ . ഇതാണ് സിനിമയുടെ ഒരു പ്രധാന കഥാ തന്തു. ഇതിലേക്ക് എഴച്ചു കെട്ടിയപോലെ തന്നെ എനിക്ക് അനുഭവപ്പെട്ട മറ്റൊരു കഥ അടിച്ചേപ്പിച്ചിരിക്കുന്നു . പുനം എന്ന ബാലികയുടെ കഥ . തന്‍റെ മുത്തശിയെ കാണാന്‍ ഇറങ്ങി പുറപ്പെട്ടു ഒരു  വേശ്യാസത്രത്തില്‍ എത്തിപെടുന്ന , ബാലികയുടെ കഥ .   ഇവര്‍ക്ക് മൂന്ന് കൂട്ടര്‍ക്കും ആ  ഹൈ വേ ഒരു ഗുഡ് റോഡ്‌ തന്നെ ആയി ഭവിക്കുന്നത് എങ്ങനെയെന്നാണ് തുടര്‍ന്നുള്ള കഥ .

                  ആദ്യം ഇഷ്ടങ്ങള്‍ പറയാം . ഗുജറാത്തിലെ ഗ്രാമാന്തരീക്ഷം,  അവിടെ കാണുന്ന ചില നന്മകള്‍ , എന്നിവയെല്ലാം കൊണ്ട് വളരെ RICH VISUALS തന്നെ ആണ് സിനിമക്കുള്ളത് . ഒരൊറ്റ ഇന്‍ഡോര്‍ സീന്‍ പോലും ഇല്ലാത്ത സിനിമ ആണിത് . പൂര്‍ണമായും വാതില്‍പുറ ചിത്രങ്ങള്‍ നടത്തേണ്ടി വന്നപോഴും വളരെ മനോഹരമായി അത് ചെയാന്‍ സംവിധയകന് കഴിഞ്ഞു . ഒരല്പം  യുക്തിചിന്തകള്‍ ചോദ്യചിഹ്നം ഉയര്‍ത്തിനില്‍ക്കുന്നു എങ്കിലും മനോഹരമായ പ്രമേയം , ലളിതമായ ആഖ്യാനം  എന്നിവ എടുത്തു പറയണം . സിനിമാ കണ്ണുകള്‍ ഗ്രാമത്തിലേക്ക് ഇറങ്ങി ചെന്നപോഴൊക്കെ  സുന്ദരമായ സിനിമാ കാഴ്ചകളും പുറം മോടികള്‍ ഇല്ലാത്ത പച്ചമനുഷ്യരെയും എന്നും കാണാന്‍ സാധിച്ചിട്ടുണ്ട് . ഇതിലെ ഡ്രൈവര്‍ പപ്പു അതുപോലെ ഉള്ള ഒരു കാഴ്ച ആണ് . ഒരിക്കല്‍പോലും സിനിമ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്‍ ആണെന്ന് അയാള്‍ സംവിധയകന്‍ തന്നെ പറഞ്ഞു കേട്ടു .   NFDC യുടെ പ്രോത്സാഹനവും സഹായവും എടുത്തു പറയണം . പാരരല്‍ സിനിമാ ശ്രമങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള കോര്‍പരേഷന്‍ എല്ലാ ഭാഷകളിലും നല്ല സിനിമകള്‍ക്ക്‌ എന്നും പ്രചോദനം ആകാറുണ്ട് (മലയാളത്തില്‍ മങ്കമ്മ ). വ്യത്യസ്തമായ ഇതുപോലുള്ള ശ്രമങ്ങളെ   പരിപോഷിപിച്ചുകൊണ്ട് നല്ല സിനിമയുടെ പക്ഷം നില്ക്കാന്‍ NFDC  ഇനിയും മുന്നോട്ടു വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

                   സിനിമ പ്രത്യേകിച്ച് ഒരു സന്തോഷവും നല്‍കിയില്ല എന്നാണ് എന്‍റെ വ്യക്തിപരമായ അനുഭവം . MULTI- LINEAR  സമീപനം സിനിമക്ക് പ്രത്യേകിച്ച് ഒരു ഗുണവും ച്യ്തില്ല . കഥകള്‍ പരസ്പരം സന്ധിക്കുന്നതില്‍ അതിനാടകീയത അനുഭവപ്പെടുകയും ചെയ്തു . ഉപരിപ്ലവമായ സമീപനം  ആണ് തിരകഥയില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞത് . ഹൃദയത്തില്‍ കടക്കാന്‍  കഴിയാതെ പോയതിനു കാരണവും മറൊന്നല്ല . എങ്കിലും നമ്മളെ ബോര്‍ അടിപ്പിക്കാത്ത വലിച്ചില്‍ ഇല്ലാതെ കണ്ടിരിക്കാവുന്ന നല്ല സിനിമയാണ് എന്ന് ആവര്‍ത്തിച്ച്‌ തന്നെ പറയുന്നു .  സിനിമയുടെ ഭാഷ തീരുമാനിക്കുന്നത് എഡിറ്റിംഗ് ആണെന്ന് മഹാത്‌വചനം. ഈ സിനിമക്ക് എഡിറ്റര്‍ ഉണ്ടായിരുന്നോ എന്ന് സംശയം തോന്നി .  കഥയുടെ ദ്രിശ്യഭാഷ്യത്തിന്‍റെ സ്വാഭാവിക ഒഴുക്ക്  ഇതില്‍ കാണാന്‍ കഴിയാതെ പോയതിനു കാരണം മോശം എഡിറ്റിംഗ് തന്നെ .  വേറിട്ട ഒരു പ്രമേയത്തെ  സിനിമാരൂപത്തില്‍ ലളിതമായി  പ്രേക്ഷകനോട്  സംവദിക്കാന്‍ ഉള്ള ശ്രമം അല്ലാതെ ആശയപരമായ  പ്രചണ്ഡത  ഈ സിനിമക്ക് അവകാശപ്പെടാന്‍ ഇല്ല ,അത് വേണമെന്ന് നിര്‍ബന്ധം ഇല്ല എങ്കിലും

               ഈ സിനിമ ഉയര്‍ത്തിയ യാഥാര്‍ത്ഥ്യ ചോദ്യങ്ങള്‍ ഇതൊന്നും അല്ല എന്നതാണ് സത്യം . ലഞ്ച് ബോക്സ്‌ നേക്കാള്‍ ഇതിനു എന്ത് മഹത്വം ആണ് ഉള്ളതെന്നും  ഓസ്കാര്‍നു അയക്കാനുള്ള യോഗ്യത തികഞ്ഞ സിനിമ ആണോ ഇതെന്നും  ആയിരുന്നു അവ . ലഞ്ച് ബോക്സ്‌  OVERRATED സിനിമ ആണെന്ന് ഒരു അഭിപ്രായം ഞാന്‍ പ്രകടിപ്പിച്ചിരുന്നു . THE GOOD ROAD അതിലും  മഹത്തായ കലാസ്രഷ്ടി ആണെന്ന അഭിപ്രായം എനിക്കില്ല .  എന്ന് വച്ചാല്‍ ഇവയൊന്നും മോശം സിനിമയാനെന്നല്ല . ഇത്രമാത്രം വിവാദം ഉണ്ടാക്കാനും പരസ്പരം പഴിപറയാനും മാത്രം ഇതില്‍ ഒന്നും ഇല്ല എന്നതാണ് വാസ്തവം . എന്നാല്‍ രണ്ടും ഈ അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമകളില്‍ കണ്ട വേറിട്ട , മനുഷ്യ പക്ഷത് നില്‍ക്കുന്ന നല്ല സിനിമകള്‍ ആണ് . രണ്ടു സിനിമകളിലെയും പ്രമേയത്തിലെ വ്യത്യസ്തത അംഗീകരിച്ചേ മതിയാവൂ .  ലഞ്ച് ബോക്സ്‌ മുംബൈയുടെ നാഗരികമനസ്സിനൊപ്പം epistolary കഥാരീതി അവലംബിച്ചപ്പോള്‍ ഗുഡ് റോഡ്‌ ഗ്രാമമനസിനൊപ്പം നിന്ന്ബഹുരേഖേയമായി കഥപറച്ചില്‍ നടത്തുന്നു . രണ്ടു സിനിമകളും കുറെയേറെ പ്രശംസ അര്‍ഹിക്കുന്നു .

                 ഓസ്കാര്‍ വിവാദത്തെ കുറിച്ച് സംസാരിക്കവേ എന്‍റെ ഒരു സുഹൃത്ത്‌ പറഞ്ഞത് ഇങ്ങനെയാണ് . "അമ്പതു വര്‍ഷം സിനിമ അയച്ചിട്ടും നമ്മുക്ക് കിടിയത് മൂന്ന് നോമിനേഷന്‍ ആണ് . അതിനപ്പുറം കടക്കുന്ന അന്നു മാത്രമേ ഇതിനൊക്കെ ഇത്ര പ്രാധാന്യം കൊടുക്കേണ്ടതുള്ളൂ.  ഒരു ചടങ്ങു , അത്ര തന്നെ ... ലഞ്ച് ബോക്സ്‌ , ഗുഡ് റോഡ്‌ ഇനി നമ്മുടെ  ശ്രിങ്കാരവേലന്‍ ആയാലും വിരോധം ഇല്ല . "  ഒരു ശരാശരി സിനിമാപ്രേമിയുടെ  അഭിപ്രായം ഇങ്ങനെ തന്നെ ആകുന്നതില്‍ ഒരു കുറ്റവും കണ്ടെത്താന്‍ കഴിഞ്ഞില്ല . ഈ രണ്ടു സിനിമകളില്‍ എതാണ് യോഗ്യന്‍ എന്നത് ഉന്നതതലത്തില്‍ ബുദ്ധിജീവി ചര്‍ച്ചകള്‍ ആവശ്യപ്പെടുന്ന വിഷയമാണ്‌ . കാരന്‍ ജോഹര്‍ , അനുരാഗ് കശ്യപ് എന്നിവരുടെ പ്രതികരണത്തില്‍ ഒരല്പം ആത്മാര്‍ഥത ഉണ്ട് എന്ന് THE GOOD ROAD  ആണ്  തോന്നിപ്പിച്ചത്  . ചിരിപ്പിക്കുക്കോ ചിന്തിപിക്കുകയോ ചെയ്യ്‌ന്നതിനപ്പുറം സിനിമ ആസ്വാദ്യകരമായ ഒരു അനുഭവം ആകേണ്ടതുണ്ട് . തിയേറ്ററിലെ ഇരുട്ടില്‍ ഓരോ പ്രേക്ഷകനോടും അവന്‍റെ   ചിന്തയ്ക്കൊപ്പം വെവ്വേറെ ആണ് സിനിമ സംവദിക്കുന്നതും .

            പ്രത്യേകിച്ചൊരു ചിന്തയോ മൂല്യമോ അവകാശപ്പെടാന്‍ ഉണ്ട് ഗുഡ് റോഡ്‌ എന്ന സിനിമയ്ക്ക് എന്ന് എനിക്ക് തോന്നാഞ്ഞത് എന്‍റെ ആസ്വാദനത്തിന്റെ പ്രശനമാകാം . വലിയ ചിന്തകള്‍ക്കും ദര്‍ശനങ്ങള്‍ക്കും  അപ്പുറം സിനിമ നല്‍കുന്ന ആസ്വാദനവും  സംതൃപ്തിയും ആണ്  RATING ആയി കൊടുക്കേണ്ടതെങ്കില്‍ കൃത്യമായി വിലയിരുത്തിയത് imdb ആണെന്ന് പറയേണ്ടിയുംവരും .   എന്‍റെ ചിന്തയോട് ചേര്‍ന്ന ഒരു വിലയിരുത്തല്‍ അവിടെയെ കണ്ടോളു രണ്ടു ചിത്രങ്ങളുടെ കാര്യത്തിലും .  അങ്ങനെ ചിന്തികുമ്പോള്‍ പല കാരണങ്ങള്‍ കൊണ്ട്  മുംബൈയിലെ ലഞ്ച്ബോക്സിലെ രുചി ഗുജറാത്തിലെ ഹൈ വേ ഡാബകളില്‍നിന്ന് അനുഭവവേദ്യമായില്ല എന്ന് പറയാന്‍ മടിക്കേണ്ടതില്ല എന്ന് തോന്നുന്നു .ഇതില്‍ നിന്ന് ഭിന്നമായ അഭിപ്രായം തീര്‍ച്ചയായും പലര്‍ക്കും കാണും  .  രണ്ടു സിനിമയുടെ നല്ല വശങ്ങളും നന്മയും പൂര്‍ണമായി ഉള്കൊണ്ടുകൊണ്ട്  ഇത്തരം മികച്ച സിനിമാ പരിശ്രമങ്ങളെ മാനിച്ചുകൊണ്ടും തന്നെയാണ് ഈ അഭിപ്രായ പ്രകടനം നടത്താന്‍ ഞാന്‍ ശ്രമിച്ചതും .

വാല്‍കഷണം : SHIP OF THESEUS എന്നൊരു സിനിമ ഇവിടെ ഇറങ്ങി കുറച്ചു പേരൊക്കെ കണ്ടു നല്ല അഭിപ്രായങ്ങള്‍ കേട്ടിരുന്നു. ഓസ്കാര്‍ വേദിയിലേക്ക് വരെ ആദ്യം പറഞ്ഞു കേട്ട പേരായിരുന്നു . പേരിലെ   ആ വിരോധാഭാസ ചിന്ത ഒരു ബുദ്ധിജീവി സ്വഭാവം നല്‍കുന്നുണ്ട്  എന്നതുകൊണ്ടാണോ? അധികമാരും കാണാന്‍ മെനക്കെട്ടില്ല .

                                                    ( വഴിപോക്കന്‍ ) 

No comments:

Post a Comment