Wednesday 30 October 2013

ഫ്രോഗ് - മരണത്തിലേക്ക് എത്തിനോക്കുന്ന ക്യാമറ

                   

                     ഇന്ന് FROG  എന്ന ഹൃസ്വ ചിത്രം കണ്ടു . ഒന്നല്ല രണ്ടു പ്രാവശ്യം . ഈ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ചടങ്ങില്‍ മികച്ച ടെലിഫിലിംനു അടക്കം മൂന്ന് അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് ഫ്രോഗ് . കാഴ്ച ചലച്ചിത്ര വേദിയുടെ മൂന്നാമത്തെ ചിത്രമായ (എണ്ണം ശരിയാണോ എന്നറിയില്ല ) ഫ്രോഗ് ഒരല്പം വ്യത്യസ്തമായ  സിനിമാ അനുഭവം ആണ് . സനല്‍ കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ഇരുപതു മിനിറ്റ് ചിത്രം യുടുബിലെ സ്ഥിരം ഷോര്‍ട്ട് ഫിലിം കോപ്രായങ്ങളെ അപേക്ഷിച്ച് ഒരല്പം വ്യത്യസ്തത പുലര്‍ത്തുന്നു  . അത്കൊണ്ട് തന്നെ ചുമ്മാ ഒരു ഷോര്‍ട്ട്ഫിലിം എന്ന് എഴുതിത്തള്ളാതെ ഒരല്പം പരിഗണന അര്‍ഹിക്കുന്നു എന്നതിനാലാണ് ഈ കുറിപ്പെഴുതാന്‍ തീരുമാനിച്ചത് .

                      ഫ്രോഗ്  മരണത്തിലേക്ക് യാത്ര ചെയ്യുന്ന ജീവിതത്തിന്റെ കഥയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത് . അല്ലെങ്കില്‍ ജീവിതത്തില്‍ നിന്ന് അടര്‍ന്നു മാറുന്ന മരണത്തിന്റെ കഥയാവാം . എന്തായാലും മരണവും ജീവിതവും എവിടെ മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നു . ഒരുമിച്ചു യാത്രചെയ്യുന്നു . മരണം വിഷാദം മൂടിയ ഒരു മുഖമാണെങ്കില്‍  ജീവിതം ആഘോഷത്തിന്‍റെ , ആര്‍മാദത്തിന്‍റെ ഉന്മാദത്തിലാണ് .   ലൌകികമായ എല്ലാ  ബന്ധനങ്ങളില്‍ നിന്നും വിടുതല്‍ നേടിയപോലെ രണ്ടു കഥാപാത്രങ്ങള്‍ . പേരുപോലും ഇല്ലാത്തവര്‍ . അല്ലെങ്കില്‍ അവരുടെ പേരിനു എന്ത് പ്രസക്തി . വ്യക്തികള്‍ എന്നതില്‍ ഉപരി അവര്‍ പ്രതീകങ്ങള്‍ ആണ് .  രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചു പരാജയപെട്ട് മൂന്നാമത്  അതും തേടി ഇറങ്ങുന്ന ഒരാള്‍ , അയാള്‍ക്ക് ഗ്യാരണ്ടി മരണത്തിലേക്ക് വഴിതെളിക്കുന്ന മറ്റൊരാള്‍ ...  വഴിയില്‍ വച്ച്  മരണത്തിന്‍റെ സഞ്ചിയില്‍ കെട്ടിയ, അവരോടൊപ്പം യാത്ര ചെയ്യുന്ന ഒരു തവള . യാത്രാ എവിടേക്ക് എന്ന് തോന്നുനിടത്ത് , മരണത്തിനും ജീവിതത്തിനും ഇടക്ക് മറ്റൊന്ന് കൂടി . മനുഷ്യന്‍റെ ലൈംഗികതൃഷ്ണ ( അതോ വൈകല്യമോ ) .   ഒടുവില്‍ മരണവും ജീവിതവും  പരസ്പരം  അവരുടെ വേഷങ്ങള്‍ വച്ച്മാറുന്നു .മരണത്തിനും ജീവിതത്തിനും ഇടയ്ക്കു പെട്ടെന്ന് പരസപരംകൈമാറാന്‍ കഴിയുന്ന വിധം ഒരു നേര്‍ത്ത അതിര് മാത്രമേ ഉള്ളു എന്ന് പറയുന്നു സിനിമ . ജീവിതമാഘോഷിച്ച്കൊണ്ട്  മരണത്തിലേക്കും മരണത്തിന്‍റെ മണവും പേറി ജീവിതത്തിലേക്കും അവരറിയാതെ സഞ്ചരിക്കുകയാണ് കഥാപാത്രങ്ങള്‍ .

                    രണ്ടു നിറങ്ങള്‍ക്ക് ആണ് സിനിമയില്‍ മിഴിച്ചു നില്‍ക്കുന്നത് . ജീവിതത്തിന്‍റെ പച്ചയും ചോരയുടെ ചുവപ്പും . മരണത്തിലേക്കുള്ള യാത്ര ജീവിതത്തിന്‍റെ പച്ചപ്പിലൂടെ ആകുന്നു . ജീവിതത്തിലേക്ക് തിരിച്ചു കയറുന്നത് മരണത്തിന്റെ ചോര നിറം പുരണ്ടും .സിനിമ നല്‍കുന്ന  ഹൃസ്വകാഴ്ചകളില്‍ മരണത്തിന്‍റെയും ജീവിതത്തിന്റെയും അടയാളമായി ഈ നിറങ്ങള്‍ കൂടി കട്ട പിടിച്ചു കിടക്കുന്നു . "ജിവിതത്തിലെ ഏറ്റവും വലിയ തമാശ , മരിക്കാന്‍ അത് തന്നെ വിചാരിക്കണം എന്നതാണ് " എന്ന് വിളിച്ചു പറയുന്ന സിനിമ തമാശക്കും അപ്പുറം പച്ചയായ ചില ശാശ്വത സത്യങ്ങളിലേക്ക്‌ കൂടി വിരല്‍ചൂണ്ടുന്നു .

                  ഫ്രോഗ് ഒരു ബുദ്ധിജീവി സിനിമയായി  മുദ്രകുത്തപ്പെടാന്‍ സാധ്യത ഉണ്ട് . പക്ഷെ ഒരല്പം സിംബോളിക് ആയി പറയുന്നു എങ്കിലും ഒരു കപട ബുദ്ധിജീവി സ്വഭാവം ഫ്രോഗിനില്ല . പ്രമേയത്തിലും അവതരണത്തിലും വളരെ ലാളിത്യം ഉണ്ട് താനും . ആസ്വാദനത്തിനു ഒരല്പം ചിന്ത ആവശ്യപ്പെടുംപോലും ഫ്രോഗ്  ജീവിത സത്യങ്ങളെ പച്ചയായി തന്നെ നോക്കിക്കാണുന്ന സിനിമയാണ് .   പിന്നെ വിഷ്വല്‍ റിച്ച്നെസ്സ്  എടുത്തു പറയേണ്ട ഒരു ഘടകം ആണ് . ഫ്രോഗ് നു മികച്ച ഒരു വിഷ്വല്‍ ട്രീറ്റ്മെന്റ് നല്കാന്‍ സംവിധായകന്‍ സനാതനനു കഴിഞ്ഞിട്ടുണ്ട് . മലയാളസിനിമയുടെ മുഖ്യധാരയിലേക്ക് ഉടനെ തന്നെ അദ്ദേഹത്തെപോലെ ആത്മാവുള്ള സിനിമാക്കാര്‍ കടന്നു വരട്ടെ എന്ന് ആശംസിക്കുന്നു .

 ഇരുപതു മിനിറ്റ് മാത്രം ദൈര്‍ഘ്യം ഉള്ള ഫ്രോഗിന്റെ യുട്യൂബ് ലിങ്ക് താഴെ ചേര്‍ക്കുന്നു . നിങ്ങള്‍ക്കും ഇഷ്ടമാകും എന്ന് തന്നെ കരുതുന്നു .  
http://www.youtube.com/watch?v=MxRpLZGBQSE

(ഇഷ്ടമായില്ലെങ്കില്‍ വഴിപോക്കനെ പഴി പറയരുത് . എന്തായാലും തിയേറ്റര്‍ കാഴ്ച പോലെ കാശു പോയില്ല എന്ന് ഓര്‍ത്തെങ്കിലും എന്നോട് നിങ്ങള്‍ പൊറുക്കും എന്ന് കരുതുന്നു )
                                                        (വഴിപോക്കന്‍)

Sunday 27 October 2013

ജയകൃഷ്ണനും തൂവാനത്തുമ്പികളും

     
     
              തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ ക്ലാസ്സിക്‌ന്‍റെ  ആരാധകര്‍ അല്ലാത്ത മലയാളികള്‍ ഉണ്ടോ ? എത്ര തലമുറയെയാണ്  തൂവാനത്തുമ്പികളും പത്മരാജനും മണ്ണാറതൊടി  ജയകൃഷ്ണനും ക്ലാരയും  കൂടി വശീകരിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്തത് ? പപ്പേട്ടന്‍ മലയാള ത്തിനു നല്‍കിയ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായ തൂവാനത്തുമ്പികള്‍ കാലാതിവര്‍ത്തിയായി എന്നും ഒരു കള്‍ട്ട് ആയി നിലനില്‍ക്കുന്നത് ആ സിനിമയുടെ ലളിതവും എന്നാല്‍ മനുഷ്യനെ ആഴത്തില്‍ സ്പര്‍ശിക്കുന്നതുമായ അതിന്‍റെ പ്രമേയ ശക്തിയാണ് .

                 വീട്ടുമുറ്റത്തെ ഒരു തേങ്ങാകച്ചവടത്തില്‍ നിന്നാണ്  തൂവാനത്തുമ്പികള്‍ തുടങ്ങുന്നത് . ജയകൃഷ്ണന്‍ എന്ന കഥാപാത്രം പിന്നെ നമുക്കൊപ്പം ഒരു പ്രയാണം നടത്തുന്നു . മനുഷ്യനിലെ  എല്ലാ നല്ലതിനെയും ചീത്തയും ഒരു കഥാപാത്രത്തില്‍ കണ്ടുകൊണ്ടു അയാള്‍ക്കൊപ്പം നമ്മളും .  തികഞ്ഞ അരാജകത്വം ആണ് ജയകൃഷണന്‍റെ മുഖമുദ്ര . "കുറെ കൊച്ചു വാശികളും , കൊച്ചു അന്ധവിശ്വാസങ്ങളും  കൊച്ചു ദുശീലങ്ങളും , അതാണ് ഞാന്‍ "  എത്ര ഭംഗിയായിട്ടാണ് പപ്പേട്ടന്‍ ജയകൃഷ്ണനെ നിര്‍വചിച്ചത്‌ . ഇതിലും കൂടുതല്‍ ഒരു വിശദീകരണം ആ കഥാപാത്രം ആവശ്യപെടുന്നില്ല . തന്‍റെ നിര്‍വചനത്തില്‍ , അതിന്‍റെ ഫ്രെമില്‍ ഒതുക്കി നിര്‍ത്തികൊണ്ട്‌ തന്നെയാണ് ആ കഥാപാത്രത്തെ അദ്ദേഹം എഴുതിയുണ്ടാക്കിയതും . സിനിമകണ്ട്‌ തീരുമ്പോള്‍ ഒരു കഥാപാത്രം എന്നതില്‍ഉപരി നാം പരിചയപെട്ട ഒരാളായി ജയകൃഷ്ണന്‍ നമ്മുടെ കൂടെ ഉണ്ടാകുന്നു എന്നത്  പത്മരാജന്‍റെ ക്രാഫ്റ്റ്ന്‍റെ പ്രത്യേകത ആണ് .

              തൂവാനത്തുമ്പികള്‍ ഒരു പൊളിച്ചെഴുത്ത് കൂടി ആയിരുന്നു . നമ്മുടെ അന്നുവരെയുള്ള നായകസങ്കല്പങ്ങളെ പാടേ നിഷേധിച്ചുകൊണ്ട് പുതിയൊരു ബിബം തീര്‍ക്കുകതന്നെ ചെയ്തു ഈ സിനിമ . നമ്മള്‍ കണ്ടു പരിചയിച്ച സദാചാരപക്ഷത് നില്ല്കുന്ന നന്മയില്‍ മുങ്ങി നീരാടിയ നായകന്മ്മാരോടു പമിച്ചാല്‍ ജയകൃഷ്ണനു ഒരല്പം പ്രതിനായക സ്വഭാവം തന്നെ ആണെന്ന് പറയേണ്ടിവരും . എങ്കിലും ആ സിനിമയും കഥാപാത്രവും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നിലനില്‍കുന്നത്‌ രചയിതാവിന്റെ എടുത്തുപറയേണ്ട മേന്മതന്നെയാണ് . ജയകൃഷ്ണനെ പ്പോലെ ഇത്രയും പൂര്‍ണമായി വികാസം പ്രാപിച്ച സിനിമാകഥാപാത്രങ്ങള്‍ മലയാളത്തില്‍ അധികം കാണാറുമില്ല. മലയാളത്തില്‍ പിന്നീട് വന്ന ഒട്ടുമിക്ക  HERO ORIENTED  സിനിമകളെയും  ഫ്യൂഡല്‍ നായകന്മ്മര്‍ക്ക്  ഒരു പരിതി വരെ ജയകൃഷണന്‍റെ സ്വാധീനവും സ്വഭാവവും ഒക്കെ ഉണ്ടായിരുന്നു എന്ന് ഒന്ന് സൂക്ഷിച്ചു നോകിയാല്‍ മനസിലാകും . തൂവാനത്തുമ്പികളും പത്മരാജനും പിന്നീടു വന്ന സിനിമാക്കാരില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ അടയാളം കൂടിയാണ് ഈ അനുകരണങ്ങള്‍.

          ലാളിത്യമാണ് തൂവാനത്തുമ്പികളുടെ മുഖമുദ്ര .  വളരെ ലളിതവും എന്നാല്‍ ജീവന്‍ തുടിക്കുന്നതും അയ ഇതിലെ കഥാപാത്രങ്ങളും അതിവാചാലതയോ   നാടകീയതയോ ഇല്ലാത്ത ഇതിലെ പ്ലോട്ടും ഒരു സിനിമ എന്നനിലയില്‍ ഇതിനെ മനോഹരമാക്കാന്‍ ഏറെ സഹായിച്ചു . ചില സദാചാര വാദികളുടെ വിമര്‍ശനപീരങ്കികള്‍ ഇതിനുനേരെ തൊടുക്കപെട്ടു എങ്കിലും അതൊന്നും വിലപോകാഞ്ഞത് ഇതിന്‍റെ ജീവിതഗന്ധിയായ പ്രമേയംകൊണ്ട് തന്നെയാകണം . ലളിതമായി കഥപറയുമ്പോള്‍തന്നെയും അതിസങ്കീര്‍ണമായ ജീവിതത്തിലൂടെ ആണ് ഇതിലെ നായകനും നായികയും കടന്നുപോകുന്നതും .ജോണ്‍സന്‍ മാഷിന്റെ  പശ്ചാത്തല സംഗീതം ഇല്ലെങ്കില്‍ തൂവാനത്തുമ്പികള്‍ ഇത്രമനോഹരമാകുമോ എന്ന് സംശയം തോന്നി . പെരുമ്പാവൂര്‍ ജി യുടെ രണ്ടു പാട്ടുകളും കൂടിയായപ്പോള്‍ ഒരു കവിതപോലെ മനോഹരമായി ഈ സിനിമ .

                 ജയകൃഷ്ണനെ ജീവനോടെ ഓരോ സീനിലും നിറയ്ക്കുന്നതില്‍ മോഹന്‍ലാല്‍ എന്ന മഹാനടന്റെ കഴിവ് എടുത്തുപറഞ്ഞേ മതിയാകൂ . "ഉദകപ്പോള"യില്‍ നിന്ന് തൂവാനത്തുമ്പികളിലേക്ക് എത്തുമ്പോള്‍ ക്ലാരയെയും മറികടന്നു ജയകൃഷണന്‍ സ്ഥിരപ്രതിഷ്ഠ നേടിയത് മോഹന്‍ലാലിന്റെ നടനവിസ്മയം കൊണ്ടുകൂടി ആണ് . ലാലേട്ടനെ അല്ലാതെ മറ്റൊരു നടനെയും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തവിധം ആ കഥാപാത്രത്തെ തന്റെതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു . ക്ലാര യായി ജീവിച്ചു ഒരുപാടു തലമുറയിലെ ചെറുപ്പക്കാരുടെ ആവേശമായ സുമലതയും മികച്ച പ്രകടനം തന്നെ നടത്തി ഈ സിനിമയില്‍ .  ചുമ്മാ തുണിയഴിച്ചിട്ടും സെക്സ്ഉം പച്ചതെറിയും പറഞ്ഞിട്ടും ഒന്നും ആത്മാവുള്ള സിനിമയുണ്ടാക്കാന്‍ സാധിക്കാത്ത  നമ്മുടെ ന്യൂ ജെനെരെഷന്‍ ക്കാര്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ് ഈ സിനിമ .

           ഇപ്പോളും തൃശ്ശൂര്‍ പട്ടണത്തിലൂടെ നടക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ ജയകൃഷണനെ പരത്തും. ഏതെങ്കിലും പെട്ടികടയില്‍ നാരങ്ങവെള്ളം വാങ്ങിയിട്ട് തര്‍ക്കിച്ചു നില്‍ക്കുന്നുണ്ടാകും അയാള്‍ എന്ന് മനസ്സ് പറയും . ബാറില്‍ കേറിയാല്‍ ആദ്യം കൌണ്ടര്‍ ലേക്ക് ഒന്ന് നോക്കും . ബിയര്‍ അടിച്ചു നില്‍ക്കുന്ന ഋഷിയും ജയകൃഷണനും അവിടെ ഉണ്ടെങ്കിലോ ? ശക്തന്‍ മാര്‍ക്കറ്റില്‍ ചെന്നാല്‍ ആട്ടിന്‍തലക്ക് വിലപേശി നില്‍ക്കുന്ന ജയകൃഷണന്‍ സങ്കല്പത്തില്‍ വരും  . വടക്കുംനാഥനെ തൊഴാന്‍ ചെന്നാല്‍ കല്ലുപാകിയ നടവഴിയിലൂടെ രാധയുടെ കയ്യുംപിടിച്ചു നടന്നുവരുന്ന , ആല് തണലില്‍ അവളോട്‌ സൊറപറഞ്ഞിരിക്കുന്ന ജയകൃഷ്ണനെ  കാണാം .

          ജയകൃഷ്ണന്‍ ഇപ്പോളും എവിടെയോ ജീവിച്ചിരിക്കുന്നു എന്നും കൊച്ചു കൊച്ചു തമാശകള്‍ കാണിക്കാന്‍ എപ്പോളും അയാള്‍ തൃശൂര്‍ ടൌണില്‍ ഇറങ്ങാറണ്ടെന്നും ഒക്കെ തോന്നിപോകുന്നത് അത്രമാത്രം ആ സിനിമയും ജയകൃഷണനും നമ്മുടെ മനസ്സില്‍ കയറിപ്പോയത്കൊണ്ടാണ് . എവിടെയോ വച്ച് എപ്പോളോ പരിചയപെട്ട ഒരു സുഹൃത്തിനെപ്പോലെ അയാള്‍ എന്നും നമ്മുടെ ഓര്‍മകളില്‍ ഉള്ളതുകൊണ്ടാണ് .

കുറുപ്പ് :- ഫേസ്ബുക്കും ബ്ലോഗും ഇ - എഴുത്തും ഒക്കെ തുടങ്ങുന്നതിനു  മുന്‍പ് എഴുതിയതാണിത്. പഴയ ഡയറിയില്‍  നിന്നു  കണ്ടപ്പോള്‍ തൂവാനത്തുമ്പികള്‍ വീണ്ടും കാണാന്‍ തോന്നി . കണ്ടുകഴിഞ്ഞപ്പോള്‍ ഇത് പോസ്റ്റ്‌ ചെയ്യണമെന്നും .
                                            -(വഴിപോക്കന്‍ )

Saturday 26 October 2013

നാടോടി മന്നന്‍ - ഒരു വിമര്‍ശനം



     
      
        രണ്ടു മൂന്നു ദിവസം മുന്‍പ് ദിലീപിന്‍റെ നാടോടി മന്നന്‍ കണ്ടു . ഒരു ദീര്‍ഘയാത്രയുടെ ക്ഷീണവും വിട്ടുമാറാതെ തുടര്‍ന്ന പനിയും കൊണ്ട് ആണ് എഴുതാന്‍ അല്പം വൈകിയത് . ഈ ഇടയായി തിയേറ്ററില്‍ പോയി കാണേണ്ടി വരുന്നത് ഇത്തരം സിനിമകള്‍ ആകുന്നതില്‍ വല്ലാത്ത വിഷമം തോന്നി . ശ്രിങ്കാരവേലന്‍ പോലൊരു സിനിമ നല്‍കിയ ആഖാതം മാറുന്നതിനു മുന്‍പേ ഇങ്ങനെ ഒരു സിനിമയുമായി വീണ്ടും പ്രേക്ഷകരെ ദണ്ണിപ്പിക്കാന്‍ തീരുമാനിച്ച ദിലീപിന്‍റെയും വിജി തമ്പിയുടെയും  ഒരു ധൈര്യം .... ഹോ.. സമ്മതിച്ചു കൊടുക്കണം . ഇല്ലെങ്കില്‍ അവര്‍ സമ്മതിക്കില്ല . 

സിനിമയെക്കുറിച്ച്  രണ്ടു വാക്ക്:-

        സിനിമ കണ്ടിട്ട് മോശം പറയേണ്ടി വരുന്നത് വ്യക്തിപരമായി ഒരല്‍പം  വിഷമമുള്ള കാര്യമാണ് . നാടോടി മന്നന്‍ ഒന്നിലേക്കും നയിക്കാത്ത , ഒന്നും നല്‍കാത്ത ഊഷരമായ ഒരു സിനിമാകാഴ്ചയാണ് . ഇതിനെ വിമര്‍ശക്കാന്‍ പോലും അറയ്ക്കും എന്നതാണ് സത്യം . ദിലീപിന്‍റെ കഴിഞ്ഞ എല്ലാ സിനിമകളും എനിക്ക് തിയേറ്ററില്‍ പോയി കാണേണ്ടിവന്നിട്ടുണ്ട് . സ്ഥിരം ഫോര്‍മുലകളും ആവര്‍ത്തനവിരസമായ പ്ലോട്ടും കൊണ്ട് മടുപ്പിച്ച കഴിഞ്ഞ കുറേ ചിത്രങ്ങള്‍ നാടോടിമന്നനുമായി തട്ടിച്ചു നോക്കിയാല്‍ ക്ലാസിക് ആയിരുന്നു എന്ന് വേണം പറയാന്‍ . അത്രമാത്രം എല്ലാവിധത്തിലും ശൂന്യമായ ഒരു സിനിമയാണ് നാടോടിമന്നന്‍ . ചുമ്മാ കുറെ കോപ്രായങ്ങള്‍ കാണിച്ചു ദിലീപിനെ എല്ലാ സീനിലും കയറൂരി വിട്ടു gimmick കാട്ടി പ്രേക്ഷകരെ വീണ്ടും പറ്റിക്കാന്‍ ശ്രമിച്ച വിജി തമ്പി നല്ല കടുത്തഭാഷയില്‍ തന്നെ വിമര്‍ശനം അര്‍ഹിക്കുന്നു . ഏക ആശ്വാസം ദ്വയാര്‍ത്ഥപ്രയോഗവും തെറിയും ഇല്ല എന്നത് മാത്രമാണ് . അത് പക്ഷെ ഒരു സിനിമയുടെ മേന്മ അല്ലല്ലോ (തുണി ഉടുത്തിട്ടുണ്ട് എന്ന് പറയന്നപോലെ അല്ലെ ) . എന്ത് പ്രതീക്ഷിച്ചു പോയാലും നിങ്ങള്‍ക്ക് നിരാശയെ ലഭിക്കു . കണ്ടു മടുത്ത ഒരുപാടു സിനിമകളില്‍ നിന്ന് കടം കൊണ്ട് പ്ലോട്ട് . ഇക്കിളിയിട്ടാലും ചിരിക്കാത്ത  തമാശകള്‍, വെറുപ്പിക്കുന്ന പാട്ടുകള്‍ , ഒരാവശ്യവും ഇല്ലാത്ത സ്ക്രീനില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കഥാപാത്രങ്ങള്‍ , .... അകെ ഒരു സ്മശാനമൂകത ആയിരുന്നു തിയേറ്ററില്‍ . ഇതിലൊന്നും തെല്ലും കൂസാകാത്ത ചിലര്‍ മുന്നിലെ കസേരയിലേക്ക് കാലും കയറ്റിഇട്ടു സുഖമായി ഉറങ്ങുന്നു ... ചില മദ്യപ്പന്‍മ്മാരുടെ കൌണ്ടര്‍ തമാശകള്‍ സിനിമയില്‍ ഉള്ളതിനേക്കാള്‍ ചിരി ഉണര്‍ത്തി . ടിക്കറ്റ്‌ കാശു , കാപ്പി , കടല , സിഗേരറ്റ് അങ്ങനെ മൊത്തത്തില്‍ നോക്കിയാല്‍ ആഗോളസാമ്പത്തിക പ്രതിസന്ധിക്ക് അക്കം കൂട്ടുന്നു ഈ സിനിമ . 

ദിലീപ് സാറിനു ഒരു തുറന്ന കത്ത് :-

        സമകാലീന മലയാള സിനിമയുടെ അഭിമാനവും , മമ്മൂട്ടി , മോഹന്‍ലാല്‍ , സുരേഷ്ഗോപി എന്നിവര്‍  കഴിഞ്ഞാല്‍ ഏറവും കഴിവുള്ള മലയാള നടന്‍ എന്നും ഒക്കെ അങ്ങയെ കുറുച്ചു വളരെ അഭിമാനം കൊണ്ടിരുന്നു . ഒരുകാലത്ത് മോഹന്‍ലാലിനു സ്വന്തമായിരുന്ന അടുത്ത വീടിലെ പയ്യന്‍ ഇമേജ് പിന്നീടു താങ്കള്‍ക്ക് മാത്രം സ്വന്തവും ആയിരുന്നു . ഇപ്പോളും അത് ഏതാണ്ട് അങ്ങനെ തന്നെ നിലനില്‍ക്കുന്നും ഉണ്ട് . വളരെ സ്വാഭാവികമായി, അച്ചടക്കത്തോടെ  നര്‍മം കൈകാര്യം ചെയുന്ന , ഒരു സ്വാഭാവിക അഭിനയ ശൈലിയുള്ള , വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടിപോകുന്ന , നല്ല ഒരു നടന്‍ കൂടിയായ താങ്കള്‍ എന്തിനാണ് സ്വന്തം വില ഇങ്ങനെ കളയാന്‍ ശ്രമിക്കുന്നത് . വര്‍ഷങ്ങളോളം സഹസംവിധായകന്‍ ആയി ജോലി ചെയ്ത , വളരെ കഷ്ടപ്പെട്ട് മുഖ്യധാര സിനിമയിലേക്ക് വന്ന താങ്കള്‍ക്ക് ഇതെന്തു പറ്റി . വെറും കച്ചവടം മാത്രമായി സിനിമയെ കണ്ട് ഇത്രയേറെ താഴേക്ക്‌ പോകുമ്പോള്‍ താങ്കള്‍ ഇത് സ്വയം തിരിച്ചറിയുന്നില്ലേ എന്ന് വഴിപോക്കന് അത്ഭുതം തോന്നുന്നു . അതോ കളക്ഷന്‍ റെക്കോര്‍ഡിന്‍റെ ഭ്രമിപിക്കുന്ന കോടികണക്കുകള്‍ക്ക്‌ മുന്നില്‍ മറ്റൊന്നും ഇല്ല എന്നുതന്നെ താങ്കളും ചിന്തിക്കുന്നുവോ ?

      തൊണ്ണൂറുകളിലെ ആദ്യകാല സിനിമകള്‍ മുതല്‍ എനിക്ക് ഏറെ ഇഷ്ടപെട്ട മലയാളത്തിലെ ഒരുപാടു നല്ല ചിരി സിനിമകള്‍ താങ്കളുടെതായി ഉണ്ട് .  കഥാവശേഷനും , മലര്‍വാടിയും പോലുള്ള സിനിമകള്‍ നിര്‍മിക്കാന്‍ കാണിച്ച ധൈര്യവും ഏറെ എടുത്തു പറയണം. അവയൊക്കെ ഒരു നടന്‍ എന്നും മലയാള സിനിമാകുടുംബത്തിലെ അംഗം എന്നും ഒക്കെ ഉള്ള നിലയില്‍ താങ്കള്‍ക്ക് നല്ല ഒരു ഇരിപ്പിടം തരുന്നും ഉണ്ട് . പക്ഷെ ആ കസേരയുടെ കാല്‍ ചവിട്ടി ഓടിക്കാന്‍ ആണ് താങ്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നത് എന്ന് തോന്നി പോകും . ഒന്ന് രണ്ടു സിനിമകള്‍ വിജയിച്ച ഗര്‍വില്‍ വീണ്ടും വീണ്ടും പ്രേക്ഷകരെകൊണ്ട് അതുതന്നെ തീറ്റിക്കാം എന്ന് വിചാരിച്ചാല്‍ അത് അധികകാലം വിലപ്പോവില്ല എന്ന് മലയാളി പ്രേക്ഷകന്‍റെ പള്‍സ്‌ അറിയുന്ന താങ്കള്‍ക്ക് പറഞ്ഞു തരേണ്ടതില്ല എന്നറിയാം . ഇത് വിജയിച്ചിലെങ്കില്‍  മറ്റൊന്നുമായി വന്നു താങ്കള്‍ വീണ്ടും വിജയം കൊയ്യുമ്പോള്‍ ഞാന്‍ എഴുതിയ ഈ വാക്കുകള്‍ എന്നെ തന്നെനോക്കി കൊഞ്ഞനംകുത്തും എന്നും എനിക്കറിയാം . പക്ഷെ പറയേണ്ടത് തുറന്നു പറയാന്‍ ഞാന്‍ ആരെയും ഭയപ്പെടാറില്ല . ഈ നിലക്ക് തുടര്‍ന്ന് പോയാല്‍ കുടുംബസദസ്സുകളുടെ പ്രിയനായകന്‍ എന്ന വിശേഷണം താങ്കള്‍ക്ക് അന്യമാകുന്ന നാളുകള്‍ അധികം ദൂരെയല്ല .
--- ദൈവം മലയാളസിനിമയെ (ഒപ്പം താങ്കളെയും ) രക്ഷിക്കട്ടെ

ഇനി വിജി തമ്പി സാറിനോട് :-
 
    സൂര്യമാനസം പോലൊരു സിനിമ ഇനിയും താങ്കളുടെ കയ്യില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അത്യാഗ്രഹം ആണെന്നറിയാം , എങ്കിലും ഒന്ന് ശ്രമിച്ചാല്‍ നാടോടിമന്നനെക്കാള്‍ പത്തിരട്ടി മികച്ച സിനിമ ഉണ്ടാക്കാന്‍ താങ്കള്‍ക്ക് സാധിക്കും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് . അതിനുള്ള പരിചയവും അനുഭവവും താങ്കള്‍ക്ക് ഉണ്ടെന്നു തോന്നുന്നു .


         ആഴത്തില്‍ ചിന്തിച്ചാല്‍ എഴുതിയാലും എഴുതിയാലും തീരാത്ത ഒരുപാടു വിയോജിപ്പ് ഉണ്ട് . പക്ഷെ മൊത്തത്തില്‍ സിനിമയോട് തോന്നിയ ചില വികാരങ്ങളും അഭിപ്രായവും മാത്രമേ ഇതില്‍ എഴുതിയിട്ടുള്ളൂ . ഉപരിപ്ലവമായി അല്ലാതെ ഇതേക്കുറിച്ച് എഴുതാന്‍ മനസ്സ് അനുവദിക്കുന്നില്ല . ഇത് ഒരു കണ്ടിരിക്കാവുന്ന സിനിമആയിട്ടെങ്കിലും ആര്‍ക്കെങ്കിലും തോന്നിയാല്‍ ഭാഗ്യം .
മലയാള സിനിമാവ്യവസായം താങ്ങുന്നതിനേക്കാള്‍ അധികം സിനിമകള്‍ ഇപ്പോള്‍ വെള്ളിയാഴ്ച തോറും ഇറങ്ങുന്നുണ്ട് . അതിനിടയില്‍ ഒരു നാടോടി മന്നന്‍ കൂടി . അങ്ങനെ ചിന്തിച്ചു അശ്വസിച്ചാല്‍ വല്യ ഒരു നിരാശ ഒഴിവാകും . ഒരുവിധ സിനിമാഅനുഭൂതിയും ഇല്ലാതെ , വെറുതെ അന്തംവിട്ടു  സ്ക്രീനില്‍ നോക്കിയിരുന്നാല്‍ ഒരു നഷ്ടബോധവും തോന്നാത്ത ആര്‍ക്കും ധൈര്യമായി കാണാവുന്ന സിനിമ .

വാല്‍:- ഗ്രാവിറ്റി കാണാന്‍ ടിക്കറ്റ്‌ ബുക്ക്‌ചെയ്തിട്ടും കാണാന്‍ പോകാതെ കാശു പോയപ്പോള്‍ പോലും തോന്നാത്ത ഒരു വെറുപ്പ്‌ കൂട്ടുകാര്‍ ടിക്കറ്റ്‌എടുത്തു തന്നു നാടോടി മന്നന്‍ കണ്ടപ്പോള്‍ തോന്നി.  

                                                                                             (ഒരു വഴിപോക്കന്‍ )

Tuesday 15 October 2013

THE KING'S SPEECH - ഒരു അതിജീവനത്തിന്‍റെ കഥ പറയുന്ന ചരിത്ര സിനിമ

                 
                 THE KING'S SPEECH -2010 ഒരു ഇംഗ്ലീഷ് ചരിത്ര സിനിമയാണ് .   Once upon a time , there lived a king  എന്ന് ഒരു മുത്തശി കഥപോലെ തുടങ്ങാന്‍ തോന്നുന്നു . കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ ബ്രിട്ടീഷ്‌ രാജകുടുംബത്തില്‍ ആണ് കഥ നടക്കുന്നത് . സംസാരതടസം കൊണ്ട് വല്ലാത്ത ബുദ്ധിമുട്ടും വിഷാദവും നേരിടുന്ന ജോര്‍ജ്ജ് ആറാമന്‍ രാജാവിന്‍റെ ( THE KING GEORGE VI)  കഥയാണ് സിനിമ പറയുന്നത് .

            കഥ തുടങ്ങുന്നത്  സംസാരതടസം കൊണ്ട് ഒരു പ്രസംഗം പൂര്‍ത്തികരിക്കാന്‍ കഴിയാതെ പോകുന്ന  രാജകുമാരനില്‍ നിന്നാണ് . വിക്കും സംസാരിക്കാന്‍ ഉള്ള ബുദ്ധിമുട്ടും കൊണ്ട് ഏകാന്തനും വിഷാദനും അയ  രാജകുമാരന്‍ , അദ്ദേഹത്തെ സഹായിക്കാന്‍ എത്തുന്ന ഒരു SPEECH THERAPIST എന്നി വര്‍ ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ .  സംസാര തടസത്തെ അതിജീവിക്കാന്‍ അയാള്‍ അദ്ദേഹത്തെ സഹായികുന്നതും അവര്‍ തമ്മില്‍ ഉണ്ടാകുന്ന അഗാധമായ ഒരു ഹൃദയബന്ധവും ആണ് സിനിമയുടെ ഇതിവൃത്തം . ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ്‌ , ചര്‍ച്ചില്‍, കുട്ടിയായ ഇപ്പോളത്തെ രാജ്ഞി എലിസബത്ത് , അങ്ങനെ ഒരുപാടു ചരിത്ര പുരുഷന്മാര്‍ സിനിമയില്‍ കഥാപാത്രങ്ങള്‍ ആയി വരുന്നുമുണ്ട്  . ഒരു സംഭവ കഥയെ സിനിമയാക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന  വെല്ലുവിളികള്‍ എല്ലാം അതിജീവിച്ചു എടുത്ത സിനിമ ആ കാലഘട്ടത്തിന്റെയും അന്നത്തെ രാജകുടുംബത്തിന്റെയും ഒക്കെ ജീവിത രീതിയുടെയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളുടെയും ഒക്കെ ഒരു നേര്‍പതിപ്പ്  ആകുന്നതു പ്രശംസനീയം തന്നെ ആണ് .

              DAVID SEIDLER റുടെ തിരക്കഥയും TOM HOOPER റുടെ സംവിധാന മികവും എടുത്തു പറയണം . ഒരുപാടു വിശദമായി പോകാന്‍ സാധ്യത ഉള്ള ഒരു പ്രമേയത്തെ കൃത്യമായ ഒരു സമയ-ദ്രിശ്യ പരിധിക്കുള്ളില്‍ നിജപെടുത്തി തയാറാക്കിയ തിരകഥ സിനിമയുടെ പ്രധാന സവിശേഷതയാണ് . അതിനു ചേരുംവിധം സംവിധായകന്‍റെ പ്രതിഭയുടെ സ്പര്‍ശം കൂടി ആയപ്പോള്‍ വെറുമൊരു ചരിത്രസിനിമ എന്നതിലും അപ്പുറത്തേക്ക് THE KINGS SPEECH വളര്‍ന്നു എന്ന് തന്നെ പറയാം . ഇതിലെ അഭിനയ പ്രകടനങ്ങള്‍ , പ്രത്യേകിച്ചും  കോളിന്‍ ഫിര്‍ത്ത് (COLIN FIRTH) , ജഫ്രി റഷ് (GOEFFREY RUSH ) എന്നിവരുടെ പ്രകടനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു . സൂര്യന്‍ അസ്തമിക്കാത്ത സാമ്രജ്യത്തിന്റെ  അധിപന്‍ ആയി ഇരികുംപോളും  ചക്രവര്‍ത്തി അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ മനസ്സില്‍ കയറുംവിധം തന്നെ അവതരിപ്പിക്കുന്നതില്‍ COLIN FIRTH നൂറുശതമാനവും വിജയിച്ചു .  രാജാവിന്‌ അത്രകണ്ട് എളുപ്പമല്ലാത്ത അതിജീവനത്തിനു കളമൊരുക്കി കൂടെ നില്‍ക്കുന്ന SPEECH THERAPIST  ആയി റഷും വളരെ തന്മയത്വതോടെ അഭിനയിച്ചു .

       ബ്രിട്ടീഷ്‌ രാജവംശത്തിന്‍റെ തന്നെ ചരിത്രത്തിലെ ഏറ്റവും പ്രചണ്ഡമായ ഒരു കാലഘട്ടത്തിലൂടെ  ആണ് സിനിമ സഞ്ചരിക്കുന്നത് .  ഒന്നാം ലോകമഹായുദ്ധാനന്തര ലോകം , അവിടുത്തെ എന്തും സംഭവിക്കാവുന്ന കലുഷിത രാഷ്ട്രീയ അന്തരീക്ഷം ,  അങ്ങനെ കുറെയേറെ കാര്യങ്ങള്‍ സിനിമയില്‍ വരുന്നുണ്ട് . ബ്രിട്ടന്‍റെ ചരിത്രത്തില്‍ മൂന്ന് രാജാക്കന്മാര്‍ ഭരിച്ച വര്‍ഷം-1936  സിനിമയില്‍ ഒരുപാടു നേരം വരുന്ന കാലഘട്ടം ആണ് . പഠിച്ചതും വായിച്ചറിഞ്ഞതും അയ ചരിത്രം മുഴുവന്‍ ഒരു പ്രൊജക്ഷനായി മനസ്സില്‍ തെളിഞ്ഞു വരും സിനിമ കാണുമ്പോള്‍ . എങ്കിലും അതിലെല്ലാം ഉപരിയായി സിനിമ തീരുമ്പോള്‍ രണ്ടു കഥാപാത്രങ്ങളെ  മനസില്‍ ഉണ്ടായിരുന്നുള്ളൂ . ജോര്‍ജ്ജ് ആറാമന്‍ രാജാവും അദേഹത്തിന്റെ സ്പീച് തെറാപ്പിസ്റ് ലയണല്‍ ലോഗും .

            ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുമ്പോളും ചരിത്രത്തേക്കാള്‍ ഉപരി ശ്രദ്ധ കഥാപാത്രങ്ങളില്‍ തന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞത് ഒരു വല്യ വിജയമാണ് . കൂടുതലും ഇന്‍ഡോര്‍ ഷോട്ടുകളിലൂടെയും സംഭാഷണങ്ങളിലൂടെയും കഥ വികസിക്കുന്ന രീതി അതിനു ഏറെ ഗുണകരമായി .  ചരിത്ര സംഭവം ആയതുകൊണ്ടും അതിലെ കഥാപാത്രങ്ങളില്‍ ചിലര്‍ ( എലിസബത്ത് രണ്ടാമ ) ഒക്കെ ഇപ്പോളും ജീവിച്ചിരിക്കുന്നകൊണ്ടും ചരിത്രം വളച്ചൊടിച്ചു സിനിമാറ്റിക് ആക്കാതെ സത്യസന്ധമായി തന്നെ ആണ് കഥ പറഞ്ഞിട്ടുള്ളത് . അതിന്‍റെ പേരില്‍ ആരും വിമര്‍ശിച്ചില്ല അന്ന് എന്നും തോന്നുന്നു . സംസാരിക്കാന്‍ ഉള്ള ബുദ്ധിമുട്ടും , വിക്കും അതുണ്ടാക്കുന്ന മാനസിക പിരിമുറുക്കത്തില്‍ ഉഴലുകയും ചെയ്യുന്ന ചക്രവര്‍ത്തിയെ അതിനാടകീയത ഇല്ലാതെ വളരെ സ്വാഭാവികമായി ചിത്രീകരിച്ചിട്ടുണ്ട് .

            സിനിമയുടെ ക്ലൈമാക്സ്‌ ചരിത്രപരമായ കാരണം കൊണ്ടും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന രീതികൊണ്ടും വളരെ മികച്ചതായി തോന്നി .  പതുക്കെ പതുക്കെ അതിജീവിച്ചു വരുന്ന രാജാവിന്‌  മുന്നില്‍ മറ്റൊരു പ്രതിസന്ധി . രണ്ടാം ലോകമഹായുദ്ധം പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രത്തെയും ലോകത്തെയും റേഡിയോയിലൂടെ അഭിസംബോധന ചെയ്തു സംസാരിക്കണം .  ആ പ്രതിസന്ധി  SPEECH THERAPISTന്‍റെ സഹായത്താല്‍ നേരിട്ട് വളരെ വിജകരമായി പ്രസംഗം പൂര്‍ത്തിയാക്കുന്നു .

 ചരിത്രത്തില്‍ അത്ര പ്രധാനം  ഇല്ലാത്ത ഒരു ചെറിയ സംഭവത്തെ ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍  കഴിഞ്ഞിട്ടുണ്ട്  സിനിമയില്‍ . രാജാവും ചക്രവര്‍ത്തിയും ഒക്കെ അതിനപ്പുറം വെറും മനുഷ്യനായി മാത്രമേ ഈ സിനിമയില്‍ അനുഭവവേദ്യമായോള്ളൂ.  ഒരു തരത്തില്‍ ചിന്തിച്ചാല്‍ ചരിത്രത്തോടൊപ്പം മനുഷ്യപക്ഷത്തു നില്‍ക്കുകയും  , മനുഷ്യനോടൊപ്പം നിന്ന് ഒരു ചരിത്ര വീക്ഷണവും നടത്തുകയും ചെയ്യുന്നുണ്ട് ഈ സിനിമയില്‍ എന്ന് തോന്നിപോയി .  അകാദമി അവാര്‍ഡ്‌ , ഗോള്‍ഡന്‍ ഗ്ലോബ്  തുടങ്ങി അഭിനയത്തിനും സംവിധാനത്തിനും  തിരകഥക്കും ഒക്കെ ഒരുപാടു പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകൂടി ആണ് ദി കിങ്ങ്സ് സ്പീച് .

           കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്ന് തന്നെയായ ഈ ചിത്രം ലോകമെമ്പാടും വിമര്‍ശകരുടെയും , സിനിമാ ആസ്വാദകരുടെയും ഒരുപാടു നല്ല വാക്ക് കേട്ടതാണ് . കണ്ടിട്ടിലെങ്കില്‍ കാണാന്‍ ശ്രമിക്കുക . ഒരു സമയ നഷ്ടം ആയി എന്ന് ഒരിക്കലും തോന്നില്ല .
                                                                              (വഴിപോക്കന്‍ )

Monday 14 October 2013

ഇടുക്കി ഗോള്‍ഡ്‌ - തലയ്ക്കു പിടിക്കുമ്പോള്‍


               ഇന്നലെ ആഷിക് അബുവിന്‍റെ പുതിയ ചിത്രം ഇടുക്കി ഗോള്‍ഡ്‌ കണ്ടു . വിവാദങ്ങളെയും വിമര്‍ശങ്ങളെയും ഒക്കെ മാറ്റി നിര്‍ത്തിയാല്‍ നല്ല  ചങ്കൂറ്റം ഉള്ള സിനിമ എന്ന് തന്നെ വിളിക്കണം ഇടുക്കി ഗോള്‍ഡ്‌നെ .   സാറ്റലൈറ്റ് വിപണനത്തിന്‍റെ അടിസ്ഥാനത്തില്‍ സിനിമയെ അളക്കുന്ന ഈ കാലത്ത് ഒരു രണ്ടാംനിര നായകന്മ്മാര്‍ പോലുമില്ലാതെ ,  സ്റ്റാര്‍വാല്യൂ തീരെ ഇല്ലാത്ത ചിലരെ വച്ച്,  മര്യാദക്ക് ഒരു കഥയോ , തിരക്കഥയോ ഇല്ലാതെ , ഒരു നായികയുടെപോലും സാന്നിധ്യം ഇല്ലാതെ ഇങ്ങനെയൊരു ചിത്രം ചെയ്യാന്‍ ഉള്ള പരിശ്രമം ചങ്കൂറ്റം അല്ലാതെ പിന്നെ എന്താണ് . ?  പക്ഷെ  ചങ്കൂറ്റം കൊണ്ട് മാത്രം സിനിമ നന്നാവില്ലല്ലോ . വിവാദങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും ഒക്കെ അപ്പുറം ഇടുക്കി ഗോള്‍ഡ്‌ ഒരു സിനിമ എന്ന നിലയില്‍ അര്‍ഹിക്കുന്ന സ്ഥാനവും ചില ഇഷ്ടക്കേടുകളും   ഒന്ന് വിലയിരുത്താന്‍ ശ്രമിക്കുകയാണ് .

             വിവാദം പൊട്ടിപുറപെട്ടപ്പോള്‍ ഫേസ്ബുക്ക്‌ നിരൂപകരും നമ്മുടെ സദാചാര പട്ടാളക്കാരും ഒക്കെ ആരോപിച്ചപ്പോലെ കഞ്ചാവ് , കള്ളുകുടി, തുടങ്ങിയവയെ മഹത്വവല്‍ക്കരിക്കുന്ന ഒരു STONER സിനിമ ആയി എനിക്ക് അനുഭവപ്പെട്ടില്ല . സമീപകാലത്ത് "കിളിപോയി " ആയിരുന്നു ഞാന്‍ കണ്ട ഒരു ഒത്ത കഞ്ചാവ് സിനിമ . അതുപോലെയൊന്നും അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുകയോ കഞ്ചാവ് വലിയും കള്ളുകുടിയും കാണിക്കാന്‍ വേണ്ടി മാത്രം ഉണ്ടാകുകയോ ചെയ്ത ഒരു സിനിമ അല്ല ഇടുക്കി ഗോള്‍ഡ്‌ . സിനിമ പറയുന്ന കഥയ്ക്ക് ആവശ്യമായ ഇടതു അല്ലാതെ അനാവശ്യമായി ഒരു മഹത്വവല്‍ക്കരണം തോന്നിയതും ഇല്ല .

            വളരെ ലളിതമായ  ഒരു പ്ലോട്ട് ആണ് ഈ സിനിമയുടേതു . വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തുന്ന മൈക്കിള്‍( പ്രതാപ്‌ പോത്തന്‍ ) തന്‍റെ പഴയ സ്കൂള്‍ ചെങ്ങാതിമാരെ പത്രപരസ്യം കൊടുത്തു കണ്ടു പിടിക്കുന്നു . അങ്ങനെ അവര്‍ ഒന്നിക്കുന്നു . അവര്‍ക്ക് കുറച്ചു ദിവസങ്ങള്‍ഒത്തുക്കൂടി ആ നല്ലകാലം ആഘോഷിക്കണം . പോയ്‌പ്പോയ ബാല്യത്തെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കണം  ഒപ്പം അവരുടെ കൌമാര കാലത്തിലേക്കുള്ള തിരിച്ചുപോക്ക് പൂര്‍ണമാക്കാന്‍ അന്ന് അവര്‍ വലിച്ചിരുന്ന ഇടുക്കി ഗോള്‍ഡ്‌ എന്ന കഞ്ചാവ് വീണ്ടും ഒന്ന് വലിക്കണം . അതിനായി അവര്‍ യാത്ര പോകുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും ആണ് പിന്നെ സിനിമയില്‍ ഉള്ളത് .  വലിയ ആകാംഷയോ ത്രില്ലെര്‍ സ്വഭാവമോ ഇല്ലാത്ത ഒരു സാധാരണ കഥയെ ആവും വിധം ലളിതമായി എന്നാല്‍ മനോഹരമായി തന്നെ അവതരിപ്പിക്കുക മാത്രമേ ഈ സിനിമയിലൂടെ ആഷിക് അബു ശ്രമിച്ചിട്ടുള്ളൂ. പക്ഷെ അത് ഒരു ആത്മാര്‍ഥശ്രമം ആയിരുന്നു എന്നു പറയാതെ വയ്യ .

                ഈ സിനിമയുടെ ആത്മാവ് ഷൈജു ഖാലിദിന്‍റെ  ക്യാമറ തന്നെ ആണ് . ഇടുക്കിയുടെ മനോഹാരിത കോടമഞ്ഞിന്റെ കുളിരിനൊപ്പം മനോഹരമായി നല്ല ക്ലോസ് റേഞ്ചില്‍ ഒപ്പിയെടുത്ത് ഷൈജു ഈ സിനിമയുടെ സീനുകള്‍ എല്ലാം മനോഹരമാക്കി . മടുപ്പിക്കാതെ പിടിച്ചിരുത്താന്‍ ഇതിലെ VISUAL RICHNESS നു സാധിച്ചിട്ടുണ്ടെങ്കില്‍ അത് ഷൈജുവിന്‍റെ മികവു തന്നെ ആണ് . രണ്ടാമതായി  ആ സന്തോഷക്കൂട്ടം , ബാബു ആന്റണി , രവീന്ദ്രന്‍ , മണിയന്‍പിള്ള , വിജയരാഘവന്‍ , പ്രതാപ്‌ പോത്തന്‍ . അവരുടെ സന്തോഷങ്ങള്‍ക്കൊപ്പം  അവരുടെ യാത്രയില്‍ നമ്മളെയും കൂട്ടികൊണ്ട്പോകുന്നു . വല്ലാത്ത ഒരു energetic ഫീല്‍ സിനിമക്ക് ഉണ്ടാകുന്നതില്‍ ഈ വയസന്‍ സംഘം നല്ല പങ്കു വഹിച്ചിട്ടുണ്ട്‌. ബാലതാരങ്ങള്‍ നടത്തിയ മികച്ച പ്രകടനവും വിസ്മരിച്ചു കൂടാ .  ഭൂതവും വര്‍ത്തമാനവും മാറി മാറി കണ്ടു കൊണ്ട്  കഥക്കൊപ്പം നമ്മള്‍ സഞ്ചരിക്കുന്ന ഒരു അനുഭൂതി ഉണ്ടാകുന്നുമുണ്ട് . ക്ലൈമാക്സ്‌ ലെ ആ സസ്പെന്‍സ് സാന്നിധ്യം വഴിപോക്കനായിട്ടു പൊളിക്കുന്നില്ല .  തിയേറ്റര്‍ തടവറയും ടിക്കറ്റിന്റെ കാശു പിഴയും ആയി അനുഭവപ്പെടാത്ത സിനിമകളുടെ കൂടെ എന്നും മനസുകൊണ്ട് നിന്നിട്ടുണ്ട് വഴിപോക്കന്‍ . കൂടുതല്‍ ഗഹനമായ ചിന്തയോ ആശയങ്ങളോ ഒന്നും മുന്നോട്ട് വയ്ക്കുന്നില്ലെങ്കില്‍കൂടിയും  നന്നായിട്ട് ആനന്ദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇടുക്കി ഗോള്‍ഡ്‌ . മാരകമായ കഥ വേണമെന്നു വാശിഉള്ളവര്‍ ആ വഴിക്ക് പോകാതിരുന്നാല്‍ നന്ന് .


             ഈ സിനിമ റിലീസിന് മുന്‍പ് ഉണ്ടാക്കിയ പോസ്റ്റര്‍ വിവാദങ്ങളും മറ്റും ഇനി ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന് തോന്നുന്നു . ആ വഴിക്ക് സിനിമക്ക് പ്രൊമോഷന്‍ കിടിയിരുന്നോ എന്ന് സംശയമാണ് . പക്ഷെ സിനിമ നേരിട്ട മറ്റൊരു വല്യ വെല്ലുവിളി ഇതൊരു സ്റ്റോണര്‍ സിനിമ ആണെന്ന് ആയിരുന്നു . പക്ഷെ അങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായില്ല .കഥയില്‍ കഞ്ചാവ് ഒരു കഥാപാത്രമായി വരുന്നതുകൊണ്ട് ഒഴിവാക്കാന്‍ ആവാത്ത രംഗങ്ങളില്‍   മാത്രമേ  അത്  ഉപയോഗിച്ചിട്ടും  ഉള്ളു .  മുപ്പത്തിയഞ്ചു വര്‍ഷങ്ങളുടെ അപ്പുറം തേടി പിടിച്ചു ഒന്നിക്കാന്‍ മാത്രം ആ സുഹൃത്തുക്കളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന ഘടകങ്ങളില്‍  നീല ചടയന്‍ കഞ്ചാവിന്റെ പുകയും ഉണ്ടായിരുന്നു . ആ പുകച്ചുരുളുകളുടെ നൊസ്റ്റാള്‍ജിയയിലേക്ക് ഉള്ള ആ സുഹൃത്തുക്കളുടെ  പ്രതിലോമഗതി അവരെ എത്തികുന്നത് മറ്റു ചില ഓര്‍മകളിലേക്ക് ആണ് . മറവിയുടെ കോട മൂടിപോയ കഴിഞ്ഞ കാലത്തിന്‍റെ ചില മോശം ഓര്‍മകളിലേക്ക് . നമ്മുടെ  യുവ തലമുറ  ഇതില്‍ നിന്നൊക്കെ എന്ത് പ്രചോദനം ആണ് ഉള്‍ക്കൊള്ളുക എന്നത് കണ്ടറിയണം .

            പരീക്ഷണങ്ങള്‍ നടത്തുകയും ഇടക്ക് സ്വയം വിവാദങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നത്കൊണ്ട് ആയിരിക്കും ആഷിക് അബുവിനു ചില  വട്ടപെരുകള്‍ ഒക്കെ വീണു തുടങ്ങി. മട്ടാഞ്ചേരി നോലന്‍, സ്പില്‍ബെര്‍ഗ് , കൊച്ചിന്‍ ടോറാന്റിനൊ  എന്നൊക്കെ കെട്ടു .  അദ്ധ്യായം തിരിച്ചു  ചില തലകെട്ടുകള്‍ നല്‍കി നടത്തിയ ചില ഹോളിവൂഡ്‌ പരീക്ഷണം ഈ ചീത്തപ്പേരുകള്‍ കൂട്ടാന്‍ മാത്രമേ ഉപകരിക്കു .  സാധാരണ MULTI LINEAR സിനിമകളിലും ( PULP FICTION പോലെ ) മറ്റും ഒക്കെ ഉപയോഗിച്ച് കാണാറുള്ള പഴയ ഹോളിവൂഡ്‌ ട്രിക്ക്  ഇതില്‍ ഒരു കല്ലുകടി ആയിട്ടാണ് അനുഭവപെട്ടതും .  പിന്നെ കാര്യമായ കഥ ഇല്ലാത്തതും ചിലര്‍ക്ക് അരോചകമായി തോന്നാം . ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ ആയിട്ടെ അക്കൂട്ടര്‍ക്ക്‌ ഈ സിനിമ അനുഭവപ്പെടൂ. വിമര്‍ശനത്തിന്റെ മൂര്‍ച്ചകൊണ്ട് കുത്തി പൊട്ടിക്കാന്‍ കഴിയുന്ന ഒരു ബലൂണ്‍ . എങ്കിലും  പച്ചതെറി , ശരീര പ്രദര്‍ശനം , വ്യഭിചാരം , ആഭിചാരം , ഗര്‍ഭം തുടങ്ങിയ   പുതിയ പ്രവണതകളെ പരമാവധി അക്കറ്റിനിര്‍ത്താന്‍ ശ്രമിച്ചിട്ടും ഉണ്ട് .  പക്ഷെ പകരം പരക്കുന്ന കഞ്ചാവ് പുകയും ആരോച്ചകമാകുന്നുണ്ട് എങ്കിലും .

             ഒരു നായിക ഇല്ലാത്ത സിനിമയാണ് ഇടുക്കി ഗോള്‍ഡ്‌ . അതൊരു കുറവായിട്ട് അനുഭപെട്ട സൗന്ദര്യ ആരാധകര്‍ കാണും പക്ഷെ അങ്ങനെ ഒരു നൂനത വഴിപോക്കന് തോന്നിയില്ല . പക്ഷെ നമ്മുടെ വൈവാഹിക ബന്ധങ്ങളിലെക്കും അതിന്‍റെ കെട്ടുറപ്പിലേക്കും ഒക്കെ എയ്യുന്ന അമ്പുകള്‍ തിരകഥാകൃതിന്റെ അല്ല മറിച്ചു സംവിധായകന്റെത് തന്നെ അവന്‍ ആണ് സാധ്യത . LIVING TOGETHER  എന്ന ആശയത്തില്‍ വിശ്വസിച്ചു ജീവിക്കുന്ന സംവിധായകന് എന്ത് കുടുംബം , എന്ത് ബന്ധം എന്ത് ഭദ്രത ? അത് പക്ഷെ പറയസ്യമായി വിളിച്ചു പറയുമ്പോള്‍ അന്തസായ കുടുംബജീവിതം നയിക്കുന്ന ബഹുപൂരിപക്ഷം പേരുള്ള ഒരു സമൂഹത്തിന്‍റെ അകത്താണ്  താന്‍ നില്‍ക്കുന്നത് എന്നത്  മറന്നതുപോലെ തോന്നി .

                കഥകൊണ്ട് പ്രേക്ഷകനെ കൊല്ലാതെ , ഉള്ള കഥ  സിനിമക്ക് മാത്രം സാധിക്കുന്ന രീതിയില്‍ ആസ്വാദ്യകരമായ ഒരു അനുഭവമാക്കി മാറ്റുന്ന വിദേശ സിനിമാ സാങ്കേതങ്ങളോടാണ് ഇടുക്കി ഗോള്‍ഡ്‌നു കൂടുതല്‍ അടുപ്പം .  ഇത് ഒരു വിദേശ സിനിമ ആയിരുന്നെങ്കില്‍ കുറ്റം പറയുന്നവര്‍ ഒക്കെ superb, awesome, തുടങ്ങിയ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയേനെ . അധികം ചിന്തകള്‍ ഇല്ലാതെ , തിയേറ്ററില്‍  ഇരുന്നു ബുദ്ധിജീവി വിശകലനം നടത്താതെ  , മുന്‍വിധികളില്ലാതെ സിനിമ ആസ്വദിക്കാന്‍ വേണ്ടി പോകുന്നവരെ നിരാശപ്പെടുത്താത്ത ഒരു സിനിമ ആണ് ഇടുക്കി ഗോള്‍ഡ്‌ എന്നാണ് വഴിപോക്കന്റെ അഭിപ്രായം .  നമ്മുടെ പുതു തലമുറ  ഇതിനെ ഒരു സിനിമ ആയി മാത്രം കണ്ടു , ഇതില്‍നിന്നൊരു മോശം പ്രചോദനവും ഉള്കൊള്ളാതിരിക്കട്ടെ .


TAIL PIECE :-   പ്രതാപ്‌ പോത്തനും പി സി ജോര്‍ജ്ജ്ഉം തമ്മില്‍ ഒരു തെറി മത്സരം നടത്തിയാല്‍ ആരു ജയിക്കും ?  ഏതായാലും ഇത്രയും നന്നായി അസഭ്യം പറയാന്‍ അറിയാവുന്ന അദ്ദേഹത്തെ നമ്മുടെ ന്യൂ ജെനറേഷന്‍ സിനിമാക്കാര്‍ വേണ്ട വിധത്തില്‍ അറിയാതെ പോയി ...

                                               (വഴിപോക്കന്‍ )

Thursday 10 October 2013

THE GOOD ROAD - എവിടേക്ക് നയിക്കുന്നു ?

       
             THE GOOD ROAD (2013) - ഓസ്കര്‍ വേദിയിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക സിനിമ ആയി തിരഞ്ഞെടുക്കപെട്ടു വിവാദങ്ങളില്‍ നിറഞ്ഞു നിന്ന സിനിമ . LUNCH BOX നെ ക്കുറിച്ച് എഴുതി നിര്‍ത്തിയിടത്തു നിന്നാണ് ഗുഡ് റോഡിനെ പറ്റി ചിന്തിച്ചു തുടങ്ങേണ്ടത് .  ഒരു സാധാരണ സിനിമ ആസ്വാദകനായ എനിക്ക് THE GOOD ROAD എന്ന സിനിമ എങ്ങനെ അനുഭവവേദ്യമായി എന്നതിലേക്കു ഒരു ചിന്തനം മാത്രമാണ് മറിച്ചു  ഒരു വിമര്‍ശനമല്ല  ഇത് എന്ന് ആദ്യമേ പറയട്ടെ .

             GYAN CORREA എന്ന പുതുമുഖ സംവിധയകന്‍ ദേശിയ സിനിമാ വികസന കോര്‍പറേഷന്‍റെ സാമ്പത്തിക സഹകരണത്തോടെ ചെയ്ത സിനിമ ആണ് ദി ഗുഡ് റോഡ്‌(ഗുജറാത്തി ) . ഗുജറാത്തിലെ കച്ച് മേഘലയിലെ ഹൈ വേയില്‍ ആണ് കഥ അരങ്ങേറുന്നത്.  പരസ്പരം സന്ധിക്കുന്ന സ്റ്റോറി ലൈനുകള്‍ കൊണ്ട് കഥ പറയുന്ന ബഹുരേഖീയ സമീപനം (MULTILINEAR) ആണ് സിനിമക്ക് .  ഒരു വ്യാജ അപകടം സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിക്കാന്‍ പോകുന്ന ഒരു ട്രക്ക് ഡ്രൈവര്‍, പപ്പു  , അയാളുടെ സഹായി എന്നിവര്‍ ആണ്  ഒരു കഥയില്‍. ഒരു അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന ദമ്പതികള്‍ക്ക് ഇടക്ക് വഴിയില്‍ വച്ച് വളരെ നാടകീയമായി അവരുടെ കുട്ടിയെ നഷ്ടപ്പെടുന്നു . കുട്ടിയെ തേടി മാതാപിതാക്കളും പോലീസും . എന്നാല്‍ കുട്ടി എത്തിപ്പെടുന്നത് ആ ട്രക്ക് ഡ്രൈവരുടെ അടുത്താണ് , അവനെ മാതാപിതാക്കളുടെ അടുത്തെത്തിക്കാന്‍ വേണ്ടി അവനെ അയാള്‍ ഒപ്പം കൂട്ടുന്നു . അവരുടെ ജീവിതങ്ങളില്‍  ഒരു ദിവസം ആ ഹൈവേയില്‍ വച്ച്  അരങ്ങേറുന്ന  നാടകീയ സംഭവങ്ങള്‍ . ഇതാണ് സിനിമയുടെ ഒരു പ്രധാന കഥാ തന്തു. ഇതിലേക്ക് എഴച്ചു കെട്ടിയപോലെ തന്നെ എനിക്ക് അനുഭവപ്പെട്ട മറ്റൊരു കഥ അടിച്ചേപ്പിച്ചിരിക്കുന്നു . പുനം എന്ന ബാലികയുടെ കഥ . തന്‍റെ മുത്തശിയെ കാണാന്‍ ഇറങ്ങി പുറപ്പെട്ടു ഒരു  വേശ്യാസത്രത്തില്‍ എത്തിപെടുന്ന , ബാലികയുടെ കഥ .   ഇവര്‍ക്ക് മൂന്ന് കൂട്ടര്‍ക്കും ആ  ഹൈ വേ ഒരു ഗുഡ് റോഡ്‌ തന്നെ ആയി ഭവിക്കുന്നത് എങ്ങനെയെന്നാണ് തുടര്‍ന്നുള്ള കഥ .

                  ആദ്യം ഇഷ്ടങ്ങള്‍ പറയാം . ഗുജറാത്തിലെ ഗ്രാമാന്തരീക്ഷം,  അവിടെ കാണുന്ന ചില നന്മകള്‍ , എന്നിവയെല്ലാം കൊണ്ട് വളരെ RICH VISUALS തന്നെ ആണ് സിനിമക്കുള്ളത് . ഒരൊറ്റ ഇന്‍ഡോര്‍ സീന്‍ പോലും ഇല്ലാത്ത സിനിമ ആണിത് . പൂര്‍ണമായും വാതില്‍പുറ ചിത്രങ്ങള്‍ നടത്തേണ്ടി വന്നപോഴും വളരെ മനോഹരമായി അത് ചെയാന്‍ സംവിധയകന് കഴിഞ്ഞു . ഒരല്പം  യുക്തിചിന്തകള്‍ ചോദ്യചിഹ്നം ഉയര്‍ത്തിനില്‍ക്കുന്നു എങ്കിലും മനോഹരമായ പ്രമേയം , ലളിതമായ ആഖ്യാനം  എന്നിവ എടുത്തു പറയണം . സിനിമാ കണ്ണുകള്‍ ഗ്രാമത്തിലേക്ക് ഇറങ്ങി ചെന്നപോഴൊക്കെ  സുന്ദരമായ സിനിമാ കാഴ്ചകളും പുറം മോടികള്‍ ഇല്ലാത്ത പച്ചമനുഷ്യരെയും എന്നും കാണാന്‍ സാധിച്ചിട്ടുണ്ട് . ഇതിലെ ഡ്രൈവര്‍ പപ്പു അതുപോലെ ഉള്ള ഒരു കാഴ്ച ആണ് . ഒരിക്കല്‍പോലും സിനിമ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്‍ ആണെന്ന് അയാള്‍ സംവിധയകന്‍ തന്നെ പറഞ്ഞു കേട്ടു .   NFDC യുടെ പ്രോത്സാഹനവും സഹായവും എടുത്തു പറയണം . പാരരല്‍ സിനിമാ ശ്രമങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള കോര്‍പരേഷന്‍ എല്ലാ ഭാഷകളിലും നല്ല സിനിമകള്‍ക്ക്‌ എന്നും പ്രചോദനം ആകാറുണ്ട് (മലയാളത്തില്‍ മങ്കമ്മ ). വ്യത്യസ്തമായ ഇതുപോലുള്ള ശ്രമങ്ങളെ   പരിപോഷിപിച്ചുകൊണ്ട് നല്ല സിനിമയുടെ പക്ഷം നില്ക്കാന്‍ NFDC  ഇനിയും മുന്നോട്ടു വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

                   സിനിമ പ്രത്യേകിച്ച് ഒരു സന്തോഷവും നല്‍കിയില്ല എന്നാണ് എന്‍റെ വ്യക്തിപരമായ അനുഭവം . MULTI- LINEAR  സമീപനം സിനിമക്ക് പ്രത്യേകിച്ച് ഒരു ഗുണവും ച്യ്തില്ല . കഥകള്‍ പരസ്പരം സന്ധിക്കുന്നതില്‍ അതിനാടകീയത അനുഭവപ്പെടുകയും ചെയ്തു . ഉപരിപ്ലവമായ സമീപനം  ആണ് തിരകഥയില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞത് . ഹൃദയത്തില്‍ കടക്കാന്‍  കഴിയാതെ പോയതിനു കാരണവും മറൊന്നല്ല . എങ്കിലും നമ്മളെ ബോര്‍ അടിപ്പിക്കാത്ത വലിച്ചില്‍ ഇല്ലാതെ കണ്ടിരിക്കാവുന്ന നല്ല സിനിമയാണ് എന്ന് ആവര്‍ത്തിച്ച്‌ തന്നെ പറയുന്നു .  സിനിമയുടെ ഭാഷ തീരുമാനിക്കുന്നത് എഡിറ്റിംഗ് ആണെന്ന് മഹാത്‌വചനം. ഈ സിനിമക്ക് എഡിറ്റര്‍ ഉണ്ടായിരുന്നോ എന്ന് സംശയം തോന്നി .  കഥയുടെ ദ്രിശ്യഭാഷ്യത്തിന്‍റെ സ്വാഭാവിക ഒഴുക്ക്  ഇതില്‍ കാണാന്‍ കഴിയാതെ പോയതിനു കാരണം മോശം എഡിറ്റിംഗ് തന്നെ .  വേറിട്ട ഒരു പ്രമേയത്തെ  സിനിമാരൂപത്തില്‍ ലളിതമായി  പ്രേക്ഷകനോട്  സംവദിക്കാന്‍ ഉള്ള ശ്രമം അല്ലാതെ ആശയപരമായ  പ്രചണ്ഡത  ഈ സിനിമക്ക് അവകാശപ്പെടാന്‍ ഇല്ല ,അത് വേണമെന്ന് നിര്‍ബന്ധം ഇല്ല എങ്കിലും

               ഈ സിനിമ ഉയര്‍ത്തിയ യാഥാര്‍ത്ഥ്യ ചോദ്യങ്ങള്‍ ഇതൊന്നും അല്ല എന്നതാണ് സത്യം . ലഞ്ച് ബോക്സ്‌ നേക്കാള്‍ ഇതിനു എന്ത് മഹത്വം ആണ് ഉള്ളതെന്നും  ഓസ്കാര്‍നു അയക്കാനുള്ള യോഗ്യത തികഞ്ഞ സിനിമ ആണോ ഇതെന്നും  ആയിരുന്നു അവ . ലഞ്ച് ബോക്സ്‌  OVERRATED സിനിമ ആണെന്ന് ഒരു അഭിപ്രായം ഞാന്‍ പ്രകടിപ്പിച്ചിരുന്നു . THE GOOD ROAD അതിലും  മഹത്തായ കലാസ്രഷ്ടി ആണെന്ന അഭിപ്രായം എനിക്കില്ല .  എന്ന് വച്ചാല്‍ ഇവയൊന്നും മോശം സിനിമയാനെന്നല്ല . ഇത്രമാത്രം വിവാദം ഉണ്ടാക്കാനും പരസ്പരം പഴിപറയാനും മാത്രം ഇതില്‍ ഒന്നും ഇല്ല എന്നതാണ് വാസ്തവം . എന്നാല്‍ രണ്ടും ഈ അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമകളില്‍ കണ്ട വേറിട്ട , മനുഷ്യ പക്ഷത് നില്‍ക്കുന്ന നല്ല സിനിമകള്‍ ആണ് . രണ്ടു സിനിമകളിലെയും പ്രമേയത്തിലെ വ്യത്യസ്തത അംഗീകരിച്ചേ മതിയാവൂ .  ലഞ്ച് ബോക്സ്‌ മുംബൈയുടെ നാഗരികമനസ്സിനൊപ്പം epistolary കഥാരീതി അവലംബിച്ചപ്പോള്‍ ഗുഡ് റോഡ്‌ ഗ്രാമമനസിനൊപ്പം നിന്ന്ബഹുരേഖേയമായി കഥപറച്ചില്‍ നടത്തുന്നു . രണ്ടു സിനിമകളും കുറെയേറെ പ്രശംസ അര്‍ഹിക്കുന്നു .

                 ഓസ്കാര്‍ വിവാദത്തെ കുറിച്ച് സംസാരിക്കവേ എന്‍റെ ഒരു സുഹൃത്ത്‌ പറഞ്ഞത് ഇങ്ങനെയാണ് . "അമ്പതു വര്‍ഷം സിനിമ അയച്ചിട്ടും നമ്മുക്ക് കിടിയത് മൂന്ന് നോമിനേഷന്‍ ആണ് . അതിനപ്പുറം കടക്കുന്ന അന്നു മാത്രമേ ഇതിനൊക്കെ ഇത്ര പ്രാധാന്യം കൊടുക്കേണ്ടതുള്ളൂ.  ഒരു ചടങ്ങു , അത്ര തന്നെ ... ലഞ്ച് ബോക്സ്‌ , ഗുഡ് റോഡ്‌ ഇനി നമ്മുടെ  ശ്രിങ്കാരവേലന്‍ ആയാലും വിരോധം ഇല്ല . "  ഒരു ശരാശരി സിനിമാപ്രേമിയുടെ  അഭിപ്രായം ഇങ്ങനെ തന്നെ ആകുന്നതില്‍ ഒരു കുറ്റവും കണ്ടെത്താന്‍ കഴിഞ്ഞില്ല . ഈ രണ്ടു സിനിമകളില്‍ എതാണ് യോഗ്യന്‍ എന്നത് ഉന്നതതലത്തില്‍ ബുദ്ധിജീവി ചര്‍ച്ചകള്‍ ആവശ്യപ്പെടുന്ന വിഷയമാണ്‌ . കാരന്‍ ജോഹര്‍ , അനുരാഗ് കശ്യപ് എന്നിവരുടെ പ്രതികരണത്തില്‍ ഒരല്പം ആത്മാര്‍ഥത ഉണ്ട് എന്ന് THE GOOD ROAD  ആണ്  തോന്നിപ്പിച്ചത്  . ചിരിപ്പിക്കുക്കോ ചിന്തിപിക്കുകയോ ചെയ്യ്‌ന്നതിനപ്പുറം സിനിമ ആസ്വാദ്യകരമായ ഒരു അനുഭവം ആകേണ്ടതുണ്ട് . തിയേറ്ററിലെ ഇരുട്ടില്‍ ഓരോ പ്രേക്ഷകനോടും അവന്‍റെ   ചിന്തയ്ക്കൊപ്പം വെവ്വേറെ ആണ് സിനിമ സംവദിക്കുന്നതും .

            പ്രത്യേകിച്ചൊരു ചിന്തയോ മൂല്യമോ അവകാശപ്പെടാന്‍ ഉണ്ട് ഗുഡ് റോഡ്‌ എന്ന സിനിമയ്ക്ക് എന്ന് എനിക്ക് തോന്നാഞ്ഞത് എന്‍റെ ആസ്വാദനത്തിന്റെ പ്രശനമാകാം . വലിയ ചിന്തകള്‍ക്കും ദര്‍ശനങ്ങള്‍ക്കും  അപ്പുറം സിനിമ നല്‍കുന്ന ആസ്വാദനവും  സംതൃപ്തിയും ആണ്  RATING ആയി കൊടുക്കേണ്ടതെങ്കില്‍ കൃത്യമായി വിലയിരുത്തിയത് imdb ആണെന്ന് പറയേണ്ടിയുംവരും .   എന്‍റെ ചിന്തയോട് ചേര്‍ന്ന ഒരു വിലയിരുത്തല്‍ അവിടെയെ കണ്ടോളു രണ്ടു ചിത്രങ്ങളുടെ കാര്യത്തിലും .  അങ്ങനെ ചിന്തികുമ്പോള്‍ പല കാരണങ്ങള്‍ കൊണ്ട്  മുംബൈയിലെ ലഞ്ച്ബോക്സിലെ രുചി ഗുജറാത്തിലെ ഹൈ വേ ഡാബകളില്‍നിന്ന് അനുഭവവേദ്യമായില്ല എന്ന് പറയാന്‍ മടിക്കേണ്ടതില്ല എന്ന് തോന്നുന്നു .ഇതില്‍ നിന്ന് ഭിന്നമായ അഭിപ്രായം തീര്‍ച്ചയായും പലര്‍ക്കും കാണും  .  രണ്ടു സിനിമയുടെ നല്ല വശങ്ങളും നന്മയും പൂര്‍ണമായി ഉള്കൊണ്ടുകൊണ്ട്  ഇത്തരം മികച്ച സിനിമാ പരിശ്രമങ്ങളെ മാനിച്ചുകൊണ്ടും തന്നെയാണ് ഈ അഭിപ്രായ പ്രകടനം നടത്താന്‍ ഞാന്‍ ശ്രമിച്ചതും .

വാല്‍കഷണം : SHIP OF THESEUS എന്നൊരു സിനിമ ഇവിടെ ഇറങ്ങി കുറച്ചു പേരൊക്കെ കണ്ടു നല്ല അഭിപ്രായങ്ങള്‍ കേട്ടിരുന്നു. ഓസ്കാര്‍ വേദിയിലേക്ക് വരെ ആദ്യം പറഞ്ഞു കേട്ട പേരായിരുന്നു . പേരിലെ   ആ വിരോധാഭാസ ചിന്ത ഒരു ബുദ്ധിജീവി സ്വഭാവം നല്‍കുന്നുണ്ട്  എന്നതുകൊണ്ടാണോ? അധികമാരും കാണാന്‍ മെനക്കെട്ടില്ല .

                                                    ( വഴിപോക്കന്‍ ) 

Tuesday 8 October 2013

LUNCH BOX തുറന്നപ്പോള്‍ ........

        

    ഈയിടെ അരങ്ങേറിയ ചില വിവാദങ്ങളും  പ്രസ്താവനകളും ആണ്  റിതേഷ് മിശ്ര യുടെ  THE LUNCH BOX- 2013 എന്ന സിനിമ കാണാന്‍ ഉണ്ടായ പ്രേരണ . ലോക സിനിമയോടു കിടപിടിക്കുന്ന ഇന്ത്യന്‍ സിനിമ എന്ന് പറഞ്ഞു കേട്ടപ്പോള്‍ ഉണ്ടായ ജിജ്ഞാസയും ഇര്‍ഫാന്‍ ഖാന്‍ എന്ന നടനില്‍ എനിക്കുള്ള പ്രതീക്ഷയും കൂടി   ആയപ്പോള്‍ കണ്ടു .  ആദ്യമേ പറയട്ടെ ലഞ്ച് ബോക്സ്‌ ഒരുപാടു ഇഷ്ടമായ നല്ല ഒരു സിനിമയാണ് . എങ്കിലും ചില ചിന്തകള്‍ അവശേഷിപ്പിക്കുന്നു .

    ഈ അടുത്ത് കണ്ട ഇന്ത്യന്‍ സിനിമകളില്‍ വളരെ ഇഷ്ടമായ ഒന്നാണ്  THE LUNCH  BOX.  അതിവാച്ചലതയോ ആലങ്കാരിക ഭാഷയോ ഇല്ലാതെ  മസാല പുരട്ടി എരുവും പുളിയും കൂടാതെ സിനിമ എന്ന കലാരൂപത്തിന്റെ എല്ലാ കാല്‍പനിക സാധ്യതകളും ഭംഗിയായി ഉപയോഗപ്പെടുത്തിയ ഒരു സിനിമയാണ് ഇത് . പ്രമേയത്തിലെ വേറിട്ട സ്വഭാവം , ആഖ്യാനത്തിലെ പുതുമ  എന്നിവ തന്നെയാണ് ഈ സിനിമയുടെ ശക്തി .  വിഭാര്യനും മദ്ധ്യ വയസ്കനും അയ ഫെര്‍ണാണ്ടസും  ഈല എന്ന വീട്ടമ്മയും തമ്മില്‍ പരിചയപ്പെടുന്നു - ഡബ്ബവാല കളുടെ ഒരു അബദ്ധത്തിലൂടെ . തന്‍റെ ഭര്‍ത്താവിന്‍റെ ശ്രദ്ധയും പരിഗണനയും വീണ്ടെടുക്കാന്‍ വേണ്ടി അയാളെ പാചകത്തിലൂടെ കീഴടക്കാന്‍ ശ്രമിക്കുന്ന ഒരു പാവം വീട്ടമ്മ ആണ് അവര്‍ . പക്ഷെ ഡബ്ബാവാല ശ്രിംഖലയിലെ ഒരു ചെറിയ പിഴ കൊണ്ട് ആ ഭക്ഷണ സഞ്ചികള്‍ എത്തുന്നത്‌ ഫെര്‍ണാണ്ടസ്ന്‍റെ അടുത്താണ് . ( മുംബയിലെ ലോക പ്രസിദ്ധമായ ഡബ്ബവാലകകള്‍ക്ക് ഇങ്ങനെ ഒരു കൈപിഴ പറ്റില്ല , പറ്റിയ ചരിത്രമില്ല എന്നൊന്നും വാദിക്കരുത് ) . ഭക്ഷണം വഴിതെറ്റി വേറെയാള്‍ക്ക്ആണ് കിട്ടുന്നത് എന്ന് അറിഞ്ഞു അവര്‍ അതില്‍ ഒരു കത്ത് വയ്ക്കുന്നു .  ലഞ്ച് ബോക്സില്‍ വയ്ക്കുന്ന കത്തുകളിലൂടെ അവര്‍ തമ്മില്‍ ഉടലെടുക്കുന്ന ഒരു ബന്ധത്തിന്‍റെ കഥയാണ് സിനിമ പറയുന്നത് . വിഭാര്യനായ ആയാളും  അസംതൃപ്തായ അയ ആ വീട്ടമ്മയും തമ്മില്‍ ഉണ്ടാകുന്ന  ആ ബന്ധം അവരെ എവിടെ എത്തിക്കുന്നു ?  കത്തുകളില്‍ കൂടെ മാത്രം സംവദിക്കുന്ന  അവരെ കാത്തിരിക്കുന്നതെന്തു ?

             സിനിമയില്‍ എടുത്തു പറയേണ്ടത് രണ്ടു പേരുടെ അഭിനയങ്ങള്‍ കൂടി ആണ് . ഇര്‍ഫാന്‍ ഖാനും നിമ്രത് കൌറും . ഓം പുരി , നസ്രുദീന്‍ ഷാ , നാന പടേക്കര്‍ , അജയ് ദേവ്ഗന്‍   ഇപ്പൊ ഇതാ ഇര്‍ഫാന്‍ ഖാനും .  പാന്‍സിംഗ്നും ലൈഫ് ഓഫ് പൈക്കും ശേഷം ഇപ്പൊ ഇതാ ലഞ്ച് ബോക്സ്‌ഉം . ഇര്‍ഫാന്‍ അഭിനയിക്കുന്നത് കാണാന്‍ തന്നെ ഒരു അരങ്ങാണ് .  കൂടുതല്‍ അംഗീകാരങ്ങള്‍ ആ നല്ല നടനെ തേടി വരാന്‍ ഇരിക്കുന്നതേ ഉള്ളു .  വളരെ മികച്ച പ്രകടനം ആണ് നിമ്രത് കൌറും നടത്തിയിട്ടുള്ളത് . മുഖത്ത് CADBURY  SILK ഉം പറ്റിച്ചു പരസ്യത്തില്‍ കണ്ട ആ സുന്ദരി ആണ് ഇത് വിശ്വസിക്കാനേ കഴിഞ്ഞില്ല .   ഇര്‍ഫാന്‍ന്‍റെ സഹപ്രവര്‍ത്തകന്‍ ആയി അഭിനയിച്ച ആ നടനും  ( മുന്‍പ് തലാഷില്‍ കണ്ടിട്ടുണ്ട് ആ മുഖം ) വളരെ മികച്ചു നിന്നു.

          സിനിമയെ വേറിട്ട്‌ നിര്‍ത്തുന്നത് ഇതിന്‍റെ പ്ലോട്ട് ആണ് .ഒരിക്കലും കാണാത്തവര്‍ തമ്മില്‍  ഉള്ള  തൂലിക  സൌഹൃദവും  ഫോണ്‍ ബന്ധങ്ങളും ഒക്കെ സിനിമയില്‍ പലപ്പോഴും വിഷയമാകാറുണ്ട് എങ്കിലും ചോറ്റുപാത്രത്തിലേക്ക് ആരും കടന്നു ചെന്നിരുന്നില്ല .  വായിക്കുന്ന അക്ഷരങ്ങളിലൂടെ ഇത്രയും ബന്ധം  ഉണ്ടാകുമോ എന്നൊക്കെ  ചില പുതുതലമുറക്കാര് ചോദിച്ചു കേട്ടു . ഒരിക്കലും കത്തെഴുതിയിട്ടില്ലാത്ത  പ്രേമലേഖനം വരെ ഫോര്‍വേഡ് മെസേജ് അയക്കുന്ന അവര്‍ ഇതിലപ്പുറവും ചോദിക്കും . പുറം കാഴ്ചകളുടെ മായാലോകമായ ഇന്റര്‍നെറ്റ്‌ , ഫേസ്ബുക്ക്‌ എന്നിവയിലേക്ക് പിറന്നു വീണവര്‍ക്ക്  കത്ത് , എഴുത്ത് , എന്നൊക്കെ കേട്ടാല്‍ അത്ര തന്നെ .
             സിനിമ പറഞ്ഞതും പറയാതെ വച്ചതും അയ കഥയെക്കാള്‍ ഏറെ  അതുണ്ടാക്കിയ വിവാദങ്ങളിലേക്കും കൂടി  ഒന്ന് എത്തി നോക്കേണ്ടിയിരുക്കുന്നു . റിലീസ്‌ ചെയുന്നതിന് മുന്‍പ് ഈ സിനിമക്ക് വളരെ വലിയ പ്രചാരണവും പരസ്യവും നല്‍കിയിരുന്നു . അതിന്‍റെ ഫലം തിയേറ്ററുകളില്‍ കാണാനും കഴിഞ്ഞു . നല്ല സിനിമക്ക് തിയേറ്ററില്‍ ആളുണ്ടാകുന്നത് എന്നും സന്തോഷമാണ് .   ചിലര്‍ ഇതിനു സ്തുതി പാടി പ്രകീര്‍ത്തിച്ചു .  ബുദ്ധിജീവി ജാട ഉള്ള എല്ലാ സിനിമാ നിരൂപകരും മുന്‍വിധികളോടെ സിനിമ കാണാന്‍ പോകുന്നവര്‍ ആണല്ലോ . അവര്‍ക്ക് ഒന്നുകില്‍ എഴുതി തറ പറ്റിക്കണം അല്ലെങ്കില്‍ പ്രകീര്‍ത്തിച്ചു സ്വര്‍ഗത്തില്‍ എത്തിക്കണം . അങ്ങനെ ചിലര്‍ ഈ സിനിമയെ 5/5 , 10/10  എന്നും ഒക്കെ റേറ്റ് ചെയ്തിരുന്നു .  സ്തുതിപാടകരുടെ വക  അസ്സല്‍ സാഹിത്യത്തില്‍ ഒന്നര പേജ് റിവ്യൂ പലയിടത്തും കണ്ടു . ചില ചാനലുകളിലും ഇതുതന്നെ ആവര്‍ത്തിച്ചു . പക്ഷെ അത് ഒരു അതിശയോക്തി ആയിട്ടാണ് തോന്നിയത് . ANURAG KASHYAP , KARAN JOHAR  പിന്നെ ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ വലിയ പേരുകാര്‍ നേരിട്ട് ഇടപെട്ട് പ്രചരിപിച്ചതിന്റെ ഫലം ആയിരിക്കണം ആ OVERRATING  . മികച്ച സിനിമ , ഈ അടുത്തെയിടക്ക് ഇറങ്ങിയ ഏറ്റവും മികച്ച സിനിമ എന്നതിലുപരി ഈ പറഞ്ഞുകേട്ട  അഭിപ്രായങ്ങളില്‍ മുഴുവന്‍ സത്യം ഇല്ല എന്നാണ് വഴിപോക്കന്‍ നേരിട്ട് കണ്ടു ബോധ്യപ്പെട്ടത് .
      മറ്റൊരു കാര്യം കൂടി പറയേണ്ടിവരുന്നു . ഓസ്കാര്‍ നാമനിര്‍ദ്ദേശത്തിനുള്ള ഇന്ത്യന്‍ എന്‍ട്രി തീരുമാനിക്കുന്ന ഇന്ത്യന്‍ ഫിലിം ഫെഡറെഷന്‍ ഒരുപാടു വിമര്‍ശിക്കപെട്ടിരുന്നു . 22 സിനിമകള്‍ കണ്ടു അവര്‍ തിരഞ്ഞെടുത്തതു ദി ഗുഡ് റോഡ്‌ എന്ന ഗുജറാത്തി ചിത്രം ആയിരുന്നു . കഷ്യപും ജോഹറും പരസ്യ പ്രസ്താവന ഇറക്കി പ്രതിഷേധം അറിയിച്ചു ( അതോ കൊതി കുത്താലോ ?? ) . ഇത്തരം വിവാദങ്ങള്‍ എന്തിന്‍റെ പേരില്‍ ആണെന്നത്  പൂര്‍ണമായും മനസിലാകാന്‍ THE GOOD ROAD  കാണേണ്ടിയിരിക്കുന്നു . ഏതായാലും കണ്ടാല്‍ മോശം എന്ന് ആരും പറയാത്ത ഒന്നാംതരം സിനിമ തന്നെയാണ്  THE LUNCH BOX .   വിവാദങ്ങള്‍ക്ക് അപ്പുറം അതിനു ചില മാനങ്ങളും ഉണ്ട് , ഓസ്കാറിനു പോകാന്‍ ആരാണ് യോഗ്യന്‍ എന്നൊക്കെ ഉള്ളത്  ചോദ്യമാണ് എങ്കിലും . അമിതമായ പ്രതീക്ഷ ആവാം അവരെകൊണ്ട്  പൊതുവേദിയില്‍ വിഴുപ്പലക്കിച്ചത് ( അതോ നൂതന വിപണന തന്ത്രമോ ?)!!

ടെയില്‍ പീസ്‌ :- നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്ന പലഹാരം പോലെ ആണ് മിക്കവാറും അവരുടെ സിനിമയും . പല നിറത്തിലും പല രൂപത്തിലും കമനീയമായി അലങ്കരിച്ചതും ഒക്കെ ആയിരിക്കും . പക്ഷെ എടുത്തു വായില്‍ വച്ചാല്‍ എല്ലാത്തിനും ഒരേ രുചി .. ഒന്നുകില്‍ ഷുഗര്‍ സിറപ്പിന്റെ  അല്ലെങ്കില്‍ പാലിന്റെയും പഞ്ഞസാരയുടെയും ...   ഇത് ഏതായാലും വേറിട്ട രുചി ആണ് തന്നത് .
                                                
                                                         (വഴിപോക്കന്‍ )

Monday 7 October 2013

"BABAM VE OGLUM " - ഒരു തുര്‍ക്കി സിനിമാ പരിചയം

    


       "BABAM VE OGLUM "( My father and My Son )  -  2005 ഒരു തുര്‍ക്കി(Turkish) സിനിമ ആണ് . പേരുപോലെ തന്നെ മകന്‍, അച്ഛന്‍, കൊച്ചു മകന്‍ തുടങ്ങി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു മനോഹര സിനിമയാണ് ഇത് . ഹോളിവൂഡും ഫ്രെഞ്ചും  കൊറിയനും ഒക്കെ അപുറത്തുള്ള സിനിമാ ലോകം തേടി പോയിട്ടുള്ളപ്പോള്‍ ഒക്കെ ഇതുപോലുള്ള കുറെ സിനിമകള്‍ പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട് .

              വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന ഇടതു ചിന്താഗതിക്കാരനായ സാദിക്ക് എന്ന  വ്യക്തിയുടെ ജീവിതം , ആറു വയസുള്ള അയാളുടെ മകന്‍ ഡെനിസ്, പരുക്കന്‍ സ്വഭാവമുള്ള അച്ഛന്‍,  അവരുടെ ജീവിതം , കുടുംബ ബന്ധങ്ങള്‍ , ആശയ ഭിന്നതകള്‍ , സംഘര്‍ഷങ്ങള്‍ ഇവയെല്ലാം ആണ് സിനിമയിലൂടെ സംവിധായകന്‍ പറയുന്നത് . ഒപ്പം മനുഷ്യബന്ധങ്ങളുടെ തീക്ഷണത വിളിചോതുകയും   ഒപ്പം  ചിന്തഗതികളിലെ  വ്യക്ത്യാധിഷ്ഠിത വൈരുദ്ധ്യങ്ങള്‍ ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും വരച്ചു കാട്ടുന്നുന്നും ഉണ്ട് ചിത്രം .

              പ്രസവത്തെ തുടര്‍ന്ന് സാദിക്കിന്റെ ഭാര്യ മരിച്ചു പോയി . തുര്‍കിയിലെ ഭരണ അട്ടിമറിയുടെ ചരിത്ര നാളുകളില്‍ ഏതൊരു യുവ ഇടതുപക്ഷകാരനും അനുഭവിച്ചതൊക്കെ അയാള്‍ അനുഭവിക്കുന്നു . ജയില്‍ , പീഡനം .. അങ്ങനെ ഉള്ള നാളുകള്‍ കഴിഞ്ഞു തന്‍റെ മകനെയും കൊണ്ട് അയാള്‍ സ്വന്തം വീടിലേക്ക്‌ തിരിച്ചു വരികയാണ്‌ . അവിടെ ആ കുടുംബം വീണ്ടും ഉണരുന്നു . എല്ലാവര്ക്കും ഉത്സവ പ്രതീതി ആണ് . ആദ്യം പരുക്കന്‍ സ്വഭാവം കാണിച്ചു അകന്നു നിന്ന സാദിക്കിന്‍റെ പിതാവ് കൊച്ചുമകന്റെ മുന്നില്‍ തോല്‍ക്കുന്നു . എല്ലാരും സന്തോഷത്തിലും ആഘോഷത്തിലും ആണ്. പക്ഷെ സാദിക്കിനു എന്തോ ആരോടോ പറയാന്‍ ഉണ്ടായിരുന്നു .  അയാള്‍ സ്വന്തം പിതാവിനോട് മനസ്സ് തുറന്നു സംസാരിക്കുന്നു .  പതിനഞ്ചു വര്‍ഷത്തിനു ശേഷം സംസാരിക്കുന്ന ആ പിതാവിനും മകനും എന്താണ് പറയാന്‍ ഉണ്ടായിരുന്നത് ?
ഒരു വലിയ സസ്പെന്‍സ് ഒന്നും അല്ലെങ്കിലും  കഥ മുഴുവന്‍ പറയുന്നില്ല .ചിലത്കണ്ടുതന്നെ അറിയുന്നതാണ്ഭംഗി .
                ഒരച്ഛനും മകനും - സാദിക്കും അയാളുടെ പിതാവും , അവര്‍ തമ്മിലുള്ള അതിതീവ്രമായ എന്നാല്‍ അത്രകണ്ട് പ്രകടമാക്കാത്ത ആത്മബന്ധത്തിന്റെ കഥ അതിസുന്ദരമായാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത് . ഒപ്പം തുര്‍ക്കി ഗ്രാമ ജീവിതത്തിലേക്കും അന്നാടിന്‍റെ സംസ്കാരത്തിലേക്കും  കുടുംബ , വ്യക്തി ബന്ധങ്ങളുടെ അഴത്തിലേക്കും ഒക്കെ പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നു . അച്ഛനെ ധിക്കരിച്ചു ഇറങ്ങിപോയി  വിപ്ലവത്തിലും ജീവിതത്തിലും തോറ്റ് തിരിച്ചു വരുന്ന സാദിക് , ഒരു പ്രതീകാത്മക ബിംബം ആണെന്ന് തന്നെ പറയാം . രണ്ടാശയങ്ങളുടെ സംഘര്‍ഷം  - അതാണ് അവര്‍ തമ്മിലുള്ള അകലം . ഒടുവില്‍ ആ അകലം അലിഞ്ഞു ഇല്ലാതെയാകുന്ന നിമിഷത്തില്‍ ആ അച്ഛന്‍ പൊട്ടി കരഞ്ഞുപോകുന്നുണ്ട് . തകര്‍ന്നു പോകുന്നുണ്ട് .  ആ രംഗം ആരുടെയും മനസ്സലിയിക്കും.

            സാദിക്കിന്റെ ആറുവയസ്സുള്ള  ആ മകന്‍ , അവന്‍റെ കൂടി വീക്ഷണങ്ങളില്‍ കൂടി ആണ് സിനിമ പൂര്‍ണമാകുന്നത് . അമ്മ നഷ്ടപെട്ട ബാല്യത്തില്‍ അച്ഛനും ഒരകലത്തില്‍ ആകുമ്പോള്‍ അവന്‍ ഏകനാകുന്നു .
"I cannot think of any need in childhood as strong as the need for a father's protection." , പിതാവിന്‍റെ സംരക്ഷണം പോലെ ബാല്യത്തില്‍ ഒരുവനു ഏറ്റവും ആവശ്യമുള്ള മറ്റൊന്നില്ല എന്ന ഫ്രോയിഡിന്‍റെ വാചകം അനുസ്മരിപ്പിച്ചു സിനിമ .   അച്ഛനും അമ്മയും സ്നേഹിക്കാത്ത ബാല്യത്തില്‍ അവന്‍ കോമിക് പുസ്തകങ്ങളെ പ്രണയിക്കുന്നു . അവ അവന്‍റെ ഇളം മനസ്സില്‍ കടുംചായക്കൂട്ടുകള്‍ കൊണ്ടു വരച്ചിടുന്ന ചിത്രങ്ങള്‍ . ഫാന്റസിയുടെ മായാജാലം . അവന്‍റെ ആ കാഴ്ചകളില്‍ അവന്‍റെ സൂപ്പര്‍ഹീറോ അച്ഛനും  അവനും . ചെറുവല്യ ക്കാരുടെ മനസ്സിലൂടെ കാണുമ്പോള്‍  ഒരു ഫാന്റസി കഥയുടെ നിറമാണ്‌ എല്ലാത്തിനും എന്നും കൂടി പറയാന്‍ ശ്രമിക്കുക ആവാം സംവിധായകന്‍ .
           കഴിഞ്ഞ നൂറ്റാണ്ടിലെ കലുഷിതവും രക്തരൂഷിതവുമായ ടര്‍ക്കിരാഷ്ട്രീയത്തെ  ശരാശരി  മനുഷ്യരുടെ  വീക്ഷണത്തിലൂടെ സമീപിച്ചു വിമര്‍ശിക്കുകയോ ചോദ്യം ചെയുകയോ ഒക്കെ ചെയുന്നുമുണ്ട് ഇതില്‍. ഒരല്പം പരോക്ഷമായിട്ടാണെങ്കിലും.. നാടിനു വേണ്ടി വീട് ഉപേക്ഷിക്കുന്നവര്‍ക്ക്  അവരെ നാട് ഉപേക്ഷിക്കുമ്പോള്‍ വീട് മാത്രം ഏക അശ്രയമാകുന്നു . വെള്ളത്തെക്കാള്‍ മാത്രമല്ല മറ്റെന്തിനെക്കാളും കട്ടിയുള്ളതു തന്നെയാണ് രക്തം എന്ന് ആവര്‍ത്തിച്ച്‌ അടിവരയിടുകയും ചെയ്യുന്നപോലെ തോന്നി . വിപ്ലവത്തിനേക്കാള്‍ ചുവപ്പ് ചങ്കിലെ ചോരക്കുണ്ട് എന്ന് തിരിച്ചറിവ്  ഇതിലെ നായകന് നല്‍കി സംവിധായകന്‍ പറയാതെ പറയുന്നത് വലിയ  ഒരു തര്‍ക്കത്തിനും ഉറക്കെയുള്ള ചിന്തകള്‍ക്കും  ഉള്ള വിഷയങ്ങളിലേക്കാണ് .

              വളരെ വേഗത കുറഞ്ഞ ഒരു സിനിമ ആയിട്ടാണ് BABAM VE OGLUM അനുഭവപെട്ടത്‌ . എഡിറ്റര്‍ എന്ന കശാപ്പുകാരന്റെ കത്രികക്കു മൂര്‍ച്ച കുറവായിരുന്നു . ചിലയിടങ്ങളില്‍ ഒച്ചിഴയും വേഗമേ ഉള്ളു . എങ്കിലും പ്രമേയത്തിലെ തീവ്രതയും ലളിതമായ ഗ്രാമാന്തരീക്ഷത്തില്‍, മനുഷ്യപക്ഷത്ത് നിന്നുള്ള കഥപറയലിനും അത്മാവുള്ളതായി തോന്നി .  ഒരു നല്ല സിനിമ കണ്ട സന്തോഷത്തിനപ്പുറം നമ്മളെ ചിന്തിപ്പിക്കുകയും എവിടെയോ ഒന്ന് സ്പര്‍ശിച്ചു പോകുകയും ചെയുന്നുമുണ്ട് ഈ സിനിമ .  സാദിക് , അയാളുടെ അച്ഛന്‍ , മകന്‍  , മൂന്ന് പേരായും അഭിനയിച്ചവര്‍ വളരെ നിലവാരം പുലര്‍ത്തി .  മൂന്നു തലമുറകളെ പ്രതിനിധികരിക്കുന്ന ഇവരെ തിളക്കമ്മുള്ളതാക്കി നിലനിര്‍ത്താന്‍ അഭിനേതാക്കള്‍ മികച്ച പ്രകടനം തന്നെ നടത്തിയിട്ടുണ്ട് .

        സിനിമയുടെ ആസ്വാദനത്തിനു   ദേശ-ഭാഷാ വ്യത്യാസങ്ങള്‍   ഒരിക്കലും ഒരു തടസ്സമായി തോന്നാത്തവര്‍ക്ക്  ധൈര്യമായി സമീപിക്കാവുന്ന സിനിമആണ് BABAM VE OGLUM . Subtitle കൂടി വായിച്ചു കൊണ്ട് സിനിമ കാണുന്നതു ഇഷ്ടമല്ലാത്തവര്‍ക്ക് വഴിമാറി സഞ്ചരിക്കാം ..

NB:-   സിനിമാ പ്രേമികള്‍ സിനിമയുടെ  നിലവാരം  സാധാരണ ആദ്യം നോക്കുന്നത്  IMDB ഇല്‍ ആണല്ലോ .. ഈ സിനിമ  അവിടെ 8.6 കൊടുത്താണ് ഇട്ടിട്ടുള്ളത് . അത് ഒരല്‍പം OVERRATED  ആണെന്ന ശക്തമായ അഭിപ്രായം വഴിപോക്കനുണ്ട് . എന്നുവച്ച് ഇതൊരു രണ്ടാം തരം സിനിമയാണ്  എന്നല്ല .

BABAM VE OGLUM -2005
                                                                       (വഴിപോക്കന്‍) 

Saturday 5 October 2013

DRIVING MISS DAISY

 




                 DRIVING MISS DAISY 1989ലെ ഒരു അമേരിക്കന്‍ ചലച്ചിത്രമാണ് . മോര്‍ഗന്‍ ഫ്രീമാന്‍ , ജെസ്സികാ റ്റാന്റി  എന്നിവരുടെ അഭിനയ മികവു കൊണ്ട് ഈറെ ശ്രദ്ധ നേടിയ ഈ ചിത്രം വഴിപോക്കന്റെ ഇഷ്ട സിനിമകളില്‍ ഒന്നാണ് .  കുറച്ചു വ്യക്തികള്‍ , അവരുടെ പരസ്പര ബന്ധനം , ചേതോവികാരങ്ങള്‍ വര്‍ഷങ്ങള്‍ക്കൊപ്പം അവര്‍ക്കുണ്ടാകുന്ന അനിവാര്യ മാറ്റങ്ങള്‍  ഇതെല്ലാം ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു ഈ സിനിമയില്‍ .

              DRIVING MISS DAISY ഒരു ചെറിയ സിനിമയാണ് . അതിസങ്കീര്‍ണമായ കഥയോ കഥാപാത്രങ്ങളോ , ആകാംഷാഭരിതമായ സന്ദര്‍ഭങ്ങളോ ഒന്നും ഇതിലില്ല . വളരെ ലളിതമായ കഥയും അതിലും ലളിതമായ കഥാപാത്രങ്ങളും ആണ് ഈ സിനിമയുടെ ഭംഗി . സാധാരണ അമേരിക്കന്‍ സിനിമകളില്‍ കാണുന്നതില്‍ അധികം ലാളിത്യം ഉള്ള ഒരു സിനിമയാണ് ഇത് . എന്നാല്‍ അഭിനയ പ്രകടനങ്ങളുടെ  കാര്യത്തില്‍ ഇത് ചെറുതല്ല , മറിച്ചു ഒരു ഭയങ്കര സിനിമയാണ് എന്നുതന്നെ പറയേണ്ടിവരും .

             ഒരു വൃദ്ധയായ ജൂത വനിത  മിസ്‌ . ഡേയിസി  ( JESSICA TANDY ) , അവരുടെ മകന്‍ പുതുതായി നിയമിക്കുന്ന ഡ്രൈവര്‍ ഹോക് (മോര്‍ഗന്‍ ഫ്രീമാന്‍ ) എന്നിവരെ ചുറ്റിപറ്റി ആണ് കഥ നടക്കുന്നത് .  മിസ്‌ . ഡേയിസി  ഒരു സ്കൂള്‍ അദ്യാപിക യിരുന്നു .അവര്‍ ഐഡെല്ല എന്ന പരിചാരക യല്ലാതെ മറ്റാരും യുംഅടുപ്പം കാണിക്കാതെ ജീവികുകയാണ് . തുണി മില്‍ ഉടമയായ മകന്‍ അവര്‍ക്ക് വേണ്ടി നിയമിക്കുന്ന ഡ്രൈവര്‍ ആണ്  ഹോക് . ആദ്യം മിസ്‌ . ഡേയിസി അയാളോട് അകലം പാലിച്ചു എങ്കിലും ക്രമേണ ഒരു സൗഹൃദം ഉടലെടുക്കുന്നു . വയോവൃദ്ധ യായ മിസ്‌ . ഡേയിസിയുടെയും വൃദ്ധനായ ആ ഡ്രൈവര്‍ ഹോക്കിന്‍റെയും സൗഹൃദത്തിന്‍റെ കഥ യാണ് ഈ സിനിമ .

                 വാര്‍ദ്ധക്യത്തിലെ ഒറ്റപെടലുകള്‍ , ചില അപ്രതീക്ഷിത ബന്ധങ്ങള്‍ ആ ഒറ്റപ്പെടലുകളില്‍ എത്രമാത്രം ആശ്വാസം ആകുന്നു , എന്നിങ്ങനെ ഉള്ള ചില ചിന്തകള്‍ ആണ് സിനിമ മുന്നോട്ടു വയ്ക്കുന്നത് . പൂര്‍ണമായും മിസ്‌ ഡേയിസി എന്നാ വൃദ്ധവനിതയുടെ  വീക്ഷത്തിലൂടെ , അവരുടെ ആകുലതകള്‍ , സന്തോഷം , സാമൂഹിക ഇടപെടലുകള്‍ എന്നിവയിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത് . അമേരിക്കയില്‍ നിലവില്‍ ഉണ്ടായിരുന്ന ജൂത വിരോധം , അതിന്‍റെ സാമൂഹിക വശങ്ങള്‍ , വര്‍ണ്ണ വിവേചനത്തിന്‍റെ ചില  ജീര്‍ണ്ണ ശേഷിപ്പുകള്‍ , കു:പ്രസിദ്ധമായ ജൂത ദേവാലയം ബോംബിട്ട സംഭവം , എന്നിങ്ങനെ ചിലതിലേക്കു കൂടി ഒളിഞ്ഞും തെളിഞ്ഞും ഉന്നം വയ്ക്കുന്നുമുണ്ട് സിനിമ . എന്നിരുനാലും മിസ്‌ ഡേയിസി എന്നാ വൃദ്ധവനിതയും അവരുടെ ഡ്രൈവര്‍ ഹോക്ഉം തമ്മില്‍ ഉണ്ടായിരുന്ന ദശാബ്ദങ്ങള്‍ നീണ്ട സൗഹൃദത്തിന്റെയും ബന്ധനതിന്റെയും കഥ തന്നെയാണ് സിനിമ പറയുന്നത് .

അഭിനയ പ്രകടനങ്ങള്‍ :-

JESSICA TANDY :-  മറ്റൊരു നടിയും ചിന്തിക്കാന്‍ സാധിക്കാത്ത വിധം മിസ്‌ . ഡേയിസി യെ സ്ക്രീനില്‍ ജീവനുള്ളതാക്കി മാറ്റി അവര്‍, എണ്‍പതാം വയസ്സില്‍  .  മികച്ച  നടിക്കുള്ള ഓസ്കാര്‍ , ഗോള്‍ഡന്‍ ഗ്ലോബ് , എന്നിവ നേടുകയും ചെയ്തു . ഓസ്കാര്‍ നേടുന്ന ഏറവും പ്രായമേറിയ അഭിനേത്രി എന്ന ഖ്യാതി അവരുടെ പേരിലാണ് . മണ്മറഞ്ഞു പോയ ആ നല്ല നടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം .

MORGAN FREEMAN :- വഴിപോക്കന്റെ ഇഷ്ടനടന്‍മാരില്‍ ഒരാള്‍ ആണ് . ഫ്രീമാന്‍ ഉണ്ടെന്നത് തന്നെ ഒരു സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ് . എന്ത് രസമാണ് അദ്ദേഹം അഭിനയിക്കുന്നത് കാണാന്‍ .വളരെ സ്വാഭാവിക അഭിനയശേഷിയുള്ള മോര്‍ഗന്‍ ഫ്രീമാന്റെ ഈ ചിത്രത്തിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ് . ഓസ്കാര്‍ നോമിനഷനില്‍ ഒതുങ്ങി എങ്കിലും ഗോള്‍ഡന്‍ ഗ്ലോബ് FREEMAN നെ തേടി എത്തി .

  മികച്ച സിനിമക്ക് അടക്കം നാലു ഒസ്കാറും അനവധി മറ്റു പുരസ്കാരങ്ങളും നേടിയ ചിത്രമാണ്  DRIVING MISS DAISY .  അന്താരാഷ്ട്രതലത്തില്‍  ചലച്ചിത്ര നിരൂപകരില്‍ നിന്നും സിനിമാ സ്നേഹികളില്‍ നിന്നും ഏറെ പ്രശംസ ഏറ്റുവാങ്ങിയ  ഈ സിനിമ കണ്ടിരിക്കാന്‍ സാധിക്കുന്ന മികച്ച ഒരു സിനിമ തന്നെയാണ് . ആഴത്തില്‍ നമ്മെ സ്പര്‍ശിച്ചു പോകാന്‍ കഴിയുന്ന ലളിതവും എന്നാല്‍ ശക്തവുമായ ഇതിലെ പ്രമേയവും അഭിനയ പ്രകടനങ്ങളും   തന്നെയാണ് സിനിമാ പ്രേമികളുടെ ഇഷ്ടചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടം നേടാന്‍ ഇതിനെ സഹായിച്ചതും .

നല്ല സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്ന  പ്രേക്ഷകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ഇത് . ഇത്രയും ലാളിത്യം ഉള്ള ഹോളിവൂഡ്‌ സിനിമകള്‍ അധികം ഉണ്ടാകാറില്ല . മിസ്‌ . ഡേയിസിയും ഡ്രൈവര്‍ ഹോകും  നിങ്ങളെ വശീകരിക്കുക തന്നെ ചെയും .

                                                                       (വഴിപോക്കന്‍)




Thursday 3 October 2013

THE SECRET IN THEIR EYES - ഒരു അര്‍ജെന്‍റെയിന്‍ ചലച്ചിത്ര വിസ്മയം

        

                  THE SECRET IN THEIR EYES (2009)  ഒരു അര്‍ജെന്‍റെയിന്‍ സിനിമ ആണ് . ലോക സിനിമക്ക് അര്‍ജെന്റീന നല്‍കിയ മികച്ച സംഭാവനകളില്‍ ഒന്നാണ് ഈ ചിത്രം .  ഇതിനു  മുന്‍പ് ഞാന്‍ ഒരൊറ്റ അര്‍ജെന്റീന സിനിമയെ ക്കുറിച്ച് മാത്രമേ കേട്ടിരുന്നുള്ളു, OFFICIAL STORY (സിനിമ ഞാന്‍ ഇനിയും കണ്ടിട്ടില്ല ) എന്ന ലാറ്റിന്‍ അമേരിക്കയുടെ ആദ്യ ഓസ്കാര്‍ ചിത്രത്തെ ക്കുറിച്ച് . ഒരു ക്രൈം ത്രില്ലര്‍  വിഭാഗത്തില്‍ ആണ് THE SECRET IN THEIR EYES എല്ലായിടത്തും പറഞ്ഞു കേട്ടത് .  എന്നാല്‍ പ്രേക്ഷകരെ അത്രമാത്രം ത്രില്‍ അടിപ്പിക്കുമോ എന്നത് സംശയമാണെങ്കിലും മറ്റു ചില  ഉന്നത മാനങ്ങള്‍ ഈ സിനിമക്ക് ഉള്ളതായിട്ടാണ് വഴിപോക്കന് അനുഭവപ്പെട്ടത്‌ .

                ത്രില്ലെര്‍സിനിമകളുടെ  അവിഭാജ്യഘടകമായ ഒരു  മരണം  , അതിനെ  ചുറ്റിപറ്റി  ഉള്ള ചില സമസ്യകള്‍ , അന്വേഷണം എന്നിവയൊക്കെ തന്നെ  ആണ് ഇതിലും  ഉള്ളത് എങ്കിലും  വ്യത്യസ്തമായ അവതരണ  ശൈലിയും  നമുക്ക് അധികം കണ്ടു പരിചയമില്ലാത്ത  ലാറ്റിനമേരിക്കന്‍ സിനിമയുടെ  വേറിട്ട പരിചരണവും സിനിമയ്ക്ക്  ഗുണം ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ്  മനസിലാക്കേണ്ടത് .  പൂര്‍ണമായും ഒരു കുറ്റാന്വേഷണമോ , ഒരു ത്രില്ലറോ അല്ല ഈ സിനിമ എന്ന് പറയേണ്ടി വരുന്നതും അതുകൊണ്ടാണ് . മനുഷ്യ ബന്ധങ്ങള്‍ , പരിശുദ്ധമായ പ്രണയം , ഒരല്പം രാഷ്ട്രീയം  അങ്ങനെ പലതിനെയും കൂടി വിഷയമാക്കുന്നുണ്ട് ഈ സിനിമ . കണ്ണുകളില്‍ രഹസ്യങ്ങള്‍ ഒളിപ്പിക്കുന്ന മനുഷ്യര്‍ , അത് വായിച്ചെടുക്കുന്ന മറ്റുചിലര്‍ . "No one can lie, no one can hide anything, when he looks directly into someones eyes". എന്ന പൌലോ കോയിലോ യുടെ വാചകം ഓര്‍മിപ്പിച്ചു സിനിമ  .

                  Benjamín Espósito എന്ന വിരമിച്ച  ഒരു ഫെഡറല്‍ എജന്റ്റ്  ഒരു നോവല്‍ എഴുതുകയാണ് . 25 വര്ഷം മുന്‍പ് താന്‍ കയ്കാര്യം ചെയിത ഒരു ബലാത്സംഗ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ തന്‍റെ തന്നെ കഥയും കൂടി ചേര്‍ന്ന് വരുന്ന ഒരു പ്രമേയം ആണ് നോവലിന് . അതിനു വേണ്ടി അയാള്‍ പഴയ സഹപ്രവര്‍ത്തകയും  തന്‍റെ കഴിഞ്ഞകാല ജിവിതത്തില്‍ ആരെല്ലാമോ ഒക്കെയും  ആയിരുന്ന ഐറിനെ കാണാന്‍ പോകുന്നു . ഇന്നവര്‍ ജഡ്ജ് ആണ് . കഥ ഫ്ലാഷ് ബാക്കിലേക്ക്‌ .. അവിടെ  ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലപെട്ട ലിലിയാന ഉണ്ട് .  അവളുടെ ഭര്‍ത്താവ് മൊറാലിസ് , അയാളുടെ സഹപ്രവര്‍ത്തകര്‍ , കുറ്റവാളിയായ , ലിളിയനാ യുടെ ബാല്യകാല സുഹൃത്ത്‌  ഗോമെസ് .. 

               അങ്ങനെ വര്‍ത്തമാനവും കഴിഞ്ഞകാലവും ഇടകലര്‍ന്ന ദ്രിശ്യങ്ങലിലൂടെ നാം കഥക്കൊപ്പം സഞ്ചരിക്കുന്നു .  അറ്റസ്റ്റ് ചെയിതെങ്കിലും  ഗോമെസ് വൈകാതെ പുറത്തിറങ്ങുന്നു . അയാള്‍ എസ്പോസിറ്റോ യുടെ സഹപ്രവര്‍ത്തകനെ കൊല്ലുന്നു. മരണഭയത്തില്‍ നാട് വിട്ടു ഓടിപോയ അയാള്‍ പിന്നീടു 25 വര്‍ഷത്തിനു ശേഷം തന്നെ ഒരുപാടു വെട്ടയാടികൊണ്ടിരുന്ന  ഈ കേസിനെ ക്കുറിച്ച് എഴുതാന്‍ വേണ്ടിയാണ് തിരിച്ചെത്തിയത്‌ . നോവല്‍ അയാള്‍ പൂര്‍ത്തിയാക്കുന്നു .  പക്ഷെ ചില ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു ... പൂരിപ്പിക്കാത്ത ചില സമസ്യകള്‍ ... അതിന്‍റെ ഉത്തരം തേടി അയാള്‍ എത്തുന്നത്‌  നഗരം വിട്ടു ഒരു ഗ്രാമപ്രദേശത്ത് ഒറ്റയ്ക്ക് ജീവിക്കുന്ന ലിലിയാനയുടെ ഭര്‍ത്താവു  മൊറാലിസിന്‍റെ അടുത്താണ് ..    

             മൊറാലിസ്ന്‍റെ കണ്ണുകളില്‍ നിന്ന്  Espósito എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം വായിച്ചെടുക്കുന്നു ...അത് തേടിയാണ് അയാള്‍ ഇത്രയും കാലം നടന്നത് . നമ്മള്‍ പ്രേക്ഷരും തേടിയത് അതായിരുന്നു ....ആ   രഹസ്യം  അവരുടെ കണ്ണുകളില്‍ ഒളിഞ്ഞിരുന്ന ആ രഹസ്യം അത് പറഞ്ഞു ഏതായാലും രസച്ചരട് പൊട്ടിക്കുന്നില്ല ..

              സാധാരണ ത്രില്ലെര്‍ സിനിമകളില്‍ കാണുന്ന അത്രെയും ആകാംഷയോ ചടുലമായ ഒരു സിനിമ ഭാഷയോ  ഇതില്‍ ഇല്ല . ഒരല്‍പം ഇഴയുന്നു എന്ന ആക്ഷേപവും ഉണ്ടായേക്കാം . മനുഷ്യ ബന്ധങ്ങളുടെ തീവ്രത , പ്രണയം ഇതൊക്കെ ഉള്‍പ്പെടുത്തിയുള്ള വേറിട്ട പരിചരണം സിനിമക്ക് ഗുണം ചെയ്തതായി ആണ് അനുഭവപെട്ടത്‌ . മറിച്ചു അഭിപ്രായം ഉള്ളവരും കാണും .  കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ലാറ്റിന്‍അമേരിക്കന്‍ രാഷ്ട്രീയത്തെക്കൂടി സിനിമയില്‍ കാണാം . അഭ്യന്തര പ്രശ്നങ്ങളും റിബല്‍ മൂവ്മെന്റ്കളും , ചുവപ്പന്‍ വിപ്ലവങ്ങളും  കൊടികുത്തി വാണ സമയത്ത് നിയമ വ്യവസ്ഥിതിക്കു പോലും എത്രത്തോളം അപജയം സംഭവിച്ചിരുന്നു  ആ രാജ്യത്തു എന്നതിലേക്കും കൂടി വിരല്‍ ചൂണ്ടുന്നു  ഈ സിനിമ .

            പിടിച്ചിരുത്തി നമ്മളെ പുളകം കൊള്ളിക്കാനും ഈ സിനിമക്ക് അധികം കഴിയില്ല . പക്ഷെ സിനിമ കണ്ടു തീരുമ്പോള്‍ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തി എന്നും തോന്നില്ല . സിനിമയുടെ ക്ലൈമാക്സ്‌ വല്ലാതെ പിടിച്ചുലച്ചു എന്ന് പറയേണ്ടി വരും . മരണശിക്ഷക്കും അപ്പുറം വലിയ ശിക്ഷകള്‍ ലോകത്തുണ്ടെന്ന് മനസിലാക്കി തരുകയും ചെയ്യും .  ഗോമസിന്‍റെ കണ്ണുകള്‍ ഒളിപ്പിച്ചത് ഒരു കുറ്റവാളിയുടെ രഹസ്യം ആയിരുന്നെങ്കില്‍ മോരാലിസ് കണ്ണുകളില്‍ ഒളിപ്പിച്ചത് മറൊരു സത്യം ആയിരുന്നു .  

              മികച്ച അന്യഭാഷാ ചിത്രത്തിനുള്ള അക്കാദമി  അവാര്‍ഡ് വാങ്ങിയ സിനിമയാണ് THE SECRET IN THEIR EYES.  ലോകമെമ്പാടും ഉള്ള സിനിമാ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസക്ക് പാത്രീഭൂതമായ ഈ ചിത്രം വേറിട്ട ഒരു സിനിമാ അനുഭവം ആണെന്ന് നിസംശയം പറയാം. വെറുതെ കഥപറഞ്ഞു പോകല്‍ എന്നതിനപ്പുറം അനുവാചകരെ അനുഭവിപ്പിക്കല്‍ ആണ് സിനിമയുടെ ലക്ഷ്യം എന്ന്  വിശ്വസിക്കുന്നവര്‍ക്ക് ഒരുപാടു നല്‍കുന്നുമുണ്ട്   ഈ സിനിമ . ഈ സിനിമ കണ്ടിട്ടില്ലാത്തവര്‍ ഒന്ന് കണ്ടു നോക്കുക്ക . നിങ്ങള്‍ കണ്ട മനോഹര സിനിമകളുടെ കൂട്ടത്തിലേക്ക് എഴുതിചേര്‍ക്കാന്‍ ഒരു പേരുകൂടി കിട്ടും .

THE SECRET IN THEIR EYES -2009

DIRECTION . JUAN JOSE CAMPANELLA
                                                      
                                                         (വഴിപോക്കന്‍ )

Wednesday 2 October 2013

PSYCHO - സമാനതകള്‍ ഇല്ലാത്ത ത്രില്ലെര്‍ അനുഭവം

        

           ലോക സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായാണ് ഹിച്ച്കൊക്കിന്‍റെ PSYCHO -1960 കരുതി പോരുന്നത്. അന്ന് വരെ നിലവില്‍ ഉണ്ടായിരുന്ന ത്രില്ലെര്‍ സിനിമാ സങ്കല്പങ്ങളെ  പൊളിച്ചെഴുത്തിയ ഈ ചിത്രം ഒരു അളവുകോല്‍ ആണ് . ലോകമെമ്പാടും ഈ ശ്രേണിയിലുള്ള സിനിമകളെ പിന്നീടു വിലയിരുത്തിയിരുന്നത് PSYCHO യുമായി താരതമ്യം ചെയ്തായിരുന്നു . ഓരോ ഷോട്ടിലും ഇത്രയേറെ ആകാംഷ നിറച്ചു വച്ച് , നമ്മളെ പിടിച്ചിരുത്തി കാണിക്കുന്ന , ഭയപ്പെടുത്തുന്ന  മറ്റൊരു സിനിമയും പെട്ടെന്ന് ഓര്‍മ്മവരുന്നില്ല . സൈക്കോ  ആദ്യമായി കണ്ട ആ ദിവസം , ആ സിനിമ നല്‍കിയ  ഒരു ഞെട്ടല്‍ . ഒരു തവണ കാണുമ്പോളും ആ ദിവസം ഓര്‍ക്കും .

          അന്താരാഷ്ട്ര സിനിമ അടുത്തറിയാന്‍ എന്നും ശ്രമിച്ചിട്ടുള്ള  സിനിമ പ്രേമികള്‍ക്ക്  ഒരു ആസ്വാദനം എഴുതി വഴിപോക്കന്‍ പരിചയപ്പെടുതേണ്ടതില്ലാത്ത പേരാണ് SIR ALFRED HITCHCOCK ഉം അദേഹത്തിന്റെ PSYCHO എന്ന ലോക ക്ലാസ്സിക്‌ സിനിമയും . മനശാസ്ത്രത്തിന്‍റെ പിതാവായ ഫ്രോയിഡ്‌( SIGMUND FREUD) , പിന്നീടു വന്ന നവ-ഫ്രോയിഡിയന്‍(NEO - FREUDIAN)   ചിന്തകള്‍ ഇവയെല്ലാം  മനുഷ്യ മനസിന്‍റെ ആഴത്തിലെ വ്യക്തി ബോധത്തെയും  അതിസങ്കീര്‍ണതകളെയും  നിര്‍വചിക്കാന്‍ തുടങ്ങിയ കഴിഞ്ഞ നൂറ്റാണ്ടില്‍ അവയുടെ സ്വാധീനം സിനിമയിലും പ്രകടമായിരുന്നു . അത്തരത്തില്‍ പ്രേതം , പിശാചു , തുടങ്ങിയ നമ്മുടെ ഹൊറര്‍ ബിംബങ്ങളെ ശാസ്ത്രീയമായി സമീപിച്ച ആദ്യ സിനിമ PSYCHO തന്നെ ആയിരിക്കണം . 1960 ല്‍ ഇറങ്ങിയ ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രത്തെ വെല്ലുന്ന ഒരു ത്രില്ലെര്‍ സിനിമ എടുക്കാന്‍ ലോക സിനിമക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നതും ഈ സിനിമയുടെ മഹത്വം കൂട്ടുന്നു.

    ഫീനക്സ് നഗരത്തില്‍ നിന്ന് 40000 ഡോളര്‍ മോഷ്ടിച്ച് കാമുകന്‍റെ അടുത്തേക്ക് ഒളിച്ചു യാത്ര ചെയുന്ന  മരിയന്‍ ക്രയിന്‍ (JANET LEIGH) രാത്രി വഴിയിലെ ഒരൊറ്റപെട്ട സ്ഥലത്ത്  ബേയ്റ്റ്സ്മോട്ടല്‍ (  BATES MOTEL ) എന്ന സത്രത്തില്‍ തങ്ങുന്നു .അതിന്‍റെഉടമസ്ഥനും നടത്തിപ്പുകാരനും ആണ് നോര്‍മന്‍ ബേയ്റ്റ്സ്  (ANTONY PERKINS  ). ക്രയിന്‍ ആ രാത്രി  ദുരൂഹമായ  സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു . അവളെ തേടി അവിടെ  എത്തുന്ന  ഒരു  കുറ്റാന്വേഷകനും  ദുരൂഹമായി  കൊലചെയ്യപ്പെടുന്നു  , മരിയന്‍റെ കാമുകന്‍ , സഹോദരി  എന്നിവര്‍ നടത്തുന്ന  അന്വേഷണത്തില്‍ രഹസ്യങ്ങളുടെ  ചുരുളഴിയുന്നു .  കൊലപാതങ്ങളുടെ പിന്നില്‍  മനുഷ്യനോ പ്രേതമോ  ???  ഒരൊറ്റ നിമിഷം പോലും നിങ്ങളെ മടുപ്പിക്കാതെ കഥയോടൊപ്പം സഞ്ചരിപ്പിക്കും ഈചിത്രം .

എടുത്തു പറയേണ്ട ചില ഘടകങ്ങള്‍ :-  

തിരകഥ :- ജോസഫ്‌ സ്റെഫാനോ എന്ന തിരകഥാകൃത്തിനെ എടുത്തു പറയണം .  PSYCHO എന്ന പേരിലുള്ള ഒരു നോവലിനെ അടിസ്ഥാനമാക്കി ചില മാറ്റങ്ങളോടെ ആണ് തിരകഥ രൂപപ്പെടുത്തിയത് .  സിനിമയുടെ ഭാഷ നിര്‍ണയിക്കുന്നത് എഡിറ്ററുടെ കത്രിക ആണെന്ന്  കപ്പോള പറഞ്ഞിട്ടുണ്ട് . പക്ഷെ സിനിമയുടെ ആദ്യ എഡിറ്റിംഗ്  നടക്കുന്നത് , അല്ലെങ്കില്‍ നടക്കേണ്ടത്‌  തിരകഥ രചിക്കുന്ന ആളിന്‍റെ തലച്ചോറില്‍ ആണ് . അതില്‍ സ്റെഫാനോ വിജയിക്കുകയും ചെയ്തു .  ( മരിയന്‍ കാറില്‍ പോകുന്ന ഒരു സീന്‍ ഉണ്ട് . അപ്പോള്‍ നമ്മള്‍ കേള്‍ക്കുന്നതു  കുറെ ഡയലോഗ്കള്‍ ആണ് . ഓഫീസില്‍ അവളുടെ ബോസ്, പിന്നെ സഹോദരി , സഹപ്രവര്‍ത്തകര്‍ , ഒരു കാര്‍ മെക്കാനിക്കും പോലീസുകാരനും .. അങ്ങനെ കുറെ ആളുകള്‍ സംസാരിക്കുന്ന സംഭാഷണങ്ങള്‍.   സിനിമയുടെ ദൈര്‍ഘ്യം ഒരു 10 മിനിറ്റ് എങ്കിലും കുറയ്ക്കാനും സഹായിച്ചു ഇത് .. അതുപോലെ ഒരുപാടു ഉദാഹരണങ്ങള്‍ ഉണ്ട് )

HITCHCOCK :-  സിനിമയുടെ ആദ്യ ഷോട്ട് മുതല്‍ അവസാനം വരെ ആകാംഷ ഒട്ടും ചോര്‍ന്നുപോകാതെ, അനാവശ്യമായ ഒരു രംഗം പോലും ഇല്ലാതെ , സൈക്കോ ഒരു സംവിധായകന്‍റെ ഏറ്റവും മികച്ച സൃഷ്ടി ആയി മാറിയിട്ടുണ്ട് എങ്കില്‍ അതിന്‍റെ  മുഴുവന്‍ കയ്യടിയും ആല്‍ഫ്രഡ്‌ ഹിച്കോക്ക് എന്ന വിഖ്യാത ചലച്ചിത്രകാരന് ഉള്ളതാണ് ."For me, the cinema is not a slice of life, but a piece of cake. " എന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ സിനിമകള്‍ എല്ലാം അത്തരത്തില്‍ നല്ല THRILLER അല്ലെങ്കില്‍ ENTERTAINER ആയിരുന്നു . ഒരു കഷണം കേക്ക് പോലെ .

       ഫീനിക്സ് നഗരത്തിന്‍റെ ഒരു ദൃശ്യം .  ക്യാമറ ഒരു വലിയ  കെട്ടിടത്തിലെ ഒരു  ജനല്പാളികളിലേക്ക് സൂം ചെയുന്നു . സൈക്കോ ഇവിടെ തുടങ്ങുകയാണ് .  പിന്നീടുള്ള ഒരു രംഗത്തിലും അമ്പരപ്പും ആകാംഷയും മാത്രമേ ഉള്ളു . സിനിമയോടൊപ്പം നമ്മള്‍ സഞ്ചരിക്കും . അടുത്ത നിമിഷം എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നു എന്ന ഒരു ആകാംഷ ചിത്രത്തിലുടനീളം നമ്മള്‍ അനുഭവിക്കും . 1960 ലെ പരിമിതമായ ചലച്ചിത്ര സാങ്കേതികതകള്‍ വച്ച് നോക്കിയാല്‍ PSYCHO  അന്നത്തെ ഏറവും നൂതന സിനിമ ആയിരുന്നു എന്ന് വേണം കരുതാന്‍ .  ഒപ്പം മനുഷ്യ മനസ്സിന്‍റെ ആഴങ്ങളിലെ അതി വിചിത്രവും നിഗൂഡവുമായ  ഉള്ളറകള്‍ തേടി ഒരു അന്വേഷണവും ചിത്രം അവശേഷിപ്പിക്കുന്നു . FREUD നോളം മനുഷ്യ മനസ്സിനെ അടുത്തറിഞ്ഞ വര്‍ക്ക്  പോലും അത്  പരിധിക്കപ്പുറം ഒരു പ്രഹേളിക ആയിരുന്നു എന്ന സത്യം  ഒന്നുകൂടി  വിളിച്ചു പറയുന്നപോലെ .

       PSYCHO യുടെ പൂര്‍ണമോ ഭാഗികമോ  അയ അനുകരണങ്ങളോ , ശക്തമായ സ്വാധീനമോ പ്രകടമായ ഒരുപാടു സിനിമകള്‍ കഴിഞ്ഞ അമ്പത് വര്ഷം കൊണ്ട് ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള സിനിമകളില്‍ വന്നിട്ടുണ്ട് . എത്രയെത്ര  ചലച്ചിത്ര പ്രവര്‍ത്തകര്‍ ആണ് ഹിച്കോക്ക് ന്‍റെ പാതയില്‍ സഞ്ചരിച്ചത്!! .. ദ്വന്ദ വ്യക്തിത്വം , അപര വ്യക്തിത്വം എന്നൊക്കെ വിളിക്കുന്ന   DISSOCIATIVE IDENTITY DISORDER എന്ന  മനോരോഗത്തെയും  നമ്മുടെ പ്രേത സങ്കല്പങ്ങളെയും ഒക്കെ പരാമര്‍ശിക്കുന്ന ചലച്ചിത്ര ഉദാഹരണങ്ങള്‍ ഏറെ ആണ് .അത്തരം  ചിത്രങ്ങളിലെ   പൊതുഘടകം  അയ ഒരു മനശാസ്ത്രജ്ഞനും കാണും . ലോക സിനിമയില്‍ പിന്നീടു വന്ന ഒരു ത്രില്ലെര്‍ സിനിമക്കും PSYCHOയ്ക്ക് കഴിഞ്ഞതുപോലെ ഒരു സ്വാധീനം അവാനും കഴിഞ്ഞിട്ടില്ല . PSYCHOയെ പ്രണയിക്കാത്ത സിനിമാപ്രേമികള്‍ ഉണ്ടോ ?

      PSYCHO യുടെ  പിന്നീടു ഇറങ്ങിയ രണ്ടും മൂന്നും ഭാഗങ്ങള്‍ ഈ സിനിമയുടെ വാലില്‍ കെട്ടാന്‍ പോലും കൊള്ളില്ല എന്നാണ് അനുഭവപെട്ടത്.  അതില്‍ മൂന്നാം ഭാഗം സംവിധാനം ചെയ്തത് നായകനായ ANTONY PERKINS  തന്നെ ആയിരുന്നു എന്നത്  ശ്രദ്ധേയമാണ് .   PSYCHO ഒരു പാഠപുസ്തകം കൂടി ആണ് . സിനിമാ പ്രവര്‍ത്തകര്‍ക്കും സംവിധായകര്‍ക്കും .  സംവിധാനം , തിരകഥ , എഡിറ്റിംഗ് തുടങ്ങിയ ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയ പുസ്തകം . ഞാന്‍ കണ്ട മറ്റൊരു ത്രില്ലെര്‍ സിനിമയും ഈ ചിത്രത്തിന്റെ മുന്നില്‍ ഒന്നുമല്ലാതായി പോകുന്നു എങ്കില്‍ മുമ്പേ പറഞ്ഞ ആ പ്രണയം കൊണ്ടാകാം . അത്രമാത്രം ഒരു OBSESSION  തോന്നിയിട്ടുള്ള  ചലച്ചിത്രങ്ങള്‍ നന്നേ  കുറവാണു .
            PSYCHO -1960  കണ്ടിട്ട് അതൊരു മഹാസിനിമ ആണെന്ന് സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടുള്ളവര്‍ ആ സിനിമയുടെ 1998 ലെ REMAKE ഒന്ന് കാണണം . ഹിച്കോക്ക് ന്‍റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമ  അതിന്‍റെ അനുകരണങ്ങളെക്കാളും  , REMAKE കുക്കളെക്കാളും , SEQUEL ലുകളെ ക്കാളും ഒരുപാടു മികച്ചു നില്‍ക്കുന്നു , ഇന്ന് അമ്പത് വര്‍ഷത്തിനു ശേഷവും എങ്കില്‍ അത്  ഒരു ചെറിയ കാര്യമല്ല . എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായി
PSYCHO കരുതിപ്പോരുന്നതിന്റെ  കാരണവും മറ്റൊന്നല്ല .  ഒരു MUST WATCH MOVIE എന്ന് പറഞ്ഞുകൊണ്ട് തന്നെ കാണാത്തവരെ കാണാന്‍ നിര്‍ബന്ധിക്കുന്നു .

THE  PSYCHO - 1960
DIRECTOR :- SIR ALFRED HITCHCOCK 

                                                               (വഴിപോക്കന്‍ )