Wednesday 15 October 2014

AMORES PERROS- വേറിട്ട ഒരു മെക്സിക്കന്‍ ചലച്ചിത്രവിസ്മയം


    ഇന്ത്യന്‍ സിനിമക്കും ഹോളിവുഡിനും  അപ്പുറമുള്ള സിനിമാകാഴ്ചകള്‍ തേടിപ്പോയപ്പോളൊന്നും വഴിപോക്കന് നിരാശനാകേണ്ടിവന്നിട്ടില്ല . അമോറെസ് പെറോസ്(AMORES PERROS)  എന്ന മെക്സിക്കന്‍ സിനിമയെപ്പറ്റി ആദ്യം കേള്‍ക്കുന്നതും കാണുന്നതും BABEL ഇറങ്ങിയ സമയത്താണ് . BABEL ന്‍റെ സംവിധായകന്‍ Alejandro Gonzalez Inarritu വിന്‍റെ ആദ്യ സിനിമയാണ് സ്പാനിഷ്‌ ഭാഷ സംസാരിക്കുന്ന ഈ മെക്സിക്കന്‍ ക്ലാസ്സിക് ചിത്രം . ഇന്നലെ ഒരു സുഹൃത്തിന്‍റെ വായില്‍ നിന്ന് അപ്രതീക്ഷിതമായി ഈ സിനിമയെപറ്റി കേട്ടതുകൊണ്ടും ഒരല്‍പം സമയം കിട്ടിയതുകൊണ്ടും ഒരു ചെറിയ ആസ്വാദനം എഴുതാനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ് . 

                  ഒരേ സമയത്ത്  മെക്സിക്കോ സിറ്റിയില്‍ സംഭവിക്കുന്ന മൂന്നു കഥകള്‍ പറയുന്ന ഒരു ആന്തോളജി സിനിമയാണ് അമോറെസ് പെറോസ്. മൂന്നു കഥകളിലെയും കഥാപാത്രങ്ങള്‍ഒരു റോഡ്‌ അപകടത്തില്‍ സന്ധിക്കുന്നു എന്നല്ലാതെ ഇവരെ കൂട്ടിയിണക്കുന്ന മറ്റു കാര്യങ്ങള്‍ ഒന്നും സിനിമയില്‍ ഇല്ല . സഹോദരന്‍റെ ഭാര്യയോട്‌ ഇഷ്ടംതോന്നി അവളുമായി നാടുവിടാന്‍ നായ്‌ പോര്  നടത്തി കാശുണ്ടാക്കുന്ന octavio യുടെ കഥയാണ് ആദ്യതെത് . താന്‍ ഉണ്ടാക്കിയ കാശുമായി സഹോദരനും ഭാര്യയും നാടുവിടുന്ന ദുരവസ്ഥയാണ് അയാളെ കാത്തിരുന്നത് . പട്ടി പോരിനിടയില്‍ തന്നെ പ്രിയപ്പെട്ട നായ cofi യെ വെടിവച്ച എതിര്‍വിഭാഗക്കാരനെ കത്തിക്ക് കുത്തി അവിടെനിന്നു തന്‍റെ സുഹൃത്തിനും മുറിവേറ്റ cofiക്കുമൊപ്പം രക്ഷപെട്ടു വരുമ്പോള്‍ ആണ് ആ അപകടം സംഭവിക്കുന്നത്‌ . octavio യുടെ കാര്‍ ഇടിക്കുന്നത്‌ ഒരു മോഡല്‍ അയ valeria എന്ന പെണ്‍കുട്ടിയുടെ കാറില്‍ ആണ് . അപകടത്തില്‍ കാലിനു ഗുരുതരമായി പരിക്കേറ്റു തന്‍റെ കാമുകനും ഒരു മാസികയുടെ പ്രസാധകനുമായ ഡാനിയേല്‍ എന്ന ആളുടെ പരിചരണത്തില്‍  ഒരു ഫ്ലാറ്റില്‍ കഴിയുന്ന valeria യുടെ കഥയാണ് രണ്ടാമതെത് . തന്‍റെ കാരിയര്‍ തകര്‍ന്നുപോകും എന്ന ഭയത്തില്‍ മാനസികമായി തകര്‍ന്നിരിക്കുന്ന അവളെ കൂടുതല്‍ ആഘാതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് പ്രിയപ്പെട്ട നായ്കുട്ടി റിച്ചി നിലത്തു പാകിയിരിക്കുന്ന പലകയുടെ ഇടക്ക് പെട്ടു. ആ സംഭവം അവര്‍ക്കിടയില്‍ പരസ്പരം ഒരു വിഴുപലക്കലിന് തുടക്കം കുറിക്കുകയും ഒടുവില്‍ നായയെ രക്ഷിക്കാന്‍ ശ്രമിച്ചു വീണ്ടും കാലിനു വേണ്ടും പരിക്കേറ്റ് അത് മുറിച്ചു കളയേണ്ടി വരുന്നു . 
വേറെ ഭാര്യയും കുഞ്ഞുമുള്ള ഡാനിയേല്‍ മനസ്സുമാറി ചിന്തിക്കുന്നത് പറഞ്ഞു ആ കഥതീരുന്നു . 

           കാറപകടം നടക്കുന്ന സമയത്ത് അവിടെ തെരുവില്‍ ഒരാളെ കൊല്ലാന്‍ കാശുവാങ്ങി തക്കം പാര്‍ത്തിരുന്നEl Chivo എന്ന തെരുവില്‍ ജീവിക്കുന്ന മറ്റൊരു വ്യക്തിയുടെ കഥയുംകൂടി പറയുന്നു സിനിമ. ഒരു സ്കൂള്‍ അദ്ധ്യാപകനായ അയാള്‍ ഗറില്ല പോരാളിയായി ജയില്‍ വാസം കഴിഞ്ഞു വന്നു പോയകാലത്തിന്റെ പാപഭാരവും പേറി ജീവിക്കുകയാണ് . അയാള്‍ ഒരുപാടിഷ്ടപ്പെടുന്ന സ്വന്തം മകളുടെ ഓര്‍മ്മകള്‍ അയാളെ വേട്ടയടിക്കൊണ്ടിരിക്കുന്നു . തെരുവില്‍ ആക്രി പെറുക്കിയും , സമ്പന്നര്‍ക്ക്വേണ്ടി കാശിനു ആളുകളെ കൊന്നും തെരുവ് നായ്ക്കള്‍ക്ക് അഭയം നല്‍കിയും ഒക്കെ അയാള്‍ ജീവിക്കുന്ന വിചിത്രമായ ജിവിതം . അതിന്‍റെ അവസാനം ചില തിരിച്ചറിവുകളിക്ക് എന്ന പോലെ നടന്നകലുന്ന ആ മനുഷ്യന്‍ . കഥ മുഴുവന്‍ പറഞ്ഞു രസച്ചരട് പൊട്ടിക്കാതെ ഇരിക്കുന്നതാകും നല്ലത് എന്ന് തോന്നിയത് കൊണ്ട് ഒരു ചെറിയ വിവരണം മാത്രമേ  ഇവിടെ എഴുതിയോള്ളൂ. 
           അമോറെസ് പെറോസ് മെക്സിക്കന്‍ PULP FICTION  എന്നാണ് സിനിമാ പ്രേമികള്‍ വിളിക്കുന്നത്‌ . ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സ്ഥിരം കാഴ്ചകളും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വലിയ അന്തരവും ഒക്കെ ഈ സിനിമയില്‍ മിഴിച്ചു നില്‍ക്കുന്നത് കാണാം . സമൂഹത്തിന്‍റെ കീഴ്‌ തട്ടിലുള്ളവരുടെയും , മദ്ധ്യ, ഉപരി വര്‍ഗങ്ങളുടെയും പ്രതീകാത്മക അവതരണമായിട്ടാണ് സിനിമാ നിരൂപകര്‍ അമോറെസ് പെറോസ് നെ കണ്ടത് . ഒപ്പം മനുഷ്യ ബന്ധങ്ങളുടെ തീവ്രതയുടെയും മനുഷ്യന്‍റെ അടങ്ങാത്ത അസക്തികളുടെയും ത്രിഷ്ണയുടെയും ഒക്കെ ബിംബവല്കരണവും ഇതില്‍ ഉണ്ട് . പട്ടിപോരും ,  തോക്ക് കൊണ്ടുള്ള കളികളും ലാറ്റിനമേരിക്കയുടെ മുഖമുദ്രയായ ക്രമസമാധാന ലഘനവും അരാജകത്വവും ഒക്കെ സിനിമയില്‍ പറയാതെ പറയുന്നു . 
        നായ്ക്കളോട് ഉള്ള സ്നേഹം എന്ന അര്‍ഥം വരുന്ന സ്പാനിഷ്‌ വാക്കാണ്‌ അമോറെസ് പെറോസ്. ഈ സിനിമയിലെ മൂന്നു കഥകളിലും നായ്ക്കള്‍ പ്രധാന കഥാപാത്രമായി മാറുന്നു. OCTAVIO യുടെ cofi എന്ന നായയെ പോര് പഠിപ്പിച്ചു അവസാനം CHIVO യുടെ പട്ടിക്കൂട്ടത്തെ മുഴുവന്‍ പോരുകൂടി കടിച്ചു കൊല്ലുന്നത് നമ്മെ കാണിച്ചുതന്നുകൊണ്ട് സംവിധയകന്‍ ഓര്‍മ്മിപ്പിക്കുന്നത് മനുഷ്യന്‍റെ സ്വഭാവം തന്നെയാണ് . ലോക സിനിമാ പ്രേമികള്‍ നല്ല സിനിമയുടെ ഗണത്തില്‍ കരുതിപോരുന്ന ഒരു ചിത്രമാണ്‌ അമോറെസ് പെറോസ്. അക്കാദമി അവാര്‍ഡ് നാമനിര്‍ദ്ദേശം മുതല്‍ കാന്‍ ചലച്ചിത്ര വേദിയില്‍ വരെ പ്രദര്‍ശിപ്പിച്ചു ഒരുപാടു പുരസ്കാരങ്ങളും കയ്യടിയും വാരിക്കൂട്ടിയ ഒരു സിനിമയാണ് ഇത് . 
          സബ്ടൈറ്റില്‍ വായിച്ചു സിനിമാകണ്ടാല്‍ ആരോച്ചകമാവാത്ത , ലോകത്തിലെ മികച്ച സിനിമകള്‍ തേടിപ്പിടിച്ചു കാണുന്ന നല്ല സിനിമയെ സ്നേഹിക്കുന്ന എന്‍റെ കൂട്ടുകാര്‍ക്കു ഈ സിനിമ നിര്‍ദേശിക്കുന്നു . വേറിട്ട സിനിമാ അനുഭവമായി വഴിപോക്കന് തോന്നിയ സിനിമയാണ് .