Friday 1 November 2013

BACHEHA YE ASEMAN ( CHILDREN OF HEAVEN ) - ഒരു ഇറാനി ചലച്ചിത്രം

               
                
BACHEHA YE ASEMAN ( CHILDREN OF HEAVEN ) - 1998 ഒരു ഇറാന്‍ ചലച്ചിത്രമാണ് . ഇറാനി നവതരംഗ സിനിമാക്കാരില്‍ പ്രമുഖന്‍ അയ മജീദ്‌ മജീദി (MAJID MAJIDI ) യെ കുറിച്ച് ആദ്യം കേട്ടതും PEDAR എന്നൊരു സിനിമ കണ്ടതും കുറെ കാലം മുന്‍പ് ഒരു ഉത്തരേന്ത്യയില്‍ യാത്രയ്ക്കിടെ ആണ് . പിന്നീടു അദ്ദേഹത്തിന്‍റെ പല സിനിമകളും തേടി പിടിച്ചു കണ്ടിട്ടുണ്ട് . കൊച്ചു കുട്ടികളുടെ വീക്ഷണത്തിലൂടെ കഥപറയുന്ന ഒരു മനോഹര ചിത്രമാണ് BACHEHA YE ASEMAN.

                      തന്‍റെ സഹോദരി സൈറയുടെ ഷൂസ് നന്നാക്കി കൊണ്ട് തിരിച്ചു വരുന്നതിനിടയില്‍ അലി എന്ന ബാലന്‍ അത് നഷ്ടപ്പെടുത്തുന്നു . പക്ഷെ അച്ഛനും അമ്മയും അറിഞ്ഞാല്‍ തല്ലു കിട്ടും . മാത്രമല്ല പുതിയതൊന്നു വാങ്ങിത്തരാന്‍ തന്‍റെ പിതാവിന് കാശില്ല എന്നും അലിക്കറിയാം . അങ്ങനെ സൈറയും തമ്മില്‍ ഒരു ഉടമ്പടിയില്‍ എത്തിച്ചേരുന്നു .  സൈറ  രാവിലെ സ്കൂളില്‍ പോകുമ്പോള്‍ അലിയുടെ  ഷൂസ് ഇട്ടു പോകും . അവള്‍ ഉച്ചക്ക് വന്നതിനു ശേഷം അതുമായി അലി സ്കൂളില്‍ പോകും . അവന്‍ ഉച്ചക്ക് ശേഷമുള്ള സ്കൂളില്‍ ആണ് പോകുന്നത് . ടെഹറാന്‍ നഗരപ്രാന്തത്തില്‍ ആണ് അലിയും സൈറയും അവരുടെ കുടുംബവും ഉള്ളത് .  അവിടെ അവര്‍ ജീവിക്കുന്ന ചേരിയിലേക്കും അവരുടെ ഇടുങ്ങിയ ജീവിതത്തിലേക്കും കൂടി ക്യാമറ വച്ചാണ് സംവിധായകന്‍ സിനിമയുടെ ദ്രിശ്യഭാഷ ഒരുക്കിയിരിക്കുന്നത് . പരിമിതമായ തങ്ങളുടെ ജീവിതസാഹചര്യത്തില്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന രണ്ടു കുട്ടികളെ കാണിച്ചു തരുന്നു സംവിധയകന്‍ .

              തന്‍റെ നഷ്ടപെട്ടുപോയ ഷൂസ് കണ്ടെത്തി ആ വീട്ടിലേക്കു സൈറ അലിയെയും കൂട്ടി ചെല്ലുന്നു .  പക്ഷെ തങ്ങളേക്കാള്‍ പാവപെട്ട അവരുടെ സ്ഥിതി കണ്ടു ആ കുട്ടികളിലെ നന്മ അവരെ തിരിച്ചു നടത്തുന്നു .താന്‍ നഷ്ടപെടുത്തിയ സഹോദരിയുടെ ഷൂസ് എങ്ങനെയെങ്ങിലും പകരം നല്‍കണം എന്ന് അലിക്ക് ഉണ്ട് . അതുകൊണ്ടാണ് ഷൂസ് സമ്മാനം ഉണ്ട് എന്നറിഞ്ഞു അവന്‍ ഒരു ഓട്ടമല്‍സരത്തിനു ചേരുന്നത് , മൂന്നാം സമ്മാനം ആണ് ഷൂസ് എന്നതുകൊണ്ട്‌ അലി അതാണ് ലക്ഷ്യം വക്കുന്നത് . ആവശ്യങ്ങള്‍ ആണല്ലോ നമ്മുടെ ലക്ഷ്യത്തെ രൂപപ്പെടുത്തുന്നത് . വലിയ ഒരു ആകാംഷയൊന്നും സിനിമ അവശേഷിപ്പിക്കുന്നില്ല എങ്കിലും കഥ മൊത്തം വിശദീകരിക്കുന്നത് ഹിതമല്ലല്ലോ .

                 വ്യക്തമായ ഒരു രാഷ്രീയം കൂടി ഉണ്ട് മജീദ്‌ മജീദിയുടെ സിനിമകള്‍ക്ക്‌ ഉണ്ടാകാറുണ്ട് എന്നാണ് എന്‍റെ അഭിപ്രായം . ഇറാനിലെ രണ്ടു തട്ടിലെ ജീവിതവും ഇതില്‍ വരച്ചിടുന്നുണ്ട് . അലിയും പിതാവും കൂടി  ഉദ്യാനപാലനജോലി അന്വേഷിച്ചു നടക്കുന്ന രംഗങ്ങളില്‍ ഇറാനിലെ  പാവപ്പെട്ടവന്‍റെയും ആഡംബര ജീവിതത്തിന്‍റെയും ചിത്രം നമുക്ക് ഒരുമിച്ചു കാണിച്ചു തരുന്നു. ഗേറ്റ് അടച്ചിട്ടു INTERCOM വച്ച് ജീവിക്കുന്ന പണക്കാരും ചേരികളില്‍ കൂരപോലുമില്ലാതെ അന്തിയുറങ്ങുന്ന ദരിദ്രനാരായനന്മ്മാരും  മൂന്നാം ലോക രാഷ്ട്രങ്ങളിലെ സ്ഥിരം കാഴ്ച ആണ് . എങ്കിലും കൊച്ചു കുട്ടികളുടെ കണ്ണില്‍ അത്തരം അതിര്‍വരമ്പുകള്‍ ഇല്ലാത്തതും നമുക്ക് ഇവിടെ കാണാം . പോട്ടഷൂസും ഇട്ടു ഓട്ടമല്‍സരത്തിനു നില്‍ക്കുന്ന അലിയും  ബന്ധുക്കളുടെ പ്രോത്സാഹനങ്ങള്‍ ഏറ്റുവാങ്ങി എനര്‍ജി ഡ്രിങ്കും കുടിച്ചു നില്‍ക്കുന്ന ബാലന്മ്മരെയും നമ്മുക്ക് കാണിച്ചു തരുന്നു സംവിധായകന്‍ .  സമ്പത്തിന്‍റെ അളവില്‍ സമൂഹം രണ്ടു തട്ടായി തിരിക്കപ്പെടുന്ന കാഴ്ച വെറുതെ കാണിക്കുക്ക മാത്രമാണെങ്കിലും ഒരു നിശബ്ദപ്രതിഷേധം അതില്‍ എവിടെയോ ഉണ്ടെന്നു തോന്നി .  ചിലപ്പോള്‍ വഴിപോക്കന്റെ കാട്കേറുന്ന ചിന്തയുടെ കുഴപ്പം കൊണ്ടാകാം ഇങ്ങനെഒക്കെ ദര്‍ശിക്കുന്നത് .

                 BACHEHA YE ASEMAN എന്ന സിനിമയുടെ ഏറ്റവും വല്യ ആകര്‍ഷണം വളരെ നിഷ്കളങ്കരായ രണ്ടു കുട്ടികള്‍ തന്നെയാണ് . അവരുടെ ചിന്തകളിലൂടെയും മാനസികവ്യപരങ്ങളിലൂടെയും ആണ് കഥ മുന്നോട്ടുപോകുന്നതും .യാതൊരു വിധ പാളിച്ചയും തോന്നാത്തവിധം അങ്ങേയറ്റം പ്രൊഫഷണല്‍ ആയി തോന്നിയ ഇവരുടെ അഭിനയം പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു . അഭിനയ മുഹൂര്‍ത്തങ്ങളെക്കാളും സംഭാഷണങ്ങളെക്കാളും ദ്രിശ്യസമ്പന്നതകൊണ്ട് കഥപറയാന്‍ ആണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത് . വളരെ സ്വാഭാവിക ഒഴുക്കുള്ള ഒരു ദ്രിശ്യ ഭാഷ ഇതിന്‍റെ തിരകഥക്ക് ഉണ്ട് . അതിനു ഏറ്റവും മനോഹരമായ സിനിമാരൂപം നല്‍കുന്നതില്‍ സംവിധായകന്‍ അങ്ങേയറ്റം വിജയിച്ചു എന്ന് പറയാതെ വയ്യ.  സിനിമ കണ്ടറിയേണ്ട ഒരു അനുഭവം ആണ് അതുകൊണ്ട് തന്നെ കൂടുതല്‍ എഴുതാന്‍ ഇതില്‍ ഒന്നുമില്ല .

                     കുട്ടികള്‍ കഥാപാത്രങ്ങളായി വരുന്നത് കൊണ്ട് തന്നെ ആവണം വഴിപോക്കനെ ഈ ചിത്രം കൂടുതല്‍ ആകര്‍ഷിച്ചത് . എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ ആണോ എന്നതില്‍ സംശയം ഉണ്ട് . എങ്കിലും കണ്ടിട്ട് ഒരു മോശം അഭിപ്രായം ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന് തോന്നുന്നില്ല . കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണാന്‍ ശ്രമിക്കണം . ഇല്ലെങ്കില്‍ മറ്റൊരു വ്യത്യസ്ത സിനിമാ അനുഭവമാകും നിങ്ങള്ക്ക് നഷ്ടപ്പെടുക .
BACHEHA YE ASEMAN ( CHILDREN OF HEAVEN )
DIRECTOR - MAJID MAJIDI
                                             (വഴിപോക്കന്‍ )

No comments:

Post a Comment