Sunday 22 September 2013

പെരുന്തച്ചന്‍

             


                  മലയാളത്തിലെ ലക്ഷണമൊത്ത ചലച്ചിത്ര കാവ്യങ്ങളുടെ നിരയില്‍ ഒന്നാമത് എന്ന് തന്നെ വിളിക്കാവുന്ന സിനിമയാണ് അജയന്‍റെ പെരുന്തച്ചന്‍ (1991).  ലോകനിലവാരത്തിലേക്ക് മലയാള സിനിമ ഇടക്കെങ്കിലും ഉയരുന്നതിന്‍റെ ഉദാഹരണം . അരങ്ങിലും കഥയിലും അണിയറയിലും എല്ലാം പെരുന്തച്ചന്‍മാരുടെ ഒരു അപൂര്‍വ്വ സമ്മേളനം . എം . ടി. , തിലകന്‍ , നെടുമുടി , സന്തോഷ്‌ ശിവന്‍ , ജോണ്‍സന്‍ . .....
By the time a man realizes that maybe his father was right, he usually has a son who thinks he's wrong.
             -CHARLES WADSWORTH
                         പെരുന്തച്ചന്റെ വെറും ജീവിത കഥയായിട്ടല്ല എം . ടി . ഇതിനെ ഒരുക്കിയിരിക്കുന്നത് . രണ്ടു തലമുറകള്‍ തമ്മിലുള്ള ആശയപരമായ അന്തരങ്ങളും സംഘര്‍ഷങ്ങളും പെരുന്തച്ചനിലൂടെയും മകനിലൂടെയും വരച്ചുകാട്ടുന്നു . പുതിയതിനെയും പഴയതിനെയും  ആ അച്ഛനിലൂടെയും മകനിലൂടെയും ഒന്ന് മാറ്റുരച്ചു നോക്കുന്നുണ്ട് കഥാകൃത്ത്‌ . മലയാള സാഹിത്യത്തിലെ പെരുന്തച്ചന്‍ അയ എം . ടി . വാസുദേവന്‍ നായര്‍ സിനിമയിലും "മിഡാസിന്‍റെ കൈ " ഉള്ള ആളായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ . ആ ക്രാഫ്റ്റ് അതിന്‍റെ എല്ലാ പൂര്‍ണതയൂടും കാണാന്‍ സാധിക്കും പെരുന്തച്ചന്‍റെ പാത്രസൃഷ്ടിയിലും  ഈ സിനിമയില്‍ ഉടനീളവും .


                         കാറ്റിന്റെ വികൃതിയില്‍ കെട്ടുപോകുന്ന ഒരു കല്‍വിളക്കിന്‍റെ ദ്രിശ്യത്തില്‍ നിന്നാണ് പെരുതച്ചന്റെ ആരംഭം . ഒരു കല്ല്‌ കുത്തി നിര്‍ത്തി കാറ്റിനെ മറയ്ക്കുന്നിടത്തു നിന്ന്  പിന്നെ സഞ്ചാരമാണ് . പെരുന്തച്ചനിലൂടെ ... മകനിലൂടെ .... ഫ്ലാഷ് ബാക്ക് ഉപയോഗിക്കാതെ സംഭാഷണങ്ങളിലൂടെ ആണ് ആ മഹാതച്ചന്റെ മഹത്വം വിളിച്ചു പറയുന്നത് . പെരുന്തച്ചന്റെ ചങ്ങാതി ഉണ്ണി തമ്പുരാന്‍റെ വാക്കുകളിലൂടെ അത് നമ്മള്‍ അറിയുന്നു ... "ഒരു കല്ല്‌ നാട്ടി കാറ്റ് മറയ്ക്കനമെങ്കില്‍ അത് പെരുന്തച്ചന്‍ തന്നെ എന്ന് ഉറപ്പിച്ചു " എന്നും "ആശാരിമാര് കൊത്തിയാല്‍ പരുന്താവും , ഗരുഡന്‍ അവണേല്‍ പെരുന്തച്ചന്‍ തന്നെ കൊത്തണം " എന്നും " പെരുന്തച്ചന്‍ ഒന്ന് നോക്കിയ സ്ഥലം ആണെങ്കില്‍ കൂടി പെരുന്തച്ചന്‍ പണിയെടുത്ത സ്ഥലമാണെന്ന് പറയും " എന്നൊക്കെ ഉള്ള ഉണ്ണി തമ്പുരാന്‍റെ വാക്കുകള്‍ പെരുന്തച്ചപെരുമ വിളിച്ചോതുന്നു. കല്ലില്‍ സപ്തസ്വരം തീര്‍ത്ത പെരുതച്ചന്‍ ഒരു മിത്ത് ആവാം . പക്ഷെ ചുമ്മാ വിശ്വസിക്കാന്‍ ആണ് വഴിപോക്കനിഷ്ടം .

                  തിലകന്‍ എന്ന നടന്‍റെ ഏറ്റവും മികച്ച  കഥാപാത്രം ഏതെന്നു ചോദിച്ചാല്‍ രണ്ടാമത് ആലോചിക്കാതെ വഴിപോക്കന്‍ പറയും പെരുന്തച്ചന്‍ എന്ന് . അത്രമാത്രം ആ കഥാപാത്രമായി ജീവിക്കുക ആയിരുന്നു തിലകന്‍ . ഒറിജിനല്‍ പെരുതച്ചന്‍ വന്നു നിന്നാലും മലയാളികള്‍ക്ക് തിലകനെ തന്നെ യാവും കൂടുതല്‍ ഇഷ്ടം . ഈ ചിത്രത്തിലെ തിലകന്‍റെ മൂന്ന് രംഗങ്ങള്‍ എനിക്കേറവും പ്രിയപ്പെട്ടതാണ് .
 1.  കാറ്റിനെ മറയ്ക്കുന്ന ആദ്യ സീന്‍
 2.  വൃക്ഷം മുറിക്കുന്നിടത് ഓടിയെത്തി വൃക്ഷപൂജ ചെയ്യാന്‍മകനെ  ഉപദേശിക്കുന്നത് .
 3. പിന്നെ ക്ലൈമാക്സ്‌ .
തിലകന്‍ ചേട്ടന്‍റെ വേര്‍പാട്‌ മലയാള സിനിമക്ക് നല്‍കിയ നികത്താനാവാത്ത ആ ശൂന്യത , അതിന്‍റെ ആഴം അറിയണമെങ്കില്‍ പെരുതച്ചന്‍ കാണണം . തിലകന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം .

 

 

രണ്ടു തലമുറകളുടെ ഒരു താരതമ്യം കൂടെ നടത്തുനുണ്ട് ഈ സിനിമയില്‍ .  മനുഷ്യ സഹജമായ സ്ത്രീ മോഹങ്ങള്‍ ഉണ്ടാകുമ്പോള്‍ പെരുന്തച്ചന്‍ കാണിക്കുന്ന സംയമനവും മകന് അതില്ലാതെ പോകുന്നതും ശ്രദ്ധേയമാണ് . പുതിയ തലമുറയുടെ ശീലങ്ങളും ശീലക്കേടുകളും  അവരുടെ നിഷേധാത്മക സമീപനം ധാര്‍ഷ്ട്യം ഒക്കെ കണ്ണനില്‍ നിറച്ചു വളരെ സിംബോളിക് യാണ് ആ കഥാപാത്രത്തെ എം. ടി . എഴുതിഉണ്ടാക്കിയിട്ടുള്ളത് . അതിന്‍റെ കഴുത്തിലേക്കു പെരുന്തച്ചനെ ക്കൊണ്ട് ഒരു ഉളി എടുത്തു ഇടീച്ചു കഥകഴിക്കുമ്പോള്‍ അത് അവന്‍റെ അഹന്തയിലേക് ആണ്  ചെന്ന് വീഴുന്നത് .എം . ടി. യുടെ സ്ത്രീ കഥാപാത്രങ്ങള്‍ക്കും പതിവില്‍ കവിഞ്ഞ ഒരു ശക്തി ഉള്ളതായി തോന്നി . "നിയമം തെറ്റിക്കണമെങ്കില്‍ അത് നേരത്തെ ആകാമായിരുന്നു. പതിനാറു കൊല്ലവും പന്തീരായിരം ചിലവാകും വരെയും കാത്തുനില്‍ക്കണമായിരുന്നില്ല. അനുഗ്രഹിച്ചവരുടെ ഒക്കെ ശാപം കിട്ടിയാലേ തൃപ്തിയാവൂ എന്നുണ്ടോ? എന്ന് ചോദിക്കുന്ന തമ്പുരാട്ടി അതിന്‍റെ പ്രതീകമാണ്‌ .  മകന്‍ വിചാരിച്ചിട്ട് കൂടാത്ത മോന്തായം കൂട്ടാന്‍ അച്ഛന്‍ തന്നെ വരേണ്ടി വരുന്നു . 

നെടുമുടി വേണുവിന്‍റെ അനായാസമായ അഭിനയം കൊണ്ട് ഏറെ ശ്രദ്ധേയമാണ് ഇതിലെ തമ്പുരാന്‍ വേഷം . തിലകനും നെടുമുടിയും തമ്മിലുള്ള ഇതിലെ ചില കോമ്പിനേഷന്‍ സീനുകള്‍ മലയാള സിനിമയുടെ തന്നെ മുതല്‍ക്കൂട്ടാണ് . അഭിനയത്തിന്‍റെ പാഠങ്ങള്‍ പുതുതലമുറ ഇവരെ കണ്ടു പഠിക്കണം . കണ്ടിട്ടും കേട്ടിട്ടും തന്നെയില്ലാത്ത കാലഘട്ടത്തില്‍ ജീവിച്ച ആളുകളായി എത്ര സുന്ദരമായാണ് ഇതിലെ അഭിനേതാക്കള്‍ ജീവിക്കുന്നത് . മോനിഷ എന്ന ദുഖം  വീണ്ടും ഓര്‍ക്കും ഈ ചിത്രം കാണുമ്പോള്‍ .  പ്രശാന്ത്‌ ഒരു പുതുമുഖമാണെന്ന് തോന്നുകയേ ഇല്ല .

സിനിമയിലെ കാലഘട്ടത്തിനു ചേര്‍ന്ന സംഗീതം ഒരുക്കി ജോണ്‍സന്‍ മാഷും ചായഗ്രാഹക വിരുതു കൊണ്ട് സന്തോഷ്‌ ശിവനും കൂടി ചേര്‍ന്നപ്പോള്‍ മലയാളത്തിലെ ഒരു ലക്ഷണമൊത്ത ക്ലാസ്സിക്‌ ചിത്രമായി പെരുന്തച്ചന്‍ മാറി . ദേശിയ തലത്തില്‍ എന്തുകൊണ്ടോ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല . തിലകന് എന്തുകൊണ്ടാണ് ദേശിയ പുരസ്‌കാരം നല്‍കാഞ്ഞത്‌ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

ഈ സിനിമയുടെ സംവിധായകന്‍ തോപ്പില്‍ ഭാസി യുടെ മകന്‍ അജയന്‍ ആണ് . ഒരൊറ്റ സിനിമ മാത്രമേ അദ്ദേഹം സംവിധാനം ചെയ്തോളു . എന്തുകൊണ്ടാണ് അജയന്‍ വേണ്ടും ഒരു സിനിമ ചെയ്യാതിരുന്നത് എന്നതു എന്നെ ഒരുപാടു അത്ഭുതപ്പെടുത്തി . പക്ഷെ ഒരു നൂറു സിനിമയുടെ ഗുണം ചെയ്യുന്ന ഒന് തന്നെയാണ് ഇതെന്ന് സംമ്മതിക്കാതെ വയ്യ .  പെരുന്തച്ചന്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ പോലെ അത് ഒളിമങ്ങാതെ നില്‍ക്കുന്നു . ഒപ്പം കണ്ണന്നോടെന്നപോലെ നമ്മുടെ NEW GENERATION ക്കാരോട് ഒരു ചോദ്യവും ചോദിപ്പിക്കുന്നു . "
“നീ കൊത്തുന്ന ശില്പങ്ങളെല്ലാം മങ്ങുന്നു എന്ന് പരാതിയുണ്ട്. അത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ കണ്ണാ“.....

                                                                     -(വഴിപോക്കന്‍)
പെരുന്തച്ചന്‍ (1991)
സംവിധാനം :- അജയന്‍
തിരക്കഥ :- എം.ടി.
ക്യാമറ :-സന്തോഷ്‌ ശിവന്‍ 
തിലകന്‍ , നെടുമുടി , പ്രശാന്ത്‌ , മോനിഷ , വിനയപ്രസാദ്‌

2 comments:

  1. വളരെ നല്ല റിവ്യൂ , പെരുന്തച്ചന്‍ എനിക്ക് വളരെ ഇഷ്ടപെട്ട ചിത്രമാണ്‌, ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ട് അജയന്‍ വേറൊരു ചിത്രം എടുത്തില്ല, ഒരു പക്ഷെ അതുകൊണ്ട് തന്നെയായിരിക്കും നമ്മള്‍ അജയനെ ഇപ്പോഴും ഓര്‍ക്കുന്നത് , അതുപോലെ തന്നെ വിനയ പ്രസാദിന്‍റെ അഭിനയവും ഒന്നാംതരം തന്നെ,

    ReplyDelete