Monday 18 July 2016

ഒഴിവുദിവസത്തെ കളി


               ഒരു ക്ഷമാപണത്തോടെയല്ലാതെ ഈ കുറിപ്പ് എഴുതിത്തുടങ്ങാന്‍ സാധിക്കില്ല . ഒഴിവുദിവസത്തെ കളി എന്ന സനലിന്‍റെ രണ്ടാമത്തെ ചിത്രം കണ്ടിട്ട് കുറെ നാള്‍ ആയിട്ടും അത്ഭുതമായി തോന്നിയ ആ സിനിമാഅനുഭവത്തെക്കുറിച്ച് എഴുതാന്‍ ഒരല്‍പം സമയം കണ്ടെത്താന്‍ കഴിയാതെപോയതില്‍ ഉള്ളില്‍ തട്ടി ക്ഷമപറഞ്ഞുകൊണ്ടുതന്നെ തുടങ്ങാം . ഉണ്ണി ആറിന്‍റെ അതേ പേരിലുള്ള കഥയെ ആസ്പദമാക്കി സനല്‍കുമാര്‍ ശശിധരന്‍ ഒരുക്കിയ ഒഴിവുദിവസത്തെ കളി ഒരു അത്ഭുതസിനിമയായിട്ടാണ് തോന്നിയത് . ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ ഒരു വിമര്‍ശനമോ ഓര്‍മ്മപ്പെടുത്തലോ നമ്മുടെ ജീര്‍ണിച്ച കെട്ടുകാഴ്ച്ചകള്‍ക്കുനേരെയുള്ള ഒരു കലാപമോ ഒക്കെയാണ്  ഒഴിവുദിവസത്തെ കളി. ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തില്‍ അടിവരയിട്ടു എഴുതേണ്ട ഒരു സിനിമയായി ഇതിനെ കാണാന്‍ ആണ് വഴിപോക്കനിഷ്ടം . ഒരു രാഷ്ട്രീയ വിമര്‍ശനം എന്ന് ലബേല്‍ ചെയ്തു പോകുമ്പോളും അതിനും അപ്പുറം കുറെയേറെ മാനങ്ങള്‍ ഈ സിനിമയ്ക്കുണ്ട്  എന്ന് സമ്മതിക്കാതെ വയ്യ . ജാതി-മത-വര്‍ണ്ണ-ദേശ-ഭാഷാ-ലിംഗ അസമത്വങ്ങളും  വിവേചനങ്ങളും കൊണ്ട്  ചുറ്റിവരിഞ്ഞ ഭരണഘടന മുതല്‍ ഭരണവ്യവസ്ഥഅടക്കം സര്‍വസ്സവും നശിച്ചു ജീര്‍ണിച്ച ഇന്ത്യന്‍ മനസ്സിനെ നോക്കി രാജാവ്‌ നഗ്നനാണ് എന്ന് ഒറക്കെ വിളിച്ചുപറയുന്ന സിനിമാചങ്കൂറ്റം എന്ന്    ഒഴിവുദിവസത്തെ കളിയെ നമുക്ക്   വിളിക്കാം . ഒരു പരിഷ്കൃത സമൂഹം അല്ലെങ്കില്‍ അങ്ങനെ സ്വയം വിശേഷിപ്പിക്കുന്ന ഒരു വലിയകൂട്ടം ജനത അതിന്‍റെ അലങ്കരിച്ചു മിനുക്കി സുഗന്ധം പുരട്ടിയ പുറംചട്ടക്കകത്ത്  പുഴുത്തു പുണ്ണ്കുത്തി ചലമൊലിക്കുന്ന പ്രാകൃത ചിന്തകളും ശീലങ്ങളും പേറുന്ന വിരോധാഭാസം തുറന്നുകാട്ടുമ്പോള്‍ ഉള്ള ഞെട്ടലാണ്  ഒഴിവുദിവസത്തെ കളി കണ്ടിറങ്ങുന്ന ഒരാളെ പിന്തുടരുക . ആ ഞെട്ടലിന്‍റെ ആഘാതത്തില്‍ അവന്‍ നോകുന്നത് അവനവന്‍റെ തന്നെ ഉള്ളിലെ പ്രാകൃത മനുഷ്യനിലേക്കും .

          സാഹിത്യത്തില്‍ നിന്ന് പ്രമേയങ്ങള്‍ കൈക്കൊണ്ടുകൊണ്ട് സിനിമ ഉണ്ടാക്കുന്ന രീതി പഴയത് തന്നെയാണ് , അല്ലെങ്കില്‍ സിനിമ ഉണ്ടായകാലത്ത് സിനിമകള്‍ അങ്ങനെയുള്ളവ മാത്രമായിരുന്നു . പിന്നീടു കാലാകാലങ്ങളില്‍ ലോകമെമ്പാടുമുള്ള ചലച്ചിത്രകാരന്‍മ്മാര്‍ അവരവരുടെ കാലഘട്ടത്തിലെ സാഹിത്യത്തെ സിനിമയില്‍ അടയാളപ്പെടുത്തിപോന്നു . സാഹിത്യകാരന്‍മാര്‍ സിനിമാഎഴുത്തുകാരായി പരിണമിക്കുകയും സിനിമാപ്രവര്‍ത്തകര്‍ സാഹിത്യ വായനയുള്ളവരായി  തുടരുകയും ചെയ്തു . ഇന്ത്യന്‍ സിനിമയിലെയും മലയാളത്തിലെയും ഒക്കെ അവസ്ഥ ഇതുതന്നെയായിരുന്നു . പി ഭാസ്കരന്‍ ,  രാമു കാര്യാട്ട്‌  തുടങ്ങി രഞ്ജിത്ത് വരെ എത്രയെത്ര പേര്‍. ഒരു ചലച്ചിത്രകാരന്റെ സാഹിത്യവായന സിനിമയില്‍ അടയാളപ്പെടുത്തി മനോഹരങ്ങളാക്കിയ എത്രയെത്ര മനോഹര സിനിമകള്‍ നമുക്കുണ്ടായിട്ടുണ്ട് . സമകാലിക സിനിമാ പ്രവര്‍ത്തകരില്‍ രഞ്ജിത്തിനെ എടുത്തു പറയണം . പാലേരി മാണിക്കവും ഞാനും ലീലയും എല്ലാം മികച്ചു നിന്ന ചിത്രങ്ങളാണ്‌ . പക്ഷെ അവയ്ക്കൊന്നും ഒരിക്കലും സാധിക്കാത്തവിധം അസാധാരണ മികവോടെയാണ്  ഉണ്ണി ആറിന്‍റെ ഒഴിവുദിവസത്തെ കളി എന്ന ചെറുകഥ അതേ പേരില്‍ സനല്‍കുമാര്‍ ശശിധരന്‍ സിനിമയാക്കിയത്. ഒരു സിനിമയായി മാറാന്‍ തീരെ സാധ്യത കുറഞ്ഞ ഒരു കഥയെ , അതിശക്തമായ ഭാഷയില്‍ മനോഹര സിനിമയാക്കി മാറ്റി മികച്ച സിനിമക്കുള്ള സംസ്ഥാനപുരസ്കാരവും ചൂടി ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ഒഴിവുദിവസത്തെ കളി അനന്യസാധാരണമായ ഒരു ചലച്ചിത്ര വിസ്മയം ആണ് .

           ഒഴിവുദിവസത്തെ കളി കണ്ടുകഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് രണ്ടുകാര്യങ്ങളാണ് .  ഈ സിനിമ സംവിധായകന്‍റെ ഒപ്പം ഇരുന്നു കാണാമായിരുന്ന ഒരവസരം വിട്ടുകളഞ്ഞല്ലോ എന്ന നിരാശയും ഉണ്ണി ആറിന്‍റെ ആ ചെറുകഥയെ ഇങ്ങനെയൊരു ദ്രിശ്യഭാഷ്യമായി മാറ്റിയതിലെ അത്ഭുതവും . ഒരു സിനിമയാക്കാന്‍ തീരെ സാധ്യത തോന്നാത്ത ഒരു ചെറിയ കഥയാണ് ഉണ്ണി ആറിന്‍റെ ഒഴിവുദിവസത്തെ കളി. നന്ദാവനം ലോഡ്ജിലെ എഴുപതാം നമ്പര്‍ മുറി , ഒരുകുപ്പി മദ്യം , നാലു സുഹൃത്തുക്കള്‍ . ഇതൊക്കെയേയുള്ളൂ കഥ ആദ്യം വായിക്കുമ്പോള്‍ . എന്നാല്‍ പുനര്‍വായനയില്‍ ഒരുപാടൊരുപാട് കഥകള്‍ പറഞ്ഞു തരുന്ന കഥയാണ് ഒഴിവുദിവസത്തെ കളി. ഉണ്ണി ആര്‍ എന്ന കഥാകൃത്തിന്റെ സാമൂഹികവീക്ഷണത്തിന്‍റെയും  ആശയതീവ്രതയും ആഴവും പരപ്പും നന്ദാവനം ലോഡ്ജിലെ എഴുപതാം നമ്പര്‍ മുറിയില്‍ ഒരുകുപ്പി മദ്യത്തിനോപ്പം നാലുകൂട്ടുകാരിലൂടെ വിടരുന്നത് അസാധാരണമായ ഒരു സാഹിത്യാനുഭവമാണ് . വീണ്ടും വായിക്കുമ്പോള്‍ ഒരുമുറിക്കപ്പുറമുള്ള ലോകത്തിലെ അസമത്വങ്ങള്‍ , അതിന്‍റെ കൊല്ലുന്ന ഭീകരത അങ്ങനെ ഒരുപാടുകാര്യങ്ങള്‍ ഉറക്കെവിളിച്ചുപറയുന്ന , ഒരു വ്യക്തമായ രാഷ്ട്രീയ വീക്ഷണമുള്ള കഥയാണ്  ഒഴിവുദിവസത്തെ കളി . തലമുറകളായി നാം പേറി പോരുന്ന , പണവും നിറവും കുലവുമളന്നു സൌഹൃദങ്ങള്‍ക്ക്  പോലും വേലികെട്ടി തിരിക്കുന്ന,  പുരുഷസൂക്തം മുതല്‍ ഭരണഘടന വരെ വേരുകളുള്ള  നമ്മുടെ ഉച്ചനീചത്വബോധത്തെ , അതിന്‍റെ ഭീകരപ്രത്യാഘാതങ്ങളെ എല്ലാത്തിനെയും ഒരു ചെറുകഥയില്‍ ബിംബവല്കരിച്ചു നിര്‍ത്തി ഉണ്ണി ആര്‍ തീര്‍ത്ത വിസ്മയമാണ്  ഒഴിവുദിവസത്തെ കളി എന്ന ചെറുകഥ .

        ഒരു സിനിമയുടെ കാഴ്ച വിസ്മയത്തിലേക്ക് പകര്‍ത്തിയെഴുതാന്‍ ഒറ്റനോട്ടത്തില്‍ ഒരു സാധ്യതയും കല്‍പ്പിക്കാത്ത ഒരു കഥയെ സനല്‍ തന്‍റെ സംവിധായക മികവുകൊണ്ട് മികവുറ്റതാക്കിമാറ്റുന്ന അത്ഭുതമാണ് ഒഴിവുദിവസത്തെ കളി എന്ന സിനിമ . പൊതുവേ സാഹിത്യത്തില്‍ നിന്ന് കടംകൊണ്ട്  സിനിമയെടുക്കുമ്പോള്‍ സാഹിത്യ സൃഷ്ടിയുടെ ആസ്വാദനസുഖം സിനിമയ്ക്ക്  ഉണ്ടാകാറ് പതിവില്ല . കഥയോടും സാഹിത്യത്തോടും തീരെ നീതിപുലര്‍ത്തിയില്ല എന്ന വിമര്‍ശനമാണ്  മിക്കവാറും പതിവ്; അപവാദങ്ങള്‍ ഉണ്ട് എന്നിരുന്നാലും . എന്നാല്‍ എവിടെ കഥയിലെ ലോഡ്ജ്മുറിയിലെ നാലു ചുവരുകള്‍ക്ക് ക്കിടയില്‍ നിന്ന് കുറച്ച്കൂടി വിശാലമായ ഒരു തലത്തിലേക്ക് ഇറക്കി, ഒരു തിരഞ്ഞെടുപ്പ് ദിവസത്തിന്‍റെ പശ്ചാത്തലത്തില്‍  കഥാപാത്രങ്ങളെ കള്ളനും പോലീസും കളിപ്പിച്ചു സനല്‍ നമ്മളെ ഞെട്ടിക്കുന്നു . ഇത്ര സൂക്ഷ്മമായി ചെറുകഥയിലെ ആശയതീവ്രത ഒട്ടും ചോരാതെ എന്നാല്‍ കൂടുതല്‍ മനോഹരവും മിഴിവുള്ളതുമായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെങ്ങില്‍ ഇതിന്‍റെ സംവിധായകനും അണിയറപ്രവര്‍ത്തകരും ഉള്ളുനിറഞ്ഞു സമര്‍പ്പിച്ചതിന്റെ ഫലമാണ് . വളരെ ലളിതമായ രീതിയില്‍ ലീനിയര്‍ ആയി കഥപറയുന്ന സിനിമ എന്നാല്‍ അതിന്‍റെ പ്ലോട്ടിലെ സങ്കീര്‍ണതയും ആശയതീവ്രതയും കൂടെ കൊണ്ടുപോകുന്നുണ്ട്‌ .  സിനിമകഴിഞ്ഞിറങ്ങുന്ന ആരും അതിലെ നടീ-നടന്‍മ്മാരുടെ പേരുകള്‍ തേടും എന്ന് തോന്നുന്നില്ല . കാരണം അവര്‍ അഭിനയിക്കുകയായിരുന്നു എന്നോ അവര്‍ കഥാപാത്രങ്ങള്‍ ആയിരുന്നു എന്നോ നമുക്ക് അനുഭവപെടുകയേയില്ല എന്നത് തന്നെ . ജീവിതം നേരിട്ടുകാണുന്ന സുഖം ഉണ്ട് സിനിമയുടെ അവസാന ഭാഗങ്ങളില്‍ , പ്രത്യേകിച്ച് കട്ട്‌ ചെയ്യാതെ എടുത്ത ആ ദീര്‍ഘമായ ഷോട്ടില്‍ , അതിന്‍റെ അവസാനം ബാക്കിയാകുന്നത് ഒരു ഞെട്ടലും . കഥ പലവുരി വായിച്ച, ഇതുതന്നെയാണ് സംഭവിക്കുവാന്‍ പോകുന്നത് എന്ന് മുന്‍കൂടി അറിയാമായിരുന്ന എന്നെ ആ രംഗങ്ങള്‍ ഞെട്ടിച്ചു എങ്കില്‍ അത് കണ്മുന്‍പില്‍ ജിവിതം നേരിട്ടുകാണുന്ന അനുഭവമായി മാറിയ സിനിമയുടെ മികവാണ് . സനല്‍ കുമാര്‍ ശശിധരന്‍ എന്ന സംവിധായകനെ ആത്മാവില്‍ തട്ടി പ്രശംസിച്ചു പോയ നിമിഷങ്ങള്‍ .

             വളരെ മനോഹരമായ വിഷ്വല്‍ ട്രീറ്റ്മെന്റ്, നല്ല ശബ്ദലേഖനം ഇവയെല്ലാം തന്‍റെ മുന്‍ ചിത്രമായ ഒരാള്‍പൊക്കത്തില്‍ എന്നപോലെ ഇതിലും ആത്മാര്‍ഥമായി  തന്നെ ചേര്‍ത്തുപിടിക്കാന്‍ സനല്‍ ശ്രമിച്ചിട്ടുണ്ട് .പ്രമേയത്തിലെ അന്യാദൃശ്യമായ പുതുമയും കാസ്റ്റിങ്ങിലെ അതീവ ശ്രദ്ധയും ഒഴിവുദിവസത്തെ കളി എന്ന സിനിമയെ മറ്റൊരു തലത്തിലേക്ക്  ഉയര്‍ത്തുന്നതില്‍ വഹിച്ച പങ്കുചില്ലറയല്ല. ഒരു political satire  എന്ന് കേള്‍ക്കുമ്പോള്‍ വിചാരിക്കുന്ന പോലെ പാര്‍ട്ടി രാഷ്ട്രീയം പറയുന്ന ചവറു സിനിമയല്ല ,മറിച്ച് നാം ജീവിക്കുന്ന സമൂഹത്തിന്‍റെ, നാം ഇടപെടുന്ന മനുഷ്യരുടെ, സാമൂഹിക -രാഷ്ട്രീയ  അസന്തുലിതാവസ്ഥകളുടെ - ഇവയുടെ രാഷ്ട്രീയം പറയുന്ന വേറിട്ട രീതിയില്‍ നമ്മോടു സംവദിക്കുന്ന സിനിമയാണ് ഒഴിവുദിവസത്തെ കളി. ഒരു സിനിമയെ മോശമാക്കാനോ നല്ലതാക്കാനോ എഡിറ്റിംഗ് കൊണ്ട് കഴിയും .   ഒരുപാടു പറഞ്ഞിട്ടുള്ളതാണ് എങ്കിലും സിനിമയുടെ ഭാഷ തീരുമാനിക്കുന്നത് എഡിറ്റിംഗ് ആണ് എന്ന മഹദ്വചനം വീണ്ടും പറഞ്ഞു പോകുന്നു . ഷൂട്ട്‌ ചെയ്ത കുറെ റഷസ് കൊണ്ട് എഡിറ്റിംഗ് ടേബിളില്‍ ഇരിക്കുന്ന സംവിധായകന്‍റെ ക്ഷമയും വിവേചനവുമാണ് സിനിമയുടെ ദ്രിശ്യഭാഷയുടെ പിന്നില്‍ . എഡിറ്റിംഗ് ന്‍റെ മര്‍മ്മമറിയാവുന്ന ആളാണ് സനല്‍, അതിന്‍റെ വെളിച്ചം ഈ സിനിമയില്‍ നിറഞ്ഞു കാണാനും ഉണ്ട് . വളരെ റിയലിസ്റ്റിക്കായി , ജീവഗന്ധിയായി ഈ സിനിമയെ അവതരിപ്പിക്കാന്‍ സാധിച്ചു എന്നത്  ചെറിയ കാര്യമൊന്നുമല്ല.  കട്ട്‌ ചെയ്യാത്ത അവസാനത്തെ ആ ദീര്‍ഘ ഷോട്ട് , സ്പോട്ട് ഡബ്ബിംഗ് എന്നിങ്ങനെ പ്രമേയത്തിന് ചേരുന്ന വിധത്തിലുള്ള സങ്കേതങ്ങള്‍ ചങ്കൂറ്റത്തോടെ പരീക്ഷിച്ചു വിജയിപ്പിക്കാന്‍ സംവിധായകന്  സാധിച്ചതിന്റെ വിജയമാണ് പരമ്പരാഗത സിനിമാരീതികളില്‍ നിന്ന് വഴിമാറി സഞ്ചരിച്ചപോളും ഈ സിനിമക്ക് സ്വന്തമായ ഒരു അസ്ഥിത്വം ഉണ്ടായത് . സിനിമ റിയാലിറ്റിയോട് അടുത്ത് നില്കുന്നു എന്നവകാശപ്പെടുന്ന ഈ കാലത്ത് നമ്മുടെ  മുഖ്യധാര സിനിമകളില്‍ സാധാരണ കാണുന്ന പോലെ റിയാലിറ്റിയുടെ പകിട്ടും പത്രാസുമുള്ള കുപ്പായമിടുംപോളും മെലോഡ്രാമയുടെ കൌപീനമുടുക്കുന്ന കാപട്യം ഒഴിവുദിവസത്തെ കളിയില്‍ ഏതായാലും ഇല്ല .  ഇന്ത്യയിലെ സമാന്തര സിനിമാശ്രമങ്ങളെ  ഒഴിവുദിവസത്തെ കളിക്ക് മുന്‍പും പിന്‍പും എന്ന് വിളിക്കേണ്ടിവരുന്നതും ഇവിടെയാണ്.

                 ഒരു സിനിമ ആസ്വദിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും അത് മുന്നോട്ടുവയ്ക്കുന്ന ആശയത്തെയും പ്രമേയത്തെയും മുന്‍നിര്‍ത്തി ആവാത്ത സാഹചര്യം എന്ന് വളരെ കൂടുതല്‍ ഉണ്ട് . ഒഴിവുദിവസത്തെ കളിയെന്നല്ല ഏതു സിനിമയും ചര്‍ച്ച ചെയ്യപ്പെടെണ്ടത്  അങ്ങനെതന്നെയാണ് . പെയിഡ് റിവ്യൂ വും തരാഘോഷവും കൊണ്ട് സിനിമ ദുഷിക്കുമ്പോള്‍ ഊതി വീര്‍പിച്ച ബലൂണുകള്‍ ആണ് ഇന്നത്തെ കൊണ്ടാടപ്പെടുന്ന മിക്ക മുഖ്യധാര ചലച്ചിത്രങ്ങളും . ഇന്ത്യന്‍ രാഷ്ട്രീയവും സമൂഹവും സമഗ്രമായ മാറ്റത്തിനും അടിയോഴുക്കുകല്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്നിനെ പശ്ചാത്തലത്തില്‍ ഒഴിവുദിവസത്തെ കളി ഒരുപാടു മാനങ്ങളുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ആവുന്നുണ്ട്. ഒരു പക്ഷെ ഓരോ പ്രേക്ഷകനും തങ്ങളോടു സിനിമ എങ്ങനെ സംവദിച്ചു എന്നതിനനുസരിച്ച് പല രീതിയിലാവും ഈ സിനിമയെ വായിച്ചെടുക്കുക . മദ്യപാനത്തിന്റെ വിപത്ത് വിളിച്ചുപറയുന്നുണ്ട് എന്നാരോ  ഒഴിവുദിവസത്തെ കളിയെപറ്റി എഴുതിയത് വായിച്ചു . കഥനടക്കുന്നത് ഒരു മദ്യപാനപശ്ചാത്തലത്തില്‍ ആണെങ്കിലും 'Alcohol consumption is injurious to health '  എന്ന് ഉപദേശി ബോര്‍ഡ് വച്ച ഒരു സിനിമയല്ല ഇത് , അല്ലെങ്കില്‍ അങ്ങനെയല്ല ഇതിനെ വായിക്കേണ്ടത്.മുന്‍ജന്മപാപം പോലെ നാമോരോരുത്തരും ശിരസ്സില്‍പേറുന്ന അധീശത്വതിന്റെയോ അപകര്‍ഷതയുടെയോ ആയ ജാതി- വര്‍ണ്ണ ബോധം നമ്മുടെ വ്യക്തിബോധത്തെയും സാമൂഹികബോധത്തെയും ആക്രമിച്ചു കീഴടക്കി കളിക്കുന്ന കള്ളനും പോലീസും കളിയാണ്‌  ഈ സിനിമയില്‍ നമ്മള്‍ കാണുന്നത് . അവനവന്‍റെ തന്നെ ഉള്ളിലേക്ക് നോക്കി  പുണ്ണ് പൊട്ടി ചലമൊലിക്കുന്ന കാഴ്ച സിനിമ നമുക്ക് കാണിച്ചുതരുന്നു , ഞെട്ടിക്കുന്നു . സിനിമാകണ്ടിറങ്ങിയാലും ഞെട്ടലിന്‍റെ ആഘാതത്തില്‍ നിന്ന് പിടിവിടാതെ അത് നമ്മെ കുറെയേറെ പിന്തുടരുകയും ചെയുന്നു . ഒരു സിനിമയ്ക്കും  ഇവിടെ അടിമുടി സാമൂഹിക പരിഷ്കരണം നടത്താന്‍  സാധികില്ല , അല്ലെങ്കില്‍ അത് സിനിമയുടെ ലക്ഷ്യവുമല്ല . എങ്കിലും നമ്മുടെ സമകാലിക രാഷ്ട്രീയ സമൂഹിച്ച ചുറ്റുപാടുകളെ ഇതിവൃത്തമാക്കി ഒരു സിനിമക്കു ചിലത് പറയാനുണ്ടാവുകയും അത്  വെറും പറച്ചിലിനപ്പുറം ഒരു ചൂണ്ടുപലകയോ താക്കീതോ ഒക്കെ ആവുകയുകൂടി ചെയ്യുമ്പോള്‍ അത് അവഗണിക്കാന്‍ കഴിയാത്തവിധത്തില്‍ നമ്മളെ അതിലേക്കുവലിച്ചിടും . നമ്മുടെ ഇന്നിന്‍റെ രാഷ്ട്രീയസാഹചര്യങ്ങളുടെ ശക്തമായ ഒരടയാളമാണ്‌  ഒഴിവുദിവസത്തെ കളി.

                ഉണ്ണി ആറിന്‍റെ കഥയില്‍ ഇല്ലാത്ത പലതും കൂട്ടിചേര്‍ത്താണ് സനല്‍ സിനിമയില്‍ കഥപറയുന്നത് . അതില്‍ ഏറ്റവും പ്രധാനം ശക്തമായ സ്ത്രീകഥാപാത്രമാണ് .ലിംഗസമത്വം പ്രസംഗിച്ചുനടക്കുമ്പോളും ആണ്‍അധികാരം എന്ന വ്യവസ്ഥാപിതസാമൂഹിക അനീതിക്ക് ചൂട്ട്പിടിക്കുന്ന പകല്‍മാന്യതയുടെ കരണകുറ്റിയ്ക്കടിച്ചു തെറി വിളിക്കുന്ന സിനിമ അതിന്‍റെ സ്ത്രീപക്ഷ നിലപാടും വ്യക്തമാക്കുന്നുണ്ട് . തിരഞ്ഞെടുപ്പ് എന്ന നമ്മുടെ ഒഴിവുദിവസകളിയെ ജനങ്ങള്‍ എത്ര ഗൌരവത്തോടെയാണ് കാണുന്നത് എന്നൊരു ചോദ്യം കൂടി ആ പേരില്‍ ഉണ്ട് എന്ന് സംവിധായകന്‍ തന്നെ പറയുന്നുണ്ട് . വര്‍ണ്ണവെറി യുടെ  ഇരുണ്ടലോകത്ത് നിന്ന്  ലോകം മുഴുവം പടര്‍ന്ന ആ കവിത സിനിമയില്‍ ദാസന്‍ ചൊല്ലുമ്പോള്‍ അത് ശക്തമായ ഒരു താകീതിന്‍റെ സ്വരമാണ് ; ഒപ്പം അവന്‍റെ ഉള്ളിലെ അപകര്‍ഷതയുടെ വേദനയുടെ താളവും . ഓരോ കഥാപാത്രവും  സസൂക്ഷ്മം രൂപപ്പെടുത്തി വെറും പേരുകള്‍ക്കും ആളുകള്‍ക്കും അപ്പുറം ശക്തമായ ബിംബങ്ങളായി തന്നെ അവതരിപ്പിക്കുന്നതില്‍ കാണിച്ചിട്ടുള്ള സമര്‍പ്പണവും സത്യസന്ധതയും എടുത്ത് പറയണം . സാഹിത്യത്തില്‍ നിന്ന് കടംകൊണ്ടിട്ടു  മൂലകൃതിയോടു എത്രയും നീതിപുലര്‍ത്തിയ , അല്ലെങ്കില്‍ അതിലും മികച്ചു നിന്ന മറ്റൊരുസിനിമയും ഈ അടുത്തയിടക്ക്‌ കണ്ടിട്ടില്ല എന്ന് വേണം പറയാന്‍ .

             ഒരു സിനിമയുടെ പിന്നില്‍ അതിന്‍റെ ജീവവായുവായിരിക്കുന്ന സംവിധായകന്‍ തന്നെയാണ് അതിന്‍റെ പൂര്‍ണതയുടെ ശില്പി. ഒരുപാടു പേരെ ഏകോപ്പിച്ചു അവരോടൊപ്പം നിന്ന് ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കാനുള്ള സംവിധായകന്‍റെ മികവിന്‍റെ സ്ഫുരണം സിനിമയില്‍ പ്രകടമായി കാണാം . സനല്‍കുമാര്‍ എന്ന ചലചിത്രകാരന്‍റെ മാസ്റ്റര്‍ പീസ്‌ എന്ന് നിസംശയം പറയാവുന്ന സിനിമയാണ്  ഒഴിവുദിവസത്തെ കളി. സനലിനെ മലയാള സിനിമ പരിചയപ്പെട്ടത്‌  ഒരാള്‍പോക്കത്തിന്റെ സംവിധായകന്‍ , മുന്‍വര്‍ഷത്തെ ഏറ്റവും മികച്ച സംവിധായകന്‍ എന്നൊക്കെ ആയിരിക്കും ; പക്ഷെ അയാള്‍ ഇനി അറിയപ്പെടാന്‍ പോകുന്നതും അറിയപ്പെടെണ്ടതും ഒഴിവുദിവസത്തെ കളിയുടെ സംവിധായകന്‍ എന്നാണ് . ആ വിശേഷണത്തിന് ഒരുപാടുമാനങ്ങളുണ്ട് എന്ന് സിനിമകണ്ട ഏതൊരാള്‍ക്കും  സംശയലേശമെന്യേ അംഗീകരിക്കാനാവുന്നുമുണ്ട് . വെള്ളം ചേര്‍ക്കാത്ത തന്‍റെ നിലപാടുകളെ സിനിമയിലും അതുപോലെ പ്രതിഫലിപ്പിക്കുകയും അതിനു വേണ്ടി സന്ധിയില്ലാതെ, സമരസപ്പെടാതെ സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന, അംഗീക്കാരത്തിന്റെ മധുരം എല്ലാവര്ക്കും പങ്കിട്ടുകൊടുത്ത് കയ്യിലെ പൊടിയും തട്ടി കാട്ടിലേക്കോടിപോകാന്‍ കൊതിക്കുന്ന അയാളില്‍ നിന്നുമലയാള സിനിമ ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു. 

               സിനിമയെ  ശക്തമായ ഒരു  മാധ്യമമായി കരുതിപ്പോരുമ്പോളും നമ്മള്‍ പക്ഷെ അതിന്‍റെ കച്ചവട വിനോദ സങ്കേതങ്ങളെ മാത്രമാണ്  കൂടുതല്‍ ഉപയോഗിക്കുന്നത് . സിനിമ കച്ചവടം മാത്രമായി അവശേഷിച്ചപ്പോളൊക്കെ അതിലെ കലയുടെ ആത്മാവ് ശ്വാസം മുട്ടിമരിച്ച്  അതുവെറും കെട്ടുകാഴ്ചകളുടെയും തരാരാധനയുടെയും ഒക്കെ ഘോഷയാത്രകള്‍ മാത്രമായി . ഇത്തരത്തില്‍ ഹൃദയത്തില്‍ കടക്കാത്ത പ്രഹസന കാഴ്ചകള്‍ക്കിടയില്‍ ഇടയ്ക്കെങ്കിലും കാമ്പുള്ള സിനിമകള്‍ വരുന്നത്  ചെറിയകാര്യമല്ല . അത്തരത്തില്‍ ലാഭേച്ചയില്ലാതെ നല്ലസിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കുറെ ആളുകളുടെ ശ്രമഫലമാണ്‌ ഒഴിവു ദിവസത്തെ കളി . വാണിജ്യ സിനിമയുടെ സൌന്ദര്യ സങ്കല്പങ്ങള്‍ക്ക്   പിടികൊടുക്കാത്ത , തരാഘോഷവും പാട്ടും കൂത്തും ഫാന്‍സ്‌ അസോസിയേഷനും ഇല്ലാത്ത മനോഹരങ്ങളായ എത്ര സിനിമകളെയാണ് ഇവിടുത്തെ സവര്‍ണ്ണ സിനിമാസമൂഹം ആര്‍ട്ട്‌ സിനിമയെന്ന് മുദ്രകുത്തി ഫിലിം ഫെസ്റിവലുകളില്‍ മാത്രമായി ഒതുക്കി നിര്‍ത്തിയത് . കാണാന്‍ ജനങ്ങള്‍ ഉണ്ടെങ്കിലും കളിയ്ക്കാന്‍ തിയേറ്റര്‍ ഇല്ലാതെയാകുന്ന  അവസ്ഥ നാം വരുത്തിവച്ചത് അല്ലാതെ എന്താണ് . പലപ്പോഴും പറഞ്ഞിട്ടുള്ള വാചകം തന്നെ വീണ്ടും പറയട്ടെ WE GET THE CINEMA WE DESERVE .   നമ്മള്‍ അര്‍ഹിക്കുന്ന സിനിമയെ നമുക്കുകിട്ടു . ഈ അടുത്തയിടക്ക്‌ ക്രൈം നമ്പര്‍ 89  എന്ന സിനിമ കണ്ടത് . എത്ര മനോഹരമായി ചെറിയ സാഹചര്യങ്ങളില്‍ , കുറഞ്ഞ ചിലവില്‍ ഒരു ശക്തമായ പ്രമേയം സിനിമയാക്കിയ സുദേവന്‍ നിറഞ്ഞ കയ്യടി അര്‍ഹിക്കുന്നു . മലയാളത്തിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപെട്ടിട്ടും ഒഴിവുദിവസത്തെ കളിക്ക്  തിയേറ്റര്‍ കിട്ടാതിരുന്ന ദുരവസ്ഥ ഇനിയൊരു സിനിമക്കും വരാതിരിക്കണം . ഈ ചിത്രം പ്രേക്ഷകരില്‍ എത്തിക്കാന്‍ മുന്നോട്ടുവന്ന ശ്രീ ആഷിക് അബുവിനു വഴിപോക്കന്റെ ഹൃദയത്തിന്‍റെ ഭാഷയില്‍ നിറഞ്ഞ അഭിനന്ദനങ്ങള്‍ .

           വാര്‍ധക്യത്തിന് പുട്ടിയിട്ടു മിനുക്കി നിറം പൂശിയ താരഘോഷയാത്രകള്‍ക്കിടയില്‍ അപൂര്‍വമായി മാത്രം കാണുന്ന ജീവന്‍റെ മണമുള്ള മനോഹര സിനിമയാണ്  ഒഴിവുദിവസത്തെ കളി. കൊണ്ടാടുന്ന  തരാഘോഷങ്ങളെ നോക്കി രാജാവ്‌ നഗ്നനാണ് എന്ന് ഉറക്കെ വിളിച്ചുപറയുന്ന സിനിമ. മലയാളത്തിലെ  തന്നെ മികച്ച സിനിമകളുടെ കൂട്ടത്തില്‍ ആണ് ഇതിന്‍റെ സ്ഥാനം . ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ മനുഷ്യര്‍ക്കും വഴിപോക്കന്റെ ഉള്ളുനിറഞ്ഞ ആയിരം കയ്യടികള്‍ ..
                                                             
                                                                                                   (വഴിപോക്കന്‍)

Saturday 6 February 2016

ആക്ഷന്‍ ഹീറോയിസവും പ്രതികാരവും

              
       അബ്രിഡ് ഷൈന്‍റെ നിവിന്‍ പോളി  ചിത്രം ആക്ഷന്‍ ഹീറോ ബിജു  , ദിലേഷ് പോത്തന്‍റെ  പ്രഥമ സംവിധാന സംരഭം മഹേഷിന്‍റെ പ്രതികാരം  എന്നീ രണ്ടു സിനിമകള്‍ കണ്ടതില്‍ ഉണ്ടായ സന്തോഷം , സങ്കടം , വെറുപ്പ്‌ , അസൂയ , ചൊറി , ചിരങ്ങ്  തുടങ്ങിയ ലഘു മനോവിഭ്രാന്തികള്‍ ആണ് ഈ കുറുപ്പിനാധാരം . സിനിമകള്‍ കാണുമ്പോള്‍ ഒരു സാധാരണ സിനിമാ ആസ്വാദകനായ എനിക്ക് എങ്ങനെ അനുഭവപെട്ടു എന്നതാണ് എഴുത്തിലൂടെ പറയാന്‍ ശ്രമിക്കാറ് . ആക്ഷന്‍ ഹീറോ ബിജുവിനും മഹേഷിന്‍റെ പ്രതികാരത്തിനും  പല കാരണം കൊണ്ടും ഒറ്റ  കുറിപ്പാണ് നല്ലത് എന്ന് വഴിപോക്കന് തോന്നി .
             ആക്ഷന്‍ ഹീറോ ബിജു ഒരു പതിഞ്ഞ താളത്തില്‍ ഒഴുകുന്ന പോലീസ്  കഥയാണ് .പതിഞ്ഞതെന്നോ ചതഞ്ഞതെന്നോ ഒക്കെ ഒക്കെ തോന്നാവുന്ന ഒരു താളം എന്നും വേണമെങ്കില്‍ പറയാം . പറന്നടിക്കുന്ന പോലീസ്‌ , തെറി വിളിക്കുന്ന പോലിസ് , അരമണിക്കൂര്‍ ഡയലോഗ് പറയുന്ന രണ്‍ജി പണിക്കരുടെ പോലിസ്  നിഗൂഡമായ ഭാവ ചലനങ്ങലുള്ള പപ്പേട്ടന്റെ പോലീസ് , കെ ജി ജോര്‍ജിന്‍റെ പോലീസ്  അങ്ങനെ ഒരുപാടു തരം പോലീസിനെ കണ്ടു പഴകിയ അല്ലെങ്കില്‍ മടുത്ത മലയാള സിനിമയില്‍ ബിജു പൗലോസ്‌ എന്ന പോലീസ് ഇന്‍സ്പെക്ടര്‍ തന്‍റെ മുന്‍തലമുറ പോലിസുകാരില്‍ നിന്ന് വ്യത്യസ്തനാകുന്നിടത്തോ  അതല്ല ആവര്‍ത്തന വിരസമായ  മുന്‍പ് പറഞ്ഞ ഏതെങ്കിലും ഒന്നിന്‍റെ  അനുകരണമാകുന്നു  എന്ന് വരുന്നിടത്തോ ആക്ഷന്‍ ഹീറോ ബിജു സമകാലിക സിനിമയില്‍ പ്രസക്തമല്ലാത്ത ഒരു കാഴ്ച  ആകും . അത് ഒഴിവാക്കാന്‍ തിരകഥ എഴുതിയവര്‍ എടുത്ത പരിശ്രമമാണ് ബിജുവിനെ അല്പമെങ്കിലും കാണാന്‍ കൊള്ളാവുന്ന സിനിമ ( തിയേറ്ററില്‍ നിന്ന് ഇടക്ക് ഇറങ്ങി പോരാന്‍ തോന്നിക്കാത്തത്  എന്ന് സാരം) ആക്കുന്നത് . സിനിമയുടെ realistic ട്രീറ്റ്‌  ഒരേസമയം സുഖമുള്ള അനുഭവവും അതോടൊപ്പം വല്ലാത്ത ഒരുതരം ദ്രിശ്യ ശ്രവ്യ വൈകൃതം അല്ലെങ്ങില്‍ അപഭ്രംശം സൃഷ്ടിക്കുക കൂടി ചെയുന്നു. പ്രത്യേകിച്ച് യാതൊരു വിധ കഥയും പറയാതെ ഒരു പോലീസ്കാരന്‍റെ നിത്യജീവിത സംഭവങ്ങളെ ആധാരമാക്കി വലിയ ബഹളങ്ങളോ സംഭവബഹുലമോ ട്വിസ്റ്റ്‌ നിറഞ്ഞതോ ആയ ക്ലൈമാക്സോ ഇല്ലാത്ത  ആക്ഷന്‍ ഹീറോ ബിജു മലയാളത്തില്‍ അധികം കണ്ടുപരിചയം ഉള്ള ഒരു സിനിമാ രീതി ആണെന്ന് തോന്നുന്നില്ല . നമ്മുടെ പ്രേക്ഷകര്‍ അതും തുടര്‍ച്ചയായി കൊണ്ടാടപെട്ട നിവിന്‍  ചിത്രങ്ങളുടെ  ഹാങ്ങ്‌ ഓവര്‍ ഇനിയും മാറിയിട്ടില്ലാത്ത യുവതലമുറ ഇതിനെ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയണം .
             ആക്ഷന്‍ ഹീറോ ബിജു എന്ന് ഈ സിനിമക്ക് പേരിടാന്‍ ഇതിന്‍റെ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ് എന്ന് വഴിപോക്കന്  മനസിലായില്ല . എന്തായാലും അതവിടെ നില്കട്ടെ . തിരകഥ ആവശ്യപെടുന്ന പോലെ അല്ലെങ്കില്‍ അവര്‍ ലക്‌ഷ്യം വച്ചതുപോലെ പരിപൂര്‍ണ്ണതയുള്ള കഥാപാത്രമായി ബിജു പൌലോസിനെ അവതരിപ്പിക്കാന്‍ നിവിന് കഴിഞ്ഞോ എന്ന് ചോദിച്ചാല്‍ പാസ്‌ മാര്‍ക്കില്‍ കൂടുതല്‍ ഒന്നും അതിനു കിട്ടില്ല .  കുസൃതിയും ഗൌരവവും ഒക്കെ കൂടി കുഴഞ്ഞു വരുന്ന ഒരു യുവ പോലീസിനെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത് എന്ന് പറഞ്ഞു തടിതപ്പാം; ഒരു പത്തു മാര്‍ക്ക് കൂടെ കിട്ടും .   ഒരു SI യുടെ day-to-day event സിലൂടെ സ്വാഭാവികമായി കഥ പറഞ്ഞു പോകുമ്പോള്‍  നര്‍മവും സാമൂഹിക പ്രതിബദ്ധതയും ഒക്കെ ഇടകലര്‍ന്നു പോകുന്ന സിനിമ ഇടക്കൊരു ലക്ഷയബോധമില്ലാതെ  ഒന്നിലും തൊടാതെ തട്ടി തടവി ഇഴഞ്ഞു നീങ്ങുന്നതുപോലെ ഒരു അനുഭവം ഉണ്ട് . 1983  നിന്ന് രണ്ടു വര്‍ഷമെടുത്ത് അബ്രിഡ് ബിജുവില്‍ എത്തിനില്കുമ്പോള്‍ രണ്ടാമത്തെ സിനിമ ചെയുന്ന സംവിധായകന്‍റെ കുറ്റങ്ങള്‍ പൊറുക്കപ്പെടും എങ്കിലും പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ച് തിയേറ്ററിലേക്ക് പറന്നിറങ്ങിയ ആരാധകരുടെ വിഷമം കണ്ടില്ല എന്ന് നടിക്കാന്‍ ആവുമെന്ന് തോന്നുന്നില്ല  . ആക്ഷന്‍ ഹീറോ ബിജു ഒരു മോശം സിനിമയാണെന്ന് പറഞ്ഞു വക്കുകയല്ല പക്ഷെ പ്രതീക്ഷിച്ചത് കിട്ടാത്തതിന്റെ ദേഷ്യം  കൂവി തീര്‍ക്കുന്ന ചിലര്‍ ഉണ്ടായിരുന്നു തിയേറ്ററില്‍; അവരെ കാശുകൊടുത്തു കൂവിക്കുന്നതാണ്  എന്ന് വേണമെങ്കില്‍ പറയാം .
             മലയാളത്തിലെ എന്നും ഓര്‍ത്തിരിക്കുന്ന പോലീസ് കഥാപാത്രങ്ങളുടെ നിരയുടെ ഏഴ് അയലത്ത് പോലും  ബിജു  വരില്ല . സുരേഷ് ഗോപിയും മമ്മൂട്ടിയും കയ്യടി വാങ്ങിയപോലെ പോലീസ് വേഷം ചെയ്തു ആരും തിളങ്ങിയിട്ടില്ല . ഒരു പോലീസ് കാരനെ അതാവശ്യപെടുന്ന ഒരു ഗൌരവത്തോടെ അവതരിപ്പിക്കുന്നതില്‍ നിവിന്‍ വിജയിച്ചില്ല എന്ന് വഴിപോക്കന്‍ പറയും . തിയേറ്ററില്‍ ആവേശത്തിരയടി ഉണ്ടാക്കെണ്ടിയിരുന്ന രണ്ടുമൂന്നു സന്ദര്‍ഭങ്ങളിലെങ്കിലും ഒന്നും സംഭവിച്ചില്ല . ആളുകള്‍ വെറുതെ നിസംഗതയോടെ സ്ക്രീനില്‍ നോക്കി യിരുന്നു . ചിലര്‍ പുച്ഛത്തോടെ മുഖം വക്രിച്ചു . ചില കറികള്‍ കൂട്ടുമ്പോള്‍ തോന്നുന്നപോലെയാണ് ഈ സിനിമ കണ്ടപ്പോള്‍ തോന്നിയത് . മോശമായി എന്ന് അങ്ങ് പറയാന്‍ തോന്നില്ല ;നാവില്‍ വച്ചാല്‍ എന്തൊക്കെയോ കുറവ് ഉണ്ടെന്നു അറിയാം . ഉപ്പാണോ മുളകാണോ മസാലയാണോ എന്ന് അങ്ങ് വ്യക്തമാകില്ല . ആക്ഷന്‍ കോമഡി എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കാം എങ്കിലും ആക്ഷന്‍ ഹീറോ ബിജു അത്ര സുഖമുള്ളഒരു സിനിമാ അനുഭവം ആകുമോ എന്ന് ചോദിച്ചാല്‍ സംശയമാണ് .
                ആക്ഷന്‍ ഹീറോ ബിജു  എന്ന സിനിമ അവശേഷിപ്പിച്ച ചിന്തകള്‍ അപഗ്രഥിക്കേണ്ടത്  ദിലേഷ് പോത്തന്‍റെ മഹേഷിന്‍റെ പ്രതികാരവുമായി ചേര്‍ത്തുവായിച്ചുകൊണ്ടാണ് .ഒരു ദിവസത്തെ ഇടവേളയില്‍ ഇറങ്ങിയ രണ്ടു സിനിമകളും തമ്മില്‍ ഒരല്പം താരതമ്യത്തിന് കൂടി സാധ്യത ഉള്ളതായി തോന്നി . ഇടുക്കിയുടെ തനിനാടന്‍ അന്തരീക്ഷത്തില്‍ ഒരു സാധാരണ കോമഡി സിനിമയാണ് മഹേഷിന്‍റെ പ്രതികാരം. ബിജുവിനെ പോലെതന്നെ തട്ടിയും തടഞ്ഞും ഒഴുകുന്ന ഒരു പ്രകൃതം തന്നെയാണ് മഹേഷിനും എങ്കിലുംശക്തമായ ഒരു ഗ്രാമ ജിവിതത്തിന്റെ  അടിയോഴുക്കുണ്ട് മഹേഷിനു . കൊച്ചിയിലെ  നഗര ജീവിതത്തിലെ ഒഴുക്കുകെട്ട ഊഷരത ബിജുവിന് പ്രതികൂലമായ അനുഭവം കൊടുക്കുന്നിടത് മഹേഷിനു  ഒരു ഒന്നൊന്നര ഭംഗിയാണ് . ഷൈജു വിന്‍റെ ക്യാമറ ഇടുക്കിയുടെ നിഷ്കളങ്കവും വന്യവുമായ ഗ്രാമഭംഗി മനോഹരമായി പകര്‍ത്തി . (  ഫോക്കസ് ഒരല്പം സോഫ്റ്റ്‌ ആയിരുന്നപോലെ തോന്നി . മറ്റാര്‍ക്കെങ്കിലും അങ്ങനെ തോന്നിയോ എന്നറിയില്ല , തിയേറ്റര്‍ന്‍റെ അവനാണ് സാധ്യത ) ആഷിക് അബുവിന്‍റെ സ്കൂളില്‍ നിന്ന് സിനിമ പഠിച്ച ദിലേഷ് ന്‍റെ ഫൈനല്‍ എക്സാം ആയിരുന്നു മഹേഷിന്‍റെ പ്രതികാരം. അതില്‍ പാസായി എങ്കിലും ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇനിയും മുന്നോട്ടു ഏറെ ദൂരമുണ്ട്.
                 ഫഹദ്  എന്ന നടന്‍റെ അന്യാദ്രിശ്യമായ അഭിനയസവിശേഷതയാണ് മഹേഷിന്‍റെ പ്രതികാരത്തിന്റെ പ്രധാന ആകര്‍ഷണം .തുടര്‍ച്ചയായ പരച്ചയങ്ങള്‍ക്ക്ശേഷം ഫഹദ് തിരിച്ചുവരുന്നതിന്റെ ഒരു സൂചനകൂടിയുണ്ട് ഈ സിനിമയില്‍ . ഇടുക്കിയിലെ ഒരുസാധാരണ നാട്ടിന്‍പുറത്ത് കാരന്‍ ഫോട്ടോഗ്രാഫര്‍ , അയാളുടെ പ്രണയംഅല്ലറചില്ലറ പ്രശ്നങ്ങള്‍ അങ്ങനെ വളരെ  realistic ആയിതന്നെയാണ് മഹേഷും പ്രേക്ഷകരോട് സംവദിക്കുന്നത് . പക്ഷെ ഒരു താരതമ്യനിരീക്ഷണം നടത്തുമ്പോള്‍ ശ്യാംപുഷ്ക്കരന്‍റെ തിരക്കഥക്ക് കുറച്ചുകൂടി ആത്മാവ്ഉള്ളതായി തോന്നും .തന്‍റെസ്വസിദ്ദമായ അഭിനയരീതികൊണ്ട് ഫഹദ് ആളുകളെ കയ്യിലെടുക്കും .വളരെ തന്മയത്വത്തോടെ ഫഹദ്മഹേഷാകുന്നത് നമുക്ക്കാണാം ;ഒപ്പം ഒരു ഗ്രാമീണഭംഗിയില്‍ നിറഞ്ഞുനില്‍ക്കുന്ന ദ്രിശ്യമികവും .എടുത്തുപറയേണ്ട
മറ്റൊരു ഘടകം  സൗബിന്‍ ആണ് .പ്രേക്ഷകരെ തന്‍റെ  സ്വാഭാവിക  ശൈലികൊണ്ട് ചിരിപ്പിക്കാന്‍ അയാള്‍ക്കായി . ഒരു മരണവീട്ടില്‍ നിന്നും തുടങ്ങുന്ന ഒരു  തര്‍ക്കത്തിന്‍റെ ചുവടുപിടിച്ചു വികസിക്കുന്ന  ഒരു കഥാരീതി പിന്നീടു അതിന്‍റെ തുടര്‍ച്ചയായ കുറെസംഭാവവികസങ്ങളിലൂടെ സഞ്ചരിച്ചു പ്രേക്ഷകനെ  കളിയാക്കാതെ നന്നായി പറഞ്ഞവസാനിപ്പിക്കുന്നു . ഒരു അതിഭീകര ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ലേക്ക്  കൊണ്ടുപോകുന്ന രീതിയില്‍ അല്ലാതെ ഉള്ളകഥ വളരെ ലീനിഎര്‍ ആയി പറഞ്ഞുപോകുന്ന ആഖ്യാനസുഖം ബിജുവിലും മഹേഷിലും കാണാം . ഏതാണ്ട് ഒരേ രീതിയില്‍  തന്നെ വലിയ ബഹളങ്ങള്‍ ഇല്ലാതെ  മെലോഡ്രാമയും കെട്ടുകാഴ്ചകളും ഇല്ലാതെ റിയാലിറ്റിയോട് ഏറ്റവും ചേര്‍ന്ന് നിന്ന് കഥ പറയാന്‍ ഉള്ള  ശ്രമത്തിനു  അബ്രിഡും ദിലേഷും നിറഞ്ഞ കയ്യടി അര്‍ഹിക്കുന്നു .
                 കൊച്ചി നഗരത്തിന്‍റെ ഒരു പശ്ചാത്തലം  ഒരു പോലീസ് കഥ പറയാന്‍ ചില്ലറയൊന്നും  അല്ല തിരകഥാകൃത്ത്കൂടിയായ സംവിധായകനെ സഹായിക്കുന്നത് ആക്ഷന്‍ ഹീറോ ബിജുവില്‍ .കഥ വികസിപ്പിക്കാന്‍ വേണ്ട  ഒരു ക്രിമിനല്‍ പേരുദോഷം  കൊച്ചിക്ക്‌  ഉള്ളതുകൊണ്ട്  ഒരു കൃത്രിമത്വം ഇല്ലാതെ കഥപറയാന്‍ ഇത് സഹായിക്കും . എന്നാല്‍ അതിന്‍റെ മറുവശം എന്നപോലെ ക്ലോസ് അയ ഫ്രെയിമുകളും  ഒരു നഗരത്തിന്‍റെ കളര്‍ ടോണും എല്ലാം കൊണ്ട് ഒരു ദ്രിശ്യ ദാരിദ്ര്യം അല്ലെങ്കില്‍ ഏകതാനത ഒക്കെ കണ്ണിനെ മുഷിപ്പിക്കുന്നും ഉണ്ട് . ഇടുക്കി പോലെ വിശാലമായ ഫ്രെയിം; ഷൈജുവിനെപോലെ ഒരു ക്യാമറമാന്‍ - ഇതില്‍ കൂടുതലെന്തെങ്കിലും ദിലേഷ് ആഗ്രഹിച്ചാല്‍ അഹങ്കാരമായിപോവും .  അത്ര മനോഹരമായ ഒരു  വിഷ്വല്‍ ട്രീട്മെന്റ്റ് ആണ് മഹേഷിനുള്ളത് . തോട്ടിലും കുളത്തിലും ഉള്ള കുളിയും കല്ലേല്‍ ഹവായി ചെരിപ്പും കാലും തേച്ചു മിനുക്കലും ഒക്കെ  വഴിപോക്കന്റെയും നൊസ്റ്റാള്‍ജിയ ആണ് . ഒഴുക്കി വന്നു കിട്ടുന്ന കൊടമ്പുളിയും ജാതിക്കയും ഒക്കെ ബോണസും. ഇടുക്കിയുടെ നാടന്‍ ഫ്രെയിമുകളില്‍  തന്‍റെ സമകാലികര്‍ക്കു ആര്‍കും സാധികാത്തത്ര അനായാസതയോടെ മഹേഷിനെ ജീവനുള്ളതാക്കി തീര്‍ക്കാന്‍ ഫഹദിനായി.
                    സിനിമയുടെ ഫോര്‍മുല ചേരുവകള്‍ കലര്‍ത്തി രുചികളയാതെ നല്ല ചെറുതീയില്‍ നന്നായി പാകം ചെയ്ത ഒരു സുഖം രണ്ടു സിനിമക്കും ഉണ്ട് . പക്ഷെ ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സജീവ പ്രേക്ഷകനെ എങ്ങനെ തൃപ്തിപെടുതും എന്നത് സംശയമാണ് . നിവിന്‍ പോളിയുടെ ഇപ്പോളത്തെ ജനസമ്മതിയെ വേണ്ടപോലെ ഉപയോഗിക്കാനുള്ള ഒരു  ചടുലത ഒരിടത്തും ഇല്ലാത്ത ഒരു സിനിമയായാണ് ബഹുഭൂരിപക്ഷത്തിനും ഇത് അനുഭവപ്പെടുക എന്ന് തോന്നുന്നു . അവിടെയാണ് നിരന്തരമായ പരാജയങ്ങളിലൂടെ കടന്നുപോകുന്ന ഒരു നടനെ വളരെ നന്നായി ഉപയോഗപ്പെടുത്തി ഒരു സിനിമ വിജയപടവുകള്‍ കയറുന്ന സൂചന തരുന്നത് . പ്രതീക്ഷകളുടെ ഭാരവുമായി തിയേറ്ററുകളില്‍ മൂക്കുത്തി വീണുപോകാനുള്ള  ഒന്നാന്തരം സാധ്യതയാണ് ആക്ഷന്‍ ഹീറോ ബിജു. എന്നാല്‍ ഫഹദ് എന്ന നടന്‍റെ തിരിച്ചുവരവിന്‍റെ ലക്ഷണങ്ങളാണ് മഹേഷിന്റെ പ്രതികാരം .
             ഒരു നടന്‍ എന്ന നിലയില്‍ നിവിന്‍ പോളി ഇനിയും കുറേകൂടി ഹോം വര്‍ക്കും ഇമ്പോസിഷനും ഒക്കെ ചെയേണ്ടിവരും എന്ന്  സുവ്യക്തമായി വായിച്ചെടുക്കാന്‍ ആക്ഷന്‍ ഹീറോ ബിജുവില്‍ നിന്ന് സാധിക്കും . ഒരുപാടു ചിന്തകള്‍ക്കോ ബുദ്ധിജീവി ചര്‍ച്ചകള്‍ക്കോ ഒന്നും തിരികൊളുത്താനുള്ള ചൂട് രണ്ടു സിനിമകള്‍ക്കും ഇല്ല . നിര്‍ദോഷമായ പ്രമേയങ്ങളിലൂടെ, വല്യ ചാരിത്ര്യ പ്രസംഗങ്ങളോ വിവാദങ്ങളോ ഒന്നും തൊടുത്തു വിട്ടു പ്രേക്ഷകനെ ബുദ്ധിമുട്ടിക്കാതെ കള്ളും പുകയും മാംസപ്രദര്‍ശനവും നടത്താതെ  എടുത്ത രണ്ടു സിനിമകളും പ്രശംസ അര്‍ഹിക്കുന്നു.
(വഴിപോക്കന്‍)

Thursday 20 August 2015

ഒരാള്‍പൊക്കം

         
                കഴിഞ്ഞ ദിവസം സനലിന്‍റെ ഒരാള്‍പൊക്കം കണ്ടു . പോയ വര്‍ഷത്തെ മകച്ച സംവിധായകന്‍റെ സിനിമ കാണാനുള്ള കാത്തിരിപ്പിനു ഒരുവര്‍ഷത്തെ പഴക്കം ഉണ്ട് . ഈ സിനിമ ഷൂട്ട്‌ ചെയ്യാന്‍ തുടങ്ങിയ അന്നുമുതല്‍ കാണാന്‍ കാത്തിരുന്നു എന്നതാണ് സത്യം . സനല്‍ കുമാര്‍ ശശിധരന്‍ എഴുതി സംവിധാനം ചെയ്ത ഒരാള്‍പൊക്കം ഒരു കൂട്ടം സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ സിനിമ എന്ന മാധ്യമത്തോടുള്ള ആത്മാര്‍ഥവും ഗൌരവപൂര്‍ണ്ണവുമായ സമീപനത്തിന്റെ അല്ലെങ്കില്‍ സമര്‍പ്പണത്തിന്റെ ഒക്കെ അടയാളമായി വായിക്കാനാണ്  വഴിപോക്കനിഷ്ടം . പ്രകാശ്‌ ബാരെയും മീന കന്ദസാമിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന  ഒരാള്‍പൊക്കം പുതിയതും പഴയതുമായ ഒരു ജെനറേഷന്‍  കീഴ്വഴക്കങ്ങളെയും കൂസക്കാത്ത നട്ടെല്ലുള്ള സിനിമാ ശ്രമമാണ് . ഷോര്‍ട്ട് ഫിലിം സംവിധായകനില്‍ നിന്ന്  മുഴുനീള സിനിമകളിലേക്കുള്ള സനലിന്‍റെ രൂപാന്തീകരണം ഒരു സ്റ്റേറ്റ് അവാര്‍ഡിന്‍റെ തിളക്കത്തോടെ ആകുമ്പോള്‍ അത്  ഇത്തരം സമാന്തര സിനിമാ മോഹങ്ങള്‍ നെഞ്ചിലേറ്റുന്ന ഇവിടുത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന  ഒരു പറ്റം കലാകാരന്‍മ്മാര്‍ക്ക്  മുന്നോട്ടുപോകാനുള്ള ശക്തിയായി  മാറുന്നു  എങ്കില്‍  ചെറിയകാര്യമല്ല . ഒരാള്‍പൊക്കം എന്ന സിനിമ യാഥാര്‍ഥ്യമായി എന്നത് തന്നെ കാഴ്ച ചലച്ചിത്ര വേദിയുടെ വലിയ വിജയമാകുന്നു എന്നുള്ളപ്പോള്‍ തന്നെ അവാര്‍ഡ്‌  തിളക്കം അതിന്‍റെ മാറ്റ് കൂട്ടുന്നു .
               ഒരു ലിവിംഗ് ടുഗേതര്‍ ബന്ധത്തിന്‍റെ  അവസാനം ആ വേര്‍പാടിന്‍റെ അനന്തരഫലമായ ശൂന്യതയില്‍ നിന്നു  മഹേന്ദ്രന്‍ ( പ്രകാശ്‌ ബാരെ) നടത്തുന്ന യാത്രയാണ്‌  ഒരാള്‍പൊക്കം . തിരുവനന്തപുരം മുതല്‍ ഹിമാലയത്തിലേക്ക് കേദാര്‍നാഥ് വരെ നീളുന്ന മായയെ(മീന കന്ദസാമി)തേടിയുള്ള  മഹേന്ദ്രന്റെ യാത്ര, അയാളുടെ കലുഷിതമായ മനസ്സ്‌, എല്ലാ മാണ് സിനിമയുടെ ഒരു കഥാസാരം(കൂടുതല്‍ കഥ പറയുന്നില്ല ) . ജന്തു പ്രകൃതിയുടെയും സസ്യപ്രകൃതിയുടെയും ലയനഭൂമിയായ ഹിമാലയത്തിലേക്കുള്ള മഹേന്ദ്രന്റെ യാത്ര അയാളെ കൊണ്ടുചെന്നു എത്തിക്കുന്നത്   നശ്വര ലൌകികതയുടെ  ചങ്ങലബന്ധനങ്ങളില്‍ നിന്ന്  മോചിപ്പിച്ചു ആത്മീയതയുടെ  പ്രകൃതിയിലേക്ക് ആണ് . ഒരു ട്രാവല്‍ മൂവിയുടെ സുഖമുള്ള  ഒരാള്‍പൊക്കം സിനിമയെന്ന മാധ്യമത്തിന്‍റെ എല്ലാ ശ്രവ്യ -ദ്രിശ്യ സാധ്യതകളെയും ഉപയോഗപ്പെടുത്തി ഒരു മികച്ച കാഴ്ചാനുഭവം ആയിതീരുന്നു എന്നത്  സംവിധായകന്‍ സനലിനെ ഹൃദയത്തിന്‍റെ ഭാഷയില്‍ അഭിനന്ദിക്കാന്‍ മതിയായ കാരണമാണ് .
               സിനിമ എന്നാല്‍ വാണിജ്യ സിനിമകളും അതിലെ സ്ഥിരം പരിചിത മിനുക്ക്‌ മുഖങ്ങളും  പ്രഹസനങ്ങളും  മാത്രമാണ് എന്ന് തെറ്റിദ്ധരിചിരിക്കുന്ന ഒരു ബഹുഭൂരിപക്ഷം  സിനിമ
 ആരാധകരും പ്രേമികളും ഭ്രാന്തന്‍മ്മരുമൊക്കെയുള്ള ഒരു നാട്ടില്‍ ഇവിടുത്തെ ഒരു നിശബ്ദനൂനപക്ഷത്തെ  ബുദ്ധിജീവിയെന്നോ അവാര്‍ഡ്‌ സിനിമാക്കാരന്‍ എന്നോ ഒക്കെ പരിഹസിച്ചു മാറ്റിനിര്‍ത്തുന്നതില്‍ അതിശയിക്കാന്‍ ഒന്നുമില്ല . എങ്കിലും അവരില്‍ ചിലര്‍ സന്ധി ചെയ്യാതെ സമരം ചെയ്തു അവനവനെ വഞ്ഞിക്കാതെ കലയോട് നീതിപുലര്‍ത്താന്‍ കഴിവുള്ള, ആത്മാവില്‍ ധൈര്യമുള്ളവര്‍ ആണ് . എത്ര വായ മൂടികെട്ടിയാലും അവര്‍ അവരുടെ ശബ്ദം കേള്‍പ്പിക്കുക തന്നെ ചെയും . സനല്‍ കുമാര്‍ ശശിധരനും അയാളുടെ കൂടെ ഈ സിനിമക്കുവേണ്ടി ജീവന്‍ കൊടുത്തു കൂടെനിന്നവരും അത്തരത്തില്‍ ഉള്ളവരായിരുന്നു എന്നത് എടുത്തുപറഞ്ഞു അഭിനന്ദിക്കേണ്ട കാര്യമാണ് .
                നിര്‍മാതാവ്  എന്ന്  പറയാന്‍ ആരുമില്ലാതെ, നല്ല സിനിമ ആഗ്രഹിക്കുന്ന ജനങ്ങളില്‍ നിന്ന്  പണം സമാഹരിച്ചുകൊണ്ടു ക്രൌഡ് ഫണ്ടിംഗ് ആശയത്തിന്റെ പിന്‍ബലത്തില്‍ വളരെ തുച്ഛമായ ചിലവില്‍ ഇങ്ങനെയൊരു സിനിമ സാധ്യമായി എന്നതുതന്നെ  എന്നെ അതിശയിപ്പിച്ചു എന്ന് പറയാതെ വയ്യ . എന്നാല്‍  നല്ല സിനിമക്ക് വേണ്ട എല്ലാ സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തി  ഒരാള്‍പൊക്കം ഒരു ഒന്ന് - രണ്ടു ആള്‍ പൊക്കമുള്ള സിനിമയായി അവതരിപ്പിക്കുന്നതില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കാണിച്ചിട്ടുള്ള കയ്യടക്കവും സമര്‍പ്പണവും  ലാഭേച്ഛകൂടാതെയുള്ള പ്രവര്‍ത്തനവും മറൊരു തലത്തില്‍ നിന്ന്  ഈ സിനിമശ്രമത്തെ നോക്കിക്കാണാന്‍ ചിലരെയെങ്ങിലും പ്രേരിപ്പിക്കാതിരിക്കില്ല . ഇരുപത്തഞ്ചു ലക്ഷം രൂപക്ക്  ഇങ്ങനെയൊരു സിനിമ ഉണ്ടാക്കി എന്നുപറയുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയുടെ ഡിസ്കഷന്‍റെ ചിലവേ ആകുന്നുള്ളൂ എന്ന് ചിന്തിക്കണം . ഇത്തരം സാമ്പത്തിക പരിമിതികള്‍ ഉണ്ടെന്നിരിക്കെ തന്നെ വളരെ സാങ്കേതിക തികവുള്ള മിഴിവാര്‍ന്ന ദ്രിശ്യങ്ങളും കാതിനു സുഖമുള്ള ശബ്ദവും ഒക്കെ ഈ സിനിമയുടെ പ്രത്യേകത ആണ് .
              സനല്‍ സംവിധായകന്റേതു എന്ന് പൂര്‍ണ്ണമായും പറയാവുന്ന സിനിമയായി ഒരാള്‍പൊക്കം മാറുന്നുണ്ട് എന്ന് പറയാതെ വയ്യ . മറ്റെന്തും അതിന്‍റെ പിന്നിലെ വരൂ . സിനിമ എന്ന മോഹത്തിന്  തന്‍റെ ജിവിതം കൊടുത്തു അയാള്‍ സ്വയം അര്‍പ്പിച്ചതിന്റെ  വിജയമാണ്  ഈ ചിത്രം . പരോളും അത്ഭുദലോകവും പോലുള്ള ഷോര്‍ട്ട് ഫിലിമുകളില്‍ തുടങ്ങി ഫ്രോഗ് പോലെയുള്ള കുറച്ചുകൂടി ഗൌരവമുള്ള ശ്രമങ്ങള്‍ നടത്തി ഒരാള്‍പൊക്കത്തില്‍ എത്തിനില്‍ക്കുമ്പോള്‍ സനലിനും ഒരൊന്നൊന്നരയാള്‍ പൊക്കം തോന്നുന്നു . സനലിന്റെ മുന്‍കാല സിനിമാശ്രങ്ങള്‍ എല്ലാം കണ്ടിട്ടുള്ള വഴിപോക്കനു അങ്ങനെയാണ്  ഈ സിനിമയെ വിലയിരുത്താന്‍ തോന്നുന്നത് . ഒരു സ്വതന്ത്ര സിനിമാസംവിധായകന്‍ എന്ന് വിളിക്കാനല്ല നട്ടെല്ലുള്ള സംവിധായകന്‍ എന്ന് വിശേഷിപ്പിക്കാന്‍ ആണ് തോന്നുന്നത് . സിനിമയുടെ പരമ്പരാഗത ചിട്ടകളെയും നിയമവലികളെയും ഒട്ടുവെല്ലുവിളിച്ചുകൊണ്ടു തന്നെ തന്‍റെ ഉള്ളിലെ സിനിമയെ മനോഹരമായി അവതരിപ്പിക്കാനുള്ള അയാളുടെ ആത്മാര്‍ഥവും അര്‍പ്പണപൂര്‍ണവുമായ സമീപനത്തെ വേറെയെന്താണ് വിളിക്കേണ്ടത് ? അര്‍ഹത ഉള്ളവുനും ഇല്ലാത്തവനും ഒക്കെ കേറി നിരങ്ങി ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്ന മലയാള സിനിമയുടെ പൂമുഖത്ത്, ആ തിണ്ണയില്‍ എങ്കിലും ഒരിടം ഇയാള്‍ക്കും ഉള്ളതാണ് , അവകാശമാണ് . സനല്‍ എന്ന മനുഷ്യനില്‍ നിന്ന് , സനാതനന്‍ എന്ന ബ്ലോഗറില്‍ നിന്നൊക്കെ  ഒരു  സിനിമാ സംവിധായകനിലേക്ക് അയാള്‍ ഓടിയ ഓട്ടം ദുര്‍ഘടമായ പാതയിലൂടെ ആയിരുന്നപ്പോളും  സിനിമയോടുള്ള അടങ്ങാത്ത മോഹം കനല്‍ കെടാതെ സൂക്ഷിച്ചുവച്ച്  അതില്‍ നിന്ന്  ശക്തി സംഭരിച്ചു മുന്നേറാന്‍ അയാള്‍ക്കായി .
             വിഷ്വല്‍ റിച്ച്നെസ്  ആണ്  ഒരാള്‍പൊക്കം എന്ന സിനിമയുടെ  ഒരു പ്രധാന ആകര്‍ഷണീയത . ഹിമാലയന്‍ പ്രകൃതിയുടെ അന്യദ്രിശ്യമായ ഭംഗി വെറുതെ ഒപ്പിഎടുക്കുക ഒരു നിസ്സാര കാര്യമല്ല . മരണം വിഴുങ്ങാന്‍ നില്‍ക്കുന്ന താഴ്വരയിലലൂടെയും  മലമ്പാതയിലൂടെയും  സിനിമ മാത്രം ശ്വസിച്ചു , സിനിമ മാത്രം ഭക്ഷിച്ചു കുറെ ആളുകള്‍  കഷടപെട്ടത്തിന്റെ  ഫലമാണ്  ആ ദ്രിശ്യ മിഴിവ് .  ഒരു വിരഹഗാനം തിരുകി കേറ്റാന്‍ ഏതു സംവിധായകനും തോന്നുനിടത്ത് എത്ര മനോഹരമായാണ്  സനല്‍ രണ്ടുവരി പൂതപ്പാട്ടുകൊണ്ട്  ഫില്‍ ചെയ്തത് . സിനിമയുടെ ഭാഷ നിര്‍ണ്ണയിക്കുന്നത് എഡിറ്റിംഗ്  ആണെന്ന്  ഹിച്കോക്കിനെ പോലുള്ള മഹാരഥന്മാര്‍ സ്വന്തം സിനിമയിലൂടെ കാണിച്ചു തന്നിട്ടുണ്ട് . ക്ഷമയും ചിന്തയും വിവേചനത്തോടെ  മുറിക്കാനും കൂടിചെര്‍ക്കാനും ഒക്കെയുള്ള സംയമനം വേണ്ട അതിസങ്കീര്‍ണമായ എന്നാല്‍ സിനിമാനിര്‍മിതിയുടെ പരമപ്രധനമായതും അയ ഒരു ഘട്ടം ആണ്  എഡിറ്റിംഗ് . ഒരാള്‍പോക്കത്തിന്റെ ദ്രിശ്യ ഭാഷക്ക്  ഒരു സംഗീതാത്മകമായ ഒഴുക്ക് ഉണ്ടെങ്കില്‍ അത് എഡിറ്റിംഗ് ഇല്‍ കാണിച്ച ശ്രദ്ധയുടെ ഫലമാണ് .
            സിനിമയെന്നാല്‍ ഇണ്ടസ്ര്ടിയുടെ  നിര്‍വചങ്ങളില്‍  ഒതുങ്ങിനില്‍ക്കണം എന്ന് വാശിയുള്ള നമ്മുടെ സിനിമാ പ്രേമികള്‍ക്ക് ഒരുപക്ഷേ ദഹിക്കാത്ത സിനിമയായിരിക്കും ഒരാള്‍പൊക്കം. ഒരു ബുദ്ധിജീവി അവാര്‍ഡ്‌ സിനിമ എന്ന് അവര്‍ അതിനെ പുച്ഛത്തോടെ തള്ളും. ആസ്വാദകന്‍  ആഗ്രഹിക്കുന്ന വിനോദ വില്പന ചേരുവകള്‍ തീരെയില്ലാത്ത , അത്തരക്കാര്‍ക്കു ഒരു വട്ടു സിനിമയായി തോന്നാവുന്ന ഒന്നാണ്  ഒരാള്‍പൊക്കം. ഈ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലത്ത്  രണ്ടു വര്ഷം മുന്‍പ്  ഫോണില്‍  സംസാരിച്ചപ്പോള്‍ സനല്‍  പറഞ്ഞത് എന്നും വഴിപോക്കന്‍ ഓര്‍മ്മിക്കുന്നു " ഞാന്‍ ഒരു സിനിമ ചെയ്യാന്‍ തുടങ്ങുകയാണ് , ഇത്  പുറത്തിറങ്ങുമ്പോള്‍  എന്നെ ബുദ്ധിജീവികളുടെ തൊഴുത്തില്‍ കെട്ടല്‍ പൂര്‍ത്തിയാകും " . ഒരു പക്ഷെ സനല്‍ പറഞ്ഞത് തന്നെ സംഭവിക്കാനുള്ള സാധ്യത ഇല്ലാതില്ല . അയാളെ എതു തരം സംവിധായകന്‍ ആയി വിലയിരുത്തുന്നു എന്നല്ല നമ്മള്‍ ഏതു തരം സിനിമകളെ ആണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് വീണ്ടും ചോദിച്ചു പോകുകയാണ് . മികച്ച സിനിമകള്‍ ഇല്ലെന്നു പരാതിപ്പെടുന്ന ഇവിടുത്തെ സജീവ സിനിമ പ്രേക്ഷകര്‍  നല്ല സിനിമാശ്രമങ്ങളെ  തിരിഞ്ഞു നോക്കാതിരിക്കുകയും ചെയുന്നു .
              ഒരാള്‍പൊക്കം റിലീസ് നു ഒരുങ്ങുകയാണ് . സിനിമാ വണ്ടി ഓടിച്ചു കാസര്‍ഗോഡ്‌ മുതല്‍ കന്യാകുമാരി വരെ സനലും കാഴ്ച ചലച്ചിത്ര വേദിയും നടന്നിടും എത്രപേര് ഈ സിനിമ കണ്ടു ? തിയേറ്ററില്‍ ഒരു വമ്പന്‍ സ്വീകാര്യത ഈ സിനിമക്കു കിട്ടുമോ എന്നറിയില്ല . പ്രദര്‍ശനത്തിനു തിയേറ്റര്‍ പോലും കിട്ടാന്‍ വിഷമമാണ് . നല്ല സിനിമയെ സ്നേഹിക്കുന്ന വേറിട്ട സിനിമ ശ്രമങ്ങളെ കണ്ടാസ്വദിക്കാന്‍ ഇഷ്ടപെടുന്ന സിനിമാ പ്രേമികള്‍ കാണേണ്ട സിനിമയാണ് ഒരാള്‍പൊക്കം. മലയാളത്തിലെ സമാന്തര സിനിമാ ശാഖയുടെ പുത്തനുണര്‍വിന്‍റെ അടയാളമാണ് ഒരാള്‍പൊക്കം .  ഇതിന്‍റെ പിന്നിലെ എല്ലാ പേര്‍ക്കും സംവിധയകന്‍ സനല്‍ കുമാറിനും വഴിപോകന്റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും  സ്നേഹത്തിന്‍റെ പൂച്ചെണ്ടുകള്‍ .
                                               (വഴിപോക്കന്‍)

Tuesday 28 April 2015

ഫയര്‍ മാന്‍

പശു ചത്ത്‌  മോരിലെ പുളിയും പോയിട്ട്  എഴുതുന്ന ഒരു അപ്രസക്തമായ കുറിപ്പ് ആയിരിക്കാം . എങ്കിലും എഴുതാന്‍ തോന്നി ... എഴുതുന്നു 
 ദീപു കരുണാകരന്‍റെ ഫയര്‍ മാന്‍ എന്ന സിനിമ എല്ലാ പ്രവാസികളെയും പോലെ ഞാനും ഈയാഴ്ച കണ്ടു .  രണ്ടുമാസം മുന്‍പ് ഇറങ്ങിയ സിനിമയെപറ്റി  അധികം വാചാലമാകുന്നതില്‍ അര്‍ഥമില്ല എന്നെനിക്കറിയാം . എങ്കിലും സിനിമ ഇറങ്ങിയപ്പോള്‍ കേട്ട പല അഭിപ്രായങ്ങളും ഓര്‍മ്മവരുന്നതുകൊണ്ട്  ഒരു വയ്കിയ വിലയിരുത്തലിന്  മുതിരുകയാണ് . 
മുഖ്യധാര സിനിമയുടെ പ്രമേയസാധ്യതയില്‍  അഗ്നിശമനസേനയുടെ പേരുപോലും  മലയാളത്തില്‍ കേട്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല . വിദേശ സിനിമകളില്‍ ഇത്തരം പ്രമേയങ്ങള്‍ ഒരുപാടു വന്നുപോയിട്ടും ഉണ്ട് . Roxanne ഒക്കെ പോലെ ഹസ്യാവിഷ്കാരം അടക്കം  കുറെയേറെ സിനിമകള്‍ ഉണ്ട്  ഓര്‍മയില്‍ . അത്തരത്തില്‍ വ്യത്യസ്തമായ പ്ലോട്ട് തന്നെയായിരുന്നു ഫയര്‍മാന്‍ എന്ന സിനിമയുടെ മുഖ്യ ആകര്‍ഷണം. പിന്നെ തിയേറ്ററില്‍ സിനിമകണ്ട്‌ കുറെ മികച്ച അഭിപ്രായങ്ങളും കേട്ടിരുന്നു . എന്നിരുന്നാലും ഇതില്‍നിന്നും നേരെ വിപരീതമായി ഒരു  മികച്ച സിനിമയായി അവതരിപ്പിക്കാമായിരുന്ന പ്രമേയത്തെ പകുതി വെന്ത തിരക്കഥയും ചോദ്യം ചെയ്യപ്പെടാവുന്ന യുക്തിരാഹിത്യവും കൊണ്ട് കൊന്നുകൊലവിളിച്ചു ദീപു കരുണാകരന്‍ എന്നാണ് വഴിപോക്കന്‍റെ അഭിപ്രായം ( "എന്നാ നീ തിരക്കഥ എഴുതി ഒരെണ്ണം ഇറക്കടാ" എന്ന മറുപിടി പ്രതീക്ഷിക്കുന്നു ). 

മമ്മൂട്ടിയുടെ ഡേറ്റ്  കിട്ടി , ഒരു സിനിമ ചെയ്തേക്കാം എന്ന്  തോന്നി ഇറങ്ങി പുറപെട്ടതാണോ എന്നറിയില്ല , പക്ഷെ അങ്ങനെ തോന്നുന്നു . എവിടെയും പേരെടുത്ത് പ്രശംസിക്കപ്പെടാതെ പോകുന്ന , കഴിവുകെട്ടവര്‍, വയ്കി എത്തുന്നവര്‍ എന്നൊക്കെ ഏറെ വിമര്‍ശിക്കപ്പെടുന്ന ഫയര്‍ ഫോഴ്സ് ന്‍റെ അഭിമാനം വിളിച്ചു പറയാന്‍ ശ്രമിക്കുന്ന ചിന്തയെ ആദ്യമേ അകമഴിഞ്ഞ് അഭിനന്ദിക്കട്ടെ . പക്ഷെ ഒരു വന്‍ ദൌത്യം ഒക്കെ സൃഷ്ടിച്ചു കുറെ തീയും പുകയും നിറച്ചാലൊന്നും സിനിമ ആത്മാവില്‍ തൊടില്ല . സഹപ്രവര്‍ത്തകന്‍ മരിച്ചു വീണിട്ടു സെന്റിമെന്‍സും ഡയലോഗും ഒക്കെ എത്രയോ കണ്ടതാണ് . ആത്മാവില്‍ പോയിട്ട് ശരീരത്തില്‍ പോലും തൊടാതെ അഞ്ചടി മാറി നില്‍ക്കും , അവിടെയാണ് അതിനൊക്കെ സ്ഥാനം . ഒരു ശരാശരി ബുദ്ധിയില്‍ ചിന്തിച്ചാല്‍ പോലും ഒരു യുക്തിയും ഇല്ലാത്ത അതി നാടകീയമായ ഒരു പ്ലോട്ട് ഒരുക്കാന്‍ തിരക്കഥാ രചയിതാവിന് എങ്ങനെ സാധിച്ചു എന്ന് വഴിപോക്കന്‍ അത്ഭുതപ്പെടുന്നു . അതോ മമ്മൂട്ടി എന്ന വികാരത്തെ , പ്രതിഭയെ ക്ലോസ്അപ്പില്‍ ഷൂട്ട്‌ ചെയ്തു ഒരു പുകമറ സൃഷ്ടിച്ചു ആളുകളെ അങ്ങ്  വിഡ്ഢി അക്കാമെന്നോ ? 
ഒരു ആഗോള കൊടുംഭീകരന്‍ ജയില്‍ ചാടാന്‍ ആസൂത്രണം ചെയ്ത ഗ്യാസ് ടാങ്കര്‍ അപകടം . അതിഭീകരം എന്നല്ലാതെ എന്ത് പറയാന്‍ . പരസ്പര ബന്ധമോ പൂര്‍ണതയോ ഇല്ലാത്ത ഒരു കഥാധാര . അങ്ങനെയേ അനുഭവപെട്ടോളൂ.  മമ്മൂട്ടി എന്ന നടന്‍റെ വിപണന മൂല്യവും താരപ്രഭയും പിന്നെ തലയ്ക്കു വെളിവില്ലാത്ത താരഭ്രാന്തന്മ്മാരെയും മുതലെടുത്ത്‌ ഒരു സിനിമ ഉണ്ടാക്കാം , മിലാന്‍ ജലീലിനു പത്തു പുത്തന്‍ കിട്ടിക്കോട്ടേ എന്നൊക്കെ മാത്രമേ സംവിധായകന്‍ ചിന്തിച്ചോള് എങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല . അതില്‍ കൂടുതല്‍ എന്ത് അവകാശവാദം ഉണ്ടെങ്കിലും അത് ഉറക്കെ വിമര്‍ശിക്കപെടാന്‍ ഉള്ളതാണ് . എങ്കിലും മമ്മൂട്ടി എന്ന നടന്‍റെ രംഗ സാനിധ്യം ഒന്നുകൊണ്ടു മാത്രമാണ്  സിനിമ മുഴുവന്‍ കാണാന്‍ എങ്കിലും എനിക്ക് കഴിഞ്ഞത് . ഇത്രയും വലുതായി ചിന്തിക്കാതെ, അന്താരാഷ്ട്ര ഭീകരനെയും ഒക്കെ വിളിക്കാതെ തന്നെ ഒരു ഫയര്‍ മാന്റെ , അയാളുടെ ജീവിതത്തെ , സമൂഹത്തിന്‍റെ രക്ഷകര്‍ ആകുന്നതിന്റെ ഒക്കെ  ചിത്രമായി ഇതിനെ മറ്റൊരു രീതില്‍ അവതരിപ്പിച്ചാല്‍ ചിലപ്പോള്‍ എത്ര മനോഹരമായേനെ . 
വാ))))))))))ല്‍:-
സലിം കുമാര്‍ അതിലെ ഒക്കെ നടക്കുന്ന കണ്ടു .. ആ കുട്ടി ആരാണോ,ഏതാണോ എവിടുതെയാണോ ? ആരും ഒന്നും പറഞ്ഞില്ല ...

Friday 13 February 2015

പീക്കേ : ചില ചിന്തകള്‍

           
               PK എന്ന രാജ് കുമാര്‍ ഹിരാനി ചിത്രം കണ്ടിട്ട് ഏകദേശം ഒരു മാസം ആയി . ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലാത്തതുകൊണ്ട് പടമിറങ്ങി ഒരു മാസത്തോളം ആയപ്പോള്‍ ആണ് കാണാന്‍ സാധിച്ചത് . തിയേറ്റര്‍ വിട്ടു ദൈനംദിന പരിപാടികളിലേക്ക്  വ്യാപൃതനാകുന്ന ശരാശരി സിനിമാ ആസ്വാദകനെ വല്ലാതെ പിന്തുടരാനും ഉറക്കം കെടുത്താനുമുളള ആ മാധ്യമത്തിന്‍റെ അന്യാദ്രിശ്യമായ ശക്തി വീണ്ടും  തിരിച്ചറിയിച്ച സിനിമ ആയിരുന്നു അത്  . ഉറക്കം പോകുക തന്നെ ചെയ്തു . ഇതെഴുതുമ്പോള്‍ ആ സിനിമ എന്നില്‍ ഉണ്ടാക്കിയ ഞെട്ടല്‍ കുറെയൊക്കെ ബാക്കിയുണ്ട് . ഒരുപാടു നിരൂപണങ്ങളും ചര്‍ച്ചകളും ഞാന്‍ സിനിമ കാണുന്നതിനു മുന്‍പേ നടന്നിരുന്നതുകൊണ്ടും മടി , തിരക്ക് എന്നിവകൊണ്ടും എഴുതാതെ വിട്ടതിനെ ഇന്ന്  വീണ്ടും പിന്തുടരാന്‍ കാരണം ഒരു വാര്‍ത്തയായിരുന്നു . ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയെ പ്രതിഷ്ഠയാക്കി നിര്‍മിച്ച ക്ഷേത്രത്തെ ക്കുറിച്ച്  വായിച്ചതാണ് ഇപ്പോള്‍ ഈ കുറിപ്പ് എഴുതാനുള്ള പ്രേരക ശക്തി . കുറച്ചു ചിന്തകള്‍ ഒരു സിനിമാ ആസ്വാദനത്തിന്‍റെ ഒപ്പം പങ്കുവയ്ക്കുന്നു എന്ന് മാത്രം .

 ആള്‍ ദൈവങ്ങള്‍, അത്ഭുതസിദ്ധിവൈഭവങ്ങള്‍, തപശ്ശക്തി, കാവി , ഗംഗ , ഭസ്മം , ജാലവിദ്യ , അങ്ങനെ ഒരുപാടു കപട ഭക്തി വ്യവസായങ്ങളും മത-ജാതി-പ്രാദേശിക വാദങ്ങളുടെ സമവാക്യത്തില്‍ നിന്ന് അധികാര വ്യപിചാരം നടത്തുന്ന രാഷ്ട്രീയ കോമരങ്ങളും കൂടെ ആറേഴു പതിറ്റാണ്ട് കൊണ്ട്  ഒരു രാജ്യത്തെയും അവിടുത്തെ സാധാരണ ജനങ്ങളെയും കൊന്നു തിന്നും കൊള്ളയടിച്ചും നശിച്ചു നരകമായ നമ്മുടെ ഭാരതത്തിന്‍റെ രാഷ്ട്രീയ-സാമൂഹിക ഭൂമികയില്‍ നിന്നുകൊണ്ട് സത്യം പച്ചക്ക് ഉറക്കെ വിളിച്ചുപറയുന്നു എന്നത് തന്നെയാണ്  PK  എന്ന സിനിമയുടെ പ്രസക്തി .ഏതോ പുരാണകാലം തൊട്ടേ വിധിയെ പ്രണയിച്ചും അതിനു കീഴടങ്ങിയും ഒരു നേരത്തെ അന്നം എന്ന അവന്‍റെ ഏറ്റവും പ്രായോഗിക സ്വപ്നത്തിനു വേണ്ടി പടപൊരുതിയും ജീവിച്ച ഇവിടുത്തെ പാവം ജനങ്ങള്‍ 1947ഇല്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്നോ അതുകഴിഞ്ഞ് എന്തൊക്കെയോ മഹാസംഭവങ്ങള്‍ ഈ മഹാരാജ്യത്ത് അരങ്ങേറിയെന്നോ അറിയാതെ  അല്ലെങ്കില്‍ അറിയാന്‍ മെനക്കെടാതെ , ചൂഷകര്‍ക്ക് ഇരയായി സ്വയം സമര്‍പ്പിച്ചു ഇവിടെ ജീവിക്കുകയാണ്.
               ഇത്തരം വിമര്‍ശന രീതിയില്‍ തന്നെ ഇതിനെയൊക്കെ സമീപിച്ച മറ്റു സിനിമകള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നോ അല്ലെങ്കില്‍ ആ ഗണത്തില്‍ പെട്ടവയില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട ഒന്ന് എന്നോ ഒന്നും ആയല്ല PK എന്ന സിനിമയെ ഞാന്‍ കരുതുന്നത് . മറ്റു പലസിനിമകളില്‍ ആയി പല ഭാവത്തില്‍ ഒളിഞ്ഞും തെളിഞ്ഞും തന്നെ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ തന്നെയാണ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഒന്നുപോലും PK യില്‍ ഇല്ല എന്ന് തന്നെ പറയാം . എങ്കിലും അതിനെ അവതരണത്തിലെ ഭംഗിയും ക്രാഫ്റ്റും ഈ സിനിമയെ മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമാക്കുന്നു അല്ലെങ്കില്‍ അവയുടെ കൂടെ നിര്‍ത്തുമ്പോള്‍ ഒരു കിരീടം ചാര്‍ത്തികൊടുക്കുന്നു. നമ്മള്‍ തന്നെ നമ്മെ നോക്കിക്കാണുമ്പോള്‍ കാണുന്ന സൗന്ദര്യം, കാണാത്ത കുറവുകള്‍ ഇവയെല്ലാം മറ്റൊരാള്‍ നോക്കുമ്പോള്‍ എങ്ങനെയിരിക്കും എന്ന ലളിതമായ സങ്കേതത്തില്‍ ആണ് PK നിലനില്‍ക്കുന്നത് . മറ്റൊരു രാജ്യത്തു നിന്നോ ഭൂഖണ്ഡത്തില്‍ നിന്നോ അല്ലാതെ ഈ ഭൂമിക്കു പുറത്തുനിന്നും ഇതൊന്നും അറിയാതെ ഒരാള്‍ ഇതിനെ കാണുമ്പോള്‍ ഇതില്‍ പെട്ടുപോകുമ്പോള്‍ ഇതെങ്ങനെ അനുഭവപ്പെടുന്നു എന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യം മതവികാരങ്ങളുടെ വൃണപ്പെടുത്തലുകള്‍ ആകുന്നു എങ്കില്‍ അത്രമാത്രം എളുപ്പത്തില്‍ പരിക്കേല്‍ക്കുന്ന ഒന്നാണ് നമ്മുടെ വിശ്വാസങ്ങള്‍ എന്ന് തിരിച്ചറിയാന്‍ ഈ അവസരത്തെ ഉപയോഗപ്രദമായ ഒന്നായി അടയാളപ്പെടുത്താന്‍ നമുക്ക് കഴിയാത്തത്  എന്തുകൊണ്ടാണ് ? 

ഒളിഞ്ഞും തെളിഞ്ഞും തമാശ പുരട്ടിയും പുരട്ടാതെയും ഒക്കെ PK ലക്‌ഷ്യം വയ്ക്കുന്നത് നമ്മുടെ കപട വിശ്വാസത്തിന്റെ മര്‍മ്മസ്ഥാനത്താണ് . മര്‍മ്മത്ത് അടികിട്ടിയാല്‍ ആരും വെറുതേ ഇരിക്കില്ല . പ്രതികരിക്കും . ചാനല്‍ പക്ഷികള്‍ വട്ടമിട്ടു പറക്കും . സന്ധ്യക്ക്‌ വെടിവട്ടം നടത്താന്‍ അവര്‍ക്കൊരു വിഷയം കിട്ടും . ഒരു ദൈവത്തിന്‍റെ ഇഷ്ടങ്ങള്‍ മറ്റു ദൈവങ്ങള്‍ക്ക്  ഹറാം ആകുന്നത്തിന്‍റെ മത രാഷ്ട്രീയം മുതല്‍ പേപ്പറും  പണവും അതിലെ പടവും ഒക്കെചേരുന്ന സാമ്പത്തിക രാഷ്ട്രീയവും പണവും വസ്ത്രങ്ങളുംനിര്‍ലോഭം പൊഴിക്കുന്ന ഡാന്‍സിംഗ് കാറുകളുടെ ലൈംഗിക രാഷ്ട്രീയവും എല്ലാം
ഇവിടെ ആക്ഷേപഹാസ്യത്തില്‍ എങ്കിലും അതിനുമപ്പുറം ഗൌരവമാര്‍ന്ന മറ്റൊരു തലത്തില്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നു . അവ നമ്മോടുതന്നെ കലഹിക്കുകയും ചെയ്യും .
 ഒരുപാടു പറഞ്ഞും തര്‍ക്കിച്ചും എങ്ങുമെത്താതെ  പോയ വിഷയങ്ങള്‍ ഒരിക്കല്‍ക്കൂടി  സമൂഹത്തില്‍ ഇട്ടു വിഴുപ്പലക്കി എന്ന ആരോപണത്തില്‍ നിന്ന് PK രക്ഷപെടുന്നില്ല എങ്കിലും സിനിമ എന്ന നിലയില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ മറവില്‍ മേനിപ്രദര്‍ശനം നടത്തുന്ന , കള്ളും കഞ്ചാവും പുകയും നിറയുന്ന സിനിമാ കെട്ടുകാഴ്ച്ചകള്‍ക്കിടയില്‍ വല്ലപ്പോഴും വരുന്ന ഇത്തരം സിനിമകള്‍ സമൂഹത്തെ റാഡിക്കല്‍ ആയി മാറ്റാന്‍ കഴിവുള്ള അത്ഭുതമൊന്നും അല്ലെങ്കിലും ശരാശരി സിനിമാക്കാരനെ തിയേറ്റര്‍ വിട്ടശേഷവും ഒട്ടുപിന്തുടരുവാന്‍ കഴിയുന്നവയാണ് എന്നത് ചെറിയ കാര്യമല്ല . PK യുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും വഴിപോക്കന്റെ ആത്മാവില്‍ തട്ടിയുള്ള അഭിനന്ദനങ്ങള്‍ .
വാല്‍ :- നരേന്ദ്ര മോഡിയെ പ്രതിഷ്ഠ ആക്കി ക്ഷേത്രം പണിതത്തില്‍ ഒരു അത്ഭുതവും ഞാന്‍ കണ്ടില്ല . "അതുക്കും മേലെ " നമ്മുടെ സണ്ണി ചേച്ചിയെ വരെ പ്രതിഷ്ഠിച്ചു ഇവിടെ അമ്പലങ്ങള്‍ ഉയരും .ഇതും ഇതിലപ്പുറവും ഇവിടെ നടക്കും . "

Wednesday 15 October 2014

AMORES PERROS- വേറിട്ട ഒരു മെക്സിക്കന്‍ ചലച്ചിത്രവിസ്മയം


    ഇന്ത്യന്‍ സിനിമക്കും ഹോളിവുഡിനും  അപ്പുറമുള്ള സിനിമാകാഴ്ചകള്‍ തേടിപ്പോയപ്പോളൊന്നും വഴിപോക്കന് നിരാശനാകേണ്ടിവന്നിട്ടില്ല . അമോറെസ് പെറോസ്(AMORES PERROS)  എന്ന മെക്സിക്കന്‍ സിനിമയെപ്പറ്റി ആദ്യം കേള്‍ക്കുന്നതും കാണുന്നതും BABEL ഇറങ്ങിയ സമയത്താണ് . BABEL ന്‍റെ സംവിധായകന്‍ Alejandro Gonzalez Inarritu വിന്‍റെ ആദ്യ സിനിമയാണ് സ്പാനിഷ്‌ ഭാഷ സംസാരിക്കുന്ന ഈ മെക്സിക്കന്‍ ക്ലാസ്സിക് ചിത്രം . ഇന്നലെ ഒരു സുഹൃത്തിന്‍റെ വായില്‍ നിന്ന് അപ്രതീക്ഷിതമായി ഈ സിനിമയെപറ്റി കേട്ടതുകൊണ്ടും ഒരല്‍പം സമയം കിട്ടിയതുകൊണ്ടും ഒരു ചെറിയ ആസ്വാദനം എഴുതാനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ് . 

                  ഒരേ സമയത്ത്  മെക്സിക്കോ സിറ്റിയില്‍ സംഭവിക്കുന്ന മൂന്നു കഥകള്‍ പറയുന്ന ഒരു ആന്തോളജി സിനിമയാണ് അമോറെസ് പെറോസ്. മൂന്നു കഥകളിലെയും കഥാപാത്രങ്ങള്‍ഒരു റോഡ്‌ അപകടത്തില്‍ സന്ധിക്കുന്നു എന്നല്ലാതെ ഇവരെ കൂട്ടിയിണക്കുന്ന മറ്റു കാര്യങ്ങള്‍ ഒന്നും സിനിമയില്‍ ഇല്ല . സഹോദരന്‍റെ ഭാര്യയോട്‌ ഇഷ്ടംതോന്നി അവളുമായി നാടുവിടാന്‍ നായ്‌ പോര്  നടത്തി കാശുണ്ടാക്കുന്ന octavio യുടെ കഥയാണ് ആദ്യതെത് . താന്‍ ഉണ്ടാക്കിയ കാശുമായി സഹോദരനും ഭാര്യയും നാടുവിടുന്ന ദുരവസ്ഥയാണ് അയാളെ കാത്തിരുന്നത് . പട്ടി പോരിനിടയില്‍ തന്നെ പ്രിയപ്പെട്ട നായ cofi യെ വെടിവച്ച എതിര്‍വിഭാഗക്കാരനെ കത്തിക്ക് കുത്തി അവിടെനിന്നു തന്‍റെ സുഹൃത്തിനും മുറിവേറ്റ cofiക്കുമൊപ്പം രക്ഷപെട്ടു വരുമ്പോള്‍ ആണ് ആ അപകടം സംഭവിക്കുന്നത്‌ . octavio യുടെ കാര്‍ ഇടിക്കുന്നത്‌ ഒരു മോഡല്‍ അയ valeria എന്ന പെണ്‍കുട്ടിയുടെ കാറില്‍ ആണ് . അപകടത്തില്‍ കാലിനു ഗുരുതരമായി പരിക്കേറ്റു തന്‍റെ കാമുകനും ഒരു മാസികയുടെ പ്രസാധകനുമായ ഡാനിയേല്‍ എന്ന ആളുടെ പരിചരണത്തില്‍  ഒരു ഫ്ലാറ്റില്‍ കഴിയുന്ന valeria യുടെ കഥയാണ് രണ്ടാമതെത് . തന്‍റെ കാരിയര്‍ തകര്‍ന്നുപോകും എന്ന ഭയത്തില്‍ മാനസികമായി തകര്‍ന്നിരിക്കുന്ന അവളെ കൂടുതല്‍ ആഘാതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് പ്രിയപ്പെട്ട നായ്കുട്ടി റിച്ചി നിലത്തു പാകിയിരിക്കുന്ന പലകയുടെ ഇടക്ക് പെട്ടു. ആ സംഭവം അവര്‍ക്കിടയില്‍ പരസ്പരം ഒരു വിഴുപലക്കലിന് തുടക്കം കുറിക്കുകയും ഒടുവില്‍ നായയെ രക്ഷിക്കാന്‍ ശ്രമിച്ചു വീണ്ടും കാലിനു വേണ്ടും പരിക്കേറ്റ് അത് മുറിച്ചു കളയേണ്ടി വരുന്നു . 
വേറെ ഭാര്യയും കുഞ്ഞുമുള്ള ഡാനിയേല്‍ മനസ്സുമാറി ചിന്തിക്കുന്നത് പറഞ്ഞു ആ കഥതീരുന്നു . 

           കാറപകടം നടക്കുന്ന സമയത്ത് അവിടെ തെരുവില്‍ ഒരാളെ കൊല്ലാന്‍ കാശുവാങ്ങി തക്കം പാര്‍ത്തിരുന്നEl Chivo എന്ന തെരുവില്‍ ജീവിക്കുന്ന മറ്റൊരു വ്യക്തിയുടെ കഥയുംകൂടി പറയുന്നു സിനിമ. ഒരു സ്കൂള്‍ അദ്ധ്യാപകനായ അയാള്‍ ഗറില്ല പോരാളിയായി ജയില്‍ വാസം കഴിഞ്ഞു വന്നു പോയകാലത്തിന്റെ പാപഭാരവും പേറി ജീവിക്കുകയാണ് . അയാള്‍ ഒരുപാടിഷ്ടപ്പെടുന്ന സ്വന്തം മകളുടെ ഓര്‍മ്മകള്‍ അയാളെ വേട്ടയടിക്കൊണ്ടിരിക്കുന്നു . തെരുവില്‍ ആക്രി പെറുക്കിയും , സമ്പന്നര്‍ക്ക്വേണ്ടി കാശിനു ആളുകളെ കൊന്നും തെരുവ് നായ്ക്കള്‍ക്ക് അഭയം നല്‍കിയും ഒക്കെ അയാള്‍ ജീവിക്കുന്ന വിചിത്രമായ ജിവിതം . അതിന്‍റെ അവസാനം ചില തിരിച്ചറിവുകളിക്ക് എന്ന പോലെ നടന്നകലുന്ന ആ മനുഷ്യന്‍ . കഥ മുഴുവന്‍ പറഞ്ഞു രസച്ചരട് പൊട്ടിക്കാതെ ഇരിക്കുന്നതാകും നല്ലത് എന്ന് തോന്നിയത് കൊണ്ട് ഒരു ചെറിയ വിവരണം മാത്രമേ  ഇവിടെ എഴുതിയോള്ളൂ. 
           അമോറെസ് പെറോസ് മെക്സിക്കന്‍ PULP FICTION  എന്നാണ് സിനിമാ പ്രേമികള്‍ വിളിക്കുന്നത്‌ . ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സ്ഥിരം കാഴ്ചകളും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വലിയ അന്തരവും ഒക്കെ ഈ സിനിമയില്‍ മിഴിച്ചു നില്‍ക്കുന്നത് കാണാം . സമൂഹത്തിന്‍റെ കീഴ്‌ തട്ടിലുള്ളവരുടെയും , മദ്ധ്യ, ഉപരി വര്‍ഗങ്ങളുടെയും പ്രതീകാത്മക അവതരണമായിട്ടാണ് സിനിമാ നിരൂപകര്‍ അമോറെസ് പെറോസ് നെ കണ്ടത് . ഒപ്പം മനുഷ്യ ബന്ധങ്ങളുടെ തീവ്രതയുടെയും മനുഷ്യന്‍റെ അടങ്ങാത്ത അസക്തികളുടെയും ത്രിഷ്ണയുടെയും ഒക്കെ ബിംബവല്കരണവും ഇതില്‍ ഉണ്ട് . പട്ടിപോരും ,  തോക്ക് കൊണ്ടുള്ള കളികളും ലാറ്റിനമേരിക്കയുടെ മുഖമുദ്രയായ ക്രമസമാധാന ലഘനവും അരാജകത്വവും ഒക്കെ സിനിമയില്‍ പറയാതെ പറയുന്നു . 
        നായ്ക്കളോട് ഉള്ള സ്നേഹം എന്ന അര്‍ഥം വരുന്ന സ്പാനിഷ്‌ വാക്കാണ്‌ അമോറെസ് പെറോസ്. ഈ സിനിമയിലെ മൂന്നു കഥകളിലും നായ്ക്കള്‍ പ്രധാന കഥാപാത്രമായി മാറുന്നു. OCTAVIO യുടെ cofi എന്ന നായയെ പോര് പഠിപ്പിച്ചു അവസാനം CHIVO യുടെ പട്ടിക്കൂട്ടത്തെ മുഴുവന്‍ പോരുകൂടി കടിച്ചു കൊല്ലുന്നത് നമ്മെ കാണിച്ചുതന്നുകൊണ്ട് സംവിധയകന്‍ ഓര്‍മ്മിപ്പിക്കുന്നത് മനുഷ്യന്‍റെ സ്വഭാവം തന്നെയാണ് . ലോക സിനിമാ പ്രേമികള്‍ നല്ല സിനിമയുടെ ഗണത്തില്‍ കരുതിപോരുന്ന ഒരു ചിത്രമാണ്‌ അമോറെസ് പെറോസ്. അക്കാദമി അവാര്‍ഡ് നാമനിര്‍ദ്ദേശം മുതല്‍ കാന്‍ ചലച്ചിത്ര വേദിയില്‍ വരെ പ്രദര്‍ശിപ്പിച്ചു ഒരുപാടു പുരസ്കാരങ്ങളും കയ്യടിയും വാരിക്കൂട്ടിയ ഒരു സിനിമയാണ് ഇത് . 
          സബ്ടൈറ്റില്‍ വായിച്ചു സിനിമാകണ്ടാല്‍ ആരോച്ചകമാവാത്ത , ലോകത്തിലെ മികച്ച സിനിമകള്‍ തേടിപ്പിടിച്ചു കാണുന്ന നല്ല സിനിമയെ സ്നേഹിക്കുന്ന എന്‍റെ കൂട്ടുകാര്‍ക്കു ഈ സിനിമ നിര്‍ദേശിക്കുന്നു . വേറിട്ട സിനിമാ അനുഭവമായി വഴിപോക്കന് തോന്നിയ സിനിമയാണ് . 

Monday 17 February 2014

ഓം ശാന്തി ഓശാന

    
             മിഥുന്‍ മാനുവല്‍ എഴുതി ജൂഡ് ആന്റണി സംവിധാനം ചെയ്ത സിനിമ ഓം ശാന്തി ഓശാന കണ്ടു .  കണ്ടിട്ട് കുറച്ചു ദിവസം കഴിഞ്ഞു എങ്കിലും ഇപ്പോളാണ് ഒന്ന് എഴുതാന്‍ സമയം കിട്ടിയത് . മലയാളസിനിമയില്‍ ഒരുപാടു തവണ കണ്ടുമടുത്ത ഒരു ക്ലീഷെ  പ്രമേയത്തെ അവതരണം കൊണ്ട്  പുതുമ തോന്നിപ്പിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചു എന്നത് മാത്രമാണ് ഈ സിനിമയെ പറ്റി പറയാന്‍ തോന്നുന്ന നല്ല കാര്യം . ഒരു വിമര്‍ശനം എന്ന രീതിയില്ലാതെ തികച്ചും വ്യക്തിപരമായി എനിക്കനുഭവപ്പെട്ടപോലെ സിനിമയെ നോക്കിക്കാണാന്‍ ആണ് എല്ലായിപ്പോഴെയും പോലെ ഈ കുറിപ്പിലും ശ്രമിക്കുന്നത് .

പൂജ മാത്യു ( നസ്രിയ ) എന്ന പെണ്‍കുട്ടിയുടെ കൌമാര യവ്വന മനസ്സിലൂടെ , അവളുടെ  വികാര വിചാരങ്ങളിലൂടെ , സഹാസങ്ങളിലൂടെ പ്രണയത്തിലൂടെ ഒക്കെ സഞ്ചരിച്ചു പ്രണയസാഫല്യത്തിന്‍റെ സ്ഥിരം ക്ലൈമാക്സില്‍ അവസാനിക്കുന്ന  ഓം ശാന്തി ഓശാന മലയാളത്തിലെ സ്ഥിരം പ്രണയ സിനിമാ വഴികളിലൂടെതന്നെയാണ് സഞ്ചരിക്കുന്നത് .  ഒരുപാടു കേട്ടും കണ്ടും പറഞ്ഞും ഒക്കെ പഴകിയ കഥയും കഥാഗതിയും ഒക്കെ ആണെങ്കിലും അങ്ങേയറ്റം സൂക്ഷ്മായ രചനകൊണ്ടും അവതരണ ശൈലികൊണ്ടും സിനിമയെ ഒരു പുതുമയുള്ള മികച്ച അനുഭവമാക്കി മാറ്റാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട് അല്ലെങ്കില്‍ അതിനു ആത്മാര്‍ഥമായി തന്നെ ശ്രമിച്ചിട്ടുണ്ട് .  ചില പഴയ വീഞ്ഞുകള്‍ പുതിയ കുപ്പിയില്‍ നിറച്ചാലും മതി . നല്ല കമനീയമായ , ആകര്‍ഷണീയമായ പുത്തന്‍ സ്ഫടികകുപ്പികളില്‍ ലഭിക്കുമ്പോള്‍ പഴയതാണോ പുതിയതാണോ എന്നുപോലും ചിന്തിക്കാന്‍ ശ്രമിക്കില്ല .
സിനിമ കഥപറയുന്ന കാലഘട്ടവുമായി കഥയും കഥാപാത്രങ്ങളും എന്തിന് സംഭാഷണശൈലി , ജീവിതരീതി ഒക്കെ  ഇഴുകിചേരാതെ വേറിട്ട്‌ നില്‍ക്കുന്നതായി കാണപ്പെട്ടു . എത്രയും സാഹസികയാവാന്‍ തൊണ്ണൂറുകളുടെ അവസാനം  കേരളത്തിലെ ഗ്രാമങ്ങളില്‍ ഒരു പെണ്‍കുട്ടിക്ക് സാധിക്കുമായിരുന്നു എന്ന് പറഞ്ഞാല്‍ അവിശ്വസനീയം എന്നേ പറയാനുള്ളൂ . മരം കേറിയും മാവില്‍ എറിഞ്ഞും നടക്കാന്‍ മാത്രം ഉള്ള  സ്വാത്രന്ത്ര്യം വീട്ടില്‍ ഉണ്ടെങ്കില്‍ പോലും നമ്മുടെ നാട്ടുകാര്‍ സമ്മതിക്കുമായിരുന്നോ എന്നും കണ്ടറിയണം .  സര്‍വ്വസമ്മതനും നാട്ടുകാരുടെ കണ്ണിലുണ്ണിയും ഒക്കെയായ നായകനും അവനെക്കണ്ട്  മൂക്കുംകുത്തി വീഴുന്ന നായികയും ഒക്കെ എത്ര പുതുമയുടെ ആവരണംകൊണ്ട് മുഖം മിനുക്കിയാലും  കണ്ടുമടുത്ത സ്ഥിരം കാഴ്ച്ചകള്‍ തന്നെയാണ് അവശേഷിപ്പിക്കുക . വെറും കാഴ്ചകള്‍ക്കപുറം തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കൂടെ കൊണ്ടുപോകാന്‍ ഒരു മുഹൂര്‍ത്തമോ  രംഗമോ  ഒന്നും വഴിപോക്കന് മനസ്സില്‍ ബാക്കിയുണ്ടായിരുന്നുമില്ല .
അഭിനയത്തിന്‍റെ കാര്യമെടുത്താല്‍ നസ്രിയയെ വെറുതെ കയറൂരി വിട്ടിരിക്കുകയാണ് . ചിലപ്പോള്‍ അഭിനയിക്കും , ചിലപ്പോള്‍ തോന്നിയതുപോലെ കാണിക്കും ,  അതാണ് ഈ സിനിമയിലെ രീതി . അധികമൊന്നും ചെയ്യാന്‍ ഇല്ലായിരുന്നു എങ്കിലും നിവിന്‍ കഥാപാത്രത്തോട് നീതിപുലര്‍ത്തി . മറ്റഭിനേതാക്കള്‍ ആരും തന്നെ     മോശമാക്കിയിട്ടില്ല .  അഭിനയിച്ചു തകര്‍ക്കാന്‍ മാത്രം   വല്യ കഥാപാത്രങ്ങളെ  ഒന്നും രചയതാവ് സൃഷ്ടിച്ചു വച്ചിട്ടില്ല എന്നതുകൊണ്ട്‌ വലിയൊരു സൂക്ഷ നിരീക്ഷണം ഒന്നും ഇവിടെ നടത്തേണ്ട ആവശ്യവും ഇല്ല .
എടുത്തുപറയാന്‍ ചിലത്:-
1.  NARRATION രീതി അവലംബിക്കുമ്പോള്‍ സാധാര സംഭവിക്കാറുള്ളതുപോലെ  കഥപറയുന്ന  ആള് സീനുകളില്‍ ഇല്ലാതിരിക്കുന്ന അബദ്ധം ഈ ചിത്രത്തില്‍ തീരെ സംഭവിച്ചിട്ടില്ല .
2. മുന്നേ പറഞ്ഞതുപോലെ അവതരത്തിലെ പുതുമയും  ചടുലതയും .
3. അധികം ടി . വി. യില്‍ ഒന്നും പ്രത്യക്ഷപ്പെടാറില്ലാത്ത  മലയാളത്തിലെ സൂപ്പര്‍ ഹിറ്റ്‌ തിരക്കഥാകൃത്തു രണ്‍ജി പണിക്കരെ ഒരു മുഴുനീള കഥാപാത്രമായി കണ്ടത്തില്‍ സന്തോഷം തോന്നി .
4.. വ്യക്തമായി  കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതില്‍ വന്ന അപാകത . കുറഞ്ഞ പക്ഷം നായികാനായകന്മ്മാര്‍ എങ്കിലും  കുറച്ചുകൂടി  രചയിതാവിന്‍റെ   ശ്രദ്ധയും പരിചരണവും ഒക്കെ അര്‍ഹിച്ചിരുന്നു . ശില്‍പ്പിയുടെ ഉളിക്ക് നല്ല മൂര്‍ച്ചയും വേണ്ടത് വേണ്ടതുപോലെ കൊത്തിക്കളയാനുള്ള  വിവേചന ബുദ്ധിയും ഉണ്ടാകുമ്പോളെ നല്ല ശില്‍പ്പങ്ങള്‍ ഉണ്ടാകൂ.

പൊതുവേ മികച്ച അഭിപ്രായം നേടിയ സിനിമയെ ക്കുറിച്ച് ഭൂരിപക്ഷത്തില്‍ നിന്ന് വിഭിന്നമായ ഒരു അഭിപ്രായം പറയേണ്ടി വരുന്നു എന്നതുകൊണ്ടുതന്നെ ഇതു എഴുതേണ്ട എന്നാണ് ആദ്യം കരുതിയത്‌ . പക്ഷെ എഴുതുമ്പോള്‍ സ്വന്തം അഭിപ്രായം പറയാന്‍ ഞാന്‍ മടികാണിക്കാറില്ല , ആര്‍ക്കു എന്ത് തോന്നിയാലും .  യുവജനങ്ങളെ ഉന്നവച്ചു ചെയ്ത സിനിമ എന്നത് കൊണ്ട് തന്നെ പ്രണയവും അതിന്‍റെ അനുബന്ധകാഴ്ചകളും ഒക്കെ  നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്  . പക്ഷെ ഒരു  സിനിമയെന്ന നിലയില്‍ ഒരു ചെറു ആകര്‍ഷണം അല്ലാതെ ഉള്ളം നിറഞ്ഞൊരു ഇഷ്ടം  ഈ സിനിമയോട്  വഴിപോക്കന് തോന്നിയില്ല എന്നത് തന്നെയാണ് സത്യം .
                               -വഴിപോക്കന്‍