Saturday 6 February 2016

ആക്ഷന്‍ ഹീറോയിസവും പ്രതികാരവും

              
       അബ്രിഡ് ഷൈന്‍റെ നിവിന്‍ പോളി  ചിത്രം ആക്ഷന്‍ ഹീറോ ബിജു  , ദിലേഷ് പോത്തന്‍റെ  പ്രഥമ സംവിധാന സംരഭം മഹേഷിന്‍റെ പ്രതികാരം  എന്നീ രണ്ടു സിനിമകള്‍ കണ്ടതില്‍ ഉണ്ടായ സന്തോഷം , സങ്കടം , വെറുപ്പ്‌ , അസൂയ , ചൊറി , ചിരങ്ങ്  തുടങ്ങിയ ലഘു മനോവിഭ്രാന്തികള്‍ ആണ് ഈ കുറുപ്പിനാധാരം . സിനിമകള്‍ കാണുമ്പോള്‍ ഒരു സാധാരണ സിനിമാ ആസ്വാദകനായ എനിക്ക് എങ്ങനെ അനുഭവപെട്ടു എന്നതാണ് എഴുത്തിലൂടെ പറയാന്‍ ശ്രമിക്കാറ് . ആക്ഷന്‍ ഹീറോ ബിജുവിനും മഹേഷിന്‍റെ പ്രതികാരത്തിനും  പല കാരണം കൊണ്ടും ഒറ്റ  കുറിപ്പാണ് നല്ലത് എന്ന് വഴിപോക്കന് തോന്നി .
             ആക്ഷന്‍ ഹീറോ ബിജു ഒരു പതിഞ്ഞ താളത്തില്‍ ഒഴുകുന്ന പോലീസ്  കഥയാണ് .പതിഞ്ഞതെന്നോ ചതഞ്ഞതെന്നോ ഒക്കെ ഒക്കെ തോന്നാവുന്ന ഒരു താളം എന്നും വേണമെങ്കില്‍ പറയാം . പറന്നടിക്കുന്ന പോലീസ്‌ , തെറി വിളിക്കുന്ന പോലിസ് , അരമണിക്കൂര്‍ ഡയലോഗ് പറയുന്ന രണ്‍ജി പണിക്കരുടെ പോലിസ്  നിഗൂഡമായ ഭാവ ചലനങ്ങലുള്ള പപ്പേട്ടന്റെ പോലീസ് , കെ ജി ജോര്‍ജിന്‍റെ പോലീസ്  അങ്ങനെ ഒരുപാടു തരം പോലീസിനെ കണ്ടു പഴകിയ അല്ലെങ്കില്‍ മടുത്ത മലയാള സിനിമയില്‍ ബിജു പൗലോസ്‌ എന്ന പോലീസ് ഇന്‍സ്പെക്ടര്‍ തന്‍റെ മുന്‍തലമുറ പോലിസുകാരില്‍ നിന്ന് വ്യത്യസ്തനാകുന്നിടത്തോ  അതല്ല ആവര്‍ത്തന വിരസമായ  മുന്‍പ് പറഞ്ഞ ഏതെങ്കിലും ഒന്നിന്‍റെ  അനുകരണമാകുന്നു  എന്ന് വരുന്നിടത്തോ ആക്ഷന്‍ ഹീറോ ബിജു സമകാലിക സിനിമയില്‍ പ്രസക്തമല്ലാത്ത ഒരു കാഴ്ച  ആകും . അത് ഒഴിവാക്കാന്‍ തിരകഥ എഴുതിയവര്‍ എടുത്ത പരിശ്രമമാണ് ബിജുവിനെ അല്പമെങ്കിലും കാണാന്‍ കൊള്ളാവുന്ന സിനിമ ( തിയേറ്ററില്‍ നിന്ന് ഇടക്ക് ഇറങ്ങി പോരാന്‍ തോന്നിക്കാത്തത്  എന്ന് സാരം) ആക്കുന്നത് . സിനിമയുടെ realistic ട്രീറ്റ്‌  ഒരേസമയം സുഖമുള്ള അനുഭവവും അതോടൊപ്പം വല്ലാത്ത ഒരുതരം ദ്രിശ്യ ശ്രവ്യ വൈകൃതം അല്ലെങ്ങില്‍ അപഭ്രംശം സൃഷ്ടിക്കുക കൂടി ചെയുന്നു. പ്രത്യേകിച്ച് യാതൊരു വിധ കഥയും പറയാതെ ഒരു പോലീസ്കാരന്‍റെ നിത്യജീവിത സംഭവങ്ങളെ ആധാരമാക്കി വലിയ ബഹളങ്ങളോ സംഭവബഹുലമോ ട്വിസ്റ്റ്‌ നിറഞ്ഞതോ ആയ ക്ലൈമാക്സോ ഇല്ലാത്ത  ആക്ഷന്‍ ഹീറോ ബിജു മലയാളത്തില്‍ അധികം കണ്ടുപരിചയം ഉള്ള ഒരു സിനിമാ രീതി ആണെന്ന് തോന്നുന്നില്ല . നമ്മുടെ പ്രേക്ഷകര്‍ അതും തുടര്‍ച്ചയായി കൊണ്ടാടപെട്ട നിവിന്‍  ചിത്രങ്ങളുടെ  ഹാങ്ങ്‌ ഓവര്‍ ഇനിയും മാറിയിട്ടില്ലാത്ത യുവതലമുറ ഇതിനെ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയണം .
             ആക്ഷന്‍ ഹീറോ ബിജു എന്ന് ഈ സിനിമക്ക് പേരിടാന്‍ ഇതിന്‍റെ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ് എന്ന് വഴിപോക്കന്  മനസിലായില്ല . എന്തായാലും അതവിടെ നില്കട്ടെ . തിരകഥ ആവശ്യപെടുന്ന പോലെ അല്ലെങ്കില്‍ അവര്‍ ലക്‌ഷ്യം വച്ചതുപോലെ പരിപൂര്‍ണ്ണതയുള്ള കഥാപാത്രമായി ബിജു പൌലോസിനെ അവതരിപ്പിക്കാന്‍ നിവിന് കഴിഞ്ഞോ എന്ന് ചോദിച്ചാല്‍ പാസ്‌ മാര്‍ക്കില്‍ കൂടുതല്‍ ഒന്നും അതിനു കിട്ടില്ല .  കുസൃതിയും ഗൌരവവും ഒക്കെ കൂടി കുഴഞ്ഞു വരുന്ന ഒരു യുവ പോലീസിനെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത് എന്ന് പറഞ്ഞു തടിതപ്പാം; ഒരു പത്തു മാര്‍ക്ക് കൂടെ കിട്ടും .   ഒരു SI യുടെ day-to-day event സിലൂടെ സ്വാഭാവികമായി കഥ പറഞ്ഞു പോകുമ്പോള്‍  നര്‍മവും സാമൂഹിക പ്രതിബദ്ധതയും ഒക്കെ ഇടകലര്‍ന്നു പോകുന്ന സിനിമ ഇടക്കൊരു ലക്ഷയബോധമില്ലാതെ  ഒന്നിലും തൊടാതെ തട്ടി തടവി ഇഴഞ്ഞു നീങ്ങുന്നതുപോലെ ഒരു അനുഭവം ഉണ്ട് . 1983  നിന്ന് രണ്ടു വര്‍ഷമെടുത്ത് അബ്രിഡ് ബിജുവില്‍ എത്തിനില്കുമ്പോള്‍ രണ്ടാമത്തെ സിനിമ ചെയുന്ന സംവിധായകന്‍റെ കുറ്റങ്ങള്‍ പൊറുക്കപ്പെടും എങ്കിലും പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ച് തിയേറ്ററിലേക്ക് പറന്നിറങ്ങിയ ആരാധകരുടെ വിഷമം കണ്ടില്ല എന്ന് നടിക്കാന്‍ ആവുമെന്ന് തോന്നുന്നില്ല  . ആക്ഷന്‍ ഹീറോ ബിജു ഒരു മോശം സിനിമയാണെന്ന് പറഞ്ഞു വക്കുകയല്ല പക്ഷെ പ്രതീക്ഷിച്ചത് കിട്ടാത്തതിന്റെ ദേഷ്യം  കൂവി തീര്‍ക്കുന്ന ചിലര്‍ ഉണ്ടായിരുന്നു തിയേറ്ററില്‍; അവരെ കാശുകൊടുത്തു കൂവിക്കുന്നതാണ്  എന്ന് വേണമെങ്കില്‍ പറയാം .
             മലയാളത്തിലെ എന്നും ഓര്‍ത്തിരിക്കുന്ന പോലീസ് കഥാപാത്രങ്ങളുടെ നിരയുടെ ഏഴ് അയലത്ത് പോലും  ബിജു  വരില്ല . സുരേഷ് ഗോപിയും മമ്മൂട്ടിയും കയ്യടി വാങ്ങിയപോലെ പോലീസ് വേഷം ചെയ്തു ആരും തിളങ്ങിയിട്ടില്ല . ഒരു പോലീസ് കാരനെ അതാവശ്യപെടുന്ന ഒരു ഗൌരവത്തോടെ അവതരിപ്പിക്കുന്നതില്‍ നിവിന്‍ വിജയിച്ചില്ല എന്ന് വഴിപോക്കന്‍ പറയും . തിയേറ്ററില്‍ ആവേശത്തിരയടി ഉണ്ടാക്കെണ്ടിയിരുന്ന രണ്ടുമൂന്നു സന്ദര്‍ഭങ്ങളിലെങ്കിലും ഒന്നും സംഭവിച്ചില്ല . ആളുകള്‍ വെറുതെ നിസംഗതയോടെ സ്ക്രീനില്‍ നോക്കി യിരുന്നു . ചിലര്‍ പുച്ഛത്തോടെ മുഖം വക്രിച്ചു . ചില കറികള്‍ കൂട്ടുമ്പോള്‍ തോന്നുന്നപോലെയാണ് ഈ സിനിമ കണ്ടപ്പോള്‍ തോന്നിയത് . മോശമായി എന്ന് അങ്ങ് പറയാന്‍ തോന്നില്ല ;നാവില്‍ വച്ചാല്‍ എന്തൊക്കെയോ കുറവ് ഉണ്ടെന്നു അറിയാം . ഉപ്പാണോ മുളകാണോ മസാലയാണോ എന്ന് അങ്ങ് വ്യക്തമാകില്ല . ആക്ഷന്‍ കോമഡി എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കാം എങ്കിലും ആക്ഷന്‍ ഹീറോ ബിജു അത്ര സുഖമുള്ളഒരു സിനിമാ അനുഭവം ആകുമോ എന്ന് ചോദിച്ചാല്‍ സംശയമാണ് .
                ആക്ഷന്‍ ഹീറോ ബിജു  എന്ന സിനിമ അവശേഷിപ്പിച്ച ചിന്തകള്‍ അപഗ്രഥിക്കേണ്ടത്  ദിലേഷ് പോത്തന്‍റെ മഹേഷിന്‍റെ പ്രതികാരവുമായി ചേര്‍ത്തുവായിച്ചുകൊണ്ടാണ് .ഒരു ദിവസത്തെ ഇടവേളയില്‍ ഇറങ്ങിയ രണ്ടു സിനിമകളും തമ്മില്‍ ഒരല്പം താരതമ്യത്തിന് കൂടി സാധ്യത ഉള്ളതായി തോന്നി . ഇടുക്കിയുടെ തനിനാടന്‍ അന്തരീക്ഷത്തില്‍ ഒരു സാധാരണ കോമഡി സിനിമയാണ് മഹേഷിന്‍റെ പ്രതികാരം. ബിജുവിനെ പോലെതന്നെ തട്ടിയും തടഞ്ഞും ഒഴുകുന്ന ഒരു പ്രകൃതം തന്നെയാണ് മഹേഷിനും എങ്കിലുംശക്തമായ ഒരു ഗ്രാമ ജിവിതത്തിന്റെ  അടിയോഴുക്കുണ്ട് മഹേഷിനു . കൊച്ചിയിലെ  നഗര ജീവിതത്തിലെ ഒഴുക്കുകെട്ട ഊഷരത ബിജുവിന് പ്രതികൂലമായ അനുഭവം കൊടുക്കുന്നിടത് മഹേഷിനു  ഒരു ഒന്നൊന്നര ഭംഗിയാണ് . ഷൈജു വിന്‍റെ ക്യാമറ ഇടുക്കിയുടെ നിഷ്കളങ്കവും വന്യവുമായ ഗ്രാമഭംഗി മനോഹരമായി പകര്‍ത്തി . (  ഫോക്കസ് ഒരല്പം സോഫ്റ്റ്‌ ആയിരുന്നപോലെ തോന്നി . മറ്റാര്‍ക്കെങ്കിലും അങ്ങനെ തോന്നിയോ എന്നറിയില്ല , തിയേറ്റര്‍ന്‍റെ അവനാണ് സാധ്യത ) ആഷിക് അബുവിന്‍റെ സ്കൂളില്‍ നിന്ന് സിനിമ പഠിച്ച ദിലേഷ് ന്‍റെ ഫൈനല്‍ എക്സാം ആയിരുന്നു മഹേഷിന്‍റെ പ്രതികാരം. അതില്‍ പാസായി എങ്കിലും ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇനിയും മുന്നോട്ടു ഏറെ ദൂരമുണ്ട്.
                 ഫഹദ്  എന്ന നടന്‍റെ അന്യാദ്രിശ്യമായ അഭിനയസവിശേഷതയാണ് മഹേഷിന്‍റെ പ്രതികാരത്തിന്റെ പ്രധാന ആകര്‍ഷണം .തുടര്‍ച്ചയായ പരച്ചയങ്ങള്‍ക്ക്ശേഷം ഫഹദ് തിരിച്ചുവരുന്നതിന്റെ ഒരു സൂചനകൂടിയുണ്ട് ഈ സിനിമയില്‍ . ഇടുക്കിയിലെ ഒരുസാധാരണ നാട്ടിന്‍പുറത്ത് കാരന്‍ ഫോട്ടോഗ്രാഫര്‍ , അയാളുടെ പ്രണയംഅല്ലറചില്ലറ പ്രശ്നങ്ങള്‍ അങ്ങനെ വളരെ  realistic ആയിതന്നെയാണ് മഹേഷും പ്രേക്ഷകരോട് സംവദിക്കുന്നത് . പക്ഷെ ഒരു താരതമ്യനിരീക്ഷണം നടത്തുമ്പോള്‍ ശ്യാംപുഷ്ക്കരന്‍റെ തിരക്കഥക്ക് കുറച്ചുകൂടി ആത്മാവ്ഉള്ളതായി തോന്നും .തന്‍റെസ്വസിദ്ദമായ അഭിനയരീതികൊണ്ട് ഫഹദ് ആളുകളെ കയ്യിലെടുക്കും .വളരെ തന്മയത്വത്തോടെ ഫഹദ്മഹേഷാകുന്നത് നമുക്ക്കാണാം ;ഒപ്പം ഒരു ഗ്രാമീണഭംഗിയില്‍ നിറഞ്ഞുനില്‍ക്കുന്ന ദ്രിശ്യമികവും .എടുത്തുപറയേണ്ട
മറ്റൊരു ഘടകം  സൗബിന്‍ ആണ് .പ്രേക്ഷകരെ തന്‍റെ  സ്വാഭാവിക  ശൈലികൊണ്ട് ചിരിപ്പിക്കാന്‍ അയാള്‍ക്കായി . ഒരു മരണവീട്ടില്‍ നിന്നും തുടങ്ങുന്ന ഒരു  തര്‍ക്കത്തിന്‍റെ ചുവടുപിടിച്ചു വികസിക്കുന്ന  ഒരു കഥാരീതി പിന്നീടു അതിന്‍റെ തുടര്‍ച്ചയായ കുറെസംഭാവവികസങ്ങളിലൂടെ സഞ്ചരിച്ചു പ്രേക്ഷകനെ  കളിയാക്കാതെ നന്നായി പറഞ്ഞവസാനിപ്പിക്കുന്നു . ഒരു അതിഭീകര ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ലേക്ക്  കൊണ്ടുപോകുന്ന രീതിയില്‍ അല്ലാതെ ഉള്ളകഥ വളരെ ലീനിഎര്‍ ആയി പറഞ്ഞുപോകുന്ന ആഖ്യാനസുഖം ബിജുവിലും മഹേഷിലും കാണാം . ഏതാണ്ട് ഒരേ രീതിയില്‍  തന്നെ വലിയ ബഹളങ്ങള്‍ ഇല്ലാതെ  മെലോഡ്രാമയും കെട്ടുകാഴ്ചകളും ഇല്ലാതെ റിയാലിറ്റിയോട് ഏറ്റവും ചേര്‍ന്ന് നിന്ന് കഥ പറയാന്‍ ഉള്ള  ശ്രമത്തിനു  അബ്രിഡും ദിലേഷും നിറഞ്ഞ കയ്യടി അര്‍ഹിക്കുന്നു .
                 കൊച്ചി നഗരത്തിന്‍റെ ഒരു പശ്ചാത്തലം  ഒരു പോലീസ് കഥ പറയാന്‍ ചില്ലറയൊന്നും  അല്ല തിരകഥാകൃത്ത്കൂടിയായ സംവിധായകനെ സഹായിക്കുന്നത് ആക്ഷന്‍ ഹീറോ ബിജുവില്‍ .കഥ വികസിപ്പിക്കാന്‍ വേണ്ട  ഒരു ക്രിമിനല്‍ പേരുദോഷം  കൊച്ചിക്ക്‌  ഉള്ളതുകൊണ്ട്  ഒരു കൃത്രിമത്വം ഇല്ലാതെ കഥപറയാന്‍ ഇത് സഹായിക്കും . എന്നാല്‍ അതിന്‍റെ മറുവശം എന്നപോലെ ക്ലോസ് അയ ഫ്രെയിമുകളും  ഒരു നഗരത്തിന്‍റെ കളര്‍ ടോണും എല്ലാം കൊണ്ട് ഒരു ദ്രിശ്യ ദാരിദ്ര്യം അല്ലെങ്കില്‍ ഏകതാനത ഒക്കെ കണ്ണിനെ മുഷിപ്പിക്കുന്നും ഉണ്ട് . ഇടുക്കി പോലെ വിശാലമായ ഫ്രെയിം; ഷൈജുവിനെപോലെ ഒരു ക്യാമറമാന്‍ - ഇതില്‍ കൂടുതലെന്തെങ്കിലും ദിലേഷ് ആഗ്രഹിച്ചാല്‍ അഹങ്കാരമായിപോവും .  അത്ര മനോഹരമായ ഒരു  വിഷ്വല്‍ ട്രീട്മെന്റ്റ് ആണ് മഹേഷിനുള്ളത് . തോട്ടിലും കുളത്തിലും ഉള്ള കുളിയും കല്ലേല്‍ ഹവായി ചെരിപ്പും കാലും തേച്ചു മിനുക്കലും ഒക്കെ  വഴിപോക്കന്റെയും നൊസ്റ്റാള്‍ജിയ ആണ് . ഒഴുക്കി വന്നു കിട്ടുന്ന കൊടമ്പുളിയും ജാതിക്കയും ഒക്കെ ബോണസും. ഇടുക്കിയുടെ നാടന്‍ ഫ്രെയിമുകളില്‍  തന്‍റെ സമകാലികര്‍ക്കു ആര്‍കും സാധികാത്തത്ര അനായാസതയോടെ മഹേഷിനെ ജീവനുള്ളതാക്കി തീര്‍ക്കാന്‍ ഫഹദിനായി.
                    സിനിമയുടെ ഫോര്‍മുല ചേരുവകള്‍ കലര്‍ത്തി രുചികളയാതെ നല്ല ചെറുതീയില്‍ നന്നായി പാകം ചെയ്ത ഒരു സുഖം രണ്ടു സിനിമക്കും ഉണ്ട് . പക്ഷെ ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സജീവ പ്രേക്ഷകനെ എങ്ങനെ തൃപ്തിപെടുതും എന്നത് സംശയമാണ് . നിവിന്‍ പോളിയുടെ ഇപ്പോളത്തെ ജനസമ്മതിയെ വേണ്ടപോലെ ഉപയോഗിക്കാനുള്ള ഒരു  ചടുലത ഒരിടത്തും ഇല്ലാത്ത ഒരു സിനിമയായാണ് ബഹുഭൂരിപക്ഷത്തിനും ഇത് അനുഭവപ്പെടുക എന്ന് തോന്നുന്നു . അവിടെയാണ് നിരന്തരമായ പരാജയങ്ങളിലൂടെ കടന്നുപോകുന്ന ഒരു നടനെ വളരെ നന്നായി ഉപയോഗപ്പെടുത്തി ഒരു സിനിമ വിജയപടവുകള്‍ കയറുന്ന സൂചന തരുന്നത് . പ്രതീക്ഷകളുടെ ഭാരവുമായി തിയേറ്ററുകളില്‍ മൂക്കുത്തി വീണുപോകാനുള്ള  ഒന്നാന്തരം സാധ്യതയാണ് ആക്ഷന്‍ ഹീറോ ബിജു. എന്നാല്‍ ഫഹദ് എന്ന നടന്‍റെ തിരിച്ചുവരവിന്‍റെ ലക്ഷണങ്ങളാണ് മഹേഷിന്റെ പ്രതികാരം .
             ഒരു നടന്‍ എന്ന നിലയില്‍ നിവിന്‍ പോളി ഇനിയും കുറേകൂടി ഹോം വര്‍ക്കും ഇമ്പോസിഷനും ഒക്കെ ചെയേണ്ടിവരും എന്ന്  സുവ്യക്തമായി വായിച്ചെടുക്കാന്‍ ആക്ഷന്‍ ഹീറോ ബിജുവില്‍ നിന്ന് സാധിക്കും . ഒരുപാടു ചിന്തകള്‍ക്കോ ബുദ്ധിജീവി ചര്‍ച്ചകള്‍ക്കോ ഒന്നും തിരികൊളുത്താനുള്ള ചൂട് രണ്ടു സിനിമകള്‍ക്കും ഇല്ല . നിര്‍ദോഷമായ പ്രമേയങ്ങളിലൂടെ, വല്യ ചാരിത്ര്യ പ്രസംഗങ്ങളോ വിവാദങ്ങളോ ഒന്നും തൊടുത്തു വിട്ടു പ്രേക്ഷകനെ ബുദ്ധിമുട്ടിക്കാതെ കള്ളും പുകയും മാംസപ്രദര്‍ശനവും നടത്താതെ  എടുത്ത രണ്ടു സിനിമകളും പ്രശംസ അര്‍ഹിക്കുന്നു.
(വഴിപോക്കന്‍)