Sunday 24 November 2013

വിശുദ്ധന്‍

         
             വൈശാഖ് എഴുതി സംവിധാനം ചെയ്ത പുതിയ സിനിമ "വിശുദ്ധന്‍" കണ്ടു . ചിത്രം എന്നില്‍ അവശേഷിപ്പിച്ച ചിന്തകള്‍ പങ്കുവയ്കുകയാണ് ഈ കുറിപ്പിലൂടെ , ഒപ്പം സിനിമയുടെ ഗുണദോഷങ്ങള്‍ തികച്ചും വ്യക്തിപരമായ ഒരു വീക്ഷണത്തിലൂടെ അവലോകനം ചെയ്യാനുള്ള ഒരു ചെറിയ ശ്രമവും .

         വൈശാഖിന്‍റെ  മുന്‍സിനിമകളില്‍ നിന്ന് വിഭിന്നമായി കുറേക്കൂടി സാമൂഹിക - സമകാലിക പ്രസക്തിയുള്ള ഒരു സിനിമയാണ് വിശുദ്ധന്‍ .  മലയോര പ്രദേശത്ത് പുതുതായി വരുന്ന ഒരു വൈദികന്‍ സണ്ണി (കുഞ്ചാക്കോ ബോബന്‍ ) , അവിടുത്തെ ഒരു കന്യാസ്ത്രി  സോഫി ( മിയ ) എന്നിവരാണ്‌ ഇതിലെ കേന്ദ്രകഥാപാത്രങ്ങള്‍ . വിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന ചില കൊടും ക്രൂരതകള്‍  നേരിട്ട് കാണുന്ന സിസ്റ്റര്‍ സോഫി ,  നാട്ടിലെ പ്രമാണിയും കച്ചവടക്കാരനുമായ വാവച്ചന്റെയും( ഹരീഷ് പെരടി )  മകന്റെയും   ( കൃഷണകുമാര്‍ ) പകയ്ക്ക് പാത്രീഭൂതയാവുകയും  വൈദികനുമായി രഹസ്യബന്ധം ആരോപിച്ചു സഭയില്‍നിന്നു പുറത്താക്കപ്പെടുകയും ചെയ്യുന്നു . അതിനോട് യോജിക്കാന്‍ സാധിക്കാതെ  തിരുവസ്ത്രം  ഊരി സണ്ണി അവള്‍ക്കു തുണയാകുന്നു . ദൈവ വഴി വെടിഞ്ഞു വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കുന്ന ഒരു വൈദികനെയും കന്യാസ്ത്രീയെയും കാത്തിരിക്കുന്ന സമൂഹത്തിന്‍റെ തിരസ്കാരവും ഒറ്റപെടുത്തലും ചില പകപോക്കലുകളും  തന്നെ അവരെയും കാത്തിരിക്കുന്നു . കൂട്ടത്തില്‍ സമൂഹത്തിലെ നീച്ചഹസ്തങ്ങള്‍ നീരൂറ്റി കുടിച്ചു മരണത്തിലേക്ക് തള്ളിവിടുന്ന ,  മതര്‍ തെരേസയാവാന്‍ സ്വപ്നം കണ്ട ഒരു പെണ്‍കുട്ടിയുടെ (ശാലിന്‍) അകാലത്തില്‍ പൊലിഞ്ഞുപോയ സ്വപനങ്ങളുടെ നൊമ്പരകഥയും  ...  ഇതൊക്കെയാണ്  വിശുദ്ധന്റെ ഒരു ഏകദേശ കഥാസാരം .

കുറച്ചു ഇഷ്ടങ്ങള്‍ :-

1. സിനിമ മുന്നോട്ടു വച്ച പ്രമേയം .

2. പൊട്ടി കരഞ്ഞുകൊണ്ട്  മകളുടെ കുഴിവെട്ടുന്ന ആ പിതാവ് . ആ രംഗങ്ങള്‍ വല്ലാതെ കണ്ണ്നനച്ചു .

3. രാത്രിയില്‍ ഒരു കാര്യം പറയാന്‍ കുഞ്ചാക്കോയുടെ വീട്ടിലേക്കു വരുന്ന നന്ദു . അടുത്ത സീനില്‍ ഓടുന്ന കുഞ്ചാക്കോയുടെ സംഭ്രമം കലര്‍ന്ന മുഖത്തേക്ക് ഒരു കട്ട്‌ . സിനിമക്ക് മാത്രം സാധിക്കുന്ന വിസ്മയം .

                    ഇതിനൊക്കെ പുറമേ മികച്ച ചായാഗ്രഹണവും എഡിറ്റിംങ്ങും സിനിമയുടെ മനോഹാരിത കൂട്ടാന്‍ വൈശാഖിന്റെ കൂടെത്തന്നെ നിന്ന് എന്നത് എടുത്തുപറയണം . മുന്‍ സിനിമകളില്‍ നിന്ന് വഴിമാറി കുറച്ചുകൂടെ പക്വതയുള്ള സിനിമകളിലേക്ക് ചുവടുമാറാനുള്ള സംവിധായകന്റെ ശ്രമം അഭിനന്ദനീയം തന്നെ. തന്‍റെ ഇമേജ് സ്വയം പൊളിച്ചുകൊണ്ട്‌ ടൈപ്പ്കാസറ്റ്‌ ചെയ്യപ്പെടുന്നതില്‍ നിന്ന് അദേഹത്തിന് ഒരു മോചനം ലഭികട്ടെ .  അഭിനയത്തിലും എടുത്തുപറയാന്‍ മാത്രം പാളിച്ചകള്‍ ഒന്നുംതന്നെ പ്രഥമദൃഷ്ട്യാ കണ്ടില്ല , ഭൂതക്കണ്ണാടിവച്ച് പരിശോധിച്ചതും ഇല്ല . ചാക്കോച്ചനും , ജിമിയും , ഹരീഷും മറ്റെല്ലാവരും അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട് .


                    സിനിമ ഉയര്‍ത്തുന്ന പ്രേമയം സമകാലിക പ്രസക്തവും അത്രമേല്‍ തീവ്രവും ആയിരുന്നിട്ടും വിശുദ്ധന്‍ ഒരു നല്ല സിനിമ അകാതിരുന്നത് , ക്ഷമിക്കണം നല്ലസിനിമയാണെന്ന് എനിക്ക് തോന്നാതിരുന്നത് എന്തുകൊണ്ടാണ് എന്ന് വളരെ ഗൌരവമായി തന്നെ ചിന്തിക്കണം എന്ന് തോന്നി . വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ എടുത്ത ഒരു സിനിമായി കാണപെട്ടു വിശുദ്ധന്‍ എന്ന് പറയാതെ വയ്യ . അതിന്‍റെ രചനയില്‍ വേണ്ടത്ര പുനര്‍ചിന്തയോ   തിരുത്തലുകളോ നടന്നിട്ടില്ലെന്ന് വ്യക്തം .  സിനിമാസാധ്യതയും ആശയം ഫലപ്രദമായി സംവേദിക്കാനുള്ള കഴിവും വച്ചുനോക്കിയാല്‍ അങ്ങേയറ്റം ദുര്‍ബലമായതും എന്നാല്‍ പ്രമേയം കൊണ്ട് അതിശക്തവും അയ ഒരു തിരകഥയില്‍ നിന്നാണ് വിശുദ്ധന്‍ ഉണ്ടായതു എന്ന് തോന്നി . മറ്റൊരര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ സിനിമയുടെ ആശയതിനുണ്ടായിരുന്ന തീവ്രത അതിന്‍റെ സിനിമാഭാഷ്യത്തിനില്ലാതെ പോയി   .

                    സമൂഹത്തില്‍ വിശ്വാസത്തിന്റെയും ആതുരസേവനത്തിന്റെയും മറവില്‍ നടക്കുന്ന മുതലെടുപ്പുകളും പകല്‍കൊള്ളകളും  ഒക്കെ സിനിമയില്‍ വന്നുപോകുന്നു . പക്ഷെ അവയിലേക്കു വച്ച ക്യാമറകണ്ണുകള്‍ ഒന്നും വിശദമാക്കാതെ ഒരുതരം വെറും കാഴ്ചകള്‍ മാത്രമായി അവശേഷിച്ചതുപോലെ തോന്നി . സമൂഹം പിച്ചിചീന്തി വലിച്ചെറിയുന്ന കുറച്ചു ജീവിതങ്ങളെ വരച്ചിടാന്‍ ഉള്ള ഒരു ശ്രമമല്ലാതെ അത്തരം ജീവിതാനുഭവങ്ങളുടെ തീക്ഷണതയോ നേര്‍കാഴ്ചയോ ഒന്നും സിനിമയില്‍ ഇല്ല , ഉണ്ടെങ്കില്‍ തന്നെ അവയൊക്കെ വ്യക്തതയില്ലാത്ത വിധം  ഓഫ്‌ ഫോക്കസ്ട്  ആയിരുന്നുതാനും. പിന്നെ ആശരണരായ പാവം പെണ്‍കുട്ടികളെ തിന്മയുടെ വഴിയിലേക്ക് ആകര്‍ഷിക്കുന്ന മഹാനഗരങ്ങളിലെ പ്രലോഭനങ്ങളുടെ ചിത്രം സിനിമയില്‍ കാണിച്ചതിനെക്കാള്‍ അതിഭീകരമാണ് എന്ന സത്യം വഴിപോക്കന് നേരിട്ട്  അനുഭവത്തില്‍ നിന്ന് അറിയാവുന്നതാണ് . പക്ഷെ അത്തരം സംവിധാനങ്ങള്‍ വെറും ഒരു ഹോട്ടല്‍ റെയിഡില്‍  പിടിക്കപ്പെടുന്നതിനെക്കാള്‍ ഒക്കെ സംരക്ഷണം നല്‍കുന്നുണ്ട് ആ പെണ്‍കുട്ടികള്‍ക്ക് . തിന്മയുടെ ആ സംരക്ഷണവലയം തന്നെയാണ് പണത്തോടൊപ്പം അവരെ ആ വഴിക്ക് നടക്കാന്‍ ആകര്‍ഷിക്കുന്ന പ്രധാന ഘടകവും . വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതോ കഥഗതിക്ക് വേണ്ടി വളച്ചൊടിച്ചതോ  എന്തോ . എന്തായാലും അവയ്ക്ക് സത്യത്തിന്‍റെ ചൂരും ചൂടും ഇല്ലായെന്ന് തോന്നി .

               സിനിമക്ക് ഇതില്‍ കൂടുതല്‍ സാധിക്കും എന്ന സത്യം സംവിധായകന്‍ അറിയാതെ പോയതോ അതോ അറിയില്ലെന്ന് നടിച്ചതോ എന്നറിയില്ല . പക്ഷെ സിനിമയ്ക്ക്  ഇതില്‍ കൂടുതല്‍ തീര്‍ച്ചയായും  സാധിക്കും . പ്രേക്ഷകമനസ്സിനെ പിടിച്ചുലയ്ക്കാനും   കഥാപാത്രങ്ങളുടെ വേദനഅവരുടേതായി അനുഭവിപ്പിക്കാനും സാധിക്കും . ഇതിന്‍റെ പത്തിലൊരംശം പോലും ശക്തിയില്ലാത്ത പ്രേമെയം കൊണ്ട് പലപ്പോഴും സാധിച്ചിട്ടുമുണ്ട് . അത് കഴിയാതെപോയത്  എഴുത്തുകാരന്‍ കൂടിയായ സംവിധായകന്‍റെ കുറവായിതന്നെ അടയാളപ്പെടുത്തപ്പെടും .

            മറിച്ചു ഒരുഅല്പം ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ സിനിമാകണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ ഒരുപാടുകാലം മായാതെ കിടക്കുമായിരുന്ന ഒരുരംഗം ഉണ്ടായേനെ . തിരുവസ്ത്രത്തില്‍ കാണുമ്പൊള്‍ സ്തുതി പറയാതിരുന്ന ആ കൊച്ചുബാലന്‍ ചോരപുരണ്ട കൈകളോടെ നില്‍കുമ്പോള്‍ നായകന് സ്തുതിപറയുകയും , അയാള്‍ അവനെ കെട്ടിപിടിച്ചു പൊട്ടി കരയുകയും ചെയുന്ന ആ അവസാന രംഗം . നിര്‍ഭാഗ്യവശാല്‍ എന്തോ കണ്ടമ്പരന്ന  ഒരുഭാവം മാത്രമേ വഴിപോക്കന് തിയേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കൂടെകൊണ്ടുപോകാന്‍ ഉണ്ടായിരുന്നുള്ളൂ.
                                                             (വഴിപോക്കന്‍ )

5 comments:

  1. നല്ല റിവ്യൂ .. പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞ പോലെ തോന്നുന്നു . സിനിമ ഞാൻ കണ്ടിട്ടില്ല . കണ്ടിട്ട് അഭിപ്രായം പറയാം . പിന്നെ ഇവിടെ പറഞ്ഞതിലെ ഒരു പ്രധാന പോയിന്റ് തന്നെയാണ് എനിക്കും ഇക്കാലത്തെ ചില സിനിമകൾ കാണുമ്പോൾ തോന്നാറുള്ളത് .

    .....സിനിമയുടെ ആശയതിനുണ്ടായിരുന്ന തീവ്രത അതിന്‍റെ സിനിമാഭാഷ്യത്തിനില്ലാതെ പോയി.....

    ഈ ഒരു പോയിന്റ് വളരെ ശരിയായ നിരീക്ഷണം ആണ് ചില സിനിമകളെ അടുത്തറിയുമ്പോൾ .. ഈ അടുത്ത കാലത്ത് കണ്ട ഗോഡ് ഫൊർ സേൽ അങ്ങിനെ ഒന്നാണ് .. കലാകാരന് സമൂഹവുമായി സംവദിക്കാനുള്ള അവസരവും സ്പേസും നൽകുന്ന സിനിമകൾ ഈയിടെയായി വരുന്നുണ്ട് ..പക്ഷെ ഇപ്പറഞ്ഞ പോലെ വേണ്ട പ്ലാനിംഗ് ഇല്ലാതെയാണോ വരുന്നത് എന്നൊരു സംശയം മാത്രം ബാക്കി

    ReplyDelete
  2. padam ippo kandirangiyathe ulloo.,
    enikkum thonniya kaaryangal...

    aashamsakal

    ReplyDelete
  3. ഇതിലെ ഒരു പാട്ട് കണ്ടാല്‍ കല്യാണം കഴിക്കാന്‍ തോന്നും എന്ന് പറഞ്ഞു കേട്ടു. ശരിയാണോ.. ?

    ReplyDelete
    Replies
    1. കല്യാണം കഴിക്കാന്‍ തോന്നാന്‍ ആ പാട്ട് കാണണം എന്നില്ലല്ലോ ... അല്ലാതെ തന്നെ തോന്നുന്നുണ്ട്
      :)

      Delete
  4. ഇതിലെ ഒരു പാട്ട് കണ്ടാല്‍ കല്യാണം കഴിക്കാന്‍ തോന്നും എന്ന് പറഞ്ഞു കേട്ടു. ശരിയാണോ.. ?

    ReplyDelete