Tuesday 5 November 2013

THE GHOST WRITER

                

                    പ്രശസ്ത സംവിധായകന്‍ റോമന്‍ പോളന്‍സ്കി യുടെ  സിനിമയാണ് THE GHOST WRITER (2010) . വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ കണ്ടുവരുന്ന കൂലിയെഴുത്തും( GHOST WRITING ) കഴിഞ്ഞ പതിറ്റാണ്ടിലെ അന്താരാഷ്ട്ര രാഷ്ട്രീയവും ഒക്കെയാണ് ഇതിലെ പ്രമേയം . സാധാരണ  എഴുത്ത് അധികം വഴങ്ങാത്തവരും സമയക്കുറവ് ഉള്ളവരും അയ പ്രശസ്തര്‍ക്ക് വേണ്ടി ആത്മകഥ യും മറ്റും ഒക്കെ എഴുതല്‍ ആണ് GHOST WRITER മ്മാരുടെ പണി . അങ്ങനെ മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിക്ക് വേണ്ടി ആത്മകഥ എഴുതാന്‍ വരുന്ന എഴുത്തുകാരന്‍ , അയാള്‍ കണ്ടെത്തുന്ന ചില അപ്രതീക്ഷിത സത്യങ്ങള്‍ ഇതൊക്കെയാണ് ഒരു സസ്പെന്‍സ് ത്രില്ലെര്‍ എന്ന് വിളിക്കാവുന്ന ഈ സിനിമയുടെ കഥ .

                      ഒരു കൂലിയെഴുതുക്കാരന്‍ (EWAN MCGREGOR) ബ്രിട്ടീഷ്‌ മുന്‍ പ്രധാനമന്ത്രിയുടെ ആത്മകഥ എഴുതാന്‍ ഉള്ള ജോലിയില്‍ എത്തി ചേരുന്നു.  അയാള്‍ക്ക് മുന്‍പ് അത് എഴുതിയിരുന്ന ആള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതാണ് . എട്ടു വര്‍ഷം ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ആദം ലാങ്ങ് (PIERCE BROSNAN ) , ന്‍റെ കഥ അങ്ങനെ എഴുതി തുടങ്ങുകയാണ് . പക്ഷെ അതിനിടയില്‍ മുന്‍ സഹപ്രവര്‍ത്തകന്‍ നല്‍കിയ ചില വെളിപ്പെടുത്തലുകള്‍ പ്രധാനമന്ത്രിയെ   കഴിഞ്ഞുപോയ യുദ്ധത്തിലെ കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നു . അങ്ങെനെ  പ്രധാനമന്ത്രി  അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യുടെ  അന്വേഷണവും വിചാരണയും നേരിടാനും മറ്റും മടങ്ങുന്നു . പ്രസാധകരുടെ സമ്മര്‍ദ്ദം കൊണ്ട് എഴുത്തുകാരന്‍ എഴുത്ത് തുടരുന്നു . തനിക്കു മുന്‍പ് അത് എഴുതിയിരുന്ന  മൈക്ക് ന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ചില രഹസ്യ രേഖകളിലൂടെ എഴുത്തുകാരന്‍ ചില സംശയങ്ങളില്‍ എത്തിപ്പെടുന്നു . അത് പിന്തുടര്‍ന്ന് പോകുന്ന അയാള്‍ എത്തിപെടുന്നത് തന്‍റെ ജീവന്‍ പോലും അപകടത്തിലാകുന്ന അവസ്ഥകളില്‍ ആണ് . തന്‍റെ മുന്‍ഗാമി കൊല്ലപെട്ടത്‌ എങ്ങനെയെന്നും അയാള്‍ തിരിച്ചറിയുന്നു . 

                 അമേരിക്കയുടെ CIA യും ബ്രിട്ടീഷ്‌ മുന്‍ പ്രധാനമന്ത്രിയും തമ്മിലുള്ള ലോകം അറിയാത്ത ബന്ധവും തീവ്രവാദത്തിനെതിരെ യുള്ള യുദ്ധത്തില്‍ രാജ് താല്പര്യം വെടിഞ്ഞു അമേരിക്കക്കൊപ്പം നിന്നതുമായ  നിഗമനങ്ങളില്‍ ആണ്  എഴുത്തുകാരന്‍ എത്തുന്നത്‌ . അത് അയാള്‍ പ്രധാനമന്ത്രിയോട് തുറന്നു ചോദിക്കുന്നുണ്ടെങ്കിലും അധികം വയ്കാതെ യുദ്ധത്തില്‍ മരിച്ച ജവാന്‍റെ പിതാവിന്‍റെ വെടിയേറ്റ്‌ അദ്ദേഹം മരിക്കുന്നു . പൂരിപ്പിക്കപ്പെടാത്ത സമസ്യയായി സത്യം അവശേഷിക്കുന്നു .  ഒടുവില്‍ പ്രധാനമന്ത്രിയുടെ അത്മകഥ പ്രകാശന വേളയില്‍ അയാള്‍ ആ സത്യം തിരിച്ചറിയുന്നു . തന്‍റെ മുന്‍ഗാമി ആയിരുന്ന എഴുത്തുകാരന്‍ ആ  മാനുസ്ക്രിപ്റ്റ് ഇല്‍ കോഡ് ചയ്തു വച്ചിരുന്ന ആ സത്യം അയാള്‍ വായിച്ചെടുക്കുന്നു. സത്യം തിരിച്ചറിയുന്ന അയാള്‍ക്ക് എന്ത് സംഭവിക്കും ?? എന്താണ് അയാള്‍ കണ്ടെത്തുന്ന , അതീവ ഗുരുതരമായ, ലോകത്തെ ഞെട്ടികാന്‍ കഴിയുന്ന  ആ രഹസ്യം ?

                  ഒട്ടും മടുപ്പില്ലാതെ ആദ്യം മുതല്‍ അവസാനം വരെ കാണാന്‍ കഴിയുന്ന ഒരു സിനിമയാണ് THE GHOST WRITER .  മുന്‍പ് എങ്ങും പറഞ്ഞുകേട്ടിട്ടില്ലാത്ത ഇതിന്‍റെ POLTLINE തന്നെ ഒരു ആകര്‍ഷണം ആണ് . സിനിമക്ക് ഒരു ടോട്ടല്‍ സസ്പെന്‍സ് മൂഡ്‌ നിലനിര്‍ത്താന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട് . റോമന്‍ പോളന്‍സ്കി യുടെ മുന്‍ ചിത്രങ്ങളായ ടെസ്സും പിയാനിസ്റ്റും ഒക്കെ നല്‍കുന്ന പ്രതീക്ഷകള്‍വച്ച് നോക്കിയാല്‍ ഒരല്‍പം പിന്നില്‍ നില്ക്കുന്നുണ്ടോ എന്നതും ഒരു ചോദ്യമാണ് എങ്കിലും അനുവാചകരെ രസിപ്പിക്കുക എന്ന സിനിമാദൌത്യം ഇവിടെ പൂര്‍ണ്ണമായ അര്‍ഥത്തില്‍ തന്നെ നിര്‍വഹിക്കപ്പെടുന്നുണ്ട് . സിനിമയുടെ ദ്രിശ്യഭാഷയും വളരെ മികച്ചത് തന്നെ എന്ന് എടുത്തു പറയണം . സിനിമയുടെ മൊത്തത്തില്‍ ഉള്ള ഒരു ദുരൂഹ സ്വഭാവത്തിനെ സാധൂകരിക്കുന്നതാണ് അതിന്‍റെ കളര്‍ ടോണ്‍ വരെ . 

                   EWAN MCGREGOR വളരെ അനായാസമായി പേരുപോലും ഇല്ലാത്ത ആ കൂലി എഴുത്തുക്കാരനായി മാറി . അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇത് എന്ന് നിസ്സംശയം പറയാം . പിന്നെ പഴയ ബോണ്ട്‌ നായകന്‍ PIERCE BROSNAN , അധികം രംഗങ്ങളില്‍ ഒന്നും ഇല്ലെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം തന്നെ സിനിമക്ക് ഒരു അഴക്‌ പകരുന്നുണ്ട് . ഒരു മുന്‍ പ്രധാനമന്ത്രിയുടെ  ഗാംഭീര്യവും ഭാവപകര്‍ച്ചയും വളരെ അനായാസമായി അദ്ദേഹത്തിന് സാധിച്ചു എന്നും പറയണം . പിന്നെ ഒറ്റ രംഗം കൊണ്ട്  ഒരുപാടു ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ELI WALLACH . പഴയ THE GOOD, THE BAD AND THE UGLY യിലെ TUCO  (the ugly ) മുതല്‍ അദ്ദേഹം അഭിനയിച്ച ഒരുപാടു സിനിമകള്‍ ഓര്‍മ്മ വരും ഗോസ്റ്റ് റൈറ്റര്‍ ഓരോ പ്രാവശ്യം കാണുമ്പോളും . 

                പേരും രൂപവും ഭാവവും ഒക്കെ  വേറെയാണെങ്കിലും കഴിഞ്ഞ പതിറ്റാണ്ടിന്റെ കലുഷിത ലോക രാഷ്ട്രീയത്തിന്റെയും  അമേരിക്കയുടെ ഒരുപാടു വിമര്‍ശിക്കപ്പെട്ട യുദ്ധ വെറിയുടെയും ഒക്കെ കഥ കൂടിആയിട്ടു വേണം THE GHOST WRITER വായിക്കപ്പെടെണ്ടതു എന്നതാണ് സത്യം . സെപ്റ്റംബര്‍ 11 അക്രമണാനന്തര സംഭവങ്ങള്‍ ,  തീവ്രവാദ വിരുദ്ധ യുദ്ധ പ്രഖ്യാപനം, ഇറാക്ക് അധിനിവേശം  , അമേരിക്കക്കെതിരെ ഉരിത്തിരിഞ്ഞു  വന്ന വിമര്‍ശനങ്ങള്‍ ഇവയോക്കെ ഒരല്‍പം ഗോപ്യമയിട്ടാണെങ്കിലും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു . മുന്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ടോണി ബ്ലയര്‍ഉം അമേരിക്കയും തമ്മിലുണ്ടായിരുന്ന ഒരു  പ്രത്യേക  താല്പര്യം കൂടി ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട് . . വളരെ ലീനിയര്‍ ആയി പറഞ്ഞു പോകുന്ന ഒരു രാഷ്ടീയ വിമര്‍ശനം , ഒരു അമേരിക്കന്‍ വിരുദ്ധ വികാരം ഒക്കെ ഇതില്‍ മിഴിച്ചുനില്ല്ക്കുന്നു . തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ പലതും ചെയ്യുന്ന CIA യുടെ  പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന ഒരു സിനിമ എന്നനിലയില്‍ കൂടിവേണം ഇതിന ക്കാണാന്‍.

              ലോക സിനിമാപ്രേക്ഷകരുടെ പ്രശംസ ഏറെ നേടുകയും ഒരുപാടു ചലച്ചിത്രമേളകളില്‍ നിന്ന് പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയുംചെയ്ത ഈ സിനിമ വഴിപോക്കന്റെ ഇഷ്ട സിനിമകളില്‍ ഒന്ന് തന്നെയാണ് . കാണാത്തവര്‍ക്ക് കാണാനും കണ്ടവര്‍ക്ക് വേണ്ടും കാണാനും ഈ കുറിപ്പ് ഉപകാരമാകണം എന്നാണ് എന്‍റെ ആഗ്രഹം 

                                            (വഴിപോക്കന്‍)

No comments:

Post a Comment