ജയസൂര്യ നിര്‍മിച്ചു രഞ്ജിത്ത് ശങ്കര്‍ സംവിധാനം
ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസ് കണ്ടു . നല്ല ഹാസ്യത്തില്‍ പൊതിഞ്ഞ സാമൂഹിക വിമര്‍ശനത്തിലൂടെ
വളരെ നേര്‍രേഖയില്‍ കഥപറയുന്ന ഒരു ലളിതമായ സിനിമയാണ് പുണ്യാളന്‍ അഗര്‍ബത്തീസ്
എന്ന് ഒറ്റവാക്കില്‍ പറയാം . ചോരണ ആരോപണങ്ങളിലും മലീമസമായ കെട്ടുകാഴ്ചകളിലും നട്ടംതിരിയുന്ന
സമകാലിക മലയാളസിനിമാ ഭൂമികയില്‍ ശുദ്ധനര്‍മ്മവും ലാളിത്യവും കൊണ്ട് വേറിട്ടൊരു
സിനിമയവാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ നല്ല
അഭിനന്ദനം അര്‍ഹിക്കുന്നു .
തൃശൂര്‍ ശ്രീയില്‍ ടിക്കറ്റ്‌കൌണ്ടറിലെ തിരക്ക് തന്നെ 'ഗഡികള്‍' സിനിമ ഏറ്റെടുത്തതിന്റെ ലക്ഷണമായിരുന്നു . സിനിമ തുടങ്ങി അതിന്‍റെ ടൈറ്റില്‍ ഗാനവും രംഗങ്ങളും തൃശൂരിന്റെ മനസ്സിളക്കി . അവരുടെ ആവേശം കണ്ടപ്പോള്‍ സിനിമ കാണേണ്ടിരുന്നത് ഈ നഗരത്തില്‍ത്തന്നെ ആയിരുന്നു എന്ന് തോന്നി . ആനപ്പിണ്ടത്തില്‍ നിന്ന് ഉണ്ടാക്കിയതാണെങ്കിലും പുണ്യാളന്‍ അഗര്‍ബത്തിക്ക് മറയൂര്‍ കാട്ടിലെ നല്ല ചന്ദനത്തിന്റെ പരിമളം തോന്നി - നിര്‍ദ്ദോഷമായ ചിരിയുടെയും ലാളിത്യത്തിന്റെയും പരിമളം . പ്രായോഗിക ജീവിതത്തെ ഇത്ര അനായാസമായി നര്‍മത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാന്‍ തൃശൂര്‍ക്കാര്‍ക്കെ സാധിക്കു എന്ന് അന്നാടിനെ അടുത്തറിഞ്ഞിട്ടുള്ള, അവരില്‍ ഒരാളായി കുറേക്കാലം ജീവിച്ചിട്ടുള്ള വഴിപോക്കന് നന്നായി അറിയാം . "മ്മടെ ഗഡിയോള്" ഒരു സങ്കടം പറഞ്ഞാല്‍ പോലും അതില്‍ ഒരു നര്‍മ്മം ഉണ്ടാകും . ആനയും പൂരവും പുലികളിയുമെല്ലാം ജീവശ്വാസം പോലെ അവരുടെ ജീവിതങ്ങളില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ സാധിക്കാത്തവിധം ലയിച്ചു ചേര്‍ന്നിട്ടുള്ളവയാണ് . അത്തരം നര്‍മ്മത്തിന്റെ ലാളിത്യത്തില്‍ നിറഞ്ഞു നിന്നുകൊണ്ടുള്ള സംവേദനം തന്നെയാണ് പുണ്യാളന്റെ ഏറ്റവും വല്യ ആകര്‍ഷണീയത .
ജീവിതത്തില്‍ ഒരുപാടു വല്യ സ്വപ്നങ്ങളുള്ള ഒരു ബിസനസ്സുകാരനാണ് ജോയ് താക്കോല്‍ക്കാരന്‍ (ജയസൂര്യ) .പലതും പരാജയപെട്ടു ഒടുവില്‍ അയാളെത്തിചേര്‍ന്ന പുതിയ ആശയമാണ് അനപിണ്ടത്തില്‍ നിന്ന് അഗര്‍ബത്തി ഉണ്ടാക്കുന്ന പുതിയ ബിസിനസ് . അയാളുടെ സഹചാരിയും സഹായിയും ഒക്കെയാണ് ഗ്രീനു ശര്‍മ (അജു) . തന്‍റെ ഫാക്ടറിയുടെ vital raw material അയ അനപിണ്ടത്തിന്‍റെ ലഭ്യതക്കുറവ് അയാള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശനമാണ് . ദേവസ്വത്തില്‍ നിന്ന് അനപിണ്ടം ശേഖരിക്കാന്‍ അനുമതിയുണ്ടായിട്ടും മാറിവരുന്ന ഭരണക്കാരുടെ പിടിവാശിയില്‍ പിണ്ടകേസ് കോടതിയില്‍ എത്തിനില്‍ക്കുന്നു . തന്‍റെ സ്വപ്നങ്ങളിലേക്ക് ജോയി തോക്കൊല്‍ക്കാരന്‍ നടത്തുന്ന യാത്രയും അതിനു തടസം നില്‍ക്കുന്ന കേരളത്തിലെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയും, അവതമ്മിലുള്ള സംഘര്‍ഷവും ആണ് സിനിമയില്‍ പിന്നീടു നാം കാണുക . ഒരു social satire ന്‍റെ രുചി ആണ് പ്രേക്ഷകന് അനുഭവപ്പെടുക എന്ന് തോന്നുന്നു .
തന്‍റെ മുന്‍സിനിമകളിലൂടെ മലയാള നവതരംഗ സിനിമയില്‍ തന്‍റെ സാന്നിധ്യം നല്ല മിഴിവോടെ അടയാളപ്പെടുത്തിയ സംവിധായകന്‍ ആണ് രഞ്ജിത്ത് ശങ്കര്‍ . ആ പ്രതീക്ഷയ്ക്ക് വല്യ കോട്ടം തട്ടാതെ പുണ്യാളന്‍ അഗര്‍ബത്തിസും തരക്കേടില്ലാതെ പ്രേക്ഷകരെ രസിപ്പിക്കുക തന്നെചെയ്യുന്നു എന്ന് പറയാതെ വയ്യ . സുജിത്ത് വാസുദേവിന്റെ ക്യാമറ തൃശൂരിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്‍റെ നിറക്കാഴ്ചകള്‍ നന്നായി പകര്‍ത്തി . വളരെ അനായാസമായി തന്നെ ജയസൂര്യ ജോയി തക്കൊല്‍ക്കാരനായി ഭാവപകര്‍ച്ച നടത്തി . എടുത്തു പറയേണ്ട പ്രകടനം നടത്തിയത് ശ്രീജിത്ത് രവി ആയിരുന്നു . മുന്‍കാല സിനിമകള്‍ നല്‍കിയ 'കൊട്ടേഷന്‍ ഗുണ്ട' ഇമേജ് പൊളിച്ചുകൊണ്ട് ശ്രീജിത്ത് തന്നിലെ നടന്‍റെ സാന്നിധ്യം സിനിമയില്‍ ഭംഗിയായി അടയാളപ്പെടുത്തി . അത്രപെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ലാത്ത കഥാപാത്രം ആണ് അദ്ദേഹത്തിന്‍റെ അഭയകുമാര്‍ എന്ന ഡ്രൈവര്‍ . സിനിമയില്‍ വന്നുപോകുന്ന മറ്റു നടീനടന്മ്മാര്‍ ( ഇന്നസെന്റ് , സുനില്‍ സുഗത , മാള , രചന , ജയരാജ് വാര്യര്‍ , ടി.ജി. രവി , ഇടവേള ബാബു , അജു , ) എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട് . നായികാ നൈല ഉഷയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു എങ്കിലും മോശമായില്ല .
ഒരു വിമര്‍ശകന്റെ ഭൂതകണ്ണാടി കൊണ്ട് സസൂക്ഷമം നിരീക്ഷിച്ചു തലനാരിഴ കീറി പരിശോധിച്ച് ചാനലില്‍ പ്രസംഗിക്കുന്ന ബുദ്ധിജീവി നിരൂപകര്‍ക്ക് ആഘോഷിക്കാന്‍ കുറെയേറെ യുക്തിരാഹിത്യങ്ങളും വിയോജിപ്പുകളും ഒക്കെ കാണും . പക്ഷെ സിനിമ നല്‍കുന്ന ആനന്ദവും രസവും ഒക്കെ ചിന്തിച്ചാല്‍ അവയിലെക്കൊന്നും പോകേണ്ടതില്ല എന്നുതന്നെയാണ് വഴിപോക്കന്റെ അഭിപ്രായം . എല്ലാ സിനിമയും ഒരേ കോല്കൊണ്ടല്ലല്ലോ അളക്കേണ്ടത് . അതുപോലെ ഓരോ സിനിമയും ഓരോവിധത്തില്‍ തന്നെയാണ് ആസ്വദിക്കേണ്ടതും . കുറ്റങ്ങള്‍ ഇല്ല എന്നല്ല അവയൊന്നും പൊലിപ്പിച്ചു പറഞ്ഞു താറടിച്ചു കളയാന്‍ മാത്രം മോശമല്ല ഈ സിനിമ എന്നതാണ് എന്‍റെ അഭിപ്രായം . ഊഹിച്ചെടുക്കാന്‍ സാധിക്കുന്ന കഥാഗതിയും ചില രംഗങ്ങളിലെ നാടകീയതയും ഒരല്‍പം വിരസമാകുന്നു എങ്കിലും അതിനെയെല്ലാം സംഭാഷണത്തിലെ നര്‍മ്മം കൊണ്ട് അതിജീവിക്കുന്നും ഉണ്ട് സിനിമ . മലയാള സിനിമയുടെ നര്‍മ്മത്തിന്‍റെ ക്വാളിറ്റി അങ്ങേയറ്റം മോശമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നല്ല ശുദ്ധിയും വെടിപ്പുമുള്ള ചിരി കുറെയെങ്കിലും സംഭാവന ചെയ്യാന്‍ ചിത്രത്തിനായി എന്നത് ചെറിയ കാര്യമൊന്നുമില്ല. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ സിനിമ ഒരുപാടു വര്‍ഷം പുറകോട്ടു ഒരു സഞ്ചാരം തന്നെ നടത്തുന്നു . സിനിമയെ NEW GENERATION എന്ന് വിളിക്കുമ്പോളും ഈ പ്രതിലോമത അതിനെ പഴയ തലമുറക്കാര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും കൂടി ആസ്വാദ്യകരമാക്കുന്നു . നവതരംഗത്തിനും അതിന്‍റെ ആസ്വാദകര്‍ക്കും ഉപാസകര്‍ക്കും ചിരി എന്നാല്‍ പച്ചതെറിയും അശ്ലീലവും ദ്വയാര്‍ഥപ്രയോഗങ്ങളും ഒക്കെ ആണല്ലോ . സിനിമയുടെ മേല്‍സൂചിപ്പിച്ച ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് അതിന്‍റെ മേന്മ ...
എങ്കിലും സിനിമ പറയുന്ന രാഷ്രീയം വ്യക്തമായ ദിശാബോധമില്ലാത്ത ഒന്നായാണ് അനുഭവപ്പെട്ടത് . സിനിമയുടെ പ്രമേയം ഒരു രാഷ്ട്രീയ വീക്ഷണത്തില്‍ കൂടെ കടന്നുപോകുന്നു എന്നതുകൊണ്ട് തന്നെ അതിന്‍റെ അവ്യക്തത ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ് . "പുതിയ തലമുറയുടെ രാഷ്ട്രീയം എനിക്ക് മനസിലാകില്ല എന്ന് ടി .ജി . രവിയുടെ കഥാപാത്രം പറയുമ്പോള്‍ അതുതന്നെയാണ് പ്രേക്ഷകനും അനുഭവപ്പെടുക എന്നാണ് വഴിപോക്കനു തോന്നിയത് . രാഷ്ട്രീയ പോക്കിരിത്തരങ്ങള്‍ക്ക് ഒപ്പം സഞ്ചരിച്ച രണ്ടാം പകുതിയിലെ സിനിമ ഒരല്‍പം വ്യക്തത കുറഞ്ഞതായി അനുഭവപെടുന്നു എങ്കില്‍ അതിന്‍റെ കാരണവും വേറൊന്നായി കരുതേണ്ടതില്ല എന്ന് തോന്നുന്നു . എങ്കിലും മധ്യവര്‍ഗ്ഗ - ഉപരി മധ്യവര്‍ഗ്ഗ സമൂഹത്തിന്‍റെ പ്രതിനിധീകരിക്കുക കൂടി ചെയ്യാന്‍ സിനിമയിലെ നായകന് സാധിക്കുമ്പോള്‍ വെറും ചിരിക്കപ്പുറം ചില ചിന്തകള്‍ കൂടി സിനിമ മുന്നോട്ടു വയ്ക്കുന്നുമുണ്ട് .
സിനിമയെന്നാല്‍ അടി , ഇടി , വെടി , തെറി മേനി പ്രദര്‍ശനം എന്നിവയല്ലെന്നും അതിലെ ചിരി യെന്നാല്‍ അറപ്പിക്കുന്ന അശ്ലീല - ദ്വയാര്‍ഥ പ്രയോഗങ്ങള്‍ അല്ല എന്നും ഇനിയും മനസിലാവാത്ത നവതരംഗ ബുദ്ധിജീവികള്‍ക്കും അവരുടെ ഉപാസകര്‍ക്കും കുറഞ്ഞപക്ഷം ഒരു ഞെട്ടല്‍ എങ്കിലും ആവാന്‍ പുണ്യാളന്റെ നല്ല ഗന്ധമുള്ള പുകയ്ക്ക് സാധിക്കും എന്ന് തോന്നുന്നു . കൂട്ടുകാരുടെ കൂടെയും , അച്ഛന്റെയും അമ്മയുടെയും പെങ്ങളുടെയും ഭാര്യ യുടെയും കുട്ടികളുടെയും അങ്ങനെ ആരുടെ കൂടെയും ധൈര്യമായി പോയി കാണാവുന്ന സിനിമയാണ് പുണ്യാളന്‍ അഗര്‍ബത്തീസ് .
വാല്‍ കഷ്ണം :- തേക്കിന്‍കാട് മൈതാനത് സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ആ വഴിക്ക് പോകുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മരുമകന്‍ പയ്യന്‍ ഷൂട്ടിംഗ് കാണണം എന്ന് പറഞ്ഞതുകൊണ്ട് കുറച്ചു സമയം അന്നവിടെ ചിലവിടുകയും ചെയ്തു . സംവിധയാകന്റെയും ജയസൂര്യയുടെയും മുഖത്ത് കണ്ട ആ ആത്മവിശ്വാസത്തിന്‍റെ തിളക്കം സിനിമയിലും നല്ലോണം പ്രതിഫലിച്ചിട്ടുണ്ട് .
അപ്പൊ പോയി കാണണം.. :)
ReplyDeleteതീര്‍ച്ചയായും കണ്ടു നോക്ക് ..... മനോജ്
Delete