Friday 15 November 2013

"തിര"യടിക്കുമ്പോള്‍

 

                 "തിര" , വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചലച്ചിത്രമാണ് .  പ്രേക്ഷകരെ ഒരുനിമിഷം പോലും വിരസത അനുഭവിപ്പിക്കാത്ത നല്ല ഒരു ത്രില്ലെര്‍ സിനിമാ അനുഭവം ആണ് തിര .  പ്രത്യേകിച്ച് കുറ്റങ്ങളൊന്നും പറയാനില്ലാത്ത തിരക്കഥ , ചടുലമായ ആവിഷ്കാരം എന്നിവയൊക്കെയാണ് ഈ സിനിമയുടെ പ്രധാന സവിശേഷത . രണ്ടുമണിക്കൂര്‍ താഴെ സമയംകൊണ്ട് വളരെ ലീനിയര്‍ ആയി കഥപറയുന്ന സിനിമ ഒരു നിമിഷം പോലും മടുപ്പിക്കാതെ  പ്രേക്ഷകരെ സീറ്റില്‍ പിടിച്ചിരുത്താന്‍ കഴിവുള്ള ഒന്നാണ്  എന്ന് നിസംശയം പറയാം . ഒരു സിനിമയെന്ന നിലയില്‍ തിര എന്താണ് എന്നതിലേക്കുള്ള ഒരു ചിന്തയാണ് ഈ കുറിപ്പ് .

                        തുടക്കം മുതല്‍ ഒടുക്കം വരെ ആകാംഷ നിറയുന്ന ഒരു കഥയാണ് തിരയുടെത്.  ഒരു കാര്‍ഡിയാക് സര്‍ജെനും സാമൂഹിക പ്രവര്‍ത്തകയും അയ ഡോക്ടര്‍ രോഹിണി പ്രതാപ്‌ ,  നവീന്‍ എന്ന യുവാവ്‌ എന്നിവരെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത് . സമൂഹത്തിലെ തിന്മക്കെതിരെ തന്നാലാവുംവിധം പ്രതികരിക്കുന്ന ആളാണ് രോഹിണി .  സമൂഹത്തിലും ഭരണ നിയമ സംവിധാനത്തിലും ഒക്കെ ആഴത്തില്‍ വേരുകളുള്ള പെണ്‍വാണിഭക്കാര്‍ക്കെതിരെ  ശബ്ധമുയര്‍ത്തി അവരുടെ പകയില്‍ കൊല്ലപെട്ടതാണ് അവരുടെ ഭര്‍ത്താവു പ്രതാപ്‌ . രോഹിണി സമൂഹത്തിന്‍റെ നീച്ചഹസ്തങ്ങളില്‍ നിന്ന് രക്ഷിച്ചു പരിപാലിക്കുന്ന പെണ്‍കുട്ടികളെ എല്ലാം ഒരുദിവസം ആരോ തട്ടിക്കൊണ്ടുപോകുന്നു .  സ്വന്തം സഹോദരിയെ കണ്മുന്നില്‍ നിന്ന് തട്ടികൊണ്ടുപോകുന്നതു കണ്ടു നിസ്സഹായനായ  നവീനും  രോഹിണിയും  രോഹിണിയുടെ ചില വിശ്വസ്തരും ചേര്‍ന്ന് അവരെ  കണ്ടെത്തി രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിന്നും മനസാക്ഷിയെ ഞെട്ടിക്കുന്ന ചില മാംസ കച്ചവട സംഘത്തെ ക്കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങള്‍ ആണ് പുറത്തു വരുന്നത് .  ആകാംഷാഭരിതവും സാഹസികവും അയ തുടര്‍സംഭവങ്ങള്‍ ആണ് പിന്നീടു  ചിത്രത്തില്‍.

                        മുന്‍ സിനിമകളിലെ അപക്വമായ സമീപനം വെടിഞ്ഞു വിനീത് ശ്രീനിവാസന്‍ ഒരു സംവിധായകന്‍ എന്ന പൂര്‍ണ്ണതയിലേക്ക് കൂടുതല്‍ അടുക്കുന്നത്തിന്‍റെ അടയാളം ആണ് തിരയുടെ ഏറ്റവും വലിയ സവിശേഷത . ചലച്ചിത്രത്തിന്റെ ദ്രിശ്യഭാഷ , കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് , അവതരണം എന്നിവയില്‍ എല്ലാം വളരെ പ്രൊഫഷണല്‍ അയ ഒരു സമീപനം വിനീതിനുണ്ട് എന്ന് സിനിമ നമ്മോടു പറയുന്നു . മൂന്നു ഭാഗങ്ങള്‍ ഉള്ള ഒരു സിനിമയുടെ ആദ്യഭാഗം എന്ന് പ്രഖ്യാപിച്ചു ഒരു  സിനിമ  പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുമ്പോളുള്ള  വെല്ലുവിളികള്‍ കുറച്ചൊന്നുമല്ല . ഈ സിനിമയുടെ സ്വീകാര്യത ആണ് അടുത്ത സിനിമകള്‍ ഇറക്കണോ എന്നുപോലും തീരുമാനിക്കുക . ആ നിലക്ക് ചിന്തിച്ചാല്‍ വളരെ  ശ്രദ്ധയോടും കരുതലോടും രൂപപ്പെടുത്തിയ തിരകഥയും അതിനു ചേര്‍ന്ന് നില്‍ക്കുന്ന സിനിമാരീതി അവലബിച്ചുകൊണ്ടുള്ള സംവിധാനവും തന്നെയാണ്  തിരയെ ഭേദപെട്ട ഒരു സിനിമയാക്കി മാറ്റുന്നത് .


                                അഭിനയ മേഖലയിലേക്ക് ചിന്തിക്കുമ്പോള്‍ ഈ സിനിമ ശോഭനയുടേതാണ് എന്ന് പറയാതെ വയ്യ . മലയാള സിനിമക്ക് ഒട്ടനവധി നല്ല സ്തീകഥാപാത്രങ്ങളെ നല്‍കിയ അനുഗ്രഹീത നടിയുടെ മറ്റൊരു മികച്ച വേഷം തന്നെയാണ് തിരയിലെ രോഹിണി . പുതിമുഖമായ ധ്യാന്‍ തന്നാലാവുംവിധം കഥാപാത്രത്തോട് നീതിപുലര്‍ത്തി . ശോഭനയെ ഒരു മുഴുനീളകഥാപാത്രമായി ഇങ്ങനെ ആദ്യാവസാനം സിനിമയില്‍ നിറച്ചുനിര്‍ത്തിയിരിക്കുന്നതിനു തന്നെ ഒരു കയ്യടി കൊടുക്കണം . മലയാള സിനിമക്ക് അവരെ നഷ്ടമായി എന്നുതോന്നിയ സമയത്തെ ഈ തിരിച്ചുവരവ്‌ തന്നെ വല്ലാത്ത ഒരു ആനന്ദം പകരുന്നു .


                    അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിലെ ചില തിന്മകലിലേക്ക് ആണ് ചിത്രം വിരല്‍ചൂണ്ടുന്നത്.  തട്ടിക്കൊണ്ടു പോയി , കാണാതായി , പീഡിപ്പിക്കപ്പെട്ടു എന്നൊക്കെ നമ്മുടെ സഹോദരിമാരെക്കുറിച്ച് വാര്‍ത്ത‍ വരുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ച് അത്ഭുതപ്പെടുകയും ഏറിയാല്‍ ഒരു അഞ്ചുമിനുട്ട് ദുഖിക്കുകയും  മാത്രം ചെയ്യുന്ന നമ്മള്‍ അതിലേറെ ഒന്നും ചിന്തിക്കാറില്ലല്ലോ . അവരുടെ കുടുംബം , പ്രിയപെട്ടവര്‍.... അങ്ങനെ നഷ്ടപ്പെടാന്‍ വിധിക്കപെട്ട ഒരുകൂട്ടം ജനങ്ങളെക്കുറിച്ച് , ആരും അധികം ചിന്തിക്കാത്തവരെ ക്കുറിച്ച്  -   അവരെക്കുറിച്ച് ഉള്ളഒരു ചിന്തകൂടിയാണ് ഈ സിനിമ. "ഞാന്‍ എന്‍റെ അനിയത്തിക്ക് വേണ്ടിയാണു ഇതില്‍ ഇറങ്ങിയത്‌ , ഡോക്ടര്‍ പക്ഷെ എന്തുകൊണ്ട് ഇതിനിറങ്ങി തിരിച്ചു " ? എന്ന നവീന്റെ ചോദ്യം വും അതിനുള്ള ഡോക്ടര്‍ രോഹിണിയുടെ മറുപിടിയും  നമ്മളെ പലതും ചിന്തിപ്പിക്കാന്‍ പോന്നവയാണ് .  മനപ്പൂര്‍വ്വം നാം കണ്ടില്ലയെന്ന് നടിക്കുന്ന , നമ്മളെ ബാധിക്കാത്തത്‌ കൊണ്ടുമാത്രം ഇടപെടാത്ത  , നമ്മള്‍ നിത്യവും മുന്നില്‍ക്കാണുന്ന  ഒരുപാടു കാഴ്ചകളെ ഓര്‍മ്മിപ്പിക്കുന്നു  .
  
             സിനിമകണ്ട്‌ വരുന്നവഴി  സംസാരത്തിനിടയില്‍ ചില സുഹൃത്തുക്കള്‍ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ മുകളില്‍ പറഞ്ഞതിന്‍റെയൊക്കെ ഏതാണ്ടൊരു സാരം ആണ് അവരോടും പറഞ്ഞത് . അപ്പോള്‍ ചിലര്‍ക്ക് ഈ സിനിമയില്‍ കണ്ട കുറ്റങ്ങള്‍ കേള്‍ക്കണം .

ചില ഇഷ്ടക്കേടുകള്‍ :-

                     വളരെ അസഹ്യമായി തോന്നി ഇതിലെ ക്യാമറ . കുലുക്കാതെ പടം പിടിക്കാന്‍ ജോമോന് സാധിക്കുമായിരുന്നു എന്നാണ് മുന്‍സിനിമകളുടെ അനുഭവത്തില്‍ നിന്ന് തോന്നിയത് .  പ്രേക്ഷകനും സിനിമക്കുമിടയില്‍ താനും ഒരു ക്യാമറയും ഉണ്ടെന്നു അവര്‍ക്കു  മനസിലാക്കികൊടുക്കുന്നത്  ചായാഗ്രാഹകന്റെ പരാജയമാണെന്ന് ആരോ എവിടെയോ എഴുതി വായിച്ചതു ഓര്‍ത്തുപോയി . എല്ലാതരം  പ്രേക്ഷകര്‍ക്ക്‌ പെട്ടെന്ന് ചിന്തിച്ചെടുക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ ചടുലതയും വേഗതയും ഉണ്ടായത്  ചില വിഭാഗം പ്രേക്ഷകരുടെയെങ്കിലും ആസ്വാദനത്തിനു ഒരു തടസമാകുന്നുണ്ട് എന്ന് തോന്നി .  അവര്‍ക്ക് വേഗത്തില്‍ ബന്ധിപ്പിച്ചെടുക്കാന്‍ സാധിക്കുനതല്ല ഇതിലെ സന്ദര്‍ഭങ്ങള്‍ എന്നത് സിനിമയുടെ പോരായ്മ ആയി കാണേണ്ടതില്ല എങ്കിലും തിയേറ്ററില്‍ നിന്ന്  ചിലവിഭാഗങ്ങളെ അകറ്റിനിര്‍ത്താന്‍ അത് കാരണമായേക്കാം .  മൂന്ന് ഭാഗങ്ങള്‍ ആയി പ്ലാന്‍ ചെയ്തതുകൊണ്ടാവണം സിനിമക്ക് ഒരു പൂര്‍ണ്ണത തോന്നിയില്ല . എന്നാല്‍ പൂര്‍ണ്ണതയോട് നല്ലവണ്ണം അടുത്താണ് നില്‍ക്കുന്നതും .

                                     വളരെ പ്രതീക്ഷ ഉണ്ടായിരുന്ന ഇതിലെ ഗാനങ്ങള്‍ എന്നെ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ . എല്ലാവരും മികച്ച ഗാനങ്ങള്‍ എന്ന് പറഞ്ഞതിന്‍റെ പേരില്‍ ഇന്നലെ കേട്ട് നോക്കിയിരുന്നു . ഇന്ന് സിനിമയില്‍ കേട്ടപ്പോളും അവ മനസ്സില്‍ കയറാതെ മാറിനില്‍ക്കുക തന്നെചെയ്തു . എന്‍റെ ആസ്വാദനരീതി കൊണ്ടോ മനസ്സുകൊണ്ട് ഒരു പഴഞ്ചന്‍ ആയതുകൊണ്ടോ എല്ലാരും പറയുന്നപോലെ മികച്ച ഗാനങ്ങള്‍ ആണ് ഈ സിനിമയിലേത് എന്നൊരഭിപ്രായം വഴിപോക്കനില്ല - ഇല്ല എന്നുപറഞ്ഞാല്‍ തീരെ ഇല്ല .  ഇതിന്‍റെ പശ്ചാത്തലസംഗീതം ചിലയിടത്ത് വളരെ മനോഹരമായി സിനിമയുടെ മൊത്തത്തിലുള്ള മൂഡിനോട് ചേര്‍ന്ന്നില്‍ക്കുന്നുണ്ട് എങ്കിലും ഇടക്ക് അരോചകവും ആയിരുന്നു എന്ന് പറയാതെവയ്യ . ചിലയിടങ്ങളില്‍ സംഭാഷങ്ങള്‍ ബി ജി എമ്മില്‍ മുങ്ങിപോകുന്നുപോലും ഉണ്ട്.

                             ഒരു അതിഭയങ്കര സിനിമ എന്നൊന്നും പ്രതീക്ഷിക്കാതെ ശരാശരി ത്രില്ലര്‍ സിനിമ പ്രതീക്ഷിച്ചുപോകുന്നവരെ നിരാശപെടുത്തില്ല എന്ന് ഉറപ്പായും പറയാവുന്ന സിനിമയാണ് തിര . തിയേറ്ററിലെ ഇരുട്ടില്‍ ഈ സിനിമ നിങ്ങളെ കൊഞ്ഞനംകുത്തി കാണിക്കില്ല ...  ഉറപ്പ്.
                                   
                                                                 (വഴിപോക്കന്‍)

2 comments: