Saturday 9 November 2013

മനസ്സുനിറച്ച് മങ്കിപെന്‍

                  
 

                   ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ കണ്ടു . നവാഗതരായ ROJIN PHILIP ഉം SHANIL MOHAMMED ഉം ചേര്‍ന്ന് സംവിധാനം ചെയ്ത മങ്കിപെന്‍ നല്ല ഒരു   ഫീല്‍ ഗുഡ് സിനിമ അനുഭവമാണ്‌ . അധികം ചിന്തിക്കാതെ , ബുദ്ധിജീവി കണ്ണടകള്‍ വയ്ക്കാതെ , മുന്‍വിധികള്‍ ഇല്ലാതെ സിനിമയെ സമീപിക്കുന്ന ആളുകള്‍ക്ക്  "കുട്ടികളുടെ ഷൂസ്" ഇടാതെതന്നെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഇതെന്ന് നിസംശയം പറയാം . 

                    ഒരു മുത്തശ്ശി കഥപോലെ രസകരമായ ഒരു ഫാന്റസി ലോകത്തിരുന്നു ആസ്വദിക്കേണ്ട സിനിമയാണ് മങ്കിപെന്‍ . മുത്തശ്ശിമാരേ ഗുരുവായൂരിലും മറ്റും നടയിരുത്തി  അത്തരം ഭാഗ്യങ്ങള്‍ അന്യമായ  നമ്മുടെ കുഞ്ഞുങ്ങളോട്  പറയാന്‍ ഇത്തരം രസകരമായ സിനിമകള്‍ എങ്കിലും ഉണ്ടാകുന്നത് നല്ലതാണെന്ന് തോന്നുന്നു .  കൊച്ചു കുട്ടികളോടൊപ്പം കഥപറയുമ്പോള്‍ ഉണ്ടാകുന്ന നിഷ്കളങ്കത കൊണ്ട് തന്നെ ഇതിനെ ഒരു ക്ലീന്‍ സിനിമ എന്ന് സധൈര്യം വിളിക്കാം . അടി , ഇടി , വെടി , LOVE , LUST, VENGEANCE, ഗര്‍ഭം , ദ്വയാര്‍ഥപ്രയോഗം , പച്ച തെറി  , മേനി പ്രദര്‍ശനം എന്നിവ ഒക്കെ സിനിമയില്‍ വേണമെന്ന്  നിര്‍ബന്ധമുള്ളവര്‍ ആ വഴിക്ക് പോകാതിരിക്കുക  - നിരാശ മാത്രമായിരിക്കും ഫലം .
                    സിനിമയിലേക്ക് വന്നാല്‍ ഇത് കുഞ്ഞു കുട്ടികളുടെ മനസ്സുമായി ആസ്വദിക്കേണ്ട ഒരു സിനിമയാണ് എന്ന് പറഞ്ഞുവല്ലോ  .  റയാന്‍ ഫിലിപ്പ് എന്ന അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ഥിയായ ബാലനെ ചുറ്റിപറ്റി ആണ് കഥ നടക്കുന്നത് . റയാന്‍  മിശ്രവിവാഹിതരായ ദമ്പതികളുടെ ( രമ്യ നമ്പീശന്‍ , ജയസൂര്യ ) മകന്‍ ആണ് . ക്ലാസ്സിലെ സ്ഥിരം പ്രശനക്കാര്‍ ആണ് റയാനും അവന്‍റെ മൂന്നു കൂട്ടുകാരും . കണക്കില്‍ വളരെ മോശമായ റയാന്‍ , ഹോം വര്‍ക്ക്‌ ചെയ്തു കിട്ടാന്‍ വേണ്ടി സഹപാഠിയായ ഒരു പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് വരെ പറയുന്നു . അങ്ങനെ ഇരിക്കെയാണ് റയാനെ തേടി ആ മങ്കി പെന്‍ എത്തുന്നത്‌ - അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ള ആ മാജിക്‌ പെന്‍ . പിന്നീടു റയാന്‍റെ ജീവിതത്തിലും സ്കൂളിലും , വീട്ടിലും ഒക്കെ സംഭവിക്കുന്ന സംഭവങ്ങള്‍ ആണ് സിനിമയുടെ പ്രമേയം .   പണ്ട് ബാലരമയിലും മറ്റും ഒക്കെ വായിക്കാറുള്ള കുഞ്ഞു കഥകള്‍ പോലെ കൌതുകവും ആനന്ദവും ഒക്കെ തന്ന ഒരു സിനിമ .

എടുത്തു പറയേണ്ട ചിലത് :-

1. കൊച്ചു കുട്ടികള്‍ . അവരുടെ കഥപറയുന്ന സിനിമകള്‍ തന്നെ എന്തൊരു രസമാണ് കണ്ടിരിക്കാന്‍ .  റയാന്‍ ആയി വേഷമിട്ട മാസ്റ്റര്‍ സനൂപ്  വളരെ മികച്ചു നിന്നു. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി വളര്‍ന്നു വരാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ . റയാന്‍ന്‍റെ മൂന്നു കൂട്ടുകാര്‍ , മറ്റു കുട്ടികള്‍ എല്ലാവരും മികച്ചു നിന്നു. ഒട്ടും കൃതൃമത്വം തോന്നാതെ സ്വാഭാവികമായിത്തന്നെ ആ കുട്ടികള്‍ കഥാപാത്രങ്ങള്‍ ആയി മാറി .

2. അധ്യാപകന്‍ ആയി വന്ന വിജയ്‌ ബാബു എന്ന നടന്‍ വളരെ മികവു പുലര്‍ത്തി . സിനിമയിലെ ഒരു പ്രധാന കഥാപാത്രം തന്നെയായ അദ്ദേഹത്തിന്‍റെ പപ്പന്‍ എന്ന അധ്യാപകനെ വളരെ അച്ചടക്കത്തോടും  മികച്ച അഭിനയം കൊണ്ടും മിഴുവുള്ളതാക്കി മാറ്റാന്‍ വിജയ്ക്ക് സാധിച്ചു . വരുംകാലങ്ങളില്‍ മലയാള സിനിമയില്‍ ഈ മുഖം കൂടുതല്‍ കാണാം എന്ന് പ്രതീക്ഷിക്കുന്നു .

3. മങ്കിപെന്‍. സിനിമയിലെ തന്നെ ഒരു പ്രധാന കഥാപാത്രം തന്നെ ആണ് അത് .
 വളരെ കൌതുകമുണര്‍ത്തുന്ന രീതിയില്‍ ആണ് അതിന്‍റെ ഡിസൈന്‍ . ഫാന്റസി കഥകളിലെ മന്ത്രവാദികളുടെ കയ്യിലെ  മന്ത്രവടി പോലെ....

                 അച്ഛന്‍ , മകന്‍ , പേരക്കുട്ടി ,  തുടങ്ങിയ നമ്മുടെ കുടുംബബന്ധങ്ങളെ കൂടി സിനിമ വീക്ഷിക്കുന്നുണ്ട് . മാറുന്ന മലയാളിയുടെ  മനസ്സുകൊണ്ട് തന്നെയാണ് അതിനെയൊക്കെ നോക്കിക്കാണാന്‍ ശ്രമിക്കുന്നതും . ഒരല്‍പം കൂടുതല്‍ ചിന്തിച്ചു നോക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മങ്കിപെന്‍ ഒരു കുട്ടികളുടെ സിനിമ എന്നതിലുപരി ചില മാനങ്ങള്‍ വച്ചുപുലര്‍ത്തുന്നു എന്നും കാണാന്‍ സാധിക്കും .   തിരിച്ചറിവ് വെറുതെ സംഭവിക്കുക ആവാം , ചിലപ്പോള്‍ നാം അതിലേക്കു കൈപിടിച്ച് നയിക്കപ്പെടുകയും ആവാറുണ്ട് . സിനിമ പറയാതെ പറഞ്ഞുവക്കുന്ന ചിലതു നമ്മുടെ മാതാപിതാക്കള്‍ക്ക്  കുഞ്ഞുങ്ങളെ നല്ലതിലേക്ക് കൈപിടിച്ച് നടത്താന്‍ ഉള്ള തിരിച്ചറിവ് ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം .

                   സിനിമയുടെ ദ്രിശ്യ ഭാഷ നിര്‍ണ്ണയിക്കുന്ന രണ്ടു പ്രധാനഘടകങ്ങള്‍ ആണ് ചായാഗ്രഹണവും എഡിറ്റിംഗ് ഉം .  വിദേശ സിനിമാക്കാര്‍ ഒക്കെ ഒരു ഇരുപതുവര്‍ഷം മുന്‍പെങ്കിലും തിരിച്ചറിഞ്ഞ ഫോട്ടോഗ്രഫിയുടെ  പ്രസക്തി  നമ്മുടെ പുതിയ സിനിമാക്കാര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു എന്നതിന്‍റെ അടയാളം സമീപകാല മലയാള സിനിമയില്‍ വ്യക്തമായി കാണാന്‍ ഉണ്ട് . വളരെ ജീവനുള്ള ഒരു  ക്യാമറ treatment ആണ്  ഈ സിനിമക്ക് ഉപയോഗിച്ചിട്ടുള്ളത് . കാണുന്നവന്റെ മനസ്സുനിറക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ കയ്യടി ക്യാമറമാനുകൂടി അവകാശപ്പെട്ടതാണ് . എങ്കിലും എഡിറ്റിംഗ്  സിനിമയ്ക്ക് എന്താണ് യഥാര്‍ഥത്തില്‍ ചെയ്യേണ്ടത് എന്ന്   സംവിധായകര്‍ക്കോ  എഡിറ്റര്‍ക്കോ ഒരു വ്യക്ത ഇല്ലായിരുന്നു എന്ന് തോന്നി . ആദ്യ പകുതിയില്‍ അധികം തോന്നാതിരുന്ന ആ പോരയ്മ്മ രണ്ടാം പകുതിയില്‍ മിഴിച്ചു നില്ല്ക്കുന്നു. വെട്ടികളയെണ്ടിയിരുന്ന പലതും ചേര്‍ന്ന് സിനിമയുടെ ദൈര്‍ഘ്യം ഒരു പത്തുപതിനഞ്ചു മിനുട്ട് കൂടി . എങ്കിലും ഒരു പുതുമുഖ സംവിധായകരുടെ സിനിമ എന്ന നിലയില്‍ ചിന്തിച്ചാല്‍ മങ്കിപെന്‍ വളരെ പക്വമായ ഒരു സിനിമ പരിശ്രമം ആണ് .
                   ഒരല്‍പം അതിശയോക്തി ഉണ്ട് എന്ന് ചിലര്‍ അഭിപ്രായപെടുന്നത്  കേട്ടു . അതിശയോക്തി എന്നതില്‍ ഉപരി നമ്മുടെ കുട്ടികളുടെ ബാല്യം പോലും എത്രത്തോളം മാറിപ്പോയി എന്ന ഞെട്ടല്‍ ആണ് എന്നില്‍ അവശേഷിപ്പിച്ചത് . റേഡിയോ സ്റേഷന്‍ ഉള്ള സ്കൂളില്‍ പഠിക്കുന്ന , കമ്പ്യൂട്ടറും മറ്റു സാങ്കേതികതയുടെയും ഒക്കെ നിറവില്‍ നില്‍ക്കുന്ന അവരേ  NEW GENERATION CHILDREN  എന്ന് തന്നെയാണ് വിളിക്കേണ്ടത് . സിനിമപറയുന്ന കഥയുടെ പ്രസക്തിയും അതിന്‍റെ ആസ്വാദ്യതയും ഒക്കെ  കണ്ടില്ല എന്ന് നടിച്ചു തലച്ചോറ്കൊണ്ട് പോസ്റ്റ്‌മാര്‍ട്ടം നടത്തുന്ന നിരൂപക സിംഹങ്ങള്‍ ഭൂതക്കണ്ണാടി വച്ച്നോക്കിയാല്‍ ഇനിയും  ഒരുപാടു കുറ്റവും കുറവും കണ്ടെന്നു വരാം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം മികച്ച അഭിനന്ദനം അര്‍ഹിക്കുന്നു . ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു അല്ലാതെയുള്ള മറ്റെന്തു നന്ദിപറച്ചിലും ഒരു ഭംഗി വാക്ക് മാത്രമായി പോകും . 

                നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് ധൈര്യമായി കാണാവുന്ന ഒരു സിനിമയാണ് PHILIPS AND THE MONKEYPEN .  അന്യഭാഷാ സിനിമകള്‍ എന്ത് കോപ്രായം കാണിച്ചാലും ഗ്രാഫിക്സ്, BRAINLESS ENTERTAINER , എന്നൊക്കെ വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ പ്രേക്ഷകര്‍ ഇത്തരം നല്ല സിനിമാപരിശ്രമങ്ങളെ   വിശാലമായ മനസ്സോടെ കാണാന്‍ ശ്രമിക്കണം .
                                                    (വഴിപോക്കന്‍ )




No comments:

Post a Comment