Monday 11 November 2013

AS GOOD AS IT GETS

           
     
               JAMES L BROOKS  സംവിധാനം ചെയ്ത 1997 ലെ അമേരിക്കന്‍ ചിത്രമാണ്‌ AS GOOD AS IT GETS . വളരെ ലളിതമായ പ്രമേയത്തിലൂന്നി കഥപറയുന്ന ഈ സിനിമ  ഒന്നാന്തരം ഒരു FEEL GOOD  സിനിമ ആണ് . അതോടൊപ്പം തന്നെ ഹോളിവൂഡ്‌ സിനിമയുടെ ചരിത്രത്തിലെ തന്നെ മികച്ച അഭിനേതാക്കളില്‍ ഒരാളായ JACK NICHOLSON ന്‍റെ സാന്നിധ്യം ആണ് സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണമായി വഴിപോക്കന് അനുഭവപെട്ടത്‌ .
               വളരെ ലളിതമായ ഒരു പ്ലോട്ട് ആണ് ഈ സിനിമയുടേത് .  OBSESSIVE COMPULSIVE DISORDER എന്ന മാനസിക രോഗമുള്ള ഒരു നോവലിസ്റ്റ്‌ , അയാള്‍ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന RESTAURANT ലെ സ്ത്രീ , അയാളുടെ അയല്‍ക്കാരനായ സ്വവര്‍ഗ്ഗാനുരാഗി ആയി സിനിമയില്‍ പറയുന്ന ഒരു ചിത്രകാരന്‍ - ഇവര്‍ മൂന്നുപേര്‍ തമ്മില്‍ വളരെ അവിചാരിതമായി ഉണ്ടാകുന്ന ഒരു സൗഹൃദം , അത്   അവരുടെയൊക്കെ   ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റം എന്നിവയൊക്കെയാണ് ഈ സിനിമയുടെ  ഇതിവൃത്തം .
മനോരോഗിയായ നോവലിസ്റ്റ്‌ മെല്‍വിന്‍ ഉഡാല്‍ ( JACK NICHOLSON )  അധികം ആളുകളുമായി ഇടപഴകാതെ  , മറ്റുള്ളവരില്‍  വിട്ടുമാറി  തന്‍റെ രോഗത്തിന്‍റെതായ ശീലങ്ങളും നിര്‍ബന്ധപ്രേരണകളും( compulsions ) ഒക്കെ ആയി ഒതുങ്ങി കൂടുന്ന ആളാണ് . അയാള്‍ക്ക് ജിവിതത്തില്‍ തന്നെ ആകെ തോന്നുന്ന ഒരു ആകര്‍ഷണം ഒരു RESTAURANT ലെ വിളമ്പുകാരി അയ കാരള്‍ (HELEN HUNT ) എന്ന സ്ത്രീയോടാണ് .  അയല്‍ക്കാരനായ ചിത്രകാരന്‍ സൈമോന്‍ ( GREG KINNEAR ) , അവന്‍റെ പട്ടി ,  ഇവരണ്ടും മെല്‍വിന്‍റെ സ്ഥിരം ശല്യവും ശത്രുവും ഒക്കെയാണ് .

              അങ്ങനെയിരിക്കെ ഫ്ലാറ്റില്‍ നടന്ന ഒരു മോഷണശ്രമത്തിനിടെ സൈമോനു മോഷ്ടാക്കളില്‍ നിന്ന് കാര്യമായ പരിക്കേല്‍ക്കുന്നു . അങ്ങനെ അയല്‍ക്കാരന്റെ  പട്ടിയെ സംരക്ഷിക്കാന്‍ മെല്‍വിന്‍ നിര്‍ബന്ധിതനാകുന്നു . വൃത്തിരക്ഷസനായ അയാളെ അത് ആദ്യം ആലോസരപ്പെടുത്തുന്നുണ്ടെങ്കിലും പതിയെ ആ പട്ടിയുമായും അതുവഴി അയല്‍ക്കാരനുമായും അയാള്‍ പതിയെ അടുക്കുന്നു . ആ സമയത്ത് ആ ഹോട്ടല്‍ ജീവനക്കാരിയോടും മെല്‍വിന്‍ കൂടുതല്‍ അടുക്കുന്നു .   ആശുപത്രി ചിലവുകാരണം പാപ്പരാകുന്ന  സൈമോനെ  അയാളുടെ നാട്ടിലേക്കു എത്തിക്കാന്‍ മെല്‍വിനും കാരളും കൂടി ഒരു യാത്ര പോകുന്നു . ആ യാത്രയില്‍ ഉണ്ടാകുന്ന ചില സംഭവങ്ങളും അതിനെ തുടര്‍ന്ന് രണ്ടുമൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതവും എന്നാല്‍ നല്ല രീതിയിലുള്ളതുമായ മാറ്റങ്ങളും ഒക്കെ ആണ് പിന്നീടു സിനിമയില്‍ നമ്മള്‍ കാണുക .

               ഈ സിനിമ പണ്ട് കാണാന്‍ തന്നെ ഉണ്ടായിരുന്ന കാരണം  JACK NICHOLSON ന്‍റെ സാന്നിധ്യമായിരുന്നു . CHINA TOWN , ONE FLEW OVER THE COCKOOS NEST , REDS അങ്ങനെ പറഞ്ഞാല്‍ തീരാത്ത എത്രയോ സിനിമകളില്‍ കണ്ടു ഞാന്‍ വിസ്മയിച്ചിരുന്നിട്ടുണ്ട് -നിക്കോള്‍സണ്‍ എന്ന അഭിനയ പ്രതിഭയെ .മികച്ച നടനുള്ള അക്കാദമി പുരസ്‌കാരം നേടിയ പ്രകടനത്തിലൂടെ  AS GOOD AS IT GETS എന്ന സിനിമയുടെ ആത്മാവാകാന്‍ സാധിച്ചിട്ടുണ്ട് അദ്ദേഹത്തിന് .മനോവിഭ്രാന്തി സ്ക്രീനില്‍ അവതരിപ്പിച്ചപ്പോള്‍ ഒക്കെ അദ്ദേഹത്തിലെ  നടന്‍റെ മികച്ച പ്രകടനം ലോകം കണ്ടിട്ടുണ്ട് . വളരെ അനയാസമായി , എന്നാല്‍ അത്യന്തം ഹൃദ്യമായി ആ കഥാപാത്രത്തെ അവതാരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു .ഒരുപാടു  ജീവിതപ്രശ്നങ്ങളില്‍പെട്ട്  കഴിയുന്ന ആ ഹോട്ടല്‍ ജീവനക്കാരിയെ അങ്ങേയറ്റം തന്മയത്വത്തോടെ അഭിനയിപ്പിച്ചു ഹെലെന്‍ ഹണ്ട് മികച്ച  നടിക്കുള്ള ഓസ്കാര്‍ നേടി . രണ്ടുപേരുടെയും  മികച്ച  അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ്  ഈ സിനിമയുടെ പ്രധാന ആകര്‍ഷണം എന്നുവേണം പറയാന്‍ . TITANIC  പതിനൊന്നു ഓസ്കാര്‍ നേടിയ മേളയില്‍ മികച്ച നടനും നടിയും ഒരേ സിനിമയിലെ അഭിനയത്തിന്  അവാര്‍ഡ്‌ നേടി എന്ന അപൂര്‍വ്വത  കൊണ്ട് ഏറെ  ശ്രദ്ധിച്ചിരുന്നു ഈ സിനിമ .

                   വളരെ സന്തോഷം പകരുന്ന ഒരു മാനസികാവസ്ഥയില്‍ ഇരുന്നു കാണാന്‍ സാധിക്കുന്ന ഒരു സിനിമയാണ് ഇത് . ഒരു ഫീല്‍ ഗുഡ് സിനിമ എന്ന് പൂര്‍ണ്ണമായും വിളിക്കാവുന്ന സിനിമ . മനോരോഗം പ്രമേയമാകുമ്പോള്‍ മനശാസ്ത്ര സങ്കീര്‍ണതകളിലേക്കും മറ്റും ഒക്കെ പ്രേക്ഷകാരെ കൂടിക്കൊണ്ടു പോകുന്ന ഒരു സിനിമ എന്ന് തോന്നാം എങ്കിലും അതല്ല എന്നതാണ് വാസ്തവം . ഒരു രോഗിയുടെ രോഗാവസ്ഥ  എന്നതിലുപരി , സമൂഹവുമായുള്ള  ഇടപെടലുകള്‍  ,  ചില അപ്രതീക്ഷിത സംഭവങ്ങള്‍ ചിലരുടെ ജീവിതം മാറ്റിമറയ്ക്കുന്നതു ഇതൊക്കെയാണ് ഈ സിനിമയുടെ കാതല്‍ . വളരെ പ്രവചനീയമായ  ഒരന്ത്യം ആണെങ്കിലും അതിലേക്കു നാം കഥാപാത്രങ്ങള്‍ക്കൊപ്പം  സഞ്ചരികുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷം തന്നെയാണ് ഈ സിനിമക്ക് നിങ്ങള്ക്ക് തരാനുണ്ടാകുക .

               മികച്ച അഭിനയ പ്രതിഭകളുടെ സാന്നിധ്യം, അവരുടെ മികച്ച പ്രകടങ്ങള്‍ എന്നിവകൊണ്ട് സമ്പന്നമായ AS GOOD AS IT GETS  ലോകമെബാടുമുള്ള സിനിമപ്രേമികളുടെ ഇഷ്ടസിനിമകളില്‍ ഒന്നാണ് . ആകാംഷയോ , അതിച്ചടുലമായ ആക്ഷന്‍ രംഗങ്ങളോ ഒന്നും ഇല്ലെങ്കിലും നല്ലസിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഒരിക്കലും വെറുക്കാത്ത ഒരു സിനിമാഅനുഭവമാണ്‌ ഈ ചിത്രം .
                                                        (വഴിപോക്കന്‍)

No comments:

Post a Comment