Friday, 27 December 2013

ക്രിസ്ത്മസ് ചിത്രങ്ങള്‍ - ഒപ്പം 2013 ഒരു തിരിഞ്ഞുനോട്ടം

         
      വലിയ ആവേശത്തോടെയാണ് ഇന്നലെ തിയേറ്ററിലേക്ക് യാത്രതിരിച്ചത് . കാണാന്‍ കൊതിച്ചിരുന്ന സിനിമകള്‍ ആദ്യ ദിവസങ്ങളില്‍ കാണാന്‍ സാധിക്കാതെ പോയതിന്‍റെ നിരാശ മാറ്റാന്‍ ഇന്നലെയും ഇന്നുമായി മൂന്ന് സിനിമകള്‍ കണ്ടുതീര്‍ത്തു .  തിരക്കും യാത്രയും ഒക്കെക്കൊണ്ട് ക്ഷീണിതനായിരുന്നിട്ടും  തിയേറ്ററുകളിലേക്ക് പോകാതിരിക്കാന്‍ കഴിഞ്ഞില്ല . ജിത്തു ജോസഫ്‌ ന്‍റെ മോഹന്‍ലാല്‍ ചിത്രം "ദൃശ്യം " , സത്യന്‍ അന്തിക്കാടിന്‍റെ ഫഹദ് ഫാസില്‍ ചിത്രം " ഒരു ഇന്ത്യന്‍ പ്രണയകഥ " , ലാല്‍ ജോസിന്‍റെ ദിലീപ് ചിത്രം " ഏഴ് സുന്ദര രാത്രികള്‍ " ഇവ മൂന്നും കണ്ടു തീര്‍ത്തു . ഇതിനോടകം ഒരുപാടു കുറിപ്പുകള്‍ വന്നിട്ടുള്ളതുകൊണ്ട്  വിശദമായി എഴുതുന്നതിനു പ്രസക്തി ഇല്ല എന്ന് കരുതുന്നു . മൂന്നു ക്രിസ്ത്മസ് സിനിമകളുടെ ഒരു അവലോകനത്തോടൊപ്പം 2013 ലെ സിനിമാകാഴ്ചകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം കൂടി നടത്താന്‍ ഉള്ള ശ്രമമാണ് ഈ കുറിപ്പ് .

      എല്ലാരുടെയും നല്ല അഭിപ്രായവും പിന്നെലാലേട്ടന്‍റെ സിനിമയായത് കൊണ്ടും ആദ്യം കണ്ടത്  "ദൃശ്യം " ആയിരുന്നു .  2013 അവസാനം മലയാള സിനിമക്കും ലാലേട്ടനും ഒരു സൂപ്പര്‍ഹിറ്റ്‌ നല്‍കിക്കൊണ്ട് ജിത്തു വേണ്ടും വരുമ്പോള്‍ മെമ്മറീസിനുമപ്പുറം ഒരു സിനിമ ആരും തന്നെ പ്രതീക്ഷിച്ചിരുന്നതല്ല .  ഒരു കുടുബ സിനിമയുടെ സ്വഭാവമുള്ള ത്രില്ലെര്‍ ആണ് ദൃശ്യം . സിനിമയുടെ   മികവിന്‍റെ പ്രധാന ഘടകം  തിരക്കഥതന്നെയാണ് എന്ന് നിസംശയം പറയാം . ഒരല്‍പം ഒന്ന് പാളിയാല്‍ കൈവിട്ടുപോകുമായിരുന്നു. ജിത്തുവിന്റെ വളരെ സൂക്ഷമവും പക്വതയുള്ളതുമായ രചന സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് .  മറ്റെന്തും അതിനു പിന്നിലെ വരൂ എന്ന് തോന്നി . പിന്നെ മോഹന്‍ലാല്‍ വളരെ നാളുകള്‍ക്കുശേഷം ഒരു നാട്ടിന്‍പുറത്ത്കാരനെ എല്ലാ സ്വാഭാവികതയോടും തിരശീലയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതും എടുത്തു പറയണം . ഈ ക്രിസ്ത്മസ് ചിത്രങ്ങളില്‍ ഏറ്റവും മികച്ചതും ദൃശ്യം തന്നെ .
     സത്യന്‍ അന്തിക്കാടിന്‍റെ ഇന്ത്യന്‍ പ്രണയകഥ  അദ്ദേഹത്തിന്‍റെ മുന്‍സിനിമകളുടെ  ( ഈ കഴിഞ്ഞ സിനിമകള്‍ അല്ല ഉദ്ദേശിച്ചത്  ) ഏഴയലത്തുപോലും വന്നില്ല എന്നതാണ് സത്യം .  സത്യന്‍ അന്തിക്കാടിന് വേണ്ടി എഴുതിയതുകൊണ്ടാവും ഇക്ബാല്‍ കുറ്റിപുറത്തിന്‍റെ തിരക്കഥക്ക് ഒരു മടുപ്പന്‍ സ്വഭാവമായിരുന്നു . പ്രമേയപരമായി ചിന്തിച്ചാല്‍ ഇതിനെക്കാള്‍ ഏറെ മനോഹരമാക്കാന്‍ സാധിക്കുമായിരുന്ന ഒന്നാണ് എന്ന് തോന്നി . ഒറ്റനോട്ടത്തില്‍ രാഷ്ട്രീയം തൊഴിലാക്കിയ അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന യുവ രാഷ്ട്രീയക്കാരന്റെ സിനിമ ആണ് എങ്കിലും ഒന്നുകൂടി നോക്കുമ്പോള്‍ ഐറിന്‍ ഗാര്‍ഡനര്‍ എന്ന  കേരളത്തില്‍ വേരുകളുള്ള കനേഡിയന്‍ പെണ്‍കുട്ടിയുടെ  അനാഥത്വത്തിന്‍റെ വേദനകളിലെക്കും  സ്വന്തം വേരുകള്‍ തേടി പോക്കാന്‍ അവളെ പ്രേരിപ്പിക്കുന്ന ഏകാന്തതയിലേക്കും ഒക്കെ വിരല്‍ ചൂണ്ടുന്നു സിനിമ . പക്ഷെ അതിലേക്കൊക്കെ ഒക്ക  വെറുതെ  ഒരു ക്യാമറ കൊണ്ട് ഒളിഞ്ഞുനോക്കുക മാത്രമേ  സംവിധായകന്‍ ചെയ്തിട്ടുള്ളൂ . അഭിനത്തില്‍ ഫഹദ് , അമല എന്നിവര്‍ വളരെ നന്നായി . അമല യെ വളരെയേറെ സുന്ദരിയായി കാണപ്പെട്ടു .

        ഏഴ്  സുന്ദര രാത്രികള്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സിനിമയായിരുന്നു . ലാല്‍ ജോസില്‍ നിന്ന് ഇതിലും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു .  പ്രത്യേകിച്ച്  യാതൊന്നും തോന്നിയില്ല സിനിമ കണ്ടപ്പോള്‍ . ഇടക്ക് ഞാന്‍ ഉറങ്ങിപോയോ എന്നുപോലും തോന്നി . തോന്നിയത് അല്ല , ഞാന്‍ ശരിക്കും ഉറങ്ങിപോയിരുന്നു . വെറുതെ ഒരു വികാരവുമില്ലാതെ സ്ക്രീനിലേക്ക് നോക്കിയിരുന്നിട്ടും ഒരു നിരാശയും തോന്നിയില്ല . ലാല്‍ ജോസ് സിനിമകളില്‍ സാധാരണ നല്ല ഗാനങ്ങള്‍ എങ്കിലും പതിവുണ്ട് . ഇത് അതും എനിക്ക് ഇഷ്ടമായില്ല . കൂടുതല്‍ ഒന്നും എഴുതേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു .

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2013 ഒരു നല്ല വര്‍ഷം തന്നെയായിരുന്നു . തിയേറ്ററിലേക്ക്  കൂടുതല്‍ പ്രേക്ഷകരെ  ആകര്‍ഷിക്കാന്‍ സിനിമകള്‍ക്കായി . ഒരുപാടു പുതിയ സംവിധായകരും പരീക്ഷണ ചിത്രങ്ങളും വന്നു . കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി നമ്മുടെ സിനിമയില്‍ കാണുന്ന  മാറ്റത്തിന്റെ അടയാളം ഈ വര്‍ഷം വളരെ പ്രകടമായിരുന്നു . നല്ല കുറെ സിനിമകള്‍ ഇവിടെ ഇറങ്ങുകയും നല്ല അഭിപ്രായങ്ങള്‍ നേടുകയും ചെയ്തു . വലിയ പേരുള്ള പലരും പരാജയമായപ്പോള്‍ പുതിയ തലമുറക്കാരും നവാഗതരും ഒക്കെ കൂടുതല്‍ മികച്ചു നിന്നു. 
ചില പോരയ്മ്മകള്‍
1.  മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ നമ്മുടെ  വാരാന്ത്യങ്ങള്‍ക്ക് താങ്ങാവുന്നതില്‍ അധികം സിനിമകള്‍ ഇവിടെ ഇറങ്ങുന്നു . ആഴ്ചതോറും ഇത്രയേറെ സിനിമകള്‍ ഇറങ്ങുന്നത്  ചിലപ്പോഴൊക്കെ നല്ല സിനിമകളെ പ്രതികൂലമായി ബാധിക്കാറുമുണ്ട്.
2. സിനിമയെ വെറും കച്ചവടമായി മാത്രം കണ്ടു പ്രേക്ഷകരുടെ കാശു കൊള്ളയടിക്കാന്‍ വരുന്ന ചില സിനിമാകാര്‍ .  ഒപ്പം  തെറിയും അശ്ലീലവും  പുകയും മദ്യവും  പിന്നെ പത്തുപേരുടെ മുന്നില്‍ കാണിക്കാനും പറയാനും പാടില്ലാത്തതോക്കെ  സ്ക്രീനില്‍ നിറച്ചു  സമൂഹത്തിനു മോശം സന്ദേശങ്ങള്‍ നല്‍ക്കി ചിലരെയെങ്കിലും വഴിതെറ്റിക്കാന്‍ സാധ്യതയുള്ള  സിനിമകള്‍ . സിനിമയും സമൂഹവും മനുഷ്യനും തമ്മിലുള്ള ബന്ധവും സിനിമയുടെ സാമൂഹിക പ്രതിബദ്ധതയും  ഒക്കെ അറിയാതെപോകുന്ന  അല്ലെങ്കില്‍ അറിയില്ല എന്ന് നടിക്കുന്ന  സിനിമാക്കാര്‍ .
3. നമ്മുടെ തദ്ദേശിയ സിനിമകളെ പ്രോത്സാഹിപ്പിക്കാത്ത ഇവിടുത്തെ സിനിമാ വിതരണ സമ്പ്രദായം .  നമ്മുടെ കൊച്ചു ചിത്രങ്ങള്‍ തിയേറ്റര്‍ കിട്ടാതെ വിഷമിച്ചും  പെട്ടെന്ന് എടുത്തുമാറ്റപ്പെട്ടും ഊര്‍ദ്വന്‍ വലിക്കുമ്പോള്‍ സര്‍ക്കാര്‍ വക തിയേറ്ററുകളില്‍ അടക്കം അന്യഭാഷ ചിത്രങ്ങള്‍ കളിക്കുന്നത് കാണുമ്പോള്‍  വിഷമം തോന്നിയിട്ടുണ്ട് പലപ്പോഴും . 

ഈ വര്‍ഷം സിനിമയ്ക്ക് ഉണ്ടായ  മറ്റൊരു പ്രധാന മാറ്റം ഇന്റര്‍നെറ്റ്‌ , സോഷ്യല്‍ മീഡിയ എന്നിവയുടെ സ്വാധീനമാണ് .  സൂപ്പര്‍ ഹിറ്റ്‌ ,ബമ്പര്‍ ഹിറ്റ്‌  എന്നൊക്കെ നോട്ടീസ് അടിച്ചു ജനങ്ങളെ പറ്റിക്കുന്ന പരിപാടി  ഇപ്പോള്‍ നടക്കില്ല . സിനിമ ഇറങ്ങി അന്ന്തന്നെ ഫേസ്ബുക്കിലും മറ്റു സൈറ്റ്കളിലും അതിന്‍റെ പോസ്റ്റ്‌മാര്‍ട്ടം തന്നെ നടക്കും . നല്ല സിനിമകള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും  മോശം ചിത്രങ്ങള്‍ അര്‍ഹിക്കുന്ന വിമര്‍ശനം നേരിടുകയും ചെയ്യുന്നു  .  സിനിമയെ മനപ്പൂര്‍വ്വം തരം താഴ്ത്താനും   ഉയര്‍ത്തിക്കാട്ടാനും ശ്രമിക്കുന്ന ചിലര്‍ ഉണ്ട് എന്നുള്ളത് ഇതിന്‍റെ മോശം വശമാണ് എങ്കിലും .എങ്കിലും പല ചാനലുകളിലും സൈറ്റ്കളിലും വരുന്ന പല റിവ്യൂകളും മുന്‍വിധിയോടെയോ അല്ലെങ്കില്‍ നിഗൂഢമായ മറ്റുപല ഉദ്ദേശതോടെയും ഉള്ളവയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . സിനിമ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ബുദ്ധിജീവി നിരീക്ഷണം അതിനു എല്ലായിപ്പോഴും നേരിടേണ്ടി വരുന്നു എന്നത്  വല്യ കഷ്ടമാണ് .

സിനിമകള്‍ പലതും മികച്ച  വിജയം നേടുകയും പലതും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോകുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വല്യ സത്യമാണ് .  നല്ല സിനിമകള്‍ ഇല്ല ,   നല്ല കഥകള്‍ ഇല്ല  എനൂകെ പരാതിപറയുന്ന പ്രേക്ഷകര്‍ തന്നെ തിയേറ്ററില്‍ കണ്ട കോപ്രായങ്ങളെയും പേക്കൂത്ത് കളെയും പ്രോത്സാഹിപ്പിക്കുകയും നല്ല സിനിമാ ശ്രമങ്ങളെ തിരിഞ്ഞുനോക്കാതെ ഇരിക്കുകയും ചെയ്യുന്നത്   പ്രതികൂലമായ ഒരു സ്ഥിതിവിശേഷമാണ് . നമുക്കുമേല്‍ മോശം സിനിമകള്‍ അടിച്ചേല്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നതിനു വലിയ കാരണം നമ്മള്‍തന്നെയാണ് എന്നത്  ഒരു വല്യ സത്യമാണ് . പണ്ടാരോ പറഞ്ഞത്പോലെ
 " WE GET THE CINEMA WE DESERVES " ..
 
 എല്ലാ സിനിമാപ്രേമികള്‍ക്കും  നല്ലൊരു വര്‍ഷം നേരുന്നു .

                                             (വഴിപോക്കന്‍)

No comments:

Post a Comment