CLINT EASTWOOD സംവിധാനം ചെയ്ത സിനിമകള്‍ തേടി പിടിച്ചു കാണുമായിരുന്നു ഒരു കാലത്ത് . അങ്ങനെയാണ് INVICTUSനെപ്പറ്റി ആദ്യമായി അറിയുന്നത് . തൊണ്ണൂറുകളിലെ പ്രചണ്ഡമായ ആഫ്രിക്കന്‍ രാഷ്ട്രീയഭൂമികയില്‍ നിന്നാണ് ഈ സിനിമ നമ്മോടു സംവദിക്കുക . ജയില്‍ മോചിതനായി മഡിബ (MORGAN FREEMAN) ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കുന്നു . മൂന്നു ദശാബ്കാലത്തേ അദ്ദേഹത്തിന്‍റെ ജയില്‍വാസവും ജീവിതം കൊണ്ട് തന്നെ നടത്തിയ പോരാട്ടവും ഒക്കെ താന്‍ കണ്ട വര്‍ണ്ണ വിവേചനമില്ലാത്ത നാടിന്‍റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആയിരുന്നു . പക്ഷെ ജനമനസ്സുകളില്‍ ഇപ്പോളും തളം കെട്ടികിടക്കുന്ന ആ ദുഷിച്ചചിന്തയുടെ ആഴം മണ്ടേല തിരിച്ചറിയുന്നു . ഒരു റഗ്ബി മല്‍സരത്തില്‍ സ്വന്തം രാജ്യത്തെ ടീമിനെതിരെ നില്‍ക്കുന്ന ജനങ്ങളെ കണ്ടു മണ്ടേല അസ്വസ്ഥനാകുന്നു . ടീമിലെ വെളുത്തവരുടെ മേധാവിത്വം ആയിരുന്നു പ്രധാന കാരണം . വര്‍ണ്ണവിവേചനത്തിന്റെ നാളുകളുടെ അടയാളമായ SPRINGBOKS എന്ന ദേശിയ റഗ്ബി ടീം ഇല്ലാതാക്കാന്‍ റഗ്ബി അസോസിയേഷന്‍ തീരുമാനിക്കുന്നു . ആ പേരോ , ചിഹ്നങ്ങലോ , ഗാനമോ അങ്ങനെ ഒന്നും ഇനി വേണ്ട എന്ന തീരുമാനിക്കുന്ന അസോസിയേഷന്‍ തീരുമാനത്തെ എതിര്‍ത്ത് കൊണ്ട് മണ്ടേല പറയുന്നു : " നമ്മളോട് അവര്‍ ചെയ്തതു തന്നെ നമ്മള്‍ തിരിച്ചു ചെയ്യുമെന്ന് ഭയപ്പെടുന്ന അവരോടു നാം വിവേചനം കാണിച്ചാല്‍ ആ ജനതയെ നമ്മുക്ക് നഷ്ടമാകും " . മണ്ടേലയുടെ ദീര്‍ഘ വീക്ഷണവും നയതന്ത്രവും എല്ലാം ആ വാക്കുകളില്‍ പ്രകടമാണ് . ഒപ്പം മഹാനായ ആ മനുഷ്യന്‍റെ സഹജീവികളോടുള്ള കരുതലും സ്നേഹവും എല്ലാം അതിലുണ്ട് .
വെളുത്തവരും കറുത്തവരും തമ്മിലുള്ള വിദ്വേഷം രാജ്യപുരോഗതിക്കും ജനതക്കും നല്ലതല്ലെന്നറിയാവുന്ന മണ്ടേല വരാനിരിക്കുന്ന റഗ്ബി ലോകകപ്പിന്‍റെ മുന്നോടി ചില തീരുമാനങ്ങള്‍ എടുക്കുന്നു . റഗ്ബി ദേശിയ ടീമിന്‍റെ ക്യാപ്റ്റന്‍ François Pienaar റെ (MATT DAMON) വിളിച്ചു വരുത്തി സംസാരിക്കുന്നു . രാജ്യം മുഴുവന്‍ കൂടെയുണ്ട് എന്ന തോന്നല്‍ നല്‍കിയ ആത്മവിശ്വാസവും മണ്ടേല എന്ന മനുഷ്യനോടും അദ്ദേഹം അനുഭവിച്ചതിനോടും തോന്നിയ ആദരവും സ്നേഹവും Pienaarനു പ്രചോദനമായി . അങ്ങനെ റഗ്ബി ലോകകപ്പില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ദക്ഷിണാഫ്രിക്ക വിജയിക്കുന്നതും അത് രാജ്യത്തിന് നല്‍കുന്ന പുത്തന്‍ ഉണര്‍വും ആണ് ഈ സിനിമയില്‍ നമ്മള്‍ കാണുക .
ജീവനോടെ ഇരുക്കുന്ന കഥാപാത്രങ്ങളും വീഡിയോ ടേപ്പ് അടക്കമുള്ള തെളിവുകളും ഉള്ളതുകൊണ്ട് തന്നെ ചരിത്രം തിരുത്താനോ വളച്ചോടിക്കാണോ ഒട്ടും സാധിക്കാത്ത ഒരു പ്രേമയത്തെ സിനിമയാക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു വിജയിച്ച സംവിധായകന്‍ CLINT EASTWOOD നു ഉള്ളതാണ് ഈ സിനിമയുടെ മുഴുവന്‍ അഭിനന്ദനങ്ങളും . ചരിത്രത്തെ സസൂക്ഷ്മം വിലയിരുത്തി ഏറെ കരുതലോടെ തിരക്കഥയോരുക്കിയ Anthony Peckham ന്‍റെ പങ്കു വിസ്മരിച്ചുകൊണ്ട് INVICTUS നെ ക്കുറിച്ച് എന്തെഴുതിയാലും അത് നന്ദികേടായിപോകും . വളരെ സൂഷ്മനിരീഷണവും ചരിത്ര പഠനവും വേണ്ടിവരുന്ന ഈ സിനിമയുടെ തിരകഥാരചന എന്ന ദൌത്യം അദ്ദേഹം വളരെ നന്നായി കൈകാര്യം ചെയ്തു . മണ്ടേലയെ സ്ക്രീനില്‍ ജീവനുള്ളതാക്കി മാറ്റിയത് MORGAN FREEMAN എന്ന നടനിലൂടെ ആയപ്പോള്‍ അത് സമാനതകളില്ലാത്ത വിധം ഗംഭീരമായി എന്ന് പറയാതെ വയ്യ . ഫ്രീമാനു സത്യത്തില്‍ മണ്ടേലയുടെ നല്ല മുഖച്ഛായ തോന്നി . ഒരു നാടിന്‍റെ കായിക സ്വപ്നങ്ങള്‍ക്ക് യാഥാര്‍ഥ്യത്തിന്‍റെ നിറം നല്കാന്‍ ഏറെ പരിശ്രമിച്ച François Pienaar നെ സ്ക്രീനില്‍ വളരെ മികച്ചതാക്കാന്‍ MATT DAMONനും സാധിച്ചു . രണ്ടു പേരുടെയും അഭിനയ പ്രകടനങ്ങള്‍ കൂടി സിനിമയുടെ പ്രധാന ആകര്‍ഷണമാണെന്ന് പറയാതെ വയ്യ .
എന്തായിരിക്കും ഒടുവില്‍ സംഭവിക്കുക എന്ന് എല്ലാവര്ക്കും അറിയാവുന്നതുകൊണ്ട്‌തന്നെ അധികം സസ്പെന്‍സോ ഒന്നും ഈ സിനിമക്ക് അവകാശപ്പെടാന്‍ ഇല്ല . പ്രേക്ഷകരെ സീറ്റ്‌ന്‍റെ തുമ്പില്‍ ഇരുത്തുന്ന ആകാംഷയും അധികം തോന്നില്ല . പക്ഷെ INVICTUS ഒരു മികച്ച സിനിമാ അനുഭവം അല്ലെന്നു പറയാന്‍ സാധിക്കില്ല . ചരിത്രം ഒട്ടും വളചൊടിക്കാതെ എല്ലാവര്ക്കും അറിയാവുന്ന ചരിത്രം വളരെ ലിനീര്‍ ആയി പറയുക മാത്രമാണ് സിനിമ ചെയ്യുന്നത് . അങ്ങനെ പറഞ്ഞുപോകുമ്പോള്‍ തന്നെ ഒരു കായിക ഉത്സവത്തിന്‍റെയും ഒരു കാലഘട്ടത്തിന്‍റെയും ഒക്കെ സത്യസന്ധവും ഹൃദയസ്പര്‍ശിയുമായ ഒരു ഓര്‍മ്മപ്പെടുത്തലായിട്ട് കൂടി ആയിരിക്കും ഈ സിനിമ വായിക്കപ്പെടുക അല്ലെങ്കില്‍ വായിക്കപ്പെടെണ്ടത് . ഒരു രാഷ്ട്രത്തിന്‍റെ , ആ നാടിന്‍റെ ഏറ്റവും മഹാനായ പുത്രന്‍റെ ഒക്കെ അവിസ്മരണീയമായ ഒരു എട് ചരിത്രത്തോട് അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തികൊണ്ടുതന്നെ സിനിമയാക്കാന്‍ സാധിക്കുക എന്നത് ഒരു ചെറിയകാര്യമല്ലല്ലോ .
മണ്ടേലയുടെ ജയില്‍ മോചനത്തിനും തിരഞ്ഞെടുപ്പിനും ശേഷം ദക്ഷിണാഫ്രിക്ക കടന്നുപോയ ഏറെ പ്രശനഭരിതവും കലുഷിതവുമായ ഒരു രാഷ്ട്രീയ ചരിത്രത്തിലേക്ക് കൂടി വിരല്‍ചൂണ്ടി നില്ല്ക്കുന്നത് അല്ലെങ്കില്‍ അതിന്‍റെ ഒരു നേര്‍കാഴ്ചയായിട്ടുകൂടിയാണ് INVICTUS ആസ്വദിക്കേണ്ടത് . ഒരു രാത്രി ഇരുട്ടിവെളുത്താല്‍ പോകാത്ത വിധത്തില്‍ ആ ജനതയുടെ മനസ്സില്‍ കറുപ്പിന്റെയും വെളുപ്പിന്റെയും ഒക്കെ അധീശത്വത്തിന്‍റെയോ അപകര്‍ഷതയുടെയോ ഒക്കെ കടുംചായങ്ങള്‍ വീണു കട്ടപിടിച്ചു പോയിരുന്നു . മന്ത്രംചൊല്ലി ഉണക്കാന്‍ കഴിയാത്ത വിധത്തില്‍ അവരുടെ മനസ്സുകളില്‍ വിവേചനത്തിന്റെ മുറിവുകള്‍ വീണുപോയിരുന്നു . ആ തിരിച്ചറിവില്‍ നിന്നുകൊണ്ട് മണ്ടേല എന്ന മനുഷ്യന്‍ ജനനന്മയ്ക്ക് , രാജ്യത്തിന്‍റെ പുനരുദ്ധാരണത്തിനു ഒക്കെവേണ്ടി തന്നാലാവും വിധം പ്രവര്‍ത്തിക്കുന്നത് സിനിമ നമുക്ക് കാണിച്ചു തരുന്നു . ആധുനിക ഒളിമ്പിക്സ് ന്‍റെ ആചാര്യനായ പിയറി ഡി കുബെര്‍റ്റിന്‍ ഒക്കെ പണ്ടേ പറഞ്ഞു വച്ചതിലേക്ക് കൂടിയാണ് മണ്ടേല ചിന്തിച്ചത് എന്ന് തോന്നുന്നു . ജനങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ സ്പോര്‍ട്സ്നു എന്ത് സാധിക്കും എന്ന സന്ദേശം ആണ് സിനിമ അവശേഷിപ്പിക്കുന്നതും .
നല്ല സിനിമയെ സ്നേഹിക്കുന്ന ആഗോളസിനിമാ പ്രേക്ഷകര്‍ക്ക് ഒരുപാടു നിര്‍ദേശിക്കപെട്ടിട്ടുള്ള സിനിമയാണ് INVICTUS . "INVICTUS" എന്ന ലാറ്റിന്‍ വാക്കിന്‍റെ അര്‍ഥം കീഴടക്കാന്‍ സാധിക്കാത്തത് എന്നാണ് . അതിലും മികച്ച വേറെയെന്തു പേര് നല്‍ക്കാനാണ് ഈ സിനിമക്ക് .1995 ലെ റഗ്ബി ലോകകപ്പ് ഫൈനല്‍ മത്സരത്തിന്‍റെ ലിങ്ക് താഴെ ചേര്‍ക്കുന്നു
http://www.youtube.com/watch?v=LmQHWex_UFo
ബാഷ്പാഞ്ജലി :- മഡിബ ഉറങ്ങുകയാണ് . ഇനി ഒരിക്കലും ഉണര്‍ന്നു ലോകനന്മ്മയ്ക്ക് വേണ്ടി പോരാടാന്‍ തിരികെ വരാത്ത , ശാന്തമായ ഉറക്കം .. മണ്ടേലയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ അശ്രുകൊണ്ട് ഒരു പ്രണാമം .
( വഴിപോക്കന്‍)
No comments:
Post a Comment