ലോക സിനിമയെ അടുത്തറിയാന്‍ ശ്രമിച്ചിട്ടെങ്കിലും ഉള്ള ഒരാള്‍ക്കും വഴിപോക്കന്‍ പരിചയപ്പെടുത്തേണ്ടതില്ലാത്ത പേരാണ് അകിര കുറസോവയുടെത്. ആഗോള സിനിമയിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു അദേഹത്തിന്‍റെ റാഷമണ്‍ ( RASHOMON -1950) . അറുപതുവര്‍ഷം മുമ്പത്തെ പരിമിതമായ സാങ്കേതികതയും സിനിമയുടെ ശൈശവ ദിശയും ഒക്കെ വച്ച്നോക്കുമ്പോളാണ് റാഷമണ്‍ എന്ന ചലച്ചിത്രം എവിടെ നില്‍ക്കുന്നു എന്ന് ശരിക്കും ബോധ്യമാകുക. ആ കാലഘട്ടത്തിലെ പല സിനിമകളോടും താരതമ്യം പോലും സാധ്യമാകാത്ത സിനിമകളെ ഇന്ന് നമുക്കുള്ളൂ എന്ന സത്യം അംഗീകരിച്ചാല്‍ നാം എവിടെയെത്തി എന്ന സത്യം ഒരല്‍പം ഞെട്ടലോടെ നാം തിരിച്ചറിയുകയും ചെയ്യും . കറുപ്പിലും വെളുപ്പിലും എഴുതിയ ആ സിനിമാകാവ്യം ലോകമെമ്പാടും ആവര്‍ത്തിച്ചു പ്രദര്‍ശിപ്പിച്ചിട്ടുള്ളതും ഇന്നും സിനിമാ പ്രേമികള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ഒരു പാഠപുസ്തകമോ അളവുകോലോ ഒക്കെയും യാണ് . കുറസോവയെപ്പറ്റിയോ ഈ ചിത്രത്തെ ക്കുറിച്ചോ കേള്‍ക്കാത്ത സിനിമാപ്രേമികള്‍ നന്നേ കുറവാവാകാന്‍ ആണ് സാധ്യത . വരും തലമുറയുടെ ചലച്ചിത്രകാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്തിപോരുന്ന അപൂര്‍വ്വം സിനിമകള്‍ ഒന്നാണ് റാഷമണ്‍ എന്നത് തിരസ്കരിക്കാനാവാത്ത ഒരു സത്യമാണ് .
പ്രാചീന ജപ്പാനിലെ നഗര കവാടങ്ങളെ ആണ് റാഷമണ്‍ എന്ന് വിളിച്ചിരുന്നത്. ഒരു തകര്‍ന്ന റാഷമണ്‍ കവടത്തിലാണ് സിനിമ തുടങ്ങുന്നത് . കനത്ത മഴയില്‍ അവിടെ അഭയം തേടുന്ന രണ്ടു പേര്‍ - ഒരു മരം വെട്ടുകാരനും ഒരു പുരോഹിതനും . അവിടേക്ക് വന്നുകയരുന്ന മറ്റൊരു വഴിപോക്കന്‍ . മരം വെട്ടുകാരന്‍ അവര്‍ കണ്ട ഒരു അവിശ്വസനീയ സംഭവത്തെ ക്കുറിച്ച് പറഞ്ഞു തുടങ്ങുകയാണ് .കുറച്ചു ദിവസം മുന്‍പ് മരംവെട്ടാന്‍ കാട്ടില്‍ പോയ അയാള്‍ കൊല്ലപ്പെട്ടുകിടക്കുന്ന ഒരാളെ കാണുന്നു . അത് പോലീസില്‍ അറിയിക്കുന്നു . തുടര്‍ന്ന് നടക്കുന്ന വിചാരയുടെ അതിനാടകീയവും അവിശ്വസനീയവും എന്നാല്‍ ആകാംഷഭരിതവുമായ രംഗങ്ങളിലൂടെയാണ് റാഷമണ്‍ പുരോഗമിക്കുന്നത് . സംഭവത്തിന്റെ ദൃക്സാക്ഷികളും കുറ്റാരോപിതരും , പിന്നെ മരിച്ച മനുഷ്യനും എല്ലാം അവരവരുടെ കഥ പറയുകയാണ് . ഒരു ക്രൈം ത്രില്ലെര്‍ന്‍റെ തീരെ കണ്ടുപരിചയമില്ലാത്ത കഥപറച്ചില്‍ രീതിയാണ് നമ്മുക്ക് സിനിമയില്‍ കാണാനാവുക .
പരസ്പര വിരുദ്ധങ്ങളായ നാലു കഥകള്‍ ആണ് നാലുപേര്‍ പറയുന്നത് . അവരുടെ കഥകളിലൂടെ ഒരു കൊലപതകത്തിന്‍റെ ചുരുളുകള്‍ പയ്യെ പയ്യെ അഴിഞ്ഞു വീഴുന്നു . എന്നാല്‍ തീരെ വ്യക്തത യില്ലാതെ പരസ്പരവിരുദ്ധ സ്വഭാവമാണ് നാലു കഥകള്‍ക്കും . കൊലക്കുറ്റം ആരോപിക്കപ്പെട്ട ഒരു കൊള്ളക്കാരന്‍ , മരിച്ച ആളിന്‍റെ ഭാര്യ , മരിച്ച ആള്‍ ( ആത്മാക്കളോട് സംസാരിക്കുന്ന ഇടനിലക്കാര്‍ വഴിയാണ് അയാള്‍ കഥ പറയുന്നത് ) , പിന്നെ അവസാനം ആ മരം വെട്ടുകാരനും . എങ്ങനെ പരസ്പരം കലഹിക്കുന്ന നാലുകഥകളെ ബന്ധിപ്പിക്കുമ്പോള്‍ കിട്ടുന്നത് ഒരു കൊലപാതകത്തിന്‍റെ ഉത്തരമാണ് . അവിശ്വസനീയമായ മൂന്നു കഥകള്‍ പറഞ്ഞതിന് ശേഷം കേട്ടുനിന്ന ആ വഴിപോക്കന്റെ നിര്‍ബന്ധപ്രകാരമാണ് മരം വെട്ടുകാരന്‍ സത്യമെന്ന് പറയുന്ന അവസാന കഥ പറയുന്നത് . പക്ഷെ അതിനും തീരെ വിശ്വാസ്യത കുറവായിട്ടെ നമുക്ക് തോന്നു . സിനിമ അവസാനിക്കുന്നത് കുറച്ചുകൂടി ഗൌരവപൂര്‍ണ്ണമായ ചിന്തകള്‍ നല്‍കിക്കൊണ്ട് കൂടെയാണ് . ആ കവാടത്തില്‍ ആരോ ഉപേക്ഷിച്ചു പോയ കുഞ്ഞിന്‍റെ വിലപിടിപ്പുള്ള ഏലസ്സും ഉടുപ്പും കവര്‍ന്നുകൊണ്ട് ആ വഴിപോക്കന്‍ ഓടി മറയുമ്പോള്‍ മരംവെട്ടുകാരന്‍ ചില കുറ്റബോധത്താല്‍ ഉള്‍കണ്ണ് തുറന്ന് ആ കുട്ടിയെ ഏറ്റെടുക്കുന്നു . "മനുഷ്യനിലുള്ള എന്‍റെ പ്രതീക്ഷ തുടരാന്‍ ഒരു കാരണം കിട്ടി" എന്ന് ആ പുരോഹിതന്‍ അയാളോട് പറയുമ്പോള്‍ വെറും ഒരു കൊലപാതക കഥയ്ക്കുമപ്പുറം റാഷമണ്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകകൂടി ചെയ്തു കുറസോവ എന്ന ഇതിഹാസ ചലച്ചിത്രകാരന്‍ .
കുറസോവയുടെ ഏറവും മികച്ച സിനിമയേതു എന്ന ചോദ്യത്തിന് രണ്ടാമതോന്നാലോചിക്കാതെ റാഷമണ്‍ എന്നെ വഴിപോക്കന്‍ പറയു . അദ്ദേഹത്തിലെ പ്രതിഭാശാലിയായ ചലച്ചിത്രകാരന്‍റെ അടയാളംഅത്രമേല്‍ മിഴിവോടെ പതിഞ്ഞു കിടപ്പുണ്ട് സിനിമയുടെ ഓരോ രംഗത്തിലും . വളരെ റിയലിസ്റ്റിക് അയ ക്യാമറാ പരിചരണം സിനിമയുടെ എടുത്തുപറയേണ്ട പ്രത്യേകതകളില്‍ ഒന്നാണ് . 1950 ലെ പരിമിതമായ ചായഗ്രാഹണസങ്കേതങ്ങള്‍ വച്ചുകൊണ്ട് കുറസോവയുടെ സ്വന്തം ക്യാമറമാന്‍ Kazuo Miyagawa അഭ്രപാളിയില്‍ വിസ്മയം തീര്‍ത്തുവച്ചിരിക്കുന്നത് തെല്ലത്ഭുതത്തോടെ മാത്രമേ നമ്മള്‍ക്ക് കണ്ടിരിക്കാന്‍ സാധിക്കു . വളരെ പരിമതമായ സെറ്റിംഗ് ആണ് സിനിമയുടേത് . ആ നഗരകവാടം (റാഷമണ്‍) ,കാട് , പിന്നെ വിചാരണ നടക്കുന്ന ആമൈതാനം എന്നിങ്ങനെ മൂന്നിടങ്ങളില്‍ റാഷമണ്‍ പൂര്‍ത്തിയാകുന്നു .എന്നിട്ടും വളരെ സ്വാഭാവികതയുള്ള ഇതിന്‍റെ രംഗങ്ങളില്‍ കറുപ്പും വെളുപ്പും ഇടകര്‍ത്തി ഒരു ചിത്രകാരന്‍റെ പാടവത്തോടെ കവിത രചിക്കാന്‍ Kazuo Miyagawa ക്ക് സാധിച്ചത് ചെറിയ കാര്യമല്ല . സൂര്യപ്രകാശത്തിലേക്ക് നേരിട്ട് ക്യാമറ പിടിച്ച ആദ്യ സിനിമയാണ് റാഷമണ്‍ എന്ന് കേട്ടിടുണ്ട് . അതുപോലെ കാട്ടിലെ രംഗങ്ങളില്‍ വെളിച്ചകുറവ് പരിഹരിക്കാന്‍ വലിയകണ്ണാടികള്‍ കൊണ്ട് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുക എന്നതന്ത്രമാണ് Kazuo Miyagawa ഉപയോഗിച്ചതത്രേ . സാധാരണ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ കാണുമ്പോളുള്ള ആലോസരമോ അക്കാലത്തെ മിക്ക സിനിമാകളിലുമുള്ള നൂനതകളോ ഒന്നും അധികം ഈ സിനിമയില്‍ ഇല്ല എന്നത് അതിന്‍റെ അണിയറയ പ്രവര്‍ത്തകരുടെ കഴിവിന്റെയും പരിശ്രമത്തിന്റെയും തെളിവാണ് .
വളരെ കുറച്ചു കഥാപത്രങ്ങളെയും പരിമിത മായ സെറ്റിങ്ങും ആണ് ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത് . അതിനു ചേരുന്ന രീതില്‍ വളരെ ശ്രദ്ധയോടെ എഴുതിയതാണ് ഇതിന്‍റെ തിരക്കഥ എന്നത് വ്യക്തമാണ് . സംവിധായകനും ഷിനോബു ഹാഷിമൊട്ടു വും ചേര്‍ന്നെഴുതിയ തിരക്കഥ സിനിമയെ കാലാതിവര്‍ത്തിയാക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് . ആദ്യം പറഞ്ഞതുപോലെ തന്നെ പരസ്പര വിരുദ്ധങ്ങളായ കഥകളിലൂടെ ആണ് സിനിമ സംവേദിക്കുന്നത് . അതില്‍ കള്ളമായ മൂന്ന് കഥകള്‍ ആദ്യം പറയുന്നു . ഒടുവില്‍ പറയുന്ന സത്യമായ കഥയും ഒരല്‍പം അവിശ്വസനീയത നിറഞ്ഞതാണ് . സിനിമകാണുന്ന പ്രേക്ഷകന് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന വിധത്തില്‍ അവ്യക്തത അതില്‍ നിറഞ്ഞു നില്ല്കുന്നു.
അതിന്‍റെ മറുപിടിയായി കുറസോവ തന്നെ തന്‍റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ് - " റാഷമണ്‍ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാണ് ;ജീവിതത്തിന്എല്ലായിപ്പോഴും വ്യക്തമായ അര്‍ത്ഥങ്ങളില്ല"
കുറസോവ പറഞ്ഞതുപോലെ ഒരല്‍പം വ്യക്ത കുറഞ്ഞതെങ്കിലും ജീവിതത്തിന്‍റെ നേര്‍ പ്രതിഫലനമാണ് റാഷമണ്‍. മനുഷ്യന്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ സത്യത്തിനു നിരക്കാത്താവനായി പരിണമിക്കുന്ന കാഴ്ചയാണ് നമ്മള്‍ നിറഞ്ഞു കാണുന്നത് . സ്ത്രീയും പുരുഷനും സാഹചര്യങ്ങള്‍ക്കും സ്വാര്‍ഥ ലാഭത്തിനു മപ്പുറം സത്യം വളച്ചൊടിക്കുന്നു . ഭൂതത്തിന്‍റെ പുണ്ണ് കിള്ളി പഴുപ്പിക്കാനെ ചില സത്യങ്ങള്‍ ഉപകരിക്കു എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് സ്വന്തം തെറ്റുകളെയും ബലഹീനതകളെയും മറയ്ക്കാന്‍ അവര്‍ അസത്യം കൊണ്ട് കഥകള്‍ പറയുന്നു . മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു . മനുഷ്യന്റെ ഉല്‍പ്രേരണകളെയും ബലഹീനതകളെയും നന്നായി വിശകലം ചെയ്യുന്നുകൂടി ഉണ്ട് റാഷമണ്‍. ഒപ്പം അവനിലെ ചില നന്മകളുടെ സ്ഫുരണം കൂടി കാണിച്ചു തന്നുകൊണ്ട് മനുഷ്യനില്‍ ഇനിയും അവശേഷിക്കുന്ന പ്രതീക്ഷകള്‍ ചിലത് ഉണ്ടെന്നുകൂടി പറഞ്ഞുതരുന്നു .
ലോക സിനിമക്ക് നടക്കാന്‍ പുതിയൊരു വഴിവെട്ടിത്തെളിച്ചിടുകകൂടി ചെയ്യുനുണ്ട് കുറസോവ . റാഷമണ്‍ ലോകമെമ്പാടും അക്കാലത്തെ നവതരംഗ സിനിമാക്കാര്‍ നടക്കാന്‍ ശ്രമിക്കുകയോ നടക്കുകയോ ഒക്കെ ചെയ്ത നല്ല സിനിമയുടെ വസന്തം നിറഞ്ഞ വഴികൂടിയായിരുന്നു . പരസ്പര വിരുദ്ധങ്ങളായ കഥകളിലൂടെ പോയി ഒടുവില്‍ സത്യം പറയുന്ന ഈ ആഖ്യാന രീതിയെ പിന്നീടുള്ളവര്‍ RASHOMON EFFECT എന്നുവിളിച്ചു. റാഷമണ്‍ന്‍റെ പ്രകടമായ സ്വാധീനത്തിന്റെ അടയാളങ്ങള്‍ പിന്നീടുള്ള എല്ലാകാലത്തെയും സിനിമകളില്‍ വ്യക്തമായി തന്നെ കാണാം . നമ്മുടെ മലയാളത്തില്‍ തന്നെ കെ.ജി. ജോര്‍ജ്ജ്ന്‍റെ യവനികയും ടി. വി . ചന്ദ്രന്‍റെ കഥവശേഷനും പോലെ എത്രയെത്ര ഉദാഹരണങ്ങള്‍ .
കുറസോവക്ക് പ്രത്യേക ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചു ഈ ചിത്രത്തിന് . കൂടാതെ ലോകമെമ്പാടും ഒട്ടനവധി സിനിമാ മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഒരുപാടു പുരസ്കാരങ്ങളും പ്രശംസയും വാരിക്കൂട്ടുകയും ചെയ്തു റാഷമണ്‍. ഇന്നും ലോകസിനിമയിലെ ഒരുക്ലാസ്സിക്‌ചിത്രമായി തന്നെയാണ് റാഷമണ്‍ കരുതിപോരുന്നത് . അകാദമി അവാര്‍ഡുകളില്‍ BEST FOREIGN LANGUAGE FILM എന്നൊരു വിഭാഗം ഉണ്ടാക്കിയതിന്‍റെ കാരണമായി പലരും കരുതുന്നത് റാഷമണ്‍ ആണ് . മറ്റുനാടുകളില്‍ മികച്ച സിനിമകള്‍ ഉണ്ടാകുന്നുണ്ട് എന്ന ബോധം ഓസ്കാര്‍ അകാദമിക്ക് ഉണ്ടായതും അതിനെ അന്ഗീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്യാന്‍ റാഷമണ്‍ ആണ് കാരണമായത് .
സിനിമയെ സ്നേഹിക്കുന്ന അടുത്തറിയാന്‍ കൊതിക്കുന്ന സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകള്‍ ഒന്നാണ് റാഷമണ്‍. അറുപതു വര്‍ഷത്തിനു ശേഷവും ഒളിമങ്ങാതെ നില്ല്കുന്ന ഈ സിനിമ കാണാത്തത് ഒരു വല്യ നഷ്ടംതന്നെയാണെന്ന് പറയാതെ വയ്യ . കാണാത്തവര്‍ തീര്‍ച്ചയായും കാണുക .
(വഴിപോക്കന്‍ )
കണ്ടിട്ടില്ല...,
ReplyDeleteകാണണം