Tuesday 28 April 2015

ഫയര്‍ മാന്‍

പശു ചത്ത്‌  മോരിലെ പുളിയും പോയിട്ട്  എഴുതുന്ന ഒരു അപ്രസക്തമായ കുറിപ്പ് ആയിരിക്കാം . എങ്കിലും എഴുതാന്‍ തോന്നി ... എഴുതുന്നു 
 ദീപു കരുണാകരന്‍റെ ഫയര്‍ മാന്‍ എന്ന സിനിമ എല്ലാ പ്രവാസികളെയും പോലെ ഞാനും ഈയാഴ്ച കണ്ടു .  രണ്ടുമാസം മുന്‍പ് ഇറങ്ങിയ സിനിമയെപറ്റി  അധികം വാചാലമാകുന്നതില്‍ അര്‍ഥമില്ല എന്നെനിക്കറിയാം . എങ്കിലും സിനിമ ഇറങ്ങിയപ്പോള്‍ കേട്ട പല അഭിപ്രായങ്ങളും ഓര്‍മ്മവരുന്നതുകൊണ്ട്  ഒരു വയ്കിയ വിലയിരുത്തലിന്  മുതിരുകയാണ് . 
മുഖ്യധാര സിനിമയുടെ പ്രമേയസാധ്യതയില്‍  അഗ്നിശമനസേനയുടെ പേരുപോലും  മലയാളത്തില്‍ കേട്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല . വിദേശ സിനിമകളില്‍ ഇത്തരം പ്രമേയങ്ങള്‍ ഒരുപാടു വന്നുപോയിട്ടും ഉണ്ട് . Roxanne ഒക്കെ പോലെ ഹസ്യാവിഷ്കാരം അടക്കം  കുറെയേറെ സിനിമകള്‍ ഉണ്ട്  ഓര്‍മയില്‍ . അത്തരത്തില്‍ വ്യത്യസ്തമായ പ്ലോട്ട് തന്നെയായിരുന്നു ഫയര്‍മാന്‍ എന്ന സിനിമയുടെ മുഖ്യ ആകര്‍ഷണം. പിന്നെ തിയേറ്ററില്‍ സിനിമകണ്ട്‌ കുറെ മികച്ച അഭിപ്രായങ്ങളും കേട്ടിരുന്നു . എന്നിരുന്നാലും ഇതില്‍നിന്നും നേരെ വിപരീതമായി ഒരു  മികച്ച സിനിമയായി അവതരിപ്പിക്കാമായിരുന്ന പ്രമേയത്തെ പകുതി വെന്ത തിരക്കഥയും ചോദ്യം ചെയ്യപ്പെടാവുന്ന യുക്തിരാഹിത്യവും കൊണ്ട് കൊന്നുകൊലവിളിച്ചു ദീപു കരുണാകരന്‍ എന്നാണ് വഴിപോക്കന്‍റെ അഭിപ്രായം ( "എന്നാ നീ തിരക്കഥ എഴുതി ഒരെണ്ണം ഇറക്കടാ" എന്ന മറുപിടി പ്രതീക്ഷിക്കുന്നു ). 

മമ്മൂട്ടിയുടെ ഡേറ്റ്  കിട്ടി , ഒരു സിനിമ ചെയ്തേക്കാം എന്ന്  തോന്നി ഇറങ്ങി പുറപെട്ടതാണോ എന്നറിയില്ല , പക്ഷെ അങ്ങനെ തോന്നുന്നു . എവിടെയും പേരെടുത്ത് പ്രശംസിക്കപ്പെടാതെ പോകുന്ന , കഴിവുകെട്ടവര്‍, വയ്കി എത്തുന്നവര്‍ എന്നൊക്കെ ഏറെ വിമര്‍ശിക്കപ്പെടുന്ന ഫയര്‍ ഫോഴ്സ് ന്‍റെ അഭിമാനം വിളിച്ചു പറയാന്‍ ശ്രമിക്കുന്ന ചിന്തയെ ആദ്യമേ അകമഴിഞ്ഞ് അഭിനന്ദിക്കട്ടെ . പക്ഷെ ഒരു വന്‍ ദൌത്യം ഒക്കെ സൃഷ്ടിച്ചു കുറെ തീയും പുകയും നിറച്ചാലൊന്നും സിനിമ ആത്മാവില്‍ തൊടില്ല . സഹപ്രവര്‍ത്തകന്‍ മരിച്ചു വീണിട്ടു സെന്റിമെന്‍സും ഡയലോഗും ഒക്കെ എത്രയോ കണ്ടതാണ് . ആത്മാവില്‍ പോയിട്ട് ശരീരത്തില്‍ പോലും തൊടാതെ അഞ്ചടി മാറി നില്‍ക്കും , അവിടെയാണ് അതിനൊക്കെ സ്ഥാനം . ഒരു ശരാശരി ബുദ്ധിയില്‍ ചിന്തിച്ചാല്‍ പോലും ഒരു യുക്തിയും ഇല്ലാത്ത അതി നാടകീയമായ ഒരു പ്ലോട്ട് ഒരുക്കാന്‍ തിരക്കഥാ രചയിതാവിന് എങ്ങനെ സാധിച്ചു എന്ന് വഴിപോക്കന്‍ അത്ഭുതപ്പെടുന്നു . അതോ മമ്മൂട്ടി എന്ന വികാരത്തെ , പ്രതിഭയെ ക്ലോസ്അപ്പില്‍ ഷൂട്ട്‌ ചെയ്തു ഒരു പുകമറ സൃഷ്ടിച്ചു ആളുകളെ അങ്ങ്  വിഡ്ഢി അക്കാമെന്നോ ? 
ഒരു ആഗോള കൊടുംഭീകരന്‍ ജയില്‍ ചാടാന്‍ ആസൂത്രണം ചെയ്ത ഗ്യാസ് ടാങ്കര്‍ അപകടം . അതിഭീകരം എന്നല്ലാതെ എന്ത് പറയാന്‍ . പരസ്പര ബന്ധമോ പൂര്‍ണതയോ ഇല്ലാത്ത ഒരു കഥാധാര . അങ്ങനെയേ അനുഭവപെട്ടോളൂ.  മമ്മൂട്ടി എന്ന നടന്‍റെ വിപണന മൂല്യവും താരപ്രഭയും പിന്നെ തലയ്ക്കു വെളിവില്ലാത്ത താരഭ്രാന്തന്മ്മാരെയും മുതലെടുത്ത്‌ ഒരു സിനിമ ഉണ്ടാക്കാം , മിലാന്‍ ജലീലിനു പത്തു പുത്തന്‍ കിട്ടിക്കോട്ടേ എന്നൊക്കെ മാത്രമേ സംവിധായകന്‍ ചിന്തിച്ചോള് എങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല . അതില്‍ കൂടുതല്‍ എന്ത് അവകാശവാദം ഉണ്ടെങ്കിലും അത് ഉറക്കെ വിമര്‍ശിക്കപെടാന്‍ ഉള്ളതാണ് . എങ്കിലും മമ്മൂട്ടി എന്ന നടന്‍റെ രംഗ സാനിധ്യം ഒന്നുകൊണ്ടു മാത്രമാണ്  സിനിമ മുഴുവന്‍ കാണാന്‍ എങ്കിലും എനിക്ക് കഴിഞ്ഞത് . ഇത്രയും വലുതായി ചിന്തിക്കാതെ, അന്താരാഷ്ട്ര ഭീകരനെയും ഒക്കെ വിളിക്കാതെ തന്നെ ഒരു ഫയര്‍ മാന്റെ , അയാളുടെ ജീവിതത്തെ , സമൂഹത്തിന്‍റെ രക്ഷകര്‍ ആകുന്നതിന്റെ ഒക്കെ  ചിത്രമായി ഇതിനെ മറ്റൊരു രീതില്‍ അവതരിപ്പിച്ചാല്‍ ചിലപ്പോള്‍ എത്ര മനോഹരമായേനെ . 
വാ))))))))))ല്‍:-
സലിം കുമാര്‍ അതിലെ ഒക്കെ നടക്കുന്ന കണ്ടു .. ആ കുട്ടി ആരാണോ,ഏതാണോ എവിടുതെയാണോ ? ആരും ഒന്നും പറഞ്ഞില്ല ...

1 comment:

  1. ഒരു വന്‍ ദൌത്യം ഒക്കെ സൃഷ്ടിച്ചു കുറെ
    തീയും പുകയും നിറച്ചാലൊന്നും സിനിമ ആത്മാവില്‍ തൊടില്ല .
    സഹപ്രവര്‍ത്തകന്‍ മരിച്ചു വീണിട്ടു സെന്റിമെന്‍സും ഡയലോഗും ഒക്കെ
    എത്രയോ കണ്ടതാണ് .

    ReplyDelete