Friday 13 February 2015

പീക്കേ : ചില ചിന്തകള്‍

           
               PK എന്ന രാജ് കുമാര്‍ ഹിരാനി ചിത്രം കണ്ടിട്ട് ഏകദേശം ഒരു മാസം ആയി . ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലാത്തതുകൊണ്ട് പടമിറങ്ങി ഒരു മാസത്തോളം ആയപ്പോള്‍ ആണ് കാണാന്‍ സാധിച്ചത് . തിയേറ്റര്‍ വിട്ടു ദൈനംദിന പരിപാടികളിലേക്ക്  വ്യാപൃതനാകുന്ന ശരാശരി സിനിമാ ആസ്വാദകനെ വല്ലാതെ പിന്തുടരാനും ഉറക്കം കെടുത്താനുമുളള ആ മാധ്യമത്തിന്‍റെ അന്യാദ്രിശ്യമായ ശക്തി വീണ്ടും  തിരിച്ചറിയിച്ച സിനിമ ആയിരുന്നു അത്  . ഉറക്കം പോകുക തന്നെ ചെയ്തു . ഇതെഴുതുമ്പോള്‍ ആ സിനിമ എന്നില്‍ ഉണ്ടാക്കിയ ഞെട്ടല്‍ കുറെയൊക്കെ ബാക്കിയുണ്ട് . ഒരുപാടു നിരൂപണങ്ങളും ചര്‍ച്ചകളും ഞാന്‍ സിനിമ കാണുന്നതിനു മുന്‍പേ നടന്നിരുന്നതുകൊണ്ടും മടി , തിരക്ക് എന്നിവകൊണ്ടും എഴുതാതെ വിട്ടതിനെ ഇന്ന്  വീണ്ടും പിന്തുടരാന്‍ കാരണം ഒരു വാര്‍ത്തയായിരുന്നു . ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയെ പ്രതിഷ്ഠയാക്കി നിര്‍മിച്ച ക്ഷേത്രത്തെ ക്കുറിച്ച്  വായിച്ചതാണ് ഇപ്പോള്‍ ഈ കുറിപ്പ് എഴുതാനുള്ള പ്രേരക ശക്തി . കുറച്ചു ചിന്തകള്‍ ഒരു സിനിമാ ആസ്വാദനത്തിന്‍റെ ഒപ്പം പങ്കുവയ്ക്കുന്നു എന്ന് മാത്രം .

 ആള്‍ ദൈവങ്ങള്‍, അത്ഭുതസിദ്ധിവൈഭവങ്ങള്‍, തപശ്ശക്തി, കാവി , ഗംഗ , ഭസ്മം , ജാലവിദ്യ , അങ്ങനെ ഒരുപാടു കപട ഭക്തി വ്യവസായങ്ങളും മത-ജാതി-പ്രാദേശിക വാദങ്ങളുടെ സമവാക്യത്തില്‍ നിന്ന് അധികാര വ്യപിചാരം നടത്തുന്ന രാഷ്ട്രീയ കോമരങ്ങളും കൂടെ ആറേഴു പതിറ്റാണ്ട് കൊണ്ട്  ഒരു രാജ്യത്തെയും അവിടുത്തെ സാധാരണ ജനങ്ങളെയും കൊന്നു തിന്നും കൊള്ളയടിച്ചും നശിച്ചു നരകമായ നമ്മുടെ ഭാരതത്തിന്‍റെ രാഷ്ട്രീയ-സാമൂഹിക ഭൂമികയില്‍ നിന്നുകൊണ്ട് സത്യം പച്ചക്ക് ഉറക്കെ വിളിച്ചുപറയുന്നു എന്നത് തന്നെയാണ്  PK  എന്ന സിനിമയുടെ പ്രസക്തി .ഏതോ പുരാണകാലം തൊട്ടേ വിധിയെ പ്രണയിച്ചും അതിനു കീഴടങ്ങിയും ഒരു നേരത്തെ അന്നം എന്ന അവന്‍റെ ഏറ്റവും പ്രായോഗിക സ്വപ്നത്തിനു വേണ്ടി പടപൊരുതിയും ജീവിച്ച ഇവിടുത്തെ പാവം ജനങ്ങള്‍ 1947ഇല്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്നോ അതുകഴിഞ്ഞ് എന്തൊക്കെയോ മഹാസംഭവങ്ങള്‍ ഈ മഹാരാജ്യത്ത് അരങ്ങേറിയെന്നോ അറിയാതെ  അല്ലെങ്കില്‍ അറിയാന്‍ മെനക്കെടാതെ , ചൂഷകര്‍ക്ക് ഇരയായി സ്വയം സമര്‍പ്പിച്ചു ഇവിടെ ജീവിക്കുകയാണ്.
               ഇത്തരം വിമര്‍ശന രീതിയില്‍ തന്നെ ഇതിനെയൊക്കെ സമീപിച്ച മറ്റു സിനിമകള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നോ അല്ലെങ്കില്‍ ആ ഗണത്തില്‍ പെട്ടവയില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട ഒന്ന് എന്നോ ഒന്നും ആയല്ല PK എന്ന സിനിമയെ ഞാന്‍ കരുതുന്നത് . മറ്റു പലസിനിമകളില്‍ ആയി പല ഭാവത്തില്‍ ഒളിഞ്ഞും തെളിഞ്ഞും തന്നെ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ തന്നെയാണ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഒന്നുപോലും PK യില്‍ ഇല്ല എന്ന് തന്നെ പറയാം . എങ്കിലും അതിനെ അവതരണത്തിലെ ഭംഗിയും ക്രാഫ്റ്റും ഈ സിനിമയെ മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമാക്കുന്നു അല്ലെങ്കില്‍ അവയുടെ കൂടെ നിര്‍ത്തുമ്പോള്‍ ഒരു കിരീടം ചാര്‍ത്തികൊടുക്കുന്നു. നമ്മള്‍ തന്നെ നമ്മെ നോക്കിക്കാണുമ്പോള്‍ കാണുന്ന സൗന്ദര്യം, കാണാത്ത കുറവുകള്‍ ഇവയെല്ലാം മറ്റൊരാള്‍ നോക്കുമ്പോള്‍ എങ്ങനെയിരിക്കും എന്ന ലളിതമായ സങ്കേതത്തില്‍ ആണ് PK നിലനില്‍ക്കുന്നത് . മറ്റൊരു രാജ്യത്തു നിന്നോ ഭൂഖണ്ഡത്തില്‍ നിന്നോ അല്ലാതെ ഈ ഭൂമിക്കു പുറത്തുനിന്നും ഇതൊന്നും അറിയാതെ ഒരാള്‍ ഇതിനെ കാണുമ്പോള്‍ ഇതില്‍ പെട്ടുപോകുമ്പോള്‍ ഇതെങ്ങനെ അനുഭവപ്പെടുന്നു എന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യം മതവികാരങ്ങളുടെ വൃണപ്പെടുത്തലുകള്‍ ആകുന്നു എങ്കില്‍ അത്രമാത്രം എളുപ്പത്തില്‍ പരിക്കേല്‍ക്കുന്ന ഒന്നാണ് നമ്മുടെ വിശ്വാസങ്ങള്‍ എന്ന് തിരിച്ചറിയാന്‍ ഈ അവസരത്തെ ഉപയോഗപ്രദമായ ഒന്നായി അടയാളപ്പെടുത്താന്‍ നമുക്ക് കഴിയാത്തത്  എന്തുകൊണ്ടാണ് ? 

ഒളിഞ്ഞും തെളിഞ്ഞും തമാശ പുരട്ടിയും പുരട്ടാതെയും ഒക്കെ PK ലക്‌ഷ്യം വയ്ക്കുന്നത് നമ്മുടെ കപട വിശ്വാസത്തിന്റെ മര്‍മ്മസ്ഥാനത്താണ് . മര്‍മ്മത്ത് അടികിട്ടിയാല്‍ ആരും വെറുതേ ഇരിക്കില്ല . പ്രതികരിക്കും . ചാനല്‍ പക്ഷികള്‍ വട്ടമിട്ടു പറക്കും . സന്ധ്യക്ക്‌ വെടിവട്ടം നടത്താന്‍ അവര്‍ക്കൊരു വിഷയം കിട്ടും . ഒരു ദൈവത്തിന്‍റെ ഇഷ്ടങ്ങള്‍ മറ്റു ദൈവങ്ങള്‍ക്ക്  ഹറാം ആകുന്നത്തിന്‍റെ മത രാഷ്ട്രീയം മുതല്‍ പേപ്പറും  പണവും അതിലെ പടവും ഒക്കെചേരുന്ന സാമ്പത്തിക രാഷ്ട്രീയവും പണവും വസ്ത്രങ്ങളുംനിര്‍ലോഭം പൊഴിക്കുന്ന ഡാന്‍സിംഗ് കാറുകളുടെ ലൈംഗിക രാഷ്ട്രീയവും എല്ലാം
ഇവിടെ ആക്ഷേപഹാസ്യത്തില്‍ എങ്കിലും അതിനുമപ്പുറം ഗൌരവമാര്‍ന്ന മറ്റൊരു തലത്തില്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നു . അവ നമ്മോടുതന്നെ കലഹിക്കുകയും ചെയ്യും .
 ഒരുപാടു പറഞ്ഞും തര്‍ക്കിച്ചും എങ്ങുമെത്താതെ  പോയ വിഷയങ്ങള്‍ ഒരിക്കല്‍ക്കൂടി  സമൂഹത്തില്‍ ഇട്ടു വിഴുപ്പലക്കി എന്ന ആരോപണത്തില്‍ നിന്ന് PK രക്ഷപെടുന്നില്ല എങ്കിലും സിനിമ എന്ന നിലയില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ മറവില്‍ മേനിപ്രദര്‍ശനം നടത്തുന്ന , കള്ളും കഞ്ചാവും പുകയും നിറയുന്ന സിനിമാ കെട്ടുകാഴ്ച്ചകള്‍ക്കിടയില്‍ വല്ലപ്പോഴും വരുന്ന ഇത്തരം സിനിമകള്‍ സമൂഹത്തെ റാഡിക്കല്‍ ആയി മാറ്റാന്‍ കഴിവുള്ള അത്ഭുതമൊന്നും അല്ലെങ്കിലും ശരാശരി സിനിമാക്കാരനെ തിയേറ്റര്‍ വിട്ടശേഷവും ഒട്ടുപിന്തുടരുവാന്‍ കഴിയുന്നവയാണ് എന്നത് ചെറിയ കാര്യമല്ല . PK യുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും വഴിപോക്കന്റെ ആത്മാവില്‍ തട്ടിയുള്ള അഭിനന്ദനങ്ങള്‍ .
വാല്‍ :- നരേന്ദ്ര മോഡിയെ പ്രതിഷ്ഠ ആക്കി ക്ഷേത്രം പണിതത്തില്‍ ഒരു അത്ഭുതവും ഞാന്‍ കണ്ടില്ല . "അതുക്കും മേലെ " നമ്മുടെ സണ്ണി ചേച്ചിയെ വരെ പ്രതിഷ്ഠിച്ചു ഇവിടെ അമ്പലങ്ങള്‍ ഉയരും .ഇതും ഇതിലപ്പുറവും ഇവിടെ നടക്കും . "

1 comment:

  1. സിനിമ എന്ന നിലയില്‍ ആവിഷ്കാര
    സ്വാതന്ത്ര്യത്തിന്‍റെ മറവില്‍ മേനിപ്രദര്‍ശനം നടത്തുന്ന ,
    കള്ളും കഞ്ചാവും പുകയും നിറയുന്ന സിനിമാ കെട്ടുകാഴ്ച്ചകള്‍ക്കിടയില്‍
    വല്ലപ്പോഴും വരുന്ന ഇത്തരം സിനിമകള്‍ സമൂഹത്തെ റാഡിക്കല്‍ ആയി
    മാറ്റാന്‍ കഴിവുള്ള അത്ഭുതമൊന്നും അല്ലെങ്കിലും ശരാശരി സിനിമാക്കാരനെ
    തിയേറ്റര്‍ വിട്ടശേഷവും ഒട്ടുപിന്തുടരുവാന്‍ കഴിയുന്നവയാണ് എന്നത് ചെറിയ
    കാര്യമല്ല .

    ReplyDelete