Tuesday 4 February 2014

1983 - ക്രിക്കെറ്റിന്‍റെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് ഒരു സിനിമ

                       
                           അബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983  കണ്ടു . ക്രിക്കറ്റ്‌നെ  ജീവവായു പോലെ മനസ്സില്‍ ആവാഹിച്ചു ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതകഥ എന്ന് ഒറ്റവാക്കില്‍ പറയാവുന്ന ചിത്രം . എണ്‍പതുകളിലും തൊണ്ണൂറുകളിലും  ഇന്ത്യന്‍ യുവാക്കളുടെ മനസ്സിലേക്ക് കാട്ടുതീപോലെ പടര്‍ന്നുകയറിയ ക്രിക്കറ്റ് വികാരത്തിന്‍റെ ഗൃഹാതുരമുണര്‍ത്തുന്ന ഒരു ഓര്‍മ്മക്കുറിപ്പാണ് ഈ ചിത്രം . ഓര്‍മകളുടെ കൈപിടിച്ച് നമ്മുടെ മനസ്സ്  ഈ സിനിമയ്ക്കൊപ്പം ഒരുപാടു പിന്നിലേക്ക്‌ പോയി നമ്മുടെ ബാല്യ-കൌമാരങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍  മാറ്റങ്ങള്‍ക്കു വഴിമാറി നാം എന്നോ കൈവിട്ട നമ്മുടെ കൊച്ചുസന്തോഷങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക് കൂടി സംഭവിക്കുകയാണ് ഇവിടെ . ഒരു തലമുറയുടെ  മറന്നുപോയ ഭൂതകാലം ചികഞ്ഞെടുത്തു വിസ്മയം തീര്‍ക്കുന്ന ഈ ചിത്രത്തിന്‍റെ എല്ലാ അണിയറക്കാരും ഒരു മികച്ച കയ്യടി അര്‍ഹിക്കുന്നു .

                        ഇന്ത്യന്‍ ജനതയുടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വല്യ സ്വാധീന ശക്തി സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ എന്ന  മഹാനായ ക്രിക്കറ്റ്‌ കളിക്കാരന്‍ ആയിരുന്നു എന്നത് ഒരു അനിഷേധ്യ സത്യമാണ് . തന്‍റെ അനുപമ സുന്ദര കേളി ശൈലികൊണ്ടും അന്യാദ്രിശ്യമായ വ്യക്തിപ്രഭാവം കൊണ്ടും ജനമനസ്സുകളെ വശീകരിച്ച് സച്ചിനും ഒപ്പം ക്രിക്കറ്റ്‌ എന്ന കായികരൂപവും ഇന്ത്യയിലെ സാധാരണക്കാരന്‍റെ മനസ്സിലേക്ക് സ്ഥിരപ്രതിഷ്ഠ നേടുകയായിരുന്നു .  തന്‍റെ അവസാന ടെസ്റ്റ്‌ മത്സരം കളിച്ചു ആരാധകരെയും ക്രിക്കെറ്റ് ലോകത്തെയും അഭിസംബോധചെയ്തു അദ്ദേഹം നടത്തിയ പ്രസംഗം അത്രമേല്‍ ഹൃദയസ്പര്‍ശിയും ആരാധകരുടെ കണ്ണു നിറയ്ക്കുന്നതുമായിരുന്നു . ആ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ക്രീസില്‍ കൈതോട്ടുവണങ്ങുന്ന സച്ചിനെ കാണിച്ചുകൊണ്ടാണ് 1983  സിനിമ തുടങ്ങുന്നത് . തുടര്‍ന്ന് കപിലിന്‍റെ ചെകുത്താന്‍മ്മാരുടെ  ലോകകപ്പ് ചരിത്രവിജയത്തില്‍ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റ്‌ന്‍റെ നാള്‍വഴികളുടെ ഒരു സഞ്ചാരമാണ്പിന്നെ  സിനിമയില്‍ .  കളിപ്രേമികളുടെയും സിനിമാപ്രേമികളുടെയും മനസ്സു നിറച്ചു കാഴ്ചകള്‍ കൊണ്ട് ഒരു വിസ്മയം .

              ഇന്ത്യുടെ ആദ്യ ലോകകപ്പ് വിജയം നാട്ടിന്‍പുറത്തെ ടിവി യില്‍ കണ്ടു വളര്‍ന്ന രമേശന്‍(നിവിന്‍ പോളി) എന്ന  വ്യക്തിയുടെ ഓര്‍മ്മകളിലൂടെ ഒരു തലമുറയുടെ തന്നെ ഓര്‍മ്മക്കുറിപ്പായിട്ടാണ് ഈ സിനിമ  സംവദിക്കുന്നത്. ക്രിക്കറ്റ്നെ ജീവനായി കണ്ട് ജീവിക്കുന്ന രമേശന്‍ ഒരു വ്യക്തി എന്നതിലും അപ്പുറം ഒരു പ്രതീകമാവുന്നുമുണ്ട് ഇവിടെ. സിനിമ കാണുന്ന പലര്‍ക്കും തങ്ങളുടെ ബാല്യ കൌമാരങ്ങളുമായി ഒരുപാടു ബന്ധിപ്പിക്കാന്‍ കഴിയുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ  കഥ വികസിക്കുമ്പോള്‍ നാമറിയാതെ ആ പഴയകാലങ്ങളിലാണ്  ചെന്ന് നില്‍ക്കുന്നത് എന്ന്തോന്നും . അവിടെ തെങ്ങിന്‍ മടല്‍ കൊണ്ട് ബാറ്റ് ചെത്തിയും , ഔട്ട്‌ ആകുമ്പോള്‍ തര്‍ക്കിച്ചും , സ്വന്തം ടീം ലെ ബാറ്റ്സ്മാന്‍ ഔട്ട്‌ ആകാന്‍ പ്രാര്‍ഥിച്ചും , സിക്സര്‍ അടിച്ചു പത്തുകാണാതെ പോകുമ്പോള്‍ അടിച്ചവനെ കുറ്റം പറഞ്ഞും , ഇന്നുപോയ പന്ത് തപ്പിചെല്ലുമ്പോള്‍ ഇന്നലെ കളഞ്ഞുപോയ പന്ത് കിട്ടുന്ന ഭാഗ്യത്തില്‍ ദൈവത്തെ സ്തുതിച്ചും , ഓടു അടിച്ചുപൊട്ടിച്ചതിനു നാട്ടുകാരുടെയും വീട്ടുകാരുടെയും ചീത്ത കേട്ടും , ദൂരദര്‍ശന്‍ന്‍റെ മുന്നില്‍ ഇരുന്നു ക്രിക്കറ്റ്‌ ഉം  ഭീംസെന്‍ ജോഷിയുടെ  പാട്ടും ഒക്കെ കേട്ടും , കാറ്റടിച്ചു തിരുഞ്ഞുപോയ ആന്റിന തിരിച്ചും ഒക്കെ നില്‍ക്കുന്ന നമ്മളെയും നമ്മുടെ കൂട്ടുകാരെയും ഒക്കെ നമുക്ക് കാണാന്‍ ആവുന്നു .

                  നഴ്സറിയില്‍ പോകുന്നതിനു മുന്‍പേ ക്രിക്കറ്റ്‌ കിറ്റ്‌ പിറന്നാള്‍ സമ്മാനമായി കിട്ടി വില്ലോബാറ്റുകൊണ്ട് കളിച്ചു തുടങ്ങിയ  യുവ തലമുറയ്ക്ക്  കൈലിമുണ്ടുംഉടുത്തു  പാരഗന്‍ ചെരിപ്പും ഇട്ട്  മടല്‍കൊണ്ട് ചെത്തിയ ബാറ്റുമായി പാടത്ത് ടൂര്‍ണമെന്റ് കളിക്കുന്ന  ഒരു തലമുറയുടെ  ഗൃഹാതുരത്വം എത്രകണ്ട് ഉള്‍ക്കൊള്ളാന്‍ കഴിയും എന്നറിയില്ല .  പക്ഷെ  അവരോടു പറയാന്‍ ഈ സിനിമക്ക് ഒരു കഥയുണ്ട് . "നിങ്ങളുടെ ചേട്ടന്‍മ്മാര്‍ ഇങ്ങനെയായിരുന്നു ക്രിക്കറ്റ്‌ കളിച്ചിരുന്നത്" എന്ന് . അവരില്‍ ചില അത്യുഗ്രന്‍ പ്രതിഭകള്‍ ജീവിതത്തില്‍ ഒരിക്കലും ഒരു ഹാര്‍ഡ്ബോളോ, ക്രിക്കറ്റ്‌ കിറ്റോ കാണാതെ സ്റ്റംപര്‍ റബ്ബര്‍ പന്തും ടെന്നീസ് ബോളും  മടല്‍ ചെത്തിയുണ്ടാക്കിയ ബാറ്റും കൊണ്ട് ക്രിക്കറ്റ്‌ കളിച്ചു പാടത്തും റബ്ബര്‍ തോട്ടങ്ങളിലും മാത്രം ഒത്തിങ്ങിപ്പോയിപോയ സച്ചിനും ,  ലാറയും പോണ്ടിങ്ങും ഒക്കെ ആയിരുന്നു എന്ന് .  ഫേസ്ബുക്ക്‌ന്‍റെയും വാട്സ്അപ്പ്‌ന്‍റെയും ഇന്റര്‍നെറ്റ്ന്‍റെയും ഒക്കെ സ്ഥാനത് അവരുടെ ബാല്യങ്ങള്‍ക്ക്‌ നിറം പകരാന്‍ വ്യക്തത കുറഞ്ഞ ദൂരദര്‍ശന്‍ സംപ്രേക്ഷണവും , ആകാശവാണിയും വായനശാലകളും ഒക്കെയേ ഉണ്ടായിരുന്നുള്ളു എന്ന് .

             സിനിമയിലേക്ക് വന്നാല്‍ അഭിനേതാക്കള്‍ എല്ലാം മികച്ചുനിന്നു എന്ന് പറയണം . നിവിന്‍  രമേശനായി മികച്ച പ്രകടനം നടത്തി . കൂടാതെ നിവിന്‍റെ കൂട്ടാളികള്‍ ആയിവന്നര്‍ എല്ലാം കൌമാരപ്രായക്കാരായും  മുതിര്‍ന്നവര്‍ യും തിളങ്ങി , ജോയ് മാത്യു , നിവിനിന്‍റെ ഭാര്യയായി വന്ന കുട്ടി , സീമ . ജി. നായര്‍ , സൈജു, അനൂപ്‌ മേനോന്‍ , ജോജു  എല്ലാവരും തങ്ങളുടെ ഭാഗം മനോഹരമാക്കി . പിന്നെ ആ കൊച്ചു പയ്യന്‍ വളരെ മികച്ച പ്രകടനം തന്നെ നടത്തി . സിനിമയുടെ  ക്യാമറ  വളരെ സാധാരണമായ ഒന്നായി കഥാഗതിക്കൊപ്പം നിന്നു. പ്രേക്ഷകനും സിനിമക്കും ഇടയില്‍ താനോ തന്‍റെ  ക്യാമറയോ  ഉണ്ട് എന്ന്തോന്നിപ്പിക്കാതിരിക്കുന്നതില്‍ പ്രദീഷ് വര്‍മ വിജയിച്ചു എന്ന് എടുത്തു പറയണം . ഒരു ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ നിന്ന് ഒരു സിനിമാ സംവിധായകനിലേക്ക് ഉള്ള ചുവടുമാറ്റം തന്നാലാവും വിധം ഗംഭീരമാക്കാന്‍ അബ്രിഡ് ഷൈന്‍ ശ്രമിച്ചിട്ടുണ്ട് . വരും കാലങ്ങളില്‍ മലയാളസിനിമക്ക് ഇദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നു വിളിച്ചുപറയുന്നുകൂടിയുണ്ട് 1983 എന്ന ആദ്യ സിനിമ .
ഒരു സാധാരണ പ്രേക്ഷകനായി സിനിമയെ നോക്കികാണുമ്പോള്‍ ലളിതവും എന്നാല്‍ മനോഹരവും മായ ഒരു പ്രമേയത്തെ ഒട്ടുംമടുപ്പിക്കാത്ത വിധത്തില്‍ ഒരു സിനിമാരൂപമാക്കി മാറ്റിയിട്ടുണ്ട് ഇവിടെ . നമ്മുടെ ക്രിക്കറ്റ്‌ പ്രേമത്തെയും സച്ചിന്‍ എന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ന്‍റെ  ദൈവത്തെയും ഒക്കെ നന്നായി ചൂഷണം ചെയ്യുന്ന സിനിമ . ഗൃഹാതുരസമരണകള്‍ ഉണര്‍ത്തി ഒരു തലമുറയെ അവരുടെ പോയകാലത്തിന്‍റെ നല്ല ഓര്‍മകളിലേക്ക് തിരിച്ചു നടത്തുന്ന ഒരു സിനിമ . കൂടുതല്‍ ആഴത്തിലേക്ക് ഒരു ഭൂത കണ്ണാടിയിലൂടെ നോക്കിയാല്‍  , വിമര്‍ശിക്കാന്‍ വേണ്ടിമാത്രം വിമര്‍ശിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക്  പറയാന്‍ ഒരുപാടു കുറ്റവും കുറവും ഒക്കെ ഉണ്ടായേക്കാം . അത്തരത്തില്‍ ചൂഴ്ന്നു നോക്കിയാല്‍ ആദ്യം കണ്ണില്‍പ്പെടുന്ന ചിലതുണ്ട് ഈ സിനിമയിലും . ചിലയിടങ്ങളില്‍ ദുര്‍ബ്ബലമായിപോകുന്നുണ്ട് തിരക്കഥ .  ഒപ്പം ചില യുക്തിരാഹിത്യങ്ങളും കണ്ണില്‍ പെടും . ഒരു സംവിധായകന്‍റെ ആദ്യ സിനിമ    എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ ഭൂതക്കണ്ണാടി നിരീഷണം നടത്തി കീറിമുറിക്കുന്നതിനു പകരം നിറഞ്ഞ മനസ്സുകൊണ്ട് ഒരു കയ്യടിയാണ് ഈ സിനിമ അര്‍ഹിക്കുന്നത് എന്നാണ് വഴിപോക്കന്‍റെ പക്ഷം . സിനിമ തീര്‍ന്നപ്പോള്‍ തിയേറ്റര്‍ നിറഞ്ഞു കേട്ടത് അതുപോലെ മനസ്സ്നിറഞ്ഞ നൂറുകണക്കിന് കയ്യടികള്‍ആയിരുന്നു താനും .

ഒന്നുക്കൂടി കുത്തിയിരുന്ന് ചിന്തിച്ചാല്‍ കായികവിനോദങ്ങളിലും കായികതാരങ്ങളിലും  ആകൃഷ്ടരായി അതിന്‍റെ പുറകെ നാട്ടിന്‍പുറങ്ങളില്‍ പന്തുകളിച്ച് നടന്നു ഹോമിക്കപ്പെടുന്ന , അങ്ങനെ നശിച്ചി പോയിട്ടുള്ള  കുറെയേറെ  ചെറുപ്പക്കാരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അങ്ങനെയൊരു  ജാഗ്രതാ നിര്‍ദേശമോ  സന്ദേശമോ ഒക്കെ കൂടി ഈ സിനിമയിലൂടെ  പരോക്ഷമായിട്ടാണ് എങ്കില്‍കൂടി  പറയുന്നപോലെ തോന്നി വഴിപോക്കന് . ക്രിക്കറ്റ്‌ന്‍റെയും  ഫുട്ബോള്‍ന്‍റെയും ഒക്കെ അമേച്ചര്‍ രൂപങ്ങളായ സോഫ്റ്റ്‌ബോള്‍ ക്രിക്കറ്റ്‌ എന്ന് വിളിക്കുന്ന നമ്മുടെ നാട്ടിന്‍പുറത്തെ കളിയും  പിന്നെ സെവന്‍സ് ഫുട്ബോള്‍ഉം ഒക്കെ കളിച്ചു നടന്നു കൌമാരവും യവ്വനവും നാട്ടിന്‍പുറത്തെ മൈതാനങ്ങളിലും പാടത്തും ഒക്കെയായി ഹോമിച്ചു ജീവിക്കാന്‍ മറന്നുപോയ കുറച്ചു വ്യക്തികളെയെങ്കിലും നേരിട്ടറിയാവുന്ന എനിക്ക് അങ്ങനെയൊരു ഗുണപാഠം കൂടി ഈ സിനിമയില്‍ നിന്ന് വായിച്ചെടുക്കാന്‍ തോന്നി . രമേശനെ പ്പോലെ  കളിയിലും ജീവിതത്തിലും എങ്ങും എത്താതെപോയ ഒരുപാടു പേര്‍ക്ക് നീറുന്ന ഓര്‍മ്മകള്‍ കൂടിയാണ് ഈ സിനിമ .

സച്ചിനെക്കുറിച്ച്  ഹര്‍ഷ ഭോഗ്ലെ   പറഞ്ഞ വാക്കുകള്‍ തന്നെ ഈ സിനിമയെക്കുറിച്ചും പറയാം . "സച്ചിനെ ഇഷ്ടപ്പെടാന്‍ വളരെ എളുപ്പമാണ് " എന്ന് അദ്ദേഹം പറഞ്ഞതുപോലെ  ഈ സിനിമ ഇഷ്ടപ്പെടാനും വളരെ എളുപ്പമാണ് . സച്ചിന്‍റെ ഒരു സ്പര്‍ശം സിനിമയില്‍ ഉടനീളം ഉള്ളപ്പോള്‍ എങ്ങനെയാണു ഈ സിനിമ ഇഷ്ടപ്പെടാതിരിക്കാന്‍ ആവുക ....
                                    (വഴിപോക്കന്‍)

2 comments:

  1. നല്ല വിലയിരുത്തല്‍ ! ഈ സിനിമ കണ്ട ആളുകള്‍ ഭൂരിഭാഗവും ഒരു നല്ല സിനിമ കണ്ടിറങ്ങിയ സന്തോഷത്തോടെയാവും തിരിച്ചു പോയിരിക്കുക എന്ന്‍ തോന്നുന്നു...

    ReplyDelete
  2. സിനിമ എനിക്കും ഇഷ്ടമായി...
    നന്നായി എഴുതി...ആശംസകള്‍...

    ReplyDelete