
കഴിഞ്ഞ ദിവസം സംസാരത്തിനിടെ ആണ് ഒരു സുഹൃത്ത് ഡാനിയല്‍ ഡേ ലെവിസിന്‍റെ ( Daniel Day Lewis ) ന്‍റെ കാര്യം എടുത്തിട്ടത് . പിന്നെ സംസാരം അദ്ദേഹത്തിന്‍റെ സിനിമകളെപ്പറ്റിയായി . There Will Be Blood , In the name of father തുടങ്ങി Lincoln വരെ ചര്‍ച്ചയില്‍ വന്നു . പക്ഷേ വഴിപോക്കനെ ഏറ്റവും സ്പര്‍ശിച്ച ചിത്രം My Left Foot: The Story of Christy Brown (1989) തന്നെയായിരുന്നു . ഈ സിനിമ ആദ്യമായി കാണുന്നത് ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആണ് . പിന്നീടു പലവട്ടം കണ്ടിട്ടുണ്ട് . ഡേ ലെവിസിന്‍റെ പല സിനിമകളും പലവട്ടം കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ഏറ്റവും അത്ഭുതപ്പെടുത്തിയ പ്രകടനം My Left Foot തന്നെയായിരുന്നു . സെറിബ്രല്‍ പാള്‍സി എന്ന രോഗം ബാധിച്ച് ശരീരത്തില്‍ ഇടതുകാല്‍ ഒഴികെ മറ്റൊന്നും സ്വന്തം നിയന്ത്രണത്തില്‍ അല്ലാതെ ജീവിച്ച് , കാലുകൊണ്ട് വരച്ചും ടൈപ്പ് ചെയ്തും ഒരു ചിത്രകാരനും എഴുത്തുകാരനും ഒക്കെയായിതീര്‍ന്ന ക്രിസ്റ്റി ബ്രൌണ്‍ എന്ന ഐറിഷ്കാരന്‍റെ അതേ പേരിലുള്ള ആത്മകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് My Left Foot: The Story of Christy Brown (1989).
ക്രിസ്റ്റി ബ്രൌണ്‍(Daniel Day Lewis) അയര്‍ലണ്ടിലെ ഒരു സാധാരണ കുടുംബത്തില്‍ ആണ് ജനിക്കുന്നത് . ജന്മനാ തന്നെ സെറിബ്രല്‍ പാള്‍സി രോഗബാധിതന്‍ ആയിരുന്ന ക്രിസ്റ്റിയുടെ ഇടതുകാല്‍ ഒഴികെ മറ്റുശരീരഭാഗങ്ങള്‍ എല്ലാം നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു . തന്‍റെ വൈകല്യങ്ങളോട് കുറെയൊക്കെ പോരുത്തപെട്ടും ഇടക്കൊക്കെ കലഹിച്ചും ജീവിച്ചു വരികയാണ് ക്രിസ്റ്റി . അയാളുടെ മനോവ്യാപാരങ്ങളിലൂടെയും വ്യക്തി ബന്ധങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത് . ക്രിസ്റ്റി യുടെ അമ്മയുമായുള്ള അഗാധമായ അടുപ്പം , സഹോദരങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധനം , ഇടക്കൊക്കെ പൊട്ടിത്തെറിക്കുന്ന അവരുടെ പിതാവ് എന്നിങ്ങനെ പൂര്‍ണമായും ആ കുടുംബത്തെ ചുറ്റിപറ്റിതന്നെയാണ് കഥ വികസിക്കുന്നത് . ക്രിസ്റ്റി ബ്രൌണ്‍ന്‍റെ ആത്മകഥാംശമം ചോര്‍ന്നുപോകാതെ, ആ കുടുംബത്തിലെ വ്യക്തികളുടെ വൈകാരിക അടുപ്പം വരച്ചുകാണിക്കുന്ന രീതിയില്‍ കൂടുതല്‍ ഇന്‍ഡോര്‍ ഷോട്ടുകള്‍ കൊണ്ടുള്ള കഥപറച്ചില്‍ ആണ് സിനിമയിലുടനീളം കാണുക . ഇടക്ക് ക്രിസ്റ്റിക്ക് സെറിബ്രല്‍ പാര്‍സി രോഗികളെ ശ്രുശ്രൂഷിക്കുന്ന ഒരു ലേഡി ഡോക്ടറോട് പ്രണയം തോന്നുന്നുണ്ട് . അതില്‍ മാനസികമായി തളര്‍ന്നുപോയി ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിക്കുന്ന അയാള്‍ പിന്നീടു സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുവന്നു . അങ്ങനെ അയാള്‍ ഇടതുകാല്‍ കൊണ്ട് മാത്രം ടൈപ്പ് റൈറ്റര്‍ ചലിപ്പിച്ച് ആത്മകഥ എഴുതുന്നു .. തുടര്‍ന്ന് ക്രിസ്റ്റി ബ്രൌണ്‍ ന്‍റെ ജീവിതം പെട്ടെന്ന് മാറിമറയുന്ന ഒരു സംഭവം കൂടി പറഞ്ഞവസാനിപ്പിക്കുന്നു .
ഡാനിയേല്‍ ഡേ ലെവിസ് എന്ന നടന്‍റെ അന്യാദ്രിശ്യമായ അഭിനയപ്രകടനം ഒന്ന് മതി ഈ ചിത്രം ഒരിക്കലും മറക്കാതിരിക്കാന്‍ . ക്രിസ്റ്റിബ്രൌണ്‍ ആയി ഡേ ലെവിസ് നിറഞ്ഞാടി എന്ന് പറയാതെ വയ്യ . ലോകസിനിമയെ ഞെട്ടിപ്പിച്ച അഭിനയപ്രകടനങ്ങളില്‍ ഒന്നുതന്നെയായിരുന്നു ഇത് എന്ന് നിസ്സംശയം പറയാം . മൂന്ന് അകാദമി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഏക നടനായ അദ്ദേഹത്തിന്‍റെ ആദ്യ ഓസ്കാര്‍ പ്രകടനവും ഇതായിരുന്നു . ഈ സിനിമയെക്കുറിച്ച് പറയുമ്പോള്‍ മറ്റെന്തും അതിനുപിന്നിലെ വരൂ . ക്രിസ്റ്റി യുടെ അമ്മയായി വേഷമിട്ട Brenda Fricker എടുത്തുപറയേണ്ട പ്രകടനമാണ് ഈ ചിത്രത്തില്‍ നടത്തിയിരിക്കുന്നത് . മികച്ച സഹനടിക്കുള്ള അകാദമി പുരസ്‌കാരം അവരെ തേടിയെത്തുക തന്നെ ചെയ്തു . ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ കഥ , അതും അദ്ദേഹത്തിന്‍റെ ആത്മകഥയെ ആസ്പദമാക്കി സിനിമയില്‍ പറയുമ്പോള്‍ ഉണ്ടാകാവുന്ന എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ഇതിന്‍റെ സംവിധായകന് സാധിച്ചു എന്നത് എടുത്തുപറയേണ്ട മറ്റൊരുകാര്യമാണ് .
ശരീരത്തില്‍ ഇടതുകാല്‍ ഒഴികെ മറ്റൊന്നും കൃത്യമായി ചലിപ്പിക്കാന്‍ സാധിക്കാതെ , വ്യക്തമായി സംസാരിക്കാന്‍ പോലും സാധിക്കാതെ ജീവിക്കേണ്ടിവരുന്ന ഒരാള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാവും ? തനിക്കു ചുറ്റുമുള്ള ലോകത്തോടും മനുഷ്യരോടും കൃത്യമായി സംവദിക്കാന്‍ കഴിയുന്നില്ല എന്ന ചിന്ത അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും അവര്‍ തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്ന് ഉള്‍വലിഞ്ഞു അങ്ങേയറ്റം ഏകാന്തവും സംഘര്‍ഷഭരിതവുമായ ഒരു ജീവിതത്തിലേക്ക് എത്തിപ്പെടുകയും ആണ് പതിവ് . സമാനമായ രീതിയിലേക്ക് തന്നെ സഞ്ചരിച്ചിരുന്ന ക്രിസ്റ്റി പക്ഷെ തനിക്കുച്ചുറ്റുമുള്ള പലരുടെയും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ഭാഗമായി തന്‍റെ സാഹചര്യങ്ങളോട് അങ്ങേയറ്റം പോരുത്തപെട്ട്, തന്‍റെ വൈകല്യങ്ങളോട് താതാത്മ്യം പ്രാപിച്ച് ഒരു ചിത്രകാരനും എഴുത്തുകാരനും ഒക്കെ ആയിതീരുകയയിരുന്നു . ഹെലന്‍ കെല്ലറെ പോലെ , സ്റ്റീവന്‍ ഹോക്കിന്‍സിനെ പ്പോലെ , ജോണ്‍ നാഷിനെ പോലെ ക്രിസ്റ്റി ബ്രൌണും സ്വജീവിതം കൊണ്ട് പൊരുതി ഒരുപാടുപേര്‍ക്ക് തങ്ങളുടെ വൈകല്യങ്ങളോട് പൊരുതിജീവിക്കാന്‍ മാതൃകയായ മഹാനാണ് . ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ഉള്ള രോഗികളുടെ മാനസികമായ അവസ്ഥയെപ്പറ്റിയും അവരോടു നാം സ്വീകരിക്കേണ്ടുന്ന സമീപനതെപറ്റിയും ഒക്കെ ഗൌരവമായ കുറെ ചിന്തകള്‍ ഉണര്‍ത്തുന്നുകൂടിയും ഉണ്ട് ഈ ചിത്രം .
ഡാനിയേല്‍ ഡേ ലെവിസിന്‍റെ അഭിനയപ്രകടനം കൊണ്ട് ഗംഭീരമായ ഈ ചിത്രം ലോകമെമ്പാടും സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളില്‍ ഒന്നാണ് . വഴിപോക്കന് ഏറെ ഇഷ്ടമുള്ള ഈ സിനിമ ഇനിയും കണ്ടിട്ടില്ലാത്ത എല്ലാ സുഹൃത്തുക്കളെയും കാണാന്‍ നിര്‍ബന്ധിക്കുന്നു .
(വഴിപോക്കന് )