Sunday, 15 September 2013

വ്യത്യസ്തമായ ഒരു കൊറിയന്‍ ചലച്ചിത്ര ഭാഷ

             

 SPRING, SUMMER, FALL , WINTER AND SPRING ഒരു 2003 ദക്ഷിണ കൊറിയന്‍ ചലച്ചിത്രമാണ് . ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ ഋതുഭേദങ്ങള്‍ക്കൊപ്പം ആണ് സംവിധായകന്‍ കഥപറയുന്നതു . കാലം മനുഷ്യനില്‍ വരുത്തുന്ന പരിണാമങ്ങള്‍ പ്രകൃതിയുടെ കലാഭേദങ്ങള്‍ക്കൊപ്പം നിന്ന് പറയാന്‍ ശ്രമിക്കുന്ന ഈ സിനിമ വെറും കാഴ്ചകള്‍ക്കപ്പുറത്തെ ചില വല്യ സത്യങ്ങള്‍ ബുദ്ധദര്‍ശനങ്ങള്‍ക്കൊപ്പം നിന്ന് പറയുന്നു . വഴിപോക്കന്‍ കണ്ടിട്ടുള്ള മനോഹര ചിത്രങ്ങളില്‍ ഒന്നാണ് . 

             കൊറിയയിലെ ഒരു , കാടിനു നടുവില്‍ ഒരു തടാകത്തില്‍ പോന്തികിടക്കുന്ന ഒരു ബുദ്ധമഠത്തില്‍ ആണ് കഥ നടക്കുന്നത് . 

            ആദ്യം വസന്തമാണ് . സസ്യപ്രകൃതിയും ജന്തുപ്രകൃതിയും ഒരുപോലെ ഇഷ്ടപെടുന്ന കാലം ആയതുകൊണ്ടാവണം സംവിധായകന്‍ വസന്തത്തില്‍ നിന്ന് കഥപറഞ്ഞു തുടങ്ങാന്‍ ആഗ്രഹിച്ചത് . മഠത്തില്‍ സന്യാസിയും അയാളുടെ ചെറുബാല്യക്കാരനായ ശിഷ്യനും മാത്രമാണ് ഉള്ളത് . ഒരു ദിവസം ആ പിഞ്ചുബാലന്‍ മീനെയും തവളെയും പാമ്പിനെയും പിടിച്ചു അതിന്‍റെ പുറത്തു ചെറിയ കല്ലുകള്‍ വച്ചുകെട്ടി അതില്‍ സന്തോഷിക്കുന്നത് കാണുന്നു ഗുരു . സഹജീവിയുടെ പുറത്തു ഇങ്ങനെ കല്ലുകള്‍ കെട്ടിവച്ചു അതില്‍ ആഘോഷിക്കുന്ന മനുഷ്യനിലെ വൈകൃതം (SADISAM)ആണ് കുട്ടിയിലൂടെ നമ്മള്‍ കാണുന്നത് . ഗുരു രാത്രി അവന്‍റെ പുറത്തു ഒരു കല്ല്‌ വച്ചുകെട്ടുന്നു . രാവിലെ ഉണര്‍ന്നു വരുമ്പോള്‍ അവനോട് ഒരു വല്യ ജിവിത തത്വം പറഞ്ഞു കൊടുക്കുന്നു . തന്‍ തലേന്ന് കല്ലികെട്ടി ഇട്ട ആ മീനും പാമ്പും ചത്ത്‌ പോയി എന്ന് കണ്ട അവന്‍റെ പിഞ്ചുഹൃദയം നുറുങ്ങി അവന്‍ ഉറക്കെ കരഞ്ഞുപോകുന്നു . മറ്റുള്ളവരെ ദുഖിപിച്ചു ആഘോഷിക്കുന്ന ലോകജനതയുടെ മുതികില്‍ തന്നെയാണ് ആ ഗുരു ഒരു കല്ലുവച്ചുകെട്ടി തിരിച്ചറിവിന്‍റെ പാഠം പറഞ്ഞുകൊടുക്കുന്നത് .

           കാലം മാറുകയാണ് . ഇപ്പോള്‍ ഗ്രീഷ്മമാണ് . ഇവിടെ വളര്‍ന്നു കൌമാരത്തില്‍ എത്തിയ ശിഷ്യനെ ആണ് നാം കാണുക . അവന്‍റെ കൌമാര ചാപല്യങ്ങളും അതിന്‍റെ തുടര്‍ച്ചയും . ഒരു സ്ത്രീ തന്‍റെ മനസ്സിന് സുഖമില്ലാത്ത മകളെയും കൊണ്ട് മഠത്തില്‍ എത്തി ചികില്‍സക്ക് സന്യാസിയുടെ അടുത്താക്കി മടങ്ങുന്നു . കൌമാരക്കരനില്‍ ആദ്യാനുരാഗം മുളക്കുന്നു . ആദ്യം എതിര്‍ത്തിരുന്നു എങ്കിലും പ്രായത്തിന്‍റെ ചപലത അവളിലും മോഹങ്ങള്‍ ഉണര്‍ത്തുന്നു . അവര്‍ അതിരുകള്‍ ലംഘിച്ചു. ഒരു ദിവസം ഉണര്‍ന്നുവരുന്ന ഗുരു കാണുന്നത് അല്‍പവസ്ത്രവുമായി തോണിയില്‍ കെട്ടിപുണര്‍ന്നു കിടക്കുന്ന തന്‍റെ ശിഷ്യനെയും പെണ്‍കുട്ടിയെയും ആണ് . 
ഗുരു ശിഷ്യനെ ഓര്‍മിപ്പിക്കുന്നു “ കാമം സ്വന്തമാക്കാനുള്ള ആഗ്രഹം ജനിപ്പിക്കും ; അതു പിന്നീട് കൊലപാതകത്തിലേക്കും.” കുറച്ചുകൂടി വല്യ തത്വങ്ങള്‍ ആണ് ഗുരു ഓര്‍മ്മപ്പെടുത്തുന്നതു ഇവിടെ . ചികില്‍സ മതിയാക്കി പെണ്‍കുട്ടിയെ തിരിച്ചയക്കുന്നു . ഗുരുവിന്‍റെ വാക്കുകളുടെ ശരിയായ അര്‍ഥം ഗ്രഹിക്കാതെ കാമം അവനെ ആ മഠം വിട്ടു പെണ്ണിന്‍റെ പുറകെ പോകാന്‍ പ്രേരിപ്പിക്കുന്നു . രാത്രി അവിടുത്തെ ബുദ്ധവിഗ്രഹവുമായി അയാള്‍ അവിടം വിടുന്നു . 

         കാലചക്രം വീണ്ടും തിരിയുകയാണ് . ഇപ്പോള്‍ ശരത്കാലം വന്നെത്തിയിരിക്കുന്നു . ഗുരു ഒറ്റക്കാണ് . ഒരു പത്രകടലാസ്സില്‍ നിന്ന് തന്‍റെ പഴയ ശിഷ്യന്‍ ഭാര്യയെ കൊന്നു എന്ന വാര്‍ത്ത‍ വായിക്കുന്നു ഗുരു . ശിഷ്യന്‍ തിരിച്ചു ഗുരുവുന്റെ അടുത്തെത്തുന്നു .അവന്‍ ഇപ്പോള്‍ ഒരു യുവാവാണ് . സ്വയം ആത്മാഹൂതി ചെയ്യാനൊരുങ്ങുന്ന അവനെ ഗുരു മര്‍ദ്ദിക്കുകയും ഒരു കയറില്‍ കെട്ടിതൂകി ഇടുകയും ചെയ്യുന്നു . കയറു പൊട്ടി നിലത്ത് വീണ അവന്‍ പുറത്തിറങ്ങുമ്പോള്‍ ഗുരു ആ മഠത്തിന്റെ മുറ്റത്ത്‌ തന്‍റെ പൂച്ചയുടെ വാലില്‍ മഷി മുക്കി എഴുതുകയാണ് . ഗുരു അവനോടു പറയുന്നു “നിനക്ക് മറ്റൊരാളെ കൊല്ലാന്‍ കഴിയുന്ന അത്ര എളുപ്പത്തില്‍ സ്വയം കൊല്ലാന്‍ കഴിയില്ല ... ഈ അക്ഷരങ്ങള്‍ ആ കത്തികൊണ്ട് കൊത്തുക .. നിന്‍റെ ഹൃദയത്തിലെ ദേഷ്യം അതോടൊപ്പം ഇല്ലാതാക്കികളയുക . അയാള്‍ ഭാര്യയെ കൊന്ന കത്തികൊണ്ട് ആ സൂത്രങ്ങള്‍ കൊത്താന്‍ തുടങ്ങി . അവനെ അറസ്റ്റ്‌ ചെയ്യാന്‍ അപ്പോളേക്കും പോലീസ്കാര്‍ എത്തിയിരിക്കുന്നു . അവനെ ഇത് പൂര്‍ത്തിആക്കാന്‍ അനുവദിക്കണം എന്ന് സന്യാസി ആവശ്യപ്പെടുന്നു . ഇത് പ്രജ്ഞപരമിതാ സൂത്രമാണെന്നും ഇത് മനസിനെ ശാന്തമാക്കാന്‍ നല്ലതാണെന്നും ഗുരു പറഞ്ഞതു കൊണ്ട് അവര്‍ കാത്തിരിക്കുന്നു. പിറ്റേന്ന് അവര്‍ അവനുമായി പുറപ്പെട്ടു . അപ്പോളേക്കും അവന്‍ ശാന്തനായി മാറിയിരുന്നു . മനസിലെ കാലുഷ്യങ്ങള്‍ എല്ലാം ആ സൂത്രങ്ങള്‍ കൊതുന്നതിനിടയില്‍ അടങ്ങിയിരിക്കുന്നു . അവനുമായി അവര്‍ പോയതിനു ശേഷം ഗുരു ആചാരപ്രകാരം സ്വയം അഗ്നിക്കിരയാകുന്നു .

         ഇനി ശിശിരമാണ് .. ചിന്തകള്‍ പോലും തണുത്തുറഞ്ഞു മരവിച്ചു കിടക്കുന്ന ശിശിരം . മഞ്ഞില്‍ ഉറഞ്ഞു കിടക്കുന്ന തടാകത്തിലൂടെ നടന്നു അയാള്‍ ആശ്രമത്തില്‍ എത്തി . അവന്‍ കുറച്ചുകൂടി വളര്‍ന്ന ഒരു മദ്ധ്യവയസ്കന്‍ ആണ് . അവിടെ ഗുരിവിന്റെ തിരിശേഷിപ്പുകള്‍ തെരഞ്ഞെടുത്തു , പുസ്തകങ്ങളില്‍ നോക്കി തണുപ്പിനെ ചെറുക്കന്‍ യോഗ ചെയ്തു അയാള്‍ ഗുരുവിന്‍റെ പാത പിന്തുടരുന്നു . ഒരു സ്ത്രീ ഒരു ബാലനെയും കൊണ്ട് വരുന്നു . രാത്രി ബാലനെ ആശ്രമത്തില്‍ ഉപേക്ഷിച്ചു പോകുന്ന വഴി തടാകത്തിലെ മഞ്ഞില്‍ വെള്ളം എടുക്കാന്‍ കുഴിച്ച കുഴിയില്‍ വീണു മരികുന്നു . പിന്നെ സ്വയം തിരിച്ചറിവിന്‍റെ മലമുകളികേക്ക് തന്‍റെതെറ്റുകളുടെ ഭാരം എന്നപോലെ ഒരു ചക്രം പോലുള്ള കല്ലും ശരീരത്തില്‍ ബന്ധിച്ചു വരുംകാലത്തിന്‍റെ പ്രതീകമായ മൈത്രേയ ബുദ്ധന്‍റെ ഒരു പ്രതിമയും ആയി അയാള്‍ ആ വലിയ മല കയറുകയാണ് . പണ്ട് മീനിനെയും തവളയുടെയും പുറത്തു വച്ചുകെട്ടിയത് ബാല്യത്തിന്റെ അറിവില്ലയിമ ആയിരുനെങ്ങില്‍ ഇപ്പോള്‍ സ്വയം അയാള്‍ വലിക്കുന്ന കല്ല്‌ തിരിച്ചറിവിന്‍റെ ആണ് .ഉറഞ്ഞു കിടക്കുന്ന മഞ്ഞില്‍ പലപോഴും തെന്നി വീണിട്ടും തളരാതെ . ഒടുവില്‍ മലയുടെ മുകളില്‍ ആ പ്രതിമ ആശ്രമത്തിലേക്ക് നോക്കി ഇരിക്കുന്നപോലെ സ്ഥാപിക്കുന്നു .

           കാലം വീണ്ടും മാറുകയാണ്‌ . വീണ്ടും വസന്തം വരും എന്നാണല്ലോ പറയാറ് . അങ്ങനെ വസന്തം വന്നു . ഇപ്പോള്‍ അയാള്‍ ഗുരുവും ഉപേക്ഷിക്കപെട്ട ആ കുട്ടി ശിഷ്യനും ആണ് . അവനില്‍ അയാള്‍ തന്‍റെ തന്നെ ബാല്യം കാണുന്നു . അവന്‍ മീനിനെയും തവളയും പാമ്പിനെയും പിടിച്ചു വായില്‍ ചെറിയ കല്ല്‌ തിരികികേറ്റി ആഹ്ലാടിക്കുന്നിടത്തു മലയില്‍ ആശ്രമത്തിലേക്ക് ദൃഷ്ടിയുമായി ഇരിക്കുന്ന മൈത്രേയ പ്രതിമ കാണിച്ചു വളരെ മനോഹരം എന്നുതന്നെ പറയാവുന്ന രീതിയില്‍ സിനിമ അവസാനിപ്പിച്ചിരിക്കുന്നു .
ആ മഠവും തടാകവും ആ കാടും മാത്രമാണ് ചിത്രത്തില്‍ ഉടനീളം നിങ്ങള്‍ കാണുക . പക്ഷെ ഋതുക്കള്‍ പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കൊപ്പം കാലവും പ്രായവും മനുഷ്യനില്‍ നടത്തുന്ന അനിവാര്യമായ ഇടപെടലുകള്‍ക്കും ഒപ്പം മനോഹരമായി കാമറ ചലിപ്പിച്ചു ദൃശ്യങ്ങളിലെ ആ ആവര്‍ത്തനം വിരസമാക്കാതെ കൊണ്ടുപോയി എന്ന് തന്നെ വേണം പറയാന്‍ . ഒറ്റനോട്ടത്തില്‍ കാണുന്നതിലും കൂടുതല്‍ അര്‍ഥതലങ്ങളിലേക്ക് സിനിമ പ്രേക്ഷകനെ കൊണ്ടെത്തിക്കുകയോ വിരല്‍ചൂണ്ടി നയിക്കുകയോ ഒക്കെ ചെയ്യുന്നുണ്ട് . 

            മൂന്ന് തവണയായി ബാല്യത്തിലും കൌമാരത്തിലും യവ്വനത്തിലും സന്യാസി ശിഷ്യന് നല്‍കുന്ന മൂന്ന് ഉപദേശങ്ങള്‍ അതാത് പ്രായങ്ങളില്‍ മനുഷനിലെ ദുഷ്പ്രേരണകള്‍ക്ക് ഉള്ള പ്രതിവിധി ആയി ബുദ്ധ ദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ സംവിധായകന്‍ നിര്‍ദേശിക്കുന്നു എന്ന് നമുക്ക് വായിച്ചെടുക്കാം . ഋതുഭേദങ്ങള്‍ക്കൊപ്പം മനുഷ്യനിലെ ചില ഉള്പ്രേരണകളുടെ ഒരു വൈകാരിക വിചിന്തനം നടത്തുമ്പോള്‍ മത ദര്‍ശനങ്ങളില്‍ അധികമായി ആശ്രയിക്കാതെ സാധാരണ മനുഷ്യനും കൂടി ഉള്‍കൊള്ളുവാന്‍ കഴിയുന്ന ലളിത ഉദാഹരണങ്ങളിലൂടെ കഥയുടെ പുരോഗതിക്ക്‌ അനുസരിച്ച് മുന്നേറി അവസാനമാകുമ്പോള്‍ മഹായാന ബുദ്ധ ചിന്തയുടെ ആഴത്തിലുള്ള ദര്‍ശനങ്ങള്‍ പ്രേക്ഷകനു ഉള്‍കൊള്ളാന്‍ കഴിയുന്നപോലെ പറയാന്‍ ശ്രമിക്കുകയാണ് സംവിധായന്‍ ചെയ്തിരികുന്നത് . 

          വെറും ഒരു മണിക്കൂറും നാല്പതു മിനിറ്റ് ഉം മാത്രമേ ഉള്ളു ഈ സിനിമ . രണ്ടര യും മൂന്നും ചിലപ്പോള്‍ അതിലേറെയും പ്രേക്ഷകനെ തിയേറ്ററില്‍ ഇരുത്തി ബുധിമുട്ടിച്ചിട്ടും നേരാവണ്ണം ഒരു കഥ ഹൃദയസ്പര്‍ശിയായി പറയാന്‍ കഴിയുന്ന കാമ്പുള്ള സിനിമികള്‍ ഇനിയും ഉണ്ടാക്കാന്‍ സാധികാത്ത നമ്മുടെ സംവിധായകര്‍ (എല്ലാരേയും അല്ല) കൊറിയയിലും ചൈനയിലും പോയി പഠിക്കുകയോന്നും വേണ്ട കുറഞ്ഞ പക്ഷം അവരുടെ കുറെ ചിത്രങ്ങള്‍ എങ്കിലും കണ്ടാല്‍ നന്നായി ഇരിക്കും . 

          വര്‍ഷം ആയിരത്തോളം ചിത്രങ്ങള്‍ ഇറങ്ങുന്ന ഇന്ത്യന്‍ സിനിമയില്‍ എത്ര കാമ്പുള്ള ചിത്രങ്ങള്‍ , അല്ലെങ്കില്‍ ചുരുങ്ങിയ നിലവാരം എങ്കിലും പുലര്‍ത്തുന്ന എത്ര ചിത്രങ്ങള്‍ ഉണ്ടാകുന്നു എന്നുള്ളത് ചോദ്യം തന്നെയാണ് . ലോക സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരോട് കിടപിടിക്കുന്ന മമ്മൂട്ടിയും മോഹന്‍ ലാലും മികച്ച സംവിധായകരും നമുക്കു മലയാളത്തില്‍ തന്നെ . വര്‍ഷംതോറും സെന്‍സര്‍ ചെയ്തു പൊറംപോക്ക് ചുമരുകളില്‍ പോസ്റ്റര്‍ ആയി വീഴുന്ന അധികം സിനിമകളും ക്ലിഷേഡ്‌ സമവാക്യങ്ങളുടെ ആവര്‍ത്തങ്ങളോ അല്ലെങ്കില്‍ പുറത്തുപറയാന്‍ കൊള്ളാത്ത ചില്ല ഉദ്ദേശത്തോടെ നിര്‍മിച്ചവയോ ആയിരിക്കും . ഉലകസിനിമയുടെ വിശാലമായ ഷോകേസില്‍ എടുത്തു വക്കുമ്പോള്‍ അവ വെറും വീഡിയോ ക്ലിപ്പുകള്‍ മാത്രമായി തോന്നുന്നത് അതുകൊണ്ടാണ് .
( വഴിപോക്കന് മാത്രമാണോ എന്നറിയില്ല ഇങ്ങനെ തോന്നുന്നത് ).

            SPRING, SUMMER, FALL, WINTER AND SUMMER സിനിമയെ ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകം തന്നെ ആണ് . വാക്കുകളേക്കാള്‍ ഏറെ ദൃശ്യഭംഗി കൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന സിനിമാ സങ്കേതത്തിന്റെ പാഠം വേണമെന്നുള്ളവര്‍ക്ക് കണ്ടു പഠിക്കാം .

          മൂന്ന് നാലു വര്ഷം മുന്‍പ്‌ മോഹന്‍ലാല്‍ തനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമകളില്‍ ഒന്ന് എന്ന് മലയാളം വാരികയിലോ മറ്റോ എഴുതിയത് വായിച്ചാണ് ഈ സിനിമയെ പറ്റി അറിഞ്ഞത് . വഴിപോക്കന്‍ ഒരുപാടു പേര്‍ക്ക് നിര്‍ദേശിച്ച സിനിമയാണ് . ഇഷ്ടപെട്ടില്ലെങ്കിലും ഒന്നേമുക്കാല്‍ മണിക്കൂറേ നഷ്ടമായോളൂ എന്നോര്‍ത്ത് എങ്കിലും ആശ്വസിക്കാം .
SPRING,SUMMER,FALL,WINTER AND SUMMER (2003)
DIRECTOR: അറിയില്ല
CAST: അതും അറിയില്ല 
                                                വഴിപോക്കന്‍
                                                 

1 comment: