Sunday, 15 September 2013

സിനിമയുടെ ചൈനീസ്‌ ഭംഗി

            “GETTING HOME “ ഒരു ചൈനീസ് സിനിമ ആണ് . ചൈനീസ് ഭാഷ പറയുന്ന, പൂര്‍ണമായും ചൈനയില്‍ ചിത്രീകരിച്ച , ചൈനീസ് നടന്‍മാര്‍ അഭിനയിച്ച , എല്ലാ അര്‍ത്ഥത്തിലും ഒരു ചൈനീസ് ചിത്രം . പക്ഷെ സാധാരണയില്‍ നിന്ന് വിഭിന്നമായി ഭാഷയുടെ , സംസ്കാരത്തിന്‍റെ അതിര്‍വരമ്പുകള്‍ മറികടന്നു ഈ ചിത്രം ലോകത്തോട് മൊത്തം സംവദിക്കുന്നു . സമ്പന്നമായ ഒരു ദൃശ്യ ഭാഷയിലൂടെ .... ഹൃദയത്തിന്‍റെ , മനുഷ്യത്വത്തിന്‍റെ ഒക്കെ സുന്ദരമായ ഭാഷയില്‍ .. അതുകൊണ്ട് തന്നെ ‘SUBTITLE’ ന്‍റെ സഹായം ഇല്ലാതെ തന്നെ കണ്ടാസ്വധിക്കാം (SUBTITLE ഉണ്ടെങ്കില്‍ സിനിമ കുറെയേറെ ആസ്വാദ്യ മാകും ) ഈ സിനിമ . 

             ഒരു വെറും സിനിമ എന്നതിലപ്പുറം ചിരിക്കാനും ചിരിക്കുബോള്‍ തന്നെ വലിയ ചില ചിന്തകള്‍ ജനിപ്പിക്കുകയും ചെയ്യും ഈ ചിത്രം . മരിച്ച ഒരാളിന്‍റെ ശവവും കൊണ്ട് അത് അയാളുടെ വീട്ടിലെത്തിക്കാന്‍ പോകുന്ന സുഹൃത്തിന്‍റെ കഥ എന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും തമാശരൂപത്തില്‍ ഈ ചിത്രം കൈകാര്യം ചെയ്യുന്ന ഗൌരവ ചിന്തകള്‍ പ്രേക്ഷകന്‍റെ മനസ്സില്‍ തട്ടുന്നതാണ് .

           ഷാവോ തന്‍റെ സുഹൃത്ത്‌ ലീയു വുമായി യാത്ര തുടങ്ങുകയാണ് . വഴിയില്‍ വച്ച് ആ ബസ്സ്‌ കൊള്ളസംഘം ആക്രമിക്കുന്നു . കൂടെ ഉള്ള ആള്‍ മരിച്ച ആളാണെന്നും താന്‍ അയാളുടെ വീട്ടില്‍ ശവം എത്തിക്കാന്‍ പോകുകയാണെന്നും ഷാവോ പറയുമ്പോള്‍ ആണ് പ്രേക്ഷകന്‍ പോലും സത്യം അറിയുന്നത് . കൊള്ളത്തലവന്‍ ഷാവോ യുടെ നിഷ്കളങ്കതയിലും വിശ്വാസ്യതയും മതിച്ചു ആ കൊള്ള ശ്രമം ഉപേക്ഷിക്കുന്നു . ഈ സിനിമയുടെ തന്നെ ആശയമായ ഒരു പഴഞ്ചൊല്ല് അയാളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്നു സംവിധായകന്‍ 

“ കൊഴിഞ്ഞു വീഴുന്ന ഇലകള്‍ അതിന്‍റെ വേരിലേക്ക് തിരിച്ചു പോകുന്നു എന്ന് “

വേരും മണ്ണും മറന്നു പുതിയ ആകാശം തേടുന്ന പുതിയ തലമുറയോട് എന്നുള്ളതുകൊണ്ട് ആവണം ഇത് കൊള്ളത്തലവനെ കൊണ്ട് തന്നെ പറയിപ്പിച്ചത് . 

           ശവത്തോടൊപ്പം യാത്ര ചെയ്യാന്‍ യാത്രക്കാര്‍ വിസ്സമതിച്ചകൊണ്ട് ഷാവോ യെ വഴിയില്‍ ഇറക്കി വിടുന്നു . ഒരു പെട്ടി വണ്ടിയില്‍ വേണ്ടും യാത്ര . ഹൃദയ സ്തംഭനം വന്ന ആള്‍ എന്ന് വിചാരിച്ചാണ് ലീ യു വിന്‍റെ മൃതദേഹം വണ്ടിയില്‍ കയറാന്‍ സമ്മതിക്കുന്നതു . രാത്രി ഷാവോ ലീയു വുമായി ഒരു വണ്ടി താവളത്തില്‍ എത്തുന്നു . അവിടെ വച്ച് ഷാവോ യുടെ കാശു മുഴുവന്‍ ആരോ മോഷ്ടിക്കുന്നു . പിന്നീട് യാത്ര തുടരുമ്പോള്‍ തലേ ദിവസം അയാളെ കൊണ്ടുപോകാന്‍ വിസ്സമതിച്ച ട്രക്ക് ഡ്രൈവര്‍ സഹായിക്കുന്നു . ട്രക്ക് ഡ്രൈവര്‍ തന്‍റെ പ്രണയ നൈരാശ്യം പറയുന്നു .. ഷാവോ അയാളെ ആശ്വസിപ്പിക്കുനനു . 

             ട്രക്കില്‍ യാത്ര അവസനിപിച്ചു . അയാള്‍ ഇനി വേറെ വഴിയാണ് . വഴിയില്‍ പിന്നെ ഷാവോ ഒരു വാഹനം തള്ളി സ്റ്റാര്‍ട്ട്‌ ആക്കാന്‍ സഹായിക്കുന്നുണ്ട് ., തന്നെകൂടെ കൊണ്ടുപോകാം എന്ന ഉറപ്പില്‍ . പക്ഷെ അയാള്‍ ഷാവോ യെയും ലീ യു വിനെയും കയറ്റാതെ ഓടിച്ചു പോകുന്നു . മനുഷ്യന്‍ അവസരവാദി ആണെന്നും ഉപകാരങ്ങള്‍ കൈനീട്ടി വാങ്ങുംപോളും ചേതമില്ലാത്ത ഒരു ഉപകാരം അന്യനു ചെയ്യാന്‍ വിമുഖത കാണിക്കുന്നു എന്നും പറയുക തന്നെയാണ് സംവിധായകന്‍ .

              വിശപ്പ്‌ മാറ്റാന്‍ ഷാവോ ഒരു മരണ വീട്ടില്‍ കയറി ഭക്ഷണം കഴിക്കുന്നു . ആളുകള്‍ പിരിഞ്ഞു പോയപ്പോള്‍ മരിച്ച ആള്‍ തന്നെ വന്നു ഷാവോ യെ ഞെട്ടിക്കുന്നുണ്ട് . താന്‍ മരിച്ചതല്ലെന്നും മറിച്ചു അരുമിലാത്തവന്‍ ആണെന്നും താന്‍ മരിച്ചു കിടക്കുമ്പോള്‍ ഒരുപാടു പേര് വന്നു എന്ന് തോന്നിക്കാന്‍ താന്‍ കൂലിക്ക് ആളുകളെ വിളിച്ചു അഭിനയിപിച്ചതാണ് എന്നും അയാള്‍ പറയുന്നു . എന്നാല്‍ താന്‍ ഷാവോ കഥപറയുന്നു . ആ വൃദ്ധന്‍ മൃതദേഹം കേടാകാതിരിക്കാന്‍ ചില തൈലങ്ങള്‍ പുരട്ടി അത് ഒരു ഉന്തുവണ്ടിയില്‍ വച്ച് കെട്ടി കൊടുത്തു ഷാവോ യെ യാത്ര ആക്കുന്നു . 

               വഴിയില്‍ ഷാവോ ഒരു കാള വണ്ടിക്കാരനോട് മത്സരിക്കുന്നുണ്ട്. മനുഷ്യന്‍ എന്ത് വ്യത്യസ്ത സാഹചര്യങ്ങളില്‍ ആയാലും തന്നാല്‍ ആകും വിധം സഹ ജീവികളോട് മത്സരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് നമ്മള്‍ ഇവിടെ കാണുന്നു . ഇടക്ക് തളര്‍ന്നു പോകുന്ന ഷാവോ യെ ഒരു സൈക്കിള്‍ ടൂറിസ്റ്റ്‌ ഉന്തി സഹായികുന്നുണ്ട് . മനുഷ്യനിലെ രണ്ടു വ്യത്യസ്ത പ്രവണതകള്‍ ദര്‍ശിക്കാം ഇവിടെ . തുടര്‍ന്ന് ഉള്ള യാത്രയില്‍ ഒരു മണ്ണുവഴിയില്‍ വച്ച് ഉന്ത്‌വണ്ടിയും ഷാവോ യും വീഴുന്നു . അപകടത്തില്‍ ഉന്തുവണ്ടി തകരാറില്‍ ആകുന്നു . പിന്നീട് അവിടെകിടന്ന ഒരു വല്യ ടയറില്‍ ലീ യു വിന്‍റെ മൃതദേഹം വച്ച് ഷാവോ ആ ടയര്‍ ഉരുട്ടി യാത്ര തുടരുന്നു . അതും പാതി വഴിയില്‍ പരാജയപെടുന്നത്തോടെ ലീ യു വിന്‍റെ സമ്പാദ്യം എടുത്തു ടാക്സിയില്‍ പോകാമെന്ന് പിന്നീട് അത് മടക്കി നല്‍കാമെന്നും ഷാവോ തീരുമാനിക്കുന്നു . പക്ഷെ ഒരു കടയില്‍ ഭക്ഷണം കഴിക്കാന്‍ കേറിയ ഷാവോ അത് കള്ളനോട്ട് ആണെന്ന് തിരിച്ചറിയുന്നു . ഇനി യാത്ര വയ്യ എന്ന് തീരുമാനിച്ചു ഒരു കുഴി വെട്ടി ലീ യു വിനെ അതില്‍ ഇട്ടു ഷാവോ യും മരിക്കാന്‍ തീരുമാനിക്കുന്നു .

           അതിലും പരാജയപെട്ടു അയാള്‍ യാത്ര തുടര്‍ന്നു. ഇടക്ക് ഒരു പോലീസ് കാരന്‍റെ കൂടെ പോലീസ് വാഹനത്തില്‍ യാത്ര ചെയ്യുനുണ്ട് ഷാവോ . കാഴ്ച കാരിലും ഷാവോ യുടെ മുഖത്തും ഇപ്പോള്‍ പിടിക്കപെടും എന്ന ഭീതി . ഇത് നമ്മുടെ നാട്ടില്‍ എങ്ങാന്‍ ആയിരുന്നെങ്കില്‍ അയാള്‍ എപ്പോളെ അറസ്റ്റിലായി , കൂട്ടുകാരനെ കൊന്ന കുറ്റം അയാളില്‍ അടിച്ചേല്‍പ്പിച്ചെനേ എന്ന് തോന്നി . 

             ഒടുവില്‍ ഷാവോ ഒരിടത്ത് തളര്‍ന്നു വീഴുന്നു . കണ്ണ് തുറക്കുമ്പോള്‍ അയാള്‍ ആശുപത്രിയില്‍ ആണ് . അടുത്ത് ഒരു പോലീസ് കാരന്‍ . അയാള്‍ ഷാവോ യുടെ ഉദ്ദേശശുദ്ധിയെ പ്രശംസിക്കുന്നു . എന്നാല്‍ മൃതദേഹം കൊണ്ട് ഇനി യാത്ര തുടരാന്‍ നിയമം അനുവദിക്കില്ല എന്നും അതിനാല്‍ അത് ദഹിപിക്കണം എന്നും പറയുന്നു . അവര്‍ മൃതദേഹം ദഹിപിച്ചു തിരുശേഷിപ്പുകള്‍ ഒരു പെട്ടിയില്‍ ആക്കി . ഷാവോ യും ആ പോലീസ് കാരനും കൂടി ലീയു വിന്‍റെ വീടിലേക്ക് യാത്ര തുടരുന്നു .
         ഒടുവില്‍ അവര്‍ എത്തിച്ചേരുന്നു . പക്ഷെ തകര്‍ന്നു വീണ ഒരു വീടാണ് അവിടെ ഉള്ളത് . അതിന്‍റെ വാതിലില്‍ ലീ യു വിന്‍റെ മകന്‍ അയാള്‍ക്ക് എഴുതിയ കുറിപ്പ് ഉണ്ട് . അച്ഛനെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത കൊണ്ട് അവര്‍ വേറെ സ്ഥലത്തേക്ക് പോകുകയാണെന്നും അതിന്‍റെ വിലാസവും ആ കതകില്‍ ഷാവോ വായിക്കുന്നു . എന്ത് ചെയ്യണം എന്ന സംശയത്തില്‍ വിഷമിച്ചു നില്‍കുന്ന ഷാവോ യോട് ആ സ്ഥലത്തേക്ക് ഇനി ഏഴ് മണിക്കൂര്‍ യാത്ര ഉണ്ട് നമുക്ക് ഉടനെ പുറപെടാം എന്ന് ആ പോലീസ്കാരന്‍ പറയുന്നിടത്ത് സിനിമ തീരുന്നു . 

                  ഷാവോ ലീ യു വിന്‍റെ വീട്ടില്‍ എത്തും എന്നും ചിതാഭസ്മം ആ കുടുംബത്തിനെ ഏല്‍പിക്കും എന്നും തന്നെ നമുക്ക് പ്രതീക്ഷ ഉണ്ടാകും . 

              ഈ ചിതം തീരുമ്പോള്‍ ഒരു കാര്യം നിങ്ങളെ അത്ഭുതപെടുത്തുക തന്നെ ചെയ്യും . “ഈ സിനിമ വെറും ഒരു മണിക്കൂറും അന്‍പതു മിനിറ്റ് ഉം മാത്രമേ ഉള്ളു എന്നത് . കാരണം ആ സമയം കൊണ്ട് സാദ്യമാകുന്നതില്‍ കൂടുതല്‍ കാഴ്ചകള്‍ കണ്ടു എന്ന് തോന്നും . ചൈനയുടെ ഗ്രാമീണ ഭംഗി മുതല്‍ ഷാവോ യാത്രയില്‍ കാണുന്ന , അനുഭവിക്കുന്ന , പരിച്ചയപെടുന്ന (മുഴുവനും ഇവിടെ വിശദീകരിച്ചിട്ടില്ല ) ആളുകള്‍ , കാഴ്ചകള്‍ എല്ലാം തരുന്ന ദൃശ്യഭംഗി ഇതിന്‍റെ ഫ്രൈമുകളെ സമ്പന്നമാക്കിയിരിക്കുന്നു. 

             അതിവാച്ചലതയോ നാടകീയതയോ ഇല്ലാതെ അടിയും ഇടിയും വെടിയും പ്രേമവും പെണ്ണും കാമവും പ്രതികാരവും “നായകനു മാത്രമുള്ള ഭാഗ്യവും “ ..... അങ്ങനെ ഉള്ള സ്ഥിരം സിനിമാ ആവര്‍ത്തനങ്ങള്‍ പിന്തുടരാതെ ജീവിതത്തെയും മനുഷ്യനെയും ആലഭാരങ്ങളില്ലാതെ പച്ചയായി ചിത്രീകരിച്ചു എന്നതു ഇതിന്‍റെ സംവിധായകന്‍ ഷാങ്ങ് യാങ്ങ് ഇന് അഭിമാനിക്കാം . ഒരു “കോമഡി ഡ്രാമ” എന്നാണ് ഈ സിനിമയെ ലേബല്‍ ചെയ്തിട്ടുള്ളത് . പക്ഷെ GETTING HOME അതിനും അപ്പുറം കുറെ മാനങ്ങള്‍ ഉണ്ട് എന്ന് സിനിമ കണ്ട ആരും നിസംശയം പറയും .

             സഹജീവികളോടുള്ള സ്നേഹം , വിശ്വസ്തത , സഹവര്‍ത്തിത്വം , മനുഷ്യനിലെ നിഷ്കളങ്കത , തുടങ്ങിയ വലിയ തത്വങ്ങള്‍ ഷാവോ യിലൂടെ , അയാള്‍ യാത്രയില്‍ കാണുന്ന കാഴ്ചകളുടെ തുടര്‍ച്ചയിലൂടെ സംവിധായകന്‍ പറയുന്നു .... ഒരു മതഗ്രന്ഥതിന്റെയോ തത്വചിന്തയുടെയോ ഒന്നും പിന്‍ബലമില്ലാതെ ഏറ്റവും സുന്ദരമായി തന്നെ ....

             വലിയ പേരുകള്‍ക്കും പാരമ്പര്യത്തിനും ഒപ്പം നമ്മള്‍ കൊണ്ടാടിയ സിനിമകളുടെ ലോകം വിട്ടു ഒരല്പം വ്യത്യസ്തമായ ചലച്ചിത്രാനുഭവം കൊതിക്കുന്ന സിനിമാപ്രേമികളെ ഒട്ടും നിരാശപ്പെടുത്താത്ത പകരം ഒരു പുതിയ അനുഭവം സമ്മാനിക്കാന്‍ കഴിയുന്ന സിനിമ ആണ് 
GETTING HOME(2007)
DIRECTION :- ZHANG YANG    
                                               വഴിപോക്കന്‍  

 

No comments:

Post a Comment