"CINEMA IS THE MOST BEAUTIFUL FRAUD IN THE WORLD "
സിനിമ ലോകത്തെ ഏറ്റവും മനോഹരമായ തട്ടിപ്പാണ് എന്ന് പറഞ്ഞത് സംവിധായകനും സിനിമ നിരൂപകനും ഫ്രഞ്ച് നവതരംഗ സിനിമയുടെ അമരക്കാരില്‍ ഒരാളുമായ JEAN LUC GODARD ആണ് . ഓരോ സിനിമ കാണാന്‍ തിയേറ്ററിലെ ഇരുട്ടിലേക്ക് കയറുംബോളും GODARDന്‍റെ ആ വാചകം ഓര്‍മ്മവരും . ഒന്നുകൂട് ഉരുവിട്ട് മനസ്സിനെ പാകപ്പെടുത്തും. ഇന്നലെ ശ്രിങ്കാരവേലന്‍ കണ്ടു ... കാണേണ്ടി വന്നു എന്നതാണ് സത്യം സുഹൃത്തുക്കളുടെ കൂടെ സിനിമക്ക് പോകുമ്പോള്‍ അവര്‍ നിര്‍ബന്ധിക്കുന്ന സിനിമ കാണെണ്ടി വരും . ഇതിനു മുന്‍പ് കണ്ട എല്ലാ ഉദയന്‍ - സിബി -ജോസ് തോമസ് സിനിമകളെക്കുറിച്ചു ഓര്‍ത്തപ്പോള്‍ ഒരു പിന്‍വിളി . എങ്കിലും കയറി .
ആദ്യമായി തന്നെ പറയട്ടെ സിനിമ എന്നെ ഒരു രീതിയിലും തൃപ്തിപ്പെടുത്തിയില്ല . പേരും കഥയും ആയി ഒരു ബന്ധവും ഇല്ല . എങ്കിലും കുറെ ചിന്തിപ്പിച്ചു . കുറെ ചോദ്യങ്ങള്‍ സിനിമ എന്നോടും ഞാന്‍ സ്വയവും ചോദിച്ചു . എന്‍റെ സിനിമാ സങ്കല്‍പ്പങ്ങളോട് കലഹിക്കുക തന്നെ ചെയ്തു . സിനിമയെ വിലയിരുത്തേണ്ട അളവുകോല്‍ ഏതു , അല്ലെങ്കില്‍ ഏതു തരം സിനിമകളുടെ കൂടെയാണ് മനസ്സുകൊണ്ട് നില്‍ക്കേണ്ടത് എന്നൊക്കെ ഉറക്കെ ചിന്തിപ്പിച്ചു .
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ സിനിമാ പ്രദര്‍ശനം തുടങ്ങിയത് മുതല്‍ ഒരു നൂറ്റാണ്ടിലേറെ കാലം കൊണ്ട് സിനിമ വല്ലാതെ വളര്‍ന്നു . ഈ കാലഘട്ടത്തില്‍ മനുഷ്യരാശിയെ സിനിമയോളം സ്വാധീനിച്ച മറ്റൊരു കലാരൂപമോ മാധ്യമമോ ഇല്ല എന്ന് തോന്നുന്നു . ഓടുന്ന ഫിലിം റോളുകളില്‍ പതിക്കുന്ന വെളിച്ചം സ്ക്രീനില്‍ വീണു ചലച്ചിത്രരൂപം കൈക്കൊള്ളുമ്പോള്‍ അതിനു ജനതയെ വല്ലാതെ ഭ്രമിപ്പിക്കാനും, കീഴടക്കാനും കഴിയും എന്ന് തിരിച്ചറിഞ്ഞ ചലച്ചിത്രക്കരന്മ്മാര്‍ അതിനു പുതിയ ഭാഷയും ഭാഷ്യവും ഒക്കെ എഴുതിച്ചേര്‍ത്തുകൊണ്ടേ ഇരുന്നു . സിനിമ എന്ന കലാരൂപത്തോടു അതിന്‍റെ മാധ്യമ - കച്ചവട സദ്യതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നീതിപുലര്‍ത്തിയ മഹാന്മ്മാര്‍ അവരുടെ സിനിമ കൊണ്ട് അഭ്രപാളികളില്‍ വിസ്മയം തീര്‍ത്തു. ഒരു മാധ്യമവും , കലാരൂപവും ഒക്കെ ആണെന്നിരിക്കെ കച്ചവട സാദ്ധ്യതകള്‍ മാത്രം ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന ശ്രിങ്കാരവേലന്‍ പോലുള്ള സിനിമകള്‍ ഒരു ശരാശരി സിനിമാസ്നേഹിയെ എന്ത് പഠിപ്പിക്കുന്നു ?
യാതൊരു പുതുമയും ഇല്ലാത്ത, യുക്തി എന്നൊന്ന് തൊട്ടു തീണ്ടിയിട്ടിലാത്ത , ക്ലിഷേകള്‍ കൊണ്ട് നിറഞ്ഞ ഒരു സിനിമ ആണ് എന്ന് ഒറ്റവാക്കില്‍ പറയാം . ലാല്‍ , ദിലീപ് , ഷാജോണ്‍, ബാബുരാജ് എല്ലാരും വെറുപ്പിച്ചു .പുതുമ എന്ന വാക്ക് തന്നെ ഒരു കള്ളനാണയം ആണ് സിനിമയില്‍ . അതുകൊണ്ട് അത്തരം ഒരു വിശകലനമോ അതിലൂന്നി തലപ്പൊക്കം നിര്‍ണയിക്കുന്ന ഉത്തരാധുനിക റേറ്റിങ്ങ് രീതികള്‍ ഉപയോഗിച്ച് പത്തിലോ അഞ്ചിലോ മാര്‍ക്കിടുന്ന സിനിമാ നിരൂപണമോ ഒന്നും ശ്രിങ്കാര വേലന്‍ ആവശ്യപ്പെടുന്നില്ല . ഇതൊരു പുത്തന്‍ വിപണന തന്ത്രവും അല്ല . ഉത്സവ പറമ്പുകളില്‍ കുട്ടികളുടെ മുന്നിലൂടെ കാറ്റാടിയും ബലൂണും കൊണ്ട്നടന്നു ബ്ലാക്ക് മെയില്‍ ചെയുന്ന കച്ചവടക്കാരുടെ ഒരു പരിഷ്കൃത രൂപം ആണ് . ഒന്നുകില്‍ അവരുടെ കണ്ണുകള്‍ അകറ്റുക . അല്ലെങ്കില്‍ അവര്‍ക്ക് അത് വാങ്ങി കൊടുക്കുക . ഒരു ബലൂണ്‍ സ്വന്തമാക്കിയ സന്തോഷത്തോടെ സിനിമ കഴിഞ്ഞിറങ്ങിയ കുഞ്ഞു കുട്ടികള്‍ക്ക് BATTLESHIP POTAMKIN ഉം CITIZEN KANEഉം ഒന്നും കാട്ടികൊടുക്കാന്‍ പറ്റില്ലല്ലോ .
വെറുപിക്കാത്ത ഒരൊറ്റ നിമിഷവും തിയേറ്ററില്‍ ഉണ്ടായിരുന്നില്ല എന്ന് പരാതി പറയാന്‍ ഉള്ള മണ്ടത്തരം വഴിപോക്കന്‍ കാണിക്കില്ല . ഇത് കാണാന്‍ ഞാന്‍ സ്വയം തീരുമാനിച്ചു കയറിയതാണ് . ഇതിലേറെ .. എന്തിനു ഇതുപോലും ഞാന്‍ പ്രതീക്ഷിച്ചത് അല്ല .. ഒന്നുകില്‍ ശീതീകരിച്ച ഹാളില്‍ ഒരുറക്കം അല്ലെങ്കില്‍ കടലകൊറിച്ചോണ്ട് ഒരു രണ്ടര മണിക്കൂര്‍ . അതില്‍ കൂടുതല്‍ തരാമെന്ന് ഉദയനോ സിബിയോ ജോസ് തോമസ്സോ ഒന്നും ബുദ്ധിജീവി കണ്ണട വച്ച ഒരു സിനിമ പ്രേക്ഷകനോടും പറയുന്നുമില്ല . വഴിതെറ്റിയും വച്ചിഴക്കപെട്ടും ഒക്കെ ആ വഴി ചെന്ന് കേറുന്ന വഴിപോക്കരെ പറഞ്ഞാല്‍ മതി .
സിനിമയില്‍ ഇഷ്ടപെട്ടതു ഇന്ദ്രനീലങ്ങളോ എന്ന പാട്ടാണ് .പിന്നെ ഗാനങ്ങളിലെ വിഷ്വല്‍സ് . ജോയ് മാത്യു , നെടുമുടി , ബാബു നമ്പൂതിരി . പിന്നെ ചുറ്റും പുറവും ഇരുന്ന കുടുംബ പ്രേക്ഷകരുടെ ഇടയില്‍ നിന്ന് കേട്ട കുരുന്നുകളുടെ പൊട്ടിച്ചിരി . വളര്‍ന്നു വലുതായത് ഒരു തെറ്റായി , നഷടമായി ഒക്കെ തോന്നി ആ കുട്ടികള്‍ സിനിമ ആഘോഷിക്കുന്നത് കണ്ടപ്പോള്‍ . ടോം ആന്‍ഡ് ജെറി ഇന്നു കണ്ടാലും ആസ്വദിക്കാന്‍ കഴിയും എന്ന് തര്‍ക്കമില്ലാതെ തന്നെ പറയാം . പക്ഷെ മനുഷ്യര്‍ അഭിനയിക്കുനിടത്തു കാര്‍ട്ടൂണ്‍ നിലവാരം അല്ലാലോ പ്രതീക്ഷിക്കുക. ഒരു കാര്‍ട്ടൂണിന്‍റെ എങ്കിലും നിലവാരം പുലര്‍ത്താന്‍ സിബി -ഉദയന്‍ എന്നീ അഭിനവ വാള്‍ട്ട് ഡിസ്നിമാര്‍ ശ്രമിച്ചേ ഇല്ല .
ഉറക്കത്തിന്‍റെ ഇടക്കുള്ള ദുസ്വപ്നം പോലെ കുറെ ചിന്തകള്‍ ഇരച്ചു കേറി തിയേറ്ററില്‍ വച്ച് .ഇടക്ക് ഒരു ഗാങ്ങ് വാറും പകപോക്കലും ഒക്കെ കണ്ടപ്പോള്‍ ഞാന്‍ കണ്ട GODFATHER മുതലുള്ള ഒരുപാടു നല്ല GANGSTER ചിത്രങ്ങള്‍ ഓര്‍മിച്ചു പോയി . എങ്കില്‍ അത് എന്‍റെ തെറ്റ് . അത്തരം ഒരു ഓര്‍മ്മപെടുത്തലിനോ ഒന്നും ഒരു പ്രസക്തിയും ഇല്ല എന്നത് തന്നെ .ഇത് ഒരു മോശം സിനിമ ആണെന്ന് വാദിക്കാനോ തര്‍ക്കിക്കണോ ഒന്നും ഞാന്‍ ഇല്ല . പക്ഷെ ഇതുപോലെ ഉള്ള ചിത്രങ്ങളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ എന്തോ മനസ്സ് സമ്മതിക്കുന്നില്ല .
നിര്‍മ്മാതാവിന് നഷ്ടം വരുത്താതെ അത്യാവശ്യം സാമ്പത്തിക വിജയം നേടുന്ന ഇത്തരം സിനിമകള്‍ സിനിമയുടെ വളര്‍ച്ചക്ക് അനിവാര്യമാണ് എന്ന് ചിന്തികുന്നവര്‍ ഉണ്ട് . സിനിമയെ ആശ്രയിച്ചു ഉപജീവിക്കുന്ന ഒരുപാടു പേരുടെ ജീവിതം , നിര്‍മ്മാതാവിന്റെ കണ്ണീരു, കസേരകളെ നോക്കി വിതുമ്പി കരയുന്ന തിയേറ്റര്‍ ഉടമകള്‍ അങ്ങനെ വാദിക്കാനാണെങ്കില്‍ ഒരുപിടി സെന്റിമെന്‍സ്ഉം കാണും . പക്ഷെ സിനിമയെ ഒരു കച്ചവടം മാത്രമായി കാണുന്ന ഇത്തരം സിനിമ സംരംഭങ്ങള്‍ സിനിമയെന്ന കലാരൂപത്തെ ഒന്ന് പരിഗണിക്കുന്നു പോലും ഇല്ല എന്നത് സത്യമാണ് . നിര്‍മാതാവിന്റെ പോകറ്റ് വീര്‍പിക്കാന്‍ മാത്രം ലക്ഷ്യമിടുന്ന അവ പ്രേക്ഷകനെയോ സിനിമയുടെ തന്നെ ആത്മാവിനെയോ തോട്ടറിയാതെ രണ്ടടി മാറി നിന്ന് ചില കോപ്രായങ്ങള്‍ കാണിക്കുന്നു .
നമുക്ക് കഴിച്ചിട്ട് ഇഷ്ടപെടാത്ത ഒരു പലഹാരം മറ്റുളവര്‍ക്ക് എടുത്തു നീട്ടുന്നതുപോലെ ഒരു കുറ്റബോധം തോന്നും ഇത് ആര്‍ക്കെങ്കിലും നിര്‍ദേശിച്ചാല്‍. ശ്രിങ്കാര വേലന്‍ എന്നൊരു സിനിമ കണ്ടേ തീരു എന്ന് നിര്‍ബന്ധ ബുദ്ധിയുള്ളവരോട് :- ഇതേ പേരില്‍ ഇറങ്ങിയ ഒരു പഴയ തമിഴ് സിനിമ ഉണ്ട് . കമലഹാസനും കുശ്ബു വും ഒക്കെ ഉള്ള ഒരു ചിത്രം . ഇടക്കിടക്ക് KTV ഇല്‍ വരും . ഇതൊക്കെ വച്ച് നോക്കുമ്പോള്‍ കമലഹാസന്റെ സിനിമ ക്ലാസ്സിക് ആണ് .മലയാള സിനിമ നല്ല ദിശയിലുള്ള വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ കാലഘട്ടത്തില്‍ ശ്രിങ്കാര വേലന്‍ എന്ന സിനിമ എന്ത് അവശേഷിപ്പിക്കുന്നു ? സിനിമ വെറും കച്ചവടം ആകുന്നത് GODARD പറഞ്ഞപോലെ സുന്ദരമായ ഒരു തട്ടിപ്പല്ലേ ?
ടെയില്‍ പീസ് :- ഇടവേളയില്‍ ഇടനാഴിയുടെ ഒരു മൂലയില്‍ ഒരു സിഗരേറ്റ് പുകച്ചു നിന്നപ്പോള്‍ അടുത്ത് നിന്ന കുറച്ചു ന്യൂ generation പിള്ളേരുടെ കമന്റ് :-"എടാ ഇനി ബാബുരാജും ഉണ്ട് ... അതിനെ കൂടി എങ്ങനെ സഹിക്കും , ഇറങ്ങി പോയാലോ" ? ആനന്ദവും ആഘോഷവും ഒക്കെ ആകേണ്ട സിനിമ സഹനവും പീഡനവും ഒക്കെ ആകുന്നു എങ്കില്‍ അത് സിനിമ പ്രേക്ഷകനില്‍ നിന്നോ അവന്‍ സിനിമയില്‍ നിന്നോ അകന്നു പോകുന്നതിന്‍റെ ലക്ഷണമല്ലേ ??
(വഴിപോക്കന്‍ )
No comments:
Post a Comment