നഷ്ടങ്ങളുടെ വേദന എന്താണെന്നു അത് അനുഭിക്കാതെ തന്നെ നമ്മള്‍ അറിഞ്ഞു പോകും . രാവുണ്ണി മാഷിന്റെയും സരസ്വതി ടീച്ചറുടെയും ഒറ്റപ്പെടലിന്‍റെ വാര്‍ധക്യ ജീവിതത്തിലേക്ക് ഒരു ആശ്വാസമായി മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ മായ എത്തുന്നു . സ്വന്തം മോളെ പോലെ വളര്‍ത്തിയ അവള്‍ അവരെ വേര്‍പിരിഞ്ഞു പോകുന്നു . മായയുടെ നഷ്ടം അവളുടെ കുഞ്ഞിലൂടെ നികത്തി അതിനെയും ലാളിച്ചു അവര്‍ നഷ്ടങ്ങളോട് പൊരുത്തപ്പെടുന്നു. അനിവാര്യമായ വിധി അച്ഛന്റെ രൂപത്തില്‍ വന്നു ആ കുഞ്ഞിനേയും അവരില്‍ നിന്ന് പറിച്ചു എടുക്കുന്നു . വളരെ ലളിതമായ പ്ലോട്ട് ആണ് ഇതിന്‍റെ . പക്ഷെ ഒരു സിനിമയായി വികസിപ്പിച്ചെടുത്തപ്പോള്‍ അത് അത് ഒരു കവിത പോലെ മനോഹരമാക്കാന്‍ തിരകഥാകൃത്തു ശ്രീ ജോണ്‍പോളിന് കഴിഞ്ഞു .. ഒരു ദുഃഖ കാവ്യം പോലെ
എടുത്തു പറയേണ്ട വിധത്തില്‍ മികച്ച പ്രകടനം ആണ് നെടുമുടി വേണുവും ശാരദയും ഇതില്‍ ചെയ്തിരിക്കുന്നത് . തന്‍റെ പ്രായത്തെക്കാള്‍ കൂടിയ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ആണ് നെടുമുടി വേണു എന്ന നടന്‍ എല്ലാരേയും വിസ്മയിപ്പിക്കാറുള്ളത്. നെടുമുടിയുടെ അഭിനയ ജീവിതത്തിലെ മികച്ച അഞ്ചു കഥാപാത്രങ്ങളില്‍ ഉറപ്പായും രാവുണ്ണി മാഷും ഉണ്ടാകും. മൂന്ന് നാഷണല്‍ അവാര്‍ഡു വീട്ടിലെ ഷോ കേസില്‍ ഇരിക്കുമ്പോള്‍ ആണ് ഉര്‍വശി ശാരദ ഈ സിനിമയില്‍ അഭിനയിക്കുന്നത് . ഇത്രയും സ്വാഭാവിക അഭിനയ ശേഷിയുള്ള മറ്റു നടിമാര്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വേറെ ഉണ്ടോ എന്ന് സംശയമാണ് . പാര്‍വതിയും ദേവനും നന്നായി തന്നെ കഥാപാത്രങ്ങളായി ജീവിച്ചു .
ഏകാന്തത എന്ന അവസ്ഥയെ ഇത്രയും ഭംഗി ആയി അവതരിപ്പിക്കാന്‍ സാധിച്ചു എന്നത് സിനിമയുടെ മേന്മയാണ് . മിന്നാമിനുങ്ങിന്റെ വെട്ടം പോലെ ജീവിതത്തില്‍ ലഭിക്കുന്ന നല്ല നാളുകളും അതവസാനിക്കുമ്പോള്‍ മുന്‍പത്തെക്കാള്‍ വലിയ ഒരു അവസ്ഥയിലേക്ക് തിരിച്ചു പോകുകയും ചെയ്യുന്ന ജീവിത ഭീകരത അതിന്‍റെ എല്ലാ സിനിമാസാധ്യതയും ഉപയോഗിച്ച് ഇവിടെ ഒരു മനോഹര ചലച്ചിത്രമായി മാറുന്നത് കാണുബോള്‍ തീര്‍ച്ചയായും നമ്മള്‍ അത്ഭുതപ്പെടും . സിനിമ എന്ന കലരൂപത്തോട് ഇതിന്‍റെ പകുതി പോലും ആത്മാര്‍ഥത ഉള്ള സിനിമ ശ്രമങ്ങള്‍ അധികം കാണാറില്ല എന്നതാണ് സത്യം . ഇന്റര്‍വ്യൂ യിലൂടെയോ പ്രോമോഷന്‍ പ്രോഗ്രാമുകളിലൂടെയോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെയോ അല്ല ഒരു സ്ക്രീനില്‍ നിന്ന് നേരിട്ട് പ്രേക്ഷകനോട്, അവന്റെ മനസ്സിനോട് ആവണം സിനിമ സംവദിക്കേണ്ടത് .
ഇതിന്‍റെ അണിയറയിലെ രണ്ടുപേരുടെ സംഭാവനകള്‍ കൂടി എടുത്തു പറഞ്ഞില്ലെങ്കില്‍ അത് ഒരു നന്ദികേട് ആകും . സംവിധായകന്‍ ഭരതനും എഴുത്തുകാരന്‍ ജോണ്‍പോളും. എണ്പതുകളില്‍ ലോക സിനിമയിലെ തുടിപ്പുകള്‍ക്കൊപ്പം മലയാള സിനിമ പുതുമക്കൊപ്പം വഴിമാറ്റി സഞ്ചരിച്ച ഒരു ശക്തമായ മൂവ്മെന്റ് ഉണ്ടായിരുന്നു . യുവത്വവും സിനിമയോട് ഉള അങ്ങേയറ്റത്തെ ആത്മാര്‍ഥതയും ആയിരുന്നു അതിന്‍റെ ശക്തി . ഒരു ഉത്തരാധുനിക സിനിമാ സങ്കേതം ഉടലെടുത്തു തലയുയര്‍ത്തി നില്‍കുകതന്നെ ചെയ്തു . സത്യസന്ധമായി പറഞ്ഞാല്‍ മലയാള സിനിമയിലെ ആദ്യ NEW GENERATION MOVEMENT അതായിരുന്നു . അത്തരം സിനിമാക്കാരില്‍ ഏറ്റവും തലയെടുപ്പുള്ള ആളായിരുന്നു ഭരതന്‍ . അങ്ങേയറ്റം സിനിമാറ്റ്ക് അയ ക്ലാസ്സിക്കുകള്‍ കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ഭരതന്‍ ടച്ച് ഇതില്‍ പ്രകടമാണ്
ഒട്ടും അതിഭാവുകത്വമില്ലാത്ത , അലങ്കാരികത തൊട്ടു തീണ്ടിയിട്ടില്ലാത്ത ലളിതമായ ഒരു ചിത്രമാണ് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം . ജോണ്‍പോള്‍ എന്ന തിരക്കഥാകൃത്ത് അഭിനന്ദനം അര്‍ഹിക്കുന്നത് അവിടെയാണ് . പത്മരാജന്‍റെ ഇന്നലെ അല്ലാതെ കഥാപാത്രങ്ങളുടെ ദുഃഖം നമ്മുടേതായി അനുഭവിച്ച മറ്റൊരു മലയാള ചിത്രം ഇത് മാത്രമാണ് ( വഴിപോക്കന്റെ വ്യക്തിപരമായ അഭിപ്രായമാണ് ) . ഞെക്കി പഴുപ്പിച്ചു വച്ചപോലെ ഉള്ള മെലോഡ്രാമകളെ അപേക്ഷിച്ച് ഈ സിനിമ നമ്മളെ ആഴത്തില്‍ സ്പര്‍ശിക്കുന്നത് അതിന്റെ സ്വാഭാവികവും ലളിതവും മലയാളിത്തമുള്ളതും അയ കഥാഗതി കൊണ്ട് ആണ് . എങ്കിലും ഒരു വിദൂര STEREOTYPING ഫീല്‍ ചെയ്യുന്നുണ്ട് കഥാപാത്ര സൃഷ്ടിയില്‍ എന്ന് പറയാതെ വയ്യ .
ഓ എന്‍ വി കുറുപ്പും യശശരീരനായ ശ്രീ ജോണ്‍സന്‍ മാഷും ചേര്‍ന്നാണ് ഇതിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് . മെലേഡി കൊണ്ട് ജോണ്‍സനോളം മലയാളികളെ വശീകരിച്ച മറ്റൊരു സംഗീത സംവിധായകന്‍ ഉണ്ട് എന്ന് തോന്നുന്നില്ല . കവിതയുടെ മലയാളിത്തവും ലാളിത്യവും കലര്‍ന്ന കുറുപ്പ് സാറിന്റെ പാട്ടുകളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ . മെല്ലെ മെല്ലെ യും പൂ വേണം പൂപ്പട വേണം വും ഇഷ്ടമല്ലാത്ത മലയാളികള്‍ ഉണ്ടോ ?
" തണുപ്പിച്ച ബിയര്‍ ന്‍റെ ബോട്ടില്‍ആയി നിന്നെ ഞാന്‍
ഹൃദയത്തില്‍ ഫ്രീസറില്‍ എടുത്തു വച്ച്
ചുണ്ടോടടുപ്പിക്കാന്‍ വയ്കിയതെന്റെ തെറ്റ് "
എന്നൊക്കെ എഴുതി പാടുണ്ടാക്കി വല്യ സംഭവമാക്കി കൊണ്ട് നടക്കുന്ന NEW GENERATION കാര് പിള്ളേര്‍ക്ക് ചില്ലപ്പോ വേറെ അഭിപ്രായം കാണുമായിരിക്കും .
മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ് മിനമിനുങ്ങിന്റെ നുറുങ്ങു വെട്ടം . എത്ര വട്ടം കണ്ടിട്ടും മടുക്കാത്ത അപൂര്‍വ്വം ചില സിനിമാകളില്‍ ഒന്നാണിത് . ഇനിയും ഈ സിനിമ കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണണം . കണ്ടിട്ടുള്ളവര്‍ക്കും കാണാം . രാവുണ്ണി മാഷും ടീച്ചറും അവരുടെ ദുഖവും നമ്മെ കുറെ ദൂരം പിന്തുടരും .
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987)
സംവിധാനം :- ഭരതന്‍
തിരകഥ :- ജോണ്‍പോള്‍
അഭിനേതാക്കള്‍ :- നെടുമുടി വേണു , ശാരദ , പാര്‍വതി , ദേവന്‍
(വഴിപോക്കന്‍)
No comments:
Post a Comment