Tuesday, 24 September 2013

A BEAUTIFUL MIND - A BEAUTIFUL FILM

       

                       കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് , 2004 ലോ 2005ലോ മറ്റോ ആണ് .  സാമ്പത്തിക ശാസ്ത്രത്തിനു നോബല്‍ സമ്മാനം ലഭിച്ചവരുടെ ഒരു സമ്മേളനത്തിന് വന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ശ്രീ ജോണ്‍ നാഷന്‍റെ ഒരു അഭിമുഖം മാതൃഭൂമി ആഴിച്ചപ്പതിപ്പിലോ കലാകൌമുദിയിലോ മറ്റോ വായിച്ചു .  PARANOID SCHIZOPHRENIA  എന്ന അതി ഭയാനകമായ മാനസിക രോഗം ബാധിച്ചു അതിനെ നിയന്ത്രിച്ചു ,അതുമായി ഇന്നും ജീവിക്കുന്ന ഒരു ജീനിയസ് ആണ് DR. JOHN NASH.   അങ്ങനെ ആണ് അദ്ദേഹത്തിന്‍റെ  കഥ പറയുന്ന  A BEAUTIFUL MIND (2001) എന്ന സിനിമ കാണാനിടയായത് . മനുഷ്യ മനസിന്‍റെ ആഴങ്ങളില്‍ നടക്കുന്ന  അതിസങ്കീര്‍ണ്ണമായ മാസസിക വ്യാപാരങ്ങളെ ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിച്ച ഈ ചിത്രം അന്നും പിന്നീടു പലവട്ടം കണ്ടപ്പോളും കുറച്ചൊന്നുമല്ല സ്വാധീനിച്ചതു .

                  GLADIATOR എന്ന വിഖ്യാത സിനിമയിലൂടെ ലോകമെമ്പാടും സിനിമ പ്രേക്ഷകരെ വശീകരിച്ച RUSSEL CROWE  ആണ് ഈ ചിത്രത്തില്‍ ജോണ്‍ നാഷ് ആയി അഭിനയിക്കുന്നത് (ജീവിക്കുന്നത് എന്ന് വേണം പറയാന്‍ ).  വളരെ തന്മയത്വത്തോടെ , തികഞ്ഞ കയ്യടക്കത്തോടെ,അങ്ങേയറ്റം സൂക്ഷ്മതയോടെ റസ്സല്‍ ജോണ്‍ നാഷ് ആയി മാറി . ജീവിച്ചിരിക്കുന്ന ഒരാളെ അവതരിപ്പിക്കേണ്ടി വരിമ്പോള്‍ ഉള്ള എല്ലാ വെല്ലുവിളിയും ഇതില്‍ ഉണ്ടായിരുന്നു . GLADIATORലെ MAXIMUS നെ ക്കാള്‍ മികച്ചതായി എന്നാണ് വഴിപോക്കന്റെ വിലയിരുത്തല്‍ . അങ്ങേയറ്റം ആത്മാര്‍ഥതയും സമര്‍പ്പണവും ഇല്ലാതെ ഇത്രയേറെ സങ്കീര്‍ണ്ണതകള്‍ ഉള്ള ഒരു കഥാപാത്രത്തെ അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ കഴിയില്ല . RUSSEL CROWEക്ക് അതിനു നൂറില്‍ നൂറു മാര്‍ക്കും കൊടുത്തേ മതിയാകൂ. നാഷിന്റെ ഭാര്യ അലിഷ ആയി അഭിനയിച്ച ജെനിഫെര്‍ കോണ്‍ലീ വളരെ മികച്ചു നിന്നു  എന്നും എടുത്തു പറയണം . മികച്ച സഹനടിക്കുള്ള  ഓസ്കാര്‍ മേടിച്ചു   ഇതിലെ അഭിനയത്തിന് അവര്‍ .

                        വളരെ സങ്കീര്‍ണ്ണമായ ഒരു പ്ലോട്ട് ആണ് ഈ സിനിമയുടേതു . PARANOID SCHIZOPHRENIA  എന്ന രോഗത്തെ സ്വന്തം മനസ്സ് കൊണ്ട് ജയിച്ച (ഒരു പരിധി വരെ ) ജോണ്‍ നാഷ്ന്‍റെ കഥയാണ് . ALGEBRAIC GEOMETRY  , GOVERNING DYNAMICS , NASH EQUILIBRIUM  തുടങ്ങി എനിക്കിനിയും പേര് മാത്രം അറിയാവുന്ന ഒരുപാടു കണ്ടുപിടുത്തങ്ങള്‍ സാമ്പത്തിക ശാസ്ത്രത്തിനും ഗണിതശാസ്ത്രത്തിനും നല്‍കിയ ഇന്നും ജീവിച്ചിരിക്കുന്ന ഒരു മഹന്‍ ആണ് ജോണ്‍ നാഷ് . അയാള്‍ ഈ സംഭാവനകള്‍ ഒക്കെ നടത്തിയപ്പോലും ഈ രോഗത്തിന് അടിമയായിരുന്നു ... സ്വയം ഒതുങ്ങി മാറി അന്തര്‍മുഖന്‍ ആയി ജീവിച്ചു ... ഇരട്ടതലച്ചോറും പാതി ഹൃദയവുമായി .

                 നമ്മള്‍ കാണുന്നതും  കേള്‍ക്കുന്നതും അനുഭവിക്കുന്നതും ആണ് നമ്മുടെ ലോകം . നമ്മുടെ മനസ്സുകളില്‍ ആഴത്തില്‍ പതിയുന്ന അത്തരം ഓര്‍മ്മകള്‍ ആണ് നമ്മുടെ വ്യക്തിത്വം അല്ലെങ്കില്‍ വ്യക്തി ബോധം നിര്‍ണയിക്കുനത്. ആ  കാഴ്ചകളില്‍ ചിലത് മിഥ്യ ആയിരുന്നു എന്ന് തിരിച്ചറിയുന്ന അവസ്ഥയെ എങ്ങനെ നേരിടും എന്നത് ഒരു ചോദ്യം തന്നെ ആണ് . അങ്ങനെ ഒരുപാടു മായകാഴ്ചകള്‍ കാണിച്ചു  വിശ്വസിപ്പിക്കുന്ന ഒരു മനോരോഗം ആണ് SCHIZOPHRENIA . അങ്ങനെ ആഴത്തില്‍ പതിഞ്ഞു പോയ ധാരണകളെ പെട്ടെന്ന് തിരുത്താന്‍ അയാള്‍ക്ക് കഴിയുന്നില്ല . തന്‍റെ മാത്രം കാഴ്ചകളില്‍ കാണുന്ന ഒരു കൊച്ചു പെണ്‍കുട്ടി കുറെ വര്‍ഷങ്ങള്‍ ആയിട്ടും വളരുന്നില്ല എന്ന് കണ്ടാണ്‌ അയാള്‍ സ്വയം രോഗം തിരിച്ചറിയുന്നത് . പിന്നീടു സ്വയം പൊരുതി അയാള്‍ അതിനോട് പൊരുത്തപെടാന്‍ ശ്രമിക്കുന്നു . തനിക്കു നോബല്‍ സമ്മാനം കിട്ടാന്‍ പോകുന്നു എന്ന വാര്‍ത്തയുമായി ഒരാള്‍ വന്നപ്പോള്‍ ഒരു വിദ്യാര്‍ഥിയെ ക്കൊണ്ട് അയാള്‍ ഉറപ്പു വരുത്തുന്നുണ്ട് അത് ഒരു മിഥ്യ അല്ല എന്ന് . നമ്മുടെ വ്യക്തിബോധതെയും അതിലെ സത്യങ്ങളെയും മിഥ്യ കൊണ്ട് മറയ്ക്കുന്ന രോഗത്തെ നാഷ്കീഴടക്കി. സ്വന്തം ഭാര്യയുടെ , സുഹൃത്തുക്കളുടെ ഒക്കെ സഹായത്താല്‍ .  കാണുന്നതിനെ രണ്ടാമതൊന്നു ആലോചിക്കാതെ വിശ്വസിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ ശരിക്കും വിഷമിപ്പിച്ചു .

                   ജോണ്‍ നാഷിന്റെ ആ പഴയ ഇന്റര്‍വ്യൂ വിന്‍റെ വീഡിയോ നെറ്റില്‍ നിന്ന് തപ്പി എടുത്തു കണ്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി .
http://www.nobelprize.org/mediaplayer/index.php?id=429
സ്വന്തം വ്യക്തി ബോധത്തെയും മനസ്സിനെയും രോഗം നിയന്ത്രിച്ചപ്പോളും  സ്വയം കീഴടങ്ങാതെ പിടിച്ചു നിന്ന് ലോകത്തിനു മികച്ച സംഭാവനകള്‍ നല്‍കിയ അദ്ദേഹം ഒരുപാടു വര്ഷം ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു .

            ഇഷ്ടത്തിന് പ്രവര്‍ത്തിക്കുന്ന , നമ്മുക്ക് വഴങ്ങി തരുന്ന മനസ്സും ശരീരവുമാണ് മനുഷ്യന്‍റെ ശക്തി . മനസ്സ് മായക്കാഴ്ചകള്‍ കാണിച്ചു ഭ്രമിപ്പിച്ചു തെറ്റിധരിപ്പിച്ചപ്പോഴും  പതറാതെ  അതിനെ കീഴ്പെടുത്തി മനുഷ്യരാശിക്ക് മഹത്തായ സംഭാവനകള്‍ നല്‍ക്കാന്‍ കഴിഞ്ഞു അദ്ദേഹത്തിന് . മഹാമാനോരോഗത്തിന് കീഴടങ്ങാതെ നോബല്‍ സമ്മാനതിലേക്കു വരെ ഉയരാന്‍ കഴിഞ്ഞ JOHN NASH ഉം ,  ഒരു വിരല്‍തുമ്പ് ഒഴികെ എല്ലാം തളര്‍ന്നുപോയ ശരീരത്തിന്റെ അനുസരണക്കേടിനു വഴങ്ങാതെ പ്രപഞ്ച ഉല്പത്തിയുടെ പുതിയ സിദ്ധാന്തങ്ങള്‍ രചിച്ച STEPHEN HAWKINSഉം കണ്ണും കാത്തും അടഞ്ഞുപോയ സംസാരിക്കാന്‍ കഴിയാത്ത HELLEN KELLERഉം ഒക്കെ നമുക്ക് ഒരു വലിയ പാഠമാകണം . അതിജീവനത്തിന്റെ മഹാ സന്ദേശം ആണ് അവര്‍ നമ്മുക്ക് പകര്‍ന്നു തരുന്നത് . ഒരു ജലദോഷം വന്നാല്‍ ലോകാവസാനം ആയി കാണുന്ന നമ്മളൊക്കെ അവരില്‍ നിന്ന് കുറെ പഠിക്കാന്‍ ഉണ്ടെന്നു തോന്നുന്നു

             A BEAUTIFUL MIND ഒരു സിനിമ എന്നതിലും അപ്പുറത്ത് കുറെ പഠിപ്പിക്കുന്നു , ചിന്തിപ്പിക്കുന്നു . നാം അറിയാതെ നമ്മോടു ഒരുപാടു സംവദിക്കുന്ന അതിവിരളമായ ഒരു ചലച്ചിത്ര ഭാഷ ആണ് അത് . ഓരോ തവണ കണ്ടപ്പോളും ഈ ചിത്രം എന്നെ കുറേക്കാലം വേട്ടയാടിയിട്ടുണ്ട് . കണ്ടിരിക്കേണ്ട നല്ല സിനിമ ആയി ഒരുപാടു പേര്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട് . വഴിപോക്കനെ ആഴത്തില്‍ സ്വാധീനിച്ച ഒരു ചലച്ചിത്രമാണിത് . സമയം കണ്ടെത്തി കണ്ടാല്‍ നിരാശപ്പെടില്ല എന്ന് ഉറപ്പു  തന്നുകൊണ്ട് തന്നെ കാണാത്തവരെ നിര്‍ബന്ധിക്കുന്നു .
                                               
                                          വഴിപോക്കന്‍


No comments:

Post a Comment