Tuesday, 17 September 2013

ഒരല്പം ഔട്ട്‌ ഓഫ് ദി ബോക്സ്‌

      സ്ഥിരം ഫോര്‍മുലയില്‍ നിന്നും വഴികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന സിനിമ പരിശ്രമങ്ങളില്‍ വല്ലാതെ ആകര്‍ഷിക്കപ്പെടുന്ന ഒരു ദുര്‍ബല ഹൃദയന്‍ ആണ് ഈ വഴിപോക്കന്‍ . അത്തരം സിനിമകളെ കയ്യിടിച്ചു പ്രോത്സാഹിപ്പിക്കാന്‍എന്നും ശ്രമിക്കാറുണ്ട് . ഇന്ന് ടി വി യില്‍ “നത്തോലി ഒരു ചെറിയ മീനല്ല”  വീണ്ടും കണ്ടപ്പോള്‍ ചിലതൊക്കെ എഴുതണമെന്നു തോന്നി .

       പേര് സൂചിപ്പിക്കുന്നപോലെ നത്തോലി അത്ര വല്യ മീനൊന്നും അല്ല എന്നത് സത്യമാണ് . പക്ഷെ വായ തുറക്കുന്നത് തിന്നാനും സിനിമയെ കുറ്റം പറയാനും മാത്രം എന്ന് എനിക്ക് തോന്നിയിടുള്ള ‘MOVIERAGA   യിലെ കൃഷ്ണമൂര്‍ത്തി’ പറയുന്നപോലെ ഒരു വാല്‍മാക്രി ഒന്നും അല്ല . ഈ സിനിമ തിയേറ്ററില്‍ കണ്ടു കുറ്റം പറയാത്തത്തിനു ഒരുപാടു പഴി കേട്ടിടുണ്ട് . പക്ഷെ അന്നും എന്നും ഈ സിനിമയെ ഒരു നല്ല പരിശ്രമം ആയിട്ടെ എനിക്ക് തോന്നിയുള്ളൂ .  എല്ലാ പരിശ്രമങ്ങളും പൂര്‍ണ വിജയങ്ങള്‍ ആകാറില്ലല്ലോ.

      എല്ലാവര്ക്കും ഒരുപോലെ ഇഷ്ടമാകുന്ന /എല്ലാരേയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരു പ്രമേയമോ ആഖ്യാന ശൈലിയോ അല്ല നത്തോലി യുടെതു . ഒറ്റ നോട്ടത്തില്‍ അനുഭപെടുന്നപോലെ (ത്രീ കിങ്ങ്സ് ഒക്കെ പോലെ ) ഒരു സ്ഥിരം VKP  കോപ്രായം അല്ല എന്നാണ് എനിക്ക് തോന്നിയത് . വ്യത്യസ്തമായ സിനിമ രീതികള്‍ അവലംബിക്കാനും പരീക്ഷിക്കാനും ശ്രമിക്കുന്ന ശങ്കര്‍ രാമകൃഷ്ണന്‍ പൂര്‍ണമായി വിജയിച്ചു എന്ന് പറയുന്നില്ല പക്ഷെ പാസ്‌ മാര്‍ക്ക്‌ കൊടുക്കാതെ നിവൃത്തി ഇല്ല . MULTILINEAR കഥാ രീതി കൊണ്ട് പ്രേക്ഷകനെ വെറുപ്പിച്ച പോപ്പിന്‍സ്‌ നെ അപേക്ഷിച്ച് നോക്കിയാല്‍ ഫസ്റ്റ് ക്ലാസ്സ്‌ കൊടുക്കാം.(എഴുത്തുകാരന്റെ ചില OBSESSIONS   ഇതില്‍ പ്രകടമാണ് . അത് സ്വന്തം ആണോ സുഹൃത്ത്‌ ശ്രീ ശ്രീ അനൂപ്‌ മേനോന്‍ ഇല്‍ നിന്നും പകര്‍ന്നു കിട്ടിയതാണോ എന്നൊന്നും അറിയില്ല )  ഫഹത് ഫാസില്‍ ന്‍റെ അഭിനയ മികവും അനായാസ്യതയും ശരിക്കും അമ്പരപ്പിക്കുന്നതന്നെ ചെയ്തു .

         പ്രേമന്‍ എന്ന ഒരു ഫ്ലാറ്റിലെ കെയര്‍ ടേക്കര്‍  ആണ് ഇതിലെ കേന്ദ്രം . അയാളുടെ സംഘര്‍ഷങ്ങള്‍ ആണ് ഈ സിനിമ . ഒരു മനുഷ്യന്‍ എന്ന പരിഗണന പോലും  ലഭിക്കാതെ വരുന്നിടത്ത് നിന്ന് കഥ മാറുന്നു. അയാളുടെ മാനസിക വ്യാപാരങ്ങള്‍ , അത് സഞ്ചരിക്കുന്ന ഭാവനയുടെ ഭ്രാന്തമായ തലങ്ങള്‍ ... അവിടെ അയാള്‍ നിയന്ത്രാവ് ആണ് . അയാളുടെ മാനസിക സംതൃപ്തി ക്ക് വേണ്ടി കഥാപാത്രങ്ങളെ കൊണ്ട് അയാള്‍ ഒരു കളി കളിക്കുന്നു . പേപ്പറും പേനയും തലച്ചോറും മാത്രം കൊണ്ട് ഒരു കളി .

         സംഘര്‍ഷങ്ങള്‍ ആണ് . എല്ലായിടത്തും .   പ്രേമന്‍ എന്ന വ്യക്തിയും അയാളുടെ മനസ്സും തമ്മില്‍ , ആയാളും  സമൂഹവും തമ്മില്‍ . അയാള്‍ കാണുന്ന മറ്റു വ്യക്തികള്‍ തമ്മില്‍ . ഈ സംഘര്‍ഷങ്ങള്‍ അയാള്‍  തന്‍റെ കഥാപാത്രങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുന്നു .  ഒടുവില്‍ കഥാപാത്രവും കഥാകാരനും തമ്മില്‍ ആകുന്നു സംഘര്‍ഷം . തന്‍റെ ആത്മരോഷം കഥാപാത്രങ്ങള്‍ വഴി അയാള്‍ തീര്‍ക്കുന്നു .

        ഉപരിപ്ലവമായ കുറെ കാഴ്ചകളും ഒരു ചെറിയ (എന്നുവച്ചാല്‍ തീരെ ചെറിയ ) ഒരു FEEL GOOD  അനുഭൂതിയും ആണ് സിനിമ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് . അതിനപ്പുറം ചിന്തകളോ ആശയങ്ങളോ മുന്നോട്ടു വക്കുന്നുമില്ല സിനിമ . നന്മയും തിന്മയും ആരോപിച്ചു എഴുതിവിട്ട കഥാപാത്രങ്ങള്‍ ഒരു ദിവസം അക്ഷരങ്ങളില്‍   നിന്ന് പുറത്തേക്കിറങ്ങി എഴുത്തുകാരനോട്‌ കലഹിച്ചാല്‍ ഇതൊക്കെ തന്നെ ആകും എന്ന് തോന്നി എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള സംഭാഷങ്ങള്‍ കേട്ടപ്പോള്‍ . ഒരു ഫാന്റസി എന്നതിലപ്പുറം വലിയ യുക്തി ഇതിലില്ല .   ടോം ആന്‍ഡ്‌ ജെറി കാണുന്ന അതെ യുക്തിബോധതിലേക്ക് മനസ്സിനെ TUNE  ചെയ്താല്‍ ഇതൊരു  വ്യത്യസ്ത അനുഭവം ആയിരിക്കും .

         കുടുംബവഴക്ക് , ഉത്സവം നടത്തിപ്പ് , പ്രണയം –ഗര്‍ഭം –ചതി , ചുമ്മാ പ്രണയം –പാട്ട് എനിങ്ങനെ സ്ഥിരം ചേരുവകള്‍ കുഴച്ചു ഉരുട്ടി പുഴുങ്ങി വെള്ളിയാഴിച്ച തോറും മൈദപശ തേച്ചു പുറമ്പോക്ക് ചുമരുകളില്‍ പോസ്റര്‍ ആയി വീഴുന്ന  സിനിമകള്‍ കണ്ടു മടുത്തവര്‍ക്ക് ഒരല്പം വ്യത്യതമായ അനുഭവം എങ്കിലും തരുന്ന ഒന്നായിരുന്നു ഈ സിനിമ എന്നാണ് എനിക്ക് തോന്നിയത് .

        വ്യത്യതമായ കാരണങ്ങള്‍ ആണ്  പല സിനിമയും ഇഷ്ടപെട്ടതിനു പിന്നില്‍ . ചുമ്മാ കഥപറയല്‍ അല്ല സിനിമയെന്നും , കഥകളെക്കാള്‍ ഉപരി സിനിമ എന്നാ കലാരൂപത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ആഖ്യാന രീതി ആണ് വേണ്ടതു എന്നേ ഞാന്‍ പറയു .  ഈ സിനിമ  വിദേശ ഭാഷയില്‍ എങ്ങാന്‍ ആയിരുനെങ്കില്‍ കണ്ടിട്ട്  നമ്മുടെ മല്ലൂസ് SUPERB എന്നോകെ പറഞ്ഞേനെ .

        നിങ്ങള്‍ കാണണം എന്ന് ഉറപിച്ചു നിര്‍ദേശിക്കാന്‍ ഒന്നും തോന്നുന്നില്ല . എല്ലാര്ക്കും ഇഷ്ടപെടാന്‍ ഒരു സാധ്യതയും ഇല്ല . ഒരു RATINGന്‍റെയോ COLLECTION STATISTICS ന്‍റെയോ പിന്‍ബലത്തില്‍ നല്ലതെന്നോ ചീത്തയെന്നോ വാദിക്കാനും അല്ല .  ഒരു ചെറിയ അഭിപ്രായം പറഞ്ഞു . അത്രേ ഉള്ളു .
                                                               വഴിപോക്കന്‍

Sunday, 15 September 2013

സ്കാര്‍ഫേസ്

     


 ഒരുപാടു പേര്‍ക്ക് പണ്ടും ഇപ്പോള്ളും വഴിപോക്കന്‍ നിര്‍ദേശിക്കാറുള്ള ഒരു സിനിമയാണ് AL PACINO അഭിനയിച്ച SCARFACE(1983). വ്യത്യസ്തമായ സിനിമ അനുഭവം ഇഷ്ടപെടുന്നവര്‍ കണ്ടിരിക്കേണ്ട ഒരു ചിത്രമായിട്ടാണ് എനിക്ക് തോന്നിയത് . 

     TONY MONTANA എന്ന ക്യൂബന്‍ അഭയാര്‍ഥി അമേരിക്കയിലെ മയാമിയില്‍ എത്തി അവിടുത്തെ മയക്കുമരുന്നു മാഫിയയുടെ തലവന്‍ ആകുന്നത്‌ ആണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ സിനിമയുടെ കഥ . സിനിമക്ക് ഒപ്പം ഒരു നിമിഷം പോലും മടുപ്പിക്കാതെ പ്രേക്ഷകനെ കൊണ്ടുപോകാന്‍ തിരക്കഥക്ക് സാധിച്ചിട്ടുണ്ട് . ഒപ്പം AL PACINO എന്ന ലോകോത്തര നടന്‍റെ അഭിനയവും കൂടി ആകുമ്പോള്‍ ഇത് ഒരു ENTERTAINER തന്നെ ആകുന്നു . 

     ക്യൂബന്‍ പലായനം , എണ്പതുകളിലെ അമേരിക്കയിലെ സാംസ്‌കാരിക മൂല്യച്ച്യുതി, മയക്കുമരുന്നിന്‍റെ അതിപ്രസരം തുടങ്ങിയ ചില ചരിത്ര പരാമര്‍ശങ്ങളും മാഫിയ , കൊല്ല്, കൊലപാതകം , പരതെറി അങ്ങനെ കുറെ ക്ലിഷേകളും ഉണ്ടെങ്കിലും അവ എല്ലാം ഈ സിനിമയുടെതാകുമ്പോള്‍ മനോഹരമായി കാണപ്പെട്ടു എന്ന് വേണം പറയാന്‍ . അരോചകമായതും കൊടും ക്രൂരമായതും അയ ഒരുപാടു രംഗങ്ങള്‍ ഉണ്ട് ഈ ചിത്രത്തില്‍ . 180 ലേറെ തവണ F***K എന്ന് പറയുന്നുണ്ട് നായകന്‍ എന്ന് ഒരാക്ഷേപവും കേട്ടു . പക്ഷെ ടോണി മൊണ്ടാന എന്നെ ഭ്രമിപ്പിക്കുകതന്നെ ചെയ്തു . അയാള്‍ അത്ര ക്രൂരന്‍ അല്ലെന്നും ചില നമകള്‍ എവിടെയൊക്കയോ ഉണ്ടെന്നും സിനിമ നമ്മളോട് പറയുന്നുണ്ട് .

     ബാത്ത്ടബില്‍ ചെയിന്‍ സോ കൊണ്ട് അറത്തു കൊല്ലുന്നതുള്‍പ്പെടെ പൈശാചിക രംഗങ്ങള്‍ ഒരുപാടു വിമര്‍ശിക്കപ്പെട്ടവയാണ് . പക്ഷെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട ആളുടെ കാറില്‍ അയാളുടെ കുട്ടികളെ കണ്ടു മനസ്സ് മാറി അത് തടയുന്നിടത്തു ടോണി മൊണ്ടാനയുടെ നന്മകള്‍ നമ്മള്‍ കാണുന്നുമുണ്ട് . 

     വളരെ സങ്കീര്‍ണ്ണമായതും അക്രമ നിരതവും ആണ് ഈ ചിത്രത്തിലെ നായകന്‍റെ ജീവിതം . അയാള്‍ പോകുന്ന വഴികള്‍ , ചെയുന്ന കാര്യങ്ങള്‍ എല്ലാം തിന്മയുടെത് ആണ് . പക്ഷെ മരണം വരെയും അയാള്‍ തോറ്റ്കൊടുക്കാതെ പൊരുതുക തന്നെ ആണ് . തിന്മയുടെ മേല്‍ നമയുടെ വിജയമല്ല മറിച്ചു തിന്മയുടെ വഴി ഒരുവനെ അവസാനം എവിടെ എത്തിക്കുന്നു എന്നുകൂടി ആണ് സിനിമ പറയുന്നത് . എണ്‍പതുകളിലെ അമേരിക്ക, അവിടുത്തെ രാഷ്ട്രീയ സാമുഹിക സാംസ്‌കാരിക ശീലങ്ങള്‍ എന്നിവയുടെ ഒരു തുറന്നു കാട്ടല്‍ കൂടി ഈ സിനിമയില്‍ കാണാം . അക്കാലത്തെ മയാമി നഗരം എന്തായിരുന്നു എന്നതിന് വേറെ ചരിത്ര രേഖകള്‍ വേണ്ടിവരില്ല എന്ന് തോന്നി . 

      AL PACINO എന്ന നടന്‍റെ മികവുതന്നെ ആണ് ടോണി മൊണ്ടാനയുടെ പൂര്‍ണത . ഗോഡ്ഫാതര്‍ സിനിമകളില്‍ നിന്നും മറ്റൊരു GANGSTER സിനിമയില്‍ എത്തിയപ്പോള്‍ അവയുടെ ഒന്നും ഒരു വിദൂര സാമ്യം പോലും ഇല്ലാതെ കഥാപാത്രം ആവാന്‍ അദേഹത്തിന് കഴിഞ്ഞു . AL PACINO ക്ക് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നു നോമിനേഷന്‍ കിട്ടിയിരുന്നു ഈ സിനിമയിലെ അഭിനയത്തിന് . ക്ലൈമാക്സ്‌ലെ “SAY HELLO TO MY LITTLE FRIEND” എന്ന ഡയലോഗ്ഉം ആ സ്കീന്‍നും വഴിപോക്കന് ഏറെ ഇഷ്ടമുള്ള ഒന്നാണ്. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (AFI) ന്‍റെ 100 FILM ലിസ്റ്റില്‍ ടോപ്‌ ടെന്‍ GANSTER MOVIES ഇല്‍ ഈ ചിത്രം ഉണ്ട് . 100 BEST DIALOGUE S ഇല്‍ മേലെ പറഞ്ഞ ഡയലോഗ് ഉണ്ട് . 

         SCARFACE എന്ന സിനിമയുടെ പൂര്‍ണമോ ഭാഗികമോ അയ അനുകരണങ്ങളോ സ്വാധീനമോ പിന്നീടു പലഭാഷകളിലും സിനിമകളില്‍ ഉണ്ടായിടുണ്ട് . ഈ അടുത്തിറങ്ങിയ അജിത്‌ ന്‍റെ ബില്ല 2 അടക്കം . ദുല്ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം സെക്കന്റ്‌ ഷോ യുടെ അവസാനം അയാള്‍ ഡോണ്‍ ആയശേഷം ഉള്ള വസ്ത്രധാരണം പോലും ടോണി മൊണ്ടാനയുടെ സ്വാധീനം ആണെന്ന് കണ്ടെത്തിയത് വഴിപോക്കനല്ല ; ഒരു സുഹൃത്ത്‌ പറഞ്ഞതാണ്‌ . 

        ഔദ്യോഗികമായി SCARFACE: WORLD IS YOURS എന്ന വീഡിയോ ഗെയിം ആണ് ഇറങ്ങിയതെങ്ങിലും സ്കാര്‍ഫേസ് ന്റെ ശരിയായ വീഡിയോ ഗെയിം അനുകരണം ROCKSTAR ന്‍റെ GTA VICECITY ആണ് എന്നതാണ് സത്യം . ആ ഗെയിംലെ നായകന്‍റെ പേര് ( TOMI VERCITTI) തന്നെ സിനിമയില്‍ നിന്നാണ് ഉണ്ടായതു . അതിലെ ലോകേഷന്‍, CHAIN SAW MURDER നടന്ന വീട് , എന്നിവയെല്ലാം അതുപോലെ ഉണ്ട് . ഗെയിം ലെ നായകന്റെ വീട്, മുറി എല്ലാം പോലും ടോണി മൊണ്ടാനയുടേത് പോലെ തന്നെ . സ്റ്റോറിലൈന്‍ പോലും ഒരുപോലെ . VICE CITY ഗെയിം കളിച്ചിടുള്ളവര്‍ ഈ സിനിമ ഒന്ന് കണ്ടു നോക്കണം .

          ഓരോ സിനിമയും നമ്മള്‍ ഇഷ്ടപ്പെടുന്നത് ഓരോരോ കാരണങ്ങള്‍ കൊണ്ടാണ് . നന്മയില്‍ നീരാടി നില്‍ക്കുന്ന നായകനെയും നന്മയുടെ ആത്യന്തിക വിജയം ആഘോഷിക്കുന്ന ക്ലൈമാക്സും ഉള്ള നമ്മുടെ സ്ഥിരം ചലച്ചിത്ര ഫ്രോമുല കണ്ടു മടുത്തവര്‍ക്ക് ഒരു ആശ്വാസം ആകും ഈ സിനിമ .ഈ ചിത്രം കണ്ടിട്ടില്ലാത്ത സിനിമ പ്രേമികള്‍ ഉണ്ടെങ്കില്‍ കാണാന്‍ സമയം കണ്ടെത്തണം . രണ്ടു മണിക്കൂര്‍ നാല്‍പതു മിനിറ്റ് കഴിയുമ്പോള്‍ നിങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളുടെ ലിസ്റ്റില്‍ TONY MONTANA ഉറപ്പായും ഉണ്ടാകും എന്നാണ് വഴിപോക്കന്‍റെ വിശ്വാസം . 

SCARFACE(1983)
                                                    വഴിപോക്കന്‍

ഒരു ക്ലിന്റ് ഈസ്റ്റ്‌വുഡ് മാജിക്‌










        ലോകത്തിലെ ഏറവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ ഒരാളാണ് അമേരിക്കക്കാരന്‍ ബോക്സര്‍ FLOYD MAYWEATHER (ലോക ഒന്നാം നമ്പര്‍, അജയ്യന്‍ ). ഈ അടുത്ത ദിവസങ്ങളില്‍ ഇന്‍റര്‍നെറ്റില്‍ പരതുന്നതിനിടെ അദ്ദേഹത്തിന്‍റെ ഒരു വാചകം കണ്ടു “In the end, you have to protect yourself at all times.” ബോക്സിങ്ങിലെ ഒരു പൊതു തത്വം ആണ് ഇത് .ഇത് വായിച്ചപ്പോള്‍ ആദ്യം തോന്നിയത് MILLION DOLLAR BABY (2004) ഒന്നുകൂടെ കാണാനാണ് . 

         CLINT EASTWOOD നിര്‍മിച്ചു , സംഗീത സംവിധാനം നിര്‍വഹിച്ചു , അദ്ദേഹവും മോര്‍ഗന്‍ ഫ്രീമാനും ഹിലാരി സ്വാങ്കും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമാണ് MILLION DOLLAR BABY . ബോക്സര്‍ അവനുള്ള തന്‍റെ ആഗ്രഹത്തിന് വേണ്ടി പൊരുതി ഒടുവില്‍ വിധിയുടെ അനിവാര്യമായ ദുരന്തത്തിന് മുന്നില്‍ കീഴടങ്ങിപോകുന്ന മാഗിയുടെ കഥയാണ് ഈ ചിത്രം . ഒപ്പം എങ്ങുമെത്താതെ പോയ പരിശീലകന്‍ ഫ്രാങ്കി , അയാളുടെ ജോലിക്കാരന്‍ ‘സ്ക്രാപ്പ് അയണ്‍’ എന്ന് വിളിപ്പേരുള്ള മുന്‍ ബോക്സര്‍ . ഫ്രാങ്കിയായി EASTWOOD ഉം സ്ക്രാപ്പ് ആയി FREEMAN ഉം തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു .

        റിങ്ങിലെ CUTMAN ആയിരുന്ന ജെറി ബോയ്ദ് എഴുതിയ ROPE BURNS എന്ന സമാഹാരത്തില്‍ നിന്ന് എടുത്തതാണ് ഈ സിനിമയുടെ കഥ . ഒരു ഹോട്ടല്‍ ജീവനക്കാരി അയ മാഗി ബോക്സര്‍ ആകണം എന്നാ തന്‍റെ ആഗ്രഹവും ആയി ഫ്രാങ്കിയുടെ അടുതെത്തി തന്നെ പരിശീലിപ്പിക്കില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്ന അയാള്‍ അവളുടെ ഇച്ഛാശക്തിയും ഉത്സാഹവും കണ്ടു സമതിക്കുന്നു . മാഗി ഒരു പ്രൊഫഷനല്‍ ബോക്സര്‍ ആയി മാറുന്നതും ഒടുവില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനമുള്ള മത്സരത്തില്‍ അവളെ കാത്തിരുന്ന ദുരന്തത്തവും തുടര്‍സംഭവങ്ങളും ആണ് ഈ സിനിമയുടെ കഥ .

എടുത്തു പറയേണ്ട ചില പ്രകടനങ്ങള്‍ :- 

HILLARY SWANK :- വളരെ സ്വാഭാവിക അഭിനയ ശേഷി ഉള്ള നടി. മഗിയെ ജീവനുള്ളതാക്കിയതിനു രണ്ടാം തവണയും ഓസ്കാര്‍ . 

മോര്‍ഗന്‍ ഫ്രീമാന്‍ :- മുന്‍പ് പലത്തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപെട്ട ഓസ്കാര്‍ ഇത്തവണ ഫ്രീമാനെ തേടിയെത്തി . മഗിക്ക് പുതിയ മാനേജറെ പരിചയപ്പെടുത്തുന്നതിന് മുന്‍പ് സ്വന്തം കഥ പറയുന്ന രംഗത്ത് അസാധ്യമായ അഭിനയ പാടവം ദര്‍ശിക്കാം .

CLINT EASTWWOD :- മികച്ച രണ്ടാമത്തെ സംവിധായകനുള്ള ഓസ്കാര്‍ . പിന്നെ അഭിനയത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ . 
ഒരു പിതാവിന്‍റെ വാത്സല്യത്തോടെ എന്ത് മനോഹരമായി ആണ് പഴയ കൌബോയ് നായകന്‍ അഭിനയിച്ചിരിക്കുന്നത്‌.

    ഫ്രീമാനെയും ഈസ്റ്റ്‌വുഡിനെയും UNFORGIVEN നു ശേഷം ഒന്നിച്ചു കണ്ട സിനിമയാണ് ഇത് . രണ്ടു പേര്‍ക്കും പ്രായം കൂടി വരുന്നു . എങ്കിലും എന്ത് മനോഹരമാണ് അവരുടെ അഭിനയം കാണാന്‍. 

     സിനിമയുടെ NARRATOR മോര്‍ഗന്‍ ഫ്രീമാന്‍ തന്നെ യാണ് . ഹൃദയത്തില്‍ നിന്ന് ആണ് അദ്ദേഹം സംസാരിക്കുക എന്ന് തോന്നിയിട്ടുണ്ട്‌ . മോര്‍ഗന്‍ ഫ്രെമന്റെ NARRATION തന്നെ സിനിമക്ക് ഭംഗി കൂട്ടുന്ന ഘടകം ആണെന്ന് SAWSHANK REDEMPTION കണ്ടപ്പോള്‍ തോന്നിയതാണ് . ഇവിടെയും അത് അങ്ങനെ തന്നെ കാണാന്‍ കഴിഞ്ഞു .

     രണ്ടു മണിക്കൂര്‍ മാത്രമേ ഉള്ളു ഈ സിനിമ . എന്നിട്ടും ഇതിന്‍റെ അവസാനഭാഗങ്ങള്‍ ഇഴയുന്നു എന്ന് പലരും പരാതി പറഞ്ഞു കേട്ടിട്ടു അത്ഭുതം തോന്നി . സിനിമയിലെ ഏറ്റവും കാതല്‍ ഭാഗങ്ങള്‍ ആയിട്ടാണ് അതിന്‍റെ അവസാന അര മണിക്കൂര്‍ വഴിപോക്കന് അനുഭവപ്പെട്ടത് . കഥാഗതി ആവശ്യപ്പെട്ടാല്‍ ഒരല്‍പം എഴഞ്ഞാല്‍ എന്താണ് കുഴപ്പം .

      മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന കുറെ രംഗങ്ങള്‍ ഉണ്ട് ഇതില്‍ . പ്രത്യേകിച്ച് മാഗിയും ഫ്രാങ്കിയും ഉള്ള അവസാന രംഗങ്ങള്‍ . 109 അം മത്സരത്തില്‍ കണ്ണ് നഷ്ടപെട്ട ബോക്സര്‍ സ്ക്രാപ്പ് ഉം ഒരു മില്യണ്‍ കിട്ടുന്ന മത്സരത്തില്‍ പരുക്കേറ്റു കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന മാഗിയും നമ്മോടു പറയും ““In the end, you have to protect yourself at all times.”

      77TH അകാദമി അവാര്‍ഡു വേദിയില്‍ MILLION DOLLAR BABY അവാര്‍ഡുകള്‍ വാരിക്കൂട്ടി . കൂടാതെ ഗോള്‍ഡന്‍ ഗ്ലോബ്അടക്കം അവാര്‍ഡുകള്‍ പലതും കിട്ടി . നല്ല സിനിമ ആഗ്രഹിക്കുന്നവര്‍ ഈ ചിതം കണ്ടിട്ടുണ്ടാകും . മാഗിയും ഫ്രാങ്കിയും സ്ക്രാപും നിങ്ങളെ കുറച്ചു ദിവസത്തെക്കെങ്കിലും പിന്തുടരും . ഒപ്പം ആ വാചകവും 
““In the end, you have to protect yourself at all times.”
MILLION DOLLAR BABY  (2004)
DIRECTOR : CLINT EASTWOOD 

                                                വഴിപോക്കന്‍

മലയാളത്തിന്‍റെ ഒരു അഭിമാന ചിത്രം




            മലയാളത്തില്‍ ലോക നിലവാരത്തില്‍ ഉള്ള ചലച്ചിത്രങ്ങള്‍ ഇല്ല എന്ന് പരിഭവം പറയുന്നവരോട് ഒന്ന് കണ്ടു നോക്കാന്‍ വഴിപോക്കന്‍ നിര്‍ദേശിക്കാറുള്ള ചിത്രങ്ങളില്‍ ഒന്നാണ് ‘രാജീവ് അഞ്ചലിന്‍റെ’ ഗുരു (1997). ഗഹനമായ ചലച്ചിത്ര സങ്കേതങ്ങളിലേക്ക് ചുവടു മാറി മലയാള സിനിമ ലോകനിലവാരത്തിലേക്ക് ഉയരുന്നതിന്‍റെ ഒരു ചൂണ്ടുപലക തന്നെ ആയിരുന്നു ഈ ചിത്രം .

            “അഞ്ജതയുടെ തിമിരം കൊണ്ട് അന്ധരാകുന്നവരെ അറിവിന്‍റെ അഞ്ജനത്താല്‍ കണ്ണുതുറപ്പിക്കുന്നവനാണ് ഗുരു” 
എന്ന് പറഞ്ഞുകൊണ്ടാണ് ഈ ചിത്രം തുടങ്ങുന്നത് . രഘുരാമന്‍ എന്ന വ്യക്തിയിലൂടെ , അയാളെ മനുഷ്യരാശിയുടെ തന്നെ പ്രതീകമാക്കി ബിംബകല്‍പന ചെയ്തു അന്ജതയുടെ അന്ധതയെ മാറ്റാന്‍ അറിവിന്‍റെ കാഴ്ചകൊണ്ട് മാത്രമേ കഴിയു എന്ന് കാണിച്ചു തരുന്നു ഈ സിനിമ . മതവെറിയും സാമൂഹിക വലുപ്പ ചെറുപ്പങ്ങളും മനുഷ്യനെ മനുഷ്യനായി തന്നെ കണ്ടു സഹജീവികളോട് സ്നേഹത്തോടെ പെരുമാറാന്‍ കെല്പില്ലാത്തവരായി നമ്മെ മാറ്റിക്കോണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരുപാടു പ്രസക്തി ഉള്ള പ്രമേയമാണ് രാജീവ്‌ അഞ്ചല്‍ 16 പതിനാല് വര്‍ഷം മുന്‍പ് എടുത്ത ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. 

              ഒറ്റ നോട്ടത്തില്‍ കഥാഗതിയെ കൃത്യമായി രണ്ടായി മുറിച്ചിടുന്ന ഒരു DICHOTOMY ഉണ്ട് ഈ സിനിമക്ക് എന്ന് തോന്നിപ്പിക്കും . പക്ഷെ സൂക്ഷമമായി പരിശോധിച്ചാല്‍ കഥയുടെ ഒരു കാതല്‍ ഭാഗവും അതിലേക്കു നയിക്കുന്ന ഒരു പ്രവേശകവും (PRELUDE) ആണെന്ന് വ്യക്തമാകും . അതിലെ PRELUDE ഇല്‍ രഘുരാമന്‍ ഒരു വ്യക്തി മാത്രമാണ് . സമൂഹത്തിലെ ജീര്‍ണിച്ച ചിലതിനോട് പ്രതികരിക്കുകയും അര്‍പ്പുകൊണ്ട് മാറി സഞ്ചരിക്കുകയും ചെയുന്ന ഒരു വ്യക്തി . പൂണൂല്‍ പൊട്ടിച്ച ബ്രാഹ്മണന്‍ . ക്രിസ്ത്യനിയുടെയും മുസ്ലിമിന്‍റെയും എണ്ണയും വഴിപാടും വാങ്ങാമെങ്കില്‍ അവര്‍ തൊട്ടാല്‍ ദേവന് അയ്തം ഉണ്ടാകില്ല എന്ന് വാദിക്കുന്ന റിബല്‍ . സ്വജനങ്ങളുടെ ചോരക്കു ചോരകൊണ്ട് കണക്ക് ചോദിക്കാന്‍ ഇറങ്ങി പുറപ്പെട്ടുപോകുന്ന സാധാരണ മനുഷ്യന്‍ .

             രണ്ടാം ഭാഗത്തില്‍ രഘുരാമന്‍ സാക്ഷി ആണ് . കാണാന്‍ കഴിയാത്ത മനുഷ്യരുടെ ലോകത്തു കാഴ്ചയുള്ള ഏക സാക്ഷി ആയി അയാള്‍ നില്‍കുന്നു . ഞാന്‍ കാണുന്നു എന്ന് പറയുന്നത് അന്ധന്മാരോട് ആണെന്നു അയാള്‍ ഓര്‍ക്കുന്നില്ല .അവര്‍ അതിനെ ഒരു വല്യ നുണയായി കാണുന്നിടത്ത് പരമമായ സത്യം എന്ന കാഴ്ചയെ അറിവില്ലായ്മയുടെ ലോകം അതിന്റെ അന്ധത കൊണ്ട് നിരാകരിക്കുന്നു എന്ന മഹത്തായ ദര്‍ശനം ഇവിടെ ഏറ്റവും മനോഹരമായി കാണിച്ചു തരുന്നു . എലാമ പഴം പോലെ മധുരമായ അസത്യങ്ങള്‍ ചോദ്യം ചെയ്യാതെ ശീലിച്ചു അന്ധരായ നമ്മളെ തന്നെ ഒരുനിമിഷം കാണും , ആ താഴ്വരയിലെ പ്രാകൃതരായ മനുഷ്യ കോലങ്ങളില്‍ നമ്മള്‍ . അത്തരം കണ്ണുകള്‍ തുറപ്പിക്കാന്‍, കൊടിയ വിഷമെന്നു പറഞ്ഞു തലമുറകളെക്കൊണ്ട് നിരകരിപ്പിച്ചു വലിച്ചെറിയിപ്പിച്ച എലാമ പഴത്തിന്‍റെ വിത്തുകള്‍ ചതച്ചു , അതിന്‍റെ സത്തുകൊണ്ട് നമ്മുടെ അന്ധത മാറ്റാന്‍ രഘുരാമന്‍മ്മാര്‍ ഇനിയും ഉണ്ടാകണേ എന്ന് പ്രാര്‍ഥിച്ചു പോയിട്ടുണ്ട് ഓരോ വട്ടവും ഈ ചിത്രം കാണുമ്പോള്‍ . 

            തിരശീലയ്ക്കു മുന്നിലും പിന്നിലും അനുഗ്രഹീത കലാകാരന്മമാര്‍ അണിനിരന്ന ഒരു സിനിമ ആയിരുന്നു ഗുരു . കാലാസംവിധായകന്‍ എന്ന നിലയില്‍ നേരത്തെ പത്മരാജന്‍റെ ഞാന്‍ ഗന്ധര്‍വന്‍ പോലുള്ള ചിത്രങ്ങളില്‍ കഴിവ് തെളിയിച്ച ആളാണ് രാജീവ്‌ അഞ്ചല്‍ . ബട്ടര്‍ഫ്ലൈസും കാശ്മീരവും ഒക്കെ എടുത്ത് നടന്ന സംവിധയകന്റെ നല്ല സിനിമയിലേക്കുള്ള ചുവടുമാറ്റം എന്ന പ്രതീക്ഷ (വെറും പ്രതീക്ഷ ആയിരുന്നു എങ്കിലും) തന്ന ചിത്രമാണ് ഗുരു . തിരക്കഥ എഴുതിയത് സി. ജി. രാജേന്ദ്രബാബു ആണ് .കഥ പക്ഷെ രാജീവ്ന്‍റെ തന്നെ . പോതകോട് കരുണാകരഗുരുവിന്‍റെ അനുയായി അയ സംവിധായകന്‍റെ ആ ബന്ധം തന്നെ ആകണം ഈ കഥയുടെ ആദ്യ ചിന്തകള്‍ക്ക് ആധാരം എന്ന് വേണം കരുതാന്‍ . 

           മോഹന്‍ലാല്‍ എന്ന നടന്‍ അല്ലായിരുന്നെങ്കില്‍ രഘുരാമന്‍ എത്രയും പൂര്‍ണത കൈവരിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ . ലാല്‍ ഇത്ര സ്വാഭാവികമായി അഭിനയിച്ച കഥാപാത്രങ്ങള്‍ ഇന്ന് അധികം കാണാറില്ല എന്നത് ഒരു ദുഖമാണ് .സുരേഷ് ഗോപിയുടെ അഭിനയം എടുത്തു പറയണം . ഇന്നലെ , പപ്പയുടെ സ്വന്തം അപ്പൂസ്‌ തുടങ്ങിയ ചിത്രങ്ങളില്‍ കണ്ട അഭിനയ മികവ് വീണ്ടും കാട്ടി തരും ഗുരു . മധുപാല്‍ , നെടുമുടിവേണു , ശ്രീനിവാസന്‍ , മുരളി , സിതാര എല്ലാവരും തങ്ങളുടെ ഭാഗം വൃത്തിയാക്കി . 

            ഓസ്കാര്‍ നോമിനേഷന്‍ കിട്ടിയ ആദ്യ മലയാള സിനിമ ആണ് ഗുരു . 2011 വരെ ഏക മലയാള സിനിമ . മലയാളത്തിലെ പൂര്‍ണമായ അര്‍ഥത്തില്‍ സിനിമാറ്റിക് എന്ന് വിളിക്കാവുന്ന ചില ചിത്രങ്ങളില്‍ ഒന്നാണ് ഗുരു .

             ഒരല്പം നിരൂപണം . ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമ ആകുമായിരുന്നു ഗുരു . സിനിമയുടെ ഏതാണ്ട് ആദ്യ പകുതിഭാഗം മുന്‍പ് സൂചിപ്പിച്ചപോലെ അതിന്‍റെ ആശയത്തിലേക്ക് അല്ലെങ്കില്‍ കാതലിലേക്ക് ഉള്ള ഒരു PRELUDE ആണ് . ആ പൂര്‍വ്വഭാഗങ്ങള്‍ വല്ലാതെ വേഗത കുറഞ്ഞവ ആണെന്നുതോന്നി .
ആദ്യഭാഗത്ത്‌ കാണിക്കുന്ന ‘മിന്നാരം മാനത്ത്’ എന്ന് തുടങ്ങുന്ന ഗാനം അനാവശ്യമായി തോന്നി . ശ്രീലക്ഷമിക്ക് ഡാന്‍സ് കളിയ്ക്കാന്‍ അറിയാം എന്നും കേരളത്തിന് നല്ല പ്രകൃതിമനോഹാരിത ഉണ്ടെന്നും കാണിക്കാന്‍ മാത്രം ഒരു പാട്ട് . കഥഗതിയുമായി എഴുകിചേരാതെ എഴച്ചു കേട്ടിയതുപോലെ മുഴച്ചിരിക്കുന്നതായി തോന്നി അത് . ഈ സിനിമയുടെ എഡിറ്റര്‍മായ ബി . ലെനിന്‍ - വി.ടി.വിജയന്‍ എന്നിവരുടെ കത്രിക ഈ ഗാനം വെട്ടികളയാനുള്ള വകതിരിവ് കാണിച്ചിരുന്നെങ്കില്‍ കൂടുതല്‍ മനോഹരം ആയേനെ ഈ ചിത്രം . ഉന്നത ചിന്താഗതികള്‍ വച്ചുപുലര്‍ത്തി എങ്ങനെ ഒരു സിനിമ എടുക്കുമ്പോളും നമ്മുടെ സംവിധായകര്‍ ചില ക്ലിഷേകള്‍ പിന്തുടരുന്നത് കഷ്ടമാണ് .

             ഓസ്കാര്‍ നോമിനേഷന്‍ പോലെയുള്ള വലിയ reputations ഈ ചിത്രത്തെ തേടി വരും എന്ന് രാജീവ് അഞ്ചല്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചുകാണില്ല . അല്ലെങ്കില്‍ ഒരല്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാമായിരുന്ന മേലെ സൂചിപ്പിച്ചപോലെ ഉള്ള ചിലതു ഉണ്ടാകുമായിരുന്നില്ല ഇതില്‍ . അതുപോലെ സാങ്കേതിക മേന്മയും അരല്പ്പം കൂട്ടാമായിരുന്നു എന്ന് തോന്നി . 

            ഗുരു പോലെയുള്ള ഒരു സിനിമ എടുത്ത രാജീവ് അഞ്ചലിന് പിന്നീട് എന്ത് സംഭവിച്ചു എന്നത് ഒരു ചോദ്യം തന്നെ ആണ് . പൈലറ്റ്സും ഋഷിവംശവും ഒക്കെ എടുത്തു ഒടുവില്‍ പാട്ടിന്റെ പലാഴിയില്‍ ആണ് എത്തിനില്‍ക്കുന്നതു . 14 വര്‍ഷത്തിനു ശേഷം ആദമിന്റെ മകന്‍ അബു എന്ന സിനിമ വീണ്ടും മലയാളത്തില്‍ നിന്ന് ഓസ്കാറിന് നിര്‍ദേശിക്കപ്പെട്ടപ്പോള്‍, രാജിവ് അഞ്ചല്‍ സ്വയം ഒന്ന് ഞെട്ടി കാണണം. ചുറ്റും പുറവും ഒന്ന് നോക്കി കാണും . സ്വയം പുച്ഛം തോന്നിക്കാണും... തന്‍റെ കഴിവിനോടോ സിനിമാലോകത്തിനു അദ്ദേഹത്തിന്റെ മേല്‍ ഉണ്ടായിരുന്ന പ്രതീക്ഷയോടോ നീതി പുലര്‍ത്താന്‍ കഴിഞ്ഞോ രാജീവ്‌ അഞ്ചലിന് പിന്നീട് എന്നത് സംശയമാണ് .

            സ്ഥാപിത സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും അപ്പുറം മലയാള സിനിമയുടെ ചരിത്രം എഴുതുമ്പോള്‍ സ്വര്‍ണ ലിപികളില്‍ തന്നെ എഴുതി രണ്ടു അടിവര ഇട്ടു രേഖപ്പെടുത്തേണ്ട ഒരു പേരാണ് ‘ഗുരു’. മലയാള സിനിമ യെ ഓര്‍ത്തു അല്പമെങ്കിലും അഭിമാനിക്കാന്‍ ഈ ചിത്രം ഒന്ന് കണ്ടാല്‍ മതി . ഒപ്പം ഇതുപോലെയുള്ള സിനിമകള്‍ കൂടുതല്‍ ഉണ്ടായിട്ടില്ല എന്നത് നമ്മെ അല്ഭുതപെടുത്തുകയും വിഷമിപ്പിക്കുകയും ഒക്കെ ചെയ്യും .

ഗുരു (1997)
സംവിധാനം – രാജീവ്‌ അഞ്ചല്‍
                                                             -വഴിപോക്കന്‍

സ്ട്രീറ്റ് സ്മാര്‍ട്ട്‌



                         ഒരു 1987 അമേരിക്കന്‍ ചിത്രമാണ് STREET SMART . 

                     ഒരു അതിശക്തമായ പ്രേമയമോ , ആഖ്യാനരീതിയോ , ആഴത്തിലുള്ള ചിന്തകളോ ഒന്നും മുന്നോട്ടു വയ്ക്കുന്നില്ല ഈ ചിത്രം . ഒന്നര മണിക്കൂര്‍ കൊണ്ട് ഒരു കഥ പറയുന്നു . ആകസ്മികമായി ഒരു വ്യക്തി ചില പ്രശ്നങ്ങളില്‍ അകപ്പെ ടുകയും സാഹചര്യം കൊണ്ട് അതില്‍ ഇടപെടുകയും പിന്നെ അസാധാരണ കഥഗതിയിലൂടെ വലിച്ചിഴക്കപ്പെട്ടു ഒടുവില്‍ ക്ലൈമാക്സില്‍ എത്തുമ്പോള്‍ തിന്മയുടെ മേല്‍ നന്മക്ക് ജയം ... ശുഭം .ക്ലിഷേഡ് എന്ന് തോന്നാവുന്ന , (അല്ല ക്ലിഷേ എന്ന് തന്നെ വിളിക്കാം) ഒരു സ്റ്റോറി ലൈനും വല്യ പുതുമകളോ അക്കാലത്തെ അമേരിക്കന്‍ ചിത്രങ്ങളുടെ ഒരുവിധ മനോഹാരിതയോ ഇല്ലാത്ത ഈ സിനിമയില്‍ പിന്നെ വഴിപോക്കന് എന്താണ് ഇഷ്ടപെട്ടത്‌ എന്ന് ചോദിക്കാം . 

ഉണ്ട് 
ചിലതുണ്ട് എന്ന് തന്നെ പറയേണ്ടിവരും 
1. MORGAN FREEMAN ഉണ്ട് ഈ ചിത്രത്തില്‍ 
2. CRISTOPHER REEVE ഉണ്ട് ഈ ചിത്രത്തില്‍ 

ഇവരൊക്കെ ഉണ്ടെങ്കില്‍ ഇപ്പൊ എന്താണ് എന്നാണെങ്കില്‍

• ഫ്രീമാനെയും റീവ്നെയും കണ്ടിക്കാന്‍ ,, അവര്‍ അഭിനയിക്കുന്നത് കാണാന്‍ തന്നെ ഒരു അരങ്ങാണ് .

• കുറെ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ട് .

       ഒരു മാധ്യമ പ്രവര്‍ത്തകന്‍ തെരുവിലെ വേശ്യാവൃത്തിയെ ക്കുറിച്ച് മാസികയില്‍ എഴുതാന്‍ നിയോഗിക്കപെടുന്നു . എന്നാല്‍ തുറന്നു സംസാരിക്കാന്‍ ആ തൊഴില്‍ ചെയുന്നവര്‍ സമ്മതിക്കാത്ത ഒരു ഘടത്തില്‍ തന്‍റെ നിലനില്‍പ്പ് അപകടത്തില്‍ ആയപ്പോള്‍ അറ്റകൈക്ക് ചുമ്മാ ഒരു കഥ ഉണ്ടാക്കി എഴുതുന്നു അയാള്‍ . കഥ അറംപറ്റുന്നു . കഷ്ടകാലത്തിനു അയാള്‍ എഴുതിയപോലെ ഒരു കൂട്ടികൊടുപ്പ്കാരന്‍ ഉണ്ടായിരുന്നു .. പിന്നീട് ഉള്ള രസകരമായ ചില സംഭവങ്ങള്‍ ആണ് ഈ സിനിമ . ജോനാഥന്‍ ഫിഷര്‍ എന്ന മാധ്യമ പ്രവര്‍ത്തകനായി “ക്രിസ്റ്റഫര്‍ റീവും” ഫാസ്റ്റ് ബ്ലാക്ക്‌ എന്ന പിമ്പ്‌ ആയി “മോര്‍ഗന്‍ ഫ്രീമാനും” ആണ് . ഒരു സൂപ്പര്‍മാന്‍ ഹാങ്ങ്‌ഓവര്‍ ഉണ്ടെങ്കിലും റീവിനെ നല്ല ഒരു വേഷത്തില്‍ കണ്ട സിനിമയാണ് .

      ബോര്‍ അടിപ്പിക്കുമോ ഈ സിനിമ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് ആധികാരികമായി പറയാന്‍ തോന്നുന്നില്ല . എല്ലാരേയും ഒരുപോലെ ആകര്‍ഷിക്കാന്‍ ഉള്ള ഗുണം ഈ സിനിമക്ക് ഉണ്ടാകണമെന്നില്ല . വഴിപോക്കന്‍ ആസ്വദിച്ച ഒരു ചിത്രമാണ് . അതുകൊണ്ട് “ഒന്ന് കണ്ടു നോക്ക്” എന്നെ പറയൂ .

       ഈ ചിത്രം നിര്‍ദേശിക്കാന്‍ എന്നെ പ്രേരിപ്പിച്ച ചില ഘടകങ്ങള്‍ :-

1. മോര്‍ഗന്‍ ഫ്രീമാന്‍ :- എടുത്തു പറയാതെ വയ്യ . ഈ സിനിമയുടെ ഏറ്റവും ആകര്‍ഷകമായ രംഗങ്ങള്‍ ഫ്രീമന്റെ അഭിനയം കൊണ്ട് സമ്പന്നമാണ് . എന്ത് തന്മയത്വത്തോടെ ആ കഥാപാത്രത്തെ ജീവനുള്ളതാക്കി ഫ്രീമാന്‍ . ഒരു നടന്‍ എന്ന നിലയില്‍ ഫ്രീമാന്റെ വരവറിയിച്ച ചിത്രം തന്നെ ആയിരുന്നു .

മികച്ച സഹനടനുള്ള അക്കാദമി നോമിനേഷന്‍ കിടിയതാണ് ഫ്രീമാന് ഇതില്‍ . ( അവാര്‍ഡ്‌ പക്ഷെ ആദ്യ ബോണ്ട്‌ നായകന്‍ ഷോണ്‍ കോണറി ക്കാണ് കിട്ടിയത് ). 

2. ക്രിസ്റ്റഫര്‍ റീവ് . :- സൂപ്പര്‍മാന്‍ സീരിസിലൂടെ ലോകം മുഴുവന്‍ ഹരമായിരുന്നു റീവ് ഈ ചിത്രം ഇറങ്ങുന്നതിനു മുന്‍പേ . എന്ത് സുന്ദരമായ മുഖം . റീവ് നെ കണ്ടിരിക്കാന്‍ തന്നെ ഒരു രസമാണ് . റീവിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തി ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്തും ഈ സിനിമ എന്ന് കണ്ടാലും. 1995 ഇല്‍ കുതിര പുറത്തു നിന്ന് വീണു ശരീരം തളര്‍ന്നു കുറേ വര്‍ഷങ്ങള്‍ കിടന്നു 2005 ലോ 2006 ലോ മറ്റോ ആണ് റീവ് മരിക്കുന്നത് . ആ അപകടം സംഭവിച്ചില്ല എങ്കില്‍ കുറെ നല്ല ചിത്രങ്ങള്‍ കൂടെ ഈ നടന്റെതായി നമുക്ക് കാണാന്‍ കഴിഞ്ഞേനെ . 

3. ജോനാഥന്‍റെ ബോസ്സ് അയ ടെഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ . ആന്റി ഗ്രെഗോറി എന്നോ മറ്റോ ആണ് അയാളുടെ പേര് . വേറെ സിനിമകളില്‍ കണ്ടതായി ഓര്കുന്നില്ല. 
അയാളുടെ ആ ഉറക്കെ , നിര്‍ത്താതെ ഉള്ള ചിരി ...... നമ്മളും ചിരിച്ചു പോകും . 


       ഒന്നര മണിക്കൂര്‍ ചിലവഴിക്കാമെങ്കില്‍ ഈ ചിത്രം ഒന്ന് കണ്ടു നോക്കാവുന്നതാണ് . നിങ്ങളെ ഞെട്ടിക്കാണോ അത്ഭുതപെടുതാണോ ഒന്നും കഴിഞ്ഞെന്നു വരില്ല . ഒരു ചെറിയ ഇഷ്ടം തോന്നിക്കും . ഉറപ്പാണ്‌ . ക്രിസ്റ്റഫര്‍ റീവ് ന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മോര്‍ഗന്‍ ഫ്രീമാന്റെ അഭിനയമികവ് വിളിച്ചു പറയുന്ന STREET SMART വഴിപോക്കന്റെ പ്രിയചിത്രങ്ങളില്‍ ഒന്നാണ് . വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ടാണല്ലോ പല സിനിമകളും നമ്മളെ വശീകരിക്കുക .
STREET SMART-1987 
                              വഴിപോക്കന്‍                  

വ്യത്യസ്തമായ ഒരു കൊറിയന്‍ ചലച്ചിത്ര ഭാഷ

             

 SPRING, SUMMER, FALL , WINTER AND SPRING ഒരു 2003 ദക്ഷിണ കൊറിയന്‍ ചലച്ചിത്രമാണ് . ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ ഋതുഭേദങ്ങള്‍ക്കൊപ്പം ആണ് സംവിധായകന്‍ കഥപറയുന്നതു . കാലം മനുഷ്യനില്‍ വരുത്തുന്ന പരിണാമങ്ങള്‍ പ്രകൃതിയുടെ കലാഭേദങ്ങള്‍ക്കൊപ്പം നിന്ന് പറയാന്‍ ശ്രമിക്കുന്ന ഈ സിനിമ വെറും കാഴ്ചകള്‍ക്കപ്പുറത്തെ ചില വല്യ സത്യങ്ങള്‍ ബുദ്ധദര്‍ശനങ്ങള്‍ക്കൊപ്പം നിന്ന് പറയുന്നു . വഴിപോക്കന്‍ കണ്ടിട്ടുള്ള മനോഹര ചിത്രങ്ങളില്‍ ഒന്നാണ് . 

             കൊറിയയിലെ ഒരു , കാടിനു നടുവില്‍ ഒരു തടാകത്തില്‍ പോന്തികിടക്കുന്ന ഒരു ബുദ്ധമഠത്തില്‍ ആണ് കഥ നടക്കുന്നത് . 

            ആദ്യം വസന്തമാണ് . സസ്യപ്രകൃതിയും ജന്തുപ്രകൃതിയും ഒരുപോലെ ഇഷ്ടപെടുന്ന കാലം ആയതുകൊണ്ടാവണം സംവിധായകന്‍ വസന്തത്തില്‍ നിന്ന് കഥപറഞ്ഞു തുടങ്ങാന്‍ ആഗ്രഹിച്ചത് . മഠത്തില്‍ സന്യാസിയും അയാളുടെ ചെറുബാല്യക്കാരനായ ശിഷ്യനും മാത്രമാണ് ഉള്ളത് . ഒരു ദിവസം ആ പിഞ്ചുബാലന്‍ മീനെയും തവളെയും പാമ്പിനെയും പിടിച്ചു അതിന്‍റെ പുറത്തു ചെറിയ കല്ലുകള്‍ വച്ചുകെട്ടി അതില്‍ സന്തോഷിക്കുന്നത് കാണുന്നു ഗുരു . സഹജീവിയുടെ പുറത്തു ഇങ്ങനെ കല്ലുകള്‍ കെട്ടിവച്ചു അതില്‍ ആഘോഷിക്കുന്ന മനുഷ്യനിലെ വൈകൃതം (SADISAM)ആണ് കുട്ടിയിലൂടെ നമ്മള്‍ കാണുന്നത് . ഗുരു രാത്രി അവന്‍റെ പുറത്തു ഒരു കല്ല്‌ വച്ചുകെട്ടുന്നു . രാവിലെ ഉണര്‍ന്നു വരുമ്പോള്‍ അവനോട് ഒരു വല്യ ജിവിത തത്വം പറഞ്ഞു കൊടുക്കുന്നു . തന്‍ തലേന്ന് കല്ലികെട്ടി ഇട്ട ആ മീനും പാമ്പും ചത്ത്‌ പോയി എന്ന് കണ്ട അവന്‍റെ പിഞ്ചുഹൃദയം നുറുങ്ങി അവന്‍ ഉറക്കെ കരഞ്ഞുപോകുന്നു . മറ്റുള്ളവരെ ദുഖിപിച്ചു ആഘോഷിക്കുന്ന ലോകജനതയുടെ മുതികില്‍ തന്നെയാണ് ആ ഗുരു ഒരു കല്ലുവച്ചുകെട്ടി തിരിച്ചറിവിന്‍റെ പാഠം പറഞ്ഞുകൊടുക്കുന്നത് .

           കാലം മാറുകയാണ് . ഇപ്പോള്‍ ഗ്രീഷ്മമാണ് . ഇവിടെ വളര്‍ന്നു കൌമാരത്തില്‍ എത്തിയ ശിഷ്യനെ ആണ് നാം കാണുക . അവന്‍റെ കൌമാര ചാപല്യങ്ങളും അതിന്‍റെ തുടര്‍ച്ചയും . ഒരു സ്ത്രീ തന്‍റെ മനസ്സിന് സുഖമില്ലാത്ത മകളെയും കൊണ്ട് മഠത്തില്‍ എത്തി ചികില്‍സക്ക് സന്യാസിയുടെ അടുത്താക്കി മടങ്ങുന്നു . കൌമാരക്കരനില്‍ ആദ്യാനുരാഗം മുളക്കുന്നു . ആദ്യം എതിര്‍ത്തിരുന്നു എങ്കിലും പ്രായത്തിന്‍റെ ചപലത അവളിലും മോഹങ്ങള്‍ ഉണര്‍ത്തുന്നു . അവര്‍ അതിരുകള്‍ ലംഘിച്ചു. ഒരു ദിവസം ഉണര്‍ന്നുവരുന്ന ഗുരു കാണുന്നത് അല്‍പവസ്ത്രവുമായി തോണിയില്‍ കെട്ടിപുണര്‍ന്നു കിടക്കുന്ന തന്‍റെ ശിഷ്യനെയും പെണ്‍കുട്ടിയെയും ആണ് . 
ഗുരു ശിഷ്യനെ ഓര്‍മിപ്പിക്കുന്നു “ കാമം സ്വന്തമാക്കാനുള്ള ആഗ്രഹം ജനിപ്പിക്കും ; അതു പിന്നീട് കൊലപാതകത്തിലേക്കും.” കുറച്ചുകൂടി വല്യ തത്വങ്ങള്‍ ആണ് ഗുരു ഓര്‍മ്മപ്പെടുത്തുന്നതു ഇവിടെ . ചികില്‍സ മതിയാക്കി പെണ്‍കുട്ടിയെ തിരിച്ചയക്കുന്നു . ഗുരുവിന്‍റെ വാക്കുകളുടെ ശരിയായ അര്‍ഥം ഗ്രഹിക്കാതെ കാമം അവനെ ആ മഠം വിട്ടു പെണ്ണിന്‍റെ പുറകെ പോകാന്‍ പ്രേരിപ്പിക്കുന്നു . രാത്രി അവിടുത്തെ ബുദ്ധവിഗ്രഹവുമായി അയാള്‍ അവിടം വിടുന്നു . 

         കാലചക്രം വീണ്ടും തിരിയുകയാണ് . ഇപ്പോള്‍ ശരത്കാലം വന്നെത്തിയിരിക്കുന്നു . ഗുരു ഒറ്റക്കാണ് . ഒരു പത്രകടലാസ്സില്‍ നിന്ന് തന്‍റെ പഴയ ശിഷ്യന്‍ ഭാര്യയെ കൊന്നു എന്ന വാര്‍ത്ത‍ വായിക്കുന്നു ഗുരു . ശിഷ്യന്‍ തിരിച്ചു ഗുരുവുന്റെ അടുത്തെത്തുന്നു .അവന്‍ ഇപ്പോള്‍ ഒരു യുവാവാണ് . സ്വയം ആത്മാഹൂതി ചെയ്യാനൊരുങ്ങുന്ന അവനെ ഗുരു മര്‍ദ്ദിക്കുകയും ഒരു കയറില്‍ കെട്ടിതൂകി ഇടുകയും ചെയ്യുന്നു . കയറു പൊട്ടി നിലത്ത് വീണ അവന്‍ പുറത്തിറങ്ങുമ്പോള്‍ ഗുരു ആ മഠത്തിന്റെ മുറ്റത്ത്‌ തന്‍റെ പൂച്ചയുടെ വാലില്‍ മഷി മുക്കി എഴുതുകയാണ് . ഗുരു അവനോടു പറയുന്നു “നിനക്ക് മറ്റൊരാളെ കൊല്ലാന്‍ കഴിയുന്ന അത്ര എളുപ്പത്തില്‍ സ്വയം കൊല്ലാന്‍ കഴിയില്ല ... ഈ അക്ഷരങ്ങള്‍ ആ കത്തികൊണ്ട് കൊത്തുക .. നിന്‍റെ ഹൃദയത്തിലെ ദേഷ്യം അതോടൊപ്പം ഇല്ലാതാക്കികളയുക . അയാള്‍ ഭാര്യയെ കൊന്ന കത്തികൊണ്ട് ആ സൂത്രങ്ങള്‍ കൊത്താന്‍ തുടങ്ങി . അവനെ അറസ്റ്റ്‌ ചെയ്യാന്‍ അപ്പോളേക്കും പോലീസ്കാര്‍ എത്തിയിരിക്കുന്നു . അവനെ ഇത് പൂര്‍ത്തിആക്കാന്‍ അനുവദിക്കണം എന്ന് സന്യാസി ആവശ്യപ്പെടുന്നു . ഇത് പ്രജ്ഞപരമിതാ സൂത്രമാണെന്നും ഇത് മനസിനെ ശാന്തമാക്കാന്‍ നല്ലതാണെന്നും ഗുരു പറഞ്ഞതു കൊണ്ട് അവര്‍ കാത്തിരിക്കുന്നു. പിറ്റേന്ന് അവര്‍ അവനുമായി പുറപ്പെട്ടു . അപ്പോളേക്കും അവന്‍ ശാന്തനായി മാറിയിരുന്നു . മനസിലെ കാലുഷ്യങ്ങള്‍ എല്ലാം ആ സൂത്രങ്ങള്‍ കൊതുന്നതിനിടയില്‍ അടങ്ങിയിരിക്കുന്നു . അവനുമായി അവര്‍ പോയതിനു ശേഷം ഗുരു ആചാരപ്രകാരം സ്വയം അഗ്നിക്കിരയാകുന്നു .

         ഇനി ശിശിരമാണ് .. ചിന്തകള്‍ പോലും തണുത്തുറഞ്ഞു മരവിച്ചു കിടക്കുന്ന ശിശിരം . മഞ്ഞില്‍ ഉറഞ്ഞു കിടക്കുന്ന തടാകത്തിലൂടെ നടന്നു അയാള്‍ ആശ്രമത്തില്‍ എത്തി . അവന്‍ കുറച്ചുകൂടി വളര്‍ന്ന ഒരു മദ്ധ്യവയസ്കന്‍ ആണ് . അവിടെ ഗുരിവിന്റെ തിരിശേഷിപ്പുകള്‍ തെരഞ്ഞെടുത്തു , പുസ്തകങ്ങളില്‍ നോക്കി തണുപ്പിനെ ചെറുക്കന്‍ യോഗ ചെയ്തു അയാള്‍ ഗുരുവിന്‍റെ പാത പിന്തുടരുന്നു . ഒരു സ്ത്രീ ഒരു ബാലനെയും കൊണ്ട് വരുന്നു . രാത്രി ബാലനെ ആശ്രമത്തില്‍ ഉപേക്ഷിച്ചു പോകുന്ന വഴി തടാകത്തിലെ മഞ്ഞില്‍ വെള്ളം എടുക്കാന്‍ കുഴിച്ച കുഴിയില്‍ വീണു മരികുന്നു . പിന്നെ സ്വയം തിരിച്ചറിവിന്‍റെ മലമുകളികേക്ക് തന്‍റെതെറ്റുകളുടെ ഭാരം എന്നപോലെ ഒരു ചക്രം പോലുള്ള കല്ലും ശരീരത്തില്‍ ബന്ധിച്ചു വരുംകാലത്തിന്‍റെ പ്രതീകമായ മൈത്രേയ ബുദ്ധന്‍റെ ഒരു പ്രതിമയും ആയി അയാള്‍ ആ വലിയ മല കയറുകയാണ് . പണ്ട് മീനിനെയും തവളയുടെയും പുറത്തു വച്ചുകെട്ടിയത് ബാല്യത്തിന്റെ അറിവില്ലയിമ ആയിരുനെങ്ങില്‍ ഇപ്പോള്‍ സ്വയം അയാള്‍ വലിക്കുന്ന കല്ല്‌ തിരിച്ചറിവിന്‍റെ ആണ് .ഉറഞ്ഞു കിടക്കുന്ന മഞ്ഞില്‍ പലപോഴും തെന്നി വീണിട്ടും തളരാതെ . ഒടുവില്‍ മലയുടെ മുകളില്‍ ആ പ്രതിമ ആശ്രമത്തിലേക്ക് നോക്കി ഇരിക്കുന്നപോലെ സ്ഥാപിക്കുന്നു .

           കാലം വീണ്ടും മാറുകയാണ്‌ . വീണ്ടും വസന്തം വരും എന്നാണല്ലോ പറയാറ് . അങ്ങനെ വസന്തം വന്നു . ഇപ്പോള്‍ അയാള്‍ ഗുരുവും ഉപേക്ഷിക്കപെട്ട ആ കുട്ടി ശിഷ്യനും ആണ് . അവനില്‍ അയാള്‍ തന്‍റെ തന്നെ ബാല്യം കാണുന്നു . അവന്‍ മീനിനെയും തവളയും പാമ്പിനെയും പിടിച്ചു വായില്‍ ചെറിയ കല്ല്‌ തിരികികേറ്റി ആഹ്ലാടിക്കുന്നിടത്തു മലയില്‍ ആശ്രമത്തിലേക്ക് ദൃഷ്ടിയുമായി ഇരിക്കുന്ന മൈത്രേയ പ്രതിമ കാണിച്ചു വളരെ മനോഹരം എന്നുതന്നെ പറയാവുന്ന രീതിയില്‍ സിനിമ അവസാനിപ്പിച്ചിരിക്കുന്നു .
ആ മഠവും തടാകവും ആ കാടും മാത്രമാണ് ചിത്രത്തില്‍ ഉടനീളം നിങ്ങള്‍ കാണുക . പക്ഷെ ഋതുക്കള്‍ പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കൊപ്പം കാലവും പ്രായവും മനുഷ്യനില്‍ നടത്തുന്ന അനിവാര്യമായ ഇടപെടലുകള്‍ക്കും ഒപ്പം മനോഹരമായി കാമറ ചലിപ്പിച്ചു ദൃശ്യങ്ങളിലെ ആ ആവര്‍ത്തനം വിരസമാക്കാതെ കൊണ്ടുപോയി എന്ന് തന്നെ വേണം പറയാന്‍ . ഒറ്റനോട്ടത്തില്‍ കാണുന്നതിലും കൂടുതല്‍ അര്‍ഥതലങ്ങളിലേക്ക് സിനിമ പ്രേക്ഷകനെ കൊണ്ടെത്തിക്കുകയോ വിരല്‍ചൂണ്ടി നയിക്കുകയോ ഒക്കെ ചെയ്യുന്നുണ്ട് . 

            മൂന്ന് തവണയായി ബാല്യത്തിലും കൌമാരത്തിലും യവ്വനത്തിലും സന്യാസി ശിഷ്യന് നല്‍കുന്ന മൂന്ന് ഉപദേശങ്ങള്‍ അതാത് പ്രായങ്ങളില്‍ മനുഷനിലെ ദുഷ്പ്രേരണകള്‍ക്ക് ഉള്ള പ്രതിവിധി ആയി ബുദ്ധ ദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ സംവിധായകന്‍ നിര്‍ദേശിക്കുന്നു എന്ന് നമുക്ക് വായിച്ചെടുക്കാം . ഋതുഭേദങ്ങള്‍ക്കൊപ്പം മനുഷ്യനിലെ ചില ഉള്പ്രേരണകളുടെ ഒരു വൈകാരിക വിചിന്തനം നടത്തുമ്പോള്‍ മത ദര്‍ശനങ്ങളില്‍ അധികമായി ആശ്രയിക്കാതെ സാധാരണ മനുഷ്യനും കൂടി ഉള്‍കൊള്ളുവാന്‍ കഴിയുന്ന ലളിത ഉദാഹരണങ്ങളിലൂടെ കഥയുടെ പുരോഗതിക്ക്‌ അനുസരിച്ച് മുന്നേറി അവസാനമാകുമ്പോള്‍ മഹായാന ബുദ്ധ ചിന്തയുടെ ആഴത്തിലുള്ള ദര്‍ശനങ്ങള്‍ പ്രേക്ഷകനു ഉള്‍കൊള്ളാന്‍ കഴിയുന്നപോലെ പറയാന്‍ ശ്രമിക്കുകയാണ് സംവിധായന്‍ ചെയ്തിരികുന്നത് . 

          വെറും ഒരു മണിക്കൂറും നാല്പതു മിനിറ്റ് ഉം മാത്രമേ ഉള്ളു ഈ സിനിമ . രണ്ടര യും മൂന്നും ചിലപ്പോള്‍ അതിലേറെയും പ്രേക്ഷകനെ തിയേറ്ററില്‍ ഇരുത്തി ബുധിമുട്ടിച്ചിട്ടും നേരാവണ്ണം ഒരു കഥ ഹൃദയസ്പര്‍ശിയായി പറയാന്‍ കഴിയുന്ന കാമ്പുള്ള സിനിമികള്‍ ഇനിയും ഉണ്ടാക്കാന്‍ സാധികാത്ത നമ്മുടെ സംവിധായകര്‍ (എല്ലാരേയും അല്ല) കൊറിയയിലും ചൈനയിലും പോയി പഠിക്കുകയോന്നും വേണ്ട കുറഞ്ഞ പക്ഷം അവരുടെ കുറെ ചിത്രങ്ങള്‍ എങ്കിലും കണ്ടാല്‍ നന്നായി ഇരിക്കും . 

          വര്‍ഷം ആയിരത്തോളം ചിത്രങ്ങള്‍ ഇറങ്ങുന്ന ഇന്ത്യന്‍ സിനിമയില്‍ എത്ര കാമ്പുള്ള ചിത്രങ്ങള്‍ , അല്ലെങ്കില്‍ ചുരുങ്ങിയ നിലവാരം എങ്കിലും പുലര്‍ത്തുന്ന എത്ര ചിത്രങ്ങള്‍ ഉണ്ടാകുന്നു എന്നുള്ളത് ചോദ്യം തന്നെയാണ് . ലോക സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരോട് കിടപിടിക്കുന്ന മമ്മൂട്ടിയും മോഹന്‍ ലാലും മികച്ച സംവിധായകരും നമുക്കു മലയാളത്തില്‍ തന്നെ . വര്‍ഷംതോറും സെന്‍സര്‍ ചെയ്തു പൊറംപോക്ക് ചുമരുകളില്‍ പോസ്റ്റര്‍ ആയി വീഴുന്ന അധികം സിനിമകളും ക്ലിഷേഡ്‌ സമവാക്യങ്ങളുടെ ആവര്‍ത്തങ്ങളോ അല്ലെങ്കില്‍ പുറത്തുപറയാന്‍ കൊള്ളാത്ത ചില്ല ഉദ്ദേശത്തോടെ നിര്‍മിച്ചവയോ ആയിരിക്കും . ഉലകസിനിമയുടെ വിശാലമായ ഷോകേസില്‍ എടുത്തു വക്കുമ്പോള്‍ അവ വെറും വീഡിയോ ക്ലിപ്പുകള്‍ മാത്രമായി തോന്നുന്നത് അതുകൊണ്ടാണ് .
( വഴിപോക്കന് മാത്രമാണോ എന്നറിയില്ല ഇങ്ങനെ തോന്നുന്നത് ).

            SPRING, SUMMER, FALL, WINTER AND SUMMER സിനിമയെ ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകം തന്നെ ആണ് . വാക്കുകളേക്കാള്‍ ഏറെ ദൃശ്യഭംഗി കൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന സിനിമാ സങ്കേതത്തിന്റെ പാഠം വേണമെന്നുള്ളവര്‍ക്ക് കണ്ടു പഠിക്കാം .

          മൂന്ന് നാലു വര്ഷം മുന്‍പ്‌ മോഹന്‍ലാല്‍ തനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമകളില്‍ ഒന്ന് എന്ന് മലയാളം വാരികയിലോ മറ്റോ എഴുതിയത് വായിച്ചാണ് ഈ സിനിമയെ പറ്റി അറിഞ്ഞത് . വഴിപോക്കന്‍ ഒരുപാടു പേര്‍ക്ക് നിര്‍ദേശിച്ച സിനിമയാണ് . ഇഷ്ടപെട്ടില്ലെങ്കിലും ഒന്നേമുക്കാല്‍ മണിക്കൂറേ നഷ്ടമായോളൂ എന്നോര്‍ത്ത് എങ്കിലും ആശ്വസിക്കാം .
SPRING,SUMMER,FALL,WINTER AND SUMMER (2003)
DIRECTOR: അറിയില്ല
CAST: അതും അറിയില്ല 
                                                വഴിപോക്കന്‍